പ്രളയകാലത്ത് കേരളത്തിന് നല്‍കിയത് ഒരു കോടി; സുശാന്ത് ഒരു വേറിട്ട സെലിബ്രിറ്റി!

വേറിട്ട താല്‍പ്പര്യങ്ങളും പ്രവര്‍ത്തനങ്ങളും കൊണ്ട് മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച സുശാന്ത് സിങ് രാജ്പുത് വിടപറഞ്ഞിട്ട് ഇന്ന് രണ്ട് വര്‍ഷം. പി ആര്‍ വന്ദന എഴുതുന്നു 

Remembering  Sushanth Singh Rajput

നാഗാലാന്‍ഡിലും നമ്മുടെ കേരളത്തിലും പ്രളയം ദുരിതമൊഴുക്കിയപ്പോള്‍ അയച്ചുതന്നത് ഒരു കോടി രൂപ വീതം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റിനു താഴെ ഒരു ആരാധകന്‍ തനിക്ക് കേരളത്തെ സഹായിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോഴാണ്, ആരാധകന്റെ പേരില്‍ ഒരു കോടി രൂപ നല്‍കാമെന്ന് സുശാന്ത് അറിയിച്ചത്. 

 

...........................................

Read Also: സുശാന്ത് ആത്മഹത്യ ചെയ്‍തത് എന്തിന്? ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരമായില്ല
Remembering  Sushanth Singh Rajput

Read Also: 'സ്വയം എന്തെന്നു കണ്ടെത്താനുള്ളതായിരുന്നു എല്ലാം', സുശാന്ത് സിംഗിന്റെ കത്ത്
......................................

 

ആകാശത്തിന്റെ അനന്തതയിലുള്ള കൗതുകം. അവിടത്തെ പോലെ തിളക്കമുള്ള നക്ഷത്രമായി വെള്ളിത്തിരയില്‍ മിന്നാന്‍ താത്പര്യം. സാങ്കേതികമേഖലയിലെ സ്റ്റാര്‍ട് അപുകളിലും പദ്ധതികളിലും നിക്ഷേപത്തിനുള്ള അറിവ്. സന്നദ്ധസേവനപ്രവര്‍ത്തനങ്ങള്‍ക്ക് കയ്യയച്ചു സഹായിക്കാനുള്ള സന്നദ്ധത. ഇതെല്ലാം ചേര്‍ത്ത് പിരിച്ചുണ്ടാക്കി ഫാനില്‍ കെട്ടിയ കുരുക്കില്‍ മുപ്പത്തിനാലാംവയസ്സില്‍ സുശാന്ത് സിങ് രാജ്പുത് ജീവിതം അവസാനിപ്പിച്ചു. നിരാശയുടെയോ വിഷാദത്തിന്റെയോ ആകുലതകളുടേയോ ഒക്കെ കെട്ടിമറിയലില്‍ പെട്ടുപോയ മനസ്സ് ഒരിട പറഞ്ഞിടത്ത് നില്‍ക്കാതെ പോയപ്പോള്‍ എടുത്ത തീരുമാനം. സ്‌നേഹിതര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കും നെടുവീര്‍പ്പ് വിട്ടൊഴിയാത്ത രണ്ടുവര്‍ഷം പിന്നിടുന്നു. 

'കിസ് ദേസ് മേം ഹേ മേരാ ദില്‍' എന്ന പരമ്പരയിലൂടെ ആദ്യം ക്യാമറക്ക് മുന്നില്‍. പവിത്രരിഷ്ത ഹിറ്റായ പരമ്പര. രണ്ട് ടിവി നൃത്തമത്സരപരിപാടികളില്‍ ചുവടുവെച്ചു. അഭിനയിച്ചത് 12 സിനിമകളില്‍ മാത്രം. സിനിമയിലും സീരിയലിലും ഡിറ്റക്ടീവ് കഥാപാത്രമായ ബ്യോംകേഷ് ബക്ഷിയായി അഭിനയിച്ചു. ക്യാമറക്ക് മുന്നില്‍ വേഷമിട്ട ഊഴങ്ങള്‍ ചെറിയ വാചകങ്ങളില്‍ ഇങ്ങനെ വിശദീകരിക്കാം. 

ക്യാമറയുടെ പരിധിക്ക് പുറത്ത് ബഹിരാകാശവും ആസ്‌ട്രോ ഫിസിക്‌സും ഇഷ്ടവിഷയങ്ങള്‍. സാങ്കേതികകാര്യങ്ങള്‍ വിശദീകരിക്കുന്ന പുസ്തകങ്ങളോട് കമ്പം. ടെക്‌നോളജിയുമായി ബന്ധപ്പെട്ട മേഖലകളില്‍ നിക്ഷേപം. തീര്‍ന്നില്ല. സഹായിക്കാനുള്ള നല്ല മനസ്സും ആ ചെറുപ്പക്കാരനെ സെലിബ്രിറ്റികളുടെ ലോകത്ത് വേറിട്ടുനിര്‍ത്തി. 

Front India for World Foundation എന്ന എന്‍ജിഒ ലക്ഷ്യമിട്ടത് ഗ്രാമീണമേഖലയിലെ ദാരിദ്ര്യനിര്‍മാര്‍ജനവും ശുചിത്വവത്കരണവും ഒക്കെ. നാഗാലാന്‍ഡിലും നമ്മുടെ കേരളത്തിലും പ്രളയം ദുരിതമൊഴുക്കിയപ്പോള്‍ അയച്ചുതന്നത് ഒരു കോടി രൂപ വീതം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റിനു താഴെ ഒരു ആരാധകന്‍ തനിക്ക് കേരളത്തെ സഹായിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോഴാണ്, ആരാധകന്റെ പേരില്‍ ഒരു കോടി രൂപ നല്‍കാമെന്ന് സുശാന്ത് അറിയിച്ചത്. 

 

 

സുശാന്തിന്റേത് ആത്മഹത്യയാണെന്ന് തന്നെയായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ആദ്യത്തെ അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടും. കുടുംബത്തിന് പൂര്‍ണബോധ്യം വന്നില്ല. പിന്നാലെ സിബിഐ വന്നു. വിദഗ്ധമെഡിക്കല്‍ സംഘം സിബിഐക്ക് നല്‍കിയ റിപ്പോര്‍ട്ടിലും കൊലപാതകസാധ്യതകളൊന്നും പറയുന്നില്ല. വിഷാദരോഗത്തിന് മരുന്ന് കഴിച്ചിരുന്നു, കാമുകിയായ റിയ ചക്രവര്‍ത്തിയുമായി ചില സൗന്ദര്യപ്പിണക്കങ്ങളുണ്ടായിരുന്നു, കുടുംബത്ത് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു, പണമിടപാടുകളില്‍ എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ട്, ലഹരി ഉപയോഗിച്ചിരുന്നു, ശ്രദ്ധേയമായ സിനിമകളും കഥാപാത്രങ്ങളും ഒക്കെ ചെയ്തിട്ടും വേണ്ടത്ര അവസരങ്ങള്‍ തേടിവന്നില്ലെന്ന നിരാശയുണ്ടായിരുന്നു..ഇങ്ങനെ കുറേ കാര്യങ്ങള്‍ കേട്ടു. 

 

.................................

Read Also: സുശാന്ത് സിംഗ് ആത്മഹത്യ ചെയ്‍തത് എന്തിന്?, ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍

Remembering  Sushanth Singh Rajput

Read Also: 'എന്നും നിന്നെ മിസ് ചെയ്യും', സുശാന്തിന്റെ ഓര്‍മകളില്‍ മുൻ കാമുകി റിയ

..............................

 

ഇതിനോട് ചേര്‍ന്നുവന്ന മയക്കുമരുന്ന് കേസില്‍ എന്‍സിബി പ്രതിയാക്കിയ റിയയും സഹോദരനുമൊക്കെ ജയിലിലും കിടന്നു. വേണ്ടത്ര അവസരം നല്‍കിയില്ല, പരിഗണിച്ചില്ല, ഒതുക്കി തുടങ്ങിയ കാര്യങ്ങള്‍ ഉയര്‍ന്നു കേട്ടത് ബോളിവുഡിലെ നെപ്പോട്ടിസം വീണ്ടും വലിയ ചര്‍ച്ചയാക്കി. താരങ്ങളും കമ്പനികളുമൊക്കെ പല കോണുകളില്‍ നിന്നും വിമര്‍ശനം കേട്ടു. ബിഹാറിന്റെ സന്തതിക്ക് മഹാരാഷ്ട്രയില്‍ നേരിട്ട വിലക്കുകളും എതിര്‍പ്പുകളും വരെ കഥയായി. കുറേ ദിവസത്തെ തലക്കെട്ട് ,അഭിപ്രായപ്രകടനങ്ങള്‍, ചര്‍ച്ചകള്‍. സുശാന്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. പിന്നെ പതുക്കെ പതുക്കെ സിനിമാപ്രേമികളുടെ ഓര്‍മത്താളുകളിലൊതുങ്ങി.

മത്സരത്തിന്റൊ കാര്‍ക്കശ്യത്തില്‍ അവസരങ്ങളുടെ പോരില്‍ വീണു പോകാതിരിക്കാന്‍, തലതൊട്ടപ്പന്‍മാരും ഭാഗ്യവും ഒക്കെ വിധികര്‍ത്താക്കളാകുന്ന കളിക്കളത്തില്‍ പിടിച്ചുനില്‍ക്കാന്‍ ആത്മവിശ്വാസവും കഴിവും മാത്രം പോരാ. പ്രതീക്ഷയുടെ ഊര്‍ജമാകണം ചിറകുകള്‍ നല്‍കേണ്ടത്.  ഓര്‍മകളുടെ ലോകത്ത് രണ്ട് വര്‍ഷം പിന്നിട്ട സുശാന്ത് നമ്മളോട് പറയുന്നത് അതാണ്. ചെയ്ത സിനിമകളും ചെയ്യാതെ പോയ സിനിമകളും സ്മരണികകളായി ബാക്കിത്തന്ന് മടങ്ങുമ്പോള്‍ സുശാന്ത് നമുക്ക് ഉത്തരം തേടാന്‍ വിട്ടിട്ടുപോയ ചോദ്യവും അതുതന്നെയാണ്.

Remembering  Sushanth Singh Rajput

 

അനുബന്ധം:

സുശാന്തിന്റെ: ശ്രദ്ധേയമായ ആറ് ചിത്രങ്ങളും കഥാപാത്രങ്ങളും

Kai Po Che-യിലെ ഇഷാന്‍ഭട്ട്

ടെലിവിഷനില്‍ നിന്ന് തിരശ്ശീലയിലേക്കുള്ള ആദ്യത്തെ വരവ്. ക്രിക്കറ്റ് കളിക്കാരനാകാന്‍ മോഹിച്ച് സ്വന്തം തെരുവിലെ കുട്ടിയുടെ ക്രിക്കറ്റ് ജീവിതം വഴിതിരിച്ചുവിടുന്ന പരിശീലകനാവുന്ന ഇഷാന്‍ സിനിമാപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റി

MS Dhoni: The Untold Story സിനിമയില്‍ മഹേന്ദ്രസിങ് ധോണി
ഇന്ത്യയുടെ ഇതിഹാസക്രിക്കറ്റ് താരങ്ങളിലൊരാള്‍ ആയുള്ള പകര്‍ന്നാട്ടം സുശാന്തിന് ഏറെ ആരാധകരെ നേടിക്കൊടുത്തു. ഹെലികോപ്ടര്‍ ഷോട്ട് ഉള്‍പെടെ പ്രാക്ടീസ് ചെയ്ത് കഥാപാത്രമാകാന്‍ സുശാന്ത് ചെയ്ത കഠിനാധ്വാനം ഫലം കണ്ടു. നിരൂപകരുടെ മികച്ച അഭിപ്രായത്തിനൊപ്പം വാണിജ്യവിജയവും സിനിമ നേടി

Kedarnath സിനിമയില്‍ മന്‍സൂര്‍ ഖാന്‍ 
കേദാര്‍നാഥ് പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഹിന്ദു മുസ്ലീം പ്രണയകഥ പറഞ്ഞ സിനിമയിലെ നായകവേഷം. മന്‍സൂറിന്റെ നിഷ്‌കളങ്കതയും ആത്മാര്‍ത്ഥതയും ഒരു ചെറുചിരിയില്‍ പോലും സുശാന്ത് കൊണ്ടുവന്നെന്ന് നിരൂപകപ്രശംസ

Chhichhore സിനിമയില്‍ അനിരുദ്ധ് പാഥക്

പ്രവേശനപ്പരീക്ഷയില്‍ പിന്നിലായപ്പോള്‍ ആത്മഹത്യക്ക് ശ്രമിച്ച ടീനേജുകാരന്‍ മകനെ ജീവിതത്തിലെ വിജയപരാജയങ്ങളെ എങ്ങനെ നേരിടണമെന്ന് പഠിപ്പിക്കുന്ന അച്ഛന്റെ വേഷം.  സ്വന്തം കോളേജ് ജീവിതത്തിലെ ഏടുകള്‍ ഉദാഹരിച്ചുള്ള സിനിമ ശ്രദ്ധേയമായി

Sonchiriyaയില്‍ ലഖ്‌ന
1970-കളിലെ കൊള്ളക്കാരുടെ കഥ പറഞ്ഞ സിനിമ. മനോജ് വാജ്‌പേയ്, രണ്‍വീര്‍ ഷോറേ, അശുതോഷ് റാണ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം ശ്രദ്ധേയപ്രകടനം

Dil Becharaയില്‍ മന്നി
മരണത്തിന് ശേഷമാണ് ദില്‍ ബേചാര പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഹോളിവുഡ് ഹിറ്റ് The Fault In Our Starsന്റെ റീമേക്ക് ആയിരുന്നു ചിത്രം. ക്യാന്‍സര്‍ രോഗബാധ നേരിടുമ്പോഴും  ജീവിതത്തിലും ചുറ്റുമുള്ളവരിലും ചിരിയും സന്തോഷവും നിറക്കാന്‍ ശ്രമിക്കുന്ന മന്നിയുടെ കഥാപാത്രം നടന്റെ ആരാധകരില്‍ കണ്ണീരോര്‍മയായി. 
 

Latest Videos
Follow Us:
Download App:
  • android
  • ios