K Pope: കൊറിയന്‍ പാട്ടും കെ ഡ്രാമയും കുരുക്കാവുന്നോ, അഡിക്ഷന്‍ മുതല്‍ കുട്ടികളുടെ ആത്മഹത്യ വരെ

കെ പോപ് മാനിയ ബാധിച്ചവരില്‍ തരാതരമില്ല. ഷാരൂഖ് ഖാന്റെ മകളും മഹേഷ്ബാബുവിന്റെ മകളും പങ്കജ് ത്രിപാഠിയുടെ മകളുമെല്ലാം കെ പോപ് ആരാധകരായ താരസന്തതികളില്‍ ചിലര്‍ മാത്രം.  വയലറ്റ് നിറത്തിനാല്‍ പരസ്പരബന്ധിതരായ ഫാന്‍സ് കൂട്ടായ്മയില്‍ അവര്‍ക്കൊപ്പമുള്ളത് ലക്ഷക്കണക്കിന് കുട്ടികളാണ്. (ബിടിഎസ് ആരാധകക്കൂട്ടായ്മ ആയ ആര്‍മിയുടെ നിറമാണ് വയലറ്റ്)

Why kids Addicted to K-Pope and K drama by PR Vandana

കൊവിഡ് മഹാമാരി കവര്‍ന്നത് ആയിരങ്ങളുടെ ജീവന്‍ മാത്രമല്ല. കുട്ടികളുടെ കുട്ടിക്കാലവും സ്‌കൂള്‍ കാലവും കൂടിയാണ്. കൊവിഡ് കാലം ബാധിച്ചതും മാറ്റിയതും വ്യവസായവ്യാപാരരീതികള്‍ മാത്രമല്ല. കുട്ടികളുടെ പഠനസമ്പ്രദായങ്ങളേയും ചങ്ങാത്തങ്ങളേയും കൂടിയാണ്. കൊവിഡ് പ്രതിസന്ധിയായത് സാമ്പത്തികസ്ഥിതിക്ക് മാത്രമല്ല. കുട്ടികളുടെ കളിക്കാനും കൂട്ടുകൂടാനുമുള്ള സമയത്തിനും  സാഹചര്യത്തിനും കൂടിയാണ്. മാനസികസമ്മര്‍ദം ഏറിയതും ബുദ്ധിമുട്ടുകള്‍ നേരിട്ടതും കുട്ടികള്‍ക്കു കൂടിയാണ്. ക്ലാസ് മുറിയിലെ കൂട്ടുചേരലും ചിരിയും ഇണക്കവും പിണക്കവും സ്‌കൂള്‍ വളപ്പിലെ കളിയും നോട്ടും പെന്‍സിലും ഉച്ചഭക്ഷണവുമൊക്കെ പങ്കിടലും...എല്ലാം നഷ്ടമായത് ഒന്നോ രണ്ടോ ദിവസമോ ആഴ്ചകളോ അല്ല. ഏതാണ്ട് രണ്ട് വര്‍ഷത്തോളമാണ്. രണ്ടാംവീടായ സ്‌കൂള്‍ എന്നത് കണ്‍മുന്നിലെ ദീര്‍ഘചതുരത്തിലൊതുങ്ങി. 

ഈ സാഹചര്യത്തില്‍ നിന്ന് വേണം അടുത്തിടെയുണ്ടായ കുട്ടികളുടെ ആത്മഹത്യയെ സമീപിക്കേണ്ടത്. ബിടിഎസ് അടക്കമുള്ള കൊറിയന്‍ സംഗീത ബാന്‍ഡുകള്‍ക്ക് അടിമയായ തനിക്ക് പഠനത്തില്‍ ശ്രദ്ധചെലുത്താനാവുന്നില്ലെന്ന് എഴുതിവച്ചാണ് തിരുവനന്തപുരം നാവായിക്കുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ജീവാ മോഹന്‍ ഇക്കഴിഞ്ഞ ദിവസം ജീവന്‍ ഒടുക്കിയത്.  മൊബൈല്‍ ഫോണിനടിമയായെന്ന വിഷമമാണ് ആറ് താളുകള്‍ നീണ്ട ആത്മഹത്യാക്കുറിപ്പിലുള്ളത്. എന്നാല്‍, പൊലീസ് ഇക്കാര്യം നിഷേധിക്കുന്നു. ഓണ്‍ലൈന്‍ ഗെയിം അഡിക്ഷനോ പരിധിവിട്ട സാമൂഹിക മാധ്യമ ഉപയോഗമോ  പെണ്‍കുട്ടിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. അതിനു  പിന്നാലെയാണ്, ഇന്നലെ കല്ലമ്പലത്ത് പ്ലസ് വണ്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. മൊബൈല്‍ ഫോണ്‍ അഡിക്ഷനാണ് മരണകാരണമെന്നാണ് സൂചന. പബ്ജി കളിക്കാന്‍ ഫോണ്‍ വാങ്ങിക്കൊടുക്കാത്തതിന്റെ പേരില്‍ അട്ടപ്പാടിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് ഒരാഴ്ച മുമ്പാണ്. 

 

 

കുട്ടികള്‍ ഓണ്‍ലൈനായ വിധം 

നേരത്തെ  സൂചിപ്പിച്ചത് പോലെ കൊവിഡ് കാലം തന്നെയാണ് കുട്ടികളെ ഓണ്‍ലൈനാക്കിയത്. നോക്കാനാളുണ്ടെങ്കിലും ഇല്ലെങ്കിലും പഠിപ്പിലെ ശ്രദ്ധയില്‍ വരുന്ന വ്യതിയാനങ്ങളും ഉഴപ്പും ഒരു വശത്ത്, യാന്ത്രികത കൊണ്ടുവരുന്ന പതിവുമടുപ്പ് മറുവശത്ത്. ഇതിനൊപ്പം പുറത്തുപോക്കില്ല, കറക്കമില്ല. കളിയില്ല. സിനിമയില്ല. വിനോദത്തിന് ഒന്നുമില്ല. മുമ്പൊക്കെ അത്യാവശ്യം നിയന്ത്രണങ്ങളോടെ കയ്യില്‍ കിട്ടിയിരുന്ന മൊബൈല്‍ ഫോണും ലാപ്‌ടോപും സ്ഥിരമായി കൈവശം. പലര്‍ക്കും സ്വന്തമായി തന്നെ കിട്ടി ഇവ രണ്ടും. 

അപ്പോള്‍ എന്തായി? വീടിനു പുറത്ത് സൗഹൃദങ്ങളുടേയും കുടുംബത്തിന്റെയുമൊക്കെ കണ്ണിയില്‍ കോര്‍ത്ത കറങ്ങലുകള്‍ക്കും വര്‍ത്തമാനങ്ങള്‍ക്കും എല്ലാം പകരമായി കിട്ടിയത് അനന്തമായി തുറന്നുകിടക്കുന്ന ഒരു ലോകം. എല്ലാവരും കേട്ടത് കാണാനും, കണ്ടത് കാണാനും മാത്രമല്ല പുതുതായി ഓരോന്ന് കണ്ടെത്താനും പറയാനും ഉള്ള അവസരം. പേരു പറഞ്ഞും പറയാതെയും പല വിഷയങ്ങളില്‍ അഭിപ്രായം പറയാം. പലതും കാണാം. പഠിപ്പില്‍ നിന്ന് രസത്തിലേക്ക് കടക്കാന്‍ ഒരു കൈവിരലനക്കം മാത്രം. ബോറടിയുടെ മുഷിപ്പ് മാറ്റാന്‍ വിരല്‍ത്തുമ്പില്‍ തുറന്നു കിട്ടുന്നത് അനന്തമായ ലോകം. അവനനവന്റെറ ലോകത്തെ ആരാധനാമൂര്‍ത്തികള്‍ പലരായി. പല നാട്ടുകാര്‍ പല തരക്കാര്‍. അവരെ കുറിച്ചുള്ള ആലോചനയും ആരാധനയും പതിന്മടങ്ങായി. ഓടിക്കളിച്ചു വീഴാതെ രണ്ട് കൈകള്‍ കൊണ്ട് കുത്തിപ്പിടിച്ചിരുന്ന് കളിക്കാം. കുട്ടികളുടെ ലോകം ചതുരക്കള്ളിയിലെ അനന്തതയിലായി. 

 

Why kids Addicted to K-Pope and K drama by PR Vandana
 

കൊറിയയില്‍നിന്നു വന്ന കൊടുങ്കാറ്റ് 

ആഗോളതലത്തില്‍ വന്‍ ആരാധകവൃന്ദം ഉണ്ടായിരുന്നു നേരത്തെ തന്നെ കെ പോപിനും കെ ഡ്രാമകള്‍ക്കും. വീട്ടിനകത്ത് ഇരിപ്പായവരുടെ ഇടയിലേക്ക് കൊറിയയില്‍ നിന്നുള്ള വിനോദക്കാറ്റ് ആഞ്ഞടിച്ചു. സ്വാഭാവികമായും കുട്ടികളുടെ ഇടയില്‍ ചെറുപ്പക്കാരുടെ ഏറ്റവും പുതിയ സെന്‍സേഷനായ ബിടിഎസും ബ്ലാക്ക് പിങ്കും ലഹരിയായി. പറയാന്‍ പ്രയാസമുള്ള കൊറിയന്‍ പേരുകള്‍ അ ആ ഇ ഈ പോലെ വഴങ്ങി. മാതൃഭാഷയിലെ പാട്ടുകള്‍ കേട്ടുവിട്ടവര്‍ കൊറിയന്‍ പാട്ടുകളുടെ അര്‍ത്ഥം തര്‍ജമ നോക്കി മനസ്സിലാക്കി ആഹാ എന്നു പറഞ്ഞു. ഗംഭീരമെന്നും സമാധാനപ്പെടുത്തുന്നതെന്നും ആവേശം നല്‍കുന്നതെന്നും പറഞ്ഞു. ഓരോ പുതിയ പാട്ടും ഇറങ്ങാന്‍ കണ്ണിലെണ്ണ ഒഴിച്ച് കാത്തിരുന്നു. കിട്ടിയ പുരസ്‌കാരങ്ങള്‍ ആഘോഷമാക്കി. കിട്ടാത്തവയില്‍ പ്രതിഷേധിച്ചു. ബിടിഎസിന്റെ ഏഴംഗസംഘത്തിലെ ഗായകരെ ഊഴം വെച്ച് ആരാധിച്ചു. ബ്ലാക്ക് പിങ്കിലെ ഗായകരുടെ ചുവടുകള്‍ പഠിച്ച് റീലുകള്‍ ഇട്ടു. സ്റ്റാറ്റസാക്കി. അങ്ങനെ കെ പോപ് ഗായകര്‍ കുട്ടികളുടെയും ചെറുപ്പക്കാരുടെയും മനസ്സില്‍ സ്ഥിരമായി ഇരിപ്പുറപ്പിച്ചു. 

കെ പോപ് മാനിയ ബാധിച്ചവരില്‍ തരാതരമില്ല. ഷാരൂഖ് ഖാന്റെ മകളും മഹേഷ്ബാബുവിന്റെ മകളും പങ്കജ് ത്രിപാഠിയുടെ മകളുമെല്ലാം കെ പോപ് ആരാധകരായ താരസന്തതികളില്‍ ചിലര്‍ മാത്രം.  വയലറ്റ് നിറത്തിനാല്‍ പരസ്പരബന്ധിതരായ ഫാന്‍സ് കൂട്ടായ്മയില്‍ അവര്‍ക്കൊപ്പമുള്ളത് ലക്ഷക്കണക്കിന് കുട്ടികളാണ്. (ബിടിഎസ് ആരാധകക്കൂട്ടായ്മ ആയ ആര്‍മിയുടെ നിറമാണ് വയലറ്റ്)

ഒരു വശത്ത് താരാരാധനയുടെ ലഹരി. മറുവശത്ത് ഗെയിമുകളുടെ മാത്സര്യലഹരി. ഏകാന്തതയുടെ മുഷിപ്പിനും സമ്മര്‍ദത്തിനുമൊപ്പം ലഹരിയുടെ അലയൊലികളും. കുട്ടികളുടെ മനസ്സിന്റെ നിയന്ത്രണം അവര്‍ക്ക് ശീലമില്ലാത്ത അവര്‍ക്ക് അജ്ഞമായ എന്തൊക്കെയോ ഘടകങ്ങള്‍ക്കായി. 

 

Why kids Addicted to K-Pope and K drama by PR Vandana

 

പാട്ട് അഡിക്ഷനാവുമ്പോള്‍

ബിടിഎസ് ആരാധകരായ ചിലര്‍ പറയുന്നത് അവരുടെ പാട്ടുകള്‍ക്ക് സാന്ത്വനമാണ് എന്നാണ്. മറ്റ് ചിലര്‍ക്ക് ആ പാട്ടുകള്‍ മുഷിപ്പില്‍ നിന്നും നിരാശയില്‍ നിന്നുമുള്ള ഉയിര്‍പ്പ്. ഇതിനൊപ്പം ബിടിഎസിന്റെ  ആരാധകക്കൂട്ടായ്മയില്‍ ഒരാളാണ് എന്നു പറയുമ്പോഴുള്ള അഭിമാനവും. ലഹരി അത് എന്ത് തന്നെയാണെങ്കിലും കേടാണല്ലോ. അതു തന്നെയാണ് ഇക്കാര്യത്തിലും സംഭവിച്ചത്. 

ഏതുനേരവും പാട്ട്! എന്തെങ്കിലും ശാസന കേട്ടാലും മാര്‍ക്ക് കുറഞ്ഞാലും ബോറടിച്ചാലുമൊക്കെ പാട്ട്. വിചാരിച്ച സമയത്ത് കേള്‍ക്കാന്‍ പറ്റിയില്ലെങ്കില്‍ നിരാശ, ദേഷ്യം, മടുപ്പ്. ഗെയിമുകളുടെ കാര്യവും അങ്ങനെ തന്നെ. 

കുട്ടികളുടെ ലോകം കീഴ്‌മേല്‍ മറിഞ്ഞതിനെ പറ്റി പല വിദഗ്ധരും മുന്നറിയിപ്പ് തന്നതാണ്. അവര്‍ പറഞ്ഞതിനേക്കാളും വലുതായിരുന്നു കുട്ടികളുടെ ലോകത്തിന്റെന പുന: ക്രമീകരണം എന്നതിന് തെളിവാണ് കുട്ടികളുടെ ഇടയിലുണ്ടായ ആത്മഹത്യകളും കൗണ്‍സലിങ്ങിന് എത്തിയ കുട്ടികളുടെ എണ്ണക്കൂടുതലും. കളിക്കാന്‍ മാതാപിതാക്കളുടെ കാര്‍ഡ് അവരറിയാതെ എടുത്ത കുട്ടികളുടെയും യു ട്യൂബില്‍ തല താഴ്ത്തിയിരിക്കുന്നത് മതിയെന്ന് പറഞ്ഞ കുട്ടികളുടെയും ആത്മഹത്യ നാം കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടതാണ്. ജീവ ജീവിതം അവസാനിപ്പിച്ചത് വിശദമായ കുറിപ്പെഴുതിയിട്ടാണ്. ടിവി അഡിക്ഷനും പഠിക്കാന്‍ ശ്രദ്ധിക്കാതെ വരുന്നുവെന്നുമെല്ലാം കുറിപ്പില്‍ പറയുന്നുണ്ട്. 

 

 

എന്താകും നമ്മുടെ കുട്ടികള്‍ക്ക് സംഭവിക്കുന്നത്? 

ഏകാന്തതയുടെ അല്ലെങ്കില്‍ മുഷിപ്പിന്റെ സമയത്ത് നമുക്ക് സന്തോഷം തരുന്ന ഊര്‍ജം പകരുന്ന എന്തും ഏതും നമുക്ക് ഹരമാകും. അത് നല്ല ചടുലമായ താളത്തില്‍ പ്രായക്കൂടുതല്‍ ഇല്ലാത്ത, കാണാന്‍ ഭംഗിയുള്ള ചെറുപ്പക്കാര്‍ ആടുന്നു, പാടുന്നു. അവരുടെയൊപ്പം മനസ്സ് പോകുന്നത് സ്വാഭാവികം. പക്ഷേ കാതങ്ങള്‍ക്കപ്പുറത്തുള്ള താരലോകത്ത് ആ മനസ്സ് കെട്ടിമറിഞ്ഞു പോകുമ്പോള്‍ ആണ് അത് കുഴപ്പമാകുന്നത്. സിഗരറ്റും മദ്യവും പോലെ തന്നെയാണ് ഈ ലഹരിയും. അത്ര തന്നെ ശ്രദ്ധ പാലിച്ചാലേ കെ പോപ് മാനിയയില്‍ വീണുപോകാതിരിക്കാന്‍ പറ്റൂ. 

ബിടിഎസ് എന്ന ഏഴംഗസംഘം സമീപകാലത്ത് തെക്കന്‍കൊറിയന്‍ വിനോദലോകത്ത് കണ്ട ഏറ്റവും വലിയ വിജയകഥയാണ്. അവിടത്തെ കര്‍ശനമായ രണ്ട് വര്‍ഷ നിര്‍ബന്ധിത സൈനികപരിശീലനത്തില്‍ പോലും ഇത്രയും ഉദാരമായ സമീപനം വേറെ ഒരിക്കലും ഉണ്ടായിട്ടില്ല. ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്നതാണ് അവരുടെ ആരാധകക്കൂട്ടം. അതുകൊണ്ടാണ് അമേരിക്കന്‍ പ്രസിഡന്റ് അവരെ കാണുന്നത്. ഐക്യരാഷ്ട്രസംഘടന അവരെ ക്ഷണിക്കുന്നത്. അവാര്‍ഡുകള്‍ നല്‍കുമ്പോള്‍ ചില കടുംപിടിത്തങ്ങള്‍ ഉണ്ടെങ്കിലും പ്രധാന പുരസ്‌കാരനിശകളിലെല്ലാം അവര്‍ ആടിപ്പാടുന്നത്. 

അവരോടുള്ള ആരാധന ചെറുപ്പക്കാര്‍ക്ക് സ്വാഭാവികമാണ്. അത് ലഹരിയാകാതിരിക്കാന്‍ അന്ധതയാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് മാത്രം. നമ്മള്‍ കാണുന്ന ആല്‍ബങ്ങള്‍ക്ക് പിന്നിലുള്ള കഠിനാധ്വാനത്തെ പറ്റി, കോടികളുടെ കണക്കിനെ പറ്റി, ഓരോ ഗായകനും കലാകാരനും ഒപ്പമുള്ള സ്റ്റാഫിന്റെ എണ്ണത്തെ പറ്റി, ദൈംദിന ജീവിതത്തിലെ ഓരോ കാര്യത്തിലും അവര്‍ പാലിക്കുന്ന നിയന്ത്രണങ്ങളെയും ചിട്ടകളെയും പറ്റി, സ്വകാര്യത ഇല്ലാതാകുന്നതിന്റെ  അഡ്ജസ്റ്റ്‌മെന്റുകളെ പറ്റി, തിളക്കമുള്ള മുന്നാമ്പുറക്കാഴ്ചകളുടെ പിറകിലെ പെടാപാടുകളെ പറ്റി മനസ്സിലാകുമ്പോഴാണ് ചുവടുകളുടെ ചടുലതക്കപ്പുറമുള്ള ലോകം ബോധ്യപ്പെടുക. യാഥാര്‍ത്ഥ്യത്തിന്റെ് വെളിച്ചത്തിലുള്ള ആരാധന ലഹരിയാകില്ല. ഊര്‍ജമേ ആവൂ. രസമേ ആവൂ.

 

എന്താണ് നമുക്ക് ചെയ്യാനാവുക? 

നമ്മുടെ കുട്ടിയെ  പറ്റി നമുക്കെല്ലാം അറിയാമെന്ന് വിചാരിക്കാതിരിക്കുക. അവരുടെ ആലോചനകളുടെ കെട്ടിമറിയലുകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക. നമുക്ക് ചെറുതെന്ന് തോന്നുന്ന ആശങ്കകളും നിരാശകളും അവര്‍ക്ക് വളരെ വലുതാണെന്ന് ഓര്‍ക്കുക. ഗൗരവത്തോടെ അവ ്രെകേള്‍ക്കുക. വര്‍ത്തമാനം പറയുക. എന്താണെങ്കിലും ഒപ്പമുണ്ടെന്ന ഉറപ്പ് നല്‍കുക. ഏത് മാര്‍ക്കിനേക്കാളും ഏത് കാര്‍ഡിനേക്കാളും വലുത് മക്കളാണെന്ന് ഓര്‍മിപ്പിക്കുക. 

അകാലത്തില്‍ പൊലിയുന്ന ഏതൊരു കുഞ്ഞിന്റെയും അച്ഛനും അമ്മക്കും പിന്നെയുള്ളത് മരിച്ചുജീവിക്കലാണ്. ആദ്യം അലറിക്കരച്ചിലായും പിന്നെ പിന്നെ ഏങ്ങലായും  നെടുവീര്‍പ്പായും ഒക്കെ ഒരിക്കലും വിചാരത്തില്‍ നിന്ന് മായാത്ത എന്നാലും എന്തിന് എന്ന ചോദ്യചിഹ്നത്തെ പേറിയുള്ള ജീവിതം. നമുക്ക് കുട്ടികളെ ചേര്‍ത്തുപിടിക്കാം. അവരുടെ ആരാധനയില്‍ പങ്കുചേരാം. ആഘോഷമാക്കാം. അവരുടെ ആശങ്കകളെ ഊതിയകറ്റാം. വീഴുമ്പോള്‍ കൈപിടിക്കാം. ആരാധനയുടെ ലഹരിയും ആശങ്കകളുടെ ആധിയും അവരെ അടിമകളാക്കാതിരിക്കാന്‍ ശ്രദ്ധിക്കാം. 

Latest Videos
Follow Us:
Download App:
  • android
  • ios