അയാളെന്നെ വലിച്ചിഴച്ച് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി, പൊലീസ് ക്രൂരതയുടെ നടുക്കുന്ന അനുഭവം

32 വര്‍ഷം മുമ്പുണ്ടായ ഒരു പൊലീസ് ക്രൂരതയുടെ അനുഭവം. എന്തു കൊണ്ടാണ് പൊലീസും നമ്മുടെ നിയമസംവിധാനങ്ങളും ഇങ്ങനെയാവുന്നത് എന്ന അന്വേഷണം. കൊവിഡ് കാലത്തെ പൊലീസ് നടപടികളുടെ പശ്ചാത്തലത്തില്‍ എസ് ബിജു എഴുതുന്നു

S biju on police atrocity and  the injustice he has experienced

ഒരു പിടിച്ചുപറിക്കാരനെ പിടിച്ചാല്‍ അയാളെയും പിടികൂടിയ പൊലീസുകാരന്റെയും, അതിനായി  ഒരു ശ്രമവും നടത്താത്ത  ഉന്നതോദ്യോഗസ്ഥരുടെയും പേരും പടവും മാധ്യമങ്ങളില്‍ വരും. അതു പോലെ കഴക്കൂട്ടത്ത് നിരപരാധിയെ തല്ലിചതച്ചതിന് സസ്‌പെന്‍ഷനിലായ എസ് ഐയുടെ  ഫോട്ടോയും വിവരങ്ങളും   കൊടുക്കേണ്ടതല്ലേ? കാരണം, നിയമ ലംഘനം നടത്തി അക്രമം കാട്ടിയാല്‍ പൊലീസ് ഓഫിസറായാലും കുറ്റവാളിയല്ലേ?  ഒരു പാലം ഇട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കണമല്ലോ.  

 

S biju on police atrocity and  the injustice he has experienced

 

1989-ലെ ഓണത്തലേന്ന്, തീയതി ഓര്‍മ്മയില്ല.  ചിങ്ങമാസത്തിലെ ഉത്രാട നാളില്‍ സുഹൃത്തുമൊത്ത് നഗരത്തിലെ ഓണാഘോഷം കാണാനിറങ്ങിയതാണ്. കമനീയമായ ഉത്സവകാഴ്ചകള്‍ കണ്ട് നടക്കുകയായിരുന്നു. മുഖ്യവേദിയായ .തിരുവനന്തപുരത്തെ കനകകുന്ന് കൊട്ടാരത്തിനടുത്ത് കൂടി നടക്കുമ്പോള്‍ അകലെ നിന്ന് ഫോട്ടോയെടുക്കുന്ന പരിചയക്കാരനെക്കണ്ട് അഭിവാദ്യം ചെയ്ത് നീങ്ങവേ പെട്ടെന്ന് ആരോ മുതുകിലടിച്ചു. നഗരത്തിലെ,ഏതോ സുഹൃത്തുക്കളായിരിക്കുമെന്ന് കരുതി തലതിരിച്ചു. 

പക്ഷേ അതിനിടയില്‍ അയാള്‍ എന്റെ കോളറില്‍ പിടിമുറുക്കിയിരുന്നു. ഒരു പരിചയവുമില്ല. മാത്രമല്ല ക്രൗര്യവും വഷളത്തരവും സമ്മേളിച്ച മുഖമുള്ള അയാള്‍ അതേ രീതിയില്‍ അറപ്പുള്ള വാക്കുകള്‍ ഉപയോഗിച്ച് സ്റ്റേഷനിലേക്ക് നടക്കാന്‍ അലറി. അപ്പോഴാണ് എന്നെ പിടിച്ചത് പോലീസാണെന്നറിഞ്ഞത്. അവിടത്തെ ഉത്സവഛായക്ക് മുഴുവന്‍ ഭംഗം വരുത്തി മഫ്തിയിലുള്ള ആ പോലീസുകാരന്‍ വന്‍ പുരുഷാരങ്ങള്‍ക്കിടയിലൂടെ എന്നെ അടുത്തുള്ള മ്യൂസിയം സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു. 

സത്യത്തില്‍, ഞാന്‍ ഒരു ചെറുത്ത് നില്‍പ്പും നടത്തിയിരുന്നില്ല. എന്നിട്ടും അയാള്‍ മദ്യത്തിന്റെയും പുകയിലയുടെയും അറപ്പുള്ള 
ഉച്ഛ്വാസം പുറപ്പെടുവിച്ചുകൊണ്ട് അതിലും അറപ്പുള്ള വാക്കുകള്‍ ഉപയോഗിച്ച് എന്നെ ആഞ്ഞ് വലിച്ചുകൊണ്ടുപോയി. തിങ്ങി നിറഞ്ഞ ജനസമുദ്രം അച്ചടക്കത്തോടെ ഞാനെന്ന കുറ്റവാളിക്കായി വഴി മാറി. എനിക്കും  കുടുംബത്തിനും ആഴത്തില്‍ ബന്ധു-സുഹൃദ് വലയമുള്ള പട്ടണത്തില്‍ അവരാരെങ്കിലും ഇത് കാണുന്നുണ്ടോ?

അപ്പോഴേക്കും ഞാന്‍ സ്റ്റേഷനിലേക്ക് പിടിച്ചു തള്ളപ്പെട്ടിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് അവിടെയെത്തിയിരുന്നു. ഞാന്‍ കണ്ണ് കാണിച്ച് അവനോട് മാറാന്‍ നിര്‍ദ്ദേശം നല്‍കി. അവനും എന്നെ പോലെ അപകടത്തില്‍പെടണ്ട എന്നതിനാലും ഞാന്‍ പോലീസ് പിടിയിലുള്ളത് ആരെങ്കിലും ഒരാളെങ്കിലും അറിഞ്ഞിരിക്കണമെന്നതിനാലുമായിരുന്നു അങ്ങനെ ചെയ്തത്. 

കടിച്ചതിലും വലുതാണ് മാളത്തിലുള്ളതെന്ന പോലെയായിരുന്നു മ്യൂസിയം സ്റ്റേഷനിലെ അവസ്ഥ.  കുറ്റവാളികളെന്ന് തോന്നിക്കുന്ന നിരവധി പേരെ അവിടെ കാണാമായിരുന്നു.  എന്നെ ആ നരകത്തിലേക്ക് ചവിട്ടിക്കയറ്റി  ആ പോലീസുകാരന്‍ അപ്രത്യക്ഷനായി. പാറാവുകാരന്‍ എന്നെ മറ്റൊരു ഉദ്യോഗസ്ഥന്റെ അടുത്തേക്ക് നയിച്ചു. പരുഷമായി തന്നെ എന്നാല്‍ കുറച്ച് ഭേദപ്പെട്ട വാക്കുകളിലായിരുന്നു ചോദ്യം ചെയ്യല്‍. 

ഹെഡ് കോണ്‍സ്റ്റബളായ ആ റൈറ്റര്‍ വീടും ഊരും തിരക്കിയ ശേഷം എന്ത് ചെയ്യുന്നുവെന്ന് ചോദിച്ചു. 

ആകെ ഭയപ്പെട്ട ഞാന്‍  വിക്കി വിക്കി പറഞ്ഞത് അദ്ദേഹത്തിന് മനസ്സിലായില്ലെന്ന് തോന്നി. അടുത്ത നിന്ന പോലീസുകാരന്‍ ഇടപെട്ടപ്പോള്‍ കേരള സര്‍വ്വകലാശാല കാര്യവട്ടം ക്യാമ്പസില്‍ എം.എ ലിംഗ്വിസ്റ്റിക്‌സിനു പഠിക്കുന്നതായി ഞാന്‍ വ്യക്തമാക്കി. അപ്പോള്‍ പ്രസ് ക്‌ളബില്‍ സായാഹ്ന കോഴ്‌സിന് ജേണലിസത്തിനും ചേര്‍ന്നിരുന്നുവെങ്കിലും അത് പറഞ്ഞാല്‍ അപകടമാകുമോ എന്ന ആശങ്കയില്‍ മിണ്ടിയില്ല. എന്തായാലും ലിംഗ്വിസ്റ്റിക്‌സ് എന്ന വാക്ക് അനുഗ്രഹമായി. അത് ഉച്ചരിക്കാന്‍ പോലും അദ്ദേഹത്തിന് ആകാത്തതിനാലാകാം എന്നോട് നീയൊക്കെ ഇത്രയും വലിയ പഠിത്തമുണ്ടായിട്ട്  ഈ **** ഇടപാടിന് ഇറങ്ങിയതെന്തിനെന്ന് ചോദിച്ചു.

എന്നിട്ട് എന്നെ പിടിച്ചു കൊണ്ടു വന്ന പൊലീസുകാരനെ തിരക്കിയിട്ട് കാണാതെ പാറാവുകാരനെ വിളിച്ച്  ഇവന്റെ  കുറ്റമെന്തെന്ന്  ചോദിച്ചു. അറിയില്ലന്ന് മറുപടി. ഇത് എന്നെ വീണ്ടും വിഷമത്തിലാക്കി. ഞാന്‍ ചെയ്ത കുറ്റം എനിക്കോ പോലീസുകാര്‍ക്കോ വ്യക്തമല്ല.  ഇതിനിടയില്‍ അവിടത്തെ പ്രതികളെ നിര്‍ദ്ദാക്ഷിണ്യം അടിക്കുകയും ചവിട്ടുകയുംചെയ്യുന്നതു കാണാമായിരുന്നു. ആദ്യമായി സ്റ്റേഷനില്‍  കയറിയ  ഞാന്‍  സ്തബ്ധനായി. 

സാമാന്യം മാന്യമായി വസ്ത്രം ധരിച്ച ഒരാളെ എന്തിനാടാ ഷര്‍ട്ട് ഊരാത്തതെന്ന് ആക്രോശിച്ച് അവിടത്തെ ചെറുപ്പക്കാരനായ എസ്.ഐ ലാത്തി കേറ്റി ഉടുപ്പിലെ ബട്ടണ്‍ പൊട്ടിച്ച് അയാളെ മൃഗീയമായി തല്ലി. കുറ്റം എന്തെന്നൊന്നും ചോദിക്കാതെയായിരുന്നു ആ പരമ്പര മര്‍ദ്ദനം. 

അടുത്ത ഊഴം എന്റെതായിരുന്നു. മാനസികമായി ആകെ തളര്‍ന്ന ഞാന്‍  യാന്ത്രികമായി ഷര്‍ട്ട് ഊരാന്‍ തുടങ്ങവേ വയര്‍ലെസ് സന്ദേശമെത്തി. എന്തോ പ്രശ്‌നം കാരണം എസ്.ഐക്ക്  അടിയന്തരമായി പുറത്ത് പോകേണ്ടി വന്നു. പകച്ചു നിന്ന എന്നോട് ഇരിയെടായെന്ന് റൈറ്റര്‍ പറഞ്ഞപ്പോള്‍ ഞാന്‍ ലോക്കപ്പിന് മുന്നിലെ ഇടിക്യൂ ലക്ഷ്യമാക്കി നീങ്ങി. 

നീയിവിടെ ഇരിയെടാ എന്ന് പറഞ്ഞ് അയാള്‍ അരികിലേ ബെഞ്ചിലേക്ക് ചൂണ്ടി. അറച്ചിട്ടാണെങ്കിലും അവിടെയിരുന്നു. ഇതിനിടയില്‍ മണി പത്തായതോടെ റൈറ്റര്‍ ചുമതല മറ്റൊരാള്‍ക്ക് കൈമാറി ഇറങ്ങി. എസ്.ഐ തിരിച്ചു വരുമ്പോള്‍ ബാക്കിയെന്ന് അദ്ദേഹം പറഞ്ഞതിന് ഞാന്‍ മനസ്സിലാക്കിയത് എന്നെ ചവിട്ടിക്കൂട്ടുമെന്നായിരുന്നു. 

 

S biju on police atrocity and  the injustice he has experienced


 

ലോക്കപ്പിനുള്ളിലെ മഹാനരകങ്ങള്‍

നമ്മുടെ നാട്ടില്‍ പൊലീസ് അതിക്രമം പെരുകുന്നതായുള്ള വാര്‍ത്തകളാണ് എന്നെ ഇക്കാര്യങ്ങള്‍ ഓര്‍മിപ്പിച്ചത്. കഴിഞ്ഞ ദിവസവും കഴക്കൂട്ടത്ത് വഴിയില്‍ നടക്കുകയായിരുന്ന യു.വി ഷിബുകുമാറിനെ പൊലീസ് അകാരണമായി മര്‍ദ്ദിച്ചു (എന്തെങ്കിലും കാരണമുണ്ടെങ്കില്‍ പോലും മര്‍ദ്ദിക്കാന്‍ അവര്‍ക്ക് യാതൊരു അധികാരവുമില്ല. പക്ഷേ സുഹൃത്തുക്കളായ പൊലീസ് ഉദ്യോഗസ്ഥര്‍ എത്ര ഉന്നതരായാലും ഇത് സമ്മതിക്കാറില്ല. വളരെ പ്രയാസപ്പെട്ട് പിടിച്ച കൊടും കുറ്റവാളികളെ വരെ രാഷ്ടീയക്കാര്‍ ഊരി കൊണ്ടു പോകും. അതിന് മുന്‍പ് കലിപ്പ് തീര്‍ക്കുന്നു). 

 

"

 

ഇന്ത്യയില്‍ ഏറ്റവും അധികം മനുഷ്യാവകാശ ലംഘനം നടക്കുന്നത് പോലീസ് സ്റ്റേഷനുകളിലാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് 
എന്‍.വി രമണക്ക് തന്നെ പറയേണ്ടി വന്നിരിക്കുന്നു. കസ്റ്റഡി പീഡനവും മറ്റ് പൊലീസ് അതിക്രമങ്ങളും ഇപ്പോഴും രൂക്ഷമാണെന്ന് വ്യക്തമാക്കിയ  അദ്ദേഹം സ്ഥാനമാനങ്ങള്‍ ഉള്ളവര്‍ക്ക് പോലും മൂന്നാം മുറയില്‍ നിന്ന് രക്ഷയില്ലെന്ന് പറഞ്ഞത് ക്വിറ്റ് ഇന്ത്യാ വാര്‍ഷിക ദിനമായ ഇക്കഴിഞ്ഞ  ഓഗസ്റ്റ് എട്ടിനാണ്. ഭരണഘടനയുടെ പരിരക്ഷ ഉണ്ടായിട്ടും നിയമസഹായ പരിരക്ഷ പോലീസ് സ്റ്റേഷനുകളില്‍ ഇല്ലാത്തതാണ് കസ്റ്റഡിയിലുള്ളവര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു.

 

"

മറിയം റഷീദയുടെ അഭിമുഖം

നമ്മുടെ നാട്ടില്‍ കുറ്റവിചാരണ പൂര്‍ത്തിയാക്കാന്‍ നിരവധി വര്‍ഷങ്ങള്‍ വേണ്ടി വരുന്നുണ്ട്. പ്രമാദമായ കേസുകളില്‍ പോലും അക്ഷന്ത്യവമായ കാലവിളംബം നീതി നിര്‍വഹണത്തെ തടസ്സപ്പെടുത്തുന്നു. ഐ. എസ് ആര്‍ ഒ ചാരക്കേസ് തന്നെയെടുക്കുക. വര്‍ഷം 25 കഴിഞ്ഞിട്ടും ഇപ്പോഴും നീതി പൂര്‍ണ്ണമായും നടപ്പിലാക്കിയിട്ടില്ല. അന്ന് ശാസ്ത്രഞ്ജരെയും അയല്‍രാജ്യക്കാരായ സ്ത്രീകളെയും കള്ളക്കേസില്‍ കുടുക്കി കസ്റ്റഡിയില്‍ ക്രൂരമായി പീഡിപ്പിച്ച  ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും സ്വതന്ത്രരാണ്.

ഇപ്പോഴും മാനസികാരോഗ്യത്തോടെ ഇരിക്കുന്ന നമ്പി നാരായണന്‍ ഏതാണ്ട് ഒറ്റയ്ക്ക് നടത്തിയ പോരാട്ടം ഒന്ന് കൊണ്ട് മാത്രമാണ് ഇത്രയുമെങ്കിലും നീതി നിര്‍വഹണം സാധ്യമായത്. അന്ന് നമ്പി നാരായണനോടൊപ്പം പീഡനം ഏറ്റു വാങ്ങേണ്ടി വന്ന മറിയം റഷീദയും ഫൗസിയ ഹസനും കേസുമായി മുന്നോട്ടു പോകാന്‍ ധൈര്യപ്പെട്ടിരുന്നുവെങ്കില്‍  ശിക്ഷാ നടപടികള്‍ ഗുരുതരമായേനേ. 

തൊണ്ണൂറുകളുടെ ആദ്യം ഈ കേസ് വഞ്ചിയൂര്‍ കോടതിയില്‍  റിപ്പോര്‍ട്ട് ചെയ്യവേ,  കോടതിയില്‍ നിന്നിറങ്ങവേ മറിയം റഷീദയുടെ അഭിമുഖം എടുത്തതിന് ഈ ലേഖകനെ പോലീസ് കസ്റ്റഡിയിലെടുത്ത്, ടേപ്പും പിടിച്ച് വാങ്ങി  കോടതിയില്‍ ഹാജരാക്കി. ജൂഡിഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിയെ അനുവാദമില്ലാതെ അഭിമുഖം എടുത്തുവെന്ന് പോലീസ് വാദിച്ചെങ്കിലും കോടതിയെന്നെ  വിട്ടയക്കുകയായിരുന്നു. 

 

............................................

മറിയം റഷീദയും ഫൗസിയ ഹസനും കേസുമായി മുന്നോട്ടു പോകാന്‍ ധൈര്യപ്പെട്ടിരുന്നുവെങ്കില്‍  ശിക്ഷാ നടപടികള്‍ ഗുരുതരമായേനേ. 

S biju on police atrocity and  the injustice he has experienced

 

അന്ന് ചാരക്കേസിന്റെ പേരില്‍  മുഖ്യമന്ത്രി  കെ. കരുണാകരനെ താഴെയിറക്കാന്‍ ചില മാധ്യമങ്ങളുടെ കൂടി സഹായത്തോടെ കള്ളക്കഥകള്‍ മെനഞ്ഞ  രാഷ്ട്രീയക്കാര്‍, പ്രതേകിച്ച്  ഭരണകക്ഷിക്കാരായ സ്വന്തം പാര്‍ട്ടിക്കാര്‍ ഒരു പോറലുമേല്‍ക്കാതെ നില്‍ക്കുന്നു. അന്ന് കരുണാകരന്റെ വീഴ്ചയില്‍ മുഖ്യമന്ത്രി സ്ഥാനവും, ഉന്നത പദവികളുമൊക്കെ നേടിയവരും പിന്നീട് അവരെ തള്ളിയിട്ട് ആ സ്ഥാനം പിടിച്ചെടുത്തവരും ഇന്ന് ഒരു പോറലുമേല്‍ക്കാതെ നില്‍ക്കുന്നു. ആകെ ആശ്വാസം, മുമ്പ് രക്ഷപ്പെട്ട് പോയ പല കാര്യങ്ങള്‍ക്കും കിട്ടിയ ഒരു ചെറിയ ശിക്ഷയായി കെ.കരുണാകരന് ഇത് മാറിയിരുന്നു എന്നതാണ്.

എന്തായാലും  ആര്‍ ബാലകൃഷ്ണ പിള്ളയെപോലെ  ജയിലിലും മറ്റും പോകാതെ രാജിയില്‍ നിന്നല്ലോ. അടിയന്തരാവസ്ഥക്കാലത്ത് കാണാതായ ആര്‍.ഇ.സി വിദ്യാര്‍ത്ഥി രാജന്റെ പിതാവ് ഈച്ചര വാരിയരെങ്കിലും ഒരു വേള കണ്ണീര്‍ തുടച്ചിട്ടുണ്ടാകും.  രാഷ്ടീയക്കാരുടെ ചട്ടുകമായി ക്രമക്കേട് കാട്ടുന്ന ഉദ്യോഗസ്ഥര്‍ക്ക് താക്കീതാകട്ടെ കോടതിയുടെ ചാരക്കേസിലെ  അന്തിമ വിധി എന്ന് നമുക്ക് ആശിക്കാം. ഐ ജി ലക്ഷ്മണയുടെ മാതൃക പിന്തുടര്‍ന്ന്, കൂടുതല്‍ പേര്‍ ജയിലിലേക്ക്  നടക്കട്ടെ.  

 

....................................................

ഐ ജി ലക്ഷ്മണയുടെ മാതൃക പിന്തുടര്‍ന്ന്, കൂടുതല്‍ പേര്‍ ജയിലിലേക്ക്  നടക്കട്ടെ.  

S biju on police atrocity and  the injustice he has experienced

ഐ ജി ലക്ഷ്മണ

 

അതേ സമയം അമേരിക്കയില്‍ മിന്നസോട്ടയില്‍  കഴിഞ്ഞ വര്‍ഷം മെയ് 25-ന് ജോര്‍ജ് ഫ്‌ലോയിഡെന്ന കറുത്ത വംശജനെ കഴുത്ത് ഞെക്കിക്കൊന്ന ഡെറിക് ഷോവനെന്ന പൊലീസ് ഉദ്യോഗസ്ഥനെ എത്ര പെട്ടെന്നാണ് വിചാരണ നടത്തി ശിക്ഷിച്ചത്. അന്ന് വഴിപോക്കര്‍ പകര്‍ത്തിയ മൊബൈല്‍ ദൃശ്യങ്ങള്‍ക്കൊപ്പം പോലിസിന്റെ ബോഡീ ക്യാമറ ദൃശ്യങ്ങളുമാണ് കേസിലെ ശിക്ഷാവിധിയില്‍ നിര്‍ണ്ണായകമായത്.

 


കേരളത്തിലും 2018ല്‍ വലിയ പ്രചാരണത്തോടെ പോലീസ് ബോഡി ക്യാമറ സംവിധാനം ഉദ്ഘാടനം ചെയ്തിരുന്നു. അതൊക്കെ ഫലപ്രദമായി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ചീഫ് ജസ്റ്റിസിന് ഇങ്ങനെ പോലീസ് മൂന്നാം മുറയെപ്പെറ്റി പരിതപിക്കേണ്ടി വരുകയില്ലായിരുന്നു.

 

"

 

ബോഡീ ക്യാമറ പൊലീസ് ഇപ്പോള്‍ കേരളത്തില്‍ ഉപയോഗിക്കുന്നതായി അറിയില്ല. പൊലീസ് ആസ്ഥാനത്തടക്കം അന്വേഷിച്ചെങ്കിലും മറുപടി ഇതു വരെ കിട്ടിയിട്ടുമില്ല. സ്‌റ്റേഷനുകളിലടക്കം സി.സി. ടി. വി  വേണമെന്നാണ് ചട്ടം.  

 

"

 

ഇവിടെയാണ് മൗലികമായ മറ്റൊരു നീതി നിര്‍വഹണ പ്രശ്‌നമുള്ളത്. കോടതിയിലെ വിചാരണ നടപടികളിലെ വലിയ കാലവിളംബത്തിന് ഒരു കാരണം കേസുകളുടെ ബാഹുല്യമാണ്. ആവശ്യത്തിന് കോടതികളും അതിനാവശ്യമായ പ്രവര്‍ത്തന ചെലവും അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ മനം നൊന്ത് മുമ്പ് ചീഫ് ജസ്റ്റിസ് പി.എസ് താക്കൂറിന് പൊതു വേദിയില്‍  വിതുമ്പേണ്ടി വന്നത് ഓര്‍മ്മയുണ്ടാകുമല്ലോ..

 

 

കെട്ടിക്കിടക്കുന്ന കേസുകള്‍

രാജ്യത്ത് ഏതാണ്ട് മൂന്ന് കോടി കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഓരോ വര്‍ഷവും പുതുതായി രണ്ട് കോടി വ്യവഹാരങ്ങളാണ് രാജ്യത്ത് ഉണ്ടാകുന്നത്. ഇതെക്കെ തീര്‍ക്കാന്‍ 320 വര്‍ഷം വേണ്ടി വരുമെന്ന് ജസ്റ്റിസ് വി.വി റാവു പറഞ്ഞത് ഓര്‍ക്കണം. 10  ലക്ഷം ജനങ്ങള്‍ക്ക് 50 ജഡ്ജിമാര്‍ വേണമെന്നാണ് ദേശിയ നിയമ കമ്മീഷന്‍ 1987-ല്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം  10 ലക്ഷം ജനങ്ങള്‍ക്ക് കേവലം 17 ജഡ്ജിമാരേയുള്ളു. യു.പി, പശ്ചിമബംഗാൾ പോലുള്ള സംസ്ഥാനങ്ങളിൽ 10 ലക്ഷം ജനങ്ങൾക്ക് ഏതാണ്ട് 10 ജഡ്ജിമാരെയുള്ളു.  

കൊവിഡ് കാലത്ത് വ്യക്തമായ ദിശാബോധവുമോ  നേതൃത്വമോ നല്‍കാതെ പൊലീസിന് ജോലി ഭാരം ഏല്‍പ്പിക്കുന്നതും കുറ്റവാസന പെരുകാന്‍ കാരണമാകുന്നു. ലോക് ഡൗണ്‍ നിയന്ത്രണം കൊണ്ടു വന്ന പ്രതിസന്ധിയും പിരിമുറുക്കുവും പൊലീസുകാരെ നന്നായി ബാധിച്ചിട്ടുണ്ട്. ഒന്നുകില്‍ അവര്‍ നാട്ടുകാരുടെ മേല്‍ കുതിരകയറുന്നു. അല്ലെങ്കില്‍ അവര്‍ കൈക്കുലി വാങ്ങുന്നു.  

നമ്മുടെ അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലും പോലീസ് നടത്തുന്ന ക്രൂരമര്‍ദ്ദനം നിരപരാധികളുടെ ജീവനെടുത്തിട്ടും സര്‍ക്കാരുകള്‍ക്ക് അവര്‍ക്ക് മേല്‍ ഉചിതമായ  നടപടി എടുക്കാനാകാത്തത് ഈ കുറ്റബോധത്താലാണ്. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ പൊലീസ് തല്ലികൊന്ന ജയരാജും ബെനിക്‌സും സേലത്തിനടുത്ത് ലോക്ഡൗണിന്റെ പേരില്‍ നിരത്തില്‍ പൊലീസ് അടിച്ചുകൊന്ന മുരുകേശനും ഇതിലെ ചില കണ്ണികള്‍ മാത്രം.

 

 

കഴക്കൂട്ടത്ത് കൈത്തരിപ്പ് തീര്‍ക്കാന്‍ ഷിബു കുമാറിനെ മര്‍ദ്ദിച്ച എസ്.ഐ വിമലിന് ഒരു മൃദു സസ്‌പെന്‍ഷനില്‍ കാര്യം ഒതുങ്ങി. ഇതൊരു പെയ്ഡ് ലീവാണ്. കുറച്ചു നാള്‍ കഴിഞ്ഞ് അദ്ദേഹം പൂര്‍ണ്ണ ആനുകൂല്യത്തോടെ സര്‍വ്വീസില്‍ മടങ്ങിയെത്തുമെന്നതിന്റെ സൂചനയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസ് അതിക്രമങ്ങളെ ന്യായികരിച്ച് നിയമസഭയില്‍ പ്രസംഗിച്ചത്.  

 

 

'സാറെ എവനെന്നെ ആക്ഷേപിച്ചു'

തുടക്കത്തില്‍ ഞാന്‍ പറഞ്ഞ സംഭവത്തിലും പൊലിസിന് എന്നോട് മോശമായി പെരുമാറേണ്ടി വന്നത് ആ വ്യവസ്ഥിതയുടെ പോാരായ്മ കൊണ്ടാണെന്നാണ് ഞാന്‍ കരുതുന്നത്. ഇത് പക്ഷേ പൊലീസ് അതിക്രമത്തിന് ഇടയാക്കുന്നവരിലുണ്ടാക്കുന്ന പ്രത്യാഘാതം ചില്ലറയല്ല. 

അന്ന് എസ്.ഐയെ കാത്തിരുന്ന വേളയില്‍ എന്നെ അലട്ടിയിരുന്ന ഒരു പ്രശ്‌നം എന്റെ തൊഴില്‍ ജീവിതം ഇനി എന്താവും എന്ന കാര്യമാണ്. വിദ്യാര്‍ത്ഥി രാഷ്ടീയത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പഠിച്ച  ബ്രണ്ണന്‍ കോളേജിനെ പോലെയോ അതിനെക്കാളുമേറെയോ പ്രസിദ്ധിയോ കുപ്രസിദ്ധിയോ നേടിയ യുണിവേഴ്‌സിറ്റി കോളേജിലാണ് ഞാന്‍ പഠിച്ചത്. പക്ഷേ ചോരച്ചാലുകള്‍ നീന്തിക്കയറുകയോ, ഊരി പിടിച്ച വാളുകള്‍ക്കിടയിലൂടെ നടക്കുകയോ ചെയ്തിട്ടില്ല. അവിടെ ആകെ ഉണ്ടായിരുന്ന ഒരു  ആയുധം ഹോക്കി സ്റ്റിക്കായിരുന്നു. യുണിവേഴ്‌സിറ്റി കോളേജ് ഗോള്‍കീപ്പറായിരുന്നതിനാല്‍ അത് എതിര്‍ടീമിനെ ആക്രമിക്കാനല്ല ചെറുക്കാന്‍ വേണ്ടി മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്.  കോളേജിലെ എന്‍.സി.സി സീനീയര്‍ അണ്ടര്‍ ഓഫീസറായതിനാല്‍ എന്നും അച്ചടക്കത്തിന്റെ വഴിയെ നടന്നിട്ടുമുള്ളു. പട്ടാള ഓഫീസറാകാനായുള്ള പരീക്ഷയൊക്കെ പാസായി അഭിമുഖത്തിന് തയ്യാറെടുക്കുകയായിരുന്നു ഞാനന്ന്. 

ഈ കേസില്‍പ്പെട്ടാല്‍ അതെല്ലാം മുടങ്ങും. 

എന്താണ് ഞാന്‍ ചെയ്ത കുറ്റമെന്ന് മനസ്സിലാകാത്തത് ആശങ്ക വര്‍ദ്ധിപ്പിച്ചു. ഓണക്കാലത്ത്, പിടിച്ചുപറി, പൂവാല ശല്യം, ലഹരി വില്‍പ്പന തുടങ്ങിയ കേസുകളില്‍ പൊലീസ് പിടികൂടിയവരുടെ സചിത്ര വാര്‍ത്തകള്‍ പത്രങ്ങളില്‍ വരാറുള്ളത് ഞാനന്നേരം ഓര്‍ത്തു. 

ഇതിനിടയില്‍ മണി പതിനൊന്നായി. എന്നെ കാണാതെ വീട്ടുകാരുടെ ആശങ്ക ഓര്‍ത്ത് വിഷമം കൂടി. അതിനിടയിലാണ് ആ അപ്രതീക്ഷ ചോദ്യം കേട്ടത്. 

''കരമന വാണിയക്കുടിയിലല്ലേ വീട്. '' -ഞാന്‍ ഞെട്ടിതിരിഞ്ഞു നോക്കി. 

നേരത്തേ കണ്ട മുഖങ്ങളില്‍ നിന്ന് വ്യത്യസ്തമായി സൗമ്യ മുഖവും സ്വരവുമുള്ള രണ്ട് പോലീസുകാര്‍. അവരുടെ യൂണിഫോം സൂചിപ്പിച്ചത് ക്യാമ്പിലെ പോലീസുകാരുടെതായിരുന്നു.  അവര്‍ എന്റെ അച്ഛന്റെ സൂചന കൂടി നല്‍കിയതോടെ ആശങ്ക കൂടി. സുഹൃത്ത് വീട്ടില്‍ അറിയിച്ച് അച്ഛനിങ്ങോട്ട് എത്തിയോ? അതോ മറ്റെന്തെങ്കിലും ആപത്തോ? 

പൊലീസുകാരിലാരാള്‍ ചോദിച്ചു, 'എന്ത് പറ്റി?'

എനിക്ക് ഒരെത്തും പിടിയുമില്ലെന്നും എന്‍ സി സി പശ്ചാത്തലം അടക്കമുള്ള കാര്യങ്ങളും അവരോട് വ്യക്തമാക്കി. സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് എ ആര്‍ ക്യാമ്പില്‍ നിന്ന് വന്നതാണെന്നും തന്റെ വിട് കരമനക്കടുത്ത നെടുങ്കാട്ടിലാണെന്നും, എന്നെയും അച്ഛനെയും കണ്ട് പരിചയമുണ്ടെന്നും ആ പോലീസ് കോണ്‍സ്റ്റബിള്‍ പറഞ്ഞതോടെയാണ് ഞാനൊന്ന് ശ്വാസം വിട്ടത്. 

അവരോട് ഞാന്‍ സംഭവങ്ങളെല്ലാം വ്യക്തമാക്കി. അവര്‍ ചെന്ന് സ്റ്റേഷനിലെ മറ്റുള്ളവരോട് കാര്യങ്ങള്‍ പറഞ്ഞു കാണണം. 

പിന്നെ കാര്യങ്ങള്‍ വേഗത്തിലായി. മടങ്ങിയെത്തിയ എസ്. ഐയെ കാണാന്‍ അവിടത്തെ പാറാവുകാരന്‍ വന്നു പറഞ്ഞു. അടി കൊള്ളാന്‍ തയ്യാറെടുത്തു തന്നെയാണ് ഞാന്‍ അങ്ങോട്ട് പോയത്. 

കുറേ കുറ്റവാളികള്‍ ലോക്കപ്പിലും കുറച്ചുപേര്‍ പരിസരത്തെ മേശയില്‍ വിലങ്ങിട്ട നിലയിലും കണ്ടു. കുറേ പേര്‍ അവിടെ ഏതാണ്ട് മയങ്ങി കിടക്കുന്നത് കാണാം. 

അപ്പോഴേക്കും എന്നെ പിടിച്ച മഫ്തിക്കാരന്‍ ആടിയാടി അവിടെ വന്നു. 

''എന്ത് കേസ്'' ആണെന്ന് എസ് ഐ  ചോദിച്ചപ്പോള്‍ 'സാറെ എവനെന്നെ ആക്ഷേപിച്ചു' എന്നായിരുന്നു കുഴഞ്ഞ വാക്കുകളില്‍ മറുപടി. 

''ഛെ, വെറുതെ മെനക്കെടുത്താന്‍' എന്ന് പറഞ്ഞ എസ്.ഐ അവിടെയുണ്ടായിരുന്ന എ.ആര്‍ ക്യാമ്പിലെ പോലീസുകാരെ നോക്കി. അവര്‍ ഓടിയെത്തിയപ്പോള്‍ അദ്ദേഹം എന്തോ അടക്കം പറഞ്ഞു. 

ക്യാമ്പ് പോലീസുകാരും പാറാവുകാരനും എന്നെ കൂട്ടി റെറ്ററിന്റെ അടുത്തേക്ക് കൊണ്ടു പോയി. അദ്ദേഹം മേല്‍വിലാസമെഴുതാന്‍ പറഞ്ഞു. ഞാന്‍ കൃത്യമായത് തന്നെ രേഖപ്പെടുത്തി. എനിക്കതേ തോന്നിയുള്ളു. മാത്രമല്ല എന്റെ വീടറിയാവുന്നവരും അവിടെയുണ്ട്. 

അടുത്താഴ്ച നിശ്ചിത ദിവസം ഹാജരാകണമെന്ന താക്കീതോടെ എന്നോട് പൊയ്‌കൊള്ളാന്‍ പറഞ്ഞു. ഇറങ്ങി വീട്ടിലേക്ക് നടക്കാന്‍ ഒരുങ്ങിയ എന്നെ ക്യാമ്പിലെ പോലീസുകാര്‍ ജിപ്പില്‍ കയറാന്‍ പറഞ്ഞു. വീണ്ടും ഞാന്‍ ആശങ്കയിലായി. വീട്ടില്‍ കൊണ്ടു ചെന്നാക്കാന്‍ എസ്.ഐ പറഞ്ഞെന്നറിയിച്ചപ്പോള്‍ ഞാന്‍ വേണ്ടെന്ന് പറഞ്ഞു നോക്കിയെങ്കിലും അവര്‍ സമ്മതിച്ചില്ല. ഞാന്‍ സ്വയം ആപത്തില്‍പ്പെടുത്തുമോ എന്ന ആശയങ്കയിലോ അതോ അനുകമ്പ കൊണ്ടോ അതോ മേല്‍ വിലാസമുറപ്പിക്കാനോ  വേണ്ടി എസ്. ഐ നിര്‍ദ്ദേശിച്ച പ്രകാരം അവരെന്നെ അനുഗമിച്ചു. 

ഭാഗ്യത്തിന് ഞങ്ങളുടെ വാണിയക്കുടി മുടുക്കില്‍ (ഇടവഴി തിരുവനന്തപുരത്ത് ഇങ്ങനെയാണ്)   വണ്ടി കയറില്ല. 

മണി പന്ത്രണ്ടായതിനാല്‍ അപ്പോഴേക്കും കരമന മുക്കില്‍ ആളൊഴിഞ്ഞിരുന്നു. ഞാന്‍ പൊലീസ് ജിപ്പില്‍ വന്നിറങ്ങുന്നത് പരിചയക്കാര്‍ ആരും കണ്ടിരുന്നില്ല. മുടുക്കിലൂടെ നടക്കവേ കൂടെ വന്ന പോലീസുകാരോട് ഞാന്‍ വീട്ടുകാര്‍ കാണുന്നത് ഒഴിവാക്കണമെന്ന് അപേക്ഷിച്ചു. എന്നാലും  കതക് തുറന്ന് അച്ഛന്‍ എന്നെ അകത്തേക്കാനായിക്കുന്നത് മറഞ്ഞ് നിന്ന് കണ്ടിട്ടാണ് അവര്‍ മടങ്ങിയത്. 

പാഠ്യേതര പരിപാടികള്‍ പലതിലും  പങ്കാളിയായതിനാല്‍, താമസിച്ചെത്തുന്നത് സാധാരണമായതിനാല്‍, എന്താണ് വൈകിയത് എന്ന് വീട്ടുകാര്‍ ചോദിച്ചപ്പോള്‍ ഞാന്‍ സര്‍വ്വകലാശാല നാടക ക്യാമ്പെന്നോ മറ്റോ കാരണം  പറഞ്ഞു. പകര്‍ന്ന് വച്ചിരുന്ന കഞ്ഞി കുടിക്കാന്‍ പറഞ്ഞ് അവര്‍ ഉറങ്ങാന്‍ പോയി. അപ്പോഴേക്കും തിരുവോണം പുലര്‍ന്നിരുന്നു. 

 

.........................................................

ആവശ്യത്തിന് ജഡ്ജിമാരെ നിയമിച്ചില്ലെങ്കില്‍ വിരമിച്ച ജഡ്ജിമാരെ തിരികെ വിളിക്കേണ്ടി വരുമെന്ന അസാധാരണ നിര്‍ദ്ദേശവും സുപ്രീം കോടതിക്ക് നല്‍കേണ്ടി  വന്നു.

S biju on police atrocity and  the injustice he has experienced

സുപ്രീം കോടതി

 

സുപ്രീം കോടതിയിലെ    ജഡ്ജിമാരുടെ അംഗബലം ചീഫ് ജസ്റ്റിസുള്‍പ്പടെ 34 ആണ്. എന്നാലിപ്പോള്‍ ( ഓഗസ്റ്റ് 13-ന് ) 25 ന്യായാധിപന്‍മാരേയുള്ളു. അതായത് അനുവദിച്ചതിന്റെ മൂന്നില്‍ രണ്ട് മാത്രം. 18 -ന് ഒരാള്‍ കൂടി വിരമിക്കും. അതായത് 24 ജഡ്ജിമാര്‍ മാത്രം . രണ്ട് വര്‍ഷമായി പുതിയ നിയമനങ്ങള്‍ സുപ്രീം കോടതിയില്‍ നടന്നിട്ടില്ല. ആഗസ്റ്റ് മാസം ഒന്നിലെ  കണക്ക് പ്രകാരം 1098 ജഡ്ജിമാര്‍ വേണ്ടിടത്ത് 643  പേരേ ഉള്ളൂ. 455 തസ്തികകൾ ഹൈകോടതികളില്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഏതാണ്ട് 41 ശതമാനം ക്ഷാമം. ജനാധിപത്യത്തിന്റെ മൂന്നാം തൂണിനെ നിശ്ചലമാക്കാനുള്ള നീക്കമായേ ഈ അവസ്ഥയെ കാണാനാകൂ എന്നാണ് സർക്കാറിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി ജഡ്ജിമാരായ  സഞ്ജയ് കിഷൻ കൗളും ഋഷികേശ് റോയും പറഞ്ഞത്.

ഇക്കാര്യങ്ങളില്‍ കൃത്യമായ കണക്കെടുപ്പ് നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് സുപ്രീം കോടതി കഴിഞ്ഞ ഏപ്രിലില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു,ആവശ്യത്തിന് ജഡ്ജിമാരെ നിയമിച്ചില്ലെങ്കില്‍ വിരമിച്ച ജഡ്ജിമാരെ തിരികെ വിളിക്കേണ്ടി വരുമെന്ന അസാധാരണ നിര്‍ദ്ദേശവും സുപ്രീം കോടതിക്ക് നല്‍കേണ്ടി  വന്നു. രാജ്യമൊട്ടാകെയുള്ള കീഴ് കോടതികളിലായി കോടികണക്കിന് കേസുകള്‍ തീര്‍പ്പാക്കാന്‍ ജഡ്ജിമാര്‍ മാത്രമല്ല അനുബന്ധ പശ്ചാത്തല സൗകര്യവും ഒരുക്കണം. 3343 പുതിയ കോടതി മുറികളും അനുബന്ധ ജീവനക്കാരും അനിവാര്യമാണ്. ഇതൊക്കെ ഒരുക്കി നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാറുകളാണ്.  ഇതിവിടെ പറയാന്‍ കാരണം,  കോടതിയാലും, പൊലീസായാലും അമിതഭാരത്താല്‍ ഉഴലുകയാണ്. വിധിന്യായത്തിലെ ന്യൂനതയിലേക്ക് വരെ ഇത് നയിച്ചാല്‍ അത്ഭുതപ്പെടാനില്ല. എത്രയോ നിരപരാധികള്‍ വിചാരണത്തടവുകാരായി ജാമ്യം പോലും കിട്ടാതെ ജയിലുകളില്‍ നിരവധി വര്‍ഷങ്ങള്‍ നരകയാതന അനുഭവിക്കണ്ടി വരുന്നു. നിയമം  നടപ്പാക്കേണ്ട പൊലീസാകട്ടെ ജോലിഭാരങ്ങളിലും പല തരം സമ്മർദ്ദങ്ങളിലും അകപ്പെട്ട്  നിയമലംഘകരായി അധ:പതിക്കുന്നു.   ഇത് ഗുരുതര പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. 

 

"

 

'ഇനി നീ  ഇങ്ങോട്ടാന്നും വരണ്ട'.

എന്നെ പൊലീസ് പിടികൂടിയത് ഒരു പക്ഷേ കുറ്റവാളികളെ പിടികൂടാനുള്ള ക്വാട്ട തികയ്ക്കാനാകും. എന്നാല്‍ അത് പിടികൂടപ്പെടുന്ന നിരപരാധിയെ എങ്ങനെ ബാധിക്കുമെന്ന അവര്‍ അറിയുന്നുണ്ടോ? പൊലീസ് അന്യായമായി പിടികൂടി കുറ്റവാളിയാക്കിയ ഞാന്‍ എന്തോ വന്‍ ഭാഗ്യം കൊണ്ട് മാത്രമാണ് കസ്റ്റഡി  മര്‍ദ്ദനത്തില്‍ നിന്നും ഒരു പക്ഷേ അതിലും വലിയ  ആപത്തില്‍ നിന്നും രക്ഷപ്പെട്ടത്. അതിന്, മനസ്സാക്ഷി മരവിക്കാത്ത ആ ''അറിയപ്പെടാത്ത'' പൊലീസുകാരനോടും , അയാള്‍ക്ക് എന്റെ അച്ഛനോടുള്ള ബഹുമാനത്തിനും തീര്‍ത്താല്‍ തീരാത്ത നന്ദി. കാരണം എനിക്ക് കിട്ടാതെ പോയ പീഡനം ഞാന്‍ സ്റ്റേഷനില്‍ മറ്റുള്ളവരിലൂടെ കണ്ടതാണല്ലോ. അടി കിട്ടിയില്ലെങ്കിലും ആ സംഭവം എന്നെ കാലങ്ങളോളം വല്ലാതെ ഉലച്ചിരുന്നു. 

ആ രാത്രി കുറച്ചുറങ്ങിയുണര്‍ന്നപ്പോള്‍ എന്തൊരു ആശങ്കയായിരുന്നു!

രാവിലെ നാടെങ്ങും തിരുവോണത്തിമിര്‍പ്പിലായപ്പോള്‍ ഞാന്‍ തികച്ചും അരക്ഷിതനായിരുന്നു. യാതൊരു ഉത്സാഹവുമില്ലാതെയാണ് ഞാന്‍ അമ്മ വിളമ്പി തന്ന ഓണസദ്യയുണ്ടത്. അന്ന് പുറത്തേക്കൊന്നുമിറങ്ങിയില്ല. മാത്രമല്ല ആശങ്ക വര്‍ദ്ധിച്ചു വരുന്നുണ്ടായിരുന്നു. പിരിമുറുക്കം വര്‍ദ്ധിക്കുന്നത് വീട്ടുകാരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞാന്‍ പിടിച്ചു നിന്നു എന്ന് മാത്രം. ഇതിനിടയില്‍ മനസ്സില്‍ പല ചിന്തകളും വേരോടി. ജീവിതം തന്നെ  മുന്നോട്ടു കൊണ്ടു പോകാനാകുമോ എന്ന സംശയത്തിലായി. എന്നെക്കാള്‍ പ്രായവും പക്വതയും കുറഞ്ഞ ഒരു സുഹൃത്തിന് മാത്രണാണ് കാര്യങ്ങള്‍ അറിയാവുന്നത്. ഒടുവില്‍ പിരിമുറുക്കം സഹിക്കവയ്യാതായി. എന്തിന്   ഇങ്ങനെ ആശങ്കപ്പെടുന്നു  എന്ന  സന്ദേഹിക്കാം. പക്ഷേ നിസ്സഹായനായ ഒരു  ചെറുപ്പക്കാരന്റെ അവസ്ഥ അനുഭവിച്ചവര്‍ക്കേ മനസ്സിലാകൂ. 

തിരുവോണം കഴിഞ്ഞ് അവിട്ടമാണ് ഞങ്ങളുടെ വീട്ടിലെ നല്ലോണം. രണ്ടാമത്തേ ചേച്ചിയുടെ പിറന്നാളാണ്. ഞാന്‍ എന്തോ പറഞ്ഞ് അന്ന് വീട്ടില്‍ നിന്നിറങ്ങി. ലക്ഷ്യമില്ലാതെ അലഞ്ഞു. ഒടുവില്‍  എങ്ങനെയോ  മനസ്സ് പങ്ക് വയ്ക്കാവുന്ന മറ്റൊരു സുഹൃത്തിനെ വീട്ടില്‍ ചെന്നു കണ്ടു. കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞപ്പോഴാണ് അല്‍പ്പം പിരിമുറുക്കം അയഞ്ഞത്. അവനും  കാര്യം കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് പിടിയുണ്ടായിരുന്നില്ല. വീട്ടിലേക്ക് പോലീസ് വരുമോ, സ്റ്റേഷനില്‍ ഹാജരാകുമ്പോള്‍ എന്ത്  സംഭവിക്കും എന്നൊക്കെ അവന്‍ ആശങ്കപ്പെട്ടു. അത്തരമൊരവസ്ഥ വന്നാല്‍  നല്ലൊരു അഭിഭാഷകനും രാഷ്ട്രീയ നേതാവുമായിരുന്ന അവന്റെ അടുത്ത ബന്ധുവിനെ ഇടപെടുവിക്കാം എന്ന് പറഞ്ഞു. 

അതിനിടയില്‍ ദൂരെയെവിടെയെങ്കിലും എന്തെങ്കിലും പണി കണ്ടെത്തി  സ്ഥലം വിട്ടാലോ എന്ന് വരെ ആലോചിച്ചു. പക്ഷേ  സ്‌നേഹത്തണലായ അച്ഛനുമമ്മയേയും ചേച്ചിമാരെയും അങ്ങനെ വിട്ടു പോരാനും തോന്നിയില്ല. ചേച്ചിമാര്‍ രണ്ടും പേരും വിവാഹം കഴിഞ്ഞ് പോയിരുന്നതിനാല്‍ അവരോട് ഇത് സംസാരിക്കാനും ഇടവന്നില്ല. അന്നൊന്നും മൊബൈല്‍ പോയിട്ട് ഞങ്ങളുടെ വീടുകളില്‍ ലാന്‍ഡ് ഫോണ്‍ പോലുമില്ല. 

എന്‍ സി സി ബെസ്റ്റ് കേഡറ്റായതിനാല്‍ എനിക്ക് സായുധ വിഭാഗങ്ങളില്‍ ജോലിക്ക് മുന്‍ഗണന സാധ്യതയുണ്ട്.  പൊലീസ് വെരിഫിക്കേഷന്‍ വന്നാല്‍ ഈ  കേസ് മൂലം അതെല്ലാം തകരുമെന്നായിരുന്നു ആശങ്ക.  എങ്ങനെയൊക്കയോ ഒരാഴ്ച പിന്നിട്ട്, സുഹൃത്ത് പകര്‍ന്ന് നല്‍കിയ ധൈര്യത്തില്‍ ഞാന്‍ വീണ്ടും മ്യൂസിയം സ്റ്റേഷനില്‍ രാവിലെ  ഹാജരായി. 

പകലായതിനാലാവാം അന്തരീക്ഷം മെച്ചമായിരുന്നു. അന്നത്തെ കാളരാത്രിയില്‍ എന്നോടൊപ്പം സ്റ്റേഷനിലുണ്ടായിരുന്ന  മറ്റ് കുറ്റാരോപിതരിലെ ഒരു സംഘവും അവിടെയുണ്ടായിരുന്നു. അന്ന് തിരുവനന്തപുരത്തെ കുപ്രസിദ്ധമായ കണ്ണേറ്റുമുക്ക് സംഘമാണ് അതെന്ന് ഞാന്‍ സംഭവദിവസം തന്നെ സംഭാഷണങ്ങളില്‍ നിന്ന് മനസ്സിലാക്കിയിരുന്നു. കേസും, പൊലീസും  പുത്തരിയല്ലാത്തതിനാലാകാം തറവാട്ടിലേക്ക് മടങ്ങി വന്നപോലെ അവര്‍ 'ഉത്സാഹഭരിതരായിരുന്നു.' 

അവരുടെ കളിതമാശകള്‍ക്ക് ഭംഗം വരുത്തി റൈറ്ററേമാന്‍ പ്രത്യക്ഷപ്പെട്ടു. 

എന്നെ കണ്ടതും  മുഖത്തെ ആംഗ്യത്തിലൂടെ എന്തെന്ന് ചോദിച്ചു. ഞാന്‍ കാര്യം പറഞ്ഞപ്പോള്‍ 'ആാം' എായിരുന്നു മറുപടി. അവിടെ ഒപ്പിട്ടിട്ട് പോയിക്കൊള്ളാന്‍ അയാള്‍ നിസ്സാരമായി പറഞ്ഞു. 

കേസ് തുടരുമോ, ഇനിയും വരണമോ എന്നൊക്കെ ഞാന്‍ സംശയത്തിലായി. 

അതിനിടയില്‍ റൈറ്റര്‍  കണ്ണേറ്റുമുക്കുകാരെ ഡീലു ചെയ്യാന്‍ പോയി. 

പെട്ടെന്നാണ് ആ കാളരാത്രിയില്‍ പാറാവു നിന്ന പൊലീസുകാരന്‍ അവിടെ പ്രത്യക്ഷപ്പെട്ടത്. എന്റെ ദയനീയാവസ്ഥയില്‍ അലിവ് തോന്നിയിട്ടോ എന്തോ അദ്ദേഹം എനിക്ക് മുഖം തന്നു. ഞാന്‍  ചെന്ന് കാര്യമൊക്കെ പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, 'ഇനി നീ  ഇങ്ങോട്ടാന്നും വരണ്ട'.

അതിന്റെ ആശ്വാസത്തില്‍  ഞാന്‍ അവിടം വിട്ടു. എങ്കിലും ഭയവും, ഭാരവും ഒക്കെ ഒഴിയാന്‍ വീണ്ടും ഏറെ നാളെടുത്തു.

കരമനയില്‍കൂടി ഒരു  പോലീസ് ജീപ്പ്  വന്നാല്‍ അതെന്നെ പൊക്കാനാണോയെന്ന് എന്ന് ഞാന്‍ ഭയപ്പെട്ടു. കപില്‍ദേവ് എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന ഒരു പോസ്റ്റ്മാനായിരുന്നു വീട്ടില്‍ അന്ന് കത്തുകള്‍ കൊണ്ടുവന്നിരുന്നത്. പക്ഷേ  ആ തല കാണുമ്പോള്‍ ഞാന്‍ സംശയിച്ചിരുന്നത് എനിക്ക് മ്യുസിയം സ്റ്റേഷനില്‍  നിന്നോ വഞ്ചിയൂര്‍ കോടതിയില്‍ നിന്നോ വാറണ്ട് തപാല്‍ വരുന്നതാണോയെന്നായിരുന്നു.  ആര്‍ക്കോ ജാമ്യം നിന്ന്, അവര്‍ പണമടക്കാത്തതിന് അച്ഛനു വരുന്ന നോട്ടീസുകളായിരുന്നു ചിലപ്പോഴെങ്കിലും കപില്‍ദേവ് കൊണ്ടുവന്നിരുന്നത്. 

 

പൊലീസ് ജയിച്ചു, നീതി തോറ്റു

വാഗ്ദത്ത ഭൂമി ( Promised Land) എന്ന പുതിയ പുസ്തകത്തില്‍ അമേരിക്കന്‍  പ്രസിഡന്റ് ബരാക്ക് ഒബാമ ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് പ്രവചനാത്മകമായി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വലിയ യുദ്ധ വിരുദ്ധത പറഞ്ഞിട്ടാണ് അദ്ദേഹം മത്സരിച്ചത്.  മാസങ്ങള്‍ നീണ്ട  പ്രചരണങ്ങളിലൊക്കെ ബുഷിന്റെ അഫ്ഗാന്‍, ഇറാഖ് യുദ്ധ നിലപാടുകളെ വിമര്‍ശിച്ച്, സേനയെ നിയന്ത്രക്കുന്നവരെയാക്കെ മാറ്റുമെന്ന് പറഞ്ഞാണ് ഒബാമ വിജയിച്ചു വന്നത്.

എന്നാല്‍ ബുഷിന്റെ പ്രതിരോധ മന്ത്രിയായ ( ഡിഫന്‍സ് സെക്രട്ടറി) റോബര്‍ട്ട് ഗേറ്റ്‌സിനെ പോലും മാറ്റാന്‍ ഒബാമക്കായില്ല. യുദ്ധവും ക്രമസമാധാന സംവിധാനവുമൊക്കെ നമ്മുടെ നിയന്ത്രണങ്ങള്‍ക്കപ്പുറമുള്ള പ്രഹേളികയാണെന്നാണ് ഒബാമ വെറ്റ് ഹൗസിലെ സിറ്റുവേഷന്‍ റൂമിലെ അനുഭവം നിരത്തി പറയുന്നുണ്ട്.    

..................................................

ഹോളിവുഡ് സിനിമകളിലെ പോലെ, അത്യാധുനിക സജ്ജീകരണങ്ങളുള്ള വാര്‍ റൂമൊന്നുമല്ല, മറിച്ച് ഒരിടുങ്ങിയ മുറിയാണ് അതെന്നാണ് ഒബാമ പുസ്തകത്തില്‍ പറഞ്ഞത്.


S biju on police atrocity and  the injustice he has experienced

 

ലാദനെ കൊല്ലുമ്പോള്‍ ഒബാമ

ഇത് ഒബാമയുടെ അന്നത്തെ ചിത്രമാണ്. വൈറ്റ് ഹൗസിലെ സിറ്റുവേഷന്‍ റൂമിലിരുന്ന് ബിന്‍ലാദനെ കൊല്ലാനുള്ള ഓപ്പറേഷന്‍ നെപ്ട്യൂണ്‍ സ്പീയര്‍ വിവരങ്ങള്‍ നിരീക്ഷിക്കുന്ന ഒബാമയും സംഘവുമാണ് ഇതില്‍. Geronima KIA എന്നായിരുന്നു ആ ഓപ്പറേഷനില്‍ ബിന്‍ ലാദന് നല്‍കിയിരുന്ന കോഡ് നെയിം. വെറ്റ് ഹൗസിലെ ഔദ്യോഗിക ഫോട്ടോഗ്രാഫര്‍ പീറ്റ് സൂസ പകര്‍ത്തിയ ആ വിഖ്യാത നിമിഷത്തെ കുറിച്ചും ഒബാമ പുസ്തകത്തില്‍ പറയുന്നുണ്ട്. 

ഹോളിവുഡ് സിനിമകളിലെ പോലെ, അത്യാധുനിക സജ്ജീകരണങ്ങളുള്ള വാര്‍ റൂമൊന്നുമല്ല, മറിച്ച് ഒരിടുങ്ങിയ മുറിയാണ് അതെന്നാണ് ഒബാമ പുസ്തകത്തില്‍ പറഞ്ഞത്. അവിടത്തെ മോണിറ്ററുകളെ പരമാവധി പരിസരത്തെ സ്‌പോട്‌സ് ബാറുകളോട് താരതമ്യം ചെയ്യാമെന്നും ആദ്ദേഹം പറഞ്ഞു. ബിന്‍ ലാദനെ കൊല്ലാനായി പാകിസ്ഥാനില്‍ സിഐ ഐ നേതൃത്വം നല്‍കിയ ഓപ്പറേഷന്‍ ഒബാമയും സുരക്ഷാ മേധാവികളും കാണുന്നുവെന്നായിരുന്നു അന്ന് പ്രചരിക്കപ്പട്ടെത്. പക്ഷേ ആ പടം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ പീറ്റ് സൂസ പിന്നീട് എഴുതിയ പുസ്തകത്തില്‍ തല്‍സമയ വീഡിയോഒന്നും കാണുകയായിരുന്നില്ല അവര്‍ എന്നാണ് പറഞ്ഞത്. പിരിമുറക്കത്തോടെ ആ രംഗം വീക്ഷിച്ചവര്‍ ലാദന്‍ കൊല്ലപ്പെട്ടതില്‍ ആഹ്‌ളാദവും പ്രകടിപ്പിച്ചില്ലത്രെ. പകരം അവര്‍ ഒന്നാശ്വസിച്ചു പിരിഞ്ഞു പോയി എന്നാണ് പീറ്റ് സൂസ പറയുന്നത്.  

20 വര്‍ഷം നീണ്ട അഫ്ഗാന്‍ ആധിനിവേശം ഫലം കാണാതെ പോയതിലെ പ്രധാന കാരണങ്ങളിലൊന്ന്  അഫ്ഗാന്‍ പൊലീസിലെ അഴിമതിയാണെന്ന് ഒബാമ പറയുന്നു. നമ്മുടെ  പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ നടത്തിയ ആക്രമണത്തിനായി തീവ്രവാദികള്‍ക്ക് പാകിസ്ഥാന്‍ അതിര്‍ത്തി കടന്നെത്താനായത് പഞ്ചാബ് പോലീസിലെ അഴിമതി മൂലമാണെന്നാണ് രഹസ്യ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഉന്നതനടക്കം നാല് പൊലീസ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയാണ് തീവ്രവാദികളെ കടത്തി വിട്ടതന്നാണ് അറിയാനായത്.

ആലാചിച്ചു നോക്കൂ, അഫ്ഗാനിലായാലും, പത്താന്‍കോട്ടിലായാലും നിയമവും കാവലും ഉറപ്പ് വരുത്തേണ്ടവര്‍ വരുത്തുന്ന വീഴ്ച എത്ര വലിയ പ്രത്യാഘാതം ഉണ്ടാക്കുന്നുവെന്ന്! വേലി വെറുതേ വിളവ് തിന്നുന്നുവെന്ന് ആരോപിക്കുന്നില്ല. തീര്‍ച്ചയായും അവിടെയുള്ള വന്‍ മരങ്ങള്‍ അടിയിലൂടെ രഹസ്യമായി ഊറ്റിയെടുക്കുന്നുണ്ടാകും.  പക്ഷേ സേവനവും സംരക്ഷണവും (To serve and Protect) ദൃഢ കര്‍മ്മേ മൃദു ഭാവെ  ചെയ്യേണ്ട പൊലീസ് അതിന് വിപിരീതമായി തകര്‍ക്കുന്നത് നിരവധി തരളിത ഹൃദയങ്ങളെയാണ്, പച്ചയായ ജീവിതങ്ങളെയാണ്, കുടുംംബങ്ങളുടെ അത്താണികളെയാണ്. 

 

..............................................

20 വര്‍ഷം നീണ്ട അഫ്ഗാന്‍ ആധിനിവേശം ഫലം കാണാതെ പോയതിലെ പ്രധാന കാരണങ്ങളിലൊന്ന്  അഫ്ഗാന്‍ പൊലീസിലെ അഴിമതിയാണെന്ന് ഒബാമ പറയുന്നു.

S biju on police atrocity and  the injustice he has experienced

അഫ്ഗാന്‍ പൊലീസ്

 

ആ പൊലീസുകാരനെ വിടാതെ പിന്തുടരുമ്പോള്‍...

കാലം എല്ലാത്തിനെയും മായ്ക്കുമോ? ആവണമെന്നില്ല. ക്രമേണ ഞാന്‍ ആശ്വസിച്ചു, പൊലീസ്  കേസൊന്നും ഇനിയുണ്ടാവില്ലന്ന്. ഞാന്‍ പഠന കാര്യങ്ങളിലും ജോലിയിലും മുഴുകി. എന്നെക്കാള്‍ സമര്‍ത്ഥരുണ്ടായതിനാല്‍ ആര്‍മി സര്‍വ്വീസ് സെലക്ഷന്‍ ബോര്‍ഡ് അഭിമുഖത്തിലെ അവസാന ഘട്ടത്തില്‍  ഞാന്‍ പിന്തള്ളപ്പെട്ടു. പിന്നീട് ബിഎസ്എഫില്‍  പ്‌ളാറ്റൂണ്‍ കമാണ്ടറായി (എസ്.ഐ) സെലക്ഷന്‍ കിട്ടി. (പൊലീസ് വെരിഫിക്കേഷനില്‍ കുഴപ്പം സംഭവിച്ചില്ല!)  അപ്പോഴേക്കും മാധ്യമ പ്രവര്‍ത്തനത്തില്‍ രസം പിടിച്ചതിനാലും പുതിയ ഗുരുക്കന്‍മാരുടെ ഉപദേശ പ്രകാരവും ആ പണി വേണ്ടെന്നു വച്ചു. പൊലീസില്‍ നിന്നുണ്ടായ  പഴയ സംഭവവും കരടായിരിക്കണം. 

വലിയ പ്രശ്‌നമൊഴിഞ്ഞാലും നമ്മുടെ മനസ്സ് പുതിയ ശത്രുക്കളെ തേടിപിടിക്കുമെന്ന് പറയാറുണ്ടല്ലോ.  അത് പോലെ  എനിക്ക് കുഴപ്പമില്ലെന്നറിഞ്ഞതോടെ എന്നെ കുടുക്കിയ പൊലീസുകാരനെ ഞാന്‍ ട്രാക്ക് ചെയ്യാന്‍ തുടങ്ങി. 

തിരുവനന്തപുരത്ത് പണിയെടുക്കുന്നതിനാലും, സുഹൃത്തുക്കള്‍ പൊലീസിലുള്ളതിനാലും ഇതിന് ബുദ്ധിമുട്ടുണ്ടായില്ല. അയാള്‍  കൂടുതല്‍ വഷളത്തരത്തിലേക്ക് പോകുന്നതായി മനസ്സിലാക്കാനായി. സെക്രട്ടറിയേറ്റിനടുത്ത കണ്‍റ്റോണ്‍മെന്റ് സ്റ്റേഷനിലേക്ക് അയാള്‍ പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ ആയെത്തി.  അവിടെയും ഞാന്‍ നീരീക്ഷണം തുടര്‍ന്നു.

 

S biju on police atrocity and  the injustice he has experienced

കൃഷ്ണകുമാര്‍ ജി

 

സ്റ്റാച്യുവില്‍ നിന്ന് ജനറല്‍ ഹോസ്പിറ്റലിലേക്ക്  പോകുന്ന വഴിക്ക് ടാന്‍ഡം കമ്മ്യൂണിക്കേഷന്‍ എന്നൊരു സ്ഥാപനമുണ്ടായിരുന്നു അന്ന്. മൊബൈല്‍ ഫോണിനു മുമ്പുള്ള ആ കാലത്ത്  എസ് ടി ഡി മുതല്‍ ഡി ടി പി വരെ ബഹുവിധ സേവനങ്ങള്‍ നല്‍കുന്ന  നല്ലൊരു സ്ഥാപനം. ചലച്ചിത്ര താരവും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ  ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ കൃഷ്ണകുമാര്‍ ജി അന്ന് അവിടത്തെ മാനേജരായിരുന്നു. കിച്ചുവുമായി (വിളിപ്പേര്) എന്‍സിസി കാലത്ത് മുതലേ  സൗഹൃദമുണ്ടായിരുന്നതിനാല്‍ ഞാനവിടെ പോകുമായിരുന്നു. 

ഒരു ദിവസം നമ്മുടെ പൊലീസ് കഥാപാത്രം -മദ്യപിച്ചിട്ടാണെന്ന് പറയുന്നു-അവിടെ ചെന്ന് ബഹളമുണ്ടാക്കി. പക്ഷേ ഇത്തവണ കളിച്ചത് വേറെ ലെവല്‍ ആളുകളോടായതിനാല്‍ പണി കിട്ടി, സസ്‌പെന്‍ഷിനിലായി. അതോടെ എനിക്ക് സമാധാനമായി. പിന്നീട് ഞാനാ കേസ് വിട്ടു.         

അതു വരെ അയാളുടെ കാര്യമോര്‍ത്ത്  മനസ്സില്‍ വിദ്വേഷം നുരഞ്ഞു പൊങ്ങുന്നുണ്ടായിരുന്നു. എങ്കിലും വിവേകം തടകെട്ടി. കുടുംബത്തിനും പണിയെടുക്കുന്ന സ്ഥാപനത്തിനും  ഉണ്ടാക്കാവുന്ന  പേരുദോഷം. എത്ര ഒളിച്ചാണ് ചെയ്യുന്നതെങ്കിലും എന്റെ  പ്രതികാര വാഞ്ച എന്നെ തന്നെ കുരുക്കുമെന്ന ബോധ്യമാണ് എന്നിലെ രാക്ഷസീയതക്ക് മതില്‍ കെട്ടിയത്.     

ഒരു പിടിച്ചു പറക്കാരനെ പിടിച്ചാല്‍ അയാളെയും പിടികൂടിയ പൊലീസുകാരന്റെയും, അതിനായി  ഒരു ശ്രമവും നടത്താത്ത  ഉന്നതോദ്യോഗസ്ഥരുടെയും പേരും പടവും മാധ്യമങ്ങളില്‍ വരും. അതു പോലെ കഴക്കൂട്ടത്ത് നിരപരാധിയെ തല്ലിചതച്ചതിന് സസ്‌പെന്‍ഷനിലായ എസ് ഐയുടെ  ഫോട്ടോയും വിവരങ്ങളും   കൊടുക്കേണ്ടതല്ലേ? കാരണം, നിയമ ലംഘനം നടത്തി അക്രമം കാട്ടിയാല്‍ പൊലീസ് ഓഫിസറായലും കുറ്റവാളിയല്ലേ?  ഒരു പാലം ഇട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കണമല്ലോ.  

 

S biju on police atrocity and  the injustice he has experienced

 

സ്മാര്‍ട്ട് വിജയന്റെ കഥ

സര്‍വ്വീസ് കാലത്ത് നല്ല  സ്മാര്‍ട്ടായിരുന്നയാളാണ് ഐ എസ് ആര്‍ ഒ ചാരകേസില്‍ കുറ്റവിചാരണ നേരിടുന്ന പൊലീസ് ഓഫീസറായ  എസ് വിജയന്‍. ഇപ്പോള്‍  കേസ് നടത്തിപ്പിനായി ആരവങ്ങളില്ലാതെ സ്വന്തം ചെലവില്‍ എറണാകുളത്തേക്ക് ട്രെയിനില്‍ പലപ്പോഴും ഒറ്റയ്ക്ക് പോകുന്ന സ്മാര്‍ട്ട് വിജയനെ കാണാറുണ്ട്. ആരുടെയെങ്കിലും വാക്ക് കേട്ടിട്ടോ ധനസമ്പാദനത്തിനോ മഹിമയും  സ്ഥാനക്കയറ്റവും നേടാനുമൊക്കെ നിരപരാധികളെ കുടുക്കാനിറങ്ങുന്നവര്‍ക്ക് ഇതൊക്കെ ഒരു  പാഠമാകട്ടെ.

എന്തിനാവണം ആ പൊലീസുകാരന്‍ എന്നെ പിടിച്ച് കുറ്റവാളിയാക്കാന്‍ മുതിര്‍ന്നത്? ഇത്ര കുറ്റവാളികളെ കണ്ടത്തണമെന്ന് ടാര്‍ഗറ്റ് അയാള്‍ക്ക് നല്‍കിയിത് കൊണ്ടാണോ? ചില കാര്യങ്ങളില്‍ നമുക്ക് പലപ്പോവും ഉത്തരം കിട്ടില്ല.  

അധികാരത്തിന്റെ ചില്ല് മേടയില്‍ നിന്ന് പദവിക്കും അധികാരത്തിനും, ഹൂങ്കിനുമൊക്കെ അടുത്തൂണ്‍ നല്‍കി ഒരു നാള്‍ നമുക്കെല്ലാവര്‍ക്കും ഇറങ്ങിയേ പറ്റൂ.

Latest Videos
Follow Us:
Download App:
  • android
  • ios