അവസാനിക്കുമോ ഈ കുരുക്കിടീൽ?
ആ സ്റ്റീൽ വയർ അവിടിരുന്നുരഞ്ഞ് അവന്റെ കഴുത്തിൽ മുറിവുണ്ടാക്കി. ആ മുറിവ് പഴുത്തു. പഴുത്ത മുറിവിലൂടെ ആ കമ്പി വീണ്ടും താഴേക്കിറങ്ങി. അവിടെയിരുന്നുരുമ്മി അത് വീണ്ടും മുറിവുണ്ടാക്കി. അങ്ങനെ അത് കഴുത്തിന് ചുറ്റും വളരെ ആഴത്തിൽ ഒരു മുറിവുണ്ടാക്കി. അത് മൊത്തമായി പഴുത്തു. ആ പഴുപ്പിൽ പുഴുക്കൾ വന്നുനിറഞ്ഞു.
തിരുവനന്തപുരം : അശ്വതി ടീച്ചർ ആകെ വിഷമത്തിലായിരുന്നു. സ്‌കൂൾ വിട്ടുവരുമ്പോൾ അവരെ എതിരേറ്റിരുന്ന നായ്ക്കുരകളിൽ ഒരെണ്ണം കേൾക്കാതായിട്ട് അന്നേക്ക് ദിവസം അഞ്ചായിരുന്നു. തിരുവനന്തപുരം ഹോളി ഏയ്ഞ്ചൽസ് സ്‌കൂളിലെ ടീച്ചറായിരുന്നു അവർ. പലരും നായ കുരക്കുന്നത് ഒരു ശല്യമായി കരുതിയിരുന്നു എങ്കിൽ, അതിനെ ഒരു 'ഓർക്കസ്ട്ര'യായി കരുതിയിരുന്ന ഒരു ശ്വാനസ്നേഹിയായിരുന്നു ടീച്ചർ. അതിലെ ഒരു ഇൻസ്ട്രുമെന്റിന്റെ കുറവ് ടീച്ചറെ അസ്വസ്ഥയാക്കി. പാറ്റൂരിലുള്ള ടീച്ചറുടെ വീട്ടിൽ ആ പ്രദേശത്തെ പല തെരുവുനായ്ക്കളും അവരുടെ സ്നേഹാർദ്രമായ പരിചരണം തേടി വന്നുപോകുമായിരുന്നു സ്ഥിരം. ടീച്ചറാണെങ്കിൽ സ്‌കൂൾ വിട്ടുവന്നപാടേ ചോറും ഇറച്ചിയും കൂടി വേവിച്ച് ആ പട്ടികളെ ഊട്ടുമായിരുന്നു എന്നും. അതിൽ ഒരു നിത്യസാന്നിദ്ധ്യമായിരുന്നു 'ബ്ലാക്കി' എന്ന തെരുവുനായയും. എന്നും മുടങ്ങാതെ വന്നിരുന്ന അവന്റെ അസാന്നിധ്യം അവരെ ആകുലയാക്കി.
രണ്ടുതരത്തിലുള്ള ശ്വാനസ്നേഹികളുണ്ട് നമ്മുടെ നാട്ടിൽ. PFA പോലുള്ള മൃഗസ്നേഹി സംഘടനകളിൽ അംഗത്വമുള്ള മൃഗസ്നേഹികൾ ഒരു കൂട്ടർ. അവർക്ക് മിക്കവാറും മൃഗങ്ങളുടെ ആരോഗ്യപരിപാലനത്തിലും അവർക്കുണ്ടാവുന്ന അസുഖങ്ങളിലും മൃഗസംരക്ഷണത്തിനുള്ള മാർഗ്ഗങ്ങളിലും ഒക്കെ ഏറെക്കുറെ വ്യക്തതയുണ്ടാവും. അവരുടെ സമീപനം പൊതുവേ ഒരല്പം തീവ്രമായിരിക്കും എന്നുമാത്രം. ഉള്ളിൽ തുളുമ്പുന്ന മൃഗസ്നേഹം മാത്രം കൈമുതലായുള്ള സാധാരണക്കാരാണ് രണ്ടാമത്തെ കൂട്ടർ. അവർക്ക് എങ്ങനെയും മൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കണം എന്നുമാത്രമേ കാണൂ. ആ മൃഗങ്ങളുടെ ആരോഗ്യപരിചരണത്തെക്കുറിച്ചോ, അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആ മൃഗങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചോ ഒന്നും അവർക്ക് കാര്യമായ ബോധ്യമുണ്ടാവില്ല.
അശ്വതി ടീച്ചർ ഈ രണ്ടു കൂട്ടത്തിലും പെടില്ല. അവർ ഒരു മൃഗസ്നേഹി സംഘത്തിലേയും അംഗമല്ല. എന്നാലും അവർക്ക് മൃഗങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും തികഞ്ഞ ജ്ഞാനമുണ്ടായിരുന്നു. വെറുതേ നായ്ക്കളെ ഊട്ടുകയല്ല അവർ ചെയ്തിരുന്നത്. താൻ ഭക്ഷണം നൽകിയിരുന്ന ഓരോ നായയെയും തന്റെ ഉത്തരവാദിത്തമായിക്കണ്ട്, അവയ്ക്കുവേണ്ടി ഏതറ്റം വരെയും പോവാൻ അവർ തയ്യാറായിരുന്നു. അത് അവർക്കു നൽകേണ്ട ചികിത്സയ്ക്കും വാക്സിനേഷനും വരുന്ന ചെലവായാലും, അവയുടെ പേരിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനായാലും. ഓരോ നായയെയും വേറിട്ട് അറിയാമായിരുന്നു അവർക്ക്. ഓരോന്നും വെള്ളം കുടിക്കുന്നുണ്ടോ, ഭക്ഷണം കഴിക്കുന്നുണ്ടോ എന്നൊക്കെ കൃത്യമായി അവർ നിരീക്ഷിച്ചു പോന്നിരുന്നു. തന്റെ പരിചരണത്തിലുള്ള നായ്ക്കൾക്കും പൂച്ചയ്ക്കും അവർ കൃത്യമായ സ്റ്റെറിലൈസേഷനും മറ്റു വാക്സിനുകളും മരുന്നുകളും ഒക്കെ നല്കിപ്പോന്നിരുന്നു. അക്കൂട്ടത്തിലുള്ള ഒരു നായയായിരുന്നു കാണാതായ ബ്ലാക്കി.
ബ്ലാക്കിയെ എങ്ങും കണ്ടുകിട്ടാത്തതിൽ അശ്വതി ടീച്ചർ ആകെ അസ്വസ്ഥയായിരുന്നു. പ്രദേശത്തെ കോർപ്പറേഷന്റെ സ്റ്റെറിലൈസേഷൻ കേന്ദ്രങ്ങളിലും മൃഗാസ്പത്രികളിലും മറ്റും അവർ ചെന്ന് നോക്കിയെങ്കിലും ബ്ലാക്കി അവിടെങ്ങും ഉണ്ടായിരുന്നില്ല. സ്‌കൂൾ വിട്ടുവരുന്ന നേരം മുതൽ ഇരുട്ടും വരെ ആ പ്രദേശമെങ്ങും ചുറ്റിനടന്ന് അവർ തന്റെ അന്വേഷണം തുടർന്നുകൊണ്ടിരുന്നു. ചുരുക്കത്തിൽ എന്തുണ്ടായി? 'ബ്ലാക്കി എന്നൊരു തെരുവുനായയെ കാണാതായിട്ടുണ്ട്, കണ്ടുകിട്ടിയാൽ ഉടനെ അശ്വതിടീച്ചറെ വിളിക്കണം ' എന്ന് ആ പ്രദേശത്തുള്ള എല്ലാവർക്കും മനസ്സിലായി.
ഒടുവിൽ ഒരു ദിവസം രാത്രി ഒൻപതുമണിയോടെ യദൃച്ഛയാ ബ്ലാക്കി അവരുടെ കണ്മുന്നിൽ വന്നുപെട്ടു. എന്നാൽ, ആകെ ഭയന്ന് അവർ വിളിച്ചിട്ടും അടുത്തുവരാതെ നിന്ന ബ്ലാക്കിയെ കൂടുതൽ സൂക്ഷിച്ച് നിരീക്ഷിച്ചപ്പോഴാണ് കഴുത്തിൽ കുടുങ്ങിക്കിടന്ന ഒരു സ്റ്റീൽ വയർ ടീച്ചർ കണ്ടത്. അത് കോർപ്പറേഷന്റെ നായപ്പിടുത്തക്കാർ ഉപയോഗിക്കുന്ന മെറ്റാലിക് ലൂപ്പിന്റെ മുറിഞ്ഞുപോയ അറ്റമായിരുന്നു. ഏതോ ഡോഗ് കാച്ചേഴ്സ് അവനെ സ്റ്റെറിലൈസ് ചെയ്യാൻ കൊണ്ടുപോവാൻ വേണ്ടി ലൂപ്പ് വീശിപ്പിടിച്ചപ്പോൾ മരണവെപ്രാളത്തിൽ കുതറിയോടാൻ ശ്രമിച്ച ബ്ലാക്കിയുടെ കഷ്ടകാലത്തിന് ആ ലൂപ്പ് വയർ കഴുത്തിൽ കുടുങ്ങി ഇറുകിയ ശേഷം മുറിഞ്ഞു പോയി. ആ കുരുക്ക് അവന്റെ കഴുത്തിൽ അമർന്നു മുറിവാക്കിക്കൊണ്ട് അവിടെത്തന്നെ കുടുങ്ങി.
അപ്പോഴും ആ കമ്പി കഴുത്തിൽ ചുറ്റി ഇറുകിയ നിലയിലായിരുന്നു ബ്ലാക്കി ആ ഇരുട്ടിൽ നിന്നത്
പ്രതീകാത്മക ചിത്രം
ആ സ്റ്റീൽ വയർ അവിടിരുന്നുരഞ്ഞ് അവന്റെ കഴുത്തിൽ മുറിവുണ്ടാക്കി. ആ മുറിവ് പഴുത്തു. പഴുത്ത മുറിവിലൂടെ ആ കമ്പി വീണ്ടും താഴേക്കിറങ്ങി. അവിടെയിരുന്നുരുമ്മി അത് വീണ്ടും മുറിവുണ്ടാക്കി. അങ്ങനെ അത് കഴുത്തിന് ചുറ്റും വളരെ ആഴത്തിൽ ഒരു മുറിവുണ്ടാക്കി. അത് മൊത്തമായി പഴുത്തു. ആ പഴുപ്പിൽ പുഴുക്കൾ വന്നുനിറഞ്ഞു. അങ്ങനെ ശരീരവും തലയും തമ്മിലുള്ള കഴുത്തിന്റെ കണക്ഷൻ ചുറ്റിനും പാതിയിലധികം അറ്റുപോയ നിലയിൽ, അപ്പോഴും ആ കമ്പി കഴുത്തിൽ ചുറ്റി ഇറുകിയ നിലയിലായിരുന്നു ബ്ലാക്കി ആ ഇരുട്ടിൽ നിന്നത്. അവനെ ഒരു വിധം ആട്ടിയും തെളിച്ചും ഒഴിഞ്ഞുകിടന്ന ഒരു പറമ്പിലേക്ക് കേറ്റി അതിനു കുറുകെ തന്റെ കാർ പാർക്ക് ചെയ്ത അശ്വതി ടീച്ചർ അവിടെ കാവലിരുന്നു. അതിനിടെ പ്രദേശത്തെ കോർപ്പറേഷൻ ഡോഗ് കാച്ചർമാരിൽ ഒരാളായ കുമാറിനെയും വിളിച്ചു വരാൻ പറഞ്ഞിരുന്നു.
അരമണിക്കൂറിനുള്ളിൽ കുമാർ ടീച്ചറുടെ സഹായത്തിനെത്തി. തന്റെ പരിചയസമ്പത്ത് മുതലാക്കിക്കൊണ്ട് കുമാർ ബ്ലാക്കിയെ സമീപിച്ച് ഏറെ പണിപ്പെട്ടിട്ടാണെങ്കിലും അതിന്റെ കഴുത്തിൽ നിന്നും ആ സ്റ്റീൽ വയർ ഇളക്കിമാറ്റി. ഒരുവിധം ബ്ലാക്കിയെ ടീച്ചറുടെ കാറിലേക്ക് കയറ്റി. ടീച്ചർ രാത്രി തന്നെ ബ്ലാക്കിയെയും കൊണ്ട് തിരുവല്ലം സർക്കാർ മൃഗാശുപത്രിയിലെത്തി, അവിടത്തെ മൃഗഡോക്ടറും തിരുവനന്തപുരം കോർപറേഷന്‍റെ ABC -പ്രോഗ്രാമിലെ വെറ്ററിനറി സർജനുമായ ഡോ. കിരൺ ദേവിനെ ഫോണിൽ ബന്ധപ്പെട്ടു. സംഗതി സീരിയസ്സാണെന്ന് ടീച്ചറുടെ സ്വരത്തിലെ പരിഭ്രമത്തിൽ നിന്നും തിരിച്ചറിഞ്ഞ കിരൺ രാത്രി തന്നെ ബ്ലാക്കിയെ പരിശോധിക്കാൻ പുറപ്പെട്ടെത്തി.
ബ്ലാക്കിയുടെ മുറിവിലെ പഴുപ്പെല്ലാം മാറ്റി മുറിവ് ക്ളീൻ ചെയ്തു നോക്കിയപ്പോഴാണ് വെറും മരുന്നിൽ തീരുന്ന പ്രശ്നമല്ല ബ്ലാക്കിയ്ക്ക് എന്ന് ഡോക്ടർ തിരിച്ചറിഞ്ഞത്. ആ മുറിവിനു ചുറ്റും നന്നായി സ്റ്റിച്ചിട്ടെങ്കിൽ മാത്രമേ അവന്റെ ജീവൻ രക്ഷപ്പെടുമായിരുന്നുള്ളു. എന്നാൽ, അപ്പോൾ അത്രയും കാലം കൊണ്ട് ആ പഴുപ്പിൽ കിടന്നു പുളച്ചിരുന്ന പുഴുക്കൾ മുഴുവൻ ചാവാതെ ആ മുറിവ് തുന്നിക്കൂട്ടാൻ പറ്റില്ലായിരുന്നു. എന്നാൽ തന്നെയും അവന്റെ മുറിവ് വളരെ ആഴമുള്ളതായതിനാൽ എത്രത്തോളം ഫലപ്രദമായി കൂടുമെന്ന് പറയാനും പ്രയാസം. "ഡോക്ടർ, ബ്ലാക്കിയെ രക്ഷിക്കാൻ വേണ്ടതൊക്കെ ചെയ്യണം, ചെലവെത്രയാണെങ്കിലും വഹിക്കാൻ ഞാൻ തയ്യാറാണ്. ഡോക്ടർ സർജറിക്ക് തയ്യാറായിക്കോളൂ.." എന്ന് അശ്വതി ടീച്ചറും ധൈര്യം പകർന്നതോടെ, ശ്രമകരമായ ആ ഓപ്പറേഷൻ ചെയ്യാൻ തന്നെ തീരുമാനമായി.
തുടർന്നുള്ള 2-3 ദിവസങ്ങൾ ബ്ലാക്കിയ്ക്ക് അണുനാശക മരുന്നുകൾ നൽകി അവനെ നിരീക്ഷണത്തിൽ ആശുപത്രിയിൽ തന്നെ കിടത്തി. ദിവസവും ടീച്ചർ സ്‌കൂൾ വിട്ടുവന്ന് അവന്റെ ചികിത്സയിലെ പുരോഗതി അന്വേഷിച്ചുകൊണ്ടിരുന്നു. ഒടുവിൽ മുറിവിലെ പുഴുക്കളെല്ലാം നീങ്ങിയപ്പോൾ അവന്റെ സർജറി നടത്താൻ ഡോക്ടർ തീരുമാനിച്ചു. മണിക്കൂറുകൾ നീണ്ടുനിന്ന ശ്രമകരമായ ആ സ്യൂച്ചറിങ്ങ് ഓപ്പറേഷൻ ഡോക്ടർ വിജയകരമായി പൂർത്തിയാക്കി.
ഇപ്പോൾ കഴിഞ്ഞ രണ്ടു ദിവസമായി നിരീക്ഷണത്തിൽ ആശുപത്രിയിലെ കെന്നലിൽ പാർപ്പിച്ചിരിക്കുന്ന ബ്ലാക്കി പതുക്കെ സുഖം പ്രാപിച്ചു വരുന്നു. ഇനിയും മുറിവുകൂടാനുണ്ട്. കഴുത്തിലെ മുറിവിലേക്ക് ഇപ്പോഴും ഒരു നിമിഷത്തിൽ കൂടുതൽ നേരം ആർക്കും നോക്കിയിരിക്കാനാവില്ല. അവനെ മുറിവിന്റെ ആഴം, അവൻ അനുഭവിച്ച മരണവേദനയുടെ കൂടി ഓർമ്മപ്പെടുത്തലാണ്.
ആശുപത്രിയിൽ കൊണ്ടുപോയി ആക്കിയതിൽ പിന്നെ ബ്ലാക്കിയെ നേരിൽ ചെന്ന് കാണാനുള്ള മനോധൈര്യം അശ്വതി ടീച്ചർക്ക് ഇനിയും ഉണ്ടായിട്ടില്ല. താൻ സ്നേഹപൂർവ്വം നിത്യം ഊട്ടിക്കൊണ്ടിരുന്ന, തന്നെ കാണുമ്പൊൾ സ്നേഹപൂർവ്വം വാലാട്ടി മുരണ്ടിരുന്ന ബ്ലാക്കിയുടെ കഴുത്തിലെ ആ മുറിവ് ഇനി ഒരിക്കൽ കൂടി കാണാനുള്ള ചങ്കുറപ്പ് ഇല്ലാത്തതുകൊണ്ട്, പൂർണ്ണമായും ഭേദമായിട്ടേ ഇനി ബ്ലാക്കിയെ നേരിട്ട് കാണുന്നുള്ളൂ എന്ന് ഡോക്ടറോട് അവർ പറഞ്ഞു. നേരിട്ട് കാണാനുള്ള ധൈര്യമില്ലെങ്കിലും, പിഡബ്ല്യൂഡിയിലെ ചീഫ് എഞ്ചിനീയറായ ഭർത്താവ് ബിനുവിനെ ആശുപത്രിയുടെ പിന്നാമ്പുറത്തെ കെന്നലിലേക്ക് പറഞ്ഞു വിട്ട്, ആസ്പത്രി മുറ്റത്ത് കാത്തിരിക്കും അവർ ബ്ലാക്കിയുടെ ആരോഗ്യത്തിലെ പുരോഗതിയെപ്പറ്റി ഡോക്ടറോട് ചോദിച്ചുകൊണ്ട്.
ഇത്, ഒരു ബ്ലാക്കിയുടെ മാത്രം ദുരവസ്ഥയല്ല. ബ്ലാക്കി ഒരു പ്രതീകം മാത്രമാണ്. തിരുവനന്തപുരം കോർപ്പറേഷന്റെ പരിധിയിൽ സ്റ്റെറിലൈസേഷനുവേണ്ടി കുരുക്കിട്ടു പിടിക്കപ്പെടുന്നതിനിടെ എത്രയോ നായ്ക്കൾക്ക് ബ്ലാക്കിയുടെ അതേ ദുരവസ്ഥ വന്നിട്ടുണ്ടാവാം. എന്നാൽ, അവർക്കൊന്നും അശ്വതി ടീച്ചറുടേതുപോലുള്ള കരുതൽ കിട്ടാനുള്ള ഭാഗ്യമുണ്ടായിക്കാണില്ല. നഗരത്തിലെ ഏതെങ്കിലും തെരുവുകളിൽ അവ കഴുത്തിൽ ഇറുകിക്കിടക്കുന്ന, അറ്റുപോയ കുരുക്കുകളും പേറിക്കൊണ്ട്, അനുനിമിഷം പ്രാണവേദനയും അനുഭവിച്ചുകൊണ്ട് ഇപ്പോഴും അലഞ്ഞുതിരിഞ്ഞ് നടക്കുന്നുണ്ടാവും. ആ മുറിവുകൾ പഴുത്ത്, അവയിൽ പുഴുവുമരിച്ച്, ഒടുവിൽ കഴുത്ത് പൂർണ്ണമായും അറ്റുപോയി അവർ മരിച്ചുവീഴുമ്പോഴും അതൊന്നും ആരും ശ്രദ്ധിച്ചെന്നുവരില്ല.
വണ്ടിക്കടിയിൽ പെട്ടും, ആളുകൾ വിഷം വെച്ചും, തല്ലിക്കൊന്നും ഒക്കെ റോഡരികിൽ ചത്തുമലച്ചുകിടക്കുന്ന നിലയില്‍ കോർപ്പറേഷൻ നിത്യേന കണ്ടെത്തുന്ന നായ്ക്കളുടെ മൃതദേഹങ്ങളിൽ ഒരെണ്ണം കൂടി, അത്രമാത്രം.. ഒരു തെരുവുനായ ചത്തതെങ്ങനെയാണെന്ന് എന്തായാലും ചുരുങ്ങിയത് നമ്മുടെ കോർപ്പറേഷനെങ്കിലും അന്വേഷിക്കാൻ മിനക്കെടില്ല, ഉറപ്പ്.. .
തെരുവ് നായ്ക്കളും മാലിന്യങ്ങളും
തെരുവിൽ ഭക്ഷ്യാവശിഷ്ടങ്ങൾ കൊണ്ട് തള്ളുന്നിടത്തോളം നമ്മുടെ നാട്ടിൽ അതിന്മേൽ അതിജീവനം നടത്തുന്ന തെരുവ് നായ്ക്കളും ഉണ്ടാവും. ഈ ഭൂമിയിൽ നമ്മോളം തന്നെ അവകാശമുള്ള, ഇന്നാട്ടിലെ ആയിരക്കണക്കിന് തെരുവുനായ്ക്കളുടെ ക്ഷേമത്തിന് മുൻതൂക്കം നൽകുക കോർപ്പറേഷന് വളരെ പ്രയാസമുള്ള കാര്യമാവും. ബ്രിട്ടീഷുകാരുടെ കാലം തൊട്ട്, ഏതാണ്ട് 1994 വരെയും തെരുവുനായ്ക്കളുടെ നിയന്ത്രണത്തിന് അവലംബിച്ചിരുന്ന മാർഗ്ഗം വളരെ ലളിതവും തികച്ചും പ്രകൃതവുമായ ഒന്നായിരുന്നു. 'കൊന്നുകളയുക..' ആ മാർഗ്ഗം ഉപേക്ഷിച്ച് നമ്മൾ കുറേക്കൂടി പരിഷ്കൃതരായപ്പോഴാണ് ABC പ്രോഗ്രാം എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന 'അനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം അഥവാ വന്ധ്യംകരണം എന്ന ഏറെക്കുറെ ശ്വാനസൗഹൃദമായ രീതി നിലവിൽ വന്നത്. ഏറെക്കുറെ ഫലപ്രദം എന്നുതന്നെ പറയാവുന്ന ഒരു ABC പ്രോഗ്രാം നമ്മുടെ കോർപ്പറേഷനുണ്ട്. നായ്ക്കളെ പിടികൂടി, അവയെ സ്റ്റെറിലൈസ് ചെയ്ത്, വേണ്ട ആന്റി റാബീസ് വാക്സിനടക്കമുള്ള കുത്തിവെപ്പുകളും, അത്യാവശ്യമുള്ള മരുന്നുകളും നൽകി, അഞ്ചു ദിവസം അവയെ നിരീക്ഷണത്തിൽ സൂക്ഷിച്ച് അവയുടെ ചെവിയുടെ ഒരു ചെറിയ കഷ്ണം മുറിച്ചെടുത്ത് അടയാളം വെച്ച്, മേല്പറഞ്ഞതിന്റെയൊക്കെ കൃത്യമായ റെക്കോർഡുകൾ സൂക്ഷിച്ചുകൊണ്ട് നടത്തപ്പെടുന്ന വളരെ ഫലപ്രദമായ ഒരു ശ്വാന നിയന്ത്രണ പരിപാടിയാണിത്. എന്നിരുന്നാലും റാബീസ് വാക്സിന്റെ ബൂസ്റ്റർ ഡോസുകൾ വർഷാവർഷം കൃത്യമായി നൽകാൻ കഴിയുന്നില്ല എന്ന ഒരു പരിമിതി ഇപ്പോഴും കോർപ്പറേഷനിൽ നിലവിലുണ്ട് എന്ന് തിരുവനന്തപുരം കേന്ദ്രീകരിച്ച് പീപ്പിൾ ഫോർ അനിമൽസ് (PFA) എന്ന സംഘടനയ്ക്കുവേണ്ടി പ്രവർത്തിക്കുന്ന ലത ഇന്ദിര പറഞ്ഞു.
ഇന്നത്തെ അവസ്ഥയിൽ, ഈ പ്രക്രിയയുടെ ആദ്യപടിയായി 'ഡോഗ് കാച്ചിങ്ങ്'ലെ അശാസ്ത്രീയതയാണ്, ഇത്തരത്തിലുള്ള ഗുരുതരമായ പരിക്കുകൾ നായ്ക്കൾക്ക് ഏൽപ്പിക്കുന്നത്. കുരുക്കിട്ട് പിടികൂടുന്ന നായ്ക്കൾ കുരുക്ക് പൊട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്യുന്ന നിരവധി കേസുകൾ ഉണ്ടായിട്ടുണ്ട്. അവഗണിക്കാനാവാത്ത വിധം വലുതായ ആ സാധ്യതയുടെ 'ജീവിച്ചിരിക്കുന്ന രക്തസാക്ഷി'യാണ് ബ്ലാക്കി. നായ്ക്കളെ പിടികൂടുന്നതിലെ അശാസ്ത്രീയ മാർഗ്ഗത്തോടൊപ്പം തന്നെ, അപകടങ്ങൾക്ക് കാരണമാവുന്ന ഒന്നാണ് കൃത്യമായ പരിശീലനമുള്ള ഡോഗ് കാച്ചർമാരുടെ അഭാവവും. ആധുനിക മാർഗങ്ങൾ അവലംബിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ഒരുവിധം ABC സെന്ററുകളെല്ലാം ഡോഗ് കാച്ചിങ്ങിന് ഇന്ന് നെറ്റാണ് ഉപയോഗിക്കുന്നത്. എന്നിട്ടും, കേരളത്തില്‍ ഇന്നും പ്രാകൃതവും അപകടസാധ്യത ഏറിയതുമായ സ്റ്റീൽ കുരുക്കുകൾ തന്നെ ഉപയോഗിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.
അധികൃതര്‍ക്ക് പറയാനുള്ളത്
ഈ വിഷയത്തിൽ കോർപ്പറേഷന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം തിരക്കി ഏഷ്യാനെറ്റ് ന്യൂസ്ഓൺലൈൻ മുനിസിപ്പൽ വെറ്ററിനറി ഓഫീസറായ ഡോ. ശ്രീരാഗ് ജയനുമായി ബന്ധപ്പെടുകയുണ്ടായി. 2001 -ലെ അനിമൽ ബർത്ത് കൺട്രോൾ റൂൾസ് പ്രകാരം, ലാസ്സനിങ്ങ് അഥവാ കുരുക്കിട്ട് പിടിക്കൽ നിയമം അനുശാസിക്കുന്ന പട്ടിപിടുത്തമാർഗ്ഗമാണ് എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, പതിനേഴു വർഷത്തിനിപ്പുറം 2018-ൽ പട്ടികളെ പിടിക്കാൻ വല( Net) തന്നെ ഉപയോഗിക്കണം എന്ന നിബന്ധന നിലവിൽ വരികയും, ആയതിനുള്ള ഉപകരണങ്ങൾ എല്ലാ ABC സെന്ററുകൾക്കും വാങ്ങിനൽകാനുള്ള ഫണ്ടുകൾ അനുവദിക്കാൻ സർക്കാർ ഉത്തരവിറങ്ങുകയും ചെയ്തതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിന്റെ വകുപ്പുതല നടപടികൾ കഴിഞ്ഞ് ഫണ്ടുതുക പ്രസ്തുത സെന്ററുകളിലേക്ക് ഇനിയും എത്തിച്ചേർന്നിട്ടില്ല. അതുകൊണ്ടുതന്നെ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ABC സെന്ററുകൾ ഇപ്പോഴും ലാസ്സോയിങ് (lassoing) അഥവാ കുരുക്കിടീൽ തന്നെയാണ് പട്ടികളെ പിടിക്കാൻ വേണ്ടി ഉപയോഗിക്കുന്ന മാർഗ്ഗം.
ഇങ്ങനെ ഒരു സംഭവം ശ്രദ്ധയിൽ പെട്ടതുകൊണ്ട്, അതിനുള്ള നടപടികൾ ത്വരിതഗതിയിലാക്കാനും, കാലതാമസം കൂടാതെ തന്നെ കുരുക്കുകളുടെ ഉപയോഗം നിരോധിച്ച് വലകൾ ഉപയോഗിച്ചുമാത്രം പട്ടികളെ പിടിക്കാനും ഉള്ള പരിശ്രമങ്ങൾ നടത്തുമെന്ന് അദ്ദേഹം ഉറപ്പുതന്നിട്ടുണ്ട്.