ചുവന്ന റിബണ്‍ ഇട്ട് അവതരിപ്പിക്കേണ്ട സ്ഥാനാര്‍ത്ഥിയെ പുരോഹിതന്‍ കളത്തിലിറക്കി!
കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം മാറ്റിയെഴുതിയ അഞ്ച് ഐതിഹാസിക ദൃശ്യങ്ങള്‍. അനൂപ് ബാലചന്ദ്രന്‍ എഴുതുന്ന പരമ്പര അവസാനിക്കുന്നു
കത്തോലിക്ക വൈദികനും ജോ ജോസഫിന്റെ സീനിയറായ ഡോ. ജോസ് ചാക്കോ പെരിയപുറവും സിപിഎം സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചു. ആശുപത്രി മാനേജ്‌മെന്റ് എന്ന് ന്യായീകരിക്കുമ്പോഴും ഒരു സിപിഎം സ്ഥാനാര്‍ത്ഥിയുടെ ആദ്യ നഗരംകാണിക്കല്‍ ചടങ്ങ് ഇങ്ങനെയാണോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നു. ആ വേദിയില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയംഗത്തെയും ജില്ലാ സെക്രട്ടറിയെയും കാഴ്ചക്കാരാക്കിയായിരുന്നു വൈദികരുടെ ഈ 'മാനേജ്‌മെന്റ്'.
ആവേശം കയറി ഔചിത്യം മറന്ന പ്രസംഗങ്ങള്‍, പേനയില്‍ മഷിക്ക് പകരം ആസിഡ് നിറച്ചാണോ എഴുതുന്നതെന്ന് തോന്നിപ്പിക്കുന്ന പൊള്ളുന്ന എഴുത്തുകള്‍, മനസില്‍ പതിഞ്ഞ ദൃശ്യങ്ങള്‍. സ്ഥാനാര്‍ത്ഥി മികവും അപ്പപ്പോഴത്തെ രാഷ്ടീയവും പ്രധാനമാണെങ്കിലും ചില വാക്കുകളും എഴുത്തുകളും ദൃശ്യങ്ങളും ഓരോ തെരഞ്ഞെടുപ്പുകളിലും ഉണ്ടാക്കുന്ന സ്വാധീനം ചെറുതല്ല. ഇവയില്‍ ഏറ്റവും ശക്തമായി പലപ്പോഴും വോട്ടുനേരങ്ങളെ സ്വാധീനിക്കുന്നത് മാറുന്നത് ദൃശ്യങ്ങളാണ്.
എന്താണ് സത്യം എന്താണ് നുണ എന്ന ചര്‍ച്ചചെയ്യപ്പെടുന്ന ഈ സത്യാനന്തര കാലത്ത് ദൃശ്യങ്ങള്‍ വ്യക്തിയുടെ വാര്‍ത്താ പരിശോധനകളില്‍ അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്. ദൃശ്യങ്ങളിലും മായം കലരുന്ന ഈ കാലത്ത് അതിനാല്‍ത്തന്നെ തത്സമയ ദൃശ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യവും വിശ്വാസവും കൈവന്നു. ഒരായിരം വാക്കുകള്‍ സംസാരിക്കുന്ന ഒരു ദൃശ്യം പതിനായിരക്കണക്കിന് വോട്ടുകളെയും സ്വാധീനിച്ചിട്ടുണ്ട്.
കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം എടുക്കുക. ബിജെപിക്ക് അക്കൗണ്ട് തുറപ്പിച്ചതില്‍, രണ്ട് കാലുകളില്‍ ചാഞ്ചാടിയ ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രി കസേരയില്‍ ഒരു കാല് കൂടി ഉറപ്പിച്ച് സര്‍ക്കാരിന്റെ അസ്ഥിരത കുറച്ചതില്‍ അടക്കം ചില ദൃശ്യങ്ങള്‍ ഏറെ സ്വാധീനം ചെലുത്തിയതായി കാണാം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ തെരഞ്ഞെടുപ്പു മനസില്‍ പതിഞ്ഞ ചില ചിത്രങ്ങളെക്കുറിച്ച് ഓര്‍ക്കുകയാണ്. പ്രചാരണത്തിന്റെ ഒന്നാം ദിനം മുതല്‍ തൃക്കാക്കരയിലും ചര്‍ച്ചയായ ഒരു ചിത്രം കൂടി ഈ രണ്ട് പതിറ്റാണ്ടില്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തെ ആഴത്തില്‍ സ്വാധീനിച്ച ദൃശ്യങ്ങളുടെ ഈ പട്ടികയിലുണ്ട്.
Part 5: ചുവന്ന റിബണ്‍ ഇട്ട് അവതരിപ്പിക്കേണ്ട സ്ഥാനാര്‍ത്ഥിയെ പുരോഹിതന്‍ കളത്തിലിറക്കി!
Part 1: ഒഞ്ചിയത്തെത്തിയ വി എസ്, രമയുടെ കണ്ണീര്, നെയ്യാറ്റിന്‍കരയിലെ വോട്ടര്‍മാര്‍!
........................................
വോട്ടായി മാറിയ ദൃശ്യങ്ങള്‍ പംക്തി ഒഞ്ചിയവും, നേമവും, കെപിസിസി ആസ്ഥാനവും, കുറ്റിപ്പുറവും കടന്ന് അവസാനിക്കുന്നത് തൃക്കാക്കരയിലാണ്. ഇപ്പോള്‍ കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍.
തുടക്കം മുതല്‍ വിവാദമായ ഒരു ചിത്രം ഇപ്പോഴും മണ്ഡലത്തിലെ ചര്‍ച്ചാ വിഷയമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സഭയോടും ക്രൈസ്തവ സഭകള്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടികളോടും തൊട്ടുകൂടായ്മ ഇല്ലെന്ന് പലവട്ടം കേരള രാഷ്ട്രീയം കണ്ടതാണ്. സിപിഎമ്മിന് വേണ്ടി പാതിരിമാര്‍ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങിയത് 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ വരെ കണ്ടു. ഒരു പടി കടന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ വൈദികന്‍ സിപിഎം സ്വതന്ത്രനായും മത്സരിച്ചിട്ടുണ്ട്. 2001ല്‍ സുല്‍ത്താന്‍ ബത്തേരിയില്‍ ഫാ.മത്തായി നൂറനാല്‍ ആണ് ളോഹയിട്ട് വോട്ട് തേടിയത്. എന്നാല്‍ കത്തോലിക്ക സഭയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലൊരു അന്തര്‍ധാര കേരള രാഷ്ട്രീയത്തില്‍ വല്ലപ്പോഴും സംഭവിക്കുന്ന അത്ഭുത കൃത്യമാണ്. ആ മഹാ വൈരുദ്ധ്യത്തെ തുന്നി ചേര്‍ക്കാന്‍ നൂല്‍ കോര്‍ത്തവര്‍ ഭാവിയില്‍ കേരള രാഷ്ട്രീയത്തില്‍ വാഴ്ത്തപ്പെട്ടാലും അത്ഭുതമില്ല.
ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ഇങ്ങനെയൊരു നെട്ടോട്ടം അടുത്തെങ്ങും സിപിഎം ഓടിയിട്ടില്ല. തൃക്കാക്കര സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമ തീരുമാനം വന്ന മെയ് 5-ന് ഡോ.ജോ ജോസഫിന്റെ ഫോണ്‍ രണ്ട് മണിക്കൂര്‍ സ്വിച്ച് ഓഫ് ആയിരുന്നെങ്കില്‍ പോലും ഇ.പി.ജയരാജന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപന വാര്‍ത്താ സമ്മേളനം അന്ന് പ്രതിസന്ധിയിലായേനെ. അത്ര കഷ്ടപ്പെട്ടാണ് ആശുപത്രി കാത്ത് ലാബില്‍ നിന്നും ചരിത്രത്തില്‍ ആദ്യമായി സിപിഎം ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുന്നത്. എറണാകുളം ജില്ലാ നേതൃത്വം ആദ്യം നിശ്ചയിച്ച സ്ഥാനാര്‍ത്ഥിയുടെ നാട്, വീട്, അച്ഛന്‍, അമ്മ, എസ്എസ്എല്‍സി, ഡിഗ്രി എന്തിനേറെ കുടുംബാംഗങ്ങളുടെ ഇല്ലം വരെ രേഖപ്പെടുത്തിയ വിശദമായ ബയോഡാറ്റ മാധ്യമങ്ങള്‍ക്ക് ചില പാര്‍ട്ടി കേന്ദ്രങ്ങള്‍ അനൗദ്യോഗികമായി കൈമാറിയ ശേഷമായിരുന്നു നാടകീയമായ നീക്കങ്ങളിലൂടെ സംസ്ഥാന നേതാക്കള്‍ ജില്ലാ സ്ഥാനാര്‍ത്ഥിയെ മാറ്റിയത്. എഴുതിയ ചുവര് മായ്ച്ചും തയ്യാറാക്കിയ പോസ്റ്റര്‍ പോസ്റ്റിട്ട് പിന്നീട് ഡിലീറ്റ് ചെയ്തും പാര്‍ട്ടിക്കാര്‍ തന്നെ ആവശ്യത്തിലധികം നാടകീയത പകര്‍ന്നു.
തൃക്കാക്കരയില്‍ സിപിഎം സിറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപതയുടെ പിന്തുണ തേടുന്നു എന്ന വാര്‍ത്തകളെ സാധൂകരിച്ച് കൊണ്ടായിരുന്നു ജില്ലാ പാര്‍ട്ടി ആസ്ഥാനത്തെ നീക്കങ്ങള്‍. പി.ടി. തോമസിന്റെ ഭാര്യ ഉമാ തോമസ് സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ പി.ടി. പിണക്കിയ കത്തോലിക്ക സഭയുടെ പിന്തുണ നേടിയെടുക്കാനുള്ള സിപിഎം പരിശ്രമങ്ങള്‍ അന്ന് കൊച്ചിയില്‍ പാട്ടായിരുന്നു.
കലൂര്‍ ലെനിന്‍ സെന്ററില്‍ ഉച്ചക്ക് ശേഷം മൂന്നരക്ക് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്ന് ഒരു മണിക്കൂര്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ എറണാകുളം നഗരത്തിലെ സഭയുടെ ആശുപത്രിയില്‍ സ്ഥാനാര്‍ത്ഥി ആശുപത്രിയിലെ മീഡിയാ കേന്ദ്രത്തില്‍ പ്രത്യക്ഷപ്പെട്ടു. പാര്‍ട്ടി നേതാക്കള്‍ ചുവന്ന റിബണ്‍ ഇട്ട് അവതരിപ്പിക്കേണ്ട സിപിഎം സ്ഥാനാര്‍ത്ഥിയെ പൂച്ചെണ്ട് നല്‍കി സിറോ മലബാര്‍ സഭാ പുരോഹിതന്‍ കളത്തിലിറക്കി. മറ്റൊരു പുരോഹിതനും അവിടെയുണ്ടായിരുന്നു. ഇന്ത്യന്‍ ചരിത്രത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ കേട്ട് കേള്‍വിയോ കണ്ട് കാഴ്ചയോ ഇല്ലാത്ത സംഭവം.
...........................................
Part 2: സ്‌ട്രെച്ചറില്‍ അവസാനിച്ച പരാക്രമം, നിയമസഭയില്‍ നിലതെറ്റിയ ശിവന്‍കുട്ടി!
"
Part 3 : ഒരു തെരഞ്ഞെടുപ്പുകാലമാകെ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയ പ്രതിഷേധം!
.....................................
കത്തോലിക്ക വൈദികനും ജോ ജോസഫിന്റെ സീനിയറായ ഡോ. ജോസ് ചാക്കോ പെരിയപുറവും സിപിഎം സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചു. ആശുപത്രി മാനേജ്‌മെന്റ് എന്ന് ന്യായീകരിക്കുമ്പോഴും ഒരു സിപിഎം സ്ഥാനാര്‍ത്ഥിയുടെ ആദ്യ നഗരംകാണിക്കല്‍ ചടങ്ങ് ഇങ്ങനെയാണോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നു. ആ വേദിയില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയംഗത്തെയും ജില്ലാ സെക്രട്ടറിയെയും കാഴ്ചക്കാരാക്കിയായിരുന്നു വൈദികരുടെ ഈ 'മാനേജ്‌മെന്റ്'. സംഭവം വിവാദമായി മാധ്യമങ്ങള്‍ ആശുപത്രിയില്‍ എത്തിയത് കൊണ്ടാണ് വേദി മാറ്റാതിരുന്നതെന്ന് മിന്നല്‍ ന്യായീകരണം വന്നു. എന്നാല്‍ ഇതേ സമയം കലൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് ഇതിനെക്കാള്‍ വലിയ മാധ്യമസംഘം നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു എന്നതിന് ഇ. പി. ജയരാജനും ലെനിന്റെ ചിത്രവും സാക്ഷി .
ഡോക്ടര്‍ കോട്ടണിഞ്ഞ് സ്‌റ്റെത്ത് കഴുത്തില്‍ ചുറ്റി വാര്‍ത്താ സമ്മേളനം നടത്തിയ സ്ഥാനാര്‍ത്ഥി വൈറലായി. ഇതില്‍ വൈദികരുടെ കാര്‍മികത്വം വിവാദവുമായി. കെ റെയില്‍ അടക്കമുള്ള വികസന അജണ്ട വളരെ വേഗം സാമുദായിക അജണ്ടയിലേക്ക് മാറി. സഭാ ആസ്ഥാനം, പെരുന്ന എന്‍എസ്എസ് കാര്യാലയം... പി ടി തോമസ് സഞ്ചരിക്കാത്ത വഴികളില്‍ ഉമയും വളരെ വേഗം എത്തി. ജോ ജോസഫും ഉമയുടെ കാലടികള്‍ പിന്തുടര്‍ന്നു.
മെയ് അഞ്ചിലെ ആശുപത്രി വാര്‍ത്താസമ്മേളനം കേരള രാഷ്ട്രീയത്തിലെ അപൂര്‍വതയാണ്. വൈദ്യനെ സ്ഥാനാര്‍ത്ഥിയായി വൈദികര്‍ കളത്തിലിറക്കിയ ആ ദൃശ്യങ്ങള്‍ എത്ര വോട്ടര്‍മാരുടെ മനസില്‍ ശക്തമായി പതിഞ്ഞിട്ടുണ്ടാകും? സ്ഥാനാര്‍ത്ഥിയുടെ ഒന്നാം ദിനം തന്നെ അനുകൂലമായോ പ്രതികൂലമായോ വോട്ടര്‍മാര്‍ക്കിടയില്‍ ഒരു തീരുമാനമെടുപ്പിക്കുന്നതില്‍ ആ ദൃശ്യങ്ങള്‍ കാരണമായിട്ടുണ്ടാകുമോ?
ഒന്നുറപ്പിക്കാം കേരളത്തിലെ തെരഞ്ഞടുപ്പ് ചരിത്രം എന്നും ഓര്‍മ്മിക്കുന്ന ദൃശ്യങ്ങളിലൊന്നായി ആ വാര്‍ത്താ സമ്മേളനത്തെ കേരള രാഷ്ട്രീയം ഫ്രെയിം ചെയ്ത് കഴിഞ്ഞു.
Part 4 : മഅദനിക്കൊപ്പം വേദി പങ്കിട്ട പിണറായി, പാര്‍ട്ടി തോറ്റപ്പോള്‍ പൊട്ടിച്ചിരിച്ച വി എസ്