കലക്ടറുടെ വാഹനം ആക്രമിച്ച കാട്ടുകൊമ്പന്‍, ഗണ്‍മാന്റെ കഴുത്തിലൂടെ കടന്നുപോയ കൊമ്പുകള്‍!
ഡ്രൈവർ ജീപ്പിന്‍റെ വേഗം കുറയ്ക്കുന്നതിന് മുമ്പേ കൊമ്പൻ കലിതുള്ളി. ചിഹ്നം വിളിച്ച് പാഞ്ഞടുത്ത് ജീപ്പ് ആക്രമിച്ചു. ആനയുടെ കുത്തേറ്റ് ഒമ്പത് പേര്‍ ഇരുന്ന ജീപ്പ് മറിഞ്ഞു. ഷീറ്റുകൾ തുളച്ച് കയറിയ കൊമ്പുകൾ, ഗൺമാൻ ടി എം ജോസഫിന്‍റെ കഴുത്തിന് ഇരുവശത്തു കൂടിയുമാണ് കടന്ന് പോയത്.
ആനപ്രേമികള്‍ ഏറെയുള്ള കേരളത്തില്‍ ആനയും ആനക്കൊമ്പും എന്നും ഒരു പ്രശ്നവിഷയമാണ്. വയനാട് ജില്ലാ കളക്ടറുടെ ചേംബറിന് പിറകിലുമുണ്ട് ഒത്ത ഒരു ആനക്കൊമ്പ്. അങ്ങനെ ഇരിക്കുമ്പോള്‍ ആരെങ്കിലുമൊക്കെ ഇടയ്ക്ക് അതിനെതിരെ വനംവകുപ്പിന് പരാതി കൊടുക്കും. പിന്നെ വാര്‍ത്തയായി പുകിലായി. ഒടുവില്‍ കാര്യം അറിയുമ്പോള്‍ എല്ലാം പഴയപടി. വയനാട് കളക്ട്രേറ്റിൽ ആനക്കൊമ്പ് എത്തിയതിന് പിന്നിലൊരു കഥയുണ്ട്. ഒരു രക്ഷപ്പെടലിന്‍റെ അതിജീവനത്തിന്‍റെ അനുഭവ കഥ.
'1990 ഒരാനക്കലിയുടെ ഓർമ്മ'
1990 ജൂൺ 15.
അന്നും കാടിറങ്ങി ആന വരും. ചേകാടിയിൽ ഒരു കാട്ടുകൊമ്പൻ കൊലവിളിയുമായി ജനവാസ മേഖലയിലെത്തിയെന്ന പരാതി നിരന്തരം ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ വയനാട് കളക്ടര്‍ മൈക്കിൾ വേദശിരോമണി തീരുമാനിച്ചു. അതിനകം നാട്ടുകാരനായ വീരാടി രാമകൃഷ്ണന്‍റെ വീട് ആ കൊമ്പൻ ആക്രമിച്ച് തകര്‍ത്തിരുന്നു.
34 കൊല്ലം മുമ്പ്.
വൈകുന്നേരം ആറരയോട് അടുത്ത നേരം. ചേകാടിയെന്ന വനയോര ഗ്രാമത്തിലെ നാശനഷ്ടങ്ങളുടെ കണക്കെടുത്ത് കളക്ടറും സംഘവും രാത്രിക്ക് മുമ്പ് വയനാട് കളക്ടറേറ്റിലെത്താനുള്ള ശ്രമത്തിലായിരുന്നു.
(മുന്‍ വയനാട് ജില്ലാ കളക്ടര്‍ മൈക്കിൾ വേദ ശിരോമണി)
രാമകൃഷ്ണന്‍റെ വീട്ടിൽ നിന്ന് പുറപ്പെട്ട് 20 മിനുറ്റ് കഴിഞ്ഞു കാണും. വഴിയിൽ അപ്രതീക്ഷിതമായി കാട്ടുകൊമ്പൻ, ജീപ്പിന് തൊട്ട് മുന്നിൽ. ഡ്രൈവർ ജീപ്പിന്‍റെ വേഗം കുറയ്ക്കുന്നതിന് മുമ്പേ കൊമ്പൻ കലിതുള്ളി. ചിഹ്നം വിളിച്ച് പാഞ്ഞടുത്ത് ജീപ്പ് ആക്രമിച്ചു. ആനയുടെ കുത്തേറ്റ് ഒമ്പത് പേര്‍ ഇരുന്ന ജീപ്പ് മറിഞ്ഞു. ഷീറ്റുകൾ തുളച്ച് കയറിയ കൊമ്പുകൾ, ഗൺമാൻ ടി എം ജോസഫിന്‍റെ കഴുത്തിന് ഇരുവശത്തു കൂടിയുമാണ് കടന്ന് പോയത്. മരണത്തെ മുഖാമുഖം കണ്ട നേരം. ഇനിയൊരു ജീവിതമില്ലെന്ന് തോന്നിപ്പോയ ത്രിസന്ധ്യ. ജീവഭയം കൊണ്ട് ഓരോരുത്തരും ബഹളം വച്ചു. അലറിക്കരഞ്ഞു. ഭാഗ്യം! കൂടുതൽ ആക്രമണത്തിന് കൊമ്പൻ മുതിർന്നില്ല. പിന്തിരിഞ്ഞു. അവന്‍ പതിവ് പോലെ വീണ്ടും കാടു കയറി. ആന പോയെന്ന് തീര്‍ച്ചപ്പെടുത്തി, എല്ലാവരും എങ്ങനെയൊക്കെയോ ജീപ്പിൽ നിന്ന് പുറത്തിറങ്ങി. കാട്ടിലൂടെ ഓടി... ഒടുവില്‍ ആന കുത്തിമറിച്ച, വീരാടി രാമകൃഷ്ണന്‍റെ വീട്ടിൽ തന്നെ അഭയം തേടി.
കാടിന്‍റെ ആവാസ വ്യവസ്ഥയെ പുനഃക്രമീകരിക്കാന്‍ 'കഴുകന്‍ റെസ്റ്റോറന്‍റു'കള്‍
പുഴ നീന്തിയെന്തിയ അപകട വിവരം
ജീപ്പിൽ ഒപ്പമുണ്ടായിരുന്ന നാട്ടുകാരനായ കുരിശിങ്കൽ ജോണി, വിവരം പുറം ലോകത്ത് എത്തിക്കാനായി രാത്രിക്ക് രാത്രി കുത്തിയൊഴുകുന്ന കബനി നദി നീന്തി. അന്ന് ചേകാടി പാലമുണ്ടായിരുന്നില്ല. ജൂണ്‍ മാസം കാലവർഷാരംഭം ആയതിനാൽ പുഴയിൽ വെള്ളം കൂടുതലാണ്. അടിയൊഴുക്ക് ശക്തവും. എന്നിട്ടും ജീവന്‍ പണയം വച്ച് കുരിശിങ്കൽ ജോണി നീന്തി. ഒടുവില്‍ കുത്തൊഴുക്കുകളെ നീന്തികടന്ന് ജോണി ബാവലിയില്‍ എത്തി. കളക്ടറെയും സംഘത്തെയും കാട്ടാന അക്രമിച്ച വിവരം അറിയിച്ചു.
അർധ രാത്രി 12 മണിയോടെ റസ്ക്യൂ ടീം രക്ഷാപ്രവര്‍ത്തനത്തിനായി ചേകാടിയിലെത്തി. പുലർച്ചെ മൂന്ന് മണിയോടെ കളക്ടറെയും സംഘത്തേയും പുൽപ്പള്ളി സ്റ്റേഷനിൽ എത്തിച്ചു. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്‍റ് എ.കെ. ഇമ്മാനുവൽ, എക്സിക്ക്യുട്ടീവ് ഓഫീസർ എം കൃഷ്ണൻകുട്ടി നായർ, മാതൃഭൂമി, ദീപിക പത്രങ്ങളുടെ അക്കാലത്തെ വയനാട് ലേഖകന്മാർ എന്നിവരും മടക്കയാത്രയില്‍ ജീപ്പിലുണ്ടായിരുന്നു.
'ഓർമ്മയ്ക്കൊരു കൊമ്പ്'
മരണമുഖത്ത് നിന്ന് തിരികെ ജീവൻ കിട്ടിയതിന്‍റെ ഓർമ്മയ്ക്കായി കളക്ട്രേറ്റിൽ ആനക്കൊമ്പ് വയ്ക്കണമെന്ന് കളക്ടര്‍ മൈക്കിൾ വേദശിരോമണിക്ക് മോഹം തോന്നി. അദ്ദേഹം വനംവകുപ്പിന് കത്തെഴുതി. തിരുവനന്തപുരത്ത് നിന്ന് വനംവകുപ്പിന്‍റെ കയ്യിലുള്ള രണ്ട് കൊമ്പുകൾ പ്രത്യേക അനുമതിയോടെ വയനാട്ടിലേക്ക് വരുത്തിച്ചു. ചേംബറിൽ പ്രദർശിപ്പിക്കാനുള്ള അനുമതിയും ഉറപ്പാക്കി. പക്ഷേ, ആഗ്രഹം പൂർത്തിയാക്കും മുമ്പ് അദ്ദേഹത്തിന് സ്ഥലംമാറ്റം ലഭിച്ചു.
(കളക്ടറുടെ ചേംബറിലെ ആനക്കൊമ്പിന് മുന്നില്‍ മുന്‍ കളക്ടര്‍ അജയകുമാറും മുന്‍ കളക്ടര്‍ അദീല അബ്ദുള്ളയും)
കളക്ടര്‍ മൈക്കിൾ വേദശിരോമണി ചുരമിറങ്ങിയെങ്കിലും വൈകാതെ ആ ഒരത്ഭുത രക്ഷപ്പെടലിന്‍റെ ഓർമ്മയ്ക്കായി ആനക്കൊമ്പുകൾ കളക്ടറുടെ ചേംബറിന് പിറകിൽ സ്ഥാനം പിടിച്ചു. മൈക്കിൾ വേദശിരോമണി കളക്ടറായിരുന്ന സമയത്ത് അദ്ദേഹത്തിന്‍റെ കീഴിൽ മാനന്തവാടി സബ് കളക്ടറായിരുന്ന മുൻ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയാണ് അത് സ്ഥാപിച്ചത്. വിശ്വാസ് മേത്ത സബ് കളക്ടറായി വയനാട്ടിലുണ്ടായിരുന്ന കാലത്താണ് ഈ സംഭവങ്ങളെല്ലാം നടന്നത്. അതിനാല്‍, മറ്റാരേക്കാളും മൈക്കിൾ വേദശിരോമണിയുടെ മോഹം അദ്ദേഹത്തിന് അറിയാമായിരുന്നു.
അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വയനാട് ജില്ല രൂപീകരിച്ചതിന്‍റെ 25-ാം വാർഷികമായ 1995 -ല്‍ അന്നത്തെ വയനാട് കളക്ടറായ വിശ്വാസ് മേത്ത, ഇന്ന് കാണുന്ന തരത്തില്‍ രണ്ട് ആന കൊമ്പുകളും വയനാട് കളക്ടറുടെ ചേംബറിന് പിന്നില്‍ സ്ഥാപിച്ചു. പോഡാർ പ്ലാന്‍റേഷൻ ചെയർമാനായിരുന്ന അശോക് പോഡാറാണ് കൊമ്പ് വയ്ക്കാനുള്ള മുഴുവൻ ചെലവും വഹിച്ചത്. അശോക് പോഡാറിന്‍റെ മാനേജർ പീറ്റർ കിങ്ങ് മേപ്പാടിയിലെ പ്ലാന്‍ററായിരുന്ന കുരുവിള ജോസഫിനെ കൊണ്ടാണ് അതിനുള്ള പണിയെല്ലാം പൂർത്തിയാക്കിപ്പിച്ചത്.
എറണാകുളത്ത് നിന്നും എത്തിയ തച്ചന്മാര്‍, പ്രിയദർശനി എസ്റ്റേറ്റിൽ നിന്ന് കൊണ്ടുവന്ന ഈട്ടി മരത്തില്‍ ആനക്കൊമ്പുകള്‍ ഘടിപ്പിച്ചു. കോഴിക്കോട് ചാലപ്പുറത്ത് നിന്നുള്ള കൊത്ത് പണിക്കാരെ വരുത്തി അതിൽ സർക്കാറിന്‍റെ ചിഹ്നം പതിപ്പിച്ചത് ചരിത്രം.
പണിയെടുക്കാൻ കൊമ്പുകൾ മറ്റൊരിടത്തേക്ക് മാറ്റാനായിരുന്നു ആദ്യം പ്ലാൻ. എന്നാൽ, കളക്ട്രേറ്റിൽ തന്നെ പ്രത്യേക മുറിയൊരുക്കിയാണ് എല്ലാം പൂർത്തിയാക്കിയത്. ഡെപ്യൂട്ടി കളക്ടർ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ രാവിലെ പണിക്കാർക്ക് റൂം തുറന്നു കൊടുക്കും. പണി കഴിഞ്ഞ് പൂട്ടി താക്കോല്‍ കൊണ്ടുപോകും. അത്രയും സുരക്ഷിതമായിരുന്നു ഓരോ ജോലിയും. ഇന്ന് വയനാട് കളക്ടറേറ്റില്‍ ചുതതലയേല്‍ക്കുന്ന ഏതൊരു കളക്ടറും മൈക്കിള്‍ വേദശിരോമണിയുടെ അതിജീവാനുഭവത്തിന്‍റെ മുന്നില്‍ നില്‍ക്കുന്നു.