ആ വൈറല്‍ ഫോട്ടോയിലെ ഗര്‍ഭിണി ഇപ്പോള്‍ അമ്മ, ഷൂട്ടിന് ഒരാഴ്ചയ്ക്കു ശേഷം പ്രസവം, ആണ്‍കുഞ്ഞ്!

വയനാട് മുട്ടില്‍ പഴശ്ശി കോളനിയിലെ ശരണ്യ എന്ന ആദിവാസി യുവതിയുടെ ചിത്രം ഇപ്പോള്‍ ലോകമെങ്ങും വൈറലാണ്. മാനന്തവാടി സ്വദേശി ആതിര ജോയ് എന്ന ഫോട്ടോഗ്രാഫറാണ് സുന്ദരമായ മെറ്റേണിറ്റി ചിത്രങ്ങള്‍ പകര്‍ത്തിയത്. 

Wayanad Tribal Girl Saranya Viral Maternity Photoshoot By Photographer Athira Joy Interview

ആളുകളോട് കൂടുതല്‍ അടുത്തിടപഴകാത്ത പ്രകൃതമായിരുന്നു ശരണ്യയുടേത്. തുറന്ന് സംസാരിക്കാനും ഫോട്ടോയ്ക്ക് പോസ് ചെയ്യാനുമൊക്കെ വലിയ നാണം. കുട്ടികളോട് പറയുന്നപോലെ 'മോളെ ചേച്ചി മേക്കപ്പൊക്കെ ചെയ്ത് സുന്ദരിയാക്കാം' എന്നൊക്കെ പറഞ്ഞാണ് ശരണ്യയെ ഷൂട്ടിനായി ഒരുക്കിയത്.

നിറവയറിനുള്ളിലെ കുഞ്ഞുജീവനെ പൊതിഞ്ഞ് പിടിച്ച് നിഷ്‌കളങ്കമായ ചിരിയോടെ മലയാളികളുടെ മനംകവര്‍ന്നവള്‍. വയനാട് മുട്ടില്‍ പഴശ്ശി കോളനിയിലെ ശരണ്യ എന്ന ആദിവാസി യുവതിയുടെ ചിത്രം ഇപ്പോള്‍ ലോകമെങ്ങും വൈറലാണ്. മാനന്തവാടി സ്വദേശി ആതിര ജോയ് എന്ന ഫോട്ടോഗ്രാഫറാണ് ശരണ്യയുടെയും ഭര്‍ത്താവ് അനീഷിന്റെയും മെറ്റേണിറ്റി ചിത്രങ്ങള്‍ പകര്‍ത്തിയത്. ആ ചിത്രങ്ങള്‍ ഇരുകൈകളും നീട്ടിയാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തത്.

മെറ്റേണിറ്റി ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായെങ്കിലും, പ്രസവത്തിന്റെ തിരക്കുകളിലായിരുന്നു ശരണ്യ അപ്പോള്‍. ഷൂട്ട് കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ശരണ്യ പ്രസവിച്ചു, ആണ്‍കുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി, ചിത്രങ്ങള്‍ പകര്‍ത്തിയ ആതിര പറയുന്നു. ഗോത്രവിഭാഗമായ പണിയ ഊരില്‍ നിന്നാണ് ആതിര ആ ചിത്രങ്ങള്‍ കണ്ടെത്തിയത്. ശരണ്യയുടെയും ഭര്‍ത്താവ് അനീഷിന്റെയും ഫോട്ടോഷൂട്ട് സവിശേഷമായ അനുഭവമായിരുന്നുവെന്ന് ആതിര ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.  

ആ നിറചിരിയുടെ രഹസ്യം

നിറഞ്ഞ, തെളിഞ്ഞ ചിരി. അതാണ്, അതിവേഗം ആ ചിത്രങ്ങള്‍ വൈറലാക്കിയത്. മനോഹരമായ കളര്‍ പാറ്റേണും, സൂര്യവെളിച്ചവും ആ ചിത്രങ്ങളെ ഹൃദയം കവരുന്ന അനുഭവമാക്കി.  ആ സുന്ദര ചിത്രങ്ങള്‍ പിറന്നതിനെ കുറിച്ച് ആതിരയ്ക്ക് പറയാന്‍ ഏറെയുണ്ട്.

മുട്ടില്‍ പഴശ്ശി കോളനിയിലാണ് ശരണ്യയും അനീഷും താമസിക്കുന്നത്. കൂലിപ്പണിക്കാരനാണ് അനീഷ്. ഇവര്‍ക്ക് ഒരു വയസുള്ള ഒരു ആണ്‍കുട്ടിയുണ്ട്. അവര്‍ക്കിടയിലേക്ക് വരാനൊരുങ്ങുന്ന പുതിയ അതിഥിയെ വരവേല്‍ക്കുന്ന ചിത്രങ്ങളായിരുന്നു ആതിര പകര്‍ത്തിയത്.

Wayanad Tribal Girl Saranya Viral Maternity Photoshoot By Photographer Athira Joy Interview

''ചെറിയൊരു ലോകമാണ് ശരണ്യയുടേത്. ഫോട്ടോഷൂട്ടോ നവജാതശിശുവിനെ ഫോട്ടോകളിലൂടെ വരവേല്‍ക്കുന്നതോ ഒന്നും അവളുടെ സങ്കല്‍പ്പത്തിലേ ഇല്ലായിരുന്നു. അവളുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് പകര്‍ത്തുക എന്നത് അത്ര സന്തോഷകരമായിരുന്നു. ഫോട്ടോഷൂട്ടിന് വരുമ്പോള്‍ എന്താണ് കഴിക്കാന്‍ കൊണ്ടുവരേണ്ടത് എന്ന് ചോദിച്ചപ്പോള്‍ ചോറും സാമ്പാറും മതിയെന്നായിരുന്നു ശരണ്യയുടെ മറുപടി''-ശരണ്യയുടെ ഫോട്ടോ ഷൂട്ടിനെക്കുറിച്ച് ആതിര പറയുന്നു.

''അനിയത്തിയാണ് ട്രൈബല്‍ പ്രൊമോട്ടര്‍മാരോട് സംസാരിച്ച് ഗര്‍ഭിണികളായ യുവതികളുടെ ഫോട്ടോ അയച്ച് തന്നത്. അതില്‍ നിന്നാണ് ശരണ്യയെ കണ്ടെത്തിയത്. ശരണ്യയുടെ വീട്ടിലെത്തി കാര്യം അവതരിപ്പിച്ചപ്പോള്‍ അവര്‍ക്ക് എതിര്‍പ്പില്ലായിരുന്നു. പക്ഷേ വിചാരിച്ചത്ര എളുപ്പമായിരുന്നില്ല കാര്യങ്ങള്‍'-ആതിര പറഞ്ഞു.

''മെറ്റേണിറ്റി ഫോട്ടോഷൂട്ട് എന്താണെന്ന് പോലും ശരണ്യയ്ക്കും കുടുംബത്തിനും ധാരണയില്ലായിരുന്നു. നേരത്തെ എടുത്ത മെറ്റേണിറ്റി ഫോട്ടോകള്‍ കാണിച്ചാണ് ശരണ്യയെ ഷൂട്ടിന് ഒരുക്കിയത്. ആളുകളോട് കൂടുതല്‍ അടുത്തിടപഴകാത്ത പ്രകൃതമായിരുന്നു ശരണ്യയുടേത്. തുറന്ന് സംസാരിക്കാനും ഫോട്ടോയ്ക്ക് പോസ് ചെയ്യാനുമൊക്കെ വലിയ നാണം. കുട്ടികളോട് പറയുന്നപോലെ 'മോളെ ചേച്ചി മേക്കപ്പൊക്കെ ചെയ്ത് സുന്ദരിയാക്കാം' എന്നൊക്കെ പറഞ്ഞാണ് ശരണ്യയെ ഷൂട്ടിനായി ഒരുക്കിയത്. ശരണ്യയുടെ ചുറ്റും നിന്ന് തമാശയൊക്കെ പറഞ്ഞ് ചിരിപ്പിച്ചാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.''

Wayanad Tribal Girl Saranya Viral Maternity Photoshoot By Photographer Athira Joy Interview

പ്രസവത്തിന്റെ ഒരാഴ്ച മുമ്പായിരുന്നു ഫോട്ടോഷൂട്ട്. ശരണ്യയുടെ വീടിന് സമീപത്ത് തന്നെ ആയിരുന്നു അത്. ട്രൈബല്‍ ഓഫീസില്‍ നിന്ന് അനുവാദം വാങ്ങിയിരുന്നു. മൂന്ന് മണിക്കൂര്‍ നേരമാണ് അവര്‍ അനുവദിച്ചിരുന്നത്. എടുത്ത ഫോട്ടോകള്‍ കണ്ടപ്പോള്‍ ശരണ്യയെക്കാള്‍ സര്‍പ്രൈസായത് ഊരിലുള്ളവരാണെന്നും ആതിര പറയുന്നു.

ഫോട്ടോകളുടെ രാഷ്ട്രീയം, നിലപാട്

മാനന്തവാടി പെരുവക സ്വദേശിയായ ആതിര ജോയ് ഇതിന് മുമ്പും വ്യത്യസ്തമായ പല പ്രമേയങ്ങളില്‍ ഫോട്ടോഷൂട്ടുകള്‍ ചെയ്തിട്ടുണ്ട്. നേരത്തെ ചെയ്ത ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ടും നടി രജനി ചാണ്ടിയുടെ മോഡേണ്‍ ലുക്കിലുള്ള ഫോട്ടോഷൂട്ടും വൈറലായിരുന്നു. ലെസ്ബിയന്‍ തീമില്‍ രണ്ട് ട്രാന്‍സ്‌ജെന്‍ഡറുകളെ ഉള്‍പ്പെടുത്തി ചെയ്ത ഫോട്ടോഷൂട്ടും ഏറെ ശ്രദ്ധ നേടിയിരുന്നു.

എട്ട് വര്‍ഷത്തോളമായി ആതിര പ്രൊഫഷണല്‍ ഫോട്ടോഗ്രാഫി രംഗത്തുണ്ട്. കരിയറിലെ ചെറിയൊരു ബ്രേക്കിന് ശേഷമുള്ള തിരിച്ചുവരവായിരുന്നു ഈ വൈറല്‍ ഫോട്ടോഷൂട്ട്. ''മറ്റുള്ളവര്‍ ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായി പുതുമയുള്ള ആശയങ്ങള്‍ ഫോട്ടോഷൂട്ടില്‍ കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. രാഷ്ട്രീയവും കാഴ്ചപ്പാടും ഫോട്ടോകളിലൂടെ പങ്കുവെയ്ക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്''-ആതിര പറയുന്നു.

പൂര്‍ണമായി പിന്തുണയ്ക്കുന്ന കുടുംബമാണ് തന്റെ ശക്തിയെന്ന് ആതിര പറയുന്നു. വ്യത്യസ്തമായ ഒത്തിരി ആശയങ്ങള്‍ മനസിലുണ്ടെന്നും ഫോട്ടോഷൂട്ടിലൂടെ സമൂഹത്തിലും മാറ്റങ്ങള്‍ സൃഷ്ടിക്കാനാണ് ആഗ്രഹമെന്നും ആതിര പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios