തെരഞ്ഞെടുപ്പുവരെ തനിയെ, ഫലം വന്നാല്‍ കൂട്ടുസര്‍ക്കാര്‍, സഖ്യങ്ങളുടെ കളിസ്ഥലമാണ് മേഘാലയ!
പ്രാദേശിക പാര്‍ട്ടികളാണ് മേഘാലയയില്‍ കരുത്തന്മാര്‍. അവരോടൊപ്പമല്ലാതെ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഭരണം നേടാമെന്നത് അപ്രായോഗികമാണ്. മേഘാലയയുടെ രാഷ്ട്രീയം, സംസ്ഥാന തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി ഏഷ്യാനെറ്റ് ന്യൂസ് ലേഖിക സൗമ്യ ആര്‍ കൃഷ്ണയുടെ റിപ്പോര്‍ട്ട്.
വലിപ്പവും ജനസംഖ്യയും വെച്ച് നോക്കിയാല്‍ ഒരു കുഞ്ഞന്‍ സംസ്ഥാനമാണ് മേഘാലയ. പക്ഷെ ആ കുഞ്ഞ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്ന പാര്‍ട്ടികളുടെ എണ്ണം അങ്ങ് നീണ്ടു കിടക്കുകയാണ്. പ്രാദേശിക പാര്‍ട്ടികളാണ് മേഘാലയയില്‍ മെയിന്‍. മെയിന്‍ എന്ന് പറഞ്ഞാല്‍ സംസ്ഥാനത്തിന്‍റെ ചരിത്രത്തിലിങ്ങോളം ഭരണം നിശ്ചയിക്കുന്നതില്‍ ഏറ്റവും നിര്‍ണായക ശക്തികള്‍ ഈ പാര്‍ട്ടികളാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രത്യേക സാമൂഹിക ഘടനയാണ് ഇതിന് കാരണം.
ഗാരോ, ഖാസി, ജെയിന്‍ഡ്യ എന്നിങ്ങനെ മൂന്ന് കൗണ്‍സിലുകളാണ് മേഘാലയയില്‍. ആകെയുള്ള അറുപത് നിയമസഭാ സീറ്റുകളില്‍ 29 സീറ്റ് ഖാസി ഗോത്ര വിഭാഗക്കാര്‍ താമസിക്കുന്ന കിഴക്കന്‍ ഖാസി മലയിലും, പടിഞ്ഞാറന്‍ ഖാസി മലയിലുമാണ്. 24 സീറ്റ് ഗാരോ ഗോത്ര വിഭാഗക്കാര്‍ താമസിക്കുന്ന ഗാരോ മലകളിലും, 7 സീറ്റ് ജെയിന്‍ഡ്യ മലകളിലുമാണ്. ഖാസി ഗോത്ര വിഭാഗക്കാരാണ് ജനസംഖ്യയില്‍ കൂടുതല്‍. ഒരുപാട് ഉപഗോത്ര വിഭാഗങ്ങളുണ്ട്, ഖാസികള്‍ക്ക്. നേതൃത്വ സ്വഭാവവും സംഘടനാ സ്വഭാവവും കൂടുതലായി കണ്ടുവരുന്ന വിഭാഗമായത് കൊണ്ടുതന്നെ ഖാസി മേഖലയിലാണ് ഏറ്റവും കൂടുതല്‍ പ്രാദേശിക പാര്‍ട്ടികളുണ്ടായിട്ടുള്ളത്. ജെയിന്‍ഡ്യ മലകളില്‍ താമസമാക്കിയ ഖാസി ഗോത്ര വിഭാഗക്കാരാണ് പിന്നീട് ജെയിന്‍ഡ്യ ഗോത്ര വിഭാഗമായി മാറിയതെന്നാണ് അറിവ്. അതുകൊണ്ട് ഖാസികളും ജെയിന്‍ഡ്യകളും തമ്മില്‍ സാമ്യമേറെയാണ്. രണ്ടാമത്തെ പ്രബല ഗോത്ര വിഭാഗമാണ് ഗാരോകള്‍. ഭാഷയിലും, സംസ്‌കാരത്തിലുമൊക്കെ ഇവര്‍ വ്യത്യസ്തരാണ്. അത് ഒരു തരത്തില്‍ കൂടുതല്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് അവസരം നല്‍കുകയും ചെയ്യുന്നു. പാര്‍ട്ടി നോക്കാതെ വ്യക്തികള്‍ക്ക് വോട്ട് നല്‍കിയ ചരിത്രമാണ് ഗാരോകള്‍ക്ക് ഉള്ളത്.
കൂടുതല്‍ വായിക്കാന്‍: Hasdeo Forest: മരങ്ങളെ കെട്ടിപ്പിടിച്ച് അവര്‍ പറയുന്നു, ജീവന്‍ തരാം, പക്ഷെ കാടിനെ കൊല്ലാന്‍ വിടില്ല!
ഈ ഗോത്ര വിഭാഗങ്ങളുടെ വോട്ട് ഉറപ്പിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ ജയിച്ചു പോരാം. വലിയ വോട്ടുവിഹിതം നേടിയെടുക്കാനാകുമെങ്കിലും സര്‍ക്കാര്‍ രൂപീകരണത്തിന് വേണ്ട സീറ്റ് നേടാനോ, സഖ്യമുണ്ടാക്കാനോ ഈ ചെറു പാര്‍ട്ടികള്‍ക്കാകാറില്ല. അത് മുതലെടുത്താണ് ദേശീയ പാര്‍ട്ടികള്‍ മേഘാലയയില്‍ ഭരണത്തിലെത്തുന്നത്. ഓള്‍ പാര്‍ട്ടി ഹില്‍ ലീഡേര്‍സ് കോണ്‍ഫറന്‍സ്, ഹില്‍ പീപിള്‍സ് യൂണിയന്‍, യൂണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളുമായി സഖ്യം ചേര്‍ന്നാണ് തുടക്കത്തില്‍ കോണ്‍ഗ്രസ് മേഘാലയയില്‍ വേരുറപ്പിക്കുന്നത്. എന്‍പിപിയടക്കമുള്ള പാര്‍ട്ടികള്‍ക്കൊപ്പം ചേര്‍ന്നാണ് ബിജെപി കഴിഞ്ഞ തവണ മേഘാലയയില്‍ സര്‍ക്കാരിന്‍റെ ഭാഗമായത്. അതാണ് മേഘാലയയില്‍ പതിവ്. ആ പതിവ് തെറ്റിച്ചത് 1998 -ലും 2008-ലുമാണ്. അന്ന് ദേശീയ പാര്‍ട്ടികളില്ലാതെ പ്രാദേശിക പാര്‍ട്ടികള്‍ ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചു. പക്ഷെ രണ്ട് തവണയും സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികച്ചില്ല എന്നത് മറ്റൊരു വശം.
കൂടുതല്‍ വായിക്കാന്‍: നിര്‍ഭയയുടെ ഓര്‍മ്മകള്‍ക്ക് പത്ത് വയസ്; പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം മാറിയതെന്ത് ?
2018-ല്‍ ഏഴ് പ്രാദേശിക പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. മുപ്പത് ശതമാനം വോട്ട് വിഹിതം നേടിയ പാര്‍ട്ടികള്‍ 13 സീറ്റാണ് ആ വര്‍ഷം നേടിയത്. കെ എച്ച് എന്‍ എ എം, യു ഡി പി, എച്ച് എസ് പി ഡി പി, പി ഡി എഫ്, തുടങ്ങിയ പാര്‍ട്ടികളാണ് അന്ന് മത്സരിച്ചത്. 2013-ല്‍ ആറ് പ്രാദേശിക പാര്‍ട്ടികളാണ് മത്സരിച്ചത്. അന്ന് ഈ പാര്‍ട്ടികള്‍ക്ക് എല്ലാം കൂടി 14 സീറ്റ് ലഭിച്ചു. 25 % ആയിരുന്നു വോട്ട് വിഹിതം. 2008 -ല്‍ 30 % വോട്ട് വിഹിതം പ്രാദേശിക പാര്‍ട്ടികള്‍ നേടി.
അപ്പോള്‍, പറഞ്ഞുവന്നത്... ഇപ്പോള്‍ എല്ലാ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ധൈര്യം കാണിക്കുന്ന പാര്‍ട്ടികളെല്ലാം, തെരഞ്ഞെടുപ്പിന് ശേഷം സഖ്യ ചര്‍ച്ചകള്‍ക്ക് തയ്യാറാകുമെന്ന് തുറന്ന് സമ്മതിക്കുന്നവരാണ്. ഇപ്പോള്‍ ഭരിക്കുന്ന എം ഡി എ മുന്നണിയിലെ പ്രധാന പാര്‍ട്ടികളായ എന്‍ പി പി യും ബി ജെ പിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്യമായ സാഹചര്യത്തില്‍ പുതിയ കൂട്ടുകെട്ടുകള്‍ എങ്ങനെ ഉരുത്തിരിഞ്ഞ് വരുമെന്നതാണ് മേഘാലയ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
കൂടുതല്‍ വായിക്കാന്‍: 'ഇന്ത്യയിലെ പറക്കുന്ന ബോട്ട്'; സ്ഫടികം പോലെ തെളിഞ്ഞ ജലാശയത്തിലൂടെ നീങ്ങുന്ന ബോട്ടിന്‍റെ വീഡിയോ!