'പോവുന്നെങ്കിൽ എന്റെ നെഞ്ചത്തൂടെ...' - പട്ടാള ടാങ്കിനെ ഭയക്കാത്ത ആ മനുഷ്യന്‍ ആരായിരുന്നു?
ആ ക്ഷുഭിതയൗവ്വനത്തിന് പിന്നെന്തുപറ്റി എന്നതിനെപ്പറ്റിയുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. ആ ടാങ്കോടിച്ചിരുന്ന സാമാന്യം മനുഷ്യപ്പറ്റുള്ള പട്ടാളക്കാരനും പിന്നെ എന്തുപറ്റി എന്നറിവില്ല.
ടിയാനൻമെൻ സ്ക്വയർ വെടിവെപ്പ് എന്ന് കേൾക്കുമ്പോൾ ആരുടെയും മനസ്സിലേക്ക് ഓടിവരുന്ന മറ്റൊരു ചിത്രമുണ്ട്. അത് ഏറെ പ്രസിദ്ധമായ ഒരു ന്യൂസ് ഫോട്ടോഗ്രാഫ് ആണ്. ബെയ്ജിങ്ങിലെ ഏതോ തെരുവിലൂടെ നിരനിരയായി കടന്നുവരുന്ന പീപ്പിൾസ് ലിബറേഷൻ ആർമിയുടെ യുദ്ധടാങ്കുകൾ. ആ ടാങ്ക് പരേഡിന്റെ മുന്നിൽ അതിനെ കടന്നുപോവാൻ അനുവദിക്കാതെ തടഞ്ഞു നിർത്തിക്കൊണ്ട് നെഞ്ചും വിരിച്ച് നിൽക്കുന്ന അജ്ഞാതനായ ഒരു പ്രക്ഷോഭകാരി.
ഈ ചിത്രം എടുത്തിരിക്കുന്നത് 1989 ജൂൺ 5 -നാണ്. ആ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്. പട്ടാളത്തിന്റെ കല്പനകൾ അനുസരിക്കാതിരുന്നാൽ, അതിനി നിരായുധരായ കോളേജ് വിദ്യാർത്ഥികളായാലും, കൗതുകം മൂത്ത വഴിപോക്കരായാലും യന്ത്രത്തോക്കിൽ നിന്നും ഉതിരുന്ന ഉണ്ടയുടെ രുചിയറിയും എന്ന് ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമി എന്ന സൈന്യം സ്വന്തം പൗരന്മാരോടും ലോകത്തോടുതന്നെയും പ്രവൃത്തിയിലൂടെ തെളിയിച്ചിട്ട് നേരത്തോടു നേരം തികഞ്ഞിട്ടില്ല അന്നേക്ക്. തൊട്ടു തലേന്ന് സൈന്യത്തിന്റെ വെടിയുണ്ടകളേറ്റ് ടിയാനൻമെൻ സ്‌ക്വയറിലും പരിസരങ്ങളിലുമായി ചത്തുമലച്ചത് പതിനായിരത്തോളം യുവ വിദ്യാർത്ഥികളാണ്. ആ നരസംഹാരത്തിനു ശേഷവും നാട്ടിൽ കലാപമുണ്ടാക്കിയവരെയും അതിന് പ്രേരിപ്പിച്ചവരെയും ഗൂഢാലോചന നടത്തിയവരെയും, എന്തിന് കലാപകാരികൾക്ക് ചായ കൊണ്ടുകൊടുത്തവരെ വരെ വെറിപൂണ്ടുനടന്ന പട്ടാളം കഴുവേറ്റിക്കൊണ്ടിരുന്ന കാലത്ത്, ഇങ്ങനെയൊരു ധൈര്യം കാണിച്ച് ഈ യുവാവ് ആരാണ്..? അറിയില്ല. അന്നും ഇന്നും.. ലോകം അയാളെ 'ടാങ്ക് മാൻ' എന്നാണ് വിളിച്ചത്.
ടിയാനൻമെൻ സ്ക്വയറിന്റെ വടക്കുപടിഞ്ഞാറേ മൂലയ്ക്കലാണ് ഈ സംഭവം നടക്കുന്നത്. കൃത്യമായി പറഞ്ഞാൽ ചാൻഗൻ അവന്യൂവിനടുത്ത്. ആ വ്യൂഹം പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ടൈപ്പ് 59 ടാങ്കുകളുടേതായിരുന്നു. ടൈം മാഗസിനുവേണ്ടി അന്ന് ചൈനയിൽ റിപ്പോർട്ടുചെയ്യാൻ ചെന്ന സ്റ്റുവർട്ട് ഫ്രാങ്ക്‌ളിൻ എന്ന പത്ര ഫോട്ടോഗ്രാഫറാണ് ഈ വിഖ്യാതമായ ചിത്രം പകർത്തുന്നത്. അദ്ദേഹം പിന്നീട് ഈ സംഭവത്തെപ്പറ്റി ഓർക്കുന്നത് ഇങ്ങനെയാണ്, "ഞാൻ ആദ്യം കരുതി ഇയാൾ എന്റെ പെർഫെക്ട് ആയ ഫ്രെയിം തകരാറിലാക്കുമല്ലോ എന്ന്. ലോകം ഏറെ ചർച്ച ചെയ്യാൻ പോവുന്ന ഒരു ഫോട്ടോ ആണ് എന്റെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കാൻ പോവുന്നതെന്ന് ഞാൻ അപ്പോൾ ഓർത്തതേയില്ല. ഇടയ്ക്കിടെ യന്ത്രത്തോക്കുകൾ മുരളുന്ന ഒച്ച കേൾക്കാമായിരുന്നു. ടാങ്കുകൾ പോവുന്നതിന്റെ ശബ്ദവും. അപ്പോഴാണ് ഈ ടാങ്ക് പരേഡിനെ ഒറ്റയ്ക്ക് തടഞ്ഞു നിർത്തിക്കൊണ്ട് ഈ പ്രക്ഷോഭകാരി എന്റെ വ്യൂ ഫൈൻഡറിലേക്ക് കടന്നുവരുന്നത്... അയാൾ ടാങ്കിനെ പോവാൻ അനുവദിക്കാതെ ഒറ്റയ്ക്ക് തന്റെ ശരീരം കൊണ്ട് തടഞ്ഞു നിർത്തിക്കൊണ്ടിരുന്നു. അയാളെ മെതിച്ചുകൊണ്ട് കടന്നു പോവുന്നതിനുപകരം ആ പട്ടാള ടാങ്ക് അതിന്റെ എഞ്ചിൻ ഓഫ് ചെയ്ത അവിടെ നിർത്തി. ഒപ്പം പിന്നാലെ വന്ന ടാങ്കുകളും."
ടാങ്ക് നിർത്തി എന്നുകണ്ടപ്പോൾ അയാൾ അതിന്റെ മുകളിലേക്ക് വലിഞ്ഞു കയറി. ഓപ്പറേറ്ററുടെ ഹാച്ചിന് അടുത്തെത്തി അതിനുള്ളിലിരുന്ന പട്ടാളക്കാരനോട് എന്തോ പറഞ്ഞു. എന്നിട്ട് താഴേക്കിറങ്ങി. ടാങ്കിന്റെ ഹാച്ച് തുറക്കുന്നതും ടാങ്ക് കമാണ്ടർ തല പുറത്തേക്കിട്ടു നോക്കുന്നതും ഒക്കെ കാണാം. അതിനു ശേഷം ടാങ്കുകളുടെ എഞ്ചിൻ വീണ്ടും സ്റ്റാർട്ടാവുന്നു. വീണ്ടും അവ മുന്നോട്ടു പോവാൻ ശ്രമിക്കുന്നു എന്ന് കണ്ടപ്പോൾ അയാൾ വീണ്ടും ആ വ്യൂഹത്തിനു മുന്നിലേക്ക് എടുത്തുചാടി തന്റെ ധർണ തുടരുന്നു.
ആ ദൃശ്യത്തിന്റെ തുടർച്ചയിൽ പിന്നെ കാണുന്നത് എവിടെ നിന്നോ ഫ്രയിമിലേക്ക് വരുന്ന രണ്ടു നീലവസ്ത്രധാരികൾ ആ പ്രക്ഷോഭകാരിയെയും കൊണ്ട് എങ്ങോട്ടോ മറയുന്നതും ടാങ്കുകൾ പരേഡ് തുടരുന്നതുമാണ്. അയാളെ പിടിച്ചുകൊണ്ടുപോയവർ ആരെന്ന് കൃത്യമായ വിവരമില്ല. പ്രാദേശിക പത്രലേഖകർ പറയുന്നത് അത് ചൈനീസ് രഹസ്യപ്പോലീസുകാരാണ് എന്നാണ്.
ആ ക്ഷുഭിതയൗവ്വനത്തിന് പിന്നെന്തുപറ്റി എന്നതിനെപ്പറ്റിയുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. ആ ടാങ്കോടിച്ചിരുന്ന സാമാന്യം മനുഷ്യപ്പറ്റുള്ള പട്ടാളക്കാരനും പിന്നെ എന്തുപറ്റി എന്നറിവില്ല. ഈ ചിത്രങ്ങൾ മാത്രം ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ അക്കാലത്ത് ചൈനയെ കലുഷിതമാക്കിയിരുന്ന വിദ്യാർത്ഥി വിപ്ലവത്തിന്റെ 'ഐക്കോണിക്ക്' ചിത്രങ്ങൾ എന്ന നിലയിൽ കൊണ്ടാടി. വർഷാവർഷം ടിയാനൻ മെൻ സ്‌ക്വയർ കൂട്ടക്കൊലയുടെ ഓർമ പുതുക്കാൻ ഇതേ ചിത്രങ്ങൾ എത്രയോ വട്ടം ലോകമെമ്പാടുമുള്ള ജനങ്ങൾ പങ്കുവെച്ചു.
'ടിയാനൻമെൻ ടാങ്ക് മാനെപ്പറ്റി' സ്ഥിരീകരിക്കപ്പെടാത്തതാണെങ്കിലും ഒരു വിവരം ഒരിക്കൽ സൺഡേ എക്സ്പ്രസ്സ് എന്ന പത്രം പുറത്തുവിടുകയുണ്ടായി. അത് പത്തൊമ്പതുകാരനായ വാങ്ങ് വെയ് ലിൻ എന്ന വിദ്യാർത്ഥിയായിരുന്നു എന്നാണ് അവർ പറയുന്നത്. അയാൾക്കുമേലെ ചൈനീസ് പോലീസ് 'ഗുണ്ടാ ആക്റ്റ് ' ചുമത്തി കേസെടുത്തു. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ കൃത്യനിർവഹണത്തിനു വിഘാതം സൃഷ്ടിച്ചു എന്നതായിരുന്നു അന്ന് ചാർത്തപ്പെട്ട മറ്റൊരു കുറ്റം. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ രേഖകളിൽ ഇങ്ങനെ ഒരാളെപ്പറ്റി പരാമർശങ്ങളില്ല. "മാധ്യമങ്ങൾ ഇങ്ങനെ ഒരു പേര് പറയുന്നത് കേട്ടിരുന്നു. അന്വേഷിച്ചപ്പോൾ മരിച്ചവരുടെയോ കാണാതെ ആയവരുടെയോ കൂട്ടത്തിൽ ഇങ്ങനെ ഒരു പേരുകാരൻ ഉണ്ടായിരുന്നതായി കണ്ടില്ല..." എന്നായിരുന്നു പാർട്ടിയുടെ മറുപടി. ആ നീലക്കുപ്പായക്കാർ അയാളെ നേരെ കൊണ്ടുപോയത് ജയിലിലേക്കായിരുന്നു എന്നും അവിടെ നിന്നും രണ്ടാഴ്ചയ്ക്കകം അയാളെ ഫയറിങ്ങ് സ്‌ക്വാഡിന് മുന്നിലേക്കും കൊണ്ട് ചെന്ന് നിർത്തി എന്നും സ്ഥിരീകരിക്കപ്പെടാത്ത ഒരു വിവരമുണ്ട്.