'എനിക്കീ ലോകത്തെ ചിലതെല്ലാം ബോധ്യപ്പെടുത്താനുണ്ടായിരുന്നു'; കേരളത്തിലെ ആദ്യ ബ്ലേഡ് റണ്ണര്‍ ജീവിതം പറയുന്നു

അന്ന് അവിടെയുള്ള മൂന്നാല് ഡോക്ടര്‍മാര്‍ ഒരുമിച്ചിരുന്ന് സജേഷിനോട് ചോദിച്ചു, 'പാദത്തിന്‍റെ പകുതിക്ക് വെച്ച് ആംപ്യൂട്ട് ചെയ്‍താലോ' എന്ന്. അന്ന് സജേഷ് ഡോക്ടര്‍മാരോട് ചോദിച്ചത് ഒറ്റച്ചോദ്യം മാത്രമാണ്. 'അത് കഴി‍ഞ്ഞാല്‍ എനിക്ക് നടക്കാന്‍ പറ്റുമോ'?

sajesh krishnan shares his experience after an accident

ലോകപ്രശസ്‍ത ചിത്രകാരി ഫ്രിദ കാഹ് ലോ ഒരിക്കല്‍ ഒരപകടത്തില്‍ പെട്ടു. സ്‍കൂളില്‍നിന്ന് മടങ്ങവെ, സഞ്ചരിച്ചിരുന്ന ബസ് ഒരു ട്രാമുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂന്ന് മാസത്തോളം അവള്‍ അതേത്തുടര്‍ന്ന് കിടക്കയിലായി. അവിടെവച്ചാണ് അവള്‍ വരച്ചു തുടങ്ങുന്നത്. പിന്നീടെക്കാലവും ഫ്രിദ പറയുമായിരുന്നു, 'തന്നെയൊരു ചിത്രകാരിയാക്കിയത് ഒരുപക്ഷേ ആ അപകടമായിരിക്കാം' എന്ന്. ഇത് അതുപോലെ ഒരാളുടെ അനുഭവമാണ്. കേരളത്തിലെ ആദ്യത്തെ ബ്ലേഡ് റണ്ണറുടെ, കൃത്രിമക്കാലുമായി ജീവിതത്തെ ഓടിത്തിരികെപ്പിടിച്ച, ഉയരങ്ങള്‍ കീഴടക്കിയ സജേഷ് കൃഷ്‍ണനെന്ന യുവാവിന്‍റെ ജീവിതം. 

sajesh krishnan shares his experience after an accident

 

വെള്ളൂരെന്ന ഗ്രാമത്തിലാണ് സജേഷ് ജനിച്ചത്. പഠിക്കുന്ന കാലത്ത് കലകളോടൊക്കെ ഇഷ്‍ടമുള്ള കുട്ടിയായിരുന്നു. പക്ഷേ, അന്ന് ആള് സ്പോര്‍‍ട്‍സില്‍ വലിയ ആക്ടീവൊന്നുമല്ല. ഭാവിയില്‍ താന്‍ കാല്‍വെക്കുന്ന മേഖലയാവും കായികമെന്ന് അന്ന് സജേഷ് സ്വപ്‍നംപോലും കണ്ടിരുന്നില്ല. അതെന്നല്ല, അവന്‍റെ ജീവിതത്തില്‍ സംഭവിച്ച ഒന്നും...  

വെള്ളൂര്‍, കണ്ണൂരിലെ പയ്യന്നൂരിനടുത്തുള്ള ഒരു സാധാരണ നാട്ടിന്‍പുറമാണ്... സ്‍കൂള്‍ വിട്ടു വന്നുകഴിഞ്ഞാല്‍ നാട്ടിലെ ഗ്രൗണ്ടില്‍ ഫുട്ബോളും ക്രിക്കറ്റുമൊക്കെ കളിക്കും. ഈ ഗ്രൗണ്ടിലെ കളിയും ടിവിയില്‍ ക്രിക്കറ്റ് കാണുന്നതും വേള്‍ഡ് കപ്പ് വരുമ്പോള്‍ ഫുട്ബോള്‍ കാണുന്നതുമൊക്കെയാണ് അന്ന് സജേഷിന് സ്പോര്‍ട്‍സുമായി ആകെയുള്ള ബന്ധം. വീട്ടില്‍ അച്ഛന്‍ കൃഷ്‍ണന്‍, അമ്മ സതി, അനിയത്തി സജിന. സാധാരണ പോലെയൊരു ജീവിതം...  

സജേഷ്, ശ്രീ നാരായണ ഗുരു കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഒന്നാം വര്‍ഷം പഠിക്കുന്ന സമയം. ആ സമയത്താണ് ഒട്ടും പ്രതീക്ഷിക്കാത്ത ആ അപകടമുണ്ടാവുന്നത്. ആ ദിവസം സജേഷിനിന്നും വ്യക്തമായി ഓര്‍മ്മയുണ്ട്. അല്ലെങ്കിലും നമ്മുടെ ജീവിതം മാറ്റിമറിച്ച ദിവസം ആര് മറക്കാനാണ് അല്ലേ? ആ ദിവസത്തെ കുറിച്ച് സജേഷ് തന്നെ പറയുന്നു,

''2005 ഏപ്രില്‍ ഏഴാം തീയതിയാണ് അതുണ്ടായത്. കോളേജില്‍ ഇന്‍റേണല്‍ എക്സാം നടക്കുന്ന സമയം. ഞാനും സുഹൃത്തും കൂടി ഒരു ബൈക്കില്‍ പയ്യന്നൂര്‍ ടൗണില്‍ പോയി തിരിച്ചു വരുന്നു. കരിങ്കുഴി എന്നൊരു വളവുണ്ട്. അവിടെയെത്തിയപ്പോള്‍ എതിരെ ഒരു ലോറി വരുന്നു. കണ്‍ട്രോള്‍ പോയിട്ടാണ് അത് വരുന്നത്. നമുക്ക് വേറൊന്നും ചെയ്യാന്‍ പറ്റില്ല. എന്തു ചെയ്യണമെന്നറിയാത്തതുകൊണ്ട് റോഡിന്‍റെ വലത്തേ സൈഡില്‍ കൊണ്ടുപോയി വണ്ടി നിര്‍ത്തേണ്ടി വന്നു. വണ്ടി നേരെ പാഞ്ഞുവന്നു. വലിയ ടിപ്പറാണ്, ഹെവി ലോഡുണ്ട്. ആ ടിപ്പറിന്‍റെ ഫ്രണ്ട് വീല് എന്‍റെ കാലിന്‍റെ പാദത്തിന്‍റെ മുകളിലൂടെ കേറിയിറങ്ങി.''

ഉടനെ ആശുപത്രിയിലെത്തിച്ചു. ആദ്യം പരിയാരം മെഡിക്കല്‍ കോളേജിലേക്ക്, പിന്നീട് മംഗലാപുരം പ്രിയദര്‍ശിനി ഹോസ്പിറ്റലിലേക്ക്... മാസങ്ങള്‍ നീണ്ട സജേഷിന്‍റെ ആശുപത്രി ജീവിതത്തിന്‍റെ തുടക്കം അവിടം മുതലായിരുന്നു. നാലരമാസത്തോളമാണ് സജേഷിന് ആശുപത്രിയില്‍ കിടക്കേണ്ടി വന്നത്. ആദ്യത്തെ ഓപ്പറേഷന്‍ ചെയ്‍തു. പിന്നെയും കുറേയേറെ... പതിനാലോളം സര്‍ജറികളുണ്ടായിരുന്നു കാലില്‍ മാത്രം... ഒന്നോ രണ്ടോ മാസം ലോക്ക് ഡൗണില്‍ വീടിനകത്തായപ്പോള്‍ നാമനുഭവിക്കുന്ന ശ്വാസംമുട്ടുണ്ടല്ലോ? അന്ന് സജേഷ് അനുഭവിച്ചത് അതിന്‍റെ ആയിരമിരട്ടിയാണ്. ഒരു മുറിയിലെ ജീവിതം. മുറിയിലെ എന്നതിനുമപ്പുറം ഒരു ബെഡ്ഡില്‍, അതും കാലില്‍ കുറേ കമ്പിയൊക്കെ വച്ചുകെട്ടി. റിങ്ങിന്‍റെ ഉള്ളില്‍ കാലൊക്കെ ഇട്ട്... ജീവിതത്തിലെ തന്നെ മോശം ദിവസങ്ങളെന്ന് സജേഷതിനെ മനസ്സില്‍ എഴുതിവച്ചിരിക്കുന്നു.

''ആക്സിഡന്‍റിനുശേഷം ആശുപത്രിയിലെത്തി. ആ ദിവസം എന്‍റെയുള്ളിലുണ്ടായിരുന്ന പേടി കാല്‍ നഷ്‍ടപ്പെടുമോ എന്നുള്ളതായിരുന്നു. പിന്നെ സര്‍ജറിയായി. ബോധംവന്നപ്പോ ഞാനാദ്യം നോക്കിയത് എന്‍റെ കാല്‍ അവിടെയുണ്ടോ എന്നാണ്. അപ്പോ കണ്ടു, കാലവിടെത്തന്നെയുണ്ട് കുറച്ചു കമ്പിയൊക്കെ വച്ച്... ചെറിയ ആശ്വാസമായി. ആദ്യദിവസങ്ങളില്‍ സഹിക്കാനാവാത്ത വേദനയായിരുന്നു. പതിനാലോളം അനസ്തേഷ്യ... പെയിന്‍ കില്ലറോ ഇഞ്ചക്ഷനോ ഒന്നും ഏശുന്നില്ല. ഡോസ് കൂടിയ പലതും ഇഞ്ചക്ട് ചെയ്തു. പിന്നെ, ഓരോ ദിവസം കഴിയുന്തോറും കാലിന്‍റെ അവസ്ഥ വളരെ മോശമായി. കാല്‍ ജോയിന്‍റൊക്കെ മിക്സിയിലിട്ട് ചതച്ചതുപോലെ കുഴഞ്ഞുപോയിരുന്നു. അത് നേരെയാവാനുള്ള സാധ്യത വളരെ കുറവും. ആദ്യം, കാലിന്‍റെ തള്ളവിരലിലോട്ട് നരവില്‍നിന്നുള്ള ബ്ലഡ് സര്‍ക്കുലേഷന്‍ പൂര്‍ണമായും നിന്നു. വിരല്‍ മുറിച്ച് കളയണമെന്ന അവസ്ഥയായി. ആദ്യമായി എന്‍റെ ശരീരത്തില്‍ നിന്ന് ആംപ്യൂട്ട് ചെയ്‍തുകളഞ്ഞത് ആ തള്ളവിരലാണ്. അപകടം നടന്ന് ഒരാഴ്‍ചക്കുള്ളിലായിരുന്നു അത്. അന്നത് താങ്ങാന്‍ പറ്റായില്ലായിരുന്നു എനിക്ക്.''

മാനസികവും ശാരീരീകവുമായ വേദനയുടെ ദിവസങ്ങളായിരുന്നു പിന്നീടങ്ങോട്ട്. ഏപ്രിലിലാണ് സജേഷിന് ആക്സിഡന്‍റായത്. ആഗസ്‍തില്‍ വീണ്ടും ഡോക്ടര്‍മാരുമായി ഒരു കണ്‍സള്‍ട്ടേഷന്‍. അന്ന് അവിടെയുള്ള മൂന്നാല് ഡോക്ടര്‍മാര്‍ ഒരുമിച്ചിരുന്ന് സജേഷിനോട് ചോദിച്ചു, 'പാദത്തിന്‍റെ പകുതിക്ക് വെച്ച് ആംപ്യൂട്ട് ചെയ്‍താലോ' എന്ന്. അന്ന് സജേഷ് ഡോക്ടര്‍മാരോട് ചോദിച്ചത് ഒറ്റച്ചോദ്യം മാത്രമാണ്. 'അത് കഴി‍ഞ്ഞാല്‍ എനിക്ക് നടക്കാന്‍ പറ്റുമോ'?. മറുപടിയിതായിരുന്നു, 'ഉറപ്പ് തരാനാവില്ല. ഇനിയഥവാ നടക്കാനായാല്‍ത്തന്നെ ഒന്നുകില്‍ വാക്കര്‍ വേണ്ടിവരും. അല്ലെങ്കില്‍ ക്രച്ചസ്...' പക്ഷേ, സജേഷ് മനസിനെ സജ്ജമാക്കിവെച്ചിട്ടുണ്ടായിരുന്നു. ഒന്ന് തിരിഞ്ഞുപോലും കിടക്കാനാവാത്തവിധം കിടക്കയില്‍ ചെലവഴിച്ച നേരങ്ങളിലെല്ലാം അവന്‍റെ ചിന്ത ഇതൊക്കെത്തന്നെയായിരുന്നു. ചിലപ്പോള്‍ പാദമൊക്കെ നഷ്‍ടമായേക്കാം. അപ്പോഴെന്താണ് ചെയ്യുക എന്നത്. അവന്‍ ഡോക്ടര്‍മാരോട് മറുപടി പറഞ്ഞു, 'എനിക്ക് ആംപ്യൂട്ടേഷന്‍ മതി.'.

''ഒരു വെള്ളിയാഴ്ച വൈകുന്നേരം ആറര, ഏഴുമണി നേരത്താണ് ഈ ചര്‍ച്ച നടക്കുന്നത്. അങ്ങനെ തിങ്കളാഴ്‍ച ചെയ്യാമെന്ന് തീരുമാനമായി. അപ്പോ ഞാന്‍ ഡോക്ടര്‍മാരോട് പറഞ്ഞു, സാര്‍ ഏതായാലും ഞാനിത് തെരഞ്ഞെടുത്തു. എന്തിനാണ് രണ്ട് ദിവസം കൂടി ഇതിനെ കുറിച്ചാലോചിക്കാന്‍ വേണ്ടി നീട്ടിവെക്കുന്നത്. നമുക്കിത് നാളെ ചെയ്യാമോ എന്ന്. അങ്ങനെ അവര്‍ സമ്മതിച്ചു. ശനിയാഴ്ച രാവിലെ ആംപ്യൂട്ടേഷന്‍ ചെയ്യാം. അന്ന് ആ ആശുപത്രിയിലെ ക്ലീനിംഗ് സ്റ്റാഫ് മുതല്‍ ഹെഡ് വരെ എല്ലാവരും എന്‍റടുത്ത് വരികയും എന്‍റെ കൂടെനിന്ന് ആശ്വസിപ്പിക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ, ഞാനന്ന് കൂളായിരുന്നു. ശരീരത്തിന്‍റെ ഒരു ഭാഗം നഷ്ടപ്പെടാന്‍ പോവുകയാണ് എന്നൊക്കെ എനിക്കറിയാം. പക്ഷേ, ആറ് മാസത്തെ കിടപ്പില്‍ നിന്നൊരു മോചനം എന്നാണ് ഞാനതിനെ കണ്ടത്. '' 

അന്ന് കാല്‍പ്പാദം കളഞ്ഞേക്കാം എന്ന തീരുമാനമെടുത്തത് സജേഷിന്‍റെ കുടുംബക്കാരൊന്നുമായിരുന്നില്ല. സജേഷ് തന്നെയാണ്. തന്‍റെ ജീവിതത്തില്‍ താനെടുത്ത ഏറ്റവും നല്ല തീരുമാനം എന്നാണ് അന്നും ഇന്നും സജേഷ് അതിനെ കുറിച്ച് പറയുന്നത്. അങ്ങനെയൊരു തീരുമാനം എടുത്തില്ലായിരുന്നുവെങ്കില്‍ ഇന്നത്തെ ഈ സജേഷ് ഉണ്ടാകുമായിരുന്നില്ലെന്ന് കൂടി അവന്‍ പറയുന്നു. ആംപ്യൂട്ടേഷന്‍ കഴിഞ്ഞ ആദ്യദിവസത്തെ കുറിച്ച് സജേഷ് പറയുന്നു, ''ബോധം വരാന്‍ തുടങ്ങുമ്പോ എന്‍റെ ഉള്ളിലുണ്ടായിരുന്ന ആദ്യത്തെ ഫീലിംഗ് ആ ഇടത്തേ കാല്‍ ബെഡ്ഡിലല്ല, വായുവില്‍ പൊങ്ങിക്കിടക്കുകയാണ് എന്നാണ്. അതുവരെയുണ്ടായിരുന്ന ഭാരം പെട്ടെന്ന് ഇല്ലാതാകുന്നു. ആംപ്യൂട്ട് ചെയ്‍ത ദിവസം മൊത്തം ഞാന്‍ ഐസിയുവില്‍ തന്നെയായിരുന്നു. പിറ്റേദിവസം റൂമിലേക്ക് മാറ്റി. അഞ്ചര ആറ് മാസത്തിനുശേഷം ആദ്യമായി സാമാധാനത്തോടെയും കൂളായും ഞാന്‍ കിടന്നുറങ്ങിയ ദിവസം അതായിരുന്നു. ആ ദിവസത്തെ കുറിച്ച്, അന്നത്തെ വികാരങ്ങളെ കുറിച്ച് വാക്കുകളാലൊരിക്കലും എനിക്ക് പറയാനാവില്ല...''

തിരികെ കോളേജിലേക്കും പഴയ ജീവിതത്തിലേക്കും

ഈ വേദനകളെല്ലാം സജേഷിനൊപ്പം അനുഭവിച്ചവരാണ് അവന്‍റെ അച്ഛനുമമ്മയും. അവന്‍ കാണാതെ അവര്‍ കരയുന്നത് അവനറിയുന്നുണ്ടായിരുന്നു. ഉള്ളില്‍ കരഞ്ഞുകൊണ്ടാണെങ്കിലും അവന് അവര്‍ കരുത്തായി നിന്നു. പാരന്‍റിംഗ് എന്നാലെന്താണെന്ന് തന്നെ പഠിപ്പിച്ച ദിവസങ്ങളാണതെന്നും സജേഷ് പറയുന്നു. 

ഡിസ്‍ചാര്‍ജ്ജായപ്പോള്‍ ക്രച്ചസൊക്കെ കുത്തി സജേഷ് കോളേജില്‍ പോയിത്തുടങ്ങി. അച്ഛന്‍ വണ്ടിയില്‍ കോളേജില്‍ കൊണ്ടുചെന്നാക്കും. അവിടെ സുഹൃത്തുക്കള്‍ വന്ന് കൂട്ടിയിട്ടുപോകും. ക്രച്ചസും കുത്തി നടപ്പ്... വൈകുന്നേരം അച്ഛന്‍ കൂട്ടാന്‍ ചെല്ലും... സ്റ്റിച്ചെടുക്കുന്നതുവരെ അങ്ങനെ തന്നെ... ആര്‍ട്ടിഫിഷ്യല്‍ ലിമ്പ് വയ്ക്കുന്നതുവരെ ക്രച്ചസുപയോഗിക്കേണ്ടി വന്നുവെങ്കിലും പിന്നീട് പോക്കുവരവ് കോളേജ് ബസിനാക്കി. അന്ന് കോളേജിലെ സുഹൃത്തുക്കളൊക്കെ കട്ടക്ക് കൂടെനിന്നു. അവരില്‍ പലരും ഇന്നും സജേഷിന്‍റെ സുഹൃത്തുക്കളാണ്. ആംപ്യൂട്ട് ചെയ്‍തുകഴിഞ്ഞ് നാലാമത്തെ മാസമാണ് സജേഷ് ആര്‍ട്ടിഫിഷ്യല്‍ ലിമ്പ് വെക്കുന്നത്. ക്രിസ്‍മസ് വെക്കേഷന്‍ സമയത്ത്. 

ഒരു കുഞ്ഞ് ആദ്യമായി പരസഹായമില്ലാതെ തന്‍റെ പാദം നിലത്തുറപ്പിച്ച അതേ അനുഭവമായിരുന്നു സജേഷിനത്... ''കൃത്രിമക്കാല്‍ വെച്ച് അങ്ങനെ ഞാന്‍ രണ്ട് കാലില്‍ എഴുന്നേറ്റ് നിന്നു. അവിടെ ഒരു റാംപുണ്ട് നടന്നു പരിശീലിക്കാന്‍. റാംപിലൂടെ ഞാനെന്‍റെ ആദ്യത്തെ സ്റ്റെപ് എടുത്ത് വെക്കുമ്പോള്‍ ഒരു കുഞ്ഞ് ആദ്യമായി നടത്തം പഠിക്കുന്ന ഫീലായിരുന്നു. ശരിക്കും ഞാന്‍ നടക്കാന്‍ പഠിക്കുകയായിരുന്നു. അവിടുന്ന് മൂന്ന് ദിവസത്തെ പ്രാക്ടീസ്... ക്രച്ചസുപയോഗിച്ച് ബാംഗ്ലൂരിലേക്ക് പോയ ഞാന്‍ രണ്ട് കാലില്‍ നടന്നാണ് നാട്ടിലേക്ക് തിരികെയെത്തുന്നത്.'' 

പിന്നെ സാധാരണ ജീവിതത്തിലേക്ക്... കോളേജില്‍ വീണ്ടും പോയിത്തുടങ്ങി. പഴയ അതേ ജീവിതം. പഠനം പൂര്‍ത്തിയാക്കി. 2009  -ല്‍ ബാംഗ്ലൂരില്‍ ഒരു കമ്പനിയില്‍ ജോലി കിട്ടി സജേഷിന്. അവിടെ മൂന്നുനാല് വര്‍ഷം... അവിടെനിന്നും തിരികെ വരാനുണ്ടായ സാഹചര്യം സജേഷിന്‍റെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു സംഭവമാണ്. ''മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍ കമ്പനിയിലായിരുന്നു അന്ന് വര്‍ക്ക് ചെയ്‍തുകൊണ്ടിരുന്നത്. അന്ന് നമ്മുടെയൊക്കെ ഒരു ഡ്രീം കമ്പനിയാണ് ഡ്രാഗര്‍ എന്ന കമ്പനി. അതിന്‍റെ കോ-പാര്‍ട്‍ണറായ കമ്പനിയില്‍ കൊറേ ഇന്‍റര്‍വ്യൂ ഒക്കെ കഴിഞ്ഞ് എനിക്ക് ജോലി കിട്ടി. കോണ്‍ട്രാക്ടും ഒക്കെ വന്നു. ടിക്കറ്റ് അയച്ചു കിട്ടണമെങ്കില്‍ മെഡിക്കലെടുക്കണം. കാലിക്കറ്റ് ഒരിടത്തുനിന്നാണ് അതെടുക്കേണ്ടത്. എന്നാല്‍, ആര്‍ട്ടിഫിഷ്യല്‍ ലിമ്പിന്‍റെ കാര്യം പറഞ്ഞ് അവരെനിക്ക് മെഡിക്കല്‍ തന്നില്ല. സത്യത്തില്‍ അത് തരാതിരിക്കേണ്ട ഒരു കാര്യവുമില്ലായിരുന്നു. കാരണം, പ്രൊജക്ട് എഞ്ചിനീയറായിരുന്നു എന്‍റെ പോസ്റ്റ്. ഇന്‍റര്‍വ്യൂ സമയത്തും ശേഷവും ഇതൊക്കെ പറഞ്ഞുതന്നെയാണ് അവരെനിക്ക് ജോലി തന്നത്. പക്ഷേ, മെഡിക്കല്‍ കിട്ടാത്തതിനെ തുടര്‍ന്ന് ആ ജോലി പോയി. ഉണ്ടായിരുന്ന ജോലി രാജിവെക്കുകയും ചെയ്‍തിരുന്നു. ആ സമയത്ത് ശരിക്കും ഞാന്‍ തകര്‍ന്നുപോയി.''

മാരത്തോണിലൂടെ തിരികെ ജീവിതത്തിലേക്ക്

ആകെ തകര്‍ന്നിരിക്കുന്ന സജേഷിന്‍റെ മുന്നിലേക്ക് മാരത്തോണ്‍ കടന്നുവരുന്നത് തികച്ചും അവിചാരിതമായാണ്. അല്ലെങ്കിലും ഇത്രയൊക്കെ ജീവിതത്തെ കരുത്തോടെ നേരിട്ട ഒരാള്‍ക്കായി, ജീവിതം എന്തെങ്കിലും തിരികെ കാത്തുവെച്ചിട്ടുണ്ടാകുമല്ലോ... മാരത്തോണിലേക്ക് വന്ന കഥ സജേഷ് തന്നെ പറയുന്നു,

''മാരത്തോണിലേക്ക് വരുന്നത് 'ചലഞ്ചിംഗ് വണ്‍സ്' എന്നൊരു ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ്. ആ ഗ്രൂപ്പിന്‍റെ കൂടെയാണ് ആദ്യത്തെ മാരത്തോണ്‍... കൊച്ചിയില്‍ 2015 നവംബറില്‍, അഞ്ച് കിലോമീറ്റര്‍ മാരത്തോണായിരുന്നു അത്. ഞാനടക്കം പതിനെട്ടുപേരാണ് പങ്കെടുക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ലിമ്പ് സെറ്റ് ചെയ്‍തശേഷം ആദ്യമായിട്ടാണ് ഒരു മാരത്തോണ്‍ ഓടാന്‍ പോകുന്നത്. വീട്ടിലിക്കാര്യം പറഞ്ഞാല്‍ സമ്മതിക്കില്ല, പേടിയുണ്ടാകുമല്ലോ... അതുകൊണ്ട് ഞാനാരോടും പറഞ്ഞില്ല. രണ്ടാഴ്ച മുമ്പ് പ്രാക്ടീസ് തുടങ്ങണം. വൈകുന്നേരം ഫ്രണ്ട്സിനെ കാണാന്‍ പോവുകയാണ് എന്നും പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങുന്നത്. എന്നിട്ട് വഴിയില്‍ വണ്ടിവെച്ച് നടക്കും. ആദ്യം ഒരു കിലോമീറ്റര്‍, പിന്നെയത് രണ്ടും മൂന്നുമായി, പിന്നെപ്പിന്നെ പയ്യെ ഓട്ടമായി. അങ്ങനെ ഞാനെന്‍റെ ജീവിതത്തിലെ ആദ്യത്തെ മാരത്തോണ്‍ പൂര്‍ത്തിയാക്കി. അഞ്ച് കിലോമീറ്റര്‍, അമ്പത് മിനിറ്റുകൊണ്ട്... എന്തൊക്കെയോ വെട്ടിപ്പിടിച്ച ഫീലുണ്ടായിരുന്നു അന്ന്... ജീവിതം തന്നെ തിരിച്ചുപിടിച്ച അനുഭവമായിരുന്നു.'

തന്നെത്തന്നെ ബോധ്യപ്പെടുത്തണം തന്‍റെ കരുത്ത്. തളര്‍ന്നുപോയിട്ടില്ലെന്നും തനിക്കെന്തെങ്കിലും നേടാനാവുമെന്നും സ്വയം വിശ്വസിപ്പിക്കണം. ഇനിയൊരു മാരത്തോണ്‍ ഓടുന്നുവെന്ന് പറയുമ്പോള്‍ ആരും 'നിനക്കതിന് കഴിയില്ല' എന്ന് പറഞ്ഞ് പിന്തിരിപ്പിക്കരുത് അത് മാത്രമായിരുന്നു അന്ന് സജേഷിന്‍റെ മനസ്സില്‍... നോര്‍മല്‍ ആര്‍ട്ടിഫിഷ്യല്‍ ലിമ്പ് വച്ചാണ് അന്നത്തെ മാരത്തോണ്‍ സജേഷ് ചെയ്‍തത്. പിന്നീട് 2016 ഫെബ്രുവരിയില്‍ കോഴിക്കോട് ഐഐഎമ്മിന്‍റെ മാരത്തോണ്‍ ചെയ്‍തു, മൂന്ന് കിലോമീറ്റര്‍. പിന്നെ ഒന്നര വര്‍ഷം ഗ്യാപ്... 

2017 ആഗസ്‍തില്‍ സജേഷിനെ തേടിയൊരു കോള്‍ വന്നു. ''പിന്നീടെന്‍റെ മെന്‍ററായ, എന്നെ ഏറ്റവുമധികം സഹായിച്ച അജിത്ത് സാര്‍ ആണ് വിളിച്ചത്. വാസ്‍കുല സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഒരു മാരത്തോണുണ്ട്. അതില്‍ പങ്കെടുക്കാമോ സജേഷിന്‍റെ നമ്പറ് കൊടുക്കട്ടേ എന്നൊക്കെ ചോദിക്കാനാണ് വിളിച്ചത്. 'റണ്‍ ഫോര്‍ യുവര്‍ ലെഗ്‍സ്' എന്ന മാരത്തോണ്‍. പത്ത് കിലോമീറ്ററായിരുന്നു ഓടേണ്ടത്. രണ്ടുമൂന്നാഴ്‍ച മുമ്പ് പ്രാക്ടീസ് തുടങ്ങി. അന്ന് അവിടെവച്ച് അവരാണ് ഈ റണ്ണിംഗ് ബ്ലേഡ് സ്പോണ്‍സര്‍ ചെയ്‍തത്. നവംബറിലെനിക്കീ ബ്ലേഡ് കിട്ടി. ഒരിക്കലും കിട്ടില്ലെന്ന് കരുതിയ ഒന്നാണ് ബ്ലേഡ്. കാരണം അതിന് ലക്ഷങ്ങള്‍ വിലവരും. അത് വച്ച് പിന്നീട് പ്രാക്ടീസ് തുടങ്ങി. മാരത്തോണ്‍ സീരിയസായി എടുത്തു.''

''പിന്നീട്, ഇന്ത്യന്‍ നേവല്‍ അക്കാദമി ഏഴിമലയില്‍ ലാന്‍ഡ് ഓഫ് ലെജന്‍റ് മാരത്തോണ്‍' അതിലെ ഒരു അംബാസിഡറായി പങ്കെടുത്തു. ബ്ലേഡ് വച്ച ആദ്യത്തെ മാരത്തോണാണ് അത്. അങ്ങനെ കേരളത്തിലെ ആദ്യത്തെ ബ്ലേഡ് റണ്ണറായി. പിന്നീട്, ബ്ലേഡൊക്കെ വച്ചുള്ള ജീവിതം മാനേജ് ചെയ്തു തുടങ്ങി. ഇപ്പോ ഏകദേശം ഇരുപത്തിയെട്ടോളം മാരത്തോണ്‍ ചെയ്‍തു. അതില്‍ത്തന്നെ ഒരു ഇരുപത്തിയൊന്ന് കിലോമീറ്റര്‍ മാരത്തോണ്‍ ചെയ്‍തു. 15,10 കിലോമീറ്റര്‍ മാരത്തോണ്‍ ഒരുപാട് ചെയ്‍തു. അവസാനം ചെയ്‍തത് 'പയ്യന്നൂര്‍ ഹെല്‍ത്ത് റണ്‍', റോട്ടറി നടത്തിയ മാരത്തോണായിരുന്നു. മാര്‍ച്ച് എട്ടിനായിരുന്നു അത്. ''

sajesh krishnan shares his experience after an accident

 

മാരത്തോണ്‍ സജേഷിന്‍റെ സൗഹൃദവും ബന്ധവും വളരാന്‍ വളരെയധികം സഹായിച്ചു. ഏത് സ്ഥലത്ത് പോയാലും സജേഷിനറിയുന്ന കുറച്ചുപേരെങ്കിലും കാണും.  ഒരുപാട് യാത്രകള്‍ നടത്തുന്നു ഇപ്പോള്‍ സജേഷ്. ട്രക്കിംഗ് ഇഷ്‍ടമാണ്. കര്‍ണാടകയിലെ തന്നെ മൂന്നാമത്തെ ഏറ്റവും ഉയരം കൂടിയ, കൂര്‍ഗിലെ ഏറ്റവും ഉയരം കൂടിയ തടിയന്‍റമോളാണ് അതില്‍ മറക്കാനാവാത്തതെന്നും സജേഷ് പറയുന്നു.

''ട്രക്കിംഗ് വേറെത്തന്നെ അനുഭവമാണ്. പ്രകൃതിയെ അറിഞ്ഞുകൊണ്ട്, ഭൂമിയെ അറിഞ്ഞുകൊണ്ട്, മണ്ണില്‍ ചവിട്ടി നാം നടക്കണമെന്ന പാഠം അതെന്നെ പഠിപ്പിച്ചു. തടിയന്‍റമോളെത്തുന്നത് ഉച്ചക്കാണ്... അപ്പോഴും അവിടെയാകെ കോടയാണ്... ആ അനുഭവമൊക്കെ എങ്ങനെ വാക്കാല്‍ വിവരിക്കാനാണ്...'' 

ഇന്ത്യയെ പ്രതിനിധീകരിക്കുന്നു

മാരത്തോണ്‍ തുടങ്ങുന്ന സമയത്ത് സജേഷിന്‍റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഇന്ത്യയെ പ്രതിനിധീകരിച്ച് ഒരു മാരത്തോണില്‍ പങ്കെടുക്കുക എന്നത്. അങ്ങനെ കഠിനാധ്വാനം ചെയ്‍തു. അങ്ങനെയിരിക്കെ ഒരു ദിവസമാണ് സജേഷിനെ തിരക്കി ഒരു വിളി വന്നത്. നാഷണല്‍ ആംപ്യൂട്ടഡ് ഫുട്ബോള്‍ ടീമിലേക്കുള്ള ക്ഷണമായിരുന്നു അത്...

''ഭാരവാഹികള്‍ വിളിച്ചു. പങ്കെടുക്കാന്‍ പറ്റുമോ എന്നൊക്കെ ചോദിച്ചു. അവരോട് ഞാന്‍ പറഞ്ഞു എനിക്ക് ഫുട്ബോളില്‍ യാതൊരു മുന്‍പരിചയവും ഇല്ല. അപ്പോ അവര് പറഞ്ഞത് നോര്‍മല്‍ ഫുട്ബോള്‍ പോലെ അത്രയും നേരം ക്രീസില്‍ നില്‍ക്കാനാവുന്ന ഒരാളാവണം. സജേഷിപ്പോ ഇത്രയും കിലോമീറ്റര്‍ മാരത്തോണൊക്കെ ചെയ്യുന്ന ഒരാളായതുകൊണ്ട് ആ സ്റ്റാമിന ഉണ്ടാവും. ട്രെയിനിംഗ് തരാമെന്ന് പറഞ്ഞു. അങ്ങനെ ഒട്ടും പ്രതീക്ഷിക്കാതെ ഇന്ത്യന്‍ ടീമിലെത്തി. എന്‍റെ സ്വപ്‍നം യാഥാര്‍ത്ഥ്യമായി... 2019 മെയ് മാസം, ആഫ്രിക്കയിലെ കെനിയയിലെ നയ്റോബിയില്‍ കോണ്‍ഫെഡറേഷന്‍ കപ്പില്‍ ഇന്ത്യയെ റെപ്രസെന്‍റ് ചെയ്‍ത് കളത്തിലിറങ്ങാനും മൂന്ന് മാച്ച് കളിച്ച് റണ്ണേഴ്‍സ് അപ്പായി തിരിച്ചുവരാനും ഭാഗ്യമുണ്ടായി. അങ്ങനെ വാക്കിനാലെങ്കിലും ഇന്‍റര്‍നാഷണല്‍ ഫുട്ബോളര്‍ എന്ന പദവി കിട്ടി. അതെന്‍റെ ഏറ്റവും വലിയ ഭാഗ്യമാണ്. 

sajesh krishnan shares his experience after an accident

 

സജേഷ് പറയുന്നതും അതാണ്, നമ്മളൊരു കാര്യം നടക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍, അതിനുവേണ്ടി പ്രവര്‍ത്തിച്ചാല്‍, കഠിനശ്രമവും ക്ഷമയുമുണ്ടെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ ഉറപ്പായും നിങ്ങളെയത് തേടിവരുമെന്ന്. ജീവിതം കൊണ്ട് ഒരാളത് കാണിച്ചു തരുമ്പോള്‍ എങ്ങനെ വിശ്വസിക്കാതിരിക്കാനാണ് അല്ലേ?  

സഹതാപം വേണ്ട

ഒരുപാട് മനുഷ്യരെ കണ്ടുമുട്ടി. ഇപ്പോഴും എപ്പോഴും കൂടെയുള്ള മനുഷ്യരുണ്ടെനിക്കെന്ന് സജേഷ് പറയുന്നു. പക്ഷേ, സജേഷ് എല്ലാ കാര്യവും ചെയ്‍തു തുടങ്ങിയത് സജേഷിനെ തന്നെ വിശ്വസിപ്പിക്കാനാണ്. തനിക്കൊന്നും സംഭവിച്ചിട്ടില്ല. ലോകത്തെ എല്ലാ മനുഷ്യരില്‍ നിന്നും യാതൊരു കുറവുകളും തനിക്കില്ല എന്ന് തന്നെയും ലോകത്തെയും ബോധ്യപ്പെടുത്താന്‍. 

sajesh krishnan shares his experience after an accident

 

''എനിക്കറിയാം എന്‍റെ ജീവിതത്തില്‍ സംഭവിച്ചിരിക്കുന്നത് ട്രാജഡിയാണെന്ന്. ബോധപൂര്‍വം അതിനെ മറികടക്കുകയായിരുന്നു എന്‍റെ ലക്ഷ്യം. പക്ഷേ, അത് മറ്റുള്ള ആള്‍ക്കാരേയും മോട്ടിവേറ്റ് ചെയ്യുന്നുണ്ട് എന്ന് മെസ്സേജിലൂടെ, ഫോണ്‍കോളിലൂടെ, അല്ലെങ്കില്‍ നേരിട്ട് എന്നെ അറിയിക്കുമ്പോള്‍ എന്ത് സന്തോഷമാണെന്നോ... ആ ഒരു മാറ്റത്തിന് കാരണമാവാന്‍ എനിക്കായി എന്നത് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമാണ്. എല്ലാവരും പറയില്ലേ ഈ ഭൂമിയില്‍ ജീവിച്ച് മരിക്കുന്നതിനുമപ്പുറം എന്തെങ്കിലും ഇവിടെ ബാക്കിവച്ചിട്ട് പോണം എന്ന്. ഞാനിവിടെ ഉണ്ടായിരുന്നുവെന്നതിന് ഒരു കുഞ്ഞ് കാര്യമെങ്കിലും ഇവിടെ വച്ചിട്ടുണ്ട് എന്ന് ഇന്ന് ഞാന്‍ വിശ്വസിക്കുന്നു.''

''എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു ഇതൊക്കെ ചെയ്യാനാകുമെന്ന്. പക്ഷേ, കെയറിന്‍റെ ഭാഗമായോ എന്തോ ചിലരെങ്കിലും സഹായിക്കാന്‍ വരും. അതെന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. സമൂഹത്തിന്‍റെ ആ ചിന്ത മാറണമെങ്കില്‍ ആദ്യം ഞാന്‍ മാറണമായിരുന്നു. ഞാന്‍ എനിക്കിതെല്ലാം ചെയ്യാനാവുമെന്ന് എന്നെത്തന്നെ വിശ്വസിപ്പിച്ചു, ചുറ്റുമുള്ളവരെയും...'' 

അതേ, കണ്ണില്‍ സഹതാപവുമായി നാം സജേഷിനടുത്തേക്ക് ചെല്ലേണ്ടതില്ല. കാരണം, ഒരു മിനിറ്റ് നേരമെങ്കിലും സജേഷിനോട് സംസാരിച്ചാല്‍ മനസിലാവും നമ്മേക്കാളും മുകളിലാണയാളെന്ന്. ഒന്നുമില്ലെങ്കിലും വീണിടത്തുനിന്നും ഉയര്‍ന്നെഴുന്നേല്‍ക്കാനുള്ള കരുത്ത് നേടാന്‍ ആര്‍ക്കും കഴിയുമെന്ന് പഠിപ്പിക്കാനുള്ള അനുഭവമെങ്കിലും സജേഷിനുണ്ട്. സജേഷ് ഇനിയും കുതിക്കട്ടെ, നമ്മുടെയെല്ലാം അഭിമാനമായി. 

Latest Videos
Follow Us:
Download App:
  • android
  • ios