ഇന്ത്യയുടെ ആദ്യ മലയാളി ഫൈറ്റര്‍ പൈലറ്റ്; മൂര്‍ക്കോത്ത് രാമുണ്ണിയുടെ ത്രസിപ്പിക്കുന്ന പോരാട്ടങ്ങളുടെ കഥ
ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ജ്വലിക്കുന്ന ഇതിഹാസമാണ് മൂര്‍ക്കോത്ത് രാമുണ്ണി എന്ന മലയാളി. ഇന്ത്യയുടെ ആദ്യത്തെ മലയാളി ഫൈറ്റര്‍ പൈലറ്റ്. അദ്ദേഹം നടത്തിയ ത്രസിപ്പിക്കുന്ന പോരാട്ടങ്ങളുടെ കഥ
ആകാശപ്പോരാട്ടങ്ങളുടെ നേരമാണ്. അതിര്‍ത്തി വീണ്ടും സംഘര്‍ഷഭരിതമായിരിക്കുന്നു. ഇന്ത്യന്‍ വ്യോമസേനയിലെ കരുത്തന്‍മാര്‍ രാജ്യത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കാന്‍ പോര്‍നിലങ്ങളിലാണ്. ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ജ്വലിക്കുന്ന ഇതിഹാസമാണ് മൂര്‍ക്കോത്ത് രാമുണ്ണി എന്ന മലയാളി. ഇന്ത്യയുടെ ആദ്യത്തെ മലയാളി ഫൈറ്റര്‍ പൈലറ്റ്. അദ്ദേഹം നടത്തിയ ത്രസിപ്പിക്കുന്ന പോരാട്ടങ്ങളുടെ കഥ ഇന്ത്യ മറക്കരുതാത്തതാണ്.
മൂര്‍ക്കോത്ത് രാമുണ്ണി
യുദ്ധവിമാനങ്ങളിലേക്കുള്ള വഴി
രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരിക്കൊണ്ടു നടക്കുന്ന കാലം. 1941ല്‍ പേള്‍ ഹാര്‍ബറില്‍ ജാപ്പനീസ് വിമാനങ്ങള്‍ നടത്തിയ അപ്രതീക്ഷിത അക്രമണങ്ങളെത്തുടര്‍ന്ന് യുദ്ധം ഏഷ്യയിലേക്കും പടര്‍ന്നു പിടിച്ചു. അന്ന് മദ്രാസില്‍ ഒരു ഫ്‌ളയിങ്ങ് ക്ലബ്ബുണ്ടായിരുന്നു. അവിടെ 'ഡെ ഹാവിലാന്‍ഡ് ടൈഗര്‍ മോത്ത് ' വിമാനങ്ങളില്‍ പരിശീലനം നല്‍കിപ്പോന്നിരുന്നു. കാപ്റ്റന്‍ ടിന്‍ഡല്‍ ബിസ്‌കോ എന്ന ഒന്നാം ലോക മഹായുദ്ധകാലത്തെ പൈലറ്റായിരുന്നു പരിശീലകന്‍. അസാമാന്യ അധ്യാപന സിദ്ധികളുള്ള ഒരു പരിശീലകനായിരുന്ന ബിസ്‌കോയെപ്പറ്റി അന്ന് പറഞ്ഞു കേട്ടിരുന്ന ഒരു തമാശ, 'ബിസ്‌കോ കഴുതയെ വരെ വിമാനം പറത്താന്‍ പഠിപ്പിച്ചു കളയും' എന്നായിരുന്നു.
ആ ബിസ്‌കോയുടെ കീഴില്‍ പഠിച്ചു പറത്തിത്തെളിഞ്ഞ് 'എ' ലൈസന്‍സുമായി രാമുണ്ണി നില്‍ക്കുമ്പോഴാണ് രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. ഇന്ത്യയിലെ എല്ലാ 'എ' ലൈസന്‍സുകാര്‍ക്കും വ്യോമസേനയുടെ നിര്‍ദേശം വന്നു. 'രാജ്യത്തെ സേവിക്കാനുള്ള അപൂര്‍വാവസരമാണ്, വരുവിന്‍.. ' ആദ്യത്തെ വളണ്ടിയര്‍മാരില്‍ ഒരാളായിരുന്നു മൂര്‍ക്കോത്ത് രാമുണ്ണി. സെക്കന്ദരാബാദിലെയും അംബാലയിലെയും പെഷാവറിലെയും പരിശീലനങ്ങള്‍ക്കും ശേഷം രാമുണ്ണി വ്യോമസേനയുടെ 2, 4, 6 സ്‌ക്വാഡ്രണുകള്‍ക്കു വേണ്ടി വിമാനങ്ങള്‍ പറത്തുകയുണ്ടായി.
'ഡെ ഹാവിലാന്‍ഡ് ടൈഗര്‍ മോത്ത് '
രാമുണ്ണിയുടെ ആകാശപോരാട്ടങ്ങള്‍
രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനീസ് വിമാനങ്ങളുമായാണ് ചരിത്രത്തില്‍ ഇടംനേടിയ രാമുണ്ണിയുടെ ആകാശപോരാട്ടങ്ങള്‍ നടക്കുന്നത്. അദ്ദേഹം എഴുതിയ 'സ്‌കൈ വാസ് ദി ലിമിറ്റ്' എന്ന ആത്മകഥയില്‍ അതേപ്പറ്റിയുള്ള വിശദമായ വിവരണങ്ങളുണ്ട്. 1944 ഫെബ്രുവരി എട്ട്. 'ഞങ്ങള്‍ക്ക് അക്കാലത്ത് ഒരുപാട് പൈലറ്റുകളെ നഷ്ടമായി..' രാമുണ്ണി ഓര്‍ത്തെടുക്കുന്നു.
അത് ജാപ്പ് വിമാനങ്ങളുടെ ആക്രമണങ്ങള്‍ നടക്കുന്ന കാലമാണ്. അന്ന് ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ ഫൈറ്റര്‍ സംഘത്തില്‍ നാലു ഡെയര്‍ ഡെവിള്‍ ഫൈറ്റര്‍മാരാണ് ഉണ്ടായിരുന്നത് . മലയാളിയായ മൂര്‍ക്കോത്ത് രാമുണ്ണി, ജഗദീഷ് ചന്ദ്ര വര്‍മ്മ, ദോഡ് ല രംഗ റെഡ്ഢി, ജോസഫ് ചാള്‍സ് ഡി ലിമ എന്നിവരായിരുന്നു അവര്‍. അക്കാലത്ത് ഇന്ത്യന്‍ വായുസേനയ്ക്ക് 'ഹോക്കര്‍ ഹരിക്കേന്‍' പോര്‍ വിമാനങ്ങളാണ് ഉണ്ടായിരുന്നത്. ആദ്യത്തെ വിന്യാസം ഇന്നത്തെ ബംഗ്‌ളാദേശിലുള്ള കോക്‌സ് ബസാറിലേക്ക്, അന്നത്തെ ഇന്തോ-ബര്‍മാ ബോര്‍ഡര്‍ കാക്കാന്‍. അന്ന് മിത്സുബിഷി A6M നേവല്‍ ടൈപ്പ് 0 ജാപ്പ് വിമാനങ്ങള്‍ നിരന്തരം ബര്‍മ അതിര്‍ത്തി ഭേദിച്ചുകൊണ്ട് ഇന്ത്യയ്ക്ക് ഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്ന കാലം.
ഫിംഗര്‍ ഫോര്‍' ബാറ്റില്‍ ഫോര്‍മേഷന്‍
മരണം അരികെ
നാലുപേരും നാലു വിരലുകള്‍ ഒന്നിച്ച് നില്‍ക്കുന്നതു പോലുള്ള 'ഫിംഗര്‍ ഫോര്‍' ബാറ്റില്‍ ഫോര്‍മേഷനില്‍ പറന്നു ചെന്ന് ശത്രുവിമാനങ്ങളെ വെടിവെച്ചിടാന്‍ ശ്രമിക്കുന്നു. വര്‍മ്മ പൊസിഷന്‍ 1, രാമുണ്ണി 2, റെഡ്ഡി 3 ആന്‍ഡ് ഡി ലിമ അറ്റ് 4. ജാപ്പ് വിമാനങ്ങള്‍ ഇവരെ പിന്തുടര്‍ന്നാക്രമിക്കാന്‍ തുടങ്ങി. റെഡ്ഡി രാമുണ്ണിയോട് റേഡിയോയില്‍ പറഞ്ഞുകൊണ്ടിരുന്നു.. 'ജാപ്പ് ഓണ്‍ യുവര്‍ ടെയില്‍...ജാപ്പ് ഓണ്‍ യുവര്‍ ടെയില്‍...' രാമുണ്ണിയെ വിടാതെ പിന്തുടര്‍ന്ന ഒരു ജാപ്പ് വിമാനത്തെ റെഡ്ഡി വെടിവെച്ചിട്ടെങ്കിലും, റെഡ്ഡിയുടെ വിമാനത്തിന് പിന്നാലെ കൂടിയ മറ്റൊരു ശത്രുവിമാനത്തിന്റെ വെടിയേറ്റു വിമാനത്തിന്റെ പിന്‍ഭാഗത്തുനിന്നും പുകവന്നു തുടങ്ങി. വളരെ താഴ്ചയിലായിരുന്നു പറക്കല്‍ എന്നതുകൊണ്ട് പാരച്യൂട്ടില്‍ രക്ഷപ്പെടാനുള്ള അവസരം റെഡ്ഡിക്ക് കിട്ടിയില്ല. വേഗതയും ഉയരവും വളരെ പെട്ടെന്നുതന്നെ നഷ്ടപ്പെട്ട് റെഡ്ഡിയുടെ വിമാനം താഴെ കാട്ടിലേക്ക് തകര്‍ന്നുവീണു. റെഡ്ഡി മരണപ്പെട്ടു. അന്നേ ദിവസം തന്നെ ഡി ലിമയുടെ വിമാനവും വെടിയേറ്റുവീണു. അന്നത്തെ ആക്രമണങ്ങളെ അതിജീവിച്ചത് വര്‍മയും രാമുണ്ണിയും മാത്രമായിരുന്നു.
ഈ സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം ഫെബ്രുവരി 15ന് നടക്കുന്ന മറ്റൊരു ആകാശപോരാട്ടത്തില്‍ ഒരു ജാപ്പനീസ് ഓസ്‌കാര്‍ വിമാനത്തെ വെടിവെച്ചിട്ട വര്‍മ്മ, ആദ്യമായി ഒരു ശത്രുവിമാനത്തെ വെടിവെച്ചിട്ട ഇന്ത്യന്‍ ഫൈറ്റര്‍ പൈലറ്റ് എന്നപേരില്‍ ചരിത്രത്തില്‍ ഇടം പിടിക്കുകയുണ്ടായി. എങ്കിലും, തന്റെ പിന്നാലെ കൂടിയ ശത്രുവിമാനത്തെ വളരെ സാഹസികമായി വെടിവെച്ചിട്ട് , തൊട്ടടുത്ത നിമിഷം ശത്രുവിന്റെ മിസൈലിനിരയായ റെഡ്ഡിയ്ക്കായിരുന്നു സത്യത്തില്‍ ആ സ്ഥാനം കിട്ടേണ്ടിയിരുന്നതെന്ന് രാമുണ്ണി തന്റെ പുസ്തകത്തില്‍ എഴുതുന്നു.
അവസാനമായി അദ്ദേഹം പറഞ്ഞത്
അക്കാലത്ത് ഇന്ത്യന്‍ വ്യോമസേനയില്‍ വിവാഹിതനായ ഒരേയൊരു ഫൈറ്റര്‍ പൈലറ്റേയുണ്ടായിരുന്നുള്ളൂ. രാമുണ്ണി. ആകാശത്തെ അപകടം നിറഞ്ഞ അഭ്യാസങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം രാമുണ്ണി തീരുമാനിച്ചു. അദ്ദേഹം തുടര്‍ന്ന് ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ ചേര്‍ന്നു. നെഹ്രുവിന്റെ കീഴില്‍ നാഗാലാന്‍ഡ് രൂപീകരണ കാലത്ത് അദ്ദേഹം പതിമൂന്നു വര്‍ഷം തുടര്‍ച്ചയായി കാബിനറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. മണിപ്പൂര്‍ കലാപങ്ങളുടെ കാലത്തും അദ്ദേഹം അവിടെ സുദീര്‍ഘമായ സേവനങ്ങള്‍ കടത്തി. അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ ദീര്‍ഘകാലം ഉന്നത പദവികളിലിരുന്ന ശേഷം വിരമിച്ച അദ്ദേഹം 2009 ജൂലൈ ഒമ്പതിനാണ് ഇഹലോകവാസം വെടിഞ്ഞത്.
തന്റെ എയര്‍ഫോഴ്‌സ് കാലത്തെ അതിജീവനത്തെപ്പറ്റി രാമുണ്ണി എന്നും ഒന്നേ പറഞ്ഞിരുന്നുള്ളൂ.. 'എനിക്ക് കൊല്ലപ്പെടാതിരിക്കാനുള്ള ഭാഗ്യമുണ്ടായിരുന്നു'