വിജയ് വരുമോ, രജനിയും കമല്‍ ഹാസനും കോര്‍ക്കുമോ; താരങ്ങള്‍ക്കു ചുറ്റും വീണ്ടും തമിഴ് രാഷ്ട്രീയം
തമിഴക രാഷ്ട്രീയം വീണ്ടും സൂപ്പര്‍ താരങ്ങള്‍ക്കു ചുറ്റും കറങ്ങുകയാണോ? ഈ മാറ്റം ഏത് രാഷ്ട്രീയ കക്ഷിക്കാണ് ഗുണം ചെയ്യുക? ഏഷ്യാനെറ്റ് ന്യൂസ് ചെന്നൈ ലേഖകന്‍ മനു ശങ്കര്‍ എഴുതുന്ന രാഷ്ട്രീയ വിശകലനം
തെരഞ്ഞെടുപ്പ് കാലത്ത് തരം പോലെ സഖ്യമുണ്ടാക്കുന്ന രീതി തമിഴകത്ത് പുതുമയല്ല. ഏപ്രില്‍ പതിനാലിന് ശേഷം പാര്‍ട്ടി പ്രഖ്യാപനത്തിന് രജനീകാന്ത് ഒരുങ്ങുമ്പോള്‍, ഒരു വര്‍ഷത്തിനകമെത്തുന്ന തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സംസ്ഥാന വ്യാപക പ്രചാരണത്തിന് ഒരുങ്ങുകയാണ് കമല്‍ഹാസന്‍. എംജിആര്‍, കരുണാനിധി, ജയലളിത കാലഘട്ടങ്ങള്‍ക്ക് ശേഷം തമിഴകത്ത് വീണ്ടും താരകേന്ദ്രീകൃത രാഷ്ട്രീയം വേരുറപ്പിക്കുകയാണ്.
കെട്ടഴിഞ്ഞ ദ്രാവിഡ രാഷ്ട്രീയത്തിന്റെ കടിഞ്ഞാണ്‍ എത്തിപ്പിടിക്കാനുള്ള പരക്കം പാച്ചിലിലാണ് തമിഴകത്തെ രാഷ്ട്രീയ കേന്ദ്രങ്ങള്‍. അണ്ണാ ഡിഎംകെയുടെ തകര്‍ച്ചയും അതുവഴി മുഖ്യമന്ത്രിക്കസേരയും സ്വപ്നം കണ്ട സ്റ്റാലിന് എതിരാളികള്‍ ഏറുകയാണ്. ദ്രാവിഡ രാഷ്ട്രീയം മാത്രം ശീലിച്ച തമിഴരുടെ മനസ്സിലേക്ക് കേട്ടുകേള്‍വിയില്ലാത്ത ആശയങ്ങളാണ് പുതുതായി കടന്നുവരുന്നത്. ആംആദ്മി മാതൃകയിലുള്ള സര്‍ക്കാരെന്ന അവകാശവുമായി കമല്‍ഹാസനും ആത്മീയ രാഷ്ട്രീയ ആശയം ഉയര്‍ത്തി കളം നിറയുന്ന രജനീകാന്തിനും മുഖ്യമന്ത്രി സ്ഥാനത്തില്‍ കുറഞ്ഞൊരു ലക്ഷ്യമില്ല. എന്നാല്‍, സഖ്യനീക്കങ്ങളേക്കാള്‍ തമിഴകത്തെ ചര്‍ച്ച ആദായ നികുതി വകുപ്പിന്റെ നാടകീയ നീക്കങ്ങളാണ്. ഇളയദളപതിയേയും തലൈവരെയും കേന്ദ്രസര്‍ക്കാരിന്റെ തല്ലും തലോടലുമായി ചിത്രീകരിക്കുകയാണ് ജനത. സൂപ്പര്‍സ്റ്റാറുകള്‍ക്ക് ചുറ്റും രാഷ്ട്രീയ അച്ചുതണ്ട് കറങ്ങുന്നു, സസ്‌പെന്‍സ് ത്രില്ലറിനെ വെല്ലുന്ന ആകാംക്ഷയോടെ...
നേരം ഇരുട്ടിവെളുക്കുമ്പോഴേക്കും നിലപാടില്‍ മലക്കം മറഞ്ഞ രജനീകാന്തിന്റെ പ്രതികരണത്തിലെ ഞെട്ടല്‍ വിട്ടുമാറും മുമ്പാണ് നടന്‍ വിജയിയെ തേടി മാസ്റ്ററിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തുന്നത്. ആരും കാവിപുതപ്പിക്കാന്‍ ശ്രമിക്കേണ്ടെന്ന് പറഞ്ഞ് കമല്‍ഹാസനൊപ്പമുള്ള സഖ്യസാധ്യതകള്‍ ചര്‍ച്ചയാകുന്നതിനിടയിലാണ് പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് രജനീകാന്ത് രാഷ്ട്രീയകേന്ദ്രങ്ങളെ അമ്പരപ്പിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് രജനീകാന്തിനെതിരായ മൂന്ന് ആദായ നികുതി വകുപ്പ് കേസുകള്‍ അവസാനിപ്പിച്ചത് കൂട്ടിച്ചേര്‍ത്ത് ഡിഎംകെ രാഷ്ട്രീയ പുറപ്പാട് കടുപ്പിച്ചു. അന്ന് വൈകിട്ടോടെയാണ് ഇളയദളപതിയെ ഷൂട്ടിങ്ങ് ലൊക്കേഷനിലെത്തി ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. ഇതോടെ രാഷ്ട്രീയ പകപോക്കലെന്ന വ്യഖ്യാനം ശക്തമായി.
തമിഴ്‌നാട്ടിലെ അവസാന ഗ്രാമത്തിലെ ഒടുവിലത്തെ വീട്ടിലും തന്റെ സിനിമകളിലൂടെ രാഷ്ട്രീയ സന്ദേശം എത്തിക്കാനുള്ള താരമൂല്യമുണ്ട് വിജയിക്ക്. വിമര്‍ശനങ്ങള്‍ രാഷ്ട്രീയ കേന്ദ്രങ്ങളെ അസ്വസ്ഥമാക്കുന്നതിന് കാരണവും ഇത് തന്നെ. മെര്‍സല്‍, സര്‍ക്കാര്‍ തുടങ്ങി ബിഗില്‍ സിനിമയിലെ ഓഡിയോ ലോഞ്ചില്‍ വരെ വിജയ് കേന്ദ്രസര്‍ക്കാരിന്റെയും അണ്ണാഡിഎംകെയുടേയും നയങ്ങളെ കണക്കറ്റ് വിമര്‍ശിച്ചിരുന്നു. 60 കോടി പ്രതിഫലം വാങ്ങുന്ന രജനീകാന്ത് ചിത്രങ്ങളേക്കാള്‍ ബോക്‌സോഫീസില്‍ ഇക്കാലയളവില്‍ നിറഞ്ഞോടിയത് 30 കോടി പ്രതിഫലം കൈപ്പറ്റുന്ന ഇളയദളപതി സിനിമകളാണ്. സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കാനിരിക്കുന്ന പുതിയ ചിത്രത്തിന് ഇളയദളപതിയുടെ പ്രതിഫലം 50 കോടിയെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ആദായ നികുതി വകുപ്പ് പരിശോധനയുടെ പേരില്‍ താരം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. വിഷയം പാര്‍ലമെന്റില്‍ രാഷ്ട്രീയ ആയുധമാക്കിക്കഴിഞ്ഞു, ഡിഎംകെ.
ബിഗില്‍ സിനിമയ്ക്ക് പണം നല്‍കിയ പലിശയിടപാടുകാരന്‍ അന്‍പു ചെഴിയന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പരിശോധനയാണ് വിജയിയിലേക്ക് നീങ്ങിയതെന്ന് ആദായ നികുതി വകുപ്പ് വിശദീകരിക്കുന്നു. നാല് ദിവസങ്ങളിലായി ചെന്നൈയിലെയും മധുരയിലേയും അന്‍പു ചെഴിയന്റെ ഓഫീസുകളില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് 165 കോടിയിലധികം രൂപയുടെ നികുതിവെട്ടിപ്പാണ്. തമിഴ് സിനിമയെ അടക്കിവാഴുന്ന, രാഷ്ട്രീയത്തിലും പൊലീസിലും ശക്തമായ സ്വാധീനമുള്ള അന്‍പു ചെഴിയനെതിരായ നടപടി ധീരമെന്ന് അവകാശപ്പെടുന്നവരും നിരവധിയാണ്. ബിഗില്‍ നിര്‍മ്മാതാക്കളായ എജിഎസ് സിനിമാസിന്റെ ഉടമകളുടെ ഇടപാടുകളും ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. മുന്നൂറ് കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രത്തിന് തെറ്റായ രേഖകളാണ് സമര്‍പ്പിച്ചതെന്ന് ആദായ നികുതി വകുപ്പ് സംശയിക്കുന്നു. വിജയിയുടെ വസതിയില്‍ നിന്ന് പണമോ മറ്റ് അനധികൃത ഇടപാടുകളുടെ രേഖകളോ കണ്ടെത്തിയതായി പറയുന്നില്ലെങ്കിലും താരത്തിന്റെ സ്വത്ത് വിവരങ്ങള്‍ സൂക്ഷ്മപരിശോധനയിലാണ്. വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതും നടപടികള്‍ തുടരുമെന്ന് വ്യക്തമാക്കുന്നു.
ആദായ നികുതി വകുപ്പ് പരിശോധനയ്ക്ക് പിന്നാലെ വിജയിയുടെ രാഷ്ട്രീയ പ്രവേശനം അവകാശപ്പെട്ട് ആരാധകര്‍ രംഗത്തെത്തിക്കഴിഞ്ഞു. ജഗന്‍മോഹന്‍ റെഡ്ഢിക്കും പ്രശാന്ത് കിഷോറിനുമൊപ്പമുള്ള പോസ്റ്ററുകളാണ് വിജയ് മക്കള്‍ ഇയക്കത്തിന്റെ പേരില്‍ മധുരയില്‍ പ്രത്യക്ഷപ്പെട്ടത്. രണ്ട് ദിവസം പരിശോധന നടത്തിയിട്ടും കണക്കില്‍പെടാത്തതൊന്നും കണ്ടെത്തിയില്ലെന്നും തങ്ങളുടെ ആരാധനാപാത്രം സംശുദ്ധമെന്നും ഇവര്‍ വാദിക്കുന്നു.
അണ്ണാഡിഎംകെ ഡിഎംകെ പാര്‍ട്ടികളെ ഒഴിവാക്കിയും ഇതരകക്ഷികളെ ഒപ്പം കൂട്ടിയും ബദല്‍ രാഷ്ട്രീയ ശക്തിയായി മാറാനുള്ള നീക്കത്തിലാണ് രജനീകാന്ത്. സ്വാധീനമുള്ള സഖ്യകക്ഷികളുടെ പിന്‍ബലമില്ലാതെ തിരഞ്ഞെടുപ്പിനെ നേരിടുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് താരം. വടക്കന്‍ തമിഴ്‌നാട്ടില്‍ ജാതികേന്ദ്രീകൃത വോട്ടുകളില്‍ കൃത്യമായ സ്വാധീനമുള്ള പിഎംകെയുമായി സഖ്യത്തിനുള്ള ശ്രമം ഇത് ലക്ഷ്യമിട്ടാണ്.
ബിജെപിയുടെ പരോക്ഷ പിന്തുണയുണ്ടായാല്‍ പിഎംകെ രജനി പാളയത്തിലേക്ക് മാറാനുള്ള സാധ്യതയേറെയാണ്. മറുകണ്ടം ചാടാന്‍ പല പ്രമുഖ നേതാക്കളും തയ്യാറെന്നാണ് രജനീകാന്തിന്‍റെ രാഷ്ട്രീയ ഉപദേശകന്‍ തമിഴരുവി മണിയന്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലെ വെളിപ്പെടുത്തല്‍. അണ്ണാഡിഎംകെയില്‍ അസ്വസ്ഥരായ ഒ പനീര്‍സെല്‍വം പക്ഷത്തെ പ്രമുഖ നേതാക്കള്‍ രജനിക്കൊപ്പം ചേരുമെന്നാണ് വെളിപ്പെടുത്തല്‍. മുന്‍ എംപി കെ സി പളനിസ്വാമി, മുന്‍ എംഎല്‍എ പഴ കറുപ്പയ എന്നിവരുമായി ഒരുവട്ടം ചര്‍ച്ച നടന്നു കഴിഞ്ഞു. ബിജെപി നേതാവ് എസ് ഗുരുമൂര്‍ത്തിയുടെ ശ്രമഫലമായാണ് രജനീകാന്ത് രാഷ്ട്രീയ അങ്കത്തിന് ഇറങ്ങുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിജെപിയുമായി ചേര്‍ന്ന് നില്‍ക്കുന്ന ആത്മീയ രാഷ്ട്രീയമാണ് താരം ഇപ്പോള്‍ മുന്നോട്ട് വയ്ക്കുന്നതും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപിയുമായി നേരിട്ട് സഖ്യത്തിന് തയ്യാറാകില്ലെന്നാണ് വിലയിരുത്തല്‍.
അതേസമയം ബിജെപി പിന്തുണ അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കമല്‍ഹാസന്‍. അഴിമതി പാര്‍ട്ടികള്‍ക്ക് പകരം ദില്ലിയിലേത് പോലൊരു രാഷ്ട്രീയപ്പുലരിയുണ്ടാകുമെന്ന് അവകാശപ്പെടുന്നു, കമല്‍. കെജ്‌രിവാള്‍ സാധാരണക്കാരനായ മുഖ്യമന്ത്രിയെങ്കില്‍ താന്‍ തമിഴ്‌നാട്ടിലെ സാധാരണക്കാരുടെ മുഖ്യമന്ത്രിയാകുമെന്നാണ് അവകാശവാദം. രജനീകാന്തുമായി സഖ്യസാധ്യതകള്‍ സജീവമെന്ന് ആവര്‍ത്തിച്ചിരുന്ന കമല്‍ നിലവില്‍ ആ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നില്ല. രജനീകാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷം, സഖ്യകാര്യം തീരുമാനിക്കുമെന്നാണ് നിലപാട്. ഇതിനിടെ കമല്‍ഹാസനെ ഡിഎംകെ സഖ്യത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് തമിഴ്‌നാട് നേതൃത്വം രംഗത്തെത്തിയത് രാഷ്ട്രീയ സസ്‌പെന്‍സ് തുടരുമെന്ന് വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് തരം പോലെ സഖ്യമുണ്ടാക്കുന്ന രീതി തമിഴകത്ത് പുതുമയല്ല. ഏപ്രില്‍ പതിനാലിന് ശേഷം പാര്‍ട്ടി പ്രഖ്യാപനത്തിന് രജനീകാന്ത് ഒരുങ്ങുമ്പോള്‍, ഒരു വര്‍ഷത്തിനകമെത്തുന്ന തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സംസ്ഥാന വ്യാപക പ്രചാരണത്തിന് ഒരുങ്ങുകയാണ് കമല്‍ഹാസന്‍. എംജിആര്‍, കരുണാനിധി, ജയലളിത കാലഘട്ടങ്ങള്‍ക്ക് ശേഷം തമിഴകത്ത് വീണ്ടും താരകേന്ദ്രീകൃത രാഷ്ട്രീയം വേരുറപ്പിക്കുകയാണ്.