സൗദി - ഇറാന്‍ സൗഹൃദം; ഒപ്പം പശ്ചിമേഷ്യയില്‍ ശക്തമാകുന്ന ചൈനീസ് സാന്നിധ്യവും
പശ്ചിമേഷ്യന്‍ രാഷ്ട്രീയം പുതിയ തലത്തിലേക്ക് പ്രവേശിക്കുകയാണ്. മേഖലയിലെ പ്രധാന ശത്രുരാജ്യങ്ങളായിരുന്ന ഇറാനും സൗദിയും ഇന്ന് സൗഹൃദത്തിന്‍റെ പാതയിലേക്ക് കടന്നിരിക്കുന്നു. ഒപ്പം പ്രദേശത്ത് ചൈനയുടെ സാന്നിധ്യം വര്‍ദ്ധിക്കുന്നു.
പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിൽ വൻ മാറ്റങ്ങൾക്ക് വഴി ഒരുക്കുന്നതാണ് സൗദി അറേബ്യയും ഇറാനും തമ്മിലുള്ള തുറന്ന സൗഹൃദ പാത. ഏഴ് വർഷത്തിന് ശേഷം മേഖലയിലെ പ്രബല രാജ്യങ്ങൾ ഒന്നിക്കുന്നത് യമനിലേയും സിറിയയിലേയും ലബനോനിലേയും ആഭ്യന്തര യുദ്ധങ്ങൾ അവസാനിക്കുന്നതിലേക്കുവരേ നയിച്ചേക്കാം. എന്തായിരുന്നു, ഇറാൻ സൗദി അറേബ്യ ശത്രുതയ്ക്ക് കാരണം?
മുസ്ലിം രാജ്യങ്ങളെങ്കിലും ഇരുധ്രുവങ്ങളിലായാണ് സൗദിയും ഇറാനും നിലയുറപ്പിച്ചിരുന്നത്. മുസ്ലിം മതത്തിലെ ഷിയാ വിഭാഗത്തെ ഇറാനും സുന്നികളെ സൗദിയും പ്രതിനിധീകരിച്ചു, ചുരുക്കത്തിൽ ഷിയാ, സുന്നീ രാജ്യങ്ങളെന്ന് ഇവയെ വിളിക്കാം. ഇതേ മതപരമായ കാര്യങ്ങളായിരുന്നു ആദ്യകാല ശത്രുതയ്ക്ക് കാരണവും. ഇത് പതുക്കെ മേഖലയിലെ അധികാര തർക്കത്തിലേക്ക് വഴിമാറി. അറബ് വസന്തമെന്ന് പേര് നല്‍കപ്പെട്ട 2011 ലെ വിപ്ലവത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത അതിന്‍റെ ഏറ്റവും മൂര്‍ദ്ധന്യത്തിലെത്തിയത്. ബഹ്റൈൻ രാജ കുടുംബത്തിനെതിരായ പ്രതിഷേധത്തിന് പുറകിൽ ഇറാനാണെന്നായിരുന്നു സൗദിയുടെ ആരോപണം. സഹായിക്കാൻ സൈന്യത്തേയും അയച്ചു. അട്ടിമറിയെ ബഹ്റൈൻ അതിജീവിച്ചെങ്കിലും സൗദിയും ഇറാനും തമ്മിലുള്ള അകൽച്ച കൂടുകയായിരുന്നു.
ഇതേ വർഷം തുടങ്ങിയ സിറിയൻ ആഭ്യന്തര യുദ്ധവും ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തി പരീക്ഷണത്തിനാണ് വഴിവച്ചത്. ബാഷർ അൽ അസദിന്‍റെ നേതൃത്വത്തിലുള്ള സർക്കാറിനെ ആയുധവും പണവും നൽകി ഇറാൻ സഹായിച്ചു. സുന്നികളുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിന് സൗദിയും പിന്തുണ നൽകി. ഐഎസിനെതിരെ അമേരിക്ക രൂപീകരിച്ച സഖ്യത്തിന്‍റെ ഭാഗമായ സൗദി, സിറിയയിൽ പ്രത്യക്ഷമായി തന്നെ ഇടപെട്ടു. 12 വർഷത്തിനിപ്പുറവും സിറിയൻ ആഭ്യന്തര യുദ്ധം അവസാനമില്ലാതെ തുടരുകയാണ്.
2015 ലെ യെമൻ ആഭ്യന്തര യുദ്ധത്തിലും ഇരുരാജ്യങ്ങളും എതിർ ചേരികളില്‍ നിലയുറപ്പിച്ചു. സൗദി, യമൻ സർക്കാറിനൊപ്പം നിന്നപ്പോൾ ഇറാൻ ഹൂതി വിമതർക്കൊപ്പമായിരുന്നു. യെമൻ പ്രശ്നത്തിനും ഇപ്പോഴും പരിഹാരമായിട്ടില്ലെന്നും ഓര്‍ക്കണം. ഇതേ വർഷം മക്കയിൽ ഹജ്ജ് തീർത്ഥാടനത്തിനിടെയുണ്ടായ അപകടവും ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കത്തിന് മൂർച്ചകൂട്ടി. സൗദിയുടെ കെടുകാര്യസ്ഥതയാണ് അപകടകാരണമെന്നായിരുന്നു ഇറാന്‍റെ ആരോപണം. ഹജ്ജ് കർമ്മത്തിൽ പങ്കെടുക്കുന്നതിൽ നിന്നും ഇറാൻ പിന്മാറി. പേർഷ്യൻ ഭാഷാ ചാനലിൽ ഹജ്ജ് കർമ്മങ്ങൾ സംപ്രേഷണം ചെയ്തായിരുന്നു സൗദി മറുപടി നല്‍കിയത്.
2016 ൽ രാജ്യവിരുദ്ധത ആരോപിച്ച് പ്രമുഖ ഷിയാ നേതാവ് നിംർ അൽ നിംറിനെ സൗദി വധിച്ചു, ഇത് ഇറാനിൽ വ്യാപക പ്രതിഷേധമുയര്‍ത്തി. പിന്നാലെ ടെഹ്റാനിലെ സൗദി എംബസി പ്രതിഷേധക്കാർ ആക്രമിച്ചു. സൗദി ഇറാനുമായുള്ള നയതന്ത്ര ബന്ധം തന്നെ റദ്ധാക്കി. ഇറാനെ സഹായിക്കുന്നു എന്നാരോപിച്ച് 2017 ൽ സൗദിയും സുഹൃദ് രാജ്യങ്ങളായ യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ചേർന്ന് ഖത്തറിന് മേൽ ഉപരോധം ഏർപ്പെടുത്തി. 2017 ൽ തന്നെ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേര മിസൈൽ ആക്രമണം നടന്നു. ഇറാൻ നിർമ്മിത ആയുധങ്ങൾ ഉപയോഗിച്ച് യെമനിലെ ഹൂതി വിമതരാണ് ആക്രമണം നടത്തിയതെന്ന് സൗദി ആരോപണം ഉന്നയിച്ചു.
ഇറാൻ അമേരിക്ക ആണവകരാറിനെ സൗദി ശക്തമായി എതിർത്തിരുന്നു. 2018 ൽ കരാറിൽ നിന്നും അമേരിക്ക പിന്മാറിയത് സൗദി മാധ്യമങ്ങൾ ആഘോഷമാക്കി. ഇറാൻ പരമോന്നത നേതാവിനെ പുതിയകാല ഹിറ്റ്ലർ എന്നാണ് സൗദി രാജകുമാരൻ അന്ന് വിശേഷിപ്പിച്ചത്. 2019 ല്‍ യെമനിലെ ഹൂതി വിമതർ സൗദിക്കെതിരായ ആക്രമണങ്ങൾ ശക്തമാക്കി. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാനാണെന്നായിരുന്നു സൗദിയുടെ വാദം. 2020 ബാഗ്ദാദിലെത്തിയ ഇറാൻ സൈനിക കമാൻഡർ ഖാസിം സുലൈമാനി, അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഈ ആക്രമണത്തെ സൗദി സ്വാഗതം ചെയ്തത് ഇരുരാജ്യങ്ങളും തമ്മിലുള്ള വാക് പോരിലേക്ക് വീണ്ടും വഴി തെളിച്ചു.
എന്നാല്‍, 2021 ല്‍ എത്തുമ്പോള്‍ ഖത്തറിന് മേലുള്ള ഉപരോധം സൗദി അറേബ്യയും സഖ്യകക്ഷികളും പിൻവലിച്ചു. ഇതിന് വഴി വച്ചതാകട്ടെ, സൌദിയും ഇറാനും തമ്മിലുള്ള ശത്രുത മേഖലയിലെ സമാധാനം തകര്‍ക്കുന്നെന്ന ആശങ്കയില്‍ ഇറാഖിന്‍റെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ദൗത്യമായിരുന്നു. ഒടുവില്‍ അഞ്ച് വർഷത്തിന് ശേഷം 2021 ൽ സൗദിയും ഇറാനും തമ്മിൽ നേരിട്ട് ചർച്ച തുടങ്ങുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തി. ഇതിനിടെ ഒമാനും മധ്യസ്ഥ ശ്രമങ്ങളിൽ പങ്കാളിയായി. മേഖലയിലെ രാഷ്ട്രത്തലവൻമാരെല്ലാം ഒന്നിച്ചെത്തിയ 2022 ഖത്തർ ലോകകപ്പ് വേദി മഞ്ഞുരുക്കലിന് ആക്കം കൂട്ടി. ഈ വർഷം മാത്രം 5 തവണ ഇരുരാജ്യങ്ങളും തമ്മില്‍ ചർച്ചകൾ നടന്നു കഴിഞ്ഞു.
2023 ചൈനയുടെ നേതൃത്വത്തിൽ നടന്ന അവസാനഘട്ട ചർച്ചകൾക്കൊടുവിൽ ഇരുരാജ്യങ്ങളും തമ്മില്‍ സൗഹൃദം പുനഃസ്ഥാപിച്ചെന്ന നിർണ്ണായക പ്രഖ്യാപനവും എത്തി. രണ്ട് മാസത്തിനകം ഇരുരാജ്യങ്ങളും പരസ്പരം എംബസികൾ തുറക്കാനാണ് നീക്കം. ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന നേരത്തെയുള്ള കരാറുകൾ നടപ്പിലാക്കാനും ഇതോടെ ധാരണയായി.
രണ്ടു രാജ്യങ്ങൾ എന്നതിനപ്പുറം മദ്ധ്യേഷ്യയിലെ രാഷ്ട്രീയ സമാവാക്യങ്ങൾ മാറുന്നതിനും സൗദിയും ഇറാനും തമ്മിലുള്ള സൗഹൃദം വഴി ഒരുക്കും. മേഖലയിൽ അമേരിക്കയുടെ സ്വാധീനം കുറയുന്നതിനൊപ്പം മദ്ധ്യേഷ്യയിലെ നയരൂപീകരണത്തിലടക്കം ഇടപെടുന്ന രീതിയിൽ ചൈന കൂടുതൽ ശക്തമാകുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള സൌഹൃദം വഴിതെളിച്ചേക്കാം. ഇറാനും സൗദിയും ഇന്ധനം പകർന്ന സിറിയ, യെമൻ, ആഭ്യന്തര സംഘർഷങ്ങൾക്കും പതിറ്റാണ്ടിനിപ്പുറം അറുതിയായേക്കാം. അമേരിക്കൻ പാശ്ചാത്യ ഉപരോധങ്ങൾ നേരിടുന്ന ഇറാന് തൊട്ടടുത്ത് തന്നെ പുതിയൊരു വിപണിയും കണ്ടെത്താന്‍ കഴിയും. ശത്രുതാ സാഹചര്യം മാറിയതോടെ ഇരുരാജ്യങ്ങളുടെയും ആയുധ സംഭരണത്തിലും കുറവ് വരാം. ഇത് പരസ്പരമുള്ള വെല്ലുവിളികള്‍ക്കും ആസ്വാരസ്യങ്ങളുടെയും ആക്കം കുറയ്ക്കും. മേഖലയില്‍ കൂടുതല്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നതിനും ഇടയാക്കും.