Asianet News MalayalamAsianet News Malayalam

ചായവിറ്റ്, സൈക്കിള്‍ ചവിട്ടി നേപ്പാളിലേക്ക്, ലക്ഷ്യം എവറസ്റ്റ്, കടുപ്പം കുറയ്ക്കാതെ 'ടീ ബ്രോ'യുടെ യാത്ര!

വഴിയിലുടനീളം ചായ ഉണ്ടാക്കി വിറ്റ്, സൈക്കിള്‍ ചവിട്ടി നേപ്പാളിലേക്ക് സഞ്ചരിക്കുകയാണ് നിധിന്‍. മെയ് അഞ്ചിന് വടക്കുംന്നാഥന്റെ മുന്നില്‍ നിന്ന് ആരംഭിച്ച യാത്ര ഇപ്പോള്‍ മഹാരാഷ്ട്രയില്‍ എത്തി നില്‍ക്കുകയാണ്.

Nidhin Maliyekkal known as tea bro cycled from Kerala to Nepal selling tea to fund his trip
Author
First Published Jun 2, 2024, 10:32 AM IST | Last Updated Jun 2, 2024, 12:22 PM IST

'നമുക്ക് ഒരു സ്വപ്നം ഉണ്ടെങ്കില്‍, അത് തീവ്രമാണെങ്കില്‍, സഫലീകരിക്കാന്‍ ഈ ലോകം മുഴുവന്‍ നമ്മുടെ കൂടെ നില്‍ക്കും'- പൗലോ കൊയ്‌ലോ എഴുതിയ 'ദി ആല്‍കെമിസ്റ്റ്' എന്ന നോവലിലെ ഈ വരികള്‍ നെഞ്ചിലേറ്റി സ്വന്തം സ്വപ്‌നത്തിലേക്ക് സൈക്കിള്‍ ചവിട്ടുകയാണ് തൃശ്ശൂര്‍ സ്വദേശി നിധിന്‍ മാളിയേക്കല്‍ എന്ന 27 -കാരന്‍. വഴിയിലുടനീളം ചായ ഉണ്ടാക്കി വിറ്റ്, സൈക്കിള്‍ ചവിട്ടി നേപ്പാളിലേക്ക് സഞ്ചരിക്കുകയാണ് നിധിന്‍. മെയ് അഞ്ചിന് വടക്കുംന്നാഥന്റെ മുന്നില്‍ നിന്ന് ആരംഭിച്ച യാത്ര ഇപ്പോള്‍ മഹാരാഷ്ട്രയില്‍ എത്തി നില്‍ക്കുകയാണ്. അവിടത്തെ ഒരു പെട്രോള്‍ പമ്പില്‍ ടെന്റടിച്ച് വിശ്രമിക്കുന്നതിനിടെ നിധിന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് തന്റെ യാത്രാനുഭവങ്ങള്‍ പങ്കുവെച്ചത്.

'പഠിക്കുന്ന കാലം മുതല്‍ മനസിലുണ്ടായിരുന്നു എവറസ്റ്റ് കീഴടക്കാനുള്ള ആഗ്രഹം. പക്ഷേ എങ്ങനെ പോവും, എത്ര രൂപ വേണ്ടിവരും എന്നൊന്നും അറിയില്ലായിരുന്നു. എങ്കിലും ഞാനിപ്പോള്‍ അതിലേക്കുള്ള യാത്രയിലാണ്. മൂന്ന് വര്‍ഷം മുമ്പ് നടത്തിയ കശ്മീര്‍ യാത്രയാണ് അതിനുള്ള ധൈര്യം നല്‍കിയത്. ചായ വിറ്റ് സൈക്കിള്‍ ചവിട്ടിയായിരുന്നു ആ യാത്ര. സിനിമയിലേക്കുള്ള എന്‍ട്രി കൂടിയായിരുന്നു ആ യാത്ര.  ജിത്തു ജോസഫിന്റെ 'കൂമന്‍' എന്ന സിനിമയില്‍ നിധിന് അവസരം കിട്ടിയത് ആ യാത്ര വഴിയായിരുന്നു. ഇതിനിടെ 'ടീ ബ്രോ' എന്ന പേരില്‍ പുതുക്കാട് ചെറിയൊരു ചായ കട തുടങ്ങി. എവറസ്റ്റ് കീഴടക്കാനുള്ള പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഇപ്പോള്‍ നേപ്പാളിലേക്കാണ് യാത്ര. ദിവസവും രാവിലെ അഞ്ച് മണിക്ക് യാത്ര തുടങ്ങും പല സ്ഥലങ്ങളിലും കനത്ത ചൂടായതിനാല്‍ ഉച്ചയ്ക്ക് വിശ്രമിച്ച് നാല് മണിക്ക് ശേഷമാണ് വീണ്ടും യാത്ര. അതിനിടയില്‍ ആളുകള്‍ കൂടുതലുള്ള സ്ഥലത്ത് ചായ ഉണ്ടാക്കി വില്‍ക്കും.'- നിധിന്‍ പറയുന്നു.

ആഗ്രഹിച്ചുവാങ്ങിയ ക്യാമറ വിറ്റ് ആദ്യ യാത്ര

ആഗ്രഹിച്ചുവാങ്ങിയ ക്യാമറ വിറ്റായിരുന്നു മൂന്ന് വര്‍ഷം മുമ്പ് നിധിന്റെ ആദ്യ ദീര്‍ഘദൂര സൈക്കിള്‍ യാത്ര. കൊവിഡിന് മുമ്പ് തൃശ്ശൂര്‍ ഒല്ലൂരിലുള്ള ഒരു റെസ്റ്റോറന്റില്‍ നിധിന്‍ ജോലി ചെയ്തിരുന്നു. ചായയും ജ്യൂസും ഉണ്ടാക്കിക്കിട്ടിയ പണം മിച്ചം പിടിച്ച് അന്നൊരു സോണി സൈബര്‍ഷോട്ട് ക്യാമറ വാങ്ങി. അത്രയ്ക്ക് ആഗ്രഹിച്ചു വാങ്ങിയ ആ ക്യാമറ വിറ്റാണ് ആദ്യമായി ഒരു യാത്ര പോയത്. ക്യാമറ വാങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ജോലി പോയി. തുടര്‍ന്നാണ് യാത്ര പോവാനുള്ള ആലോചന.

Nidhin Maliyekkal known as tea bro cycled from Kerala to Nepal selling tea to fund his trip

ഒറ്റയ്ക്ക് സൈക്കിളില്‍ പോകാനായിരുന്നു പ്ലാന്‍. പലരോടും സൈക്കിള്‍ വാടകയ്ക്ക് ചോദിച്ചു. കിട്ടാതെ വന്നപ്പോള്‍ അനിയന്റെ പഴയ മോഡല്‍ ഹെര്‍ക്കുലീസ് സൈക്കിളില്‍ പോകാന്‍ ഉറപ്പിച്ചു. പക്ഷേ, അതിനുള്ള പണം? ആകെ അറിയുന്ന പണി ചായ ഉണ്ടാക്കലാണ്. അങ്ങനെ പണം കണ്ടെത്താമെന്ന് മനസ്സ് പറഞ്ഞു. 'ക്യാമറ വിറ്റ് കിട്ടിയ പണം കൊണ്ട് സൈക്കിള്‍ നന്നാക്കി. ചായയുണ്ടാക്കി വില്‍ക്കാനുള്ള സാധനങ്ങള്‍ വാങ്ങി. 2021 ജനുവരി ഒന്നിന് സൈക്കിളുമെടുത്ത് കാശ്മീരിലേക്ക് ഇറങ്ങി തിരിക്കുമ്പോള്‍ പോക്കറ്റിലുണ്ടായിരുന്നത് 170 രൂപ മാത്രമായിരുന്നു.' -നിധിന്‍ പറയുന്നു.

ലോക്ക്ഡൗണില്‍ കുടുങ്ങി, ലോറിയില്‍ മടക്കം
   
2021 -ല്‍ കശ്മീരിലേക്കും 2022 -ല്‍ ലോകത്തെ ഏറ്റവും ഉയര്‍ന്ന സഞ്ചാരയോഗ്യമായ പാതയായ ഉംലിഗ് ലാ പാസിലേക്കും നിധിന്‍ യാത്ര ചെയ്തത് ആ പഴയ ഹെര്‍ക്കുലീസ് സൈക്കിളില്‍ തന്നെയായിരുന്നു. കശ്മീര്‍ യാത്ര കഴിഞ്ഞുവന്നപ്പോഴാണ് എവറസ്റ്റ് കീഴടക്കാന്‍ പറ്റും എന്ന ആത്മവിശ്വാസം കൂടിയതെന്ന് നിധിന്‍ പറയുന്നു. പിന്നീടാണ് എവറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങിയത്. യാത്രയില്‍ പലരും സ്‌നേഹത്തോടെ വിവരങ്ങള്‍ തിരക്കി. മലയാളികളായ പലരും ഒത്തിരി സഹായിച്ചു. കാശ്മീരില്‍ നിന്ന് തിരിച്ച് വരുമ്പോള്‍ രാജ്യം മുഴുവന്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. തിരിച്ച് വരവ് ഏറെ ദുഷ്‌കരമായി.

ആ സാഹചര്യത്തിലാണ് സിക്കന്ദര്‍പൂരില്‍ നിന്ന് ഒരു ലോറി കേരളത്തിലേക്ക് പോകുന്നുണ്ടെന്ന് സുഹൃത്ത് മുഖേന അറിഞ്ഞത്. ഉടന്‍ ലോറിയില്‍ നാട്ടിലേക്ക് തിരിച്ച് പോകാന്‍ തീരുമാനിച്ചു. സേലം സ്വദേശികളായിരുന്നു ലോറിയില്‍. ഒത്തിരി സ്‌നേഹത്തോടെയാണ് അവര്‍ തന്നെ സ്വീകരിച്ചതെന്ന് നിധിന്‍ ഓര്‍ക്കുന്നു. അവര്‍ക്ക് കഴിക്കാനുണ്ടാക്കിയ ചോറും സാമ്പാറും എനിക്കും വിളമ്പി. ജീവിതത്തില്‍ ആദ്യമായി കണ്ടുമുട്ടിയ അവര്‍ക്കൊപ്പം ഒരുപാടു വര്‍ത്തമാനം പറഞ്ഞാണ് നാട്ടിലേക്ക് മടങ്ങിയെത്തിയെന്ന് നിധിന്‍ പറയുന്നു.

Nidhin Maliyekkal known as tea bro cycled from Kerala to Nepal selling tea to fund his trip

2022 -ലായിരുന്നു ഉംലിങ് ലാ പാസിലേക്കുള്ള യാത്ര. എവറസ്റ്റ് ബേസ് ക്യാമ്പിനേക്കാളും ഉയരത്തിലുള്ള ഉംലിങ്ങിന് മുകളിലായിരുന്നു 2022 ഓഗസ്റ്റ് 15-ന്. എവറസ്റ്റ് എന്ന ആഗ്രഹം കൂട്ടിയാല്‍ കൂടുമോ എന്ന് ഉറപ്പിക്കാന്‍ വേണ്ടിയായിരുന്നു ആ യാത്ര. ''അത്രയും പഴയ സൈക്കിളില്‍ അവിടെയെത്തുന്ന ആദ്യത്തെയാള്‍ ചിലപ്പോള്‍ ഞാനായിരിക്കും. ഹൈ ആള്‍ട്ടിറ്റിയൂഡ് ഏരിയ ആയതിനാല്‍ പല സ്ഥലത്തും സൈക്കിള്‍ ചവിട്ടുന്നത് കഷ്ടപ്പാടായിരുന്നു.  സൈക്കിള്‍ ഉന്തിക്കയറ്റുക എന്നതായിരുന്ന ആകെ ചെയ്യാനാവുന്നത്. കാലാവസ്ഥയും അപ്രവചനീയമായിരുന്നു. എന്തൊക്കെ പ്രതിസന്ധി വന്നാലും ലക്ഷ്യം പൂര്‍ത്തിയാക്കും എന്ന നിശ്ചയദാര്‍ഢ്യം കൊണ്ട് മാത്രമാണ് യാത്ര പൂര്‍ത്തിയാക്കാന്‍ സാധിച്ചത്'-നിധിന്‍ പറയുന്നു.

സിനിമയിലേക്കുള്ള വഴി

സിനിമ എന്ന ആഗ്രഹം ചെറുപ്പത്തിലേ ഉണ്ടായിരുന്നു. കാശ്മീര്‍ യാത്ര കഴിഞ്ഞ് വന്ന് ആറാമത്തെ ദിവസമാണ് സംവിധായകന്‍ ജീത്തു ജോസഫില്‍ നിന്ന് കോള്‍ എത്തുന്നത്. 'കൂമന്‍' എന്ന ചിത്രത്തില്‍ അദ്ദേഹം അസിസ്റ്റന്റ് ഡയറക്ടറാക്കി. ''ആ ചിത്രത്തില്‍ ആസിഫ് അലിയോടൊത്ത് ഒരു ചെറിയ സീനില്‍ മുഖം കാണിക്കാനും പറ്റി. കാശ്മീര്‍ യാത്രയെക്കുറിച്ചുള്ള വീഡിയോ കണ്ട് ജീത്തു ജോസഫ് എന്നെ അന്വേഷിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു. ആ സമയത്ത് ഒരുപാട് ഫോണ്‍കോളുകള്‍ വരുന്നുണ്ടായിരുന്നു. അക്കൂട്ടത്തില്‍ ജീത്തു ജോസഫ് സാറിന്റെ വിളിയും ഒരു സ്വപ്നം പോലെ എത്തി.''-നിധിന്‍ പറഞ്ഞു. കൂമന്‍ എന്ന ചിത്രത്തിനുശേഷം 'ഡാന്‍സ് പാര്‍ട്ടി' എന്ന ചിത്രത്തിലും അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തതായി നിധിന്‍ പറയുന്നു.

Nidhin Maliyekkal known as tea bro cycled from Kerala to Nepal selling tea to fund his trip

മറാത്ത ഗ്രാമത്തിലെ സ്വീകരണം

ഒത്തിരി നല്ല ഓര്‍മ്മകള്‍ യാത്രകള്‍ സമ്മാനിച്ചിട്ടുണ്ട്. കാശ്മീര്‍ യാത്രയ്ക്കിടെ മഹാരാഷ്ട്രയിലെ സത്താറ ജില്ലയില്‍വെച്ച് രണ്ട് ചെറുപ്പക്കാരെ കണ്ടുമുട്ടിയ കഥ നിധിന്‍ പറയുന്നു. ''അവര്‍ക്ക് ഹിന്ദി അത്ര വശമില്ലായിരുന്നു. മറാത്തി ഭാഷയിലായിരുന്നു സംസാരം. യാത്രയുടെ കാര്യങ്ങള്‍ അന്വേഷിച്ച അവര്‍, 'എന്തെങ്കിലും ഭക്ഷണം കഴിച്ചോ' എന്ന് എന്നോട് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോള്‍ അടുത്തുള്ള ധാബയില്‍ നിന്ന്  'മിസല്‍ പാവ്' വാങ്ങി തന്നു. ജീവിതത്തില്‍ ആദ്യമായിട്ടാണ്  അത് കഴിക്കുന്നത്. പിന്നീട് അവരുടെ ഗ്രാമത്തിലേക്ക് എന്നെ ക്ഷണിച്ചു. അവിടെ എത്തിയപ്പോള്‍ ഗ്രാമവാസികള്‍ ചേര്‍ന്ന് പൊന്നാട അണിയിച്ചാണ് സ്വീകരിച്ചത്. മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും കഴിഞ്ഞ ദിവസം ആ മറാത്തി ഗ്രാമത്തിലൂടെ കടന്ന് പോയി. ആ വീട്ടുകാരെ വീണ്ടും കണ്ടു. ആ സ്‌നേഹം വീണ്ടും അനുഭവിക്കാന്‍ കഴിഞ്ഞു''-നിധിന്‍ പറയുന്നു.

എവറസ്റ്റ് കീഴടക്കാന്‍ മൗണ്ടനീയറിംഗ് കോഴ്സ് 

മൗണ്ടനീയറിംഗ് കോഴ്സ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് നിധിന്‍ ഇപ്പോള്‍. എവറസ്റ്റ് കീഴടക്കിയ പലരോടും കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കിയിരുന്നു. അങ്ങനെയാണ് ഡാര്‍ജിലിംഗിലെ നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിംഗില്‍ കൊടുമുടി കയറ്റവുമായി ബന്ധപ്പെട്ട കോഴ്സുകളുണ്ടെന്ന് അറിഞ്ഞത്. നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിധിന് അഡ്മിഷന്‍ കിട്ടിയിട്ടുണ്ട്. ഓഗസ്റ്റില്‍ അരുണാചല്‍പ്രദേശിലെത്തി ഈ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷമേ നിധിന്‍ നാട്ടിലേക്ക് തിരിച്ച് വരൂ. കോഴ്‌സിനുള്ള ചെലവായ 25,000 രൂപ തൃശ്ശൂര്‍ ബൈക്കേഴ്‌സ് ക്ലബ്ബാണ് നല്‍കിയത്. എവറസ്റ്റ് കീഴടക്കുന്നതിനുള്ള ചിലവ് 35 ലക്ഷം രൂപയോളം വരും. ഈ പണം കൂടി കണ്ടെത്തുക എന്ന ലക്ഷ്യം കൂടി മനസില്‍ കണ്ടാണ് ഇപ്പോഴത്തെ നേപ്പാള്‍ യാത്ര. 

Nidhin Maliyekkal known as tea bro cycled from Kerala to Nepal selling tea to fund his trip

വിമര്‍ശനങ്ങളില്‍ തളരാതെ മുന്നോട്ട് 

ആദ്യ യാത്രയില്‍ തന്നെ സൈക്കിളിന് ഇത്ര ദൂരം പോകാനാവുമോ തുടങ്ങിയ തടസ്സവാദങ്ങള്‍ പലരും ഉന്നയിച്ചിരുന്നു. യാത്രയ്ക്കിടെ ബോര്‍ഡ് കണ്ട് കേരളത്തില്‍ നിന്നാണോ എന്തിനാണ് പോകുന്നതെന്ന് പലരും തിരക്കാറുണ്ട്. സ്ഥലങ്ങള്‍ കാണാന്‍ വേണ്ടിയാണ് എന്ന് പറയുമ്പോള്‍ 'വട്ടാണോ' എന്ന് ചോദിച്ചവരുമുണ്ട്. ''യാത്രകള്‍ കുറെ നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചിട്ടുണ്ട്. അത് മാത്രം മതി എന്റെ ജീവിതത്തിന് സന്തോഷം പകരാന്‍. വിമര്‍ശിക്കുന്നവരോട് ചെറുപുഞ്ചിരി മാത്രമാണ് നിധിന്റെ മറുപടി. ഒരിക്കല്‍ ലക്ഷ്യസ്ഥാനത്തെത്തും എന്ന ഉറച്ച വിശ്വാസത്തോടെ മുന്നോട്ട് പോവുകയാണ് നിധിന്‍.

Latest Videos
Follow Us:
Download App:
  • android
  • ios