World Water Day 2022: ഒരു വര്‍ഷം നിങ്ങള്‍ കുടിവെള്ളത്തിന് എന്ത് വില കൊടുക്കുന്നുണ്ട്?
World Water Day 2022: കൃത്യമായ ജല പരിശോധനയിലൂടെ ജലത്തിന്റെ പ്രശ്‌നങ്ങള്‍ കണ്ടുപിടിച്ച് അത് പരിഹരിക്കാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ ഇനി കുടിക്കാന്‍ മാത്രമല്ല മറ്റ് ആവശ്യങ്ങള്‍ക്കും നമ്മള്‍ വാട്ടര്‍ പ്യൂരിഫയറുകള്‍ വെക്കേണ്ടിവരും.
മഴവെള്ള സംരക്ഷണം, കിണര്‍ റീചാര്‍ജിങ്, കൃത്യമായ മാലിന്യ സംസ്‌കരണം തുടങ്ങിയവ പാലിച്ച് നമ്മുടെ കുടിവെള്ള സ്രോതസ്സുകളെ സംരക്ഷിക്കാന്‍ ശ്രമിക്കേണ്ട സമയം ഇതിനകം തന്നെ കഴിഞ്ഞു. ഇനിയും നമ്മളിതിന് മുന്നിട്ടിറങ്ങിയില്ലെങ്കില്‍ വെള്ളംകുടി മുട്ടും എന്നര്‍ത്ഥം.
വാട്ടര്‍ പ്യൂരിഫയറുകളുടെ കാലമാണിത്. എല്ലായിടങ്ങളിലും അതിന്റെ ആവശ്യവും ഉപയോഗവും കൂടിവരുന്നു. ഈ സാഹചര്യത്തില്‍ ഒരു ചോദ്യം, നമ്മള്‍ കുടിക്കുന്ന വെള്ളത്തിന്റെ വില എന്താണ്?
അതെങ്ങനെ, ഞാന്‍ വെള്ളത്തിന് ഒരു പൈസ പോലും കൊടുക്കുന്നില്ലല്ലോ എന്നായിരിക്കും എല്ലാവരുടെയും ചിന്ത. എന്നാല്‍, വാട്ടര്‍ പ്യൂരിഫയറിന്റെ കാര്യം എടുത്താല്‍, അതുപയോഗിക്കുന്നിടത്തോളം നിങ്ങളതിന് വില കൊടുത്തു കൊണ്ടേയിരിക്കണം എന്നതാണ് വാസ്തവം.
നഗരപ്രദേശത്ത് 80 ശതമാനം ആളുകളും ഗ്രാമ പ്രദേശത്ത് 40 ശതമാനം ആളുകളും വാട്ടര്‍ പ്യൂരിഫയറുകള്‍ ഉപയോഗിക്കുന്നു എന്നാണ് കണക്ക്. വെള്ളം പരിശോധിക്കാന്‍ വരുന്നവരില്‍ ഭൂരിഭാഗം ആളുകളുടെയും ചോദ്യം ഏത് പ്യൂരിഫയര്‍ വെക്കണം എന്നതാണ്. അവര്‍ ചിന്തിക്കുന്നില്ല, ഇനിമുതല്‍ കുടിവെള്ളത്തിന് ചെലവേറുമെന്ന്. ഇവിടെ രസകരമായ കാര്യം എന്തെന്നാല്‍, പ്രകൃതി നമുക്ക് സൗജന്യമായി നല്‍കിയതിനാണ് നാമീ ചെലവാക്കുന്നത് എന്നതാണ്.
പലരുടെയും വിചാരം വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങിയാല്‍ ജീവിതകാലം മുഴുവന്‍ അതില്‍ നിന്ന് ഫ്രീ ആയി വെള്ളം കുടിക്കാം എന്നാണ്. സാധാരണ വീടുകളില്‍ ഉപയോഗിക്കുന്ന ഫില്‍ട്ടര്‍ ആണ് Ro+Uv അഥവാ റിവേഴ്‌സ് ഓസ്‌മോസിസ് അള്‍ട്രാ ഫില്‍റ്ററേഷന്‍ എന്നിവ. Ro+Uv ഉള്ള ഫില്‍ട്ടറിന് താരതമ്യേന നല്ലൊരു കമ്പനിക്ക് 14,000 രൂപ ചിലവ് വരും, ഈ 14,000 രൂപ മാത്രം കൊടുത്താല്‍ പോരാ നിശ്ചിത അളവ് വെള്ളം ഉപയോഗിച്ചാല്‍ പിന്നെ അതിന്റെ പലഭാഗങ്ങളും മാറ്റേണ്ടി വരും. എല്ലാ വര്‍ഷവും ഒരു തുക വാട്ടര്‍ പ്യൂരിഫയറിന് മാറ്റി വെക്കേണ്ടി വരും. റിവേഴ്‌സ് ഓസ്‌മോസിസ് ഫില്‍ട്ടറിന്റെ കാര്യമെടുത്താല്‍, നിശ്ചിത ഉപയോഗത്തിന് ശേഷം അതിന്റെ കാട്രിഡ്ജ് മാറ്റി വെക്കേണ്ടി വരും. ഇതിന് ഏകദേശം രണ്ടായിരത്തിന് മുകളില്‍ ചിലവു വരും കൂടാതെ കമ്പനിയുടെ സര്‍വീസ് ചാര്‍ജുകളും. മറ്റ് ഭാഗങ്ങളുമുണ്ട് ഒരു വാട്ടര്‍ പ്യൂരിഫയര്‍ സിസ്റ്റത്തിന്. ഇതെല്ലാം നിശ്ചിത ഉപയോഗത്തിന് ശേഷം മാറ്റേണ്ടി വരും. കൂടാതെ സര്‍വീസ് ചാര്‍ജുകളും.
ഇനി വാട്ടര്‍ പ്യൂരിഫയറിന് ഒരു വര്‍ഷം എത്ര രൂപ ചിലവാക്കേണ്ടി വരും എന്ന് നിങ്ങള്‍ ആലോചിച്ചു നോക്കൂ. വര്‍ഷവും കഴിയുംതോറും നമ്മള്‍ ചിലവാക്കുന്ന പൈസയുടെ അളവ് കൂടി വരും. ഇപ്പോള്‍ മനസ്സിലായോ സൗജന്യം ആയാണോ നമ്മള്‍ വെള്ളം കുടിക്കുന്നതെന്ന്.
എന്തിനാണ് നമുക്ക് പ്രകൃതി സൗജന്യമായി തരുന്ന ശുദ്ധജലത്തിന് നാമിങ്ങനെ പണം മുടക്കേണ്ടി വരുന്നത്? സംശയമെന്ത് നമ്മുടെ കൈയിലിരിപ്പ് കൊണ്ടു തന്നെ. നാം തന്നെയാണ് നമ്മുടെ ജലസ്രോതസ്സുകള്‍ മലിനമാക്കിയത്. നമ്മുടെ കിണറുകളില്‍ മനുഷ്യ വിസര്‍ജ്യത്തില്‍ കാണുന്ന ഇ -കോളി ബാക്ടീരിയ (E. coli bacteria) ധാരാളമായി കാണുന്നുണ്ട്. നഗരങ്ങളില്‍ 60 ശതമാനം കിണറുകളിലും ഗ്രാമപ്രദേശങ്ങളില്‍ 40 ശതമാനം കിണറുകളിലും ഇത് കാണുന്നുണ്ട്. കൃത്യമായ മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ ഇല്ലാത്തതും ഈ അവസ്ഥയ്ക്ക് കാരണമായി.
വെള്ളത്തിന്റെ ഗുണനിലവാരം സൂചിപ്പിക്കുന്ന പി എച്ച് (pH)മൂല്യം കേരളത്തില്‍ താഴ്ന്ന രീതിയില്‍ ആണ് നില്‍ക്കുന്നത്. പി എച്ച് മൂല്യം താഴ്ന്നാല്‍ വെള്ളത്തിന് അമ്ലത കൂടും. പി എച്ച്, ഇ കോളി ബാക്ടീരിയ എന്നിവ കൂടാതെ ജല ഗുണനിലവാരം നിശ്ചയിക്കുന്ന വേറെയും ഘടകങ്ങളുണ്ട്. നമ്മുടെ കുടിവെള്ളത്തില്‍ അത്തരം ഘടകങ്ങള്‍ക്കും വ്യത്യാസം സംഭവിച്ചിട്ടുണ്ട്. ഈ പ്രശ്‌നമാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്. അതിന്റെ അടിസ്ഥാനത്തില്‍ ജലത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കാനുള്ള ആസൂത്രിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടി വരും. അതിനു സര്‍ക്കാറും സന്നദ്ധ സംഘടനകളും മാത്രമല്ല, നമ്മളോരോരുത്തരും മുന്നിട്ടിറങ്ങണം. അതിനു പകരം വാട്ടര്‍ പ്യൂരിഫയറുകളെ ആശ്രയിച്ചാല്‍ ജലത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ സാധിക്കില്ല.
കൃത്യമായ ജല പരിശോധനയിലൂടെ ജലത്തിന്റെ പ്രശ്‌നങ്ങള്‍ കണ്ടുപിടിച്ച് അത് പരിഹരിക്കാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ ഇനി കുടിക്കാന്‍ മാത്രമല്ല മറ്റ് ആവശ്യങ്ങള്‍ക്കും നമ്മള്‍ വാട്ടര്‍ പ്യൂരിഫയറുകള്‍ വെക്കേണ്ടിവരും. മഴവെള്ള സംരക്ഷണം, കിണര്‍ റീചാര്‍ജിങ്, കൃത്യമായ മാലിന്യ സംസ്‌കരണം തുടങ്ങിയവ പാലിച്ച് നമ്മുടെ കുടിവെള്ള സ്രോതസ്സുകളെ സംരക്ഷിക്കാന്‍ ശ്രമിക്കേണ്ട സമയം ഇതിനകം തന്നെ കഴിഞ്ഞു. ഇനിയും നമ്മളിതിന് മുന്നിട്ടിറങ്ങിയില്ലെങ്കില്‍ വെള്ളംകുടി മുട്ടും എന്നര്‍ത്ഥം.