കാലാവസ്ഥാ വ്യതിയാനം; മഹാസമുദ്രങ്ങളില്‍ മുങ്ങിപ്പോകുന്ന കുഞ്ഞന്‍ ദ്വീപ് രാഷ്ട്രങ്ങളും കാലാവസ്ഥാ ഉച്ചകോടിയും
രാഷ്ട്രീയ സൈനീകാധികരങ്ങളുള്ള സാമ്പത്തിക ശക്തികളായ രാജ്യങ്ങളെ സംബന്ധിച്ച് കാലാവസ്ഥാ ഉച്ചകോടി അത്ര വിഷയമുള്ള ഒരു പ്രശ്നമായി അനുഭവപ്പെട്ട് തുടങ്ങിയിട്ടില്ല. എന്നാല്‍ മഹാസമുദ്രങ്ങളില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന കുഞ്ഞന്‍ രാജ്യങ്ങള്‍ തങ്ങളുടെ ദിവസങ്ങളെണ്ണി ജീവിക്കുന്നു. കാലാവസ്ഥാ ഉച്ചകോടിയും കുഞ്ഞന്‍ രാജ്യങ്ങളുടെ നിലനില്പിനെ കുറിച്ചും സി കെ വിശ്വനാഥ് എഴുതുന്നു.
കോപ്പ് 29 അവസാനിച്ചു. കാലാവസ്ഥ വ്യതിയാനവും സാമ്പത്തിക കാര്യവും (കാലാവസ്ഥ സാമ്പത്തിക ഉച്ചകോടി) ഏറ്റവും പ്രധാന അജണ്ടയായി വന്ന കോപ്പ് 29 -ൽ, ചെറു ദ്വീപരാജ്യ സമൂഹങ്ങൾക്ക്, സാമ്പത്തിക - രാഷ്ട്രീയ - അധികാര സ്ഥാനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന വമ്പന്‍ രാജ്യങ്ങളില്‍ നിന്നും നേരിടേണ്ടി വരുന്ന അവഗണന ഒരിക്കൽ കൂടി പുറത്തുവന്നു. മഹാസമുദ്രങ്ങള്‍ക്ക് നടുവില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന ഈ ചെറു ദ്വീപരാജ്യ സമൂഹങ്ങൾ എല്ലാം തന്നെ കാലാവസ്ഥ ദുരന്തത്തിന്‍റെ വലിയ ബലിയാടുകളായി മാറിയിരിക്കുകയാണ്. ഓരോ കാലാവസ്ഥ വ്യതിയാന ഉച്ചകോടികളും മറ്റ് രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ ചെറു രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം അതിജീവനത്തിന്‍റെ വലിയ ചോദ്യങ്ങളാണ് ഉയർത്തി കൊണ്ടിരിക്കുന്നത്. അവരുടെ പ്രതീക്ഷകൾ അന്താരാഷ്ട്ര സമൂഹം അവഗണിക്കുന്നതിന്‍റെ ബാക്കിപത്രം കൂടിയാണ്, ഏറ്റവും ഒടുവില്‍ പൂര്‍ത്തിയായ കാലാവസ്ഥ ഉച്ചകോടിയും.
ചെറുദ്വീപ് രാജ്യങ്ങള്‍
അസർബെയ്ജാൻ പ്രസിഡന്‍റ് ഇൽഹാം അല്ലെയവിന്‍റെ ഉദ്ഘാടനം തന്നെ ജൈവ ഇന്ധനമെന്നത് 'ദൈവത്തിന്‍റെ സമ്മാനം' എന്നായിരുന്നു. 'ദൈവത്തിന്‍റെ ഈ സമ്മാനം' യഥാർത്ഥത്തിൽ ഈ ചെറു ദ്വീപസമൂഹ രാജ്യങ്ങൾക്ക് സമ്മാനിക്കുന്നത് രാജ്യമില്ലാതാകുന്നതിന്‍റെ അവസ്ഥകൂടിയാണ്. അതുതന്നെയാണ് ഈ രാജ്യങ്ങൾ ജൈവ ഇന്ധനത്തിന്‍റെ രാഷ്ട്രീയ സാമ്പത്തിക താൽപ്പര്യങ്ങൾക്ക് എതിർ നിൽക്കുന്നതിന്‍റെ കാരണവും. സമ്പന്ന ഉപഭോഗത്തിന്‍റെ ഇടനാഴിയിൽ ഇല്ലാതിരിക്കുമ്പോൾ തന്നെ, അതിന്‍റെ എല്ലാ തിക്താനുഭവങ്ങളും ആദ്യം നേരിടേണ്ടി വരുന്നതും ഈ കുഞ്ഞന്‍ രാജ്യങ്ങൾക്കാണ്.
(ബാര്‍ബഡോസ് പ്രധാനമന്ത്രി മിയ മോട്ട്‌ലി കോപ്പ് 29 -ൽ പ്രസംഗിക്കുന്നു.)
മുപ്പത്തിയെമ്പത് രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ഈ ചെറുദ്വീപ സമൂഹരാജ്യങ്ങൾ ( അതോടൊപ്പം 18 ആശ്രിത പ്രദേശങ്ങളുമുണ്ട് ) ഉന്നയിക്കുന്നത് ഏറ്റവും തീക്ഷ്ണമായ കാലാവസ്ഥ വ്യതിയാന പ്രശ്നങ്ങളാണ്. കോപ്പ് 29 -ൽ ഓരോ ചെറു രാഷ്ട്രവും തങ്ങളുടെ സവിശേഷമായ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നു. കരീബിയൻ ദ്വീപ സമൂഹത്തിന്‍റെ ഭാഗമായ ബാര്‍ബഡോസിന്‍റെ (Barbados) പ്രധാനമന്ത്രി മിയ മോട്ട്‌ലി കോപ്പ് 29 -ൽ ചെയ്ത പ്രസംഗം ഇന്നത്തെ കാലാവസ്ഥ പ്രതിസന്ധിയുടെ ആഴം ലോകത്തെ ബോധ്യപ്പെടുത്തുന്നതായിരുന്നു. ആഗോള തെക്കൻ സമൂഹത്തിന്‍റെ പ്രതിനിധി എന്ന നിലയിലും ചെറുദ്വീപ സമൂഹങ്ങളുടെ നേതാവ് എന്ന നിലയിലും ഒക്കെത്തന്നെ മിയ മോട്ട്‌ലി ഉയർത്തുന്നത് ഇന്നത്തെ ലോക സാമ്പത്തിക ഘടനയുടെ ജനാധിപത്യ വിരുദ്ധമായ നിലനിൽപ്പിന് എതിരെയുള്ള ചെറുത്ത് നില്‍പ്പാണ്. അത് പരിഹരിക്കാന്‍ മിയ മോട്ട്ലി മുന്നോട്ട് വയ്ക്കുന്ന് നിർദ്ദേശങ്ങൾക്ക് ലോകം കൂടുതൽ ശ്രദ്ധ നൽക്കേണ്ടതുണ്ട്.
വൈകി അവസാനിച്ച സമ്മേളനം
നവംബർ 22 -ന് അവസാനിക്കേണ്ടിയിരുന്ന കോപ്പ് 29, അവസാനിച്ചത് തന്നെ രണ്ട് ദിവസം വൈകിയാണ് ( നവംബർ 24 ). ഇത് തരുന്ന സൂചനയും വ്യക്തം. കാലാവസ്ഥ നിയന്ത്രണത്തില്‍ അന്താരാഷ്ട്ര സമൂഹം എത്രമാത്രം വിഭജിതമാണെന്നതാണ് അത്. ഒപ്പം മറ്റ് രാജ്യങ്ങൾ ആഗോള ജനാധിപത്യ അജണ്ടകൾക്ക് എതിർ നിൽക്കുന്നുവെന്നതും കാണാം. കോപ്പ് 29 ഇക്കാര്യത്തില്‍ വ്യക്തമായ സൂചനയാണ് നൽകുന്നത്.
കോപ്പ് 29 -ന്‍റെ ബാലൻസ് ഷീറ്റ് എന്നത് 'തീവ്രമായ തർക്കങ്ങളുടെയും തൽപര്യങ്ങളുടെയും കോപ്പ്' എന്ന് കൂടി പറയേണ്ടിവരുന്ന ഒന്നായി മാറിയിരിക്കുന്നു. കോപ്പിന്‍റെ ചരിത്രത്തിൽ തന്നെ ചെറുദ്വീപ് സമൂഹങ്ങളുടെ ഏറ്റുമുട്ടലുമായി അത് മാറി. അതേസമയം തങ്ങളുടെ ആത്മാഭിമാനത്തിന്‍റെ മുറിവുകൾ വ്യക്തമാക്കുന്നതായിരുന്നു ഈ ചെറു രാജ്യങ്ങളുടെ പ്രതികരണങ്ങൾ. ഈ ഉച്ചകോടിയിൽ നിന്ന് അവർ പുറത്തുപോയ ചരിത്രവുമുണ്ടായി. കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയുടെ ചരിത്രത്തിലെ തന്നെ ആദ്യം.
അപമാനം, പിന്നാലെ പുറത്തേക്ക്
കാലാവസ്ഥാ വ്യതിയാന പ്രശ്‌ന പരിഹാരത്തിന് 'കൂടുതൽ പണം ആവശ്യപ്പെട്ടത്തിനാലുള്ള പരിഹാസം' എന്നാണ് ചെറുരാജ്യങ്ങളുടെ കൂട്ടായ്മയുടെ സാമ്പത്തിക ചർച്ചയ്ക്ക് നേതൃത്വം നൽകുന്ന മികയ് റോബിൻസൺ ചൂണ്ടിക്കാണിക്കുന്നത്. ഈ അപമാനത്തില്‍ നിന്നാണ് അവർ ഉച്ചകോടിയില്‍ നിന്നും പുറത്ത് പോകാനുള്ള തീരുമാനമെടുത്തതും. യഥാർത്ഥത്തിൽ, വർത്തമാന ഉച്ചകോടികളുടെ അടിസ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. കാലാവസ്ഥാ ഉച്ചകോടിയുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുന്നതായിരുന്നു അത്. കാലാവസ്ഥ നീതിയുടെ ചോദ്യം. കാലാവസ്ഥ വ്യതിയാനത്തിന് കാരണക്കാരാകാതിരിക്കുകയും എന്നാൽ, അതിന്‍റെ ദുരിത ഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കുകയും ചെയ്യുന്ന ഈ ചെറു രാജ്യങ്ങൾ, വൻ ശക്തികൾക്ക് മുന്നിൽ അപ്രസക്തമാകുന്ന് കാഴ്ച.
കിരിബാടീ, കോപ്പ് 29 -ൽ പങ്കെടുത്ത് കൊണ്ട് തങ്ങൾ നേരിടുന്ന കാലാവസ്ഥ പ്രതിസന്ധിയെ കുറിച്ച് സംസാരിച്ചത്, തദ്ദേശീയമായ അറിവിന്‍റെ പ്രാധാന്യത്തെ കുറിച്ചായിരുന്നു. അതിന്‍റെയൊക്കെ ഉൾക്കൊള്ളലായിരുന്നു. " കാലാവസ്ഥ വ്യതിയാനമെന്നത് നമ്മുടെ കാലഘട്ടത്തിലെ സുരക്ഷാ ഭീഷണിയാണ്. ഈ സമരം ഒരു അതിജീവനം മാത്രമല്ല. ഇത് മനുഷ്യ സംസ്കാരത്തിന്‍റെയും ഭാവി തലമുറകളുടെയും സംരക്ഷണം കൂടി ഉൾക്കൊള്ളൂന്നത് എന്നാണ്. " കിരിബാറ്റി അംബാസഡർ ഡേവിഡ് അറ്റേറ്റി ടിയബൊ ഉച്ചകോടിയില്‍ ചൂണ്ടിക്കാട്ടി.
(കോപ്പ് 26 -ല്‍ അരങ്ങേറിയ പ്രതിഷേധം)
കുഞ്ഞന്‍ ദ്വീപ് രാജ്യങ്ങളുടെ ആവശ്യങ്ങള്‍
'I.5 ഡിഗ്രി സെൽഷ്യസ്' എന്ന ആഗോളതാപന പരിധി എത്രമാത്രം ശാസ്ത്രീയവും പൊതുസമ്മതി നേടിയതും അനിവാര്യവുമാണെന്നാണ് കിരിബാറ്റി അംബാസഡർ വ്യക്തമാകുന്നത്. കിരിബാറ്റി ജനതയുടെ അതിജീവന ശ്രമങ്ങള്‍ ലോകത്തിന് മുന്നിൽ വെളിപ്പെടുത്തുവാൻ ശ്രമിക്കുകയാണ് കിരിബാറ്റി. വികസിത രാഷ്ട്രങ്ങളോടുള്ള തങ്ങളുടെ ആവശ്യം കാലാവസ്ഥ സാമ്പത്തിക കാര്യത്തിൽ അവർ പുലർത്തേണ്ട പ്രതിബദ്ധതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബാകുവിൽ സംസാരിച്ച സൌത്ത് പസഫിക് കടലില്‍ ഒറ്റപ്പെട്ട് കിടക്കുന്ന കുഞ്ഞന്‍ ദ്വീപായ സമോവയിലെ (Samoan) പ്രകൃതി വിഭവ പരിസ്ഥിതി മന്ത്രിയായ ടോയോലെസുലുസുലു സെഡറിക് സ്‍ക്യുസ്റ്റര്‍ (Toeolesulusulu Cedric Schuster) ദ്വീപസമൂഹ രാജ്യങ്ങളുടെ കൂട്ടായ്മ അടിവരയിടുന്നു. "സമയം നമ്മുടെ ഭാഗത്തല്ല. ഇതൊന്നും നമുക്ക് ഒറ്റയ്ക്ക് ചെയ്യാനും കഴിയുന്നതല്ല. ചെറു ദീപസമൂഹ രാജ്യങ്ങൾക്ക് ഒരു രൂപാന്തരീകരണം അല്ലെങ്കില്‍ അത്തരമൊരു മാറ്റം ആവശ്യമാണ്. പ്രത്യേകിച്ചും കാലാവസ്ഥ സാമ്പത്തിക സഹായം നേടാൻ" അദ്ദേഹം ചൂണ്ടിക്കാണിച്ചു.
(കോപ്പ് 26 സമ്മേളനത്തില്‍ സമോവ പ്രകൃതി വിഭവ പരിസ്ഥിതി മന്ത്രിയായ ടോയോലെസുലുസുലു സെഡറിക് സ്‍ക്യുസ്റ്റര്‍ സംസാരിക്കുന്നു)
സൌത്ത് പസഫിക് കടലിലെ മറ്റൊരു ദ്വീപായ വന്വാറ്റുവിനെ (Vanuatu) സംബന്ധിച്ച് ഇത് 'ഒരു പുതിയ സാധാരണ സംഭവം' (new normal) എന്ന നിലയിലാണ് ഈ കാലാവസ്ഥ വ്യതിയാനത്തിനെ നോക്കിക്കാണുന്നത്. ദൈന്യംദിനം നേരിടുന്ന ജീവിത യഥാർത്ഥമെന്ന നിലയിൽ അവർ അതിനെ ഇപ്പോള്‍ തന്നെ അനുഭവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് വന്വാറ്റു നിയമപരമായ പോരാട്ടങ്ങൾക്ക് മുന്നിൽ നിൽക്കുന്നതും.
ജീവിക്കാനുള്ള അവകാശം
വന്‍കരകളിലെ രാജ്യങ്ങള്‍ നേരിടുന്നതിനേക്കാള്‍ കൂടുതല്‍ ദുരിതത്തിലാണ് അതിവിശാലമായ സമുദ്രങ്ങള്‍ക്ക് നടുവില്‍ ഒറ്റപ്പെട്ട് കിടക്കുന്ന കുഞ്ഞന്‍ ദ്വീപ് രാജ്യങ്ങള്‍ നേരിടുന്നത്. ഇത് തന്നെയാണ് കാലാവസ്ഥാ വ്യതിയാന കാലത്ത് ദ്വീപ് രാഷ്ട്രങ്ങള്‍ തങ്ങളുടെ നിലനിൽപ്പിനെ സംബന്ധിച്ച ചോദ്യങ്ങൾ ഉയർത്താന്‍ നിർബന്ധിതരാകുന്നതും. രാഷ്ട്രങ്ങളുടെ സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രിയ നിലനില്പ് സംബന്ധിച്ച് കോപ്പ് 29 ൽ ഉയര്‍ന്നുവന്ന പ്രതികരണം ഒട്ടും ആശാവഹമല്ല. മറ്റ് പ്രദേശങ്ങളിലേക്ക് മാറി താമസിച്ചു കൊണ്ട്, തങ്ങളുടെ സാംസ്കാരിക പൈതൃകങ്ങളൊക്കെ ത്യജിച്ചു കൊണ്ട്, മറ്റൊരു ജീവിതം ജീവിക്കേണ്ട അവസ്ഥയിലാണ് ഇന്ന് ഈ ജനസമൂഹങ്ങളെല്ലാം. ആധുനിക ദേശരാഷ്ട്ര സങ്കൽപ്പത്തെയും അതിന്‍റെ പരമാധികാരത്തെയും കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ് ഈ കുഞ്ഞന്‍ രാജ്യങ്ങള്‍.
വ്യാവസായിക വിപ്ലവവും അതിന്‍റെ ആദ്യകാല സാമ്പത്തിക - രാഷ്ടീയ നേട്ടം കൊയ്ത രാജ്യങ്ങളെ കൃത്യമായി ഓഡിറ്റ് ചെയ്ത് മുന്നോട്ട് വെക്കുന്ന ബാര്‍ബഡോസില്‍ നിന്നുള്ള മിയ മൊട്ട്‌ലിയെ പോലുള്ളവരുടെ നിർദ്ദേശങ്ങൾ കൂടുതൽ ക്രിയാത്മകമായി പരിഗണിക്കപ്പെടേണ്ടതുണ്ട്. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ഗുരുതര പ്രശ്നങ്ങള്‍ നീട്ടിവെക്കാൻ (longetrmism) ആകുന്നതല്ലെന്ന ബോധ്യം കൂടി നമ്മുക്ക് ആവശ്യമാണ്. കോപ്പ് 29 -ൽ നടന്നത് പോലെയുള്ള കാലാവസ്ഥാ പ്രതിസന്ധിയ്ക്ക് മേൽ മറ്റ് സാമ്പത്തിക താൽപ്പര്യങ്ങൾ കടന്നു വരാതിരിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ഇത്തരം ഉച്ചകോടികൾക്ക് യാതൊരു പ്രസക്തിയും ഇല്ലാതാകും. ഒരു ശതമനത്തിൽ താഴെ മാത്രമാണ് ചെറുദ്വീപസമൂഹ രാജ്യങ്ങളുടെ ഹരിത വാതക സംഭാവന. എന്നാൽ, പ്രകൃതി ദുരന്തങ്ങൾ തകർത്തെറിയുകയാണ് ഈ രാജ്യങ്ങളെ. ആധുനിക ദേശരാഷ്ട്ര രൂപീകരണവും അതിന്‍റെ ചരിത്രപരമായ വികസനവും എല്ലാം ഇവിടെ ഓഡിറ്റ് ചെയ്യപ്പെടുകയും ചോദ്യ ചിഹ്നമാകുകയും ചെയ്യുന്നു.