മദപ്പാടുള്ള ആനകളെ എഴുന്നള്ളിക്കുമ്പോള്‍ അപകടത്തിലാവുന്നത് ഈ ജീവിതങ്ങള്‍ കൂടിയാണ്..

ഒട്ടും എളുപ്പമുള്ള ഒരു പണിയായിരുന്നില്ല അത്. ഉച്ചക്ക് 12 മണിക്ക് തുടങ്ങിയ ഉദ്യമം പിറ്റേന്ന് വെളുപ്പിന് 5 മണി വരെ നീണ്ടു അത്. മദപ്പാടിലുള്ള ആനയെ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി അതിന്റെ തൊട്ടടുത്ത് ചെന്നുനിന്ന് ചികിത്സിക്കുന്ന ഡോക്ടർമാർ. സുരക്ഷിതമായ അകലത്തിൽ മാറി നിന്നു ഡോക്ടർമാരെ നിർത്താതെ ചീത്തവിളിക്കുന്ന ആനപ്രേമികൾ.
 

veterinary doctor kiran dev explains risks of sending notorious elephants

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ഗജവീരനെ ചുറ്റിപ്പറ്റിയുള്ള ഒരുപാട് വിവാദങ്ങൾ പലയിടത്തായി കണ്ടു. രാമചന്ദ്രൻ നടുക്കുനിന്ന് നയിച്ചില്ലെങ്കിൽ പൂരത്തിന്റെ എഴുന്നള്ളത്തിന് മാറ്റ് കുറഞ്ഞുപോവുമെന്നുള്ള ആനപ്രേമികളുടെ വാദം കേട്ടു. രാമചന്ദ്രൻ അക്രമാസക്തനാണെന്നും ഇപ്പോൾ എഴുന്നള്ളത്തിനു കൊണ്ടുപോയാൽ അത് അപകടകരമാണ് എന്നുമുള്ള വിദഗ്ധോപദേശം മാനിച്ച് അനുമതി നിഷേധിച്ചു കൊണ്ടുള്ള കളക്ടർ അനുപമയുടെ ആനപിടിച്ചാലും ഇളകാത്ത നിലപാടും കണ്ടു.

veterinary doctor kiran dev explains risks of sending notorious elephants

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കാര്യത്തിൽ എന്തായാലും നേരിട്ട് അറിയില്ല എങ്കിലും കാര്യങ്ങള് വ്യത്യസ്തം ആവാൻ തരമില്ല. പ്രശസ്തിയിൽ അവനോളം വരില്ലെങ്കിലും ഒട്ടും പിന്നിലല്ലാത്ത മറ്റൊരു ആനയുണ്ട്, ഏവൂർ ശ്രീകൃഷ്ണസ്വാമിയുടെ സർവസ്വമായ സാക്ഷാൽ ഏവൂർ കണ്ണൻ. അവനെപ്പറ്റി ചിലത്, അവനെ നേരിട്ട് പരിചരിച്ച ഒരു വെറ്ററിനറി ഡോക്ടറെന്ന നിലയിൽ എനിക്ക് പറയാനുണ്ട്.

അവനുമായി സംസർഗം വേണ്ടിവരുന്നത്,

2013-ൽ ആണ്. ആദ്യപരിശോധനയിൽത്തന്നെ മദപ്പാടിന്റെ വ്യക്തമായ ലക്ഷണങ്ങൾ കണ്ടതിന്റെ പേരിൽ ഒരു കാരണവശാലും ആനയെ ഉത്സവത്തിന് എഴുന്നള്ളിക്കരുത് എന്ന 'വിദഗ്ധോപദേശം' നൽകി തിരിച്ചു പോന്നതാണ് വെറ്ററിനറി ഡോക്ടർമാരായ ഞങ്ങൾ. ആരോട് പറയാൻ..! ആര് കേൾക്കാൻ..! മദപ്പാടിൽ നിൽക്കുന്ന ആ സാധുവിനെ നിർബന്ധിച്ച് അമ്പലപ്പുഴയിലെ ഉത്സവത്തിന് എഴുന്നള്ളിച്ച് കൊണ്ടുവന്നു. എഴുന്നള്ളത്തിനിടെ എന്തോ പ്രകോപനമുണ്ടായി അവൻ പാപ്പാനെ കുത്തിക്കൊന്നു.

അത്രയും കാലം ചിത്രം പ്രദർശിപ്പിച്ചും, വാലിലെ രോമത്തിൽ മോതിരം കെട്ടിയും, ധൈര്യമുണ്ടാവാൻ കുഞ്ഞുങ്ങളെ കാലിനിടയിലൂടെ നൂഴിച്ചുമൊക്കെ കൊണ്ടുനടന്ന ആ ഗജവീരൻ രണ്ടാം പാപ്പാനെ കുത്തിക്കൊന്ന ശേഷം തുടർച്ചയായി ഒരാഴ്ചക്കാലമാണ് അവിടെ ചങ്ങലയിൽ പലവിധ ശിക്ഷകൾക്കും പീഡനങ്ങൾക്കും വിധേയനായത്. ഇതെല്ലാം കഴിഞ്ഞിട്ടും അവനെ മെരുക്കി നിർത്താൻ കഴിയാതെ വന്നപ്പോൾ, അവസാനം ഉത്സവത്തിന്റെ പത്താം നാളാണ് ഞങ്ങൾ വെറ്ററിനറി ഡോക്ടർമാരെ ഈ വിവരം ഔദ്യോഗികമായി അറിയിക്കുന്നത്. അതും, തിരികെ കൊണ്ടുവരാൻ ഞങ്ങളുടെ സഹായമില്ലാതെ പറ്റില്ല എന്നുവന്നതുകൊണ്ടുമാത്രം.

ആനയെ എങ്ങനെയും ചെറിയൊരു സെഡേഷൻ കൊടുത്ത് ലോറിയിൽ കയറ്റി തിരികെ ഏവൂർക്ക് പറഞ്ഞയക്കുക എന്ന ഈ ദുഷ്കര ദൗത്യത്തിന് നിയോഗിക്കപ്പെട്ടവരോ ഡോ.ഉണ്ണികൃഷ്ണൻ, ഡോ. ഗോപകുമാർ, അന്ന് ഇന്റേൺഷിപ്പ് ട്രെയിനി ആയിരുന്ന ഞാൻ  എന്നിവർ അടങ്ങിയ പരിചയസമ്പന്നരായ വെറ്ററിനറി ഡോക്ടർമാരുടെ ഒരു സംഘവും. എന്തെങ്കിലും അപ്രിയം പറഞ്ഞാൽ ഞങ്ങളെ തല്ലാൻ മടൽ വെട്ടി വെച്ചിരുന്നു ഏവൂരിലെ ആനപ്രേമിസംഘം. ചെന്നപാടേ തെറിയഭിഷേകമായിരുന്നു. കാര്യങ്ങളുടെ നിയന്ത്രണം പ്രദേശത്തെ പോലീസിന്റെയോ അല്ലെങ്കിൽ പ്രാദേശിക അതോറിറ്റികളുടെയോ ഒന്നും കയ്യിലായിരുന്നില്ല. പകരം, ആനപ്രേമികളുടെ ഒരു സംഘമായിരുന്നു അവിടെ എല്ലാം നിയന്ത്രിച്ചുകൊണ്ടിരുന്നത്.

ഒട്ടും എളുപ്പമുള്ള ഒരു പണിയായിരുന്നില്ല അത്. ഉച്ചക്ക് 12 മണിക്ക് തുടങ്ങിയ ഉദ്യമം പിറ്റേന്ന് വെളുപ്പിന് 5 മണി വരെ നീണ്ടു അത്. മദപ്പാടിലുള്ള ആനയെ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി അതിന്റെ തൊട്ടടുത്ത് ചെന്നുനിന്ന് ചികിത്സിക്കുന്ന ഡോക്ടർമാർ. സുരക്ഷിതമായ അകലത്തിൽ മാറി നിന്നു കൊണ്ട് ഡോക്ടർമാരെ നിർത്താതെ ചീത്തവിളിക്കുന്ന ആനപ്രേമികൾ.

ഇതേ കണ്ണൻ രണ്ടാം പാപ്പാനെ കൊന്ന ശേഷമുള്ള ഒരാഴ്ച ഒരാളും തിരിഞ്ഞു പോലും നോക്കാൻ ഇല്ലാതെ അവിടെ മദപ്പാടിൽ കിടക്കുകയായിരുന്നു. അമ്പലമുറ്റത്തെ ഇരുട്ടിൽ, വൃണത്തിൽ പുഴുവരിച്ച അവസ്ഥയിൽ ആ പാവം ആന അവിടെ ഒരേ നിൽപ്പുനിന്നു. എഴുന്നള്ളിച്ച് കൊണ്ടുവന്നവരുടെ മേൽ ആരും പഴിചാരിയില്ല. അത്രയും ദിവസം മൃതപ്രായനായി അവിടെ കിടന്നിട്ടും അതിനെ തിരിഞ്ഞ് നോക്കാതിരുന്ന അമ്പലക്കമ്മിറ്റിക്കാരെയും ആരും ഒന്നും പറഞ്ഞില്ല. ആവേശം മൂത്തുനിന്നിരുന്ന ആനപ്രേമികൾക്കും ഏവൂർ കണ്ണൻ ഫാൻസിനും എല്ലാം അവരുടെ ദേഷ്യം പ്രകടിപ്പിക്കാനുണ്ടായിരുന്നത് അതിനെ ചികിത്സിക്കാൻ വന്ന ഡോക്ടർമാരുടെ നെഞ്ചത്ത് മാത്രം. തൽക്കാലം ആനപ്രേമികൾക്ക്‌ പഴിചാരാൻ ആരെങ്കിലും മതി. ഡോക്ടർ എങ്കിൽ ഡോക്ടർ.. 

അവരുടെ ആനപ്രേമവും ആവേശവും ആരുടെ എങ്കിലും നേർക്ക് പ്രകടിപ്പിക്കണം,  അത്രമാത്രം. ഇന്നിപ്പോൾ തൃശൂർ കളക്ടർക്ക് നേരെയുള്ള ആവേശം മൂത്ത പ്രകടനങ്ങളും മറ്റൊന്നല്ല. രാമചന്ദ്രനെ എഴുന്നള്ളിക്കാൻ അനുവദിക്കാത്ത മറ്റേതൊരു അധികാരിയുടെയും നേർക്കും വരിക അതേ വികാരമാണ്. ഗജരാജ പ്രമുഖനായ ഏവൂർ കണ്ണന്റെ 'കുറുമ്പി'ന് ഇരയായി അന്ന് പൊലിഞ്ഞത് രണ്ടാം പാപ്പാനായിരുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ്. അന്നത്തെ അവന്റെ പരാക്രമത്തിൽ വഴിയാധാരമായത് അയാളെ ആശ്രയിച്ചു കഴിഞ്ഞുപോന്നിരുന്ന ഒരു കുടുംബമാണ്. അന്ന് അതിനുശേഷം സെഡേഷൻ നൽകി അവനെ തളച്ച് വാഹനത്തിൽ കയറ്റാൻ വന്ന ഞങ്ങളുടെ കൂട്ടത്തിലെ  വെറ്ററിനറി ഡോക്ടർ സുഹൃത്ത് ഡോ.ഗോപകുമാറിനെ നിങ്ങൾ കയ്യേറ്റം ചെയ്യുകവരെ ചെയ്തു.

ഇതേ ഗോപകുമാർ ഡോക്ടർക്ക് രണ്ടുകൊല്ലം കഴിഞ്ഞ് മല്ലപ്പള്ളിയിലെ വായ്പൂർ അമ്പലത്തിലെ ഉത്സവത്തിനിടെ മദപ്പാടിലായ ഗംഗാധരൻ എന്ന മറ്റൊരു ആനയെ തളക്കാൻ പോവേണ്ടി വന്നു. മദപ്പാടിലുള്ള ആ ആനയെയും മയക്കുവെടി വെക്കാൻ ഡോ. ഗോപകുമാറിന് സ്വന്തം ജീവൻ പണയപ്പെടുത്തി ചെന്നുനിൽക്കേണ്ടി വന്നു. വളരെ കഷ്ടപ്പെട്ട് ഡോക്ടർ ഒരുവിധം ആനയെ മയക്കു വെടി വെച്ചു. അതിനിടെ ചുറ്റിനും ആവേശകമ്മിറ്റി കൂടി വളഞ്ഞു നിന്നിരുന്ന ആനപ്രേമികൾ കല്ലെടുത്ത് ആനയെ എറിഞ്ഞു. അതോടെ ആന ഡോക്ടർക്കുനേരെ തിരിഞ്ഞു. ആന കൊമ്പുകുലുക്കി ഓടിവരുന്നതുകണ്ട്‌ പിന്തിരിഞ്ഞോടിയ ഡോക്ടർ ഒരു കയ്യാലയിൽ തട്ടി വഴിയിൽ വീണുപോവുകയായിരുന്നു. പിറകെ വന്ന ആനയുടെ ചവിട്ടിൽ അദ്ദേഹത്തിന്റെ വാരിയെല്ലുകൾ തകർന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം തൽക്ഷണം മരിച്ചുപോയി.

അദ്ദേഹത്തിന്റെ കുഞ്ഞു മകൾക്ക് അന്നവളുടെ സ്നേഹനിധിയായ അച്ഛനെ നഷ്ടമായി. അദ്ദേഹത്തിന്റെ ഭാര്യയുടെ ജീവിതത്തിലെ വെളിച്ചമാണ് അന്നവിടെ വെച്ച് അണഞ്ഞുപോയത്. ഞങ്ങൾക്ക് നഷ്ടപ്പെട്ടത് പരിണിതപ്രജ്ഞനായൊരു സഹപ്രവർത്തകനെയും.

മദപ്പാടിൽ ഇരുന്ന ആ ആനയെ, കൊണ്ടുപോവരുത് എന്ന് ഡോക്ടർമാർ കൃത്യമായി വിലക്കിയിട്ടും അത് ചെവിക്കൊളളാതെ, അന്ന് എഴുന്നെള്ളിപ്പിന് നിർബന്ധിച്ചു വിളിച്ചു കൊണ്ടുപോയ ആനപ്രേമികൾക്കുമാത്രമാണ് ഒന്നും നഷ്ടമാവാതിരുന്നത്..!

Latest Videos
Follow Us:
Download App:
  • android
  • ios