രാജ്യത്തിന്‍റെ സാമ്പത്തിക നില തകര്‍ക്കുമോ രാഷ്ട്രീയ പാര്‍ട്ടികളുടെ സൗജന്യ വാഗ്ദാനങ്ങള്‍?

തെരഞ്ഞെടുപ്പുകള്‍ ജയിക്കാനായി സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ സത്യത്തില്‍ ആരെയാണ് വഞ്ചിക്കുന്നത്.

Will the freebies of political parties destroy the country s economy by Abhilash john james bkg


സാമ്പത്തികനില പരിശോധിച്ച് മാത്രമേ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പുകളിലും മറ്റും സൗജന്യ വാഗ്ദാനങ്ങൾ നൽകാവൂ എന്ന് സംസ്ഥാനങ്ങളോട് കടുപ്പിച്ച് പറഞ്ഞിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ മൂന്നാം ദേശീയ സമ്മേളനത്തിലാണ് കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുകളോട് നിലപാട് കടുപ്പിച്ചത്. അയല്‍രാജ്യങ്ങളായ ശ്രീലങ്കയുടെയും പാകിസ്ഥാന്‍റെയും അവസ്ഥ ഓര്‍ക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ചീഫ് സെക്രട്ടറിമാരെ ഓര്‍മ്മിപ്പിച്ചു. അതേസയമം ഈ സൗജന്യങ്ങളെ സാമൂഹിക നിക്ഷേപമെന്ന് വിശേഷിപ്പിക്കുന്നവരും ഏറെയാണ്. എന്താണ് സൗജന്യങ്ങളുടെ രാഷ്ട്രീയം? എന്താണ് സൗജന്യങ്ങളുടെ സാമ്പത്തിക ശാസ്ത്രം?

സൗജന്യങ്ങളെ എങ്ങനെ വ്യാഖ്യാനിക്കാം

സർക്കാർ സ്കൂളുകൾ വഴി നൽകുന്ന സൗജന്യ വിദ്യാഭ്യാസത്തെയും സർക്കാർ ആശുപത്രികൾ വഴി നൽകുന്ന സൗജന്യ ചികിത്സയെയും സാധാരണയായി സര്‍ക്കാര്‍ സൗജന്യങ്ങളായി കാണാറില്ല. മറിച്ച് അതിനെ സാമൂഹിക നിക്ഷേപമായിട്ടാണ് കണക്കാക്കുന്നത്. കാരണം, ഒരു രാജ്യത്തിന് വളരാൻ ആവശ്യമായ മനുഷ്യവിഭവ ശേഷി ഉണ്ടാക്കിയെടുക്കാൻ അത് പ്രധാനപ്പെട്ട ഒന്നാണെന്നത് തന്നെ. പിന്നെ എന്താണ് സൗജന്യങ്ങൾ? സർക്കാർ എന്തെങ്കിലും സേവനങ്ങളോ വസ്തുക്കളോ പണം ഒന്നും ഈടാക്കാതെ ജനങ്ങൾക്കോ അല്ലെങ്കിൽ ആവശ്യക്കാർക്കോ സൗജന്യമായി നൽകുന്നതിനെയോ, ഇനി പണം തന്നെ സൗജന്യമായി നൽകുന്നതിനെയോ 'സൗജന്യം' എന്ന് വ്യാഖ്യാനിക്കാം.

സൗജന്യങ്ങളുടെ ചരിത്രം

2006-ലെ തമിഴ്നാട് തെരഞ്ഞെടുപ്പിൽ ഡിഎംകെ നേതാവ് കരുണാനിധി ഒരു പ്രഖ്യാപനം നടത്തി. തെരഞ്ഞെടുപ്പിൽ ഡിഎംകെ ജയിച്ചാൽ തമിഴ്നാട്ടിലെ എല്ലാ കുടുംബങ്ങൾക്കും സൗജന്യ കളര്‍ ടെലിവിഷൻ നൽകും എന്നതായിരുന്നു ആ പ്രഖ്യാപനം. ഈ പ്രഖ്യാപനത്തെ ഇന്ത്യയിലെ സൗജന്യ രാഷ്ട്രീയത്തിന്‍റെ തുടക്കമായി കണക്കാക്കാം തെരഞ്ഞെടുപ്പിൽ 163 സീറ്റുകളുമായി ഡിഎകെ അധികാരത്തിലേറി.
2011-ൽ ഡിഎംകെയെ കവച്ച് വെയ്ക്കുന്ന വാഗ്ദാനങ്ങളുമായി ജയലളിത രംഗത്തെത്തുകയും നിയമസഭയില്‍ 200 ന് മേലെ സീറ്റുകള്‍ വാരിക്കൂട്ടുകയും ചെയ്തതോടെ തമിഴ്നാട് രാഷ്ടീയത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നായി 'സൗജന്യ വാഗ്ദാനങ്ങൾ' മാറി.

പിന്നീട് ഈ 'സൗജന്യ രാഷ്ട്രീയ'ത്തെ ഉത്തരേന്ത്യയിലേക്ക് പകർത്തി എഴുതിയത് കെജ്രിവാളാണ്. സൗജന്യമായി വൈദ്യുതിയും വെള്ളവും സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയും വാഗ്ദാനം ചെയ്ത് ദില്ലി കീഴടക്കിയ എഎപി തെരഞ്ഞെടുപ്പുകള്‍ ജയിച്ച് കയറി. പിന്നെ ഇതേ തന്ത്രം പഞ്ചാബിലും പയറ്റി. അവിടെയും കെജ്രിവാൾ വിജയിച്ചു. എഎപിയുടെ ഈ വിജയങ്ങൾ ആദ്യം സ്വാധീനിച്ച രാഷ്ട്രീയ പാര്‍ട്ടി കോൺഗ്രസാണ്. കാര്‍ണാടകയിലെ തെരഞ്ഞെടുപ്പിൽ 'ഗ്യാരണ്ടി കാര്‍ഡുകൾ' എന്ന പേരിൽ സൗജന്യ വാഗ്ദാനങ്ങളുമായി കളത്തിലിറങ്ങിയ കോൺഗ്രസ് ഗംഭീര വിജയം നേടി.

കോൺഗ്രസിന്‍റെ ഗ്യാരണ്ടി കാര്‍ഡുകളുടെ അപകടം മനസിലാക്കിയ, അതുവരെ സൗജന്യങ്ങളെ എതിർത്തിരുന്ന ബിജെപിയാകട്ടെ മധ്യപ്രദേശിൽ സൗജന്യ പദ്ധതികൾ പ്രഖ്യാപിച്ച് കളത്തില്‍ സജീവമായി. കഴിഞ്ഞ മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ ബിജെപിയെ വിജയിപ്പിച്ച പ്രധാന ഘടകങ്ങളിലൊന്ന് സ്ത്രീകൾക്ക് സൗജന്യമായി 1,500 രൂപ മാസം തോറും കൊടുക്കുന്ന 'ലാഡ്ലി ബഹ്ന പദ്ധതി'യായിരുന്നു (Ladli Behna Yojana).

സൗജന്യത്തിന്‍റെ രാഷ്ട്രീയം

ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികൾക്ക് എളുപ്പത്തിൽ വോട്ട് നേടാൻ കഴിയുന്ന മാര്‍ഗ്ഗങ്ങളിലൊന്നായി ഇന്ന് സൗജന്യ വാഗ്ദാനങ്ങൾ മാറിക്കഴിഞ്ഞു. സൗജന്യ രാഷ്ട്രീയത്തിൽ ഊന്നി പ്രവർത്തിക്കുന്ന തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്ട്രീയ പാർട്ടികളുടെ കരുത്തും ദില്ലിയിലെ ആം ആദ്മി പാർട്ടിയുടെ തേരോട്ടവും, കർണാടകയിലെ കോൺഗ്രസ്‌ വിജയവും ഭരണവിരുദ്ധ വികാരത്തെ മറികടന്ന് മധ്യ പ്രദേശിൽ ബിജെപി സ്വന്തമാക്കിയ ഉജ്ജ്വല വിജയവും അതിന്‍റെ പ്രത്യക്ഷ തെളിവുകളാണ്. അതേസമയം രാഷ്ട്രീയ പാര്‍ട്ടികളുടെ സൗജന്യ രാഷ്ട്രീയം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ സ്വാധീനിക്കുന്നത് ജനാധിപത്യ സങ്കല്പത്തെ തന്നെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. അത് ജനാധിപത്യത്തെ മാത്രമല്ല, രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രതയെ തന്നെ തകിടം മറിക്കും. 

സൗജന്യങ്ങളുടെ സാമ്പത്തിക ശാസ്ത്രം

സൗജന്യ പദ്ധതികൾ നടപ്പാക്കുന്ന ഒരു ഭരണകൂടത്തിന് അതിനുള്ള പണം കണ്ടെത്തുക എന്നതാണ് ആദ്യ വെല്ലുവിളി. ആ പണം കണ്ടെത്താൻ രണ്ട് വഴികളാണ് ഒരു ഭരണകൂടത്തിന്‍റെ മുൻപിൽ ഉള്ളത്. ഒന്നെങ്കിൽ കടം എടുത്ത് പണം കണ്ടെത്തുക അല്ലെങ്കിൽ സംസ്ഥാനത്തിന്‍റെ വരുമാനം കൂട്ടാനുള്ള വഴികൾ തേടുക.

2023 -ലെ കണക്ക് പ്രകാരം ഇന്ത്യയിൽ ഒഡീഷ ഒഴികെയുള്ള എതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും പൊതുകടം ഉയര്‍ന്നുകൊണ്ടേ ഇരിക്കുകയാണ്. സൗജന്യ പദ്ധതികൾക്കും സാമൂഹിക നിക്ഷേപ പദ്ധതികൾക്കും പേര് കേട്ട തമിഴ്നാടാണ് പൊതുകടത്തിൽ മുന്നിലുളള ഇന്ത്യന്‍ സംസ്ഥാനം. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും സൗജന്യ - സാമൂഹിക നിക്ഷേപ പദ്ധതികൾ നടപ്പാക്കുന്നത് പൊതുകടം ഉയരാന്‍ ഒരു കാരണമാണ്. പദ്ധതികൾക്കായി കടം എടുക്കുന്നത് ഒരു പ്രശ്നമല്ലെങ്കിലും ആ കടം തിരിച്ചടക്കുക എന്നത് സംസ്ഥാനത്തിന്‍റെ അധിക ബാധ്യതയാണ്. ഈ ബാധ്യത തീര്‍ക്കാൻ സംസ്ഥാനങ്ങളുടെ മുൻപിലുള്ള വഴി വരുമാനം വർദ്ധിപ്പിക്കുക എന്നത് മാത്രമാണ്.

തമിഴ്നാടിനെയും മഹാരാഷ്ട്രയെയും തെലങ്കാനയെയും പോലെ വ്യവസായങ്ങളിൽ ഊന്നി പ്രവർത്തിച്ച് സമ്പന്നമായ സംസ്ഥാനങ്ങൾക്ക് വരുമാനം വർദ്ധിപ്പിക്കാൻ പല മാർഗങ്ങളുണ്ടാകും. എന്നാല്‍, എല്ലാവർക്കുമായുള്ള സൗജന്യങ്ങൾ എത്ര ശക്തമായ സമ്പത്ത് വ്യവസ്ഥയെയും ക്ഷീണിപ്പിക്കുമെന്നതിൽ സംശയം വേണ്ട.  കേരളമടക്കമുള്ള സംസ്ഥാനങ്ങൾ നിലവിൽ നികുതി വർദ്ധിപ്പിക്കുകയെന്ന മാർഗമാണ് വരുമാനം വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്നത്. കേരള സര്‍ക്കാര്‍ സാമൂഹിക പെൻഷന് പണം കണ്ടെത്താൻ നികുതി വര്‍ധിപ്പിച്ചത് ഇതിന്‍റെ ഉദാഹരണമാണ്. കർണാടകയിൽ 100 യുണിറ്റ് സൗജന്യ വൈദ്യുതി നൽകിയ സർക്കാർ തന്നെ വൈദ്യുതി നിരക്ക് കൂട്ടിയത് മറ്റൊരു ഉദാഹരണം. 

ഫലത്തിൽ ആരുടെ ഉന്നമനത്തെ ലക്ഷ്യമിട്ടാണോ സൗജന്യങ്ങൾ നടപ്പാക്കുന്നത് അവരുടെ കീശയിൽ നിന്ന് തന്നെ അതിനുള്ള പണം കണ്ടെത്താൻ സംസ്ഥാനങ്ങൾ നിര്‍ബന്ധതികമാകുമെന്ന് സാരം. അതുകൊണ്ട് ഉണ്ടാകുന്ന ഫലങ്ങൾ രണ്ടാണ്, ഒന്ന്, സൗജന്യ പദ്ധതികളിലൂടെ അഭിവൃത്തിയിലേക്ക് ഉയരേണ്ട ജനങ്ങൾ ഉയർച്ച ഇല്ലാതെ നിൽക്കും. രണ്ട്, സമ്പത്ത് വ്യവസ്ഥയ്ക്ക് അത് കനത്ത ബാധ്യത ഉണ്ടാക്കും.

സൗജന്യ പദ്ധതികൾ എങ്ങനെ ആവിഷ്കരിക്കാം

സൗജന്യ പദ്ധതികൾ ആവശ്യക്കാരിലേക്ക് മാത്രമെത്തിക്കുക എന്നുള്ളതാണ് ഏറ്റവും എളുപ്പമുള്ള മാർഗം. അതായത്, എല്ലാവർക്കും സൗജന്യമായി നല്‍കുന്ന വൈദ്യുതിയും വെള്ളവും പണം കൊടുത്ത് വാങ്ങാൻ ശേഷിയില്ലാത്ത പാവപ്പെട്ട ജനങ്ങൾക്ക് മാത്രമായി സൗജന്യമായി നിജപ്പെടുത്തുക. അങ്ങനെ ചെയ്താൽ അത് സമ്പത്ത് വ്യവസ്ഥക്ക് ഭാവിയിൽ മികച്ച മനുഷ്യ - വിഭവ ശേഷി ഉണ്ടാക്കും. ഫലത്തിൽ അത് സമ്പത്ത് വ്യവസ്ഥക്ക് വലിയൊരു നേട്ടമായിരിക്കും ഉണ്ടാക്കുക. 

സൗജന്യങ്ങൾ ഇരുതല മൂർച്ചയുള്ള വാൾ

അതെ, സൗജന്യങ്ങൾ ഇരുതല മൂര്‍ച്ചയുള്ള വാളാണ്. സൗജന്യങ്ങള്‍ ആവശ്യക്കാരിലേക്ക് മാത്രം എത്തിച്ചാൽ രാജ്യത്തിന് വേണ്ടി ഭാവിയിൽ മികച്ച മനുഷ്യവിഭവ ശേഷി ഉണ്ടാക്കിയെടുക്കാൻ അത് സഹായിക്കും. എന്നാൽ, തെരഞ്ഞെടുപ്പുകള്‍ വിജയിക്കാന്‍ വേണ്ടി യാതൊരു ആസൂത്രണവുമില്ലാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യങ്ങള്‍ പ്രഖ്യാപിച്ചാല്‍ അത് രാജ്യത്തിന്‍റെ സമ്പത്ത് വ്യവസ്ഥയെ തന്നെ തകിടം മറിക്കും. അതായത് ഏറെ സുക്ഷിച്ച് നടപ്പാക്കിയില്ലെങ്കിൽ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ല് വരെ തകര്‍ക്കാൻ കഴിയുന്ന ഒന്നായി തെരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ സൗജന്യ വാഗ്ദാനങ്ങള്‍ മാറുമെന്ന് അര്‍ത്ഥം. 

 

Latest Videos
Follow Us:
Download App:
  • android
  • ios