കർഷകരെ പൊല്ലാപ്പിലാക്കി 16 കാരിയുടെ ഗവേഷണം; 'ചാണക'ത്തെ ചൊല്ലി കാസർകോട് കൊണ്ടുപിടിച്ച ചർച്ച

പൊന്നും വില കൊടുത്ത് നാടൻ പശുവിന്റെ ചാണകം വിൽക്കപ്പെടുന്ന നാട്ടിൽ, ഗവേഷണ ഫലം വ്യാപക ശ്രദ്ധ നേടി

Plus one student Arunima research on cow dung became discussion point at Kasaragod

ചാണകത്തെ ചൊല്ലി ചർച്ച, തർക്കം, വിവാദം! ഇതെവിടുത്തെ കാര്യമെന്ന് അമ്പരക്കേണ്ട, കേരളത്തിൽ തന്നെ. നാടൻ പശുവിനേക്കാൾ വളക്കൂറുള്ള ചാണകം വിദേശ പശുവിന്റേതാണെന്ന, കാഞ്ഞങ്ങാട് ബല്ലാ ഈസ്റ്റ് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി അരുണിമയുടെ കണ്ടെത്തലാണ് വിഷയം. പൊന്നും വില കൊടുത്ത് നാടൻ പശുവിന്റെ ചാണകം വിൽക്കപ്പെടുന്ന നാട്ടിൽ, ഗവേഷണ ഫലം വ്യാപക ശ്രദ്ധ നേടി. സർവ ശിക്ഷ അഭിയാന്റെ ശാസ്ത്രപഥം മത്സരത്തിൽ കാസർകോട് ജില്ലയിൽ ഒന്നാം സ്ഥാനം നേടി ശ്രദ്ധിക്കപ്പെട്ടതോടെ, ഗവേഷണത്തിനെതിരെ അരയും തലയും മുറുക്കി രംഗത്ത് വന്നിരിക്കുകയാണ് കർഷകർ. ഇതോടെ സോഷ്യൽമീഡിയയിലടക്കം ഗൗരവമേറിയ ചർച്ചകളാണ് നടക്കുന്നത്.

സ്വന്തം വീട്ടിൽ നിയന്ത്രിത സാഹചര്യത്തിലാണ് അരുണിമ പഠനം നടത്തിയത്. രണ്ട് മാസത്തോളം നീണ്ട പഠനം പൂർണതയിലെത്താൻ വിളവെടുപ്പ് കൂടി കഴിയണം. ചെടികളുടെ വളർച്ചയുടെ ഘട്ടത്തിൽ തന്നെ സങ്കരയിനം പശുവിന്റെ ചാണകമിട്ട ചെടികൾ നാടൻ പശുക്കളുടെ ചാണകത്തെ ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ്.

Plus one student Arunima research on cow dung became discussion point at Kasaragod

ചിത്രം: അരുണിമ ഗോശാലയിൽ

പുല്ലൂർ പൊള്ളക്കട സ്വദേശിയാണ് അരുണിമ. സ്കൂളിൽ നിന്ന് റിസർച് പ്രൊജക്ട് ചെയ്യണമെന്ന് നിർദ്ദേശം ലഭിച്ചപ്പോൾ അമ്മ ശോഭയുടെ സുഹൃത്ത് കൂടിയായ കേരള കേന്ദ്ര സർവകലാശാലയിലെ പ്ലാന്റ് സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ ജാസ്മിൻ എം ഷായുടെ സഹായം തേടി. അവിടെ നിന്നാണ് വിവിധ ഇനം പശുക്കളുടെ ചാണകത്തിലെ ഗുണമേന്മയെന്ന വിഷയം പ്രബന്ധ വിഷയമായി സ്വീകരിച്ചത്. പഠനം വളരെ ലളിതമായിരുന്നു. പയർ, വെണ്ട, കടുക് എന്നീ വിളകളാണ് ഒൻപത് ഇനം ചാണക മിശ്രിതത്തിലും മണ്ണിലും മുളപ്പിച്ചത്. 60 ദിവസങ്ങൾ കഴിഞ്ഞപ്പോൾ, സങ്കരയിനം പശുക്കളുടെ ചാണക മിശ്രിതത്തിൽ നട്ട പയറിന് 128 സെന്റിമീറ്റർ നീളം വച്ചതായി കണ്ടെത്തി. അതേസമയം കാസർകോട് കുള്ളന്റെയും വെച്ചൂർ പശുവിന്റെയും ചാണകം ഉപയോഗിച്ച പയർ ചെടി വളർന്നത് 22 സെന്റിമീറ്റർ മാത്രമാണ്. വളമൊന്നും ചേർക്കാത്ത മണ്ണിൽ ഇതേ പയർ ചെടി 20 സെന്റിമീറ്റർ വളർച്ച നേടി. ഓങ്കോളിന്റെ ചാണകത്തിൽ 50 സെന്റിമീറ്ററും ഹള്ളികാറിൽ 51 സെന്റിമീറ്ററും കാങ്ക്രേജിൽ 58 സെന്റിമീറ്ററും കങ്കയത്തിൽ 60 സെന്റിമീറ്ററുമാണ് പയർ വളർന്നത്. കുള്ളന്റെയും വെച്ചൂർ പശുവിന്റെയും മിശ്രിതത്തിൽ വളർന്ന പയർ ചെടിയുടെ തണ്ടിന് 0.4 സെന്റിമീറ്റർ വളർച്ചയായിരുന്നു. എന്നാൽ ഹോള്‍സ്റ്റൈന്‍-ഫ്രീഷിയന്‍ എന്ന വിദേശ സങ്കരയിനം പശുവിന്റെ ചാണകത്തിൽ വളർന്ന പയർ ചെടിയുടെ തണ്ടിന് 0.8 സെന്റിമീറ്റർ വളർച്ചയും നേടാനായെന്ന് അരുണിമയുടെ കണ്ടെത്തലിൽ വ്യക്തമായി.

നവംബർ മാസത്തിന്റെ അവസാനത്തിൽ തുടങ്ങിയതാണ് അരുണിമയുടെ പഠനം. മൂന്ന് വരികളിലായി 30 കളങ്ങളുള്ള പത്ത് ട്രേകളിൽ പയർ, വെണ്ട, കടുക് എന്നിവ ഓരോ വരികളിൽ വീതം മുളപ്പിച്ചായിരുന്നു പരീക്ഷണം. ഗിർ, ഗിഡ്ഡ, വെച്ചൂർ, കുള്ളൻ, ഹള്ളികാർ, കാങ്ക്രേജ്, കങ്കയം, ഓങ്കോൾ എന്നീ തദ്ദേശീയ പശുക്കളുടെ ചാണകം ഗവേഷണാവശ്യത്തിന് പെരിയയിലെ ഒരു ഫാമിൽ നിന്നാണ് ശേഖരിച്ചത്. വീടിനടുത്തുള്ള ക്ഷീര കർഷകന്റെ വീട്ടിലെ സങ്കരയിനം പശുവിന്റെ ചാണകവും മറ്റ് വളങ്ങളൊന്നും ചേർക്കാത്ത ശുദ്ധമായ മണ്ണും ശേഖരിച്ചാണ് പരീക്ഷണം തുടങ്ങിയത്. ചാണകം ഉണക്കി പൊടിച്ച ശേഷം മണ്ണുമായി കലർത്തിയാണ് ട്രേകളിൽ നിറച്ചത്. 'മൂന്ന് ദിവസത്തിൽ തന്നെ ജഴ്സി പശുവിന്റെ ചാണകം ഉപയോഗിച്ച ട്രേയിലെ പയർ വിത്തുകൾ മുളപൊട്ടി. പിന്നീടങ്ങോട്ട് അതിവേഗത്തിലാണ് ഇവ വളർന്നത്. വിള ലഭിക്കുന്നത് വരെ പഠനം തുടരണം. അതിന് ശേഷമേ വ്യക്തമായ ഒരു നിഗമനത്തിലെത്താനാവൂ,'- തന്റെ പഠനത്തെ കുറിച്ച് അരുണിമ പറഞ്ഞു.

എന്നാൽ ഇത്തരമൊരു ഗവേഷണം നിയന്ത്രിത സാഹചര്യത്തിൽ അല്ല നടത്തേണ്ടതെന്നാണ് കാസർകോട് ഡ്വാർഫ് കൺസർവേഷൻ സൊസൈറ്റി ഡയറക്ടർ പികെ ലാലിന്റെ നിലപാട്. ഇത് ഫീൽഡിൽ ചെയ്യേണ്ടതാണ്. അരുണിമയുടെയും മാർഗനിർദ്ദേശം നൽകി ഒപ്പം നിന്ന ഡോ ജാസ്മിന്റെയും കണ്ടെത്തൽ വെറും നിഗമനം മാത്രമാണ്. അതിന് ശാസ്ത്രീയ അടിത്തറയില്ല. എത്രത്തോളം കൃത്യമാണെന്ന് അവർ അവകാശപ്പെട്ടാലും ഈ പഠനം പൂർത്തിയായിട്ടില്ല എന്നത് അവഗണിക്കാനാവില്ല. വിള ലഭിക്കുമ്പോൾ മാത്രമേ പഠനം പൂർത്തിയാകൂ. ഇതിനെ കുട്ടിക്കളിയായി മാത്രമേ കാണാനാവൂ,'- അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് അമ്പലത്തറയിലെ കപില ഗോശാലയുടെ ഉടമ കൂടിയാണ് ലാൽ. 'കാസർകോട് കുള്ളൻ പശുവിനെ വളർത്തുന്ന 3500 ഓളം പേർ ഞങ്ങളുടെ സംഘടനയിൽ മാത്രമുണ്ട്. അവരുടെ ജീവിതം വഴിമുട്ടുന്നതാണ് ഈ കണ്ടെത്തൽ. അവർക്ക് ഒരൊറ്റ പഠനമാണ് ഈ കണ്ടെത്തലിനെ സാധൂകരിക്കാൻ കൈയ്യിലുള്ളത്. എന്നാൽ ലക്ഷക്കണക്കിന് കർഷകരുടെ പതിറ്റാണ്ടുകൾ നീണ്ട അനുഭവമാണ് ഞങ്ങളുടെ പക്കലുള്ളത്. തീർത്തും ശാസ്ത്രീയമായ രീതിയിൽ ചെയ്ത ഗവേഷണമാണെങ്കിൽ ഇതൊരു അന്താരാഷ്ട്ര ജേണലിൽ പ്രസിദ്ധീകരിക്കാൻ അരുണിമയും ഡോ ജാസ്മിനും തയ്യാറാകണം' - അദ്ദേഹം പറഞ്ഞു.

Plus one student Arunima research on cow dung became discussion point at Kasaragod

ചിത്രം: അരുണിമയും ഡോ ജാസ്മിൻ എം ഷായും

എന്നാൽ ലാലിന്റെ വാദങ്ങളെ അംഗീകരിക്കാൻ ഡോ ജാസ്മിൻ തയ്യാറാവുന്നില്ല. 'ഈ പഠനം വിവിധ ഇനം പശുക്കളുടെ ചാണകത്തിന്റെ വളക്കൂറിനെ കുറിച്ച് നടത്തിയതാണ്. പാലിന്റെ ഗുണമേന്മയെ കുറിച്ച് നടത്തിയതല്ല. അതിനാൽ തന്നെ ക്ഷീര കർഷകരെ ഇത് ബാധിക്കില്ല. മുൻപെങ്ങും ആരും നടത്തിയിട്ടില്ലാത്തതാണ് ഈ ഗവേഷണം. മുൻകൂട്ടി തീരുമാനിച്ച ഒരു ഫലത്തിലേക്ക് പഠനത്തിലൂടെ എത്തുകയായിരുന്നില്ല. പഠനത്തിലൂടെ എത്തിച്ചേർന്ന കണ്ടെത്തൽ അരുണിമയ്ക്ക് വലിയ അമ്പരപ്പാണ് നൽകിയത്. നോക്കൂ, നാടൻ പശുക്കളുടെ ചാണകത്തിനാണ് ഗുണമേന്മ എന്ന് വന്നാലും അരുണിമയ്ക്ക് ജില്ലാ തല മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചേനെ. അങ്ങിനെയായിരുന്നുവെങ്കിൽ ഈ കണ്ടെത്തലുകൾ വാർത്തയാക്കാനും ആഘോഷിക്കാനും എതിർക്കുന്നവർ തന്നെ രംഗത്ത് വന്നേനെ,'- ഡോ ജാസ്മിൻ ചൂണ്ടിക്കാട്ടി..

'ശാസ്ത്രീയമായ രീതിയിലാണ് അരുണിമയുടെ പഠനം. ഇത് ഫീൽഡിൽ ചെയ്യാവുന്ന പഠനമല്ല. അവിടെ മുൻപിട്ട വളവും യൂറിയയും ഉണ്ടാകും. അതിനാൽ തന്നെ ഫീൽഡിൽ ചെയ്യാനാവില്ല. അത് ശാസ്ത്രീയമായ പഠനത്തിന് ഗുണകരമാവില്ല. അരുണിമ നടത്തിയ പഠനം 40 വയസുള്ള മനുഷ്യൻ ചെയ്താലും 30 വയസുള്ള മനുഷ്യൻ ചെയ്താലും ലഭിക്കേണ്ടത് ഒരേ ഫലമാണ്. ആർക്കും ഇത് ചെയ്യാവുന്നതാണ്. ഇതിന്റെ സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ് നടത്താനും ആർക്കും കഴിയും. ഡാറ്റ തന്നാൽ അത് ചെയ്ത് കൊടുക്കാനും തയ്യാറാണ്. നോക്കൂ, എന്റെ മനസിൽ കുറേ സ്നേഹങ്ങളും വിശ്വാസങ്ങളും ഇഷ്ടങ്ങളും ഉണ്ട്. അത് റിസർചിൽ ഉൾപ്പെടുത്തരുത്. ഗവേഷണം എപ്പോഴും സുതാര്യമായിരിക്കണം,'- ഡോ ജാസ്മിൻ പറഞ്ഞു.

കർഷകരെ സംബന്ധിച്ച് പാൽ മാത്രം വിറ്റാൽ പശുക്കളെ വളർത്തുന്നതിൽ നിന്ന് ലാഭമുണ്ടാക്കാൻ കഴിയില്ലെന്ന് ലാൽ പറഞ്ഞു. അതിന് ചാണകവും മൂത്രവും പോലുള്ള അനുബന്ധ വിപണന സാധ്യതകൾ പോഷിപ്പിക്കേണ്ടതുണ്ടെന്നാണ് ലാലിന്റെ അഭിപ്രായം. നാടൻ പശുക്കളുടെ ചാണകവും ഗോമൂത്രവും നല്ല നിലയിൽ വിപണനം ചെയ്യപ്പെടുന്നതായാണ് പിലിക്കോട് വയൽ സ്വദേശിയായ കർഷകൻ സികെ രഘു ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞത്. "ഒരു കുട്ട നാടൻ പശുവിന്റെ ചാണകത്തിന് 500 രൂപയാണ് വില. ഏതാണ്ട് 20 കിലോഗ്രാമോളം ഒരു കുട്ട ചാണകത്തിന് തൂക്കമുണ്ടാകും. അതേസമയം സങ്കരയിനം പശുവിന്റെ ചാണകത്തിന് കുട്ടയ്ക്ക് നൂറ് രൂപയാണ് വില. നാടൻ പശുവിന്റെ ഗോമൂത്രത്തിനും നല്ല വില ലഭിക്കുന്നുണ്ട്. ലിറ്ററിന് പത്ത് രൂപയോളം ഇപ്പോൾ കിട്ടുന്നുണ്ട്. വിദേശ പശുവിന്റെ മൂത്രത്തിന് വില ലഭിക്കാറില്ല,'- അദ്ദേഹം പറഞ്ഞു. പ്രധാനമായും ജൈവാമൃതം, പഞ്ചജൈവം പോലുള്ള വളങ്ങൾ നിർമ്മിക്കാനാണ് ഇവ വാങ്ങുന്നതെന്നും രഘു പറഞ്ഞു.

ഈ വിപണന സാധ്യതയെ വെല്ലുവിളിക്കും എന്നതാണ് 16കാരിയുടെ പഠന പ്രബന്ധമായിട്ട് പോലും കർഷകർ ശക്തമായ നിലപാടുമായി രംഗത്ത് വന്നതിന്റെ കാരണം. എന്നാൽ അരുണിമയുടെ പഠന രീതിയെ ശക്തമായി പിന്തുണക്കുകയാണ് മാർഗനിർദ്ദേശം നൽകി തുടക്കം മുതൽ ഒപ്പം നിന്ന ഡോ ജാസ്മിൻ. 'ഒരു 16 വയസുകാരിയുടെ രീതികളായിരുന്നില്ല ഗവേഷണത്തിന്റെ ഘട്ടത്തിൽ ആ പെൺകുട്ടി കാണിച്ചത്. ഇപ്പോൾ പിഎച്ച്ഡി ചെയ്യുന്നവരിൽ കാണാത്ത അർപ്പണബോധവും പ്രയത്നവും അരുണിമയിൽ കണ്ടതിൽ എനിക്കേറെ സന്തോഷമുണ്ട്. വളരെ സങ്കീർണമായ അനലറ്റിക്കൽ ടൂളുകൾ വരെ വളരെവേഗത്തിലാണ് അരുണിമ സ്വായത്തമാക്കിയത്,'- ഡോ ജാസ്മിൻ പറഞ്ഞു. 'വിളവെടുക്കുന്നതോടെ അരുണിമയുടെ പഠനം അവസാനിച്ചേക്കും. എന്നാൽ അവിടെ അവസാനിപ്പിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. കൂടുതൽ ആഴത്തിലുള്ള പഠനം നടത്തേണ്ടതുണ്ട്. ചാണകത്തിലെയും പശുവിന്റെയും ഡിഎൻഎ ഘടകങ്ങൾ അടക്കം പരിശോധിക്കണം. ലാബിൽ ചെടികളും വളവും ടെസ്റ്റ് ചെയ്ത് എന്തുകൊണ്ട് ഇങ്ങിനെ വന്നുവെന്ന് കണ്ടെത്തണം. വിശദമായ പ്രൊജക്ട് കേന്ദ്രസർവകലാശാലയ്ക്ക് സമർപ്പിക്കും. തുടർ പഠനങ്ങൾ നടത്താൻ ശ്രമിക്കും,'- അവർ വ്യക്തമാക്കി. 

ജാസ്മിന്റെ ഈ നിർദ്ദേശങ്ങളോട് മുഖം തിരിക്കുകയല്ല പികെ ലാലോ അദ്ദേഹത്തോടൊപ്പമുള്ള കർഷകരോ ചെയ്യുന്നത്. ഈ വിഷയത്തിൽ വിശദമായ പഠനം ആവശ്യമാണെന്നാണ് അവരും അഭിപ്രായപ്പെടുന്നത്. തന്റെ ഉടമസ്ഥതയിലുള്ള ഗോശാലയിൽ അരുണിമ നടത്തിയ പഠനം അതേ രീതിയിൽ ചെയ്യാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ശാസ്ത്രീയമായ രീതികളിലാണ് അരുണിമയും ഡോ ജാസ്മിനും പഠനം നടത്തിയതെങ്കിൽ, അന്താരാഷ്ട്ര ജേണലിൽ ആ പ്രബന്ധം പ്രസിദ്ധീകരിക്കണമെന്നും ലാൽ ആവശ്യപ്പെടുന്നു. അതുവരെ ഇതൊരു 16കാരി പെൺകുട്ടിയുടെ പാഠ്യപ്രവർത്തനത്തിലെ വെറും നിഗമനം മാത്രമായിരിക്കും,'- ലാൽ പറഞ്ഞു.

അരുണിമയുടെ ഗവേഷണത്തിനും പ്രയത്നങ്ങൾക്കും ഫലമുണ്ടായതിൽ വലിയ സന്തോഷത്തിലാണ് കുടുംബം. ഒരു ഘട്ടത്തിൽ അരുണിമയുടെ ട്രേ എല്ലാം വാരിയെടുത്ത് ദൂരെക്കളയുമെന്നായിരുന്നു മുത്തശിയുടെ ഭീഷണിയെന്ന് ശോഭ പറഞ്ഞു. ഇപ്പോൾ അതല്ല സ്ഥിതി. അരുണിമയുടെ നേട്ടത്തിൽ വലിയ സന്തോഷത്തിലാണ് അനുജനും അമ്മയും മുത്തശ്ശനും മുത്തശിയും അടങ്ങുന്ന കുടുംബം. പഠനത്തിന്റെ സാധുതയെ കുറിച്ചുള്ള ചർച്ചകൾ പൊതുമണ്ഡലത്തിൽ സജീവമാകുമ്പോഴും തന്നോളം വളർന്ന പയർ ചെടി, വിളവ് തരുന്നതും കാത്തിരിക്കുകയാണ് അരുണിമ.

Latest Videos
Follow Us:
Download App:
  • android
  • ios