അയ്യങ്കാളിപ്പട ഒളിവിലിരുന്ന് അഭിമുഖം കൊടുത്തതെങ്ങനെ, നായനാരെ മുള്‍മുനയിലാക്കി ഉമ്മന്‍ചാണ്ടി!
നിയമസഭയില്‍ അന്ന് നടന്ന പ്രസംഗങ്ങളില്‍ എന്താണ് നടന്നത് എന്ന് വിശദീകരിക്കുകയും ആകാംക്ഷാഭരിതമായ ആ നാടകീയ നിമിഷങ്ങള്‍ അവതരിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അടിയന്തിരപ്രമേയത്തിന് അവതരണാനുമതി തേടി നല്‍കിയ നോട്ടീസ് വായിച്ചുകൊണ്ട് സ്പീക്കര്‍ ഇടപെട്ടതുമുതലുള്ള ആ സംഭവങ്ങള്‍ നമുക്ക് ഒന്നുകൂടി ഓര്‍ത്തെടുക്കാം.
അടുത്ത കാലത്ത് പുറത്തിറങ്ങിയ 'പട' എന്ന ചലച്ചിത്രമാണ്, 1996-ല്‍ അയ്യങ്കാളിപ്പട പാലക്കാട് കലക്ടറെ ബന്ദിയാക്കിയ കഥ വീണ്ടും ചര്‍ച്ചാവിഷയമാക്കിയത്. അയ്യങ്കാളിപ്പട അന്ന് സമൂഹത്തില്‍ എങ്ങനെയാണ് സംസാരവിഷയമായത് എന്ന കാര്യവും ഇതോടൊപ്പം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഈ പ്രശ്നം കേരളനിയമസഭയില്‍ അന്ന് ഏത് വിധത്തിലാണ് ചര്‍ച്ച ചെയ്യപ്പെട്ടത്? അയ്യങ്കാളിപ്പട കലക്ടറെ ബന്ദിയാക്കിയ സംഭവം ചര്‍ച്ച ചെയ്തപ്പോള്‍ അക്കാലത്തെ കേരള നിയമസഭാ തളത്തില്‍ എന്തൊക്കെയാണ് സംഭവിച്ചത്?
1996 ഒക്ടോബര്‍ -4നാണ് പാലക്കാട് ജില്ലാകലക്ടറായിരുന്ന ഡബ്ല്യൂ ആര്‍റെഡ്ഡിയെ നാലംഗ അയ്യങ്കാളിപ്പട ബന്ദിയാക്കിവച്ച സംഭവം അരങ്ങേറിയത്. 9 മണിക്കൂര്‍ കേരളത്തെയാകെ സ്തംഭിപ്പിച്ച് നിര്‍ത്തിയ സംഭവം പിന്നീട് കേരളനിയമസഭയില്‍ അടിയന്തിരപ്രമേയമായി വന്നു. അത് നിയമസഭ നടക്കുന്ന സമയമായിരുന്നില്ല. എന്നാല്‍ തൊട്ടടുത്ത നിയമസഭാ സമ്മേളനം ആരംഭിച്ചത് നവംബര്‍ 11-നാണ്. ആ സമ്മേളനത്തില്‍ മൂന്ന് ദിവസം കഴിഞ്ഞ് നവംബര്‍ 14-ന് കളക്ടറെ ബന്ദിയാക്കിയ സംഭവം അടിയന്തിരപ്രമേയാവശ്യമായി നിയമസഭയില്‍ വന്നു.
നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഉമ്മന്‍ചാണ്ടിയാണ് പ്രതിപക്ഷത്തിന് വേണ്ടി അവതരണാനുമതി തേടി നോട്ടീസ് അവതരിപ്പിച്ചത്. സഭ നടക്കുമ്പോല്‍ ഓപ്പറേഷന്‍ നേരിട്ട് നടത്തിയ നാല് പേരും ഒളിവിലായിരുന്നു. ഐ ജിയുടെ നേതൃത്വത്തിലുള്ള സംഘം ഇക്കാര്യം അന്വേഷിച്ചുകൊണ്ടിരിക്കുന്ന സമയം. സംഭവം നടന്നപ്പോള്‍ നാലുപേരെയും പോകാന്‍ അനുവദിക്കുകയും പിന്നീട് അവരെ പിടിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തത് പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടയാക്കി. സര്‍ക്കാര്‍ അയ്യങ്കാളിപ്പടയുമായി ഒത്തുകളിക്കുന്നു എന്ന ആരോപണം വരെ ഉയര്‍ന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് അന്ന് സംഭവിച്ചത്?
നിയമസഭയില്‍ അന്ന് നടന്ന പ്രസംഗങ്ങളില്‍ എന്താണ് നടന്നത് എന്ന് വിശദീകരിക്കുകയും ആകാംക്ഷാഭരിതമായ ആ നാടകീയ നിമിഷങ്ങള്‍ അവതരിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അടിയന്തിരപ്രമേയത്തിന് അവതരണാനുമതി തേടി നല്‍കിയ നോട്ടീസ് വായിച്ചുകൊണ്ട് സ്പീക്കര്‍ ഇടപെട്ടതുമുതലുള്ള ആ സംഭവങ്ങള്‍ നമുക്ക് ഒന്നുകൂടി ഓര്‍ത്തെടുക്കാം.
സ്പീക്കര്‍: പാലക്കാട് ജില്ലാ കലക്ടറായിരുന്ന ഡബ്ല്യൂ.ആര്‍.റെഡ്ഡിയെ ബന്ദിയാക്കിയവരെ അറസ്റ്റ് ചെയ്ത് കേസെടുക്കാത്തതിനെ തുടര്‍ന്ന് ഉളവായിട്ടുള്ളതായി പറയപ്പെടുന്ന ഗുരുതരമായ സ്ഥിതി വിശേഷത്തെ കുറിച്ച് സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ചട്ടം 50 അനുസരിച്ച് ശ്രീ ഉമ്മന്‍ചാണ്ടി, ശ്രീ കെ.എം.മാണി, ശ്രീ ഇടി മുഹമ്മദ് ബഷീര്‍, ശ്രീ ടിഎം ജേക്കബ്, ശ്രീ ആര്‍.ബാലകൃഷ്ണപ്പിള്ള, ശ്രീമതി കെആര്‍ ഗൗരിയമ്മ എന്നീ ബഹുമാനപ്പെട്ട അംഗങ്ങള്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
(അടിയന്തിരപ്രമേയത്തിന് അവതരണാനുമതി ലഭിക്കുന്നതിനുള്ള നോട്ടീസാണ്. പതിവ് രീതിയനുസരിച്ച് നോട്ടീസില്‍ വിശദീകരണം നല്‍കാന്‍ ആദ്യം മുഖ്യമന്ത്രി എഴുന്നേറ്റു. )
ഇ.കെ.നായനാര്‍: സര്‍, പാലക്കാട് ജില്ലയില്‍ ഒക്ടോബര്‍ നാലാംതീയതി കളക്ടറെ തടഞ്ഞുവച്ച ശിവന്‍, രമേശന്‍, അജയന്‍, ബാബു എന്നിവര്‍ക്കും സഹായികളായി പ്രവര്‍ത്തിച്ച ഗോപി, സ്വാമിനാഥന്‍ എന്നിവര്‍ക്കുമെതിരെ ക്രൈം 545 നമ്പറായി പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്വാമിനാഥന്‍, ഗോപി എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കോടതി അവരെ റിമാന്‍ഡില്‍ വച്ചിരിക്കുകയാണ്. മറ്റുനാല് പേരെ അറസ്റ്റു ചെയ്യുന്നതിന് മധ്യമേഖല ഐജിയുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ടീമിനെ നിയമിച്ചിട്ടുണ്ട്. അവരെ അറസ്റ്റ് ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ ഗവണ്‍മെന്റ് സ്വീകരിച്ചുവരികയാണ്.
(മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് ശേഷം അടിയന്തിരപ്രമേയത്തിനുള്ള അവതരണാനുമതിക്ക് നോട്ടീസ് കൊടുത്ത ആളുടെ ഊഴമാണ്. നോട്ടീസ് കൊടുത്ത പ്രതിപക്ഷത്തെ ഉമ്മന്‍ചാണ്ടിയാണ് അനുമതി തേടിക്കൊണ്ട് സംസാരിച്ചത്. ഇന്നത്തെ ഉമ്മന്‍ചാണ്ടിയല്ല, അന്നത്തെ ഉമ്മന്‍ചാണ്ടി. ഗംഭീരപ്രസംഗമായിരുന്നു. ആ പ്രസംഗത്തില്‍ അയ്യങ്കാളിപ്പടയ്ക്കെതിരെയാണെങ്കിലും എല്ലാ വിവരങ്ങളും ഉണ്ടായിരുന്നു. സര്‍ക്കാര്‍ അയ്യങ്കാളിപ്പടയ്ക്കൊപ്പം നില്‍ക്കുന്നു എന്ന ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്. പ്രസംഗം ഇങ്ങനെ:)
ഏഷ്യാനെറ്റിലും കേരളശബ്ദത്തിലും
ആ 4 പേര്‍ ഒളിവിലിരുന്ന് അഭിമുഖം കൊടുത്തു
ഉമ്മന്‍ചാണ്ടി: സര്‍, ഒമ്പത് മണിക്കൂര്‍ സമയം പാലക്കാട് ജില്ലാ ഭരണത്തെയും കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും ഉത്കണ്ഠപ്പെടുത്തിയ സംഭവത്തിലെ നാല് പ്രതികളില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്യാത്തത് ജനങ്ങള്‍ക്കിടയില്‍ ഭീതിയുണ്ടാക്കിയിരിക്കുകയാണ്. ഈ നാല് പ്രതികളും ഒളിവിലല്ല. അവര്‍ ഈ നാട്ടില്‍ സൈ്വര്യവിഹാരം നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരു കേസിലെ പ്രതികള്‍ ഒളിവിലാണ് പോലീസിന് അവരെ കിട്ടുന്നില്ല എന്ന് പറഞ്ഞാല്‍ മനസ്സിലാക്കാന്‍ സാധിക്കും. പക്ഷേ ഈ നാല് പേരും ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ അപ്പുറത്തുള്ള ഒരു സ്റ്റുഡിയോവില്‍ നിന്ന് ഏഷ്യാനെറ്റിന് വേണ്ടി അഭിമുഖത്തിന് ഇരുന്നുകൊടുത്തു. ചങ്ങനാശ്ശേരിയില്‍ കേരളശബ്ദത്തിന്റെ പ്രതിനിധിയുമായി ഒന്നരമണിക്കൂര്‍ സമയം ഇന്റര്‍വ്യൂ നടത്തി. ഒരു ഐജി യുടെ നേതൃത്വത്തിലുള്ള പ്രത്യേക സെല്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഈ നാല് പേര്‍ക്ക് ഒരിക്കലും സൈ്വര്യവിഹാരം നടത്താന്‍ സാധിക്കുകയില്ല. ഇതിനൊക്കെ ഗ്രൗണ്ട് സപ്പോര്‍ട്ടുണ്ടോ എന്നുള്ളതാണ് ഇന്ന് ജനങ്ങള്‍ക്കിടയില്‍ ഭീതിയുണ്ടാക്കിക്കൊണ്ടിരിക്കുന്നത്.
കേരളശബ്ദം നടത്തിയ ഇന്റര്‍വ്യൂവില്‍ ആദ്യത്തെ ചോദ്യം, പോലീസിന്റെ കണ്ണുവെട്ടിച്ച് നിങ്ങള്‍ തനിച്ച് പട്ടാപ്പകല്‍ ഇവിടെ വന്നത് അല്‍ഭുതകരമായിരിക്കുന്നല്ലോ എന്നാണ്. അവരുടെ മറുപടി, ഈ നാട്ടിലെ മര്‍ദ്ദിത ജനവിഭാഗങ്ങളുടെ സ്നേഹവും പിന്തുണയും ഞങ്ങള്‍ക്കൊപ്പമുണ്ട് എന്നാണ്. ജനങ്ങളാണ് ഞങ്ങളെ സംരക്ഷിക്കുന്നത്. ഇതാണ് ഇന്ന് ജനങ്ങള്‍ക്കിടയില്‍ ഭീതി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഒരു സംഗതി. ''
ഒളിവില്‍ പോയത് എങ്ങനെ?
യഥാര്‍ത്ഥത്തില്‍ പൊലീസിന്റെ മൂക്കിന്‍തുമ്പത്തെന്നല്ല, അവരുടെ നിയന്ത്രണത്തില്‍ തന്നെ കാര്യങ്ങള്‍ നടന്നിട്ടും അവസാനം ആ നാല് പേരെയും വെറുതെ വിട്ടത് ഏത് സാഹചര്യത്തിലാണ് എന്ന ചോദ്യം ഉമ്മന്‍ചാണ്ടി ചോദിച്ചു. അവര്‍ ഒളിവില്‍ പോകാന്‍ ഇടയായതെങ്ങനെയെന്ന ചോദ്യം. സഭയില്‍ ഉമ്മന്‍ചാണ്ടി ആരോപണങ്ങളുടെ കെട്ടഴിച്ചുകൊണ്ട് പ്രസംഗം തുടര്‍ന്നു:
''ഇവര്‍ എങ്ങനെയാണ് ഒളിവില്‍ പോയത്? കലക്ടറെ ബന്ദിയാക്കി നീണ്ടുനിന്ന ആ നാടകത്തിനിടയില്‍ അവര്‍ സ്വയം സമ്മതിച്ചു. ഞങ്ങള്‍ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ പോകാന്‍ തയാറാണെന്ന്. അങ്ങനെ പറഞ്ഞപ്പോള്‍ ഗവണ്‍മെന്റിന്റെ ആള്‍ക്കാര്‍ പറയുന്നു, നിങ്ങളെ ഇപ്പോള്‍ പിടിക്കുന്നില്ല, നിങ്ങള്‍ പോയി ഒളിച്ചോ, ഒളിച്ചുകഴിഞ്ഞിട്ട് ഞങ്ങള്‍ പിടിച്ചോളാമെന്ന്. കുട്ടികള്‍ കള്ളനും പോലീസും കളിക്കുന്നതുപോലെ. ആദ്യം ഒളിക്കുന്നത് ശരിയായില്ലെങ്കില്‍ അത് തൂത്തുകളഞ്ഞിട്ട് ഇനി പുതുതായി ഒളിക്കാന്‍ പറയും. അങ്ങനെ പറയുന്നതുപോലെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ പോകാന്‍ തയാറുള്ളവരോട് പറയുന്നു ഇപ്പോള്‍ നിങ്ങളെ പിടിക്കുന്നില്ല, പോയി ഒളിച്ചോ എന്ന്. ഈ കാര്യം ബാബു നടത്തിയ ഇന്റര്‍വ്യൂവില്‍ പറയുകയാണ്.
നിങ്ങള്‍ക്ക് ഞങ്ങളോടുള്ള സമീപനം എന്താണ് ? ഈ നാല് പ്രതികള്‍ അവിടെയുള്ള മധ്യസ്ഥരോട് ചോദിക്കുകയാണ്. അതിന് മറുപടിയായി ജഡ്ജിയും മധ്യസ്ഥരും പറഞ്ഞത് നിങ്ങളെ നിരുപാധികം വിട്ടയയ്ക്കാമെന്നാണ്. എന്നാല്‍ ഞങ്ങള്‍ക്കതില്‍ സംശയം തോന്നി. പിന്നീട് പോലീസിന് പിടിക്കാന്‍ അവസരം കൊടുക്കാനുള്ള കെണിയാണെന്ന്. അതുകൊണ്ട് ഞങ്ങള്‍ ആവശ്യപ്പെട്ടു, ഞങ്ങളെ നേരിട്ട് ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ കൈമാറിയാല്‍ മതിയെന്ന്.
അങ്ങനെ സ്വയം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ പോകാന്‍ തയാറാണെന്ന് പറഞ്ഞ പ്രതികളാണ്. ഞങ്ങള്‍ പിടിക്കില്ല, നിങ്ങള്‍ പോയി ഒളിച്ചോ പിന്നീട് ഞങ്ങള്‍ ഐജിയുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ടീമിനെ വച്ച് നിങ്ങളെ പിടിക്കാന്‍ ശ്രമിക്കാം എന്ന് പറഞ്ഞു.
നാല് പ്രതികള്‍ മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ ടെലിവിഷന്‍കാരുമായി ഇന്റര്‍വ്യൂ നടത്തി. ചങ്ങനാശേരി പോലീസ് സ്റ്റേഷന് വിളിപ്പാടകലെ ഒന്നരമണിക്കൂര്‍ കേരളശബ്ദവുമായി ഇന്റര്‍വ്യൂ നടത്തി. ഇത് എന്താണ് സൂചിപ്പിക്കുന്നത്. ഇത്ര ഗുരുതരമായ പ്രശ്നം വന്നപ്പോള്‍ അതിന് ആവശ്യമായ ഡയരക്ഷന്‍ കിട്ടിയിട്ടും അവിടെ പോയില്ല. പാലക്കാട് ഐജി അടക്കം ഉന്നത ഉദ്യോഗസ്ഥരുണ്ട്. അവര്‍ക്ക് സെക്രട്ടേറിയേറ്റില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസിസ് മാനേജ്മെന്റില്‍ നിന്ന് ആവശ്യമായ നിര്‍ദ്ദേശം കിട്ടിയില്ല. ഈ ഗവണ്‍മെന്റിന്റെ രാഷ്ട്രീയ നേതൃത്വം ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറി. ''
9 മണിക്കൂറിനിടെ എങ്ങനെ മധ്യസ്ഥരെത്തി?
ഉമ്മന്‍ചാണ്ടിയുടെ മറ്റൊരു പ്രധാന ആരോപണം 9 മണിക്കൂറിനിടെ എങ്ങനെ മധ്യസ്ഥരെത്തി എന്നതായിരുന്നു. നാടകീയമായ മണിക്കൂറില്‍ എങ്ങനെ ഇതെല്ലാം സാധിച്ചു. ആരോ പിന്നില്‍ നിന്ന് ചരട് വലിക്കുന്നുണ്ടായിരുന്നോ. ഓര്‍ക്കണം ഇന്നത്തെ പോലെ മൊബൈല്‍ ഫോണോ സാങ്കേതിക സംവിധാനങ്ങളോ ഇല്ലാത്തകാലമാണ്. എന്തായാലും ഉമ്മന്‍ചാണ്ടി ആവേശത്തോടെ തന്റെ പ്രസംഗം തുടര്‍ന്നു.
''ഈ മധ്യസ്ഥരെ നിശ്ചയിക്കുന്നത് ആരാണ്? ഇവിടെ പ്രവര്‍ത്തിക്കുന്ന ക്രൈസിസ് മാനേജ്മെന്റ് ടീം കൂടി അറിഞ്ഞ് ഗവണ്‍മെന്റ് മധ്യസ്ഥരെ നിയോഗിച്ചു. എന്നിട്ട് അവര്‍ക്ക് എന്തെങ്കിലും ഡയരക്ഷന്‍ കൊടുത്തോ. ഇത് സംബന്ധിച്ച് ഉന്നയിച്ച അഞ്ചാംനമ്പര്‍ നക്ഷത്രചിഹ്നമിട്ട ചോദ്യത്തിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉത്തരം നല്‍കിയത്, ഒത്തുതീര്‍പ്പ് സംഭാഷണം നടത്താനേ ആവശ്യപ്പെട്ടുള്ളൂ, മുന്‍വ്യവസ്ഥകളൊന്നും നിര്‍ദേശിച്ചിരുന്നില്ല എന്നാണ്. അവര്‍ കലക്ടറെ ബന്ദിയാക്കി മണിക്കൂറുകള്‍ക്കകം സെക്രട്ടേറിയേറ്റിലെ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ഫാക്സ് മെസേജ് അയച്ചു. നിങ്ങള്‍ക്ക് നിഷേധിക്കാന്‍ കഴിയുമോ. ഈ മെസേജ് നിങ്ങളുടെ മുന്നില്‍ ഉണ്ടായിട്ടും മധ്യസ്ഥരെ ഈ അക്രമികളുമായി ചര്‍ച്ച ചെയ്യാന്‍ അവസരം ഉണ്ടാക്കിക്കൊടുത്തു. നിങ്ങള്‍ യാതൊരു നിര്‍ദേശവും കൊടുത്തില്ല. പ്രതികളോട് സംസാരിക്കാന്‍ മാത്രമാണ് പറഞ്ഞിരുന്നത്. അങ്ങനെ പറയുമ്പോള്‍ അതിന് അര്‍ത്ഥം എന്താണ്. നിങ്ങള്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറി. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ചോദിക്കുകയാണ്. ക്രൈസിസ് മാനേജ്മെന്റ് ഉണ്ടായിരുന്നു എന്ന് ഈ ഉത്തരത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ, ആ ക്രൈസിസ് മാനേജ്മെന്റിന്റെ മിനിട്സ് നിങ്ങള്‍ വായിച്ചിട്ടുണ്ടോ? മിനിട്സ് ഉണ്ടോ? ''
ഉമ്മന്‍ചാണ്ടിയുടെ പ്രസംഗം കത്തിക്കയറി. ആ ഒമ്പത് മണിക്കൂര്‍ മുഖ്യമന്ത്രി എവിടെയായിരുന്നു എന്നതായിരുന്നു നിര്‍ണായകമായ ചോദ്യം. മുഖ്യമന്ത്രിയുള്ള സഭയില്‍ ഉമ്മന്‍ചാണ്ടി അത് ആവര്‍ത്തിച്ച് ചോദിക്കുകയും നായനാര്‍ മറുപടി പറയുകയും ചെയ്തു.
ആകാംക്ഷാഭരിതമായ ആ കഥ അടുത്ത ലക്കത്തില്‍ തുടരും.