30 ഏക്കര്‍ തോട്ടം, പതിനേഴ് ലക്ഷം ചെടികള്‍, കശ്മീരിന് ചായമടിച്ച് ട്യുലിപ് വസന്തം!

'കാലം എന്നും നമ്മെ അത്ഭുതപ്പെടുത്തും. എത്ര ചെറിയ മോഹങ്ങള്‍, നിരാശകള്‍... എല്ലാം നമ്മുടെ തലച്ചോറിലെവിടെയോ കുറിച്ച് വച്ചവ...  പിന്നീട് നമ്മള്‍ പോലും അറിയാതെ ആ ആശകളിലൂടെ നിരാശകളെ മറികടന്ന് യാത്ര ചെയ്യുമ്പോള്‍, കാലം നമുക്ക് മുന്നില്‍ ട്യുലിപ് പൂക്കളെ പോലെ ഒരു പൂക്കാലം തന്നെ തന്ന് മടക്കും.... '  പ്രശസ്ത ഫോട്ടോഗ്രാഫര്‍ സി ആര്‍ പുഷ്പ എഴുതിയ ഇന്ത്യയിലെ ഏക ട്യുലിപ് ഉദ്യാനമായ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്യുലിപ് ഗാർഡന്‍ സന്ദർശനാനുഭവം.

travel story of the tulip spring in Kashmir by C R pusha

സന്തം കശ്മീരിനോട് ചെയ്യുന്നതറിഞ്ഞാല്‍ ഏത് ‘ദൈവത്തിന്‍റെ നാടും‘ നാണിച്ചു പോകാതിരിക്കില്ല. നീണ്ട മഞ്ഞുകാലത്തിന്‍റെ ആലസ്യം വിട്ടുണരുന്ന കശ്മീര്‍ താഴ്വര പൂക്കളുടെ ആഘോഷത്തിലേക്കാണ് മിഴിതുറക്കുന്നത്. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലാണ് ആ വസന്തകാലം. അതിന്‍റെ മധ്യത്തിൽ  ഏപ്രില്‍ നാലിനാണ് ഞാനും സുഹൃത്തും കശ്മീരിലേക്ക് യാത്ര പ്ലാന്‍ ചെയ്യുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ട്യുലിപ് ഗാര്‍ഡന്‍ സഞ്ചാരികള്‍ക്കായി തുറന്നിരിക്കുന്നു എന്ന വാർത്തയാണ് അപ്രതീക്ഷിതമായ ആ യാത്രയ്ക്ക് വഴിയൊരുക്കിയത്. ആപ്പിള്‍ മുതല്‍ കുങ്കുമം വരെയും കടുക്‌  മുതല്‍ ട്യുലിപ് വരെയുമുള്ള സകല ചെടികളിലും പൂക്കള്‍ നിറയുന്ന കശ്മീര്‍ വസന്തം. 

travel story of the tulip spring in Kashmir by C R pusha

ശ്രീനഗറിലെ സബര്‍വന്‍ മലയുടെ അടിവാരത്തില്‍, ലോകപ്രശസ്തമായ ദാല്‍ തടാകത്തിന്‍റെ കരയിലാണ് ഏതാണ്ട് 30 ഏക്കറോളം വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന, 'ഇന്ത്യയിലെ ഏക ട്യുലിപ് ഉദ്യാനം' എന്ന പദവി സ്വന്തമായുള്ള ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്യുലിപ് ഗാർഡന്‍.  ഈ വർഷം മാർച്ച്‌ 23 മുതൽ ഏപ്രിൽ 20 വരെ മാത്രമാണ് ഈ വസന്തോത്സവത്തിന്‍റെ ദൈർഘ്യം. തട്ടുതട്ടുകളായി തിരിച്ചിരിക്കുന്ന ഉദ്യാനത്തില്‍ നിരവധി വർണ്ണങ്ങളില്‍ ട്യുലിപ് പൂക്കള്‍ മാത്രമല്ല, ഡാഫോഡില്‍സ് പോലെയുള്ള വേറെയും പൂക്കളുണ്ട്. നിറങ്ങളെ അതിന്‍റെ തനതു തീവ്രതയില്‍ കാണാന്‍ ഇവിടെ തന്നെ വരണം. നമുക്ക് കണ്ട് പരിചയമുള്ള ചെടികളും പൂക്കളും പോലും നിറത്തിലും വലുപ്പത്തിലും നമ്മെ അതിശയിപ്പിക്കുന്നു. അതെ, ഹിമവാന്‍റെ മഞ്ഞിൽ വിരിഞ്ഞ പൂക്കള്‍ക്ക് പ്രത്യേക ചന്തമാണ്. 

ട്യുലിപ് പൂക്കള്‍ കാണുക എന്ന ഒറ്റ ഉദ്ദേശത്തിലായിരുന്നു ഞങ്ങളുടെ യാത്ര. ഒരു രാത്രി ദാല്‍ തടാകത്തിലെ കാറ്റേറ്റ് ഹൌസ്ബോട്ടില്‍ താമസിച്ച്, പിറ്റേന്ന് ഉച്ചയോടെ ഒരു ഓട്ടോയില്‍ ഉദ്യാനത്തിലെത്തി. ആള്‍ക്കൊന്നിന് 75 രൂപ ടിക്കറ്റെടുത്ത് ഉള്ളില്‍ കയറാം. ഉച്ച സമയമായതിനാല്‍ സഞ്ചാരികള്‍ അല്പം കുറവ്. അതിനാല്‍, പൂക്കളില്‍ നിന്ന് പൂക്കളിലേക്ക് ഒരു പൂമ്പാറ്റയെ പോലെ, കശ്മീരിന്‍റെ കുളിരില്‍ പട്ട് വിരിച്ചിട്ട പോലെ ടുലിപ് പൂക്കള്‍ക്കിടയിലൂടെ പറന്ന് നടക്കാനോ ചുറ്റിയടിക്കാനോ ഫോട്ടോ പകര്‍ത്താനോ തടസങ്ങളൊന്നുമില്ല. 

travel story of the tulip spring in Kashmir by C R pusha

73 ഇനങ്ങളിലായി പതിനേഴ് ലക്ഷത്തോളം ചെടികളാണ് പൂത്ത് വിരിഞ്ഞ് സഞ്ചാരികള്‍ക്കായി അവിടെ കാഴ്ചയൊരുക്കി ഇരിക്കുന്നത്. സ്വപ്നങ്ങളിലല്ല, കണ്‍മുന്നിലാണ് ആ കാഴ്ച. ഒരു കൊച്ചു കുഞ്ഞിനോട് മിണ്ടും പോലെ അത്രയും കുനിഞ്ഞ് മാത്രം  തൊടാവുന്ന ചെറു ചെടി. ഓരോ തണ്ടിലും അതത് നിറങ്ങളില്‍ മിന്നിച്ച് വച്ച ബള്‍ബ് പോലെ തലയാട്ടി അവ നമ്മുക്ക് മുന്നില്‍ ഭൂമിയില്‍ നിന്ന് അധികമുയരാതെ നിൽക്കുന്നു. അങ്ങനെ ഒന്നല്ല, അനേക ലക്ഷം പൂക്കള്‍... പശ്ചാത്തലത്തില്‍ മഞ്ഞ് വിരിച്ച ഹിമവാന്‍. കണ്ണു മനസും ശരീരവും നിറയുന്ന കാഴ്ച. ആ 30 ഏക്കര്‍ പൂന്തോട്ടം പതുക്കെ പല നിറങ്ങള്‍ ചാലിച്ച ഒരു 'ചുരുളി'യായി നമ്മുക്കുള്ളിലും പുറത്തും കറങ്ങും. ഏറെ നേരം കഴിഞ്ഞാകും നമ്മളത് തിരിച്ചറിയുക പോലും. അതിനിടെ നമ്മള്‍ ആ വലിയ പൂന്തോട്ടത്തില്‍ കറങ്ങിയ സ്ഥലങ്ങളിലൂടെ തന്നെ വീണ്ടും വീണ്ടും കറങ്ങിക്കൊണ്ടേയിരിക്കും. മടുപ്പ് അപ്പോള്‍ കശ്മീർ താഴ്വരയ്ക്കും താഴേയാകും. 

travel story of the tulip spring in Kashmir by C R pusha

ഒരുവശത്ത് പൂവാണോ ഇലയാണോ മൂടിയതെന്ന് അറിയാത്ത തരത്തില്‍ മഞ്ഞ പൂക്കള്‍ വിരിച്ചിട്ട കുറ്റിച്ചെടികള്‍. മറ്റൊരിടത്ത് ഇലകൊഴിഞ്ഞ മരങ്ങളില്‍ പര്‍പ്പിള്‍ നിറത്തില്‍ പൂമരങ്ങള്‍. മറ്റൊന്നില്‍ മഞ്ഞ് പോലെ വെള്ളപ്പൂക്കള്‍. പിന്നെ വിരിച്ചുവച്ച കശ്മീരി പട്ട് പോലെ നീണ്ട് കിടക്കുന്ന പൂത്ത് വിരിഞ്ഞ ട്യുലിപ് പൂക്കള്‍. എവിടെ നോക്കണം, എന്ത് കാണണമെന്ന് കണ്ണിന് പോലും  ആശയക്കുഴപ്പം. കാണുന്തോറും കണ്ണെടുക്കാനാകാതെ നിറങ്ങളില്‍ നിന്ന് നിറങ്ങളിലേക്കുള്ള ഒഴുക്ക്. ദാല്‍ തടാകത്തിന്‍റെ ശാന്തത. ഒരു ചെറു കാറ്റില്‍ വെല്‍വറ്റുപോലെ ആടിയുലയുന്ന നിറങ്ങള്‍. കണ്ട് തീര്‍ന്നില്ല. ഇനിയും കാണാനുള്ളവയേറെയെന്ന് മനസ് പറഞ്ഞു കൊണ്ടിരുന്നു. ഒടുവില്‍ സമയക്രമങ്ങളെല്ലാം തെറ്റി ഇറങ്ങിയിട്ടും... പാതിയില്‍ നിർത്തി ഇറങ്ങിയോ എന്ന സംശയമായിരുന്നു ബാക്കി. തിരിച്ച് കയറിയാല്‍ പിന്നെ കശ്മീരില്‍ നിന്ന് തെക്കേയറ്റത്തേക്കുള്ള മടക്കവും മുടങ്ങും. 

ട്യുലിപ് പൂക്കൾ എന്നാണ് മനസിലേക്ക് ചേക്കേറിയതെന്ന് അറിയില്ല. കുട്ടിക്കാലത്ത്...? അതോ യാത്രകളില്‍ നിന്ന് യാത്രകളിലേക്ക് ജീവിതത്തെ പറിച്ച് വച്ചപ്പോള്‍? അറിയില്ല. 

travel story of the tulip spring in Kashmir by C R pusha

“I wandered lonely as a cloud
That floats on high o’er vales and hills,
When all at once I saw a crowd,
A host, of golden daffodils;
Beside the lake, beneath the trees,
Fluttering and dancing in the breeze.

Continuous as the stars that shine
And twinkle on the milky way,
They stretched in never-ending line
Along the margin of a bay:
Ten thousand saw I at a glance,
Tossing their heads in sprightly dance.”

സ്കൂള്‍ ക്ലാസുകളില്‍ നിന്നും വില്യം വേഡ്സ് വർത്തിന്‍റെ വരികളില്‍ പിടിച്ച് ഡാഫോഡില്‍സ് പൂക്കള്‍ കയറി വന്നു. ഓര്‍മ്മയുടെ അടരുകളിലെവിടെയോ മറ്റ് വരികള്‍ കയറിക്കൂടിയിരിക്കുന്നു...  ആലോചനയില്‍ പിടിതരാത്തവ ഇനി ടുലിപ് പൂവിന്‍റെ ഇടയിലേക്ക് കയറിയോ ? 

travel story of the tulip spring in Kashmir by C R pusha

(ഡാഫോഡില്‍സ് പുഷ്പം)

അന്ന്... 

സ്കൂള്‍ ക്ലാസില്‍ എനിക്ക് ഡാഫോഡില്‍സ് പൂക്കള്‍ സങ്കൽപത്തിൽ മത്രം വിരിഞ്ഞ ഒന്നായിരുന്നു. യൂറോപ്പിന്‍റെ തണുപ്പില്‍ മാത്രം വിരിയുന്ന ഡാഫോഡില്‍സ് കാണാന്‍ കഴിയില്ലല്ലോ എന്ന നിരാശയോടെ പദ്യം കാണാപ്പാഠം പഠിച്ച ആ പെണ്‍കുട്ടി ഇന്നും എന്‍റെ മുന്നിലെ സ്കൂള്‍ ബഞ്ചില്‍ ഇരിപ്പുണ്ട്. പിന്നീടെന്നോ ട്യുലിപിന്‍റെ ചിത്രം കാണുമ്പോൾ ഡാഫോഡിൽ പൂക്കൾക്ക് ട്യുലിപ്പിന്‍റെ രൂപം സങ്കൽപ്പിച്ചു. പക്ഷേ, അന്നും അകലെ എവിടെയോ മാത്രം വിരിയുന്ന പൂക്കളായിരുന്നു അവ. 

കാലം എന്നും നമ്മെ അത്ഭുതപ്പെടുത്തും. എത്ര ചെറിയ മോഹങ്ങള്‍, നിരാശകള്‍... എല്ലാം നമ്മുടെ തലച്ചോറിലെവിടെയോ കുറിച്ച് വച്ചവ...  പിന്നീട് നമ്മള്‍ പോലും അറിയാതെ ആ ആശകളിലൂടെ നിരാശകളെ മറികടന്ന് യാത്ര ചെയ്യുമ്പോള്‍, കാലം നമുക്ക് മുന്നില്‍ ട്യുലിപ് പൂക്കളെ പോലെ ഒരു പൂക്കാലം തന്നെ തന്ന് മടക്കും. അതെ... അന്നത്തെ ആ പെൺകുട്ടിക്ക്‌  മുന്നില്‍ ഡാഫോഡില്‍സ് മാത്രമല്ല, ട്യുലിപ്പും നൃത്തം ചെയ്തിരിക്കുന്നു. ഒന്നല്ല. ലക്ഷക്കണക്കിന് പൂക്കള്‍...  അതും ഒരൊറ്റ പൂന്തോട്ടത്തില്‍.  ശരിയാണ് ദുഃഖങ്ങള്‍ പറഞ്ഞൊഴിയാൻ കഴിയും. പക്ഷേ... സന്തോഷങ്ങള്‍... അത് നമ്മുടെ മനസ് നിറച്ച് അങ്ങനെ ഒഴുകി പരക്കും. ഒരു പൂവില്‍ നിന്നും മറ്റൊരു പൂവിലേക്ക് പറക്കുന്ന പൂമ്പാറ്റയെ പോലെ....

travel story of the tulip spring in Kashmir by C R pusha

 

Latest Videos
Follow Us:
Download App:
  • android
  • ios