മുണ്ടക്കൈ, ചൂരല്‍മല...,മരണത്തിലും അവര്‍ ഒന്നിച്ചൊഴുകിയിരിക്കുന്നു, ജീവിതത്തിലേത് പോലെ!
ആ ലോകമോ 'വീടെവിടെയാ അക്ക' എന്ന് ചോദിച്ചാല്‍ ഓര്‍മ്മ വെച്ച കാലം മുതലുള്ള കഥ മുഴുവന്‍ പറയുന്ന ആ നിഷ്‌കളങ്ക ജനതയോ ജീവിതമോ ഇനി അവിടെയില്ല. ആ ഉമ്മയില്ല, കുട്ടികളില്ല-അധ്യാപികയും എഴുത്തുകാരിയുമായ ഖൈറുന്നീസ കെ എഴുതുന്നു
ആ ലോകമോ 'വീടെവിടെയാ അക്ക' എന്ന് ചോദിച്ചാല്‍ ഓര്‍മ്മ വെച്ച കാലം മുതലുള്ള കഥ മുഴുവന്‍ പറയുന്ന ആ നിഷ്‌കളങ്ക ജനതയോ ജീവിതമോ ഇനി അവിടെയില്ല. ആ ഉമ്മയില്ല, കുട്ടികളില്ല, പീടിക മുറിയില്ല. ബസ് കാത്തുനിന്ന ഇടമില്ല, നിരപ്പലക വെച്ച അപ്പുറത്തെ കട മുറികളില്ല. മഗ്‌രിബ് ബാങ്ക് വിളിച്ചപ്പോള്‍ നേരെ എതിര്‍വശത്തെ പള്ളിയിലേക്ക് കടയും തുറന്ന് വെച്ച് ഓടിയ ആ ഉപ്പൂപ്പയില്ല. പൂച്ചക്കുഞ്ഞിന് പനിയായത് കൊണ്ട് ഉസ്‌കൂളില്‍ പോകുന്നില്ല എന്ന് പറഞ്ഞിരിക്കുന്ന മോളില്ല, പുലിയെ പേടിച്ച്, ഉമ്മയുടെ സാരി പല ലെയറാക്കി മറച്ച് കെട്ടിയ ആട്ടിന്‍ കൂടില്ല. ഉരുണ്ടുരുണ്ട വെള്ളാരം കല്ലുകളൊഴുകുന്ന തോട്ടുവക്കത്തെ സ്‌കൂളുമില്ല. എല്ലാരും കൂടെ ഒരുമിച്ച് മരണത്തിലുമൊഴുകിയിരിക്കുന്നു, ജീവിതത്തിലായിരുന്നത് പോലെ.
ഉരുള്‍പൊട്ടല്‍ സര്‍വ്വതും തുടച്ചുനീക്കും മുമ്പുള്ള മുണ്ടക്കൈ. പഴയ ചിത്രം
മേപ്പാടി, മുണ്ടക്കൈ, അട്ടമല. അധ്യാപനം തുടങ്ങിയ ആദ്യകാലത്ത് ഞാനും നിനു ടീച്ചറും എന്നും സ്‌കൂളില്‍ പോയിക്കൊണ്ടിരുന്ന ബസിന്റെ ബോര്‍ഡാണത്. ഒമ്പത് മണിക്ക് കല്‍പ്പറ്റയില്‍ നിന്നെടുക്കും. 9. 25 -ന് സ്‌കൂളിന് മുമ്പിലെത്തും.
'ഒരു ദിവസം നമ്മക്ക് മേപ്പാടി ഇറങ്ങാതെ നേരെ മുണ്ടക്കൈ പോകണം'-ഞങ്ങളെന്നും പറയും. ആ സ്ഥലം എങ്ങനെയെന്നോ അവിടെ എന്തുണ്ടെന്നോ അറിയില്ല. ചൂരല്‍മലയില്‍ സൂചിപ്പാറ വെള്ളച്ചാട്ടമുണ്ട് എന്ന് മാത്രം അറിയാം. അതൊരിക്കല്‍ കണ്ടിട്ടുണ്ട്.
എന്നാല്‍, ഒരിക്കലും ഞങ്ങള്‍ക്കൊരുമിച്ച് പോകാന്‍ പറ്റിയില്ല. പിന്നെയൊരിക്കലും ഞങ്ങള്‍ ഒരുമിച്ച് ഒരു സ്‌കൂളില്‍ ജോലിചെയ്തിട്ടില്ല.
എങ്കിലും ഒരു ദിവസം, കല്‍പ്പറ്റ ബസ് സ്റ്റാന്റില്‍ പോസ്റ്റായി നിന്ന ഒരു ദിവസം, ഒരു ബസിന്റെ ബോര്‍ഡ് വായിച്ച്, ഞാന്‍ നേരെ അകത്തുകയറിയിരുന്ന് ടിക്കറ്റെടുത്തു.
ബസിപ്പോള്‍ മേപ്പാടിയും കടന്ന് ഇങ്ങനെ ചായത്തോട്ടത്തിനിടയിലൂടെ, ചെമ്പ്ര മലയുടെ അതുവരെ കാണാത്ത മനോഹാരിത കാണിച്ചു കൊണ്ട് കാറ്റിലൂടെ, ഇളവെയിലു കൊണ്ട് ഒഴുകുകയാണ്.
കണ്ണുകൊണ്ട് നോക്കണോ ക്യാമറയിലാക്കണോ എന്നാരും സംശയിച്ചു പോവും. ഉള്ള കണ്ണും കണ്ണടയുമൊന്നും മതിയാവില്ല, ഇത് കാണാന്‍. ഭൂമിയെ പച്ചയിലും ഇരുണ്ട പാറയിലും ഉരുട്ടിയും പരത്തിയും കൊത്തിയെടുത്ത് വെച്ചിരിക്കുകയാണ്. അതിലെക്ക് ആ മഞ്ഞവെയിലും കൂടി തട്ടുമ്പോഴുണ്ടല്ലോ, കണ്ണിലങ്ങനെ പൂത്തിരി കത്തും. വിന്‍ഡോ സീറ്റും കവിഞ്ഞ് മനസ്സ് ധൂളിയായ് പറക്കും.
അവസാന സ്റ്റോപ്പില്‍ ബസിറങ്ങി നടക്കുമ്പോള്‍, നീങ്ങുന്നത് കാലുകളല്ല, കണ്ണുകളാണെന്ന് തോന്നും. ബോളിവുഡ് മൂവികളില്‍ കശ്മീര്‍ കാണുന്ന പോലൊരു അനുഭവമാണ്. പല നിറത്തില്‍ ഇലകള്‍, അടിമുടി പൂത്തുനില്‍ക്കുന്ന മരങ്ങള്‍, ഇളവെയിലില്‍ തിളങ്ങുന്ന മലകള്‍, ഇളകിപ്പായുന്ന അരുവികള്‍...ദാഹമില്ലെങ്കിലും ഒരു കവിള്‍ വെള്ളം ഉള്ളംകൈയില്‍ കോരാതിരിക്കാനാവില്ല!
ഉരുള്‍പൊട്ടല്‍ സര്‍വ്വതും തുടച്ചുനീക്കും മുമ്പുള്ള മുണ്ടക്കൈ. പഴയ ചിത്രം
ഏതോ സുന്ദരിയായ സ്ത്രീയെ മലര്‍ത്തിയും ചെരിച്ചുമൊക്കെ കിടത്തിയിരിക്കയാണെന്ന് തോന്നും കുന്നിന്റെ ചില ഭാഗങ്ങളൊക്കെ കാണുമ്പോള്‍. ഒരു മല. ആ മലയ്ക്കപ്പുറം വേറൊന്ന്, അതിനപ്പുറം പച്ചയില്‍ കുളിച്ച് മറ്റൊന്ന്. അതിനുമപ്പുറത്തേക്ക് ലോകമെ ഇല്ലാതാവുന്നത് പോലെ. പച്ച കൊണ്ട് ചായമിട്ട മരങ്ങള്‍ തിങ്ങിനിറഞ്ഞ മലകള്‍ കണ്ടുകണ്ടിരിക്കെ ഇരുട്ടാവും. കണ്ണില്‍ പല പച്ചകളുടെ നൃത്തം തുളുമ്പും.
നടന്നുനടന്ന് താഴെ എത്തുമ്പോഴേക്ക് ബസ് എടുക്കാറായിരുന്നു. 'ഇനിയും വരും' എന്ന് ഓരോ കുന്നിനും ഉറപ്പുകൊടുത്ത് ബസില്‍ തിരിച്ച് കേറി.
വാക്കുപാലിച്ചു. ഞാന്‍ പിന്നെയും പിന്നെയും പോയി. പലരെയും കൊണ്ട് കാണിച്ചു. പലര്‍ക്കും പറഞ്ഞ് പൊലിപ്പിച്ചു കൊടുത്തു.
'നേരം വെളുപ്പിക്കുക എങ്ങനെയെന്നറിയാതെ കരഞ്ഞു വീര്‍ത്ത കണ്ണുമായി നിന്ന' ചങ്കിനെയും കൂട്ടിപ്പോയത് അതില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഓര്‍മ്മ. ഉപ്പൂറ്റി മുതല്‍ ഉച്ചി വരെ കണ്ണീരില്‍ മുങ്ങി നില്‍ക്കുന്ന സുഹൃത്തിനെ ബസിലേക്ക് വലിച്ചു കയറ്റി മുണ്ടക്കൈ മാരിയമ്മന്‍ കോവിലിന്റെ കുന്നുകയറ്റി ഞാന്‍. തൊഴുതു, പ്രാര്‍ത്ഥിച്ച്, പായസവും കഴിച്ച് കുന്ന് മുഴുവന്‍ ചുറ്റി. വിശാലമായ താഴ്‌വാരം മുഴുവന്‍ നടന്നു. ഫോട്ടോയുത്തു. കുന്നിറങ്ങിയപ്പോഴേക്ക് വെയിലാറിയിരുന്നു, അവരുടെ മനസ്സിലെ കനലും.
ഉരുള്‍പൊട്ടല്‍ സര്‍വ്വതും തുടച്ചുനീക്കും മുമ്പുള്ള മുണ്ടക്കൈ. പഴയ ചിത്രം
പകുതി ഇറങ്ങിക്കഴിഞ്ഞ് മുകളിലേക്ക് നോക്കിയ അവര്‍ അന്ധാളിച്ച് ചോദിച്ച വാചകം മറന്നിട്ടില്ല. ''എങ്ങനെയാടീ ഞാന്‍ ഈ മല കയറിയത്?''
പിന്നെയും ഇറങ്ങി, ജംഗ്ഷനിലെത്തി. ഒരു കുടുസ്സുമുറിയില്‍, ഒരു ഉമ്മയും രണ്ട് മക്കളും ചേര്‍ന്നുണ്ടാക്കുന്ന ചായ കുടിച്ച്, ചൂടു ബോണ്ടയോ പഴംപൊരിയോ പിന്നെയും പിന്നെയും വാങ്ങി തിന്ന്, കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞും, പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങളുമായി മലയിറങ്ങി.
ഉരുള്‍പൊട്ടല്‍ സര്‍വ്വതും തുടച്ചുനീക്കും മുമ്പുള്ള മുണ്ടക്കൈ. പഴയ ചിത്രം
ബസില്‍ മേപ്പാടി മാരിയമ്മന്‍ കോവിലില്‍ ഉല്‍സവത്തിന് പോകുന്നവര്‍. മുടിയില്‍ മുല്ലയും കനകാംബരവും ചൂടി, പൊട്ട് കുത്തി കണ്ണെഴുതി, പൗഡറിട്ട്, മൂന്ന് പേര്‍ക്കുള്ള സീറ്റില്‍ അഞ്ച് പേരിരുന്ന് ബസ് നിറച്ചവര്‍. ഏറ്റവും മുന്‍പിലുള്ള സീറ്റില്‍ നിന്ന് 'ആ ടിക്കറ്റ് ഞാനെടുക്കാം, നീയെടുക്കണ്ട' എന്നൊക്കെ ഉറക്കെ പിറകിലേക്ക് വിളിച്ച് പറഞ്ഞ ഏതോ ചെറിയമ്മയും ചെറിയച്ഛനും. തമിഴും കന്നടയും മംഗലാപുരവും ചേര്‍ത്ത് മലയാളം പറഞ്ഞവര്‍. യാത്ര ചെയ്യുന്നത് കേരളത്തിലൂടെ തന്നെയാണോ എന്ന് ഇടക്കിടെ ടിക്കറ്റില്‍ നോക്കിപ്പോയി.
അവസാനമായി പോയത് 'അടിയോടടി പൊടിയരിക്കഞ്ഞി' എന്ന ലെവലിലെത്തിയ ഒരു ഫാമിലിയെയും കൊണ്ടായിരുന്നു. (അവര്‍ കുറെ നേരം മസിലും പിടിച്ച് നിന്നു. പിന്നെ അവിടെ നിന്ന് കെട്ടിപ്പിടിച്ച് ചിരിച്ച് സെല്‍ഫിയൊക്കെ എടുത്തു!)
ഉരുള്‍പൊട്ടല്‍ സര്‍വ്വതും തുടച്ചുനീക്കും മുമ്പുള്ള മുണ്ടക്കൈ. പഴയ ചിത്രം
ആ ലോകമോ 'വീടെവിടെയാ അക്ക' എന്ന് ചോദിച്ചാല്‍ ഓര്‍മ്മ വെച്ച കാലം മുതലുള്ള കഥ മുഴുവന്‍ പറയുന്ന ആ നിഷ്‌കളങ്ക ജനതയോ ജീവിതമോ ഇനി അവിടെയില്ല. ആ ഉമ്മയില്ല, കുട്ടികളില്ല, പീടിക മുറിയില്ല. ബസ് കാത്തുനിന്ന ഇടമില്ല, നിരപ്പലക വെച്ച അപ്പുറത്തെ കട മുറികളില്ല. മഗ്‌രിബ് ബാങ്ക് വിളിച്ചപ്പോള്‍ നേരെ എതിര്‍വശത്തെ പള്ളിയിലേക്ക് കടയും തുറന്ന് വെച്ച് ഓടിയ ആ ഉപ്പൂപ്പയില്ല.
പൂച്ചക്കുഞ്ഞിന് പനിയായത് കൊണ്ട് ഉസ്‌കൂളില്‍ പോകുന്നില്ല എന്ന് പറഞ്ഞിരിക്കുന്ന മോളില്ല, പുലിയെ പേടിച്ച്, ഉമ്മയുടെ സാരി പല ലെയറാക്കി മറച്ച് കെട്ടിയ ആട്ടിന്‍ കൂടില്ല. ഉരുണ്ടുരുണ്ട വെള്ളാരം കല്ലുകളൊഴുകുന്ന തോട്ടുവക്കത്തെ സ്‌കൂളുമില്ല. എല്ലാരും കൂടെ ഒരുമിച്ച് മരണത്തിലുമൊഴുകിയിരിക്കുന്നു, ജീവിതത്തിലായിരുന്നത് പോലെ.
സുഹൃത്ത് ഇച്ചിരി നേരത്തെ വിളിച്ചു, ''നിസെ, നമുക്കവിടെ ഒന്നൂടെ പോകണം, ട്ടോ...''
ഞാന്‍ പറഞ്ഞു: ''ഇല്ല, ഓര്‍മ്മകളറ്റ ശവപ്പറമ്പിലൂടെ നടക്കാന്‍ ഞാന്‍ വരുന്നില്ല...''
.......................
ചൂരല്‍മലയിലും പരിസരങ്ങളിലുമായി ചിത്രീകരിച്ച മൂന്ന് ഷോര്‍ട്ട് ഫിലിമുകള്‍ കാണാം. ഇതിലുണ്ട് ആ നാട്, മനുഷ്യര്‍.