വീട്ടിലെത്താനും റോഡിലിറങ്ങാനും കുടിവെള്ളം എത്തിക്കാനും മുളയേണി; ഇതും ബെംഗലുരു നഗരം!
വീട്ടില്‍നിന്നിറങ്ങാന്‍ വഴി ഇല്ലാത്തതിനാല്‍, ഏകദേശം 13 അടി ഉയരത്തില്‍ നിന്ന് മുളയേണി വഴിയാണ് ഇവരടക്കം കുറേ മനുഷ്യര്‍ റോഡിലേക്ക് ഇറങ്ങുന്നത്. വീട്ടിലേക്ക് കുടിവെള്ളം എത്തിക്കുന്നതും ഈ മുളയേണി വഴിയാണ്.
'മിക്കവീടുകളിലും ശുചിമുറികളില്ല. അര കിലോമീറ്ററിനപ്പുറമുള്ള പൊതുശുചിമുറികളാണ് ഏക ആശ്രയം. രാത്രികളില്‍ മൂത്രമൊഴിക്കണമെന്ന് കരുതിയാല്‍ പെട്ടു. ഈ മുളയേണിയിലൂടെ റോഡിലേക്ക് ചാടിയിറങ്ങി അകലെയുള്ള ശുചിമുറികളില്‍ പോവണം'-പറയുന്നത് വിജയലക്ഷ്മി. ബംഗളൂരു നഗരത്തിന്റെ ഹൃദയഭാഗത്തുള്ള അവന്യൂ റോഡിലെ ഒരു കടയ്ക്കു മുകളിലെ കുഞ്ഞു വീട്ടില്‍ താമസിക്കുന്ന വിജയലക്ഷ്മി രാത്രിയില്‍ ഒന്നു മൂത്രമൊഴിക്കാന്‍ തോന്നിയാലുള്ള പാടിനെ കുറിച്ചാണ് ഈ പറയുന്നത്. വീട്ടില്‍നിന്നിറങ്ങാന്‍ വഴി ഇല്ലാത്തതിനാല്‍, ഏകദേശം 13 അടി ഉയരത്തില്‍ നിന്ന് മുളയേണി വഴിയാണ് ഇവരടക്കം കുറേ മനുഷ്യര്‍ റോഡിലേക്ക് ഇറങ്ങുന്നത്. വീട്ടിലേക്ക് കുടിവെള്ളം എത്തിക്കുന്നതും ഈ മുളയേണി വഴിയാണ്.
Photos; Bindu AV
ഏകദേശം 13 അടി ഉയരത്തില്‍ നിന്ന് മുളയേണി വഴി ആദ്യം റോഡിലേക്കിറങ്ങി വന്നത് 80 വയസ്സിനോടടുത്ത് പ്രായമുള്ള ഒരു സ്ത്രീയാണ്. അവരെ പിന്തുടര്‍ന്ന് അവരുടെ മകനും കൊച്ചുമകളും ഏണി ഇറങ്ങി വന്നു.
ഏതെങ്കിലും വിദൂരഗ്രാമത്തില്‍നിന്നുള്ള കാഴ്ചയല്ല ഇത്. ബെംഗലുരു നഗരത്തിന്റെ ഹൃദയഭാഗത്തുള്ള അവന്യൂ റോഡില്‍ നിന്നുള്ള കാഴ്ച്ച. റോഡരികിലുള്ള കടയുടെ മുകളിലെ സ്വന്തം വീട്ടില്‍ നിന്നാണ് കയറിയിറങ്ങാന്‍ പടവുകള്‍ ഇല്ലാത്തതിനാല്‍ ഏണിവഴി ഇവര്‍ റോഡിലേക്കിറങ്ങുന്നത്. വഴിയാത്രക്കാരില്‍ ചിലര്‍ നഗരത്തിന് അപരിചിതമായ ഈ കാഴ്ച നോക്കിനില്‍ക്കുകയും ചിലര്‍ മൊബൈലില്‍ പകര്‍ത്തുന്നുമുണ്ടായിരുന്നു. അടുത്തും സമീപത്തെ റോഡുകളിലുമായി ഇത്തരത്തില്‍ പതിനഞ്ചോളം വീടുകളുണ്ട്. എല്ലാം കെട്ടിടങ്ങള്‍ക്കു മുകളില്‍. വീടുകളിലേയ്ക്കു പോകാനും ഇറങ്ങാനുമുള്ള ഇവരുടെ ഏക ആശ്രയം മുളകൊണ്ടുള്ള ഇത്തരം ഏണികളാണ്.
നഗരത്തിന്റെ വാണിജ്യ കേന്ദ്രം കൂടിയായ അവന്യൂ റോഡില്‍ ബസ്സൊഴികെയുള്ള വാഹനങ്ങളുടെയും, കാല്‍ നടയാത്രക്കാരുടെയും, ഉന്തുവണ്ടികളുടെയും വഴിയോരക്കച്ചവടക്കാരുടെയും തിരക്കാണ്. ഇടയില്‍ അലഞ്ഞു തിരിയുന്ന പശുക്കള്‍. മൊത്തവ്യാപാര കേന്ദ്രം കൂടിയായതിനാല്‍ സംസ്ഥാനത്തിനു പുറത്തു നിന്നുളളവരുമുണ്ട്. ഈ തിരക്കുകളിലേക്കാണ് ഈ മനുഷ്യരും ഏണി ഇറങ്ങിയെത്തുന്നത്. കുടിക്കാനും കുളിക്കാനും പാചകം ചെയ്യാനുമുള്ള വെള്ളം ഏണിവഴി തന്നെ മുകളിലെത്തിക്കണം. തൊട്ടടുത്തുളള പള്ളിയിലെ പൈപ്പില്‍ നിന്നാണ് വെള്ളം കൊണ്ടുവരുന്നതെന്ന് ഇത്തരത്തിലുള്ള വീടുകളിലൊന്നില്‍ താമസിക്കുന്ന വിജയലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
നഗരത്തിലെ മഹാറാണി ലക്ഷ്മി അമ്മണ്ണി കോളേജില്‍ ബികോം വിദ്യാര്‍ത്ഥിനിയായ വിജയലക്ഷ്മി ഓര്‍മ്മവച്ച നാള്‍ മുതല്‍ അവന്യൂ റോഡിലെ കടയുടെ മുകളിലുള്ള വീട്ടിലാണ് താമസം. മുളയേണിവഴി ഇറങ്ങിയാണ് സ്‌കൂളില്‍ പോയിരുന്നതെന്നും തന്റെ അച്ഛന്റെ അച്ഛനും ഇവിടെ താമസിച്ചിരുന്നതായും വിജയലക്ഷ്മി പറഞ്ഞു. മിക്കവീടുകളിലും ശുചിമുറികളില്ല. അര കിലോമീറ്ററിനപ്പുറമുള്ള പൊതുശുചിമുറികളാണ് ഏക ആശ്രയം. ഇതു കാരണം രാത്രികാലങ്ങളില്‍ സ്ത്രീകള്‍ വളരെ ബുദ്ധിമുട്ടനുഭവിക്കുന്നതായും ഇവര്‍ പറയുന്നു. ഓരോ വീടിനും ഓരോ മുളയേണികളാണുള്ളത്. ചിലരുടേത് മഴയും വെയിലും കൊണ്ട് ദ്രവിച്ചു പോയിട്ടുണ്ട്. രാത്രികാലങ്ങളില്‍ റോഡരികിലേയ്ക്ക് മാറ്റിവെയ്ക്കുകയും രാവിലെ തിരികെ വയ്ക്കുകയുമാണ് പതിവ്.
3000 രൂപ വരെ മാസ വാടക നല്‍കുന്നവരും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ മറ്റു ചിലര്‍ അവരുടെ വീടിനോട് ചേര്‍ന്ന് താഴെയുള്ള കടകളിലെ ജോലിക്കാരായിരിക്കും. അത്തരക്കാരില്‍ നിന്ന് ഉടമസ്ഥര്‍ വാടക ഈടാക്കുന്നില്ല. കടയുടമകളധികവും രാജസ്ഥാനില്‍ നിന്നുള്ളവരാണെങ്കിലും അവന്യു റോഡില്‍ തന്നെയുള്ള ചെറുകിട കച്ചവടക്കാരാണ് ഇങ്ങനെ താമസിക്കുന്നവരിലധികവും. വര്‍ഷങ്ങളോളം പഴക്കമുള്ള കടകളുടെ മുകളിലാണ് ഈ വീടുകള്‍. മിക്ക വീടുകള്‍ക്കും ജനലുകളില്ല. നാലു ചുവരുകളും ഒരു വാതിലും മാത്രം. താഴെയുള്ള കടകളില്‍ നിന്ന് വൈദ്യുതി ലൈന്‍ വലിച്ചാണ് ഇവര്‍ വീടുകളില്‍ വെളിച്ചമെത്തിച്ചത്.
തിരുവണ്ണാമല സ്വദേശിയായ ദിവ്യനാഥന്‍ ഭാര്യയ്ക്കും രണ്ടു പെണ്‍മക്കള്‍ക്കുമൊപ്പം പത്തു വര്‍ഷത്തോളമായി ഇവിടെ താമസിക്കുന്നു. കെട്ടിടങ്ങള്‍ തമ്മില്‍ തൊട്ടു നില്‍ക്കുന്നതിനാല്‍ സ്ഥലപരിമിതി കാരണമായിരിക്കാം മുകളിലെ വീടുകളിലേയ്ക്ക് പടികള്‍ നിര്‍മ്മിക്കാതിരുന്നത്. ഇവിടെ ജീവിക്കുന്നവരുടെ ദൈനം ദിന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ച് എന്തെങ്കിലും അനുകൂല മാറ്റങ്ങള്‍ക്കായി സ്ഥലം എംഎല്‍എയെ കണ്ട് ചിലര്‍ കാര്യം ബോധിപ്പിച്ചിരുന്നെങ്കിലും യാതൊരു ഫലമുണ്ടായില്ല.
ചില എന്‍ ജി ഒ കളും ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു. അവര്‍ കുറച്ചു ചോദ്യങ്ങള്‍ ചോദിച്ചു പോയെങ്കിലും പിന്നീട് അവരും കൈവിട്ടുവെന്നും ദിവ്യനാഥന്‍ പറഞ്ഞു. ഏണിവഴി കുഞ്ഞുങ്ങളും വൃദ്ധരുമെല്ലാം ഇറങ്ങി വരുന്നത്, കാണുന്ന നിങ്ങള്‍ക്കല്ലേ പേടിയുള്ളൂ ഞങ്ങള്‍ക്ക് ഇതെപ്പൊഴേ ശീലമായി എന്നു ദിവ്യനാഥന്‍ പറയുമ്പോള്‍ ഐടി നഗരം, രാജ്യത്തിന്റെ പബ്ബ് തലസ്ഥാനം, പെന്‍ഷന്‍കാരുടെ സ്വര്‍ഗ്ഗം, പൂന്തോട്ടങ്ങളുടെ നഗരം,സിലിക്കണ്‍ വാലി തുടങ്ങിയ വിളിപ്പേരുകളുള്ള ബെംഗലുരു നഗരത്തിന്റെ ആരും കാണാത്ത മറ്റൊരു മുഖം മറനീക്കി പുറത്തുവരുന്നു.