ഐ എ എസുകാരനാകണമെന്ന് ആഗ്രഹിച്ചു; എന്നാല്‍, കലാപം തോമസിനെ അഭയാര്‍ത്ഥിയാക്കി !
ഇന്ത്യയുടെ ഭരണം നിയന്ത്രിക്കുന്ന സിവില്‍ സര്‍വ്വീസില്‍ ജോലി ചെയ്യണമെന്ന് ആഗ്രഹിച്ച് പ്ലസ്ടു പഠന കാലത്ത് തന്നെ അതിനുള്ള ഒരുക്കള്‍ തുടങ്ങിയ വിദ്യര്‍ത്ഥിയായിരുന്നു, ശശി തരൂര്‍ എം പിയുടെ പ്രസംഗങ്ങളുടെ ആരാധകന്‍ കൂടിയായ തോമസ്. പക്ഷേ... ഗോത്ര കലാപം ആ വിദ്യാര്‍ത്ഥിയുടെ സ്വപ്നങ്ങള്‍ക്ക് കൂടിയാണ് തീ വച്ചത്......
ഓരോ കലാപങ്ങളും ഇല്ലാതാക്കുന്നത് തലമുറകളെ തന്നെയാണ്. വംശീയ കലാപങ്ങളാണെങ്കില്‍ അവയ്ക്ക് തീവ്രത അല്പം കൂടും. കാരണം അവയ്ക്ക് തലമുറകളിലേക്കും പടരാനുള്ള ഊര്‍ജ്ജമുണ്ടെന്നത് തന്നെ. അതെ, കലാപങ്ങള്‍ വളര്‍ന്നു വരുന്ന തലമുറകളെ കൂടി അരക്ഷിതാവസ്ഥയിലേക്ക് തള്ളി നീക്കുന്നു. കഴിഞ്ഞ മൂന്ന് മാസമായി രാജ്യത്തിന്‍റെ ഹൃദയത്തെ തന്നെ കീറിമുറിക്കുന്ന വാര്‍ത്തകളാണ് മണിപ്പൂരില്‍ നിന്നും വരുന്നത്. കലാപത്തിന്‍റെ ആദ്യ മാസങ്ങളില്‍ വാര്‍ത്തകള്‍ സംസ്ഥാനത്തിന് പുറത്ത് പോകാതിരിക്കാനായി സര്‍ക്കാര്‍ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചു. ഇന്ന് അപൂര്‍വ്വം ചില വാര്‍ത്തകളെങ്കിലും പുറത്ത് വന്ന് തുടങ്ങിയിരിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് സംഘം കലാപബാധിത മേഖലകളില്‍ നിന്നും തയ്യാറാക്കിയ ഗ്രൗണ്ട് റിപ്പോര്‍ട്ട്.
മണിപ്പൂരില്‍ കുക്കി, മെയ്തെയ് ഗോത്രങ്ങള്‍ തമ്മിലുള്ള കലാപം അതിന്‍റെ ഏറ്റവും ഭീകരമായ അവസ്ഥയിലേക്ക് നീങ്ങുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സായുധ സേനകളുടെ ആയുധപ്പുരകള്‍ അക്രമിച്ച അക്രമി സംഘങ്ങള്‍ ഏതാണ്ട് അഞ്ച് ലക്ഷം വെടിയുണ്ടകളാണ് തട്ടിയെടുത്തത്. ഒപ്പം ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്നതരം അത്യാധുനീക ആയുധങ്ങളും. അപ്പോഴും കലാപം അടിച്ചമര്‍ത്തുന്നതിന് പകരം കൊണ്ടു പോയ ആയുധങ്ങള്‍ തിരിച്ചേല്‍പ്പിക്കാനുള്ള പെട്ടികള്‍ സ്ഥാപിക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്.
മുതിര്‍ന്നവരുടെ ഈ കലാപങ്ങള്‍ ബാധിക്കുന്നത് അവരെ മാത്രമല്ല. അത് സ്ത്രീകളെയും കുട്ടികളെയും ഒരു പോലെ ബാധിക്കുന്നു. മണിപ്പൂരില്‍, കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സ്ത്രീകളുമുണ്ടെന്ന വര്‍ത്തകള്‍ ആശങ്കയോടെയല്ലാതെ കേള്‍ക്കാന്‍ കഴിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സ്ത്രീകളും പുരുഷന്മാരും കലാപത്തിലേക്ക് ഇരച്ചെത്തുമ്പോള്‍ അനാഥരാകുന്നത് കുട്ടികളാണ്. വളര്‍ന്നുവരുന്ന തലമുറയാണ്. അവരെ കൂടിയാണ് കലാപങ്ങള്‍ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്നത്. കലാപം അവസാനമില്ലാതെ വ്യാപിക്കുമ്പോള്‍ അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട്, തുടര്‍പഠനം പോലും നിഷേധിക്കപ്പെട്ട്, പഠിച്ചിരുന്ന സ്കൂളില്‍ തന്നെ അഭയാര്‍ത്ഥികളായി കഴിയുന്ന കുരുന്നുകള്‍ നാളത്തെ രാജ്യത്തെ പൗരന്മാരാണെന്ന് പോലും പരിഗണിക്കാന്‍ നിലവിലെ രാഷ്ട്രീയ നേതൃത്വം തയ്യാറാവുന്നില്ലെന്നത് അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്നു.
കലാപമുണ്ടായ ആദ്യ മാസങ്ങളില്‍ മൂന്ന് സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്തതാണ് തോമസ് എന്ന പ്ലസ്ടു വിദ്യാര്‍ത്ഥി, തന്‍റെ ജീവന്‍ രക്ഷിച്ചത്. അതും റോഡ് മാര്‍ഗ്ഗമല്ല. ആകാശമാര്‍ഗ്ഗം. റോഡ് മാര്‍ഗ്ഗം യാത്ര ചെയ്താല്‍ വഴിയില്‍ എവിടെ നിന്ന് വേണമെങ്കിലും മെയ്തെയ്‍കളുടെ ആക്രമണം പ്രതീക്ഷിക്കാം. അതൊഴിവാക്കാനായിരുന്നു ഈ ആകാശയാത്ര. അമ്മയുടെ ബന്ധുക്കളുടെ സഹായത്തോടെ ഇംഫാലിൽ നിന്ന് ഗുവഹാത്തിയിലേക്ക് വിമാന ടിക്കറ്റ് കിട്ടി, അവിടെ നിന്ന് ഷില്ലോങ്ങിലേക്ക് പോയി, പിന്നീട് ഷില്ലോങ്ങില്‍ നിന്ന് നാഗലാൻഡിൽ വഴി റോഡ് മാർഗമാണ് തിരികെ നാട്ടിലെത്തിയത്. കലാപ കാലത്ത് ഇംഫാലിൽ നിന്ന് നേരിട്ട് വീട്ടിലേക്ക് വരാന്‍ പറ്റാത്തതിനാലാണ് തോമസിന് ഈ വളഞ്ഞ വഴി സ്വീകരിക്കേണ്ടി വന്നത്. കലാപത്തിന് മുമ്പ് ഇംഫാലില്‍ കേന്ദ്രീയ വിദ്യാലയത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയായിരുന്നു തോമസ്. ഇന്ത്യയുടെ ഭരണം നിയന്ത്രിക്കുന്ന സിവില്‍ സര്‍വ്വീസില്‍ ജോലി ചെയ്യണമെന്ന് ആഗ്രഹിച്ച് പ്ലസ്ടു പഠന കാലത്ത് തന്നെ അതിനുള്ള ഒരുക്കള്‍ തുടങ്ങിയ വിദ്യര്‍ത്ഥിയായിരുന്നു, ശശി തരൂര്‍ എം പിയുടെ പ്രസംഗങ്ങളുടെ ആരാധകന്‍ കൂടിയായ തോമസ്.
ചിംഡോയ്; ഗോത്ര കലാപം അകറ്റിയ പ്രണയ ജീവിതം
പക്ഷേ, തോമസിന് ഇനി തന്‍റെ വിദ്യാലയത്തിലേക്ക് മടങ്ങാനാകില്ല. കാരണം അത് മെയ്തെയ്‍കള്‍ക്ക് അധിപത്യമുള്ള ഇംഫാലിലാണ്. മലയിറങ്ങി തോമസ് അവിടെയെത്തിയാല്‍... തോമസിന് അത് ആലോചിക്കാന്‍ പോലും കഴിയുന്നില്ല. സ്കൂളില്‍ നിന്നും പ്രാണരക്ഷാര്‍ത്ഥം ഇറങ്ങിയോടുമ്പോള്‍ ആ കലാപത്തീയില്‍ തോമസിന്‍റെ പുസ്തകങ്ങളെല്ലാം എരിഞ്ഞൊടുങ്ങിയിരുന്നു. ഇന്ന് കുടുംബത്തോടൊപ്പം ക്യാംകോപിയിലെ അഭയാര്‍ത്ഥി ക്യാമ്പിലാണ് തോമസ് കഴിയുന്നത്. രാജ്യത്തിന്‍റെ ഭരണവ്യവസ്ഥയുടെ ഭാഗമാകണമെന്ന് ആഗ്രഹിച്ച വിദ്യാര്‍ത്ഥി, ഇന്ന് ആരോക്കെയോ ചേര്‍ന്ന് നിര്‍മ്മിച്ചെടുത്ത കലാപത്തില്‍ വീടും വിദ്യാഭ്യസവും നിഷേധിക്കപ്പെട്ട് ജന്മഭൂമിയില്‍ അഭയാര്‍ത്ഥിയായി ജീവിക്കാന്‍ വിധിക്കപ്പെടുന്നു.
തോമസ് ഞങ്ങള്‍ കണ്ട ഒറ്റപ്പെട്ട വിദ്യാര്‍ത്ഥിയല്ല. തോമസിനെ പോലെ ഓരോ അഭയാര്‍ത്ഥി ക്യാമ്പിലും നൂറു കണക്കിന് കുട്ടികളുണ്ട്. കലാപം കഴിഞ്ഞാലും മലയിറങ്ങി ഇംഫാലിലെ സ്കൂളിലേക്ക് പോകാന്‍ തോമസിനെ പോലെ ആ കുരുന്നുകള്‍ക്കും ഭയമാണ്. ക്യാമ്പിലെ എല്ലാ കുട്ടികളുടെ മുഖത്തും ഞങ്ങള്‍ ആ ഭയം കണ്ടു. കലാപ ദിനങ്ങളില്‍ അവരുടെ കണ്‍മുന്നിലെ കാഴ്ചകള്‍ അത്രയ്ക്കും ഭയാനകമായിരുന്നു. പല കുട്ടികളും ഇന്ന് നിശബ്ദരാണ്. അവരുടെ ഉള്ളില്‍ കലാപത്തിന്‍റെ തീ നീറിപ്പുകയുകയാകണം. കലാപം അടങ്ങിയാലേ നിസഹായരായ കുട്ടികള്‍ക്കുള്ള കൗണ്‍സിലിങ്ങുകള്‍ ആരംഭിക്കാന്‍ കഴിയൂ. അതിന്, കലാപം എങ്ങനെ തീര്‍ക്കാന്‍ പറ്റുമെന്ന് ഭരണകൂടത്തിന് പോലും നിശ്ചയമില്ലാത്ത അവസ്ഥയാണ് മണിപ്പൂരില്‍.
കലാപം വ്യാപിക്കുമ്പോഴും തലസ്ഥാനമായ ഇംഫാലില്‍ സമയക്രമം അനുസരിച്ച് സ്കൂളുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങി. പക്ഷേ വിദ്യാര്‍ത്ഥികള്‍ കുറവാണ്. നിരവധി കുട്ടികള്‍ക്ക് കലാപത്തില്‍ അവരുടെ അച്ഛനമ്മമാരെ നഷ്ടപ്പെട്ടു. പലരും പല ദേശങ്ങളിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് മാറ്റപ്പെട്ടു. അവിടെയും ഇവിടെയുമായി ജീവിതം വലിച്ചെറിയപ്പെട്ട വിദ്യാർത്ഥികളുടെ കാര്യത്തിൽ സർക്കാരിന് ഇതുവരെ തീരുമാനം എടുക്കാൻ കഴിഞ്ഞിട്ടില്ല. അതേ, മൂന്ന് മാസമായി തുടരുന്ന കലാപം മണിപ്പൂരിലെ വളരുന്ന തലമുറയെ ഏറെ ആഴത്തില്‍ ബാധിച്ച് കഴിഞ്ഞിരിക്കുന്നു. ആ ആഴമേറിയ മുറിവുകള്‍ ഏങ്ങനെ, ആര് ഉണക്കുമെന്നതും അവരുടെയുടെയും രാജ്യത്തിന്‍റെയും ഭാവിക്ക് ഏറെ പ്രധാനമാണ്.