പിറ്റ് ബുള്ളിനെ വെള്ളകുപ്പി കൊണ്ട് അടിച്ച ബാലൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഇത്രമാത്രം അശ്രദ്ധമായി കുട്ടിയെ ഒരു പൊതു സ്ഥലത്ത് കളിക്കാൻ വിട്ട മാതാപിതാക്കൾക്കെതിരെയും രൂക്ഷ വിമർശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്.
നായ്ക്കളിൽ ഏറ്റവും അപകടകാരികളായി കണക്കാക്കപ്പെടുന്ന ഇനമാണ് പിറ്റ് ബുൾ. ഇവയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട നിരവധി സംഭവങ്ങള്‍ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ വർഷം ലഖ്‌നൗവിൽ പിറ്റ് ബുൾ നായയുടെ ക്രൂരമായ ആക്രമണത്തിൽ ഒരു വൃദ്ധക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ക്രൂരമായ ആക്രമണ സ്വഭാവം കാണിക്കുന്ന ഇവയുടെ ആക്രമണത്തിന് ഇരയായാൽ രക്ഷപ്പെടുക പ്രയാസമാണ്.
കഴിഞ്ഞദിവസം ഒരു പിറ്റ് ബുള്ളിനെ വെള്ളകുപ്പി കൊണ്ട് ആവർത്തിച്ച് അടിച്ച ഒരു ബാലൻ നായയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ട്വിറ്റർ പേജായ ക്രേസി ക്ലിപ്സിലൂടെ പുറത്തുവന്നിരുന്നു. തുടർന്ന് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിച്ച ഈ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
ഒരു കൊച്ചു കുട്ടി കുപ്പിയുമായി കളിക്കുന്നതാണ് വീഡിയോയുടെ തുടക്കം. തുടർന്ന് ആ ബാലൻ കുപ്പിയുമായി പിറ്റ് ബുളിന് അരികിലേക്ക് വരുന്നു. ഈ സമയം നായ ഉടമയ്ക്കൊപ്പം ശാന്തമായി നിൽക്കുകയാണ്. തുടര്‍ന്ന് കുട്ടി തന്റെ കയ്യിൽ ഉണ്ടായിരുന്ന കുപ്പി വെച്ച് നായയെ അടിക്കുന്നു. ആദ്യതവണ കുട്ടി അടിക്കുമ്പോൾ നായ പ്രത്യേകിച്ച് പ്രതികരണം ഒന്നും നടത്തുന്നില്ല. എന്നാൽ സമീപത്തു നിൽക്കുന്നവർ കുട്ടിയെ അതിൽ നിന്നും തടയുന്നു.
അത് ഗൗനിക്കാതെ കുട്ടി വീണ്ടും വീണ്ടും നായയെ അടിക്കുന്നു. ഇതോടെ ദേഷ്യം കയറിയ നായ കുട്ടിയെ ആക്രമിക്കാനായി കുരച്ചുകൊണ്ട് കുട്ടിയുടെ നേർക്ക് തിരിയുന്നു. എന്നാൽ അപ്പോഴേക്കും സമീപത്തുനിന്നവർ കുട്ടിയെ പിടിച്ചു മാറ്റുകയും ഉടമ നായയെ പിടിക്കുകയും ചെയ്തതുകൊണ്ട് തലനാരിഴയ്ക്ക് പിറ്റ്ബുളിന്റെ ആക്രമണത്തിൽ നിന്നും കുട്ടി രക്ഷപ്പെടുന്നു. ഭയന്നുപോയ കുട്ടി മാതാപിതാക്കളുടെ അടുത്തേക്ക് ഓടുന്നതും വീഡിയോയിൽ കാണാം.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ ഇത്രമാത്രം അശ്രദ്ധമായി കുട്ടിയെ ഒരു പൊതു സ്ഥലത്ത് കളിക്കാൻ വിട്ട മാതാപിതാക്കൾക്കെതിരെയും രൂക്ഷ വിമർശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്.
വീഡിയോ കാണാം...