16 വര്‍ഷത്തിനു ശേഷം അവളാദ്യമായി അന്ന് ഭക്ഷണം കഴിച്ചു, രണ്ടു തുള്ളി തേന്‍!
മണിപ്പൂരിന്റെ വീരനായിക ഇറോം ശര്‍മിള, 16 വര്‍ഷം നീണ്ട നിരാഹാരം അവസാനിപ്പിച്ച് ഇന്ന് അഞ്ച് വര്‍ഷം തികയുന്നു. അന്ന് ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിലെ ക്യാമറാമാന്‍ മധു മനോന്‍ എഴുതുന്നു.
മണിപ്പൂരികളുടെ മനസ്സ് എന്തെന്ന് പിന്നീടവര്‍ തെളിയിച്ചു. സ്വന്തം വീരനായികയെ തെരഞ്ഞെടുപ്പ് ഗോദയില്‍ അവര്‍ തൂത്തെറിഞ്ഞു. വെറുത്തു കഴിഞ്ഞിരുന്നു. മുഖ്യമന്ത്രിയാവാന്‍ രാഷ്ട്രീയത്തിലിറങ്ങിയ ഇറോം ശര്‍മിളയെ അടുത്ത തെരഞ്ഞെടുപ്പില്‍, ദുര്‍ബലയായൊരു സ്ഥാനാര്‍ത്ഥിക്കെതിരെ മല്‍സരിച്ചിട്ടുപോലും ജനങ്ങള്‍ പരാജയപ്പെടുത്തി. പഴയ സഹപ്രവര്‍ത്തകരും സമരസഖാക്കളുമെല്ലാം അവര്‍ക്ക് എതിരായി. 16 വര്‍ഷം അവര്‍ നാടിനു വേണ്ടി അനുഭവിച്ച പട്ടിണിയും ദുരിതങ്ങളും വേദനയുമെല്ലാം എല്ലാവരും മറന്നു.
ഇംഫാലിലെ വാര്‍ത്താ സമ്മേളനത്തിനിടെ ഇറോം ശര്‍മിള തേന്‍ കഴിച്ച് നിരാഹാരം അവസeനിപ്പിക്കുന്നു
ദില്ലിയില്‍നിന്നും വിമാനം കയറി ഭുവനേശ്വര്‍ വഴി മണിപ്പൂരിലെ ഇംഫാല്‍ വീമാനത്താവളത്തില്‍ എത്തുമ്പോള്‍ മനസ്സില്‍ ആ രൂപമായിരുന്നു. എത്രയോ കാലമായി, ഫോട്ടോഗ്രാഫുകളിലൂടെ മനസ്സില്‍ പതിഞ്ഞ ചിത്രം. മുഖത്ത് വീണു കിടക്കുന്ന ചുരുളന്‍ മുടി. കണ്ണില്‍ നിതാന്ത വിഷാദം. മൂക്കില്‍നിന്നും നീണ്ടുവരുന്ന ചെറിയ പ്ലാസ്റ്റിക് കുഴല്‍. ഇറോം ചാനു ശര്‍മിള.
മണിപ്പൂരടക്കം ഏഴ് സംസ്ഥാനങ്ങള്‍ക്കു വേണ്ടി നിലവില്‍ വന്ന 1958 -ലെ സായുധസേനാ പ്രത്യേകാധികാര നിയമം പിന്‍വലിച്ച് സ്വന്തം ജനതയെ രക്ഷിക്കണം എന്നാവശ്യപ്പെട്ട് നീണ്ട 16 വര്‍ഷം നിരാഹാര സമരം കിടന്ന മണിപ്പൂരിന്റെ സമരനായിക. സഹനസമരത്തിലൂടെ ഉരുക്കുനിയമം പിന്‍വലിക്കാനുള്ള ആ പോരാട്ടത്തിനിടെ മണിപ്പൂരികള്‍ക്ക് പ്രിയപ്പെട്ടവളായി മാറിയ ആ യുവതിയെ കാണാനാണ് ഏഷ്യാനെറ്റ് ന്യൂസ് ദില്ലി ബ്യൂറോയില്‍നിന്നും റിപ്പോര്‍ട്ടര്‍ കെ അജിത്തും ഞാനും മണിപ്പൂരിലേക്ക് വണ്ടി കയറിയത്.
രാജ്യം കാതോര്‍ത്തിരിക്കുന്ന വലിയ ഒരു വാര്‍ത്തയ്ക്കു നടുവിലായിരുന്നു അന്ന് ഇറോം ശര്‍മിള. നീണ്ട 16-വര്‍ഷത്തിനു ശേഷം അവര്‍ നിരാഹാര സമരം നിര്‍ത്തുന്നു. തൊട്ടു മുമ്പു വരെ വീരനായികയായി ആരാധിച്ച മണിപ്പൂരി ജനതയുടെ ഒരു വലിയ വിഭാഗം ആ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നു. ഇറോം കീഴടങ്ങിയെന്നും സര്‍ക്കാറിന് വിധയമായെന്നും അവരുടെ സമരത്തെ പിന്താങ്ങിയവര്‍ പരസ്യമായി കുറ്റപ്പെടുത്തുന്നു. ഇതിഹാസ നായികയില്‍നിന്നും വെറുക്കപ്പെട്ടവളായുള്ള ഇറോം ശര്‍മിളയുടെ യാത്ര ആരംഭിക്കുന്ന ആ ദിവസത്തെ ക്യാമറയിലാക്കുകയായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം.
ഇറോം ശര്‍മിള (വലത്ത്). പഴയ ചിത്രം
വിമാനത്താവളത്തില്‍നിന്നും നേരെ കോടതിയിലേക്കാണ് ചെന്നത്. ഇംഫാല്‍ കോടതി പരിസരം നിറയെ ആള്‍ക്കൂട്ടം. ഇറോം ശര്‍മിളയുടെ സമരസഖാക്കളും ആരാധകരും ശത്രുക്കളും സുരക്ഷാ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരുമടങ്ങുന്ന വലിയ കൂട്ടം. അവരുടെ മുഖത്ത് സമിശ്ര വികാരങ്ങള്‍ നിഴലിച്ചു കാണാം. കുറച്ചു നാള്‍ മുമ്പ് ഇറോം ശര്‍മിള പ്രഖ്യാപിച്ചതിന്‍ പ്രകാരം, അവര്‍ സമരം നിറുത്തുമോ എന്ന ആകുലതയില്‍ കുറച്ചു പേര്‍. ഇല്ല, സമരം നിര്‍ത്താന്‍ അവര്‍ക്കാവില്ല എന്ന വിശ്വാസത്തില്‍ വേറൊരു കൂട്ടര്‍. നിരാഹാര സമരം അവസാനിപ്പിക്കുന്നതിനെതിരെ വമ്പന്‍ പ്രതിഷേധം ഉയര്‍ന്നതിനാല്‍, അവര്‍ തീരുമാനം മാറ്റുമോ എന്ന സാദ്ധ്യത ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. അതിനെക്കുറിച്ചുള്ള സജീവ ചര്‍ച്ചയിലാണ് റിപ്പോര്‍ട്ടര്‍മാര്‍. അതിനിടയില്‍, വന്‍ മാധ്യമ പടയുടെ ഇടയില്‍ പെട്ട് ചമ്മന്തി ആവാതെ ഭംഗിയായി ചിത്രങ്ങള്‍ പകര്‍ത്താന്‍ ധൈര്യം തരണമെ എന്ന് സര്‍വ്വ ദൈവങ്ങളെയും വിളിച്ചു പ്രാര്‍ത്ഥിച്ചു.
കോടതിയുടെ മുന്നിലെ റോഡില്‍ ജാഗരൂകരായി പട്ടാളം റോന്ത് ചുറ്റുന്നുണ്ട്. അന്നന്നത്തെ അന്നം സമ്പാദിക്കാനുള്ള ഓട്ടത്തില്‍ സാധാരണ മനുഷ്യര്‍ വഴിയിലൂടെ തിരക്കിട്ടു പോവുന്നു.
പെട്ടെന്ന് ഹോണടിയുടെ ശബ്ദം. കുറേ വാഹനങ്ങള്‍ പൊടിപറത്തി വരുന്നു.
പൊലീസ് വാഹനങ്ങള്‍. അതിനിടയില്‍, ആംബുലന്‍സ്. അതിലാണ് അവര്‍.
ആംബുലന്‍സ് കോടതിക്കു മുന്നില്‍ നിര്‍ത്തി. അതില്‍നിന്നും, നിശ്ശബ്ദയും സൗമ്യയുമായി അവര്‍ ഇറങ്ങി. ചുറ്റും സുരക്ഷാ ഉദ്യോഗസ്ഥര്‍ തിങ്ങി നിറഞ്ഞു. ചാനല്‍ പ്രവര്‍ത്തകര്‍ ആ ദൃശ്യം പകര്‍ത്താന്‍ തിക്കും തിരക്കും കൂട്ടി. അതിനിടയിലൂടെ എങ്ങനെയോ സുരക്ഷ ഉദ്യോഗസ്ഥര്‍ അവരെ കോടതിയിലേയ്ക്ക് കൊണ്ടു പോവുന്നു. അതിനപ്പുറം, അവരുടെ സമരസഖാക്കളടക്കം നോക്കിനില്‍ക്കുന്നു. ചിലര്‍ അവരെ നോക്കി കരയുന്നു.
ഇംഫാലിലെ വാര്‍ത്താ സമ്മേളനത്തിനിടെ ഇറോം ശര്‍മിള തേന്‍ കഴിച്ച് നിരാഹാരം അവസeനിപ്പിക്കുന്നു
അല്‍പനേരത്തിനകം വിവരം വന്നു, അവര്‍ മൂന്ന് മണിക്കൂറിന് ശേഷം, പത്രക്കാരെ കാണുന്നു. എന്തായിരിക്കും അവര്‍ മാധ്യമങ്ങളോട് പറയുക? നേരത്തെ പറഞ്ഞതുപോലെ സമരം അവസാനിപ്പിക്കുമോ? അതോ ജനങ്ങളുടെ ആവശ്യം കേട്ട്, സമരം തുടരമോ? രണ്ടായാലും വാര്‍ത്തയാണ്.
കോടതിയോട് ചേര്‍ന്ന ചെറിയ മുറിക്ക് നടുവിലെ മേശയില്‍ മൈക്കുകളും ചുറ്റും ക്യാമറകളും സജ്ജീകരിച്ചു.
കുറച്ചു സമയം കഴിഞ്ഞു. മാധ്യമങ്ങളെ കാണാന്‍ കോടതി ഇറോമിനെ അനുവദിച്ചു എന്ന വിവരം ലഭിച്ചു. എല്ലാവരും കാത്തിരിക്കെ, അല്‍ പസമയത്തിനകം അവര്‍ വന്നു. എന്നാല്‍, മാധ്യമപ്രവര്‍ത്തകരെ കാണാന്‍ നിശ്ചയിച്ച മുറിയിലേക്ക് തിരിഞ്ഞു നോക്കാതെ അവര്‍ ആംബുലന്‍സിലേക്ക് തന്നെ നടന്നു. ചുറ്റും സുരക്ഷാ ഉദ്യോഗസ്ഥരും കൂടി.
ആംബുലന്‍സ് നീങ്ങി.
ചുറ്റിലും നിന്നവര്‍ കരഞ്ഞു കൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ മുദ്രാവാക്യം വിളി തുടരുന്നുണ്ടായിരുന്നു.
എന്താണ് സംഭവിച്ചത്?
അവര്‍ തീരുമാനം മാറ്റിയോ? എവിടെയാണ് അവരെ കൊണ്ടു പോയത്? പലരും പല കഥകള്‍ പറയുന്നു. ആര്‍ക്കും ഒരു പിടിയുമില്ല.
ആ തിരക്കിനിടയില്‍ കൂടി ഒരാള്‍ പെട്ടെന്ന് അടുത്തു വന്നു. കാഴ്ചയ്ക്ക് മണിപ്പൂരി ആണ്. ഇന്നേ വരെ കണ്ടിട്ടില്ല. ഇയാള്‍ എന്തിനാണ് ഞങ്ങളുടെ അടുത്തു വന്നത്?
അടുത്തുവന്ന ശേഷം, ഏഷ്യാനെറ്റ് ന്യൂസിന്റെ മൈക്ക് നോക്കി അയാള്‍ ഞങ്ങളോട് സംസാരിച്ചു.
ഞെട്ടിപ്പോയി, അതു മലയാളം ആയിരുന്നു. മലയാളം സംസാരിക്കുന്ന മണിപ്പൂരി!
വെറുതെയല്ല അവന്‍ മലയാളം പറഞ്ഞത്. കേരളത്തിലായിരുന്നു അവന്‍ പഠിച്ച്. മലയാളം അവനിഷ്ടമായിരുന്നു. ഞങ്ങളെ കണ്ടപ്പോള്‍, അവനോര്‍മ്മ വന്നത് കേരളമാണ്. അതായിരുന്നു ആ വരവിന്റെ ഉദ്ദേശ്യം.
എന്നാല്‍, സൗഹൃദം പുതുക്കേണ്ട നേരമല്ലായിരുന്നു അത്. ആകെ വലിഞ്ഞു മുറുികയ വാര്‍ത്താനേരം. അനിശ്ചിതത്വം. ഞങ്ങളപ്പോള്‍ തന്നെ അവിടെനിന്നും ഇറോം ശര്‍മിളയുടെ ആംബുലന്‍സിനു പിന്നാലെ വണ്ടിവിട്ടു.
പെട്ടെന്ന് അജിത്തിന്റെ ഫോണ്‍ ബെല്ലടിച്ചു. ഫോണ്‍ എടുത്തു.
''വണ്ടി വിട്ടോ, ആശുപത്രിയിലേക്ക്. അവിടെയാ പത്രസമ്മേളനം'-അങ്ങേത്തലയ്ക്കല്‍ നിന്നും പറഞ്ഞു.
'വേഗം വിട്ടോ ഗഡീ'-ഞാന്‍ ഡ്രൈവറോട് പറഞ്ഞു. തൃശൂര്‍ ഭാഷ മനസ്സിലായതുപോലെ മണിപ്പൂരുകാരനായ സാരഥി ഇംഫാല്‍ നഗരത്തിലൂടെ അതിവേഗം കുതിച്ചു. തിരക്കിട്ട് ഓടിയിരുന്ന വാഹനങ്ങളെ തോല്‍പ്പിച്ച് നേരെ ആശുപത്രിയിലേക്ക്.
ഇറോം ശര്‍മിള. നിരാഹാരകാലത്തും അതിനുശേഷവും
അവിടെ ചെന്ന് നിന്നതും, ദേ,വരുന്നു ഇറോം ശര്‍മിള.
എത്രയോ കാലമായി കണ്ടു വരുന്ന ആ മുഖത്തിന് ഒരു മാറ്റം!
16 വര്‍ഷം കൂടെ കൊണ്ട് നടന്ന മൂക്കിലെ കുഴല്‍ എടുത്തു മാറ്റിയിരിക്കുന്നു. ഡ്രിപ്പ് ഇടുന്നില്ല. എങ്കിലും, അതീവ ക്ഷീണിത. അവര്‍ പതിയെ നടന്നു വന്ന് കസേരയില്‍ ഇരുന്നു.
എല്ലാവരും അവരുടെ വാക്കിനായി കാതോര്‍ത്തു. ആ വാക്ക് ജനങ്ങളിലെത്തിക്കാന്‍ ഞങ്ങള്‍ ക്യാമറയെ തയ്യറാക്കി.
ആദ്യം മണിപ്പൂരിഭാഷയിലും പിന്നീട് ഇംഗ്ലീഷിലും സംസാരിക്കുമെന്ന് സഹപ്രവര്‍ത്തകര്‍ അറിയിച്ചു.
പെട്ടെന്ന്, അവരുടെ ശരീരഭാഷ മാറി. മുഖത്ത് പ്രസരിപ്പ് നിറഞ്ഞു. ഊര്‍ജ്ജസ്വലതയോടെ അവര്‍ പറഞ്ഞു തുടങ്ങി.
''അതെ, 'ഞാന്‍ നിറുത്തുകയാണ്, 16 വര്‍ഷം നടത്തി വന്നിരുന്ന നിരാഹാര സമരം.'
ചുറ്റും നിറഞ്ഞ നിശ്ശബ്ദത ഭേദിച്ച് അവര്‍ തുടര്‍ന്നു.
''ഇനിയെന്ത് എന്ന ചോദ്യത്തിനും ഉത്തരമുണ്ട്. രാഷ്ട്രീയപ്രവര്‍ത്തനം. അതെ, ഞാന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങൂകയാണ്...''
പിന്നെ, പതിഞ്ഞ സ്വരത്തില്‍ അവര്‍ സംസാരിച്ചു. ജനമനസുകളില്‍ സ്ഥാനം പിടിക്കാന്‍ കഴിഞ്ഞതിനെ കുറിച്ച് അവര്‍ വാചാലയായി. തന്നോടൊപ്പം നില്‍ക്കുന്നവര്‍ക്ക് വേണ്ടി ജനാധിപത്യ മാര്‍ഗത്തിലൂടെ ഇനിയും പൊരുതുമെന്നും അവര്‍ പറഞ്ഞു.
അടുത്ത ലക്ഷ്യം മണിപ്പുര്‍ മുഖ്യമന്ത്രിയാവുക എന്നതാണ്. ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്ത് പിടിക്കും. തന്നോടെപ്പം കൂടാന്‍ താത്പര്യമുള്ളവര്‍ക്ക് സ്വാഗതം. സായുധ സേനാ പ്രത്യേകാധികാര നിയമം എടുത്ത് കളഞ്ഞ് മണിപ്പൂരിനെ സ്വതന്ത്രമാക്കുകയാണ് അന്ത്യാഭിലാഷം.
ബോഡോ തീവ്രവാദികള്‍ ഉയര്‍ത്തുന്ന ഭീഷണിയെ കുറിച്ച് ചോദിച്ചപ്പോള്‍, ഇറോം ശക്തമായ ഭാഷയില്‍ അതിനെ പുച്ഛിച്ചു തള്ളിക്കളഞ്ഞു.
പിന്നെ നിശ്്ശബ്ദത. 16 വര്‍ഷത്തെ ഓര്‍മ്മകളില്‍ വിതുമ്പി, ഡോക്ടര്‍ കൊടുത്ത തേന്‍ നാവില്‍ വച്ച് നുണഞ്ഞിറക്കി അവര്‍ നിരാഹാരം അവസാനിപ്പിച്ചു.
ഇറോം ശര്‍മിളയുടെ വാര്‍ത്താ സമ്മേളനത്തില്‍ മധു മേനോന്‍
പഴയ ഓര്‍മ്മകളിലായിരിക്കണം, അവര്‍ ഇടയ്ക്കിടെ കരഞ്ഞു. പിന്നെ എല്ലാവരോടും യാത്ര പറഞ്ഞ് തിരിഞ്ഞു നടന്നു.
അന്നേരം, നല്ല മഴ പെയ്തു.
വൈകുന്നേരമൊന്നു പുറത്തിറങ്ങി, നഗരം ചുറ്റാന്‍. ആ യാത്രയില്‍ ചെക്കോന്‍ വില്ലേജിലെ ഒരു ചായക്കടയില്‍ ചെന്നു. അവിടെ നിറയെ ആളുകള്‍. എല്ലാവരും സംസാരിക്കുന്നത് ഇറോം ശര്‍മിളയെക്കുറിച്ച്.
ഞങ്ങളവരോട് അഭിപ്രായം ചോദിച്ചു.
അവിടെ കൂടിയവര്‍ ഒന്നടങ്കം പറഞ്ഞു, ''ഇറോം ഞങ്ങളെ വഞ്ചിച്ചു. ഒരിക്കലും സമരം നിര്‍ത്താന്‍ പാടില്ലായിരുന്നു''
എന്തു കൊണ്ട് എന്ന ചോദ്യത്തിന് അവരിങ്ങനെ മറുപടി പറഞ്ഞു:
''ഇറോം ഞങ്ങളുടെ പ്രതീക്ഷയായിരുന്നു. മണിപ്പൂര്‍ ജനതയ്ക്ക് മേല്‍ കെട്ടിവച്ച കരിനിയമത്തെ ദൂരെക്ക് വലിച്ചെറിയാന്‍ അവരുടെ സമരത്തിന് കഴിയുമായിരുന്നു. അതു വരെ ഞങ്ങളുടെ കൂടെ വേണ്ടിയിരുന്ന ഇറോം എല്ലാം അവസാനിപ്പിച്ച് രാഷ്ട്രീയമാര്‍ഗം സ്വീകരിക്കാന്‍ പാടില്ലായിരുന്നു''
അവരുടെ മുഖത്താകെ വല്ലാത്ത നിരാശയും അരിശവും നിറഞ്ഞു നിന്നിരുന്നു.
പിന്നീടവിടെ കണ്ടുമുട്ടിയവരും പങ്കിട്ടത്, ഏതാണ്ട് അതേ വികാരമായിരുന്നു. എല്ലാവരും ഒരൊറ്റ ദിവസം കൊണ്ട് ഇറോം ശര്‍മ്മിളയ്ക്ക് എതിരായി മാറിയിരുന്നു.
2019 മെയ് മാസം ബാംഗ്ലൂരിലെ ആശുപത്രിയില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്‍മം നല്‍കിയ ശേഷം ഇറോം ശര്‍മിള
മണിപ്പൂരികളുടെ മനസ്സ് എന്തെന്ന് പിന്നീടവര്‍ തെളിയിച്ചു. സ്വന്തം വീരനായികയെ തെരഞ്ഞെടുപ്പ് ഗോദയില്‍ അവര്‍ തൂത്തെറിഞ്ഞു. വെറുത്തു കഴിഞ്ഞിരുന്നു. മുഖ്യമന്ത്രിയാവാന്‍ രാഷ്ട്രീയത്തിലിറങ്ങിയ ഇറോം ശര്‍മിളയെ അടുത്ത തെരഞ്ഞെടുപ്പില്‍, ദുര്‍ബലയായൊരു സ്ഥാനാര്‍ത്ഥിക്കെതിരെ മല്‍സരിച്ചിട്ടുപോലും ജനങ്ങള്‍ പരാജയപ്പെടുത്തി. പഴയ സഹപ്രവര്‍ത്തകരും സമരസഖാക്കളുമെല്ലാം അവര്‍ക്ക് എതിരായി. 16 വര്‍ഷം അവര്‍ നാടിനു വേണ്ടി അനുഭവിച്ച പട്ടിണിയും ദുരിതങ്ങളും വേദനയുമെല്ലാം എല്ലാവരും മറന്നു.
ഭര്‍ത്താവ് ഡെസ്മണ്ട് കുടിനോയ്ക്കും ഇരട്ടക്കുഞ്ഞുങ്ങള്‍ക്കുമൊപ്പം ഇറോം ശര്‍മിള
അതു കഴിഞ്ഞിപ്പോള്‍ അഞ്ചു വര്‍ഷം കഴിഞ്ഞു. ഇറോം ശര്‍മിള ഇപ്പോള്‍ വാര്‍ത്തയല്ല. ആ പേരു പോലും എവിടെയും കേള്‍ക്കാറില്ല. ഒരിക്കല്‍ സൂര്യനെ പോലെ ജ്വലിച്ചുനിന്നിരുന്ന ആ ഓര്‍മ്മ പതിയെപ്പതിയെ മാഞ്ഞുതുടങ്ങി. ഇനിയുമൊരു അഞ്ച് വര്‍ഷം കഴിയുമ്പോള്‍, ഏത് ശര്‍മിള എന്നാരും ചോദിക്കുന്ന വിധത്തില്‍ കാലം മാറി, ഒപ്പം മണിപ്പൂരും ഇന്ത്യയും.
Read More:
16 വര്‍ഷത്തെ നിരാഹാര സമരം ഇറോം ശര്‍മിള അവസാനിപ്പിച്ചു
മണിപ്പൂരിലെ ജനങ്ങള്‍ തെറ്റിദ്ധരിപ്പിച്ചു; ഇറോം ശര്‍മിള മനസു തുറക്കുന്നു
ഇറോം ശര്‍മിള തോറ്റുമടങ്ങുമ്പോള്‍
ഇനി ഒരിക്കലും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഇറോം ഷര്‍മ്മിള
മണിപ്പൂരിന്‍റെ സമര നായികയ്ക്ക് ഇനി ജീവിതത്തിന്‍റെ മധുരം; വിവാഹം കേരളത്തില്‍
ഇറോം ഷര്‍മ്മിളയ‌്‌ക്ക് പ്രണയസാഫല്യം; വിവാഹം കൊടൈക്കനാലില്‍
ഇറോം ശര്‍മിള; തിരിച്ചു വരാതിരിക്കാന്‍ നിനക്കാവില്ല!