'സഹകരണമോ, ഏറ്റുമുട്ടലോ വേണ്ടത് തെരഞ്ഞെടുക്കാം'; ലോകരാജ്യങ്ങളോട് വീണ്ടും അധികാരമേറ്റ് പുടിന്‍

റഷ്യയുടെ ചക്രവർത്തിയായി പുടിന്‍ സ്വയം പ്രതിഷ്ഠിച്ചിരിക്കുന്നു എന്നാണ് നിരീക്ഷകരുടെ വാദം.

Russian President Challenges The World After Taking Office Again

വ്ലദീമീർ പുടിൻ ഒരിക്കൽ കൂടി റഷ്യയുടെ പ്രസിഡന്‍റായി അധികാരമേറ്റു.  ലോകത്തിലെ ഏറ്റവും വലിയ രാജ്യത്തിന്‍റെ പ്രസിഡന്‍റായി 24 വർഷം കഴിഞ്ഞിരിക്കുന്നു.  മെയ് 7 2000  -ത്തില്‍ ആദ്യം അധികാരം ഏല്‍ക്കുമ്പോള്‍ 'ജനാധിപത്യം', 'രാജ്യം സംരക്ഷിക്കുക' ഇതൊക്കെയായിരുന്നു പ്രതിജ്ഞ. പക്ഷേ, ഇപ്പോൾ സാഹചര്യം വ്യത്യസ്തം. യുക്രൈയ്ൻ യുദ്ധത്തിന്‍റെ നിഴലിലാണ് എല്ലാം. 'രാജ്യം ഒറ്റക്കെട്ടായി വെല്ലുവിളികൾ നേരിടും' എന്നാണ് ഇത്തവണ പുടിൻ അവകാശപ്പെട്ടത്. ഒപ്പം പടിഞ്ഞാറിന് ഒരു മുന്നറിയിപ്പും, 'സഹകരണമോ, ഏറ്റുമുട്ടലോ വേണ്ടതെന്ന് തെരഞ്ഞെടുക്കാം' എന്ന്. 

രാജ്യത്ത് നടപ്പായത് എല്ലാം പുടിന്‍റെ തീരുമാനങ്ങൾ മാത്രം, തെരഞ്ഞെടുപ്പ്, സ്ഥാനാർത്ഥികൾ, വോട്ടുകളുടെ എണ്ണം അങ്ങനെ എല്ലാം. പടിഞ്ഞാറൻ നിരീക്ഷകരുടെ പക്ഷവും അതാണ്. അതെന്തുതന്നെയാലും 77 വയസാകും വരെ പുടിന് ഇനി ഭരണത്തിൽ തുടരാം. പ്രതിപക്ഷം എന്ന ഒന്ന് തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍ പോലും ഉണ്ടായിരുന്നില്ല. ഒന്നുകിൽ മരിച്ചു, അല്ലെങ്കിൽ ജയിലിൽ, അതും അല്ലെങ്കിൽ നാടുകടത്തപ്പെട്ടു എന്നതാണ് പ്രതിപക്ഷാംഗങ്ങളുടെ നിലവിലെ അവസ്ഥ. പുടിന്‍റെ സത്യപ്രതിജ്ഞയ്ക്ക് രാജ്യത്തെ സൈനിക രാഷ്ട്രീയ ഉന്നതർ മാത്രമാണ് പങ്കെടുത്തത്. ഭരണഘടന തിരുത്തിയാണ് പുടിൻ വീണ്ടും വീണ്ടും മത്സരിക്കുന്നതും വിജയിക്കുന്നതും. ഭരണ കാലാവധി പോലും തിരുത്തി. പിന്നെ കൂട്ടി, ഇനിയും അതുണ്ടാവുമോ എന്നും ആർക്കും ഒരു ഉറപ്പുമില്ല. കാരണം, ഒരു പിൻഗാമിയെ പുടിൻ വളർത്തിയെടുത്തിട്ടില്ല. ആരെയും അത്രക്ക് വളരാൻ അനുവദിച്ചിട്ടില്ല എന്നതാണ് സത്യം. 

Russian President Challenges The World After Taking Office Again

തെരഞ്ഞെടുപ്പ് പ്രഹസനം

53 ശതമാനം വോട്ടാണ് 2000 -ലെ ആദ്യ തെരഞ്ഞെടുപ്പിൽ പുടിന് ലഭിച്ചത്. അന്ന് മോസ്കോയിലെ അമേരിക്കൻ എംമ്പസി റഷ്യന്‍ തെരഞ്ഞെടുപ്പിനെ കുറിച്ച് പറഞ്ഞത് 'സ്വതന്ത്രവും സാമാന്യം നീതിയുക്തവും' എന്നാണ്. അതേ സമയം ഇപ്പോഴത്തെ തെരഞ്ഞെടുപ്പിൽ കിട്ടിയത് 87 ശതമനം വോട്ട് ! 'പ്രഹസനം' എന്നാണ് അമേരിക്കൻ എംബസിയുടെ പ്രതികരണം. റഷ്യയുടെ ചക്രവർത്തിയായി പുടിന്‍ സ്വയം പ്രതിഷ്ഠിച്ചിരിക്കുന്നു എന്നാണ് നിരീക്ഷകരുടെ വാദം. പഴയ റഷ്യന്‍  ചക്രവർത്തിമാർ അറിയപ്പെട്ടിരുന്നത് പോലെ 'TSAR' എന്നറിയപ്പെടാനാവും പുടിന് ഇഷ്ടമെന്നും. തീര്‍ന്നില്ല, സ്റ്റാലിനെപ്പോലെയാണ് പുടിൻ പെരുമാറുന്നതെന്നും, അവസാനം വരെ അധികാരത്തിൽ കടിച്ചു തൂങ്ങുമെന്നുമാണ് വിശകലനം. അതിനെന്ത് വേണ്ടി വന്നാലും അത് ചെയ്യും. ആണവായുധങ്ങളെ കുറിച്ച് പറഞ്ഞ് ഭീതി സൃഷ്ടിക്കാനുള്ള ശ്രമവും അതിന്‍റെ ഭാഗം മാത്രം.

ജനാധിപത്യ സംരക്ഷകനിൽ നിന്ന് ഏകാധിപതിയിലേക്കുള്ള മാറ്റത്തിന് രണ്ട് പതിറ്റാണ്ടെടുത്തില്ല പുടിൻ. എല്ലാ ഏകാധിപതികളേയും പോലെ ജനാധിപത്യം പ്രസംഗിച്ച് കൊണ്ടുതന്നെ അതിന്‍റെ അടിത്തറ കുഴിച്ചെടുത്തുള്ള മുന്നേറ്റം. അത് പ്രകടമായ മാറ്റമായിരുന്നു താനും. ക്രൈമിയൻ അധിനിവേശത്തോടെയാണ് (2014 ഫെബ്രുവരി 27) പുടിന്‍റെ കാഴ്ചപ്പാടുകൾ എന്തെന്ന് ലോകമറിയുന്നത്. ക്രൈമിയയില്‍ നടപടിയെടുക്കാതെ നോക്കി ഇരുന്നതിന് പടിഞ്ഞാറിനെയും അമേരിക്കയെയും പഴിക്കുന്നു നിരീക്ഷകർ. അന്ന് പ്രതികരിച്ചിരുന്നെങ്കിൽ ഇന്ന് യുക്രൈയ്ൻ അധിനിവേശം ഉണ്ടാകുമായിരുന്നില്ലെന്ന്, അവർ കുറ്റപ്പെടുത്തുന്നു. ഒരു പതിറ്റാണ്ട് മുമ്പ് പുടിൻ ക്രൈമിയ കൈയേറിയത് ചോര ചിന്താതെയാണ്. അപ്രതീക്ഷിതം, അതേസമയം അതിവേഗത്തിലും. 

ക്രൈമിയ കടന്ന് യുക്രൈയ്‍നിലേക്ക് 

റഷ്യയുടെ കരിങ്കടൽ സൈനിക വ്യൂഹത്തിന്‍റെ ആസ്ഥാനമായിരുന്ന ക്രൈമിയന്‍ അധിനിവേശത്തിന് പുടിന്, റഷ്യയിൽ വലിയ പിന്തുണ കിട്ടി. ദേശീയവാദികളുടെ എണ്ണം പെടുന്നനെ കൂടി. ജനപ്രീതിയും. അന്നത്തെ ഊര്‍ജ്ജത്തില്‍ നിന്നാണ് പുടിൻ യുക്രൈയ്ൻ യുദ്ധം ഇന്ന് ജനത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്. 'റഷ്യയുടെ ഭാഗമായിരിക്കേണ്ടത്, റഷ്യയുടെ സുരക്ഷയ്ക്ക് ഹാനികരം, നാറ്റോയുടെ അധിനിവേശം'  അങ്ങനെ പലതാണ് യുക്രൈയ്ൻ യുദ്ധത്തിന് സ്വന്തം നാട്ടിൽ പുടിൻ നെയ്തുകൂട്ടിയിരിക്കുന്ന ന്യായങ്ങൾ. ക്രൈമിയൻ അധിനിവേശത്തിന് പിന്നാലെ ആഴ്ചകൾക്കുള്ളില്‍ കിഴക്കൻ യുക്രൈയ്നിലെ  റഷ്യൻ വിമതർ, റഷ്യയുടെ പിന്തുണയോടെ കലാപം തുടങ്ങിയിരുന്നു. ആദ്യ കാലത്ത് ഈ പ്രശ്നങ്ങള്‍ ഫ്രാൻസും ജർമ്മനിയും ഇടപെട്ട് ധാരണയിലെത്തിച്ചു. ധാരണപ്രകാരം വിഘടിച്ച പ്രദേശങ്ങൾക്ക് സ്വയംഭരണാവകാശം നൽകേണ്ടിവന്നു യുക്രൈയ്ന്. സ്വന്തം സൈന്യമടക്കം അനുവദിക്കേണ്ടി വന്നു. പക്ഷേ, യുക്രൈയ്നിൽ ഭരണം മാറിയതോടെ കഥ മാറി. ധാരണ നടപ്പാക്കാതെ പുതിയ പ്രസിഡന്‍റ് വ്ലോഡ്മിര്‍ സെലന്‍സ്കി നീട്ടിക്കൊണ്ട് പോയി. അല്ലായിരുന്നെങ്കില്‍ ക്രൈമിയ പോലെ പുടിന്‍ എളുപ്പം തന്നെ യുക്രൈയ്നും കീഴടക്കിയേനെ. 

അതെ, അരിശം വന്നിട്ടാണ് പുടിൻ വീണ്ടും യുക്രൈയ്ൻ അധിനിവേശം (2022 ഫെബ്രുവരി 24) തുടങ്ങിയത്. യുദ്ധം തുടങ്ങിയപ്പോള്‍ യുക്രൈന് ആഴ്ചകളുടെ ആയുസ് മാത്രമാണ് നിരീക്ഷകരും വിധിച്ചത്. ക്രൈമിയ പോലെ എളുപ്പം എന്ന് പുടിനും ലോക രാജ്യങ്ങളും വിചാരിച്ചു. പക്ഷേ,  സെലൻസ്കിയും യുക്രൈയ്ന്‍ ജനതയും പട്ടാളവും എല്ലാം കണക്കുകൂട്ടലുകളും തെറ്റിച്ചു. ഏതാണ്ട് ഒറ്റക്കെട്ടായി തന്നെ പടിഞ്ഞാറ് ഇന്ന് യുക്രൈയ്നെ പിന്തുണക്കുന്നു, സഹായിക്കുന്നു. സെലൻസ്കിയാണ് അതിന്‍റെ ആണിക്കല്ല്.  'എത്രനാൾ' എന്ന ചോദ്യം ഇടയ്ക്കിടയ്ക്ക് ഉയരുന്നെങ്കിലും സമയപരിധി എന്നൊരു വര ആരും ഇതുവരെ വരച്ചിട്ടില്ല. യുക്രൈയ്നില്‍ ഒരു സേഫ് സോൺ സൃഷ്ടിച്ച് റഷ്യയുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം പിൻമാറുമെന്ന് ഇത്തവണത്തെ സത്യപ്രതിജ്ഞക്ക് ശേഷം പുടിൻ പറഞ്ഞെങ്കിലും അതെത്രത്തോളം നടപ്പാകുമെന്ന് ഉറപ്പില്ല. നഷ്ടങ്ങൾ യുക്രൈയ്ന് മാത്രമല്ല, റഷ്യക്കുമുണ്ടെന്നാണ് വിലയിരുത്തൽ. പക്ഷേ, പുടിൻ അത് സമ്മതിക്കുന്നില്ലെന്ന് മാത്രം.

ഉയരുന്ന വിദ്യാര്‍ത്ഥി പ്രതിഷേധവും യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രതിസന്ധിയും

Russian President Challenges The World After Taking Office Again

(അലക്സ് നവാൽനി)

എതിര്‍സ്വരങ്ങള്‍ 

റഷ്യയിലെ ജനം പല പക്ഷമാണ്, ഒരു വിഭാഗത്തിന് പുടിനോട് ഭ്രാന്തമായ ആരാധന. പുടിനില്ലായിരുന്നെങ്കിൽ റഷ്യ തകർന്നേനെ എന്ന് വിശ്വസിക്കുന്നു. '90 -കളിലേക്കാൾ മോശമായ അവസ്ഥയിലേക്ക് രാജ്യം തിരിച്ചു പോയേനെ എന്ന് വിശ്വസിക്കുന്നു ഈ വിഭാഗം. മറ്റൊരു പക്ഷത്തിന്, പുടിൻ പോയാൽ ഇനിയാര്? വരുന്നയാൾ ഇതിനേക്കാൾ മോശമായാലോ എന്ന പേടി. മൂന്നാം പക്ഷത്തിനും പേടിയാണ്, വിമത ശബ്ദം പുടിൻ പൊറുക്കില്ല എന്ന പേടി. നവാൽനി എന്ന പ്രതിപക്ഷ നേതാവിന് സംഭവിച്ചതെന്ത് എന്നറിയാവുന്നത് കൊണ്ടുള്ള പേടി. എണ്ണമറ്റ എതിർസ്വരങ്ങൾ ജീവസറ്റുപോയ കഥയറിയാം പലർക്കും. അതിന്‍റെ പേടി. അതെസമയം ഒരു ന്യൂനപക്ഷം ഇപ്പോഴും എതിർക്കുന്നു. നവാൽനിയുടെ ഭാര്യ യൂലിയ നവാൽനിയെ പോലെയുള്ളവര്‍. കരുത്ത് ചോരാതെ ഏകാധിപത്യത്തിനെതിരെ, അടിച്ചമർത്തലിനെതിരെ, അനീതീക്കെതിരെ പോരാടുന്നവർ, ഏതുനിമിഷവും കൊല്ലപ്പെടാം എന്ന് അറിഞ്ഞുകൊണ്ടുതന്നെ. ഏല്ലാ ഏകാധിപത്യ രാജ്യങ്ങളിലും ഉള്ളത് പോലെ. 

രണ്ടാം ലോകയുദ്ധ വിജയാഘോഷം 

റഷ്യയിൽ ലോക മഹായുദ്ധ വിജയത്തിന്‍റെ ആഘോഷവും നടന്നു. നാസി ജർമ്മനിയുടെ മേൽ സോവിയറ്റ് യൂണിയൻ നേടിയ വിജയത്തിന്‍റെ ആഘോഷം. ചുവന്ന ചത്വരത്തിൽ ചിട്ടയോടെ ചുവടുവച്ചു 9,000 വരുന്ന റഷ്യന്‍ സൈനികർ. പക്ഷേ പടക്കോപ്പുകൾ കുറവായിരുന്നു. യുദ്ധത്തിൽ മരിച്ച 25 മില്യൻ സൈനികർക്കും സാധാരണക്കാർക്കും ആദരാഞ്ജലി അർപ്പിച്ചു രാജ്യം.

പുടിന്‍റെ കീഴിൽ യുദ്ധ വാർഷികത്തിന് വേറൊരു തലം കൈവന്നു എന്നാണ് നിരീക്ഷണം. ദേശഭക്തിയുടെ മുഖം. ക്രൈമിയ, യുക്രൈയ്ൻ ഒക്കെ ന്യായീകരിക്കാനുള്ള മാർഗമാണിത്. ഏകാധിപതികൾ പതിവായി സ്വീകരിക്കുന്ന വജ്രായുധം. രാജ്യത്തിന് , ജനങ്ങൾക്ക് ഒരു പൊതുശത്രുവിനെ ചൂണ്ടിക്കാണിക്കുക. തങ്ങൾ ചെയ്യുന്നതെല്ലാം അവരെ തോൽപ്പിക്കാനാണെന്ന് വരുത്തിതീർക്കുക. നാസികൾക്കെതിരായ യുദ്ധം റഷ്യ വിശേഷിപ്പിക്കുന്നത് 'ഗ്രേറ്റ് പാട്രിയോട്ടിക് വാർ' (Great Patriotic War) എന്നാണ്. ഇപ്പോൾ യുക്രൈയ്ൻ യുദ്ധം അതിന്‍റെ ബാക്കിപത്രമായാണ് അവതരിപ്പിക്കപ്പെടുന്നത്. അതോർമ്മിപ്പിച്ച് കൊണ്ടായിരുന്നു പുടിന്‍റെ പ്രസംഗവും. 

Russian President Challenges The World After Taking Office Again

അഴിമതിയും ഉടയാത്ത ജിഡിപിയും

അതിനിടെയിൽ ഒരു കൈക്കൂലി കേസിന്‍റെ നിഴലുണ്ടായിരുന്നു എന്നുമാത്രം. അറസ്റ്റിലായി പുറത്തായത് ഡെപ്യൂട്ടി പ്രതിരോധമന്ത്രി തിമൂർ ഇവാനോവാണ്. യുക്രൈയ്ൻ നഗരമായ മരിയുപോളിന്‍റെ പുനർനിർമ്മാണം ക്രൈംലിന്‍റെ വലിയൊരു പിആർ ക്യാംപെയിനായിരുന്നു. തകർന്ന അപ്പാർട്ട്മെന്‍റുകളും മറ്റ് കെട്ടിടങ്ങളും പുനർനിർമ്മിക്കുക. അതിന്‍റെ ചുമതല ഇവാനോവിനായിരുന്നു. പുടിൻ നേരിട്ട് സന്ദർശിച്ച് വിലയിരുത്തിയ നിർമ്മാണം. പക്ഷേ തീരെ വിലകുറഞ്ഞ, സംവിധാനമാണ് അവിടെ ഒരുങ്ങിയത്. പുനര്‍നിര്‍മ്മാണത്തിനായി നീക്കിവച്ച തുക റഷ്യൻ കമ്പനികൾ കൈക്കലാക്കി എന്നാണ് ആരോപണം, അതിൽ പങ്ക് ഇവാനോവിനും കിട്ടി. അങ്ങനെയാണ് ആ പുറത്താകല്‍. ഇവാനോവിന്‍റെ മുൻ പങ്കാളി, അലക്സി നവാൽനിയുടെ ആന്‍റി കറപ്ഷന്‍ ഫൌണ്ടേഷന്‍റെ നിരീക്ഷണത്തിലാണ് പണ്ടേ. നവാൽനിയുടെ മരണത്തിന്‍റെ ‌‌ഞെട്ടലിലാണെങ്കിലും ആന്‍റി കറപ്ഷന്‍ ഫൌണ്ടേഷന്‍ സജീവമാണ്. പുടിന്‍റെ തുടക്കകാലവും അന്നത്തെ റഷ്യയും വിഷയമാകുന്ന ഡോക്യു സീരീസ് 'രാജ്യദ്രോഹികള്‍' (The Traitors) അടുത്തിടെ റിലീസ് ചെയ്തു. അഴിമതിയാണ് പുടിന്‍റെ റഷ്യയുടെ 'ആദിപാപം' എന്ന് ആന്‍റി കറപ്ഷന്‍ ഫൌണ്ടേഷന്‍ പറയുന്നു.

പക്ഷേ,  ഈ അഴിമതിയ്ക്കിടെയും റഷ്യയുടെ ജിഡിപി ഇടിഞ്ഞിട്ടില്ല. അത് ക്രെംലിൻ ഉയർത്തിക്കാണിക്കുന്നുമുണ്ട്. വിക്ടറി പരേഡ് ദിവസവും അതുതന്നെയായിരുന്നു റഷ്യൻ പ്രസിഡന്‍റ് ആവർത്തിച്ചത്. ഒപ്പം വികാരനിർഭരമായ ഓർമ്മകളും. സൈനികനായിരുന്ന അച്ഛൻ, മുറിവേറ്റ് വീട്ടിൽ വന്നപ്പോൾ പട്ടിണി കാരണം മരിച്ചെന്ന് കരുതിയ അമ്മയെ കുറിച്ച്. അന്നത്തെ 872 ദിവസം നീണ്ട ഉപരോധത്തിൽ അവരുടെ ആദ്യത്തെ കുഞ്ഞ് മരിച്ചിരുന്നു, 3 വയസുകാരൻ വിക്ടർ. അന്ന് ലെനിൻ ഗ്രാഡിൽ മാത്രം മരിച്ചത് 10 ലക്ഷം പേരാണ്. കൂടുതലും പട്ടിണി മൂലം. വിജയദിനാഘോഷത്തിൽ പുടിൻ തന്‍റെ അച്ഛന്‍റെ ചിത്രം കൈയിലേന്തുമായിരുന്നു. കൊറോണക്കാലത്ത് അത് നിർത്തി. 

പഴയ വിജയകഥ ആഘോഷിച്ച് പ്രസിഡന്‍റ് 

സോവിയറ്റ് പാരമ്പര്യത്തിന്‍റെ തിളങ്ങുന്ന ചിത്രമായി പുടിൻ ആഘോഷിക്കുന്നതാണ് പോരാട്ടകഥകളും വിജയദിനവും. നവനാസിസവും യുദ്ധസ്മാരകങ്ങൾ നശിപ്പിക്കാനുള്ള ശ്രമവും റഷ്യയിൽ ക്രിമിനൽ കുറ്റങ്ങളാണ്. അതൊരു ആയുധമാക്കിയാണ് പുടിൻ യുക്രൈയ്ൻ ആക്രമിച്ചതും. യുക്രൈയ്ന്‍ നവനാസികളെ പ്രോത്സാഹിപ്പിക്കുന്നത് റഷ്യക്ക് ഭീഷണിയാണ് എന്നത് പല ആരോപണങ്ങളിൽ ഒന്ന് മാത്രം.  മരിയുപോൾ വളഞ്ഞ് അസോവ് സൈനികരെ കീഴടങ്ങാൻ നിർബന്ധിതരാക്കിയത് ഇതേ ആരോപണത്തിന്‍റെ ചരടില്‍ തൂങ്ങിയാണ്. അന്ന് കീഴടങ്ങിയ 900 ത്തോളം പടയാളികൾ ഇന്നും റഷ്യയിൽ ഏകാന്ത തടവിലാണെന്ന് അവരുടെ സൈനിക കമാണ്ടറാണ് അറിയിച്ചത്. തടവുകാരുടെ കൈമാറ്റത്തിലൊന്നും റഷ്യ, അസോവ് പടയാളികളെ വിട്ടുനൽകിയില്ല. വളരെ കുറച്ച് പേരെ മാത്രമാണ് ഇതുവരെയായി റഷ്യ കൈമാറിയത്. പിടിയിലാകാത്ത അസോവ് പടയാളികളാകട്ടെ ഇന്നും യുദ്ധമുഖത്ത് റഷ്യൻ സൈന്യത്തോട് പോരാടുന്നു.

പണ്ട് നാസികൾ റഷ്യൻ നഗരങ്ങൾ ഉപരോധിച്ചപ്പോൾ പട്ടിണി കിടന്ന് ലക്ഷങ്ങൾ മരിച്ചിട്ടും സോവിയറ്റ് ജനത കീഴടങ്ങിയില്ല. ആ കൊടീയ പട്ടിണിക്കിടയിലും അന്ന് ബർലിൻ വരെ സോവിയറ്റ് സൈന്യം നാസികളെ തുരത്തി. ഇന്ന് റഷ്യന്‍ പ്രസിഡന്‍റ്, അതേ യുദ്ധതന്ത്രം യുക്രൈയ്ന് നേരെ പ്രയോഗിക്കുന്നു. ചരിത്രം ആവർത്തിക്കുകയാണ്. പക്ഷേ ചെറിയ മാറ്റങ്ങളുണ്ട്. അന്നത്തെ സോവിയറ്റ് യൂണിയന്‍റെ സ്ഥാനത്ത് ഇന്ന് യുക്രൈയ്നാണെന്ന് മാത്രം. അപ്പോഴും റഷ്യൻ പ്രസിഡന്‍റ്, പഴയ വിജയഗാഥ സ്വന്തം ജനതയ്ക്ക് മുന്നില്‍ ആഘോഷിക്കുന്നു. 

 

Latest Videos
Follow Us:
Download App:
  • android
  • ios