'മക്കളാണ്.. വേണമെന്ന് പറയരുത്! തരില്ല...' വട്ടിയൂര്‍ക്കാവിലെ സൈക്കിള്‍ പ്രേമി പറയുന്നു...

BSNL'ൽ അക്കൗണ്ട്സ് ഓഫീസർ ആയി വിരമിച്ച സുകുമാരൻ നായർ പുരാവസ്തുക്കളെ ഏറെ വൈകാരികമായി സമീപിക്കുന്ന ഒരാളാണ്. ഒരുപക്ഷേ, ഇന്ത്യയിലെ ഏറ്റവും പഴയ സൈക്കിളുകളിൽ ഒന്നിന്റെ ഉടമയാണ് അദ്ദേഹം. 

sukumaran nair speaking about his cycle collection

തിരുവനന്തപുരം: ഇന്ന് ലോക 'സൈക്കിൾ' ദിനം. ലോകം 'ബൈസിക്കിൾ' എന്നും നമ്മൾ മലയാളികൾ വെറും 'സൈക്കിളെന്നും' പറയുന്ന ഈ ഇരുചക്ര വാഹനം,  കൈവിട്ടുപോയ ഒരു കാലത്തിന്റെ ഗൃഹാതുരസ്മരണ പകരുന്ന പ്രതീകമാണ്. മലയാളികളിൽ പലരും ആദ്യമായി സ്വന്തമാക്കിയ വാഹനം ഒരുപക്ഷേ, സൈക്കിൾ തന്നെയാവും. അച്ഛന്റെ സൈക്കിളിന്റെ സീറ്റിനു മുന്നിലെ കമ്പിയിൽ പിടിപ്പിച്ച കുഞ്ഞു സീറ്റിലിരുന്ന് യാത്ര ചെയ്തതിന്റെ മങ്ങിയതെങ്കിലും ഒരോർമ്മ കാണും പലർക്കും. 

ആ സൈക്കിളുകളിൽ നാട്ടിലെ പെൺകുട്ടികളുടെ പിന്നാലെ ചുറ്റി നടന്നത്. പ്രേമിക്കുന്ന പെങ്കുട്ടിയെ സൈക്കിളിന്റെ മുന്നിലെ ഹാൻഡിൽ ബാറിൽ ഇരുത്തി മതിവരുവോളം നാടുചുറ്റിയത്. ദേഷ്യമുള്ളവരുടെ സൈക്കിളിന്റെ കാറ്റഴിച്ചു വിട്ടിരുന്നത്. അങ്ങനെ എത്രയെത്ര സൈക്കിളോർമ്മകളാണെന്നോ..!  നമ്മുടെ ഒരു സൈക്കിൾ ബെല്ലിന് കാതോർത്ത് ഇടവഴികളിൽ എത്ര കാമുകിമാരാണ് കാത്ത് നിന്നിട്ടുണ്ടാവുക. സൈക്കിളെന്ന വന്യമൃഗത്തെ മെരുക്കുന്നത് ലോകം കീഴടക്കുന്ന പ്രതീതിയായിരുന്നു തന്നിരുന്നത്. നാട്ടിലെ പല ബാലികേറാ മലകളും നമ്മൾ  സൈക്കിളിന് കണ്ണുവെക്കും. പലവട്ടം പരാജയം നുണഞ്ഞിട്ടാണെങ്കിലും ഒരു ദിവസം നമ്മളെ മല ചവിട്ടിക്കേറും. എന്നിട്ട് വിശ്വം ജയിച്ചവനെപ്പോലെ രണ്ടു കയ്യും വിടർത്തി ഇറക്കത്തിലൂടെ പറന്നിറങ്ങും. നമ്മുടെ കാതുകളിൽ അപ്പോൾ കാറ്റ് ചൂളം കുത്തും. സിനിമകളിൽ കണ്ടു ശീലിച്ച സൈക്കിൾ യാത്രികരെ അനുകരിച്ച് അന്ന് പലരും പത്രവിതരണക്കാരായി, സർക്കസുകാരായി. പാൽ, മീൻ, തപാൽ അങ്ങനെ അന്ന് ഈ ഇരുചക്രവാഹനം കരുത്തേകിയത് പല തുറയിലുള്ളവരുടെ ജീവിതങ്ങൾ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള പെടാപ്പാടുകൾക്കാണ്.

ഈ 'ലോക സൈക്കിൾ ദിന'ത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് ഒരു യഥാർത്ഥ സൈക്കിൾ പ്രേമിയെയാണ്. ഈ ഇരുചക്ര വാഹനത്തിന്റെ ചരിത്രഗതിയിലെ അമൂല്യമായ പല സൈക്കിളുകളും സ്വന്തമായുണ്ട് ഇദ്ദേഹത്തിന്. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ സുകുമാരൻ നായരാണ് ഈ സൈക്കിൾ പ്രേമി. അദ്ദേഹത്തിന് ഇന്ന് സ്വന്തമായുള്ളത് 6 സൈക്കിളുകളാണ്. ഓരോന്നും അതാതിന്റെ സവിശേഷതകൾ കൊണ്ട് 'അനന്യം' എന്ന് തന്നെ പറയാവുന്നവ.  sukumaran nair speaking about his cycle collection

BSNL'ൽ അക്കൗണ്ട്സ് ഓഫീസർ ആയി വിരമിച്ച സുകുമാരൻ നായർ പുരാവസ്തുക്കളെ ഏറെ വൈകാരികമായി സമീപിക്കുന്ന ഒരാളാണ്. ഒരുപക്ഷേ, ഇന്ത്യയിലെ ഏറ്റവും പഴയ സൈക്കിളുകളിൽ ഒന്നിന്റെ ഉടമയാണ് അദ്ദേഹം.  1907-ൽ നിർമിക്കപ്പെട്ട 'ഗോൾഡൻ' മോഡൽ 'സൺബീം' ആണ് ഈ അമൂല്യ വാഹനം. 112  വർഷത്തെ പഴക്കമുണ്ട് ഇതിന്.  ഒറ്റയടിക്ക് ഈ സൈക്കിളിനെ തിരിച്ചറിയാൻ സഹായിക്കുന്നത് അതിന്റെ പേറ്റന്റഡ് അലുമിനിയം പെഡൽ ഡിസൈൻ ആണ്. സാധാരണ സൈക്കിളുകളുടെ പെഡൽ രണ്ടു പീസ് ചേർന്നതായിരിക്കും. ഇത് നാലു പാർട്ടുകൾ ഒന്നിച്ചു ചേർത്ത് ഘടിപ്പിച്ച ഒരു സവിശേഷ ഡിസൈൻ ആയിരുന്നു ഗോൾഡണിന്റെ പെഡലിന്റേത്. 1889 -ലാണ് ആദ്യമായി 'സൺബീം' ഒരു സൈക്കിൾ വിപണിയിലിറക്കുന്നത് . നൂറിലധികം വർഷം പഴക്കമുള്ള ഇതിന്റെ ഡൺലപ്പ് റിമ്മിൽ തുരുമ്പിന്റെ ഒരു സ്‌പോട്ടുപോലും കാണിച്ചു തരാനാവില്ല. അത്രയ്ക്കുണ്ട് അതിന്റെ ക്വാളിറ്റി.  

112 വര്‍ഷം പഴക്കമുള്ള സൈക്കിള്‍ മുതലിങ്ങോട്ട്, മലയാളിയുടെ സൈക്കിള്‍ ശേഖരം; ചിത്രങ്ങള്‍

സുകുമാരൻ നായരുടെ ശേഖരത്തിലെ അടുത്ത അമൂല്യവസ്തു നൂറു വർഷം പഴക്കമുള്ള 'ഇംഗ്ലണ്ട്' റാലി( Rayleigh) 'ആൾ സ്റ്റീൽ' ഫുൾ ഓപ്‌ഷൻ സൈക്കിളാണ്. റാലി എന്നത് സൈക്കിളുകളുടെ ലോകത്തെ ഹാർലി ഡേവിഡ്‌സൺ ആണ്. ഫുൾ ഓപ്‌ഷൻ എന്നൊക്കെ സൈക്കിളിന്റെ കാര്യത്തിൽ പറയാമോ എന്നാവും. അന്നത്തെ സൈക്കിളുകൾക്ക് ലക്ഷ്വറി ആയിരുന്ന പല സംവിധാനങ്ങളും തികഞ്ഞ ഒരു സൈക്കിളായിരുന്നു ഇത്. സംവിധാനങ്ങൾ എന്ന് പറഞ്ഞാൽ 3  ഗിയർ സിസ്റ്റം, ഡ്രം ബ്രേക്ക്, മുൻ ചക്രത്തിലെ ഡ്രം ബ്രേക്കിനൊപ്പം ഉള്ള ഡൈനാമോ, കറങ്ങിമുഴങ്ങുന്ന ബെൽ അങ്ങനെ ഒരു വിധം എല്ലാ സംവിധാനങ്ങളും ചേർന്നതായിരുന്നു ഈ ലക്ഷ്വറി മോഡൽ സൈക്കിൾ. ഇത് സുകുമാരൻ നായർ സ്വന്തമാക്കിയത് ഒരു ആന്റിക് കച്ചവടക്കാരന് ഇരുപത്തയ്യായിരം രൂപ നൽകിയായിരുന്നു. 

അടുത്തത് 'ഹംബർ' എന്ന മോഡലാണ്. ചുരുങ്ങിയത് 70  വർഷത്തെ പഴക്കമുണ്ട്  ഈ സൈക്കിളിനും എന്നാണ്  അദ്ദേഹം പറയുന്നത്. മുന്‍ചക്രം പിടിപ്പിക്കുന്ന 'ഫോർക്ക്' എന്ന ഭാഗമാണ് ഇതിനെ പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കുന്നത്. മറ്റുള്ള സൈക്കിളുകളിൽ നിന്നും വ്യത്യസ്തമായി 'ഡുപ്ലെക്സ്  ഫോർക്ക് ' ഡിസൈൻ ആണ് ഹംബറിന്. 1949 -ൽ ഇന്ത്യയിൽ റാലി നിർമിച്ചു വിറ്റിരുന്ന ഒരു മോഡലായിരുന്നു  ഹംബർ  'ഡുപ്ലെക്സ്  ഫോർക്ക് '. 

അടുത്ത മോഡൽ 'റോബിൻ ഹുഡ്' ആണ്. 1960  മുതൽ ഇന്ത്യയിൽ റാലി നിർമിച്ചു വിറ്റിരുന്ന ഒരു ബ്രാൻഡ് ആയിരുന്നു 'റോബിൻഹുഡ്' സൈക്കിളുകൾ. മുൻവശത്തെ ചക്രത്തെ ഫ്രയിമുമായി ബന്ധിപ്പിച്ചിരുന്ന ഫോർക്കിന്റെ ഒരു തുടക്കത്തിൽ ഉള്ള ഒരു കപ്പ് ഡിസൈൻ ആണ് ഇതിന്റെ പ്രത്യേകത.  റാലിയുടെ ഇന്ത്യയിലെ വളരെ ജനപ്രിയമായിരുന്ന ഒരു മോഡൽ ആയിരുന്നു ഇതും.

മേൽപ്പറഞ്ഞ നാലു മോഡലുകൾക്ക് പുറമേ, മറ്റൊരു ഒറിജിനൽ 'ഇംഗ്ലണ്ട്' റാലി സ്റ്റാർട്ടിങ്ങ് മോഡലും സുകുമാരൻ നായരുടെ കയ്യിലുണ്ട്. സൈക്കിളുകളുടെ രാത്രി സഞ്ചാരത്തിന് ഡൈനാമോ എന്ന ആധുനികൻ  വെളിച്ചം പകർന്നു തുടങ്ങുന്നതിനു മുമ്പ്, പ്രചാരത്തിലുണ്ടായിരുന്ന ഒന്നായിരുന്നു എണ്ണ ഒഴിച്ച് തിരിയിട്ടു കത്തിച്ചിരുന്ന ലാമ്പുകൾ. സൈക്കിളോടിക്കുമ്പോൾ കാറ്റത്തും തിരിനാളം കെട്ടുപോവാത്ത രീതിയിലായിരുന്നു ലാമ്പിന്റെ ഡിസൈൻ. അതുമാത്രമല്ല, മുൻവശത്ത് ഒരു ലെൻസ് ഉണ്ടായിരുന്നതുകൊണ്ട് ലാമ്പിന്റെ  പ്രകാശം മുന്നിലെ നിരത്തിൽ സാമാന്യത്തിലധികം ദൂരത്തേക്ക് പരക്കുകയും ചെയ്തിരുന്നു. ഇന്ന് ഈ അപൂർവ വസ്തുവിന് കണ്ണുമടച്ച് ആരും പതിനായിരം രൂപയെങ്കിലും കൊടുക്കും. 

ഇപ്പോൾ തന്നെ അഞ്ചു റാലി സൈക്കിളുകൾ സ്വന്തമായിട്ടുണ്ടെങ്കിലും, പുതിയ സൈക്കിളുകൾ എവിടെക്കണ്ടാലും സുകുമാരൻ നായരുടെ കണ്ണുകൾ അതിലുടക്കിപ്പോവും. അറിയാതെ അവിടേക്ക് ചെന്നുപോവും. കൊടുക്കുന്നുണ്ടോ എന്ന് ചോദിക്കും. വില ഒക്കുമെങ്കിൽ കൂടെക്കൂട്ടും. സൈക്കിളുകള്‍ക്ക് പുറമെ അങ്ങനെ കൂട്ടിയ ജാവയും, യെസ്ഡിയും, ലാംബി വിജയും, പഴയ വെസ്പയും, ടിവിഎസ് 30 സിസി മോപ്പെഡും അടക്കം നിരവധി വാഹനങ്ങൾ അദ്ദേഹത്തിന്റെ വീട്ടുവളപ്പിലെ ഷെഡ്ഡുകളിൽ പലയിടത്തായി വിശ്രമിക്കുന്നുണ്ട്. അടുത്തൂൺ പറ്റി വിശ്രമ ജീവിതം നയിക്കുന്ന അദ്ദേഹം ഓരോ ദിവസം ഓരോ സൈക്കിളുകളായി എടുത്ത് എണ്ണയിട്ട് തുടച്ച് പ്രഭാത സവാരിക്ക് കൂട്ടു കൊണ്ടുപോവും. അദ്ദേഹവും അദ്ദേഹത്തിന്റെ റാലി സൈക്കിളും തിരുവനന്തപുരത്ത് സൈക്കിൾ കമ്പമുള്ള എല്ലാവരുടെയും അസൂയയ്ക്ക് പാത്രമാണ്. അവരോടൊക്കെ അന്നും ഇന്നും എന്നും സുകുമാരൻ നായർക്ക് ഒന്നേ പറയാനുള്ളൂ.. " മക്കളാണ്.. വേണമെന്ന് പറയരുത്..!  തരില്ല.." 

Latest Videos
Follow Us:
Download App:
  • android
  • ios