എന്റെ കുട്ടിയ്ക്കിവിടം സ്വര്‍ഗ്ഗമായിരുന്നു; അതാവണം അവള്‍ക്ക് ഭര്‍തൃവീടൊരു നരകമാണ്'
വൈഗ 'എനിക്കിവരെ പേടിയാണെന്നും പറഞ്ഞ് ആര്‍ത്തു വിളിക്കാന്‍ തുടങ്ങിയതില്‍ പിന്നെ കുറച്ചു കാലത്തേക്ക് അവരവളെ കാണാന്‍ പോയില്ല. ഞാന്‍ കാരണം എന്റെ കുഞ്ഞ് കരയരുതെന്നു മാത്രം പറഞ്ഞു കണ്ണീരൊഴുക്കി.
വൈഗയെ ഭര്‍തൃവീട്ടുകാര്‍ നല്‍കുമെന്ന് ടീച്ചറമ്മയെ പോലെ ഞാനും വിശ്വസിച്ചു. പക്ഷെ മകളുടെ മരണം കൊച്ചു മോളില്‍ നിന്നു കൂടിയുള്ള വേര്‍പാടാകും എന്നവര്‍ ഒരിക്കലും കരുതിയിട്ടുണ്ടാകില്ല.സ്വാതിക്ക് കൊടുത്ത സ്വര്‍ണം പോലുമവര്‍ തിരികെ നല്‍കിയില്ല. വൈഗയെ കാണാന്‍ ചെല്ലുമ്പോഴെല്ലാം വാതിലുകള്‍ അവര്‍ക്കു മുന്‍പില്‍ കൊട്ടിയടച്ചു. ചീത്ത വിളിച്ചു, ആട്ടിയിറക്കി.
സ്വാതി മരിച്ചു. അത് മാത്രം, അത് മാത്രം ഞാന്‍ കേട്ടു.
ഫോണിന്റെ അപ്പുറത്തുന്ന് ഉമ്മ വീണ്ടും പറയുന്നുണ്ട്. പക്ഷേ ആ വാക്കുകള്‍ക്കെന്റെ കര്‍ണ പുടങ്ങളെ തച്ചു തകര്‍ക്കാനുള്ള കഴിവുണ്ടായിരുന്നത് കൊണ്ട് പിന്നീടൊന്നും ഞാന്‍ കേട്ടില്ല. എന്തിനാണ് ഞാന്‍ ഒരു നോക്ക് കൊണ്ടോ വാക്ക് കൊണ്ടോ പരിചയമില്ലാത്ത ഒരാളെ കുറിച്ചോര്‍ത്തു ഇത്ര മാത്രം ദുഃഖിക്കുന്നതെന്ന് അന്ന് രാത്രി മുഴുവനുറക്കമില്ലാതെ ഞാന്‍ ആലോചിച്ചു.
സ്വാതി ഒരു മാലാഖയായിരുന്നു. എല്ലാവര്‍ക്കും പ്രിയപ്പെട്ടവള്‍.
'എന്റെ പഴയ സ്റ്റുഡന്റാ. ഇപ്പോ നഴ്‌സാ. കല്യാണം പറയാന്‍ വന്നതാ അവളെന്നോടെന്ന്' -ഒരു മലയാളം ക്ലാസിനിടയില്‍ കയറി വന്ന നീണ്ട മുടിയുള്ള ആ പെണ്‍കുട്ടിയെ കുറിച്ചു അഭിമാനത്തോടെ പങ്കജന്‍ സര്‍ പറഞ്ഞപ്പോഴൊന്നും എനിക്കറിയില്ലായിരുന്നു ഇതവളാണെന്ന്. ഞാനേറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന ടീച്ചറമ്മയുടെ അസൂയയോടെ കാണാനാഗ്രഹിച്ച സ്വാതി ഇതാണെന്ന്.!
അവളെ കുറിച്ചു പറയുമ്പോള്‍ ടീച്ചറമ്മക്ക് നൂറു നാവായിരുന്നു.തന്റെ ഒറ്റ മകളെ എത്രമാത്രം എന്റെ ഉള്‍കാഴ്ചയില്‍ കൊണ്ട് വരാന്‍ പറ്റുമോ അത്ര മാത്രം വാചാലമാകും അവരുടെ സംസാരം. ഞാനും കേട്ടിരിക്കും. ചുറ്റും പെണ്ണായതിന്റെ പേരില്‍, പഠിക്കണമെന്നു പറഞ്ഞതിന്റെ പേരില്‍, അധിക്ഷേപങ്ങളുടെ തീ വിതറുന്ന ചുറ്റുപാടാണ്. എന്നിട്ടും ആ കണ്ണുകളില്‍ തനിക്കൊരു മകളാണെന്ന അഭിമാനം നിറഞ്ഞുനിന്നു.
അവളുടെ ആഗ്രഹം പോലെ ബി എസ് സി നഴ്സിംഗ് കഴിഞ്ഞു പുതുതായി ജോലിക്ക് കേറിയിട്ടേ ഉണ്ടായിരുന്നുള്ളു അവള്‍. അവളുമച്ഛനും അമ്മയുമടങ്ങുന്ന സ്വര്‍ഗം പോലൊരു കുടുംബം. ജാതകം പത്തിലെട്ടു പൊരുത്തവും കൊണ്ടായിരുന്നു അവള്‍ പുതിയ വീട്ടിലേക്ക് കടന്നു ചെന്നത്. മിടുക്കിയല്ലേ അവള്‍. സുന്ദരമാകും ജീവിതമെന്ന് ആരെപ്പോലെ ഞാനും ചിന്തിച്ചു.
പുഞ്ചിരിച്ചു കടന്നു വന്നിരുന്ന ടീച്ചറമ്മയുടെ മുഖത്തു പ്രകാശമില്ലാതായി തുടങ്ങിയത് പിന്നീടാണ് ഞാന്‍ ശ്രദ്ധിച്ചത്. ചോദിച്ചപ്പോള്‍ മാത്രം 'എന്റെ കുട്ടിക്കിവിടം സ്വര്‍ഗ്ഗമായിരുന്നു, അതോണ്ടാവണം അവിടമവള്‍ക്ക് നരകമാണ്' എന്ന് മാത്രം പറഞ്ഞു.
എങ്ങനെയാണ് ഒരമ്മയ്ക്ക് തന്റെ ഒരേയൊരു പ്രതീക്ഷയെ കാണാതിരിക്കാനാവുക?
കൊച്ചു മോളുണ്ടായതും വൈഗ എന്നു പേരിട്ടതും അമ്മയുടെ മുഖമുള്ള സുന്ദരി കുട്ടിയാണെന്നും പിന്നീടറിഞ്ഞു. പിന്നീട് ഇടക്കു കാണുമ്പോഴൊക്കെ, മുമ്പൊക്കെ മകളെക്കുറിച്ച് അഭിമാനത്തോടെ സംസാരിച്ചിരുന്ന ടീച്ചറമ്മയുടെ വാക്കുകളില്‍ മകളുടെ ഇടറിയ ജീവിതത്തെക്കുറിച്ചുള്ള ആവലാതികള്‍ നിറഞ്ഞു. എന്തോ, അത് കേട്ടിരിക്കാനെന്റെ മനസ്സിന് ശക്തിയുണ്ടായിരുന്നില്ല. ഇത്രയും സൗന്ദര്യവും വിദ്യാഭ്യാസവുമുള്ള അവള്‍ എങ്ങനെയിതൊക്കെ സഹിക്കുന്നതെന്ന് മാത്രം തോന്നും.
ഒരായിരം വാക്കുകളെ ഒക്കെ ശരിയാകുമെന്ന രണ്ടു വാക്കുകളിലൊതുക്കി ഞാനവരെ ആശ്വസിപ്പിക്കും.
ഒരു വെക്കേഷന് സൗദിയിലായപ്പോഴാണ് ആ വാര്‍ത്തയുമായി ഉമ്മ വിളിക്കുന്നത്. 'ബൈക്ക് ആക്‌സിഡന്റായിരുന്നു'
കാല് മുതല്‍ ഉച്ചി വരെ ഒരു തണുത്ത മരവിപ്പ് ഉള്ളിലൂടെ കടന്നു പോയതിപ്പോഴും ഓര്‍മയിലുണ്ട്. അടുത്തില്ലെങ്കിലും, ആരുമല്ലെങ്കിലും ടീച്ചറമ്മയുടെ നിലവിളികള്‍ അന്നു രാത്രി മുഴുവന്‍ ഞാന്‍ കേട്ടു. നാട്ടില്‍ വന്നയുടനെ ആദ്യം കാണാന്‍ പോയത് അവരെയാണ്. കെട്ടിപ്പിടിച്ചൊരുപാട് കരഞ്ഞു. ഒരു വാക്ക് കൊണ്ടും പ്രവര്‍ത്തി കൊണ്ടും നികത്താനാവാത്ത ആ നഷ്ടത്തിന് ഞാനേതൊരു ആശ്വാസ വാക്കാണ് പറയേണ്ടതെന്നറിയാതെ കുഴഞ്ഞു.
എത്ര പെട്ടെന്നാണ് മരണം ഒരു മനുഷ്യ ജീവിതത്തെ ആരുമല്ലാതാക്കിയതെന്നും ഉറ്റവരെ പ്രതീക്ഷ നശിച്ച രണ്ടാത്മാക്കളാക്കിയതെന്നും ശരിക്കുമനുഭവിച്ചാണ് ഞാനാ വീട്ടില്‍ നിന്നും തിരിച്ചിറങ്ങിയത്.
ഇടയ്ക്കുള്ള സംസാരം പിന്നീട് ഫോണ്‍ വിളികളിലേക്കു മാറ്റി. എന്നോടുള്ള സംസാരം അവര്‍ക്ക് ആശ്വാസമാകുന്നതറിഞ്ഞ് എനിക്കു സന്തോഷം തോന്നി. അത്രമാത്രം പോസിറ്റീവ് എനര്‍ജി തരുന്ന കരുത്തുള്ള മനസ്സുള്ള ഒരു സ്ത്രീയെയും ഞാനതു വരെ കണ്ടിട്ടുണ്ടായിരുന്നില്ല.
മരണം രംഗ ബോധമില്ലാത്ത കോമാളിയാണെന്ന് പറയുന്നതെത്ര ശരിയാണ്.
വൈഗയെ ഭര്‍തൃവീട്ടുകാര്‍ നല്‍കുമെന്ന് ടീച്ചറമ്മയെ പോലെ ഞാനും വിശ്വസിച്ചു. പക്ഷെ മകളുടെ മരണം കൊച്ചു മോളില്‍ നിന്നു കൂടിയുള്ള വേര്‍പാടാകും എന്നവര്‍ ഒരിക്കലും കരുതിയിട്ടുണ്ടാകില്ല.
സ്വാതിക്ക് കൊടുത്ത സ്വര്‍ണം പോലുമവര്‍ തിരികെ നല്‍കിയില്ല. വൈഗയെ കാണാന്‍ ചെല്ലുമ്പോഴെല്ലാം വാതിലുകള്‍ അവര്‍ക്കു മുന്‍പില്‍ കൊട്ടിയടച്ചു. ചീത്ത വിളിച്ചു, ആട്ടിയിറക്കി.
പക്ഷെ എങ്ങനെയാണ് ഒരമ്മയ്ക്ക് തന്റെ ഒരേയൊരു പ്രതീക്ഷയെ കാണാതിരിക്കാനാവുക?
നഴ്സറിയില്‍ പോയി കാണാന്‍ പോയതില്‍ പിന്നെ അതിലും വിലക്കായി. കാണിച്ചു കൊടുക്കാന്‍ പറ്റില്ലെന്നായി.
വൈഗ 'എനിക്കിവരെ പേടിയാണെന്നും പറഞ്ഞ് ആര്‍ത്തു വിളിക്കാന്‍ തുടങ്ങിയതില്‍ പിന്നെ കുറച്ചു കാലത്തേക്ക് അവരവളെ കാണാന്‍ പോയില്ല. ഞാന്‍ കാരണം എന്റെ കുഞ്ഞ് കരയരുതെന്നു മാത്രം പറഞ്ഞു കണ്ണീരൊഴുക്കി.
കുഞ്ഞിന് വേണ്ടി കേസ് കൊടുത്തിട്ടും പ്രത്യേകിച്ച് പുരോഗതിയൊന്നുമില്ലാതെ അതിപ്പോഴും നടന്നു കൊണ്ടിരിക്കുന്നു.
ടീച്ചറമ്മയുടെ ഫോണിലും ഉള്ളിലുമൊക്കെ കഴിഞ്ഞ വര്‍ഷമവള്‍ രണ്ടു ദിവസം വിരുന്നു വന്നതിന്റെ ഫോട്ടോകളും വീഡിയോകളുമാണ്. സന്തോഷത്തോടെ അതൊക്കെ കാണിച്ചു തന്ന് തിരിച്ചു നടക്കുമ്പോഴെല്ലാം അവരുടെ ഉള്ളിലെ ശൂന്യത ഞാനറിഞ്ഞു. അവ്യക്തമായ ഒരു ദുഃഖമെന്നില്‍ വന്ന് മൂടും. ഇന്നുകളില്‍ ഇപ്പൊ ഈ നിമിഷത്തില്‍ മാത്രം ജീവിക്കുന്നതാണ് ശരിയെന്ന് തോന്നും.
മരണം രംഗ ബോധമില്ലാത്ത കോമാളിയാണെന്ന് പറയുന്നതെത്ര ശരിയാണ്.
അത്രമാത്രം ഒരു ജീവനെ കവര്‍ന്ന്, ചുറ്റുമുള്ള മറ്റ് ചില ജീവിതങ്ങളെ ഇല്ലാതാക്കാന്‍ കഴിയുന്ന, പ്രതീക്ഷയറ്റ മരുഭൂമിയാക്കാന്‍ കഴിയുന്ന മറ്റെന്താണ് ഈ ഭൂമിയിലുള്ളത്?
ചിലപ്പോഴൊക്കെ ദൈവം ക്രൂരനാകും. ആര്‍ക്കൊക്കെയോ നേരെ കണ്ണുകളടക്കും. ആ ചുഴിയില്‍ പെട്ട് ഒരിക്കലും മോചനമില്ലാതെ എത്ര ജീവിതങ്ങള്‍!