World Water Day: ഭൂമിയുടെ നാലിൽ മൂന്നും ജലം; എന്നിട്ടും ലോക ജനസംഖ്യയുടെ നാലിൽ ഒന്നിനും ശുദ്ധജലം കിട്ടാക്കനി
ഓരോ ഇരുപത് വര്‍ഷത്തിലും ജലത്തിന്‍റെ ഉപയോഗം ഇരട്ടിയാകുന്നു എന്നാണ് കണക്ക്. ജനസംഖ്യ കൂടുകയാണ്. ജല ആവശ്യവും ഉപയോഗവും കൂടെ വർദ്ധിക്കും. പക്ഷേ, ശുദ്ധജലത്തിന്‍റെ അളവിലും ലഭ്യതയിലും മാറ്റമില്ലന്നെതാണ് യാഥാർത്ഥ്യം.
ഭൂമിയുടെ നാലിൽ മൂന്നും ജലമെന്നാണ് കണക്ക്. പക്ഷേ, ലോക ജനസംഖ്യയുടെ നാലിൽ ഒന്നിന് ശുദ്ധജലം കിട്ടാക്കനിയാണെന്നതാണ് യാഥാർത്ഥ്യം. കാലാവസ്ഥാ വ്യതിയാനവും മലിനീകരണവും ജലലഭ്യതയുടെ മേൽ ചോദ്യങ്ങളുയർത്തുന്നതിനിടെയാണ് ഈ വർഷത്തെ ലോക ജലദിനാചരണം.
ശുദ്ധമായ കുടിവെള്ളം മനുഷ്യാവകാശമാണ്. ജീവിക്കാനുള്ള അവകാശം പൂർണ്ണമാകണമെങ്കിൽ ശുദ്ധമായ ജലവും വേണമെന്നർത്ഥം. ഇത് എല്ലാവരിലും എത്തണം. എന്നാല്‍, ഈ അവകാശം രേഖകളിൽ മാത്രമെന്നാണ് കണക്ക്. ലോക ജനസംഖ്യയുടെ നാലിലൊന്നിനും ഇന്നും ശുദ്ധമായ കുടിവെള്ളം അപ്രാപ്യമാണ്. അഥവാ 200 കോടിയോളം പേർ മലിന ജലമാണ് കുടിക്കുന്നതെന്ന്. പ്രതിദിനം 700 കുട്ടികൾ ശുദ്ധ ജലം കിട്ടാതെ മരിക്കുന്നുണ്ട്. ഒരു വർഷത്തിനിടെ പത്ത് കോടിയേളം പേർ കുടിവെള്ളത്തിനായി പലായനം ചെയ്തു. മരിച്ചു വീണ ജിവജാലങ്ങളും നശിച്ച സസ്യ സമ്പത്തും അതിലുമേറെ.
ലോകത്ത് വെള്ളത്തിന്‍റെ പേരിലുള്ള വിവേചവും ശക്തമെന്നാണ് ഐക്യ രാഷ്ട്ര സഭയുടെ കണക്ക്. ജാതിയും, മതവും, പണവും, നിറവും, ദേശവും, ലിംഗവും, പണവും ശുദ്ധ ജലത്തിൽ നിന്നും മനുഷ്യരെ അകറ്റാൻ കാരണമാക്കുന്നുണ്ട്. ശുദ്ധ ജലം കിട്ടാതെ പ്രയാസപ്പെടുന്നതിൽ 70 ശതമാനവും സ്ത്രീകളും കുഞ്ഞുങ്ങളുമാണെന്നും ഓര്‍ക്കണം.
ഇന്ന് ലോക ജലദിനം; കേരളത്തിൽ കുടിവെളളത്തില്‍ മാലിന്യത്തോത് കൂടി, ഭൂജലനിരപ്പ് താഴുന്നു
ഭൂമിയിലെ ആകെ ജലത്തിന്‍റെ മൂന്ന് ശതമാനം മാത്രമാണ് ശുദ്ധജലം. ഇതിൽ തന്നെ മുക്കാൽ പങ്കും മഞ്ഞു പാളികളാണ്. ബാക്കിയുള്ള 20 ശതമാനം ഭൂമിക്കടിലാണ്. ഭൂമിയിലെ ശുദ്ധജലത്തിന്‍റെ 90 ശതമാനവും നേരിട്ട് ഉപയോഗിക്കാനാകില്ല. ഉപയോഗയോഗ്യമായ ശുദ്ധ ജലം തുലോം തുച്ഛം. മനുഷ്യനും മൃഗങ്ങൾക്കും പ്രകൃതിക്കും അവകാശപ്പെട്ട ഇതിന്‍റെ പകുതിയും പക്ഷേ, മനുഷ്യനാണ് ഉപയോഗിക്കുന്നത്.
ഓരോ ഇരുപത് വര്‍ഷത്തിലും ജലത്തിന്‍റെ ഉപയോഗം ഇരട്ടിയാകുന്നു എന്നാണ് കണക്ക്. ജനസംഖ്യ കൂടുകയാണ്. ജല ആവശ്യവും ഉപയോഗവും കൂടെ വർദ്ധിക്കും. പക്ഷേ, ശുദ്ധജലത്തിന്‍റെ അളവിലും ലഭ്യതയിലും മാറ്റമില്ലന്നെതാണ് യാഥാർത്ഥ്യം.
മഴയാണ് ഭൂമിയിലെ ഒരേ ഒരു ശുദ്ധജല ഉറവിടം. ബാക്കിയുള്ള ജല സ്രോതസ്സുകളെല്ലാം മഴ വെള്ളത്തിൽ നിന്നുള്ള സൃഷ്ടിയാണ്. മഴയുടെ കുറവും, പെട്ടെന്നുണ്ടാകുന്ന പെരുമഴയും കനത്ത ചൂടുമൊക്കെ ജലക്ഷാമം രൂക്ഷമാക്കുന്നു. ജലസ്രോതസ്സുകളും ജലസംഭരണികളായ കാടുകളും, കുന്നുകളും നശിപ്പിച്ചതും കയ്യേറിയതും ജലവഴികളടച്ചു.
ഭൂമിയില്‍ ആകെ ലഭ്യമായ വെള്ളം ഏകദേശം 140 കോടി ക്യുബിക് കിലോമീറ്ററാണ്. ഭൂമി ഉണ്ടായത് മുതല്‍ ഈ അളവ് കൂടിയിട്ടുമില്ല കുറഞ്ഞിട്ടുമില്ല. വിവേകത്തോടെയുള്ള ജലസംരക്ഷണവും, ഉപഭോഗവും മാത്രമാണ് മനുഷ്യന് മുന്നിലുള്ള ഏക പോം വഴി. സമയം അതിക്രമിച്ചു എന്നോർമിപ്പിക്കുന്നുണ്ട് ഐക്യരാഷ്ട്ര സഭ. വേഗത്തിലുള്ള നയം മാറ്റമാണ് ഏക രക്ഷാമാർഗം. ഇതാണ്, ഇത് മാത്രാണ് ഇത്തവണത്തെ ലോക ജലദിന സന്ദേശവും.