കാടിന്‍റെ ആവാസ വ്യവസ്ഥയെ പുനഃക്രമീകരിക്കാന്‍ 'കഴുകന്‍ റെസ്റ്റോറന്‍റു'കള്‍
സൂക്ഷ്മാണു മുതല്‍ കരയിലെ ഏറ്റവും വലിയ ജീവിയായ ആനയ്ക്ക് വരെ സുഖമമായി ജീവിക്കാനുള്ള ആവാസവ്യവസ്ഥ ഒരുക്കുമ്പോഴാണ് ഓരോ വനത്തിലെയും ആവാസ വ്യവസ്ഥ സജീവമാകുന്നത്..
വനസംരക്ഷണം എന്ന് പറഞ്ഞാൽ വന്യജീവി സംരക്ഷണം കൂടിയാണ്. സങ്കീര്‍ണ്ണമായ ആ ആവാസ വ്യവസ്ഥയിലെ ഓരോ കണ്ണിയും പ്രത്യേകം പരിപാലിക്കപ്പെടണം. എങ്കില്‍ മാത്രമാണ് വനസംരക്ഷണം അതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കൂ. ഓരോ കണ്ണിയുമെന്ന് പറയുമ്പോള്‍ സൂക്ഷ്മാണു മുതല്‍ കരയിലെ ഏറ്റവും വലിയ ജീവിയായ ആനയ്ക്ക് വരെ സുഖമമായി ജീവിക്കാനുള്ള ആവാസവ്യവസ്ഥ ഒരുക്കേണ്ടതുണ്ട്. ഇവയെല്ലാം തന്നെ ആവാസവ്യവസ്ഥയില്‍ പരസ്പരം ബന്ധപ്പെടുന്ന കണ്ണികളാണെന്നത് തന്നെ കാര്യം. ഈ കണ്ണികളിലെ പ്രധാനപ്പെട്ട ഒന്നാണ് കഴുകന്മാര്‍. കാടകങ്ങളില്‍ മരിച്ച് വീഴുന്ന മൃഗങ്ങളെയും മറ്റ് മൃഗങ്ങള്‍ ഭക്ഷിച്ച് ബാക്കിയാക്കപ്പെടുന്ന മാംസവും അഴുകാന്‍ വിടാതെ തിന്ന് തീര്‍ക്കുന്നതില്‍ കഴുകന്മാര്‍ക്കുള്ള പങ്ക് വലുതാണ്. ഇതിനായി അവയെ സഹായിക്കാനാണ് ഉള്‍ക്കാടുകളില്‍ കഴുകന്മാര്‍ക്കായി റെസ്റ്റോറന്‍റുകള്‍ ഒരുങ്ങിയത്.
ഒരു കാലത്ത് കേരളത്തില്‍ വയനാട്ടിലും വളപട്ടണം പുഴയുടെ തീരത്തും കഴുകന്മാരെ കണ്ടിരുന്നതായി മലബാര്‍ മാന്വലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇന്ന് കേരളത്തിലെ നഗര ഗ്രാമങ്ങളില്‍ കഴുകന്മാരെ കാണാന്‍ കഴിയില്ല. അവയുടെ എണ്ണത്തിലുണ്ടായ കുറവാണ് കാരണം. അതേസമയം അടുത്ത കാലത്തായി കേരളത്തില്‍ കഴുകന്മാരുടെ എണ്ണം കൂടിയതായി വനം വകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിന് സഹായിച്ചതാകട്ടെ കഴുകന്‍ റെസ്റ്റോറന്‍റുകളും.
എന്താണ് കഴുകന്‍ റെസ്റ്റോറന്‍റ്?
നേരത്തെ വന്യമൃഗങ്ങൾ ചത്താൽ കത്തിച്ച് കളയുകയോ, കുഴിച്ചിടുകയോ ആയിരുന്നു വനം വകുപ്പ് ചെയ്തിരുന്നത്. ഇത് കാടകം വൃത്തിയാക്കിയിരുന്ന കഴുകന്മാരുടെ നിലനില്‍പ്പിനെ സാരമായി ബാധിച്ചു. പിന്നാലെയാണ് കഴുകൻ റെസ്റ്റോറന്‍റ് എന്ന ആശയം മുന്നോട്ട് വന്നത്. റെസ്റ്റോറന്‍റ് എന്ന് കേള്‍ക്കുമ്പോള്‍ നഗരങ്ങളിലെ റെസ്റ്റോറന്‍റുകളെ ഓർമ്മ വരുന്നെങ്കില്‍ തെറ്റി. അത്തരം റെസ്റ്റോറന്‍റുകളുമായി ഒരു സാമ്യവും കഴുകന്‍ റെസ്റ്റോറന്‍റുകള്‍ക്കില്ല (Vulture restaurant). കഴുകന്മാർക്ക് തീറ്റയെത്തിക്കുന്ന ഉൾക്കാട്ടിലെ ഒഴിയിടങ്ങളുടെ പേരാണത്.
വാഹനാപകടത്തിലോ അല്ലാതെയോ ജീവൻ പോകുന്ന മൃഗങ്ങളെ സംസ്കരിക്കാതെ കഴുകന്മാർക്ക് തീറ്റയായി കൊണ്ടിടും. കഴുകന്മാർ ഒരുപാട് ദൂരത്തില്‍ പറക്കും. ഒരു കിലോമീറ്റർ ഉയരത്തിൽ നിന്നുവരെ അവയ്ക്ക് തെളിമയുള്ള കാഴ്ച കിട്ടും. ഒഴിയിടങ്ങളില്‍ കിടക്കുന്ന മാസം കണ്ടാൽ കൂട്ടത്തോടെയെത്തി അവ നിമിഷ നേരം കൊണ്ട് തിന്നുതീർക്കും. ഇത്തരം ഇടങ്ങളുടെ പേരാണ് 'കഴുകൻ റെസ്റ്റോറന്‍റ്'.
ഇന്ന് വയനാട്ടിലേയും കർണ്ണാടകയിലെയും തമിഴ്നാട്ടിലെയും കാടുകളിൽ ഇതേപോലെ നിരവധി റെസ്റ്റോറന്‍റുകളുണ്ട്. കേരളത്തില്‍ മുത്തങ്ങയ്ക്ക് അടുത്തുള്ള കാക്കപ്പാടം, ബന്ദിപ്പൂർ, മുതുല സങ്കേതങ്ങിൽ ഇത്തരം പ്രത്യേക സ്ഥലങ്ങള്‍ കഴുകന്മാര്‍ക്കായി മാറ്റിവച്ചിട്ടുണ്ട്. കഴുകന്‍ റെസ്റ്റോറന്‍റ് പദ്ധതി വിജയിച്ചതോടെ നീലഗിരി ബയോസ്ഫിയറിൽ കഴുകന്മാരുടെ എണ്ണം കൂടി. പക്ഷേ ഈ റെസ്റ്റോറന്‍റിലും എല്ലാ മൃഗങ്ങളുടെയും മൃതദേഹാവശിഷ്ടം 'വിളമ്പാന്‍' പാടില്ല. പ്രത്യേകിച്ചും വെറ്റിനറി മരുന്ന് ഉപയോഗിച്ച മൃഗങ്ങളുടെ മാസം ഇവിടെ വിളമ്പരുത്.
കടുവ ഉൾപ്പെട്ട മൃഗങ്ങൾ തിന്ന് ഉപേക്ഷിക്കുന്ന മൃഗങ്ങളെ കൂടി ഭക്ഷണമായി കിട്ടിയതോടെ കഴുകന്മാർക്ക് നീലഗിരി ബയോസ്ഫിയറിൽ സമൃദ്ധിയുടെ കാലമാണ്. നിലവില്‍ കേരള, കര്‍ണ്ണാടക തമിഴ്നാട് അതിര്‍ത്തിയിലെ നിലഗിരി ബയോസ്ഫിയറിൽ 320 ഓളം കഴുകന്മാർ ഉണ്ടെന്നാണ് വിവരം. വയനാട്ടിൽ 150 ഓളം ഉണ്ടെന്നാണ് വനം വകുപ്പിന്‍റെ ഒടുവിലെ കണക്കുകള്‍ പറയുന്നു.
ഭക്ഷണത്തിന്‍റെ അപര്യാപ്തത, മനുഷ്യന്‍റെ സാമീപ്യം എന്നിവ മൂലം കഴുകൻമാർക്ക് ജീവഹാനി ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കുകയാണ് കഴുകൻ റെസ്റ്റോറന്‍റുകളുടെ പ്രഥമ ലക്ഷ്യം. എന്നാൽ, വെറ്റിനറി മരുന്നുകളുപയോഗിച്ച മൃഗങ്ങളുടെ ജഡം കഴുകന്മാർ കഴിക്കുന്നത് പലപ്രശ്നങ്ങൾ ഉണ്ടാക്കും. ഇത്തരം മാംസം കഴിക്കുന്നതോടെ പ്രത്യേകിച്ചും അവയുടെ ആരോഗ്യം മോശമാവുകയും ജീവന്‍ തന്നെ അപകടത്തിലാവുകയും ചെയ്യുന്നു. ഇതെല്ലാം ഒഴിവാക്കുന്നതാണ് പുതിയ ക്രമീകരണം. ആരോഗ്യമുള്ള കാടിന്‍റെ അടയാളമായി കഴുകന്മാരെത്തുന്നത് ശുഭസൂചനയായാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.