ആളെക്കൊല്ലി കടുവയെ പിടികൂടി വർഷം ഒന്ന് തികയുന്നു; ഇന്നും പാലിക്കാപ്പെടാത്ത വാഗ്ദാനങ്ങൾ, ഭയം വിടാതെ വയനാട്
ആളെക്കൊല്ലി കടുവ പ്രജീഷിന്‍റെ ജീവനെടുത്തിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. അന്ന് ആ ഗ്രാമമൊരുക്കിയ പ്രതിഷേധത്തിന്‍റെ ചൂടറിഞ്ഞ വനം വകുപ്പ് പക്ഷേ, ഇന്ന് ഉറക്കത്തിലാണ്. അര്‍ദ്ധരാത്രിയിലെ ചര്‍ച്ചകള്‍ കഴിഞ്ഞ് കാര്യം നടന്നപ്പോള്‍ ജനത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍ വനം വകുപ്പും സര്‍ക്കാരും സൌകര്യപൂര്‍വ്വം മറന്നു. 2023 ഡിസംബർ 9 മുതല്‍ പത്ത് ദിവസം വാകേരി മൂടക്കൊല്ലി ഗ്രാമവാസികള്‍ അനുഭവിച്ച നിമിഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സുഹൈല്‍ അഹ്മദ്.
2023 ഡിസംബർ 9 വൈകുന്നേരം നാലുമണി. വയനാട് സുൽത്താൻ ബത്തേരിക്കടുത്ത് വാകേരി മൂടക്കൊല്ലിയിൽ ക്ഷീരകർഷകർ പാൽ അളക്കാനെത്തുന്ന നേരമാണ്. പതിവായി വരുന്ന പ്രജീഷ് പാലുമായി എത്തിയില്ല. പാലെടുക്കാൻ വന്നവരും കൊടുക്കാൻ എത്തിയവരും പ്രജീഷിനെ തിരിക്കി, മറുപടിയില്ല. വീട്ടിൽ അന്വേഷിച്ചു, പുല്ലരിയാൻ പോയ പ്രജീഷ് തിരിച്ചെത്തിയില്ലെന്നായിരുന്നു മറുപടി. അതിനിടയിൽ പ്രജീഷിന്‍റെ ജീപ്പ്, വഴിയരികിൽ കാപ്പിത്തോട്ടത്തിന് അടുത്ത് നിർത്തിയിട്ടിരിക്കുന്നത് കണ്ടു.
കാപ്പിത്തോട്ടത്തിന് ഇടയിലൂടെയൊരു ഇടവഴിയുണ്ട്. അത് ചെന്ന് അവസാനിക്കുന്നത് കാടുമൂടി കിടക്കുന്ന കൊല്ലിയിലാണ്. പശുവിന് പുല്ലരിയാൻ ഇടയ്ക്ക് അവിടെ പ്രജീഷ് പോകാറുണ്ട്. സുഹൃത്തുകൾ ചെന്നുനോക്കി. കാപ്പിത്തോട്ടവും കൊല്ലിയും അതിരിടുന്നിടത്ത് പശുവിനരിഞ്ഞ ഒരുപിടി പുല്ലുണ്ട്. അത് കെട്ടിക്കൊണ്ട് പോകാൻ വച്ച ചാക്കും കാണാം.
തൊട്ടടുത്ത് ചോരപ്പാട്! എന്തിനെയോ വലിച്ചിഴച്ചു കൊണ്ടുപോയ അടയാളം. ശ്രദ്ധയോടെയും എന്നാൽ പേടിയോടെയും സുഹൃത്തുക്കൾ അതുവഴി പോയി. പിന്നെ കണ്ടക്കാഴ്ച ... അത്രേമേൽ ഭീകരമായിരുന്നു. ഒരു കടുവ മനഷ്യനെ തിന്നുന്നു. രണ്ട് മൂന്ന് പേർ വരുന്നത് കണ്ടതോടെ, കടുവ കൊല്ലിയിൽ നിന്ന് കാടിന്‍റെ ഭാഗത്തേക്ക് ഓടിമറഞ്ഞു. തുടയിൽ നിന്ന് ഇറച്ചി മുഴുവൻ തിന്നുപോയ ഒരു മനുഷ്യൻ. ചിന്നിച്ചിതറിയ തലഭാഗം. അത് പ്രജീഷായിരുന്നു!
അണപൊട്ടിയ രോഷം
അടിക്കടി കടുവകൾ വളർത്ത് മൃഗങ്ങളെ പിടിക്കാറുണ്ടായിരുന്ന ജനവാസ മേഖലയാണ് ഇന്നും വാകേരി. വന്യമൃഗ ശല്യത്തിൽ പൊറുതി മുട്ടിയ കാർഷിക ഗ്രാമം. ഒരു മനുഷ്യനെ കടുവ കൊന്നുതിന്നതോടെ രോഷം അണപൊട്ടി. അന്നത്തെ സൌത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരീം എത്തുമ്പോഴേക്ക് മൂടക്കൊല്ലി സംഘർഷ ഭരിതമായിരുന്നു. ആളെക്കൊല്ലി കടുവയെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവില്ലാതെ മൃതദേഹം തൊടാൻ പോലും അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്.. പൊലീസിനെ വിന്യസിച്ചിട്ടും കാര്യമുണ്ടായില്ല.
ഒരുവശത്ത് നാട്ടുകാരുടെ പ്രതിഷേധം. മറുവശത്ത് കടുവ കൊന്നു തിന്ന പ്രജീഷിന്‍റെ മൃതദേഹം. നിസ്സഹായരായി പൊലീസ്. നാട്ടുകാരുടെ പ്രതിഷേധത്തില്‍ കുറ്റം ചെയ്തവരെ പോലെ വനംവകുപ്പ്. ഇരുട്ട് കൂടുതൽ ശക്തിയായി. വൃശ്ചികത്തണുപ്പ് പരന്നു. പക്ഷേ, നാട്ടുകാരുടെ രോഷം മാത്രം ആളിക്കത്തി. ഒടുവില്‍, ജനപ്രതിനിധികൾ ഇടപെട്ടതോടെ ചർച്ചയ്ക്ക് വഴി തെളിഞ്ഞു. കടുവയെ പിടികൂടാനുള്ള എല്ലാ തന്ത്രവും സംവിധാവും ഉപയോഗിക്കുമെന്ന ഡിഎഫ്ഒയുടെ ഉറപ്പിന് പക്ഷേ, നാട്ടുകാർ കൂട്ടു നിന്നില്ല.
ഒടുവില്‍, ഉത്തരവ്
കടുവയെ കൊല്ലണമെന്നും ഉടൻ ഉത്തരവ് വേണമെന്നും മൂടക്കൊല്ലിക്കാർ ആവർത്തിച്ചു. നാട്ടുകാരുടെ തീരുമാനം അതേപോലെ മേലുദ്യോഗസ്ഥരെ അറിയിക്കാമെന്ന് ഡിഎഫ്ഒ വ്യക്താക്കി. സമചിത്തതയോടെയുള്ള ഷ്ജന കരീമിന്‍റെ ഇടപെടലാണ് ആ രാത്രി, അസ്വസ്ഥമായൊരു ഗ്രാമം അക്രമാസക്തമാകാതെ പുലരാൻ തന്നെ കാരണം.
പൊലീസ് പെട്ടെന്ന് തന്നെ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആളക്കൊല്ലി കടുവയുടെ പേടിയിലും പ്രജീഷിനെ നഷ്ടപ്പെട്ട വേദനയിലും മൂടക്കൊല്ലി തൊട്ടടുത്ത ദിവസത്തിലേക്ക് ഉണർന്നു. നേരം പുലർന്നപ്പോഴേക്കും നാട്ടുകാരെല്ലാം മൃതദേഹം സൂക്ഷിച്ച സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്കൊഴുകിയെത്തി. കടുവയെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവില്ലാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കളും നാട്ടുകാരും തീർത്ത് പറഞ്ഞു. പക്ഷേ, മയക്കുവെടിയ്ക്കുള്ള ഉത്തരവ് വൈകി. മൃതദേഹം ഏറ്റുവാങ്ങുന്നതും നീണ്ടു. ഒടുവിൽ രണ്ട് മണിയോടെ തീരുമാനമെത്തി. കടുവയെ പിടികൂടാനുള്ള ശ്രമം പരാജയപ്പെട്ടാൽ, വെടിവച്ചു കൊല്ലാം.
കടുവയ്ക്ക് മനുഷ്യരെ പേടി?
കടുവയ്ക്ക് മനുഷ്യരെ പേടിയാണെന്നാണ് മേഖലയിലെ വിദഗ്ധരെല്ലാം പറയാറ്. എന്നിട്ടും പ്രജീഷിനെ എന്തുകൊണ്ട് കടുവ പിടിച്ചു എന്നതാണ് ചോദ്യം. പ്രജീഷ് പുല്ലരിഞ്ഞ് കൊണ്ടിരിക്കുമ്പോൾ പിറകിൽ നിന്നാണ് കടുവ ആക്രമിച്ചതെന്നായിരുന്നു വനംവകുപ്പിന്‍റെ നിഗമനം. കുനിഞ്ഞിരുന്ന്, പിറകോട്ട് ചെത്തി വരുന്നതാണ് പുല്ലരിയിൽ രീതി. ദൂരെ നിന്ന് കാണുമ്പോൾ, ഇതൊരു ഇരയെന്ന തോന്നൽ കടുവയ്ക്ക് ഉണ്ടായിക്കാണും. അതാകാം വിശന്ന് വലഞ്ഞ കടുവ പ്രജീഷിനെ പിടിച്ചതെന്ന് വനം വകുപ്പ്.
ലഭ്യമായ കണക്കുകൾ
കഴിഞ്ഞ എട്ട് വർഷത്തിനിടെ വയനാട്ടിൽ ഏഴ് പേരാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 2023 -ൽ മാത്രം രണ്ട് പേർ കൊല്ലപ്പെട്ടു. രേഖകൾ സഹിതം വനംവകുപ്പ് ഈ കണക്ക് സൂക്ഷിക്കാൻ തുടങ്ങിയത് 2015 മുതലാണ്. അതിന് മുന്നേയും കടുവ മനുഷ്യരെ പിടിച്ചിട്ടുണ്ടാകാം. പക്ഷേ, കൃത്യമായ കണക്കുകൾ ലഭ്യമല്ലെന്ന് മാത്രം. വയനാട്ടിൽ 2015 -ൽ മാത്രം മൂന്ന് പേർ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
2015 ഫെബ്രുവരി 10. നൂൽപ്പുഴ പഞ്ചായത്തിലെ മുക്കുത്തിക്കുന്ന് സ്വദേശി ഭാസ്കരനാണ് കടുവയുടെ ആക്രമണത്തിൽ മരിച്ച ഒരാൾ. അതേ വർഷം ജൂലൈയിൽ വീണ്ടും കടുവ മനുഷ്യ ജീവനെടുത്തു. കുറിച്യാട് വനഗ്രാമത്തിലെ ബാബുരാജാണ് കടുവയുടെ ആക്രമണത്തിൽ അന്ന് കൊല്ലപ്പെട്ടത്. 2015 നവംബറിൽ. തേൽപ്പെട്ടി റേഞ്ചിലെ വനംവാച്ചർ കക്കേരി കോളനിയിലെ ബസവ, കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
നാല് വർഷം കഴിഞ്ഞാണ് വയനാട്ടിൽ മറ്റൊരു കടുവ ആക്രമണം റിപ്പോർട്ട് ചെയ്തത്. 2019 ഡിസംബർ 24 ന്. ബത്തേരി പച്ചാടി കാട്ടുനായ്ക്ക കോളനിയിലെ ജഡയൻ, വിറക് ശേഖരിക്കാൻ പോയപ്പോഴാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വിറക് ശേഖരിക്കാൻ പോയിട്ട് തിരികെ വരാത്ത ജഡയനെ തേടി ഉറ്റവർ പോയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കടുവയുടെ ആക്രമണത്തിൽ മാരകമായി മുറിവേറ്റ്, ശരീര ഭാഗങ്ങൾ വേർപ്പെട്ട നിലയിലായിരുന്നു മൃതദേഹം.
തൊട്ടടുത്ത വർഷം ജൂൺ 16 -ന് വീണ്ടും കടുവ മനുഷ്യനെ പിടിച്ചു. അന്ന് കൊല്ലപ്പെട്ടത് പുൽപ്പള്ളി ബസവൻ കൊല്ലി കോളനിയിലെ ശിവകുമാർ. വിറക് ശേഖരിക്കാൻ പോയപ്പോഴാണ് ശിവകുമാറിനെയും കടുവ കടിച്ചു കീറിയത്. 2023 -ൽ രണ്ട് പേർ. പക്ഷേ, ഈ രണ്ട് കടുവ ആക്രമണങ്ങളും വനത്തിന് പുറത്തായിരുന്നു. പുതുശ്ശേരി വെള്ളാരം കുന്ന് സ്വദേശി തോമസിനെ കടുവ ആക്രമിച്ചത് 2023 ജനുവരിയിൽ. പുല്ലരിയുമ്പോഴായിരുന്നു ആ ആക്രമണം. ഒടുവിൽ കടുവയുടെ ആക്രണത്തിൽ കൊല്ലപ്പെട്ടത് മൂടക്കൊല്ലി സ്വദേശി പ്രജീഷ്. അതും പുല്ലരിയുമ്പോള്‍. ഈ പട്ടികയിലേക്ക് മറ്റൊരു പേരും വരാതിരിക്കട്ടെ എന്ന് മാത്രം നമ്മുക്ക് ആഗ്രഹിക്കാം.
കടുവയെടുത്ത ജീവനുകൾ
2015 | ഫെബ്രുവരി 10 | നൂൽപ്പുഴ മുക്കുത്തിക്കുന്ന് സ്വദേശി ഭാസ്കരൻ |
2015 | ജൂലൈ | കുറിച്യട് വനഗ്രാമത്തിലെ ബാബുരാജ് |
2015 | നവംബർ | തോൽപ്പെട്ടി റേഞ്ചിലെ വനംവാച്ചർ കക്കേരി കോളനിയിലെ ബസവ |
2019 | ഡിസംബർ 24 | ബത്തേരി പച്ചാടി കാട്ടുനായ്ക്ക കോളനിയിലെ ജഡയൻ |
2020 | ജൂൺ 16 | പുൽപള്ളി ബസവൻ കൊല്ലി കോളനിയിലെ ശിവകുമാർ |
2023 | ജനുവരി 12 | പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് |
2023 | ഡിസംബർ 9 | വാകേരി കൂടല്ലൂർ സ്വദേശി പ്രജീഷ് |
കടുവയ്ക്ക് പിറകെ പത്തുനാൾ
പ്രജീഷിന്‍റെ സംസ്കാരം കഴിഞ്ഞ തൊട്ടടുത്ത ദിവസം മുതൽ വനംവകുപ്പ് കടുവയ്ക്ക് പിറകെ പായാൻ തുടങ്ങി. കെണിവയ്കലായിരുന്നു അതിൽ പ്രധാനം. പലയിടത്തും കൂടുകൾ വച്ചു. നോർത്തേൺ സിസിഎഫ് കെ.എസ്.ദീപയും സൌത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരീമും മൂടക്കൊല്ലിയിൽ തന്നെ ക്യാമ്പ് ചെയ്തു. മൂന്ന് കിലോമീറ്റർ ചുറ്റളവിൽ കടുവയെ തിരിച്ചറിയാനായി ക്യാമറ ട്രാപ്പുകൾ ഒരുക്കി. പക്ഷേ, ആദ്യ ദിനങ്ങളിൽ നിരാശ മാത്രം. ഒടുവില്‍ പത്ത് ദിവസമെടുത്താണ് ആളെക്കൊല്ലി കടുവയെ വനംവകുപ്പ് കൂട്ടിലാക്കിയത്. അഞ്ച് കൂടുകളിൽ കെണിയൊരുക്കിയുള്ള പരീക്ഷണമാണ് പത്താം നാൾ ഉച്ചയ്ക്ക് രണ്ട് മണിയോടെ ഫലം കണ്ടത്. കാത്തു കാത്തിരുന്ന് കൂട്ടിലായതല്ല, 'കൂടല്ലൂരിലെ ആളക്കൊല്ലി കടുവ' എന്ന് പറയാവുന്ന ഓപ്പറേഷനായിരുന്നു അത്. കടുവ പിടുത്തത്തിലെ അടവെല്ലാം ദൌത്യ സംഘം പയറ്റിയപ്പോൾ തോറ്റുപോയതാണ് വയസ്സൻ കടുവ എന്നതാണ് സത്യം. അത്രമേൽ ദുഷ്കരമായിരുന്നു ആ ദൌത്യം.
കാപ്പിത്തോട്ടവും പൊന്തക്കാടും
ഇടതൂർന്ന കാപ്പിത്തോട്ടമുള്ള മേഖലയാണ് മൂടക്കൊല്ലിയും വാകേരിയും. ഒഴിഞ്ഞയിടങ്ങളിൽ ഒരാൾപ്പൊക്കത്തിൽ പൊന്തക്കാടുകളുമുണ്ട്. മയക്കുവെടി ദൌത്യസംഘം പലകുറി തെരഞ്ഞിട്ടും ഒരിക്കൽ പോലും കടുവയ്ക്ക് നേരെ ഉന്നമൊപ്പിക്കാൻ കഴിയാത്തതിന് കാരണം ഈ ഭൂപ്രകൃതി കൂടിയായിരുന്നു. കാപ്പിമൂത്ത് പഴുത്ത കാലമായിരുന്നു അത്. കടുവ ഓപ്പറേഷൻ നടക്കുന്നതിനാൽ, പലരുടേയും കാപ്പി പറിക്കൽ പോലും വൈകിയ കാലം. മറുവശത്ത് കടുവ പിടുത്തം വൈകുന്നതിലെ നാട്ടുകാരുടെ നിരാശ. അത് പ്രതിഷേധത്തിലേക്ക് വഴിമാറാതിരിക്കാൻ 144 പ്രഖ്യാപിച്ചായിരുന്നു കടുവ ഓപ്പറേഷൻ.
സംസ്ഥാനത്തെ ഏറ്റവും മികച്ച RRT ഇറങ്ങിയിട്ടും കടുവയെ കിട്ടുന്നില്ലെന്ന പരാതി ശക്തമാകവെ, സമീപ പ്രദേശത്തെത്തിയ കടുവ വീണ്ടും വളർത്ത് മൃഗത്തെ പിടിച്ചു. പക്ഷേ, വയസ്സൻ കടുവയ്ക്ക് ഇരയെ വലിച്ചു കൊണ്ടുപോകാനുള്ള ശക്തിയുണ്ടായിരുന്നില്ല. അത്ര അവശനായിരുന്നു അവന്‍. ഒടുവില്‍ തീറ്റ ഉപേക്ഷിച്ചു പോയി. അതേ പശുവിന്‍റെ ജഡം വച്ച് കെണിയൊരുക്കിയെങ്കിലും കടുവ കൂട്ടിലായില്ല. അതിനിടയിൽ ലൈവ് ബൈറ്റ് തന്ത്രവും വനംവകുപ്പ് പയറ്റി. തുറസ്സായ സ്ഥലത്ത് ഇരയെ കെട്ടി, ഏറുമാടത്തിൽ മയക്കുവെടി സംഘം കാത്തിരുന്നു. ആ ദൌത്യവും ഫലം കണ്ടില്ല. പക്ഷേ, അവശനായ 13 കാരൻ (WWL 45) കടുവ തീറ്റ കിട്ടാതെ വലഞ്ഞപ്പോൾ, സമീപത്തെ കോഴി ഫാമിൽ വരെ കയറാൻ നോക്കി. അതും പരാജയപ്പെട്ടു.
ഗതികെട്ടൊടുവില്‍, കൂട്ടില്‍
അതിനിടയിൽ കാടതിർത്തി ഇളക്കിയുള്ള തെരച്ചിലിന് കുംങ്കി ആനകളെ തന്നെ ഇറക്കി വനംവകുപ്പ്. ഇതോടെ, ഒരിടത്തും ഇരിപ്പുറപ്പിക്കാൻ കടുവയ്ക്കായില്ല. ഭക്ഷണം കിട്ടാതെ അവശനായി അലയുന്നവന് മുന്നിലാകട്ടെ, അഞ്ചിടങ്ങളിലായി ആടിനെ വച്ച കെണിയുണ്ടായിരുന്നു. കെണിവച്ച കൂട്ടിലല്ലാതെ, മറ്റൊരിടത്തും തീറ്റയില്ലെന്ന ഗതികേടിലായി കടുവ. ഒടുവിൽ അതു തന്നെ സംഭവിച്ചു. ഗതികെട്ട കടുവ കൂട്ടിൽ കയറി തീറ്റയെടുത്തു. കോളനിക്കവലയിലെ കാപ്പിത്തോട്ടത്തിൽ വച്ച കൂട്ടിലായിരുന്നു കടുവ കുടുങ്ങിയത്. ഡിസംബർ 18 -ന് ഉച്ചയ്ക്ക് ഒന്നരയോടെയായാണ് ആ ആശ്വാസ വിവരം എത്തിയത്.
വീണ്ടും സംഘര്‍ഷം
അപ്പോഴേക്ക് മറ്റൊരു കലാപം തുടങ്ങി. കടുവയെ വെടിവച്ചു കൊല്ലണമെന്ന് നാട്ടുകാർ ആവർത്തിച്ചു. കെണിയിലായ കടുവയുമായുള്ള കോൺവോയ് നാട്ടുകാർ തടഞ്ഞു. വാഹനം പോകുന്ന വഴിയിൽ തീകൂട്ടി പ്രതിഷേധം. ഉച്ചയ്ക്ക് രണ്ട് മണിയോടെ തുടങ്ങിയ പ്രതിഷേധം രാത്രി എട്ട് മണിവരെ നീണ്ടു. തലങ്ങും വിലങ്ങും ചർച്ചകൾ. കടുവയെ മറ്റൊരിടത്തും തുറന്നു വിടില്ലെന്നും തൃശ്ശൂരിലേക്ക് മാറ്റുമ്പോൾ, നാട്ടുകാർക്ക് അനുഗമിക്കാമെന്ന ഉറപ്പിൽ പ്രതിഷേധം ഒടുവില്‍ തണുത്തു. തൃശ്ശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്കിലാണ് ഇന്ന് ആ വയസന്‍ ആളെക്കൊല്ലി കടുവയുള്ളത്.
പഠിക്കാത്ത പാഠം
ആളെക്കൊല്ലി കടുവയ്ക്ക് ശേഷവും മേഖലയിൽ കടുവകൾ വരാറുണ്ട്. ഒരു പന്നിഫാമിൽ തുടർച്ചയായി കടുവ വന്നത് വലിയ പ്രശ്നങ്ങളിലേക്ക് വഴിവച്ചിരുന്നു. മൂന്ന് ഭാഗവും വനത്താൽ ചുറ്റപ്പെട്ട ഗ്രാമമായതിനാല്‍, വന്യമൃഗശല്യം ജീവിതത്തിന്‍റെ ഭാഗമെന്ന് കരുതി ശീലമായിപ്പോയവരാണ് പലരും. പ്രജീഷിനെ കടുവ പിടിച്ചതിന് പിന്നാലെ വന്യമൃഗ പ്രതിരോധ സംവിധാനങ്ങൾ പലതും ഒരുക്കുമെന്ന് വാഗ്ദാനം ഉണ്ടായിരുന്നെങ്കിലും ഇതുവരെ ഒന്നും പൂർത്തിയായിട്ടില്ല. ടൈഗർ നെറ്റ് സ്ഥാപിക്കുമെന്ന വാക്ക് പാഴ്വാക്കായി. പൂർത്തായിക്കുമെന്ന് പറഞ്ഞ കൽമതിൽ നന്നാക്കാത്തതിനാല്‍ കൂടുതൽ പൊളിഞ്ഞു വീഴുകയാണ്. എത്ര അനുഭവിച്ചിട്ടും നമ്മള്‍ പാഠങ്ങള്‍ പഠിക്കുന്നില്ല.