എന്തും സഹിക്കാം, ജനനേന്ദ്രിയം പോയാലെന്തുചെയ്യും, കോടിയേരിയുടെ തമാശ പ്രസംഗങ്ങള്‍!
കോടിയേരി ബാലകൃഷ്ണന്റെ രസകരമായ പ്രസംഗങ്ങളുടെ സവിശേഷമായ സമാഹാരമാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ചിരിയുടെ കൊടിയേറ്റങ്ങള്‍'. കെ. വി മധു എഴുതിയ പുസ്തകത്തില്‍നിന്നുള്ള തെരഞ്ഞെടുത്ത പ്രസംഗങ്ങള്‍ വായിക്കാം
അവിടെ വില്‍ക്കുന്ന ഒരു മദ്യത്തിന്റെ പേരാണ് ആനമയക്കി. അതടിച്ചാല്‍ ആന മയങ്ങിക്കിടക്കുന്നതുപോലെ കിടക്കും. മറ്റൊന്നിന്റെ പേര് മണവാട്ടി. അതുകുടിച്ചാല്‍ പിന്നെ മണവാട്ടി തന്നെയായിമാറും. വേറൊന്ന് മൂലവെട്ടിയാണ്. പ്ലാസ്റ്റിക് കവറില്‍ വ്യാജചാരായം അതിന്റെ മൂലവെട്ടുക, വായിലൊഴിച്ചുകൊടുക്കുക.- കെ. വി മധു എഴുതിയ പുസ്തകത്തില്‍നിന്നുള്ള തെരഞ്ഞെടുത്ത പ്രസംഗങ്ങള്‍
എങ്ങനെയുണ്ട്, ഉമ്മന്‍ചാണ്ടിയുടെ മാവോയിസ്റ്റ് വേട്ട!
(വയനാട്, അട്ടപ്പാടി തുടങ്ങിയ ആദിവാസി, വന മേഖലകളില്‍ 2013-ല്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിക്കുകയും കേന്ദ്രസഹായം അഭ്യര്‍ത്ഥിക്കണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഈ സ്ഥലങ്ങളിലെ പോലീസുകാര്‍ക്ക് ആവശ്യത്തിന് ആയുധം പോലും കൊടുത്തില്ല. ഉള്ള ആയുധം അറ്റകുറ്റപ്പണികള്‍ക്കായി എടുത്തുകൊണ്ടുപോകുകയും ചെയ്തിരുന്നു. അതിനെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രസംഗത്തില്‍ നിന്ന്):
''മാവോയിസ്റ്റ് ഭീഷണി കൊണ്ട് നാട്ടുകാര്‍ പേടിച്ചിരിക്കുകയാണ്. പോലീസുകാര്‍ക്ക് മാവോയിസ്റ്റുകളെ നേരിടാന്‍ ആവശ്യത്തിന് തോക്കുപോലുമില്ല. ആദിവാസികള്‍ സൈ്വര്യം കെട്ടിരിക്കുമ്പോള്‍ ഉടന്‍ നടപടിയെന്ന് പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദില്ലിയില്‍ പോയി. മാവോയിസ്റ്റ് വേട്ടയ്ക്ക് കേന്ദ്രസഹായം തേടാനാണെന്നാണ് പറഞ്ഞത്. അതോ ഈ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടാനോ.
എന്തായാലും ദില്ലിയിലെത്തിയ മുഖ്യമന്ത്രിയോട് പത്രക്കാര്‍ ചോദിച്ചു.
''എന്തായി, മാവോയിസ്റ്റുകള്‍?''
അപ്പോ ഉമ്മന്‍ചാണ്ടി പറഞ്ഞു, ''യാതൊരു ആശങ്കയും വേണ്ട. ''
ആശങ്ക വേണ്ട എന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടിയാണ് ഒമ്പത് പോലീസ് സ്റ്റേഷനിലെ തോക്കും എടുത്ത് പോയത്. മാവോയിസ്റ്റുകളിനി വന്നാലും തോക്ക് എടുത്തുകൊണ്ടുപോണ്ട എന്നതാണ് ഉമ്മന്‍ചാണ്ടിയുടെ നയം. ആളെ വേണമെങ്കില്‍ കൊന്നോട്ടെ, തോക്ക് പോകാന്‍ പാടില്ല എന്നാണ്. തോക്കെന്താ അത്ര വലിയ സംഭവമാണോ.
മാവോയിസ്റ്റുകളുടെ മുദ്രാവാക്യം തോക്കിന്‍ കുഴലില്‍ കൂടി വിപ്ലവം എന്നാണല്ലോ. അതില്‍ നിന്ന് ഉമ്മന്‍ചാണ്ടി ഒരുകാര്യം മനസ്സിലാക്കി. തോക്കുണ്ടെങ്കിലല്ലേ, വിപ്ലവം നടക്കൂ. അങ്ങനെ പോലീസ് സ്റ്റേഷനിലെ തോക്കുകളും ആയുധങ്ങളുമെല്ലാം എടുത്തുമാറ്റി. ആവശ്യത്തിന് ആയുധം പോലീസുകാര്‍ ചോദിച്ചപ്പോഴൊന്നും കൊടുക്കുന്നുമില്ല. കാരണം തോക്കുകൊടുത്താല്‍ മാവോയിസ്റ്റുകള്‍ വന്ന് അതെടുത്തുകൊണ്ടുപോയി, വിപ്ലവമുണ്ടാക്കിയാലോ ! എങ്ങനെയുണ്ട്, ഉമ്മന്‍ചാണ്ടിയുടെ മാവോയിസ്റ്റ് വേട്ട.
എന്തും സഹിക്കാം, ജനനേന്ദ്രിയം പോയാലെന്തുചെയ്യും?
(2013-ല്‍ സോളാര്‍ ആരോപണങ്ങളില്‍ മുഖ്യമന്ത്രിയും സര്‍ക്കാറും പെട്ടതോടെ കടുത്ത പ്രതിഷേധങ്ങള്‍ നാടുനീളെ ഉയര്‍ന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു അന്ന് ആഭ്യന്തരമന്ത്രി. പ്രതിഷേധത്തിന്റെ ഭാഗമായി കോട്ടയത്ത് നടന്ന ഒരു ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടെ സമരക്കാരിലൊരാളുടെ ജനനേന്ദ്രിയത്തിന് പോലീസ് മാരകമായ പരിക്കേല്‍പ്പിച്ചു. ഏറെക്കാലം ചികില്‍സയിലായിരുന്നു ഈ യുവാവ്. ഇതിന്റെ ഭാഗമായി നടന്ന ഒരു പ്രതിഷേധയോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്):
പോലീസിന്റെ കൈയില്‍ നിയമാനുസൃതമായി കുറേ ആയുധങ്ങളുണ്ട്. തോക്ക് പോലീസിനുണ്ട്. ഗത്യന്തരമില്ലാതെ വന്നാല്‍ പോലീസിന് തോക്കുപയോഗിക്കാം.
പോലീസ് തോക്കുപയോഗിക്കുമ്പോള്‍ നമ്മുടെ കൈയില്‍ അങ്ങോട്ടുപയോഗിക്കാന്‍ തോക്കില്ല. അതുകൊണ്ട് പോലീസ് വെടി വെച്ചാല്‍ വെടി കൊള്ളുകയേ വഴിയുള്ളൂ. തിരിച്ചു തോക്കെടുക്കാന്‍ നമ്മള്‍ തീരുമാനിച്ചിട്ടുമില്ല.
പോലീസുകാരുടെ കൈയില്‍ ലാത്തിയുണ്ട്. അവര്‍ അത് പ്രയോഗിക്കുമ്പോള്‍ തിരിച്ചങ്ങോട്ട് ഉപയോഗിക്കാന്‍ നമ്മുടെ കൈയില്‍ ലാത്തിയില്ല. ലാത്തിക്ക് പകരം കുറുവടിയെടുക്കാന്‍ സമരത്തിന് പോകുമ്പോള്‍ നമ്മള്‍ തീരുമാനിച്ചിട്ടില്ല.
ടിയര്‍ഗ്യാസ് ഷെല്ല് അവര്‍ പ്രയോഗിക്കാറുണ്ട്.
നമ്മള്‍ സമരത്തിന് പോകുന്നവന്റെ കൈയില്‍ ടിയര്‍ഗ്യാസ് ഷെല്ലെവിടെ? ഗ്രനേഡിന്റെ സ്ഥിതിയും അതു തന്നെ. നമ്മുടെ കൈയിലില്ല, അവരുടെ കൈയിലുണ്ട്. അവര്‍ പ്രയോഗിക്കുകയും ചെയ്യും. ഇതൊക്കെ കാലങ്ങളായി ഉള്ള പരിപാടിയാണ്. എന്നാല്‍ തിരുവഞ്ചൂരിന്റെ പോലീസ് ഇപ്പോ പുതിയൊരു പരിപാടി തുടങ്ങിയിട്ടുണ്ട്.
ജനനേന്ദ്രിയം തകര്‍ക്കല്‍!
ഈ ജനനേന്ദ്രിയം തകര്‍ക്കാന്‍ പോലീസിന്റെ കൈയില്‍ അനുവദനീയമായ ആയുധങ്ങളൊന്നുമില്ല.
അവര്‍ കൈപ്രയോഗമാണ് നടത്തുന്നത്. അത് കണ്ടപ്പോഴാണ് എനിക്ക് തോന്നിയത്, ഇത് നമ്മക്ക് അങ്ങോട്ടും ചെയ്യാന്‍ പറ്റുന്ന പരിപാടിയാണല്ലോ എന്ന്.
ഈ കൈ പോലീസിന് മാത്രമല്ലല്ലോ ഉള്ളത്. നമ്മള്‍ക്കും, ഈ സമരത്തിന് പോകുന്നവനും, കൈ എന്ന് പറയുന്ന സാധനമുണ്ട്. അതുകൊണ്ട് ഇങ്ങോട്ട് പിടിക്കുമ്പോ അങ്ങോട്ടും പിടിക്കുക.
അങ്ങോട്ടും ഇങ്ങോട്ടും പിടിച്ച് കളിച്ച് നോക്കിയാല്‍ ആരുജയിക്കും? ഇവിടെ പോലീസുകാരിങ്ങനെ ചെയ്യുമ്പോ എല്ലാ പോലീസുകാരുടെയും ഇത് പിടിച്ചാല്‍ പോലീസുകാര്‍ക്ക് ഈ സാധനം ബാക്കീണ്ടാവ്വോ.
ഇപ്പോ തിരുവഞ്ചൂര്‍ രാധാകൃഷണന്‍ പറയുന്നു. നമ്മുടെ സഖാവിന്റെ ജനനേന്ദ്രിയം തകര്‍ത്ത എസ് ഐയുടെ പേരില്‍ നടപടിയൊന്നും എടുക്കണ്ടാ എന്ന്.
കാരണം പരിശോധിച്ചു നോക്കിയപ്പോള്‍ ഇതവിടെ തന്നെയുണ്ട്. കൊഴപ്പോന്നൂല്ല.
ആശുപത്രീലെ ഡോക്ടര്‍ പറയുന്നു. 'അടിവയറ്റില്‍ അപകടമുണ്ട്' എന്ന്.
അപ്പോ ആഭ്യന്തരമന്ത്രി പറയുന്നു, 'അതുപോര, സാധനം തന്നെ പോണം.! എന്നാലേ ജനനേന്ദ്രിയം പോയി എന്ന വിലയിരുത്താന്‍ പറ്റൂ' എന്ന്.
ഈ പുതിയ മര്‍ദ്ദന മുറ ആരുടെ നിര്‍ദ്ദേശപ്രകാരമാണ്?
കഴിഞ്ഞ ദിവസം എന്നോടൊരു സഖാവ് പറഞ്ഞു: ''സഖാവേ, ഇതീ പറയുന്നതുപോലെയൊന്നുമല്ല, ജനനേന്ദ്രിയം തകര്‍ക്കുന്നു എന്ന് കേള്‍ക്കുമ്പോ വീട്ടില്‍ ചില പ്രശ്നങ്ങളുണ്ട്. വീട്ടീന്നിറങ്ങുമ്പോള്‍ സ്ത്രീകളും പറഞ്ഞുതുടങ്ങിയിട്ടുണ്ട്. ശ്രദ്ധിക്കണേ എന്ന്. ''
എന്തും സഹിക്കാം ഇത് പോയാലെന്തുചെയ്യും.
സംഗതി ഒക്കെ ഇരിക്കട്ടെ. തിരുവഞ്ചൂര്‍ ഒരുകാര്യം അറിഞ്ഞുവച്ചോ, ഇതല്ല ഇതിനപ്പുറവും കണ്ടവരാണ് നമ്മള്‍. അതുകൊണ്ട് ഇമ്മാതിരി പരിപാടി കൊണ്ടൊന്നും കമ്യൂണിസ്റ്റുകാരുടെ സമരവീര്യം തകര്‍ക്കാന്‍ കഴിയില്ല. ആ വെളളമങ്ങ് വാങ്ങിവച്ചാ മതി.
1991-ല്‍ ഉറുപ്പികയുടെ മൂല്യം രാഹുലിന്റെ വയസ്സിന് സമാനമായിരുന്നു!
(രണ്ടാം യുപിഎ സര്‍ക്കാര്‍ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന് രൂപയുടെ മൂല്യത്തകര്‍ച്ചയായിരുന്നു. 2015-ല്‍ രൂപയുടെ മൂല്യത്തകര്‍ച്ച അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി. അസാധാരണനിലയില്‍ കാര്യങ്ങളെത്തിയിട്ടും സാധാരണക്കാരന് ഗുണകരമാകുന്ന ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ല. വിവിധ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്ത് രൂപയുടെ മൂല്യം കൂപ്പുകുത്തിയതിനെ പരാമര്‍ശിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ നിന്ന്):
ആഗോളവല്‍ക്കരണം ആരംഭിച്ച 1991-ല്‍ ഇന്ത്യന്‍ ഉറുപ്പികയുടെ മൂല്യം രാഹുല്‍ഗാന്ധിയുടെ വയസ്സിന് സമാനമായിരുന്നു. 17 വയസ്സായിരുന്നു അന്ന് രാഹുല്‍ഗാന്ധിക്ക്. അന്ന് 17 ഉറുപ്പിക കൊടുത്താല്‍ ഒരു അമേരിക്കന്‍ ഡോളര്‍ കിട്ടും.
കാലം കുറേ കഴിഞ്ഞു. ഇന്നിപ്പോ ഇന്ത്യന്‍ ഉറുപ്പികയുടെ മൂല്യമെത്രയാ. ഇന്ന് ഇന്ത്യന്‍ ഉറുപ്പികയുടെ മൂല്യം സോണിയാഗാന്ധിയുടെ വയസ്സിന് തുല്യമായിരിക്കുന്നു. 66 രൂപ. ഒരു അമേരിക്കന്‍ ഡോളറിന്റെ മൂല്യം 66 രൂപ. സോണിയാഗാന്ധിക്ക് 66 വയസ്സായി. ഇന്ത്യന്‍ ഉറുപ്പികയ്ക്ക് മൂല്യം 66 രൂപയായി.
ഇനി 2014 ആകുമ്പോള്‍ എന്താകും അവസ്ഥ. അന്ന് നമ്മുടെ മന്‍മോഹന്‍സിംഗിന്റെ പ്രായമായിരിക്കും. അത്രയും രൂപ കൊടുത്താലേ അന്ന് ഒരു അമേരിക്കന്‍ ഡോളര്‍ കിട്ടൂ എന്നര്‍ത്ഥം. 2014-ല്‍ മന്‍മോഹന്‍സിംഗിന്റെ പ്രായം 80 ആകും. ഒരു അമേരിക്കന്‍ ഡോളറിന് 80 ഉറുപ്പികയെങ്കിലും ആക്കിയിട്ടേ മന്‍മോഹന്‍സിംഗ് ആ സ്ഥാനം ഒഴിയാന്‍ പോകുന്നുള്ളൂ.
ആ ലഡു വന്നത് ബാറില്‍നിന്ന്!
(2013 മാര്‍ച്ച് 13-ന് ബാര്‍ കോഴയാരോപണത്തില്‍ പെട്ട കെഎം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ച് നിയമസഭയിലും ഇടതുപക്ഷം സമരം ചെയ്തിരുന്നു. എന്നാല്‍ വലിയ സംഘര്‍ഷാവസ്ഥയ്ക്ക് ശേഷം മറ്റൊരു വഴിയിലൂടെ വന്ന് മറ്റൊരു സീറ്റിലിരുന്ന് മാണി ബജറ്റ് അവതരിപ്പിച്ചു. തുടര്‍ന്ന് ലഡുവും വിതരണം ചെയ്തു. ലഡുവിതരണം വലിയ വിവാദമായി. ചട്ടവിരുദ്ധമായി സഭയില്‍ ലഡുവിതരണം ചെയ്തവരെ ഒടുവില്‍ സ്പീക്കര്‍ ശാസിക്കുകയും ചെയ്തു.)
ടെലിവിഷനില്‍ കണ്ടില്ലേ. ലഡു, എല്ലാവര്‍ക്കും ലഡു. മാണിയുടെ വായില്‍ രണ്ടു ലഡു കുത്തിക്കയറ്റിക്കൊടുത്തിരിക്ക്യാ. മഞ്ഞളാംകുഴി അലി ലഡൂനെക്കൊണ്ട് സര്‍ക്കസ് കളിക്കുന്നു. എംഎല്‍എമാര്‍ അങ്ങോട്ടുമിങ്ങോട്ടും ലഡു വായില്‍ വച്ചുകൊടുക്കുകയാ.
ഈ ലഡുതിന്നതിന് ശേഷമാണ് നിയമസഭയില്‍ ഇവരുടെ പരാക്രമങ്ങള്‍ മുഴുവനും ഉണ്ടായത്. ലഡു തിന്നാലിങ്ങനെ ഉണ്ടാകുമോ. ഞാനന്വേഷിച്ചുനോക്കിയപ്പോഴാണ് സംഗതി മനസ്സിലായത്. ഈ ലഡ്ഡു തയാറാക്കിയത് ഒരു ബാര്‍ഹോട്ടലില്‍ വച്ചാണ് എന്ന് മനസ്സിലായി.
ആ ലഡ്ഡു ഉള്ളില്‍ ചെന്നതോടെ മാണിക്കെന്തൊരുഷാറാ. എല്ലാവര്‍ക്കും ഉഷാറ് കൂടി.
മദ്യമേഖലാജാഥ
(ബാര്‍കോഴയടക്കമുള്ള വിവിധ ആരോപണങ്ങള്‍ മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്നപ്പോള്‍ രാഷ്ട്രീയ വിശദീകരണം ലക്ഷ്യമിട്ട് 2015-ല്‍ യുഡിഎഫ് സംസ്ഥാനത്ത് മൂന്ന് മേഖലാ ജാഥകള്‍ പ്രഖ്യാപിച്ചു. ഓരോന്നിന്റെയും ജാഥാലീഡര്‍ ഓരോ പ്രധാന ഘടകക്ഷിനേതാക്കളാണ്. ബാര്‍കോഴയുടെ പേരില്‍ കേസെടുത്തതില്‍ പ്രതിഷേധിച്ച മാണി താന്‍ ലീഡറാകേണ്ടിയിരുന്ന മധ്യമേഖലാജാഥയില്‍ നിന്ന് പിന്‍മാറി. ഈ സാഹചര്യത്തില്‍ മധ്യമേഖലാജാഥയെയും കെഎം മാണിയെയും ബന്ധിപ്പിച്ച് കോടിയേരി നടത്തിയ പ്രസംഗത്തില്‍ നിന്ന്):
യുഡിഎഫ് കേരളമാകെ മൂന്ന് മേഖലയായി തിരിച്ച് ജാഥ നടത്തുകയല്ലേ. അതിലൊന്നാണ് മധ്യമേഖലാജാഥ. കെഎം മാണിക്ക് കൊടുത്ത ജാഥയേതാ. തെക്കന്‍ മേഖലയല്ല, വടക്കന്‍ മേഖലയല്ല, മധ്യമേഖലാജാഥ. മാണി നേരിടുന്ന കേസേതാ മദ്യക്കേസ്? അപ്പോ മാണി പറയുന്നു
''അതിനു തന്നെ കിട്ടില്ല'' എന്ന്. മാണി പരസ്യമായി തന്നെ അത് പ്രഖ്യാപിച്ചു.
''എനിക്ക് വേണ്ട ഈ മധ്യമേഖലാജാഥ, അതിന്റെ ഉദ്ഘാടനത്തിന് എന്നെ വച്ചതുതന്നെ എന്നെ അപമാനിക്കാനാണ്'' -എന്നിട്ട് മാണി ആ ജാഥയിലേ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചു.
മദ്യം മാത്രമല്ല, ജാഥയുടെ ജ എന്ന തുടക്കാക്ഷരവും പ്രശ്നമാണ്. ജ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മാണി വിറക്കാന്‍ തുടങ്ങും. ജാഥയാണ് ഉദ്ദേശിക്കുന്നതെങ്കിലും ജയില്‍ എന്നേ മാണി കേള്‍ക്കൂ. അതുകൊണ്ട് ജയില്‍ എന്നതിന്റെ ജ യില്‍ തുടങ്ങുന്ന ജാഥയിലുമില്ല, മദ്യക്കോഴയെ ഓര്‍മിപ്പിക്കുന്ന മധ്യമേഖലാ ജാഥയിലും ഇല്ല എന്നതാണ് മാണിയുടെ നിലപാട്.
ആകാശത്ത് വോട്ടില്ല, നിലത്താണ് വോട്ട് !
(2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പ്രചാരണം നടത്താന്‍ നേതാക്കള്‍ക്ക് ബിജെപി ഹെലികോപ്റ്ററുകള്‍ നല്‍കിയിരുന്നു. ദേശീയ നേതാക്കളെ കൂടാതെ സുരേഷ്ഗോപി, വെള്ളാപ്പള്ളി നടേശന്‍ തുടങ്ങിയവരും പ്രചാരണസ്ഥലങ്ങളില്‍ എത്തിയിരുന്നത് ഹെലികോപ്റ്ററുകളിലാണ്. വമ്പന്‍ പണച്ചെലവുള്ള ഈ പരിപാടിയെ കുറിച്ച് എല്‍ഡിഎഫിന്റെ പ്രചാരണയോഗങ്ങളില്‍ കോടിയേരി നടത്തിയ പ്രസംഗത്തില്‍ നിന്ന്):
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി കോടിക്കണക്കിന് ഉറുപ്പിക കേരളത്തില്‍ ഇറക്കിക്കൊണ്ടിരിക്കുകയാണ്. നേതാക്കള്‍ക്ക് ഇക്കാലത്ത് സഞ്ചരിക്കുന്നതിന് വേണ്ടിയുള്ള ഹെലികോപ്റ്ററുകള്‍ക്കാണ് വന്‍തുക ചെലവിടുന്നത്. എങ്ങോട്ട് നോക്കിയാലും ഹെലികോപ്റ്ററിങ്ങനെ പറന്ന് നടക്കുന്നത് കാണാം. ഒരു ഹെലികോപ്റ്ററുമായി സുരേഷ്ഗോപി പറക്കുന്നു. വേറൊരു ഹെലികോപ്റ്ററുമായി വെള്ളാപ്പള്ളി നടേശന്‍ കുടുംബസമേതം പറക്കുന്നു. കുമ്മനം വേറൊരുവഴിക്ക്. ബിജെപിയുടെ കേന്ദ്രമന്ത്രിമാര്‍, അമിത്ഷാ, നരേന്ദ്രമോദി എല്ലാവരും ഹെലികോപ്റ്ററിലാണ് പോക്കുവരവ്. ഇവരെല്ലാം ഹെലികോപ്റ്ററില്‍ പറക്കുമ്പോ, ആകാശത്ത് നിന്ന് കേരളത്തിലോട്ട് നോക്കി വോട്ട് സ്വപ്നം കാണുകയാണ്.
ചോദിച്ചാ പറയും. നാല് ചെറിയേ വിമാനം പറപ്പിക്കുന്നൂന്ന്. പറന്ന് പറന്ന് പോകുമ്പോള്‍, ആശത്തുനിന്നിങ്ങനെ നോക്കുമ്പോള്‍ അവര്‍ക്ക് തോന്നും, നമ്മക്കിതാ കുറേ വോട്ടുകള്‍ താഴെ കിടക്കുന്നു എന്ന്. അതുകൊണ്ട് വോട്ടിന്റെ കാര്യത്തില്‍ ഒരു ആത്മവിശ്വാസം വരാന്‍ അവര്‍ക്ക് ഹെലികോപ്റ്റര്‍ മസ്റ്റാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അവര്‍ക്ക് മനസ്സിലാകം. ആകാശത്ത് വോട്ടില്ല, നിലത്താണ് വോട്ട് എന്ന്.
മന്ത്രിസ്ഥാനം വേണോ കരിമ്പൂച്ചകള്‍ വേണോ?
(2015-ല്‍ എസ്എന്‍ഡിപി ബിജെപി അനുകൂല നിലപാട് സ്വീകരിച്ചപ്പോള്‍ തുഷാര്‍ വെളളാപ്പള്ളിക്ക് കേന്ദ്രമന്ത്രിസ്ഥാനം കൊടുക്കും എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അതിനായി എസ്എന്‍ഡിപി ബിഡിജെഎസ് എന്നൊരു പാര്‍ട്ടിയും ഉണ്ടാക്കി. എന്നാല്‍ മന്ത്രിസ്ഥാനം ഒരിക്കലും കിട്ടിയില്ല. ഈ സാഹചര്യത്തില്‍ ബിജെപി ബാന്ധവത്തിന് പോയ വെള്ളാപ്പള്ളിയെ വിമര്‍ശിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ നിന്ന്):
നരേന്ദ്രമോദി വെളളാപ്പള്ളി നടേശന്റെ മോനോട് പറഞ്ഞു, നിനക്ക് മന്ത്രിസ്ഥാനം തരാം. നീയൊരു പാര്‍ട്ടിയുണ്ടാക്കിക്കോ എന്ന്. അങ്ങനെ അച്ഛനെയും കൂട്ടി തുഷാര്‍ വെള്ളാപ്പള്ളി പാര്‍ട്ടിയുണ്ടാക്കി. പാര്‍ട്ടിയുണ്ടാക്കി കാത്തിരുന്നത് മാത്രം മിച്ചം. അവസാനം മന്ത്രിസ്ഥാനം പോയിട്ട്, രാജ്യസഭാ മെമ്പര്‍ സ്ഥാനം പോലും കിട്ടിയില്ല.
വെള്ളാപ്പള്ളിക്ക് സങ്കടമായി. മോദിയുടെ അടുത്തുചെന്നു, ചോദിച്ചു: ''എന്റെ മോന്റെ മന്ത്രിസ്ഥാനമെവിടെ?''
അപ്പോ നരേന്ദ്രമോദി തിരിച്ചുചോദിച്ചു, ''നിങ്ങക്ക് മന്ത്രിസ്ഥാനം വേണോ, കരിമ്പൂച്ചകളെ വേണോ?'.
മന്ത്രിസ്ഥാനം ഇനിയും ചോദിച്ചിട്ട് കിട്ടിയില്ലെങ്കിലോ. അതുകൊണ്ട് അപ്പോ തന്നെ നടേശന്‍ പറഞ്ഞു
''എനിക്ക് കരിമ്പൂച്ചകളെ മതി'' എന്ന്.
അങ്ങനെ നടേശനെ സംരക്ഷിക്കാന്‍ പത്ത് കരിമ്പൂച്ചകളെ മോദിസര്‍ക്കാര്‍ കൊടുത്തു. ഇപ്പോ കണിച്ചുകുളങ്ങരയിലെ വീട്ടില്‍ നടേശനുള്ളപ്പോള്‍ പോയാല്‍ കാണാം പത്ത് കരിമ്പൂച്ചകള്‍ കാവല്‍ നില്‍ക്കുന്നു.
ബാത്ത് ടബ്ബിലെ മന്‍മോഹന്‍സിംഗ്
(2012-ല്‍ മലയാളികളായ മല്‍സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന സംഭവത്തില്‍ ഇറ്റാലിയന്‍ പൗരന്മാരായ പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. അതിനിടെ പരാതി പറയാന്‍ പോയ മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയെ കാണാന്‍ സമയം അനുവദിച്ചുകിട്ടാതിരുന്നതും വിവാദമായിരുന്നു. സെക്രട്ടേറിയേറ്റിന് മുന്നില്‍ നടന്ന ഒരു പ്രതിഷേധപ്രകടനം ഉദ്ഘാടനം ചെയ്ത് നടത്തിയ കോടിയേരിയുടെ പ്രസംഗത്തില്‍ നിന്ന്.):
നമ്മുടെ നാട്ടിലെ മല്‍സ്യത്തൊഴിലാളികള്‍ക്ക് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും എന്തുവിലയാണ് കൊടുത്തത്. മല്‍സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്നിട്ട് നമ്മുടെ പ്രധാനമന്ത്രി എന്താണ് ചെയ്തത്. മുഖ്യമന്ത്രി എന്താണ് ചെയ്യുന്നത്. കുറ്റവാളികളായ രണ്ട് ഇറ്റാലിയന്‍ നാവികര്‍ വിലസി നടക്കുന്നത് നമ്മുടെ സര്‍ക്കാര്‍ നോക്കി നില്‍ക്കുകയാണ്.
ഉമ്മന്‍ചാണ്ടി പറയുന്നു, ''ഞാനൊന്ന് ഡല്‍ഹിക്ക് പോയിട്ട് വരട്ടെ.''
അവിടെ പോയിട്ട് എന്തുകാര്യം. അവിടെ ആര് വിലവയ്ക്കാനാണ്. കഴിഞ്ഞ തവണ ദില്ലിക്ക് പോയകഥ നാട്ടില്‍ പാട്ടാണ്. അന്ന് ആളും ആരവവുമായി ഡല്‍ഹിയില്‍ പോയിട്ട് പ്രധാനമന്ത്രിയെ കാണാന്‍ പോലും കഴിഞ്ഞില്ല.
ഉമ്മന്‍ചാണ്ടി വന്നു എന്നറിഞ്ഞിട്ട് പ്രധാനമന്ത്രി മന്‍ഹമോന്‍സിംഗ് നേരെ ബാത്ത് ടബ്ബില്‍ കയറി കിടന്നു. ഉമ്മന്‍ചാണ്ടി കുറേ നേരം കാത്തുനിന്നു. ബാത്ത്ടബ്ബില്‍ നിന്ന് മന്‍മോഹന്‍സിംഗ് എഴുന്നേല്‍ക്കുന്നില്ല എന്ന് കുറേകാത്തിരുന്നപ്പോള്‍ മനസ്സിലായി. ഒടുവില്‍ ഫ്ളൈറ്റിന്റെ സമയമായപ്പോള്‍ മുഖ്യമന്ത്രി മടങ്ങി. അത്രയുണ്ട്് മല്‍സ്യത്തൊഴിലാളികളുടെ ജീവന്റെ വില.
15 ലക്ഷത്തിനായി ഒരു ബാങ്ക് അക്കൗണ്ട്!
(വിദേശത്തുള്ള ഇന്ത്യക്കാരുടെ കള്ളപ്പണം മുഴുവന്‍ തിരികെ കൊണ്ടുവരുമെന്നും ഓരോരുത്തര്‍ക്കും വിതരണം ചെയ്യുമെന്നും ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു. എന്നാല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായിട്ടും ഈ വാഗ്ദാനം നടപ്പാക്കിയില്ല)
നരേന്ദ്രമോദി ഭരണത്തില്‍ വരുന്നതിന് മുമ്പ് എന്താ പറഞ്ഞത്. ഇന്ത്യക്കാരുടെ വിദേശത്തുള്ള കള്ളപ്പണം മുഴുവന്‍ തിരിച്ചുകൊണ്ടുവരും എന്ന്. 15 ലക്ഷം ഉറുപ്പിക വീതം ഓരോരുത്തരുടെയും അക്കൗണ്ടില്‍ നിക്ഷേപിക്കും എന്നും വാഗ്ദാനം ചെയ്തു. മോദി അധികാരത്തില്‍ വന്നപ്പോള്‍ എല്ലാവരും പ്രതീക്ഷയോടെ കാത്തിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം മോദി പറഞ്ഞു എല്ലാവരും ബാങ്ക് അക്കൗണ്ട് എടുക്കണം എന്ന്. നാട്ടുകാരെല്ലാം വിചാരിച്ചു. ആ പതിനഞ്ച് ലക്ഷം ബാങ്കില്‍ ഇട്ടുതരാനായിരിക്കും.
എന്നോട് എന്റെ വീട്ടുകാര്‍ ചോദിച്ചു, ''അല്ല, അക്കൗണ്ടെടുക്കണോ'' ഞാന്‍ പറഞ്ഞു, ''എന്തിനാണ് പോക്കുന്നത്. 15 ലക്ഷം കിട്ടുന്നതല്ലേ, നിങ്ങളുമെടുത്തോ അക്കൗണ്ട്''
എല്ലാവരും അക്കൗണ്ടെടുത്തു. എന്റെ വീട്ടുകാരും അക്കൗണ്ടെടുത്തു. ഇപ്പോഴെല്ലാവരും ബാങ്ക് അക്കൗണ്ടുള്ളവരായി. ആര്‍ക്കെങ്കിലും കിട്ടിയോ 15 ലക്ഷം. അക്കൗണ്ടെടുക്കാന്‍ തിരക്കുകൂട്ടിയവരൊന്നും ഇപ്പോ നാണക്കേടുകൊണ്ട് മിണ്ടുന്നില്ല. അപ്പോ എന്തിനായിരുന്നു ഈ 15 ലക്ഷത്തിന്റെ കഥയിറക്കിയത്.
പ്രകടനപത്രികയിലെ സൈക്കിള്‍
(2011-ലെയും 2016-ലെയും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇറക്കിയ പ്രകടനപത്രികയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സൈക്കിള്‍ കൊടുക്കും എന്ന് യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. അതുനടന്നില്ല ആ സാഹചര്യത്തില്‍ 2016-ലെ തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ പ്രസംഗത്തില്‍ നിന്ന്):
2011-ല്‍ തെരഞ്ഞെടുപ്പിനിറങ്ങുമ്പോ യുഡിഎഫുകാര്‍ പ്രകടനപത്രികയില്‍ പറഞ്ഞു, പത്താംക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ സൈക്കിള്‍ കൊടുക്കും എന്ന്. അഞ്ചുകൊല്ലത്തിനിടെ അഞ്ചുബാച്ചുകള്‍ പത്താംക്ലാസ് കഴിഞ്ഞ് പുറത്തിറങ്ങി. എന്നിട്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലാവധി കഴിയുമ്പോള്‍ സൈക്കിള്‍ കിട്ടിയോ. ഇപ്പോള്‍ യുഡിഎഫിന്റെ പുതിയ മാനിഫെസ്റ്റോയില്‍ പറയുന്നതെന്താന്നറിയ്വോ. ഇനി എട്ടാംക്ലാസ് വരെ പഠിക്കുന്ന പണ്‍കുട്ടികള്‍ക്ക് സൈക്കിള്‍ കൊടുക്കും എന്ന്. അപ്പോ പത്താംക്ലാസുവരെ പഠിച്ച കുട്ടികള്‍ക്കൊക്കെ കൊടുക്കും എന്ന് പറഞ്ഞതെന്തായി.
ഇനിയിപ്പോ രണ്ടാമത്തെ വാഗ്ദാനം പാലിക്കുമ്പോള്‍ ചില പെണ്‍കുട്ടികള്‍ക്ക രണ്ട് സൈക്കിള്‍ കിട്ടില്ലേ. ഒരുസംശയവും വേണ്ട. ആദ്യത്തേത് ഒറ്റകുട്ടിക്കും കിട്ടിയില്ലല്ലോ. അതുപോലെ തന്നെ രണ്ടാമത്തേതും കിട്ടില്ല. കാരണം രണ്ടും ഒറിജിനല്‍ സൈക്കിളല്ല, പ്രകടനപത്രികയിലെ സൈക്കിളാണ്.
തറക്കല്ലുകൊണ്ടൊരു ശവക്കല്ലറ
(തെരഞ്ഞെടുപ്പടുക്കാറായപ്പോള്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭ പുതിയ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും തിരക്കിട്ട് നടത്തി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വിഴിഞ്ഞം, കണ്ണൂര്‍ വിമാനത്താവളം, സ്മാര്‍ട്ട സിറ്റി, തുടങ്ങി വന്‍ പദ്ധതികള്‍ക്കൊപ്പം ചെറുപദ്ധതികളും ഇതില്‍ പെടും. എല്ലാം തറക്കല്ലുകള്‍ മാത്രമാണ് എന്നതായിരുന്നു വിമര്‍ശനം):
ഉമ്മന്‍ചാണ്ടിയിപ്പോ നാടുനീളെ നടന്ന് തറക്കല്ലുകളിടുകയാണ്. അഞ്ചുകൊല്ലമായി ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ ജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ തറക്കല്ലുകളിലൂടെ ചെയ്തു എന്ന വരുത്തിത്തീര്‍ക്കുകയാണ്. ഇപ്പോ എന്താന്നറിയുമോ സ്ഥിതി. ഉമ്മന്‍ചാണ്ടി യാത്ര പോകുമ്പോള്‍ കാറിന്റെ ഡിക്കിയില്‍ നിരവധി കല്ലുകളും ഇട്ടിട്ടാണ് പോകുന്നത്. അങ്ങനെ വഴിനീളെ തറക്കല്ലിടും.
കാറ് വഴിയില്‍ നിര്‍ത്തുക, ഒരു തറക്കല്ലിടുക. വീണ്ടും കാര്‍ മുന്നോട്ടെടുക്കുന്നു, തറക്കല്ലിടുന്നു.. ഇതാണ് പരിപാടി. അങ്ങനെ ഇട്ടിട്ട് കല്ല് മുഴുവനും തീര്‍ന്നു. ഈ തറക്കല്ലുകളുടെ മുകളില്‍ യുഡിഎഫിന് ഒരുശവക്കല്ലറ തീര്‍ക്കാനുള്ള കല്ലുകള്‍ വീണ്ടും ഇട്ടിരിക്കുകയാണ്. കേരളത്തിലെ ജനങ്ങള്‍ ഈ തറക്കല്ലറയ്ക്കു മുകളില്‍ യുഡിഎഫിന്റെ ശവക്കല്ലറ പണിയും എന്ന കാര്യത്തില്‍ ഒരുസംശയവും ഇല്ല.
ഊട്ടിയെന്താ മറ്റെവിടെയെങ്കിലും പോകുമോ?
(നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ പ്രസംഗത്തില്‍ നിന്ന്. ഉറപ്പുള്ള സീറ്റുകളില്‍ എന്തായാലും ജയിക്കുമെന്ന ഉറപ്പില്‍ പാര്‍ട്ടിക്കാര്‍ പ്രചാരണകാലത്ത് അലസരാകുന്നതിനെതിരെ):
നമ്മളില്‍ ചിലര്‍ തെരഞ്ഞെടുപ്പുകാലത്ത് ചില തീരുമാനങ്ങളെടുത്തുകളയും. ചെലസ്ഥലത്ത് നിന്നാല്‍ തീരെ ജയിക്കൂല. ചെലസ്ഥലത്തെന്താ ജയം ഒറപ്പ്. നമ്മളില്ലെങ്കിലും ജയിക്കും. അതുകൊണ്ട് നമുക്ക് വേറെ ടൂറിന് പോകാം എന്ന് ചിന്തിച്ചിരിക്കുന്ന ചില വിദ്വാന്മാര്‍ പല സ്ഥലത്തുമുണ്ട്. അതുകൊണ്ട് ടൂറൊക്കെ ഇലക്ഷന്‍ കഴിഞ്ഞിട്ട് മതി.
ചെലര്‍ പറയും വേളാങ്കണ്ണിക്ക് പോകാം മറ്റുചിലര്‍ പറയും ഊട്ടിക്ക് പോകാം, മൈസൂര് പോകാം.. എന്നൊക്കെ. അതിനൊന്നും ധൃതി വേണ്ട. ഇലക്ഷന്‍ കഴിഞ്ഞിട്ട് കണ്ടാപോരേ ഊട്ടി. ഊട്ടിയെന്താ മറ്റെവിടെയെങ്കിലും പോകുമോ. അവിടെ തന്നെ കാണില്ല. എന്നാല്‍ ഇലക്ഷന്‍ പിന്നീട് കാണില്ല.
ഇങ്ങനെയുള്ള സങ്കല്‍പ്പത്തില്‍ ഇലക്ഷന്‍ ദിവസം ടൂറിന് പോയാല്‍ എന്താകും അവസ്ഥ. 187 വോട്ടിന് ജയിക്കുന്ന മണ്ഡലത്തില്‍ നിന്ന് 200 ആള് ടൂറ് പോയാല്‍ പോരേ. സീറ്റ്പോയില്ലേ. ഇലക്ഷന് ശേഷം തോറ്റുകഴിഞ്ഞിട്ട് ആളുകള്‍ പറയും. ഓ ഒന്ന് ചെറ്ങ്ങനെ ശ്രദ്ധിച്ചിരുന്നെങ്കില്‍ കിട്ട്വാരുന്നു. പിന്നെ പറഞ്ഞിട്ട് വല്ല കാര്യോണ്ടോ. അതുകൊണ്ട് പണിയെടുക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഇപ്പോ പണിയെടുക്കണം. അതുകൊണ്ട് എല്ലാരും ടൂറിന്റെ ടിക്കറ്റൊക്കെ ക്യാന്‍സല്‍ ചെയ്തോ. തെരഞ്ഞെടുപ്പില്‍ ശ്രദ്ധിച്ചോളുക
വിശ്രമാസനം. അതവസാനം ശവാസനമായി...
(2015-ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ജുണ്‍ 21 അന്തര്‍ദേശീയ യോഗദിനമായി പ്രഖ്യാപിച്ചു. യോഗ ദിനത്തില്‍ പ്രധാനമന്ത്രി മുതല്‍ വിവിധ മന്ത്രിമാരും ഓഫീസര്‍മാരും വരെ വിവിധയിടങ്ങളില്‍ യോഗദിനത്തിന് നേതൃത്വം കൊടുത്തു. കൊച്ചിയില്‍ അന്നത്തെ റെയില്‍ വേമന്ത്രിയായിരുന്ന സുരേഷ് പ്രഭുവായിരുന്നു മുഖ്യഅതിഥി. മന്ത്രി വിവിധ ആസനങ്ങളിലേക്ക് കടക്കുമ്പോള്‍ അതുവഴിയങ്ങ് ഉറങ്ങിപ്പോയി. ഈ സാഹചര്യത്തിലാണ് സിപിഐഎം നടത്താറുള്ള ആയോധനകലകളുടെ പരിശീലന ക്ലാസില്‍ കോടിയേരി പ്രസംഗിച്ചത്. ആ പ്രസംഗത്തില്‍ നിന്ന്):
യോഗ എന്നുപറഞ്ഞാല്‍ ഇന്ത്യയുടേതാണ്. വളരെ ശ്രദ്ധയോടെ ചിട്ടയോടെ ചെയ്യേണ്ട ഒന്നാണ് യോഗ. ബിജെപി ഭരണത്തില്‍ വന്നേപ്പിനെ, യോഗാന്ന് പറഞ്ഞാ ചിലരുടെ ധാരണ നരേന്ദ്രമോദീന്റ്യാന്നാ. അതിന്റെ മാഹാത്മ്യം നമ്മള്‍ യോഗ ദിനത്തില്‍ കണ്ടു. യോഗ പഠിപ്പിക്കാന്‍ കൊച്ചീല് വന്നൊരു കേന്ദ്രമന്ത്രി കിടന്നിട്ടൊരു ആസനം കാണിക്കുന്നതിനിടെ ഒറങ്ങിപ്പോയി. വിശ്രമാസനം. അതവസാനം ശവാസനമായി.
ചെയ്യുന്നത് ആസനത്തില്‍ പെട്ടവയാണെങ്കില്‍ കൃത്യമായി പഠിച്ച് ചെയ്യണം. അല്ലെങ്കില്‍ ഇങ്ങനെ സംഭവിക്കും. ആസനം കാണിക്കാന്‍ കിടക്കും. അതുവഴിയങ്ങ് ഉറങ്ങിപ്പോകും. അതുകൊണ്ട് ശാസ്ത്രീയമായി പഠിക്കണം. എന്നാലേ ശരീരം മെച്ചപ്പെടൂ. മുദ്രാവാക്യം മാത്രം വിളിച്ചതുകൊണ്ട് കാര്യമില്ല. കേന്ദ്രമന്ത്രിയെ പോലെ പഠിച്ചുറങ്ങിയതുകൊണ്ടും കാര്യമില്ല. ആയോധനവിദ്യകള്‍ ചിട്ടയോടെ തന്നെ പഠിക്കണം.
മദ്യപിക്കാന്‍ കോട്ടും സൂട്ടും
(2014 -ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഫൈവ് സ്റ്റാറിന് താഴെയുള്ള ബാറുകള്‍ നിരോധിച്ചിരുന്നു. സാധാരണക്കാരനും ഇനി മദ്യപിക്കാന്‍ ഫൈവ് സ്റ്റാറുകളില്‍ പോകേണ്ട അവസ്ഥയുണ്ടായി. ഈ സാഹചര്യത്തില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്)
ഫൈവ് സ്റ്റാറില്‍ പോയി കുടിച്ചാല്‍ കുടിയല്ല എന്നാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കണ്ടുപിടിച്ചിരിക്കുന്നത്. ഫൈവ് സ്റ്റാറില്‍ പോയി കുടിച്ചാല്‍ സമ്പൂര്‍ണമദ്യനിരോധനം. ഫോര്‍ സ്റ്റാറിലോ ത്രീസ്റ്റാറിലോ അതിന് താഴെയോ പോയി കുടിച്ചാല്‍ മദ്യപാനം. ഇതാണ് കെ ബാബുവിന്റെ വിചിത്രമായ മദ്യനയം. അതുകൊണ്ടാണ് നാലു സ്റ്റാറുകളും പൂട്ടി മുന്തിയ സ്റ്റാറായ ഫൈവ്സ്റ്റാറില്‍ മാത്രം മദ്യം മതിയെന്ന് തീരുമാനിച്ചത്.
ഫൈവ് സ്റ്റാറില്‍ പോയി കുടിച്ചാല്‍ കുടിയല്ല എന്നതാണ് കണ്ടുപിടിത്തം. അതുകൊണ്ട് ഇനി മദ്യം കുടിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് ഫൈവ്സ്റ്റാറില്‍ പോകണം. ഫൈവ്സ്റ്റാറില്‍ പോണമെങ്കില്‍ വെറുതെയങ്ങ് പോകാന്‍ പറ്റില്ല. നല്ല കോട്ടും സൂട്ടുമൊക്കെ ഇട്ടിട്ട് പോണം. ഫൈവ് സ്റ്റാറല്ല, അവിടെ പോകുന്നവന് ഡ്രസ് കോഡുപോലും ഉണ്ടല്ലോ. അതുകൊണ്ട് മദ്യപിക്കുന്നവന് എന്തൊക്കെ വേണം. ഒരു പാന്റ് വാങ്ങണം. ഒരു കോട്ട് വാങ്ങണം. കാരണം ഫൈവ്സ്റ്റാറില്‍ ഒന്ന കയറിക്കിട്ടണ്ടേ. അതുകൊണ്ട, അടുത്ത കൊല്ലം മുതല്‍ മദ്യപിക്കുന്നവന് പുതിയ ഡ്രസ് കോഡ് വേണം.
ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കയറാന്‍ സാദാഡ്രസ്സൊന്നും പോര. ചെലയിടത്ത് മുണ്ടുടുത്താ കയറ്റൂല. ഇന്നലെ ചെന്നൈയില്‍ കണ്ടില്ലേ, ഒരു ക്ലബ്ബില്‍ ഒരു ജഡ്ജി മുണ്ടുടുത്തുകയറി. അയാളെ പിടിച്ച് പുറത്താക്കി. അതാണ് ഇത്തരം ഹോട്ടലുകളിലെ സ്ഥിതി. കുടി തുടരാന്‍ ഉദ്ദേശിക്കുന്ന ആളുകള്‍ ഫൈവ്സ്റ്റാറിലേക്ക് പോകാന്‍ ഇപ്പോഴേ പാന്റ് തുന്നിക്കോളണം.
കക്കൂസുണ്ടോ, ദാരിദ്ര്യമില്ല
(2015-ല്‍ കേന്ദ്രസര്‍ക്കാര്‍ ദാരിദ്ര്യരേഖ നിശ്ചയിക്കുന്നതിന് പുതിയ മാനദണ്ഡം കൊണ്ടുവന്നു. ആദിവാസി പിന്നോക്കക്കാര്‍ക്ക് ദോഷകരമാകാനിടയുള്ള പുതിയ മാനദണ്ഡങ്ങള്‍ വലിയ പ്രതിഷേധത്തിനിടയാക്കി. പലതും പിന്നീട് പിന്‍വലിക്കേണ്ടി വന്നു. അക്കാലത്തെ ഒരു പ്രതിഷേധത്തിനിടെ നടത്തിയ പ്രസംഗം)
മന്‍മോഹന്‍ സിംഗും ഉമ്മന്‍ചാണ്ടിയും ദാരിദ്ര്യമുണ്ടോ എന്ന തീരുമാനിക്കുന്നതെങ്ങനെയാ. വീട്ടില്‍ കക്കൂസുണ്ടെങ്കില്‍ സകല ദാരിദ്ര്യവും പോയി എന്നതാണ് അവരുടെ പുതിയ നയം. 2500 ആദിവാസി വീടുകളിലാണ് കക്കൂസ് പണിതത്. പണിതുകഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. ദാരിദ്ര്യരേഖയ്ക്ക് താഴെയും മുകളിലുമാക്കാന്‍ കക്കൂസ് ഒരു മാനദണ്ഡമാക്കാം എന്ന്. അതുകൊണ്ടിപ്പോ കക്കൂസുളള വീട്ടുകാരൊക്കെ ആരായി. എപിഎല്ലായി.
നിങ്ങളാരെങ്കിലും കക്കൂസില്‍ പോയി തൂറുന്നുണ്ടോ, എപിഎല്ലായി. നമ്മുടെ നാട്ടില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ആളുകളെ തീരുമാനിക്കുന്ന, ഈ ഉമ്മന്‍ചാണ്ടിയുടെയും മന്‍മോഹന്‍സിംഗിന്റെയും രേഖ വരക്കുന്ന പരിപാടി മനസ്സിലായില്ലേ. കക്കൂസില്‍ പോകുന്നോന് ദാരിദ്ര്യമില്ല. കക്കൂസില്‍ പോകാത്തോന് ദാരിദ്ര്യം. ഇതെന്തൊരു നയമാണ്. ഇതെവിടത്തെ നയമാണ്?
ഉമ്മന്‍ചാണ്ടിയുടെ വീടിന് രണ്ടു ലക്ഷം രൂപയാണോ?
(പട്ടികജാതിവിഭാഗക്കാര്‍ക്ക് വീട് പണിയാന്‍ 2 ലക്ഷം രൂപയാണ് സര്‍ക്കാര്‍ കൊടുക്കുന്നത്. ഇത് അഞ്ചുലക്ഷമാക്കണമെന്നാവശ്യപ്പെട്ട് 2015-ല്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ വിവിധ സംഘടനകള്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ നിന്ന്):
സാധാരണ പറയില്ലേ, കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്ന്. കരഞ്ഞിട്ട് തന്നെ പാലുകിട്ടാത്ത കാലമാണ്. സാധാരണ സമരം പോലും ശ്രദ്ധിക്കാത്ത കാലമാണ്. അതുകൊണ്ട് ഇനി ഇങ്ങനെ ഇരുന്നിട്ടുള്ള സമരമൊന്നും പോര. കിടന്നിട്ട് സമരം ചെയ്യേണ്ടി വരും. സര്‍ക്കാരിന്റെ ശ്രദ്ധപിടിച്ചുപറ്റുന്ന സമരം.
സാധാരണ സമരങ്ങളൊന്നും ശ്രദ്ധിക്കുന്ന ഗവണ്‍മെന്റല്ല, ഈ കേരളം ഭരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അടിയന്തിരമായി ഇത് അഞ്ചുലക്ഷം ഉറുപ്പികയായി വര്‍ദ്ധിപ്പിക്കണം. അഞ്ചു ലക്ഷമൊന്നും പോര. എന്റെ അഭിപ്രായം പത്ത് ലക്ഷം കൊടുക്കണം എന്നാണ്. നിങ്ങളാവശ്യപ്പെട്ടിരിക്കുന്നത് അഞ്ചു ലക്ഷായതുകൊണ്ട് ഞാന്‍ അത് ആവശ്യപ്പെടുന്നു എന്നേയുള്ളൂ. എന്നാല്‍ പത്ത് ലക്ഷങ്കിലും കിട്ടിയാലേ വാസയോഗ്യമായ ഒരുവീട് ഇന്നത്തെ കാലത്തുണ്ടാക്കാന്‍ പറ്റൂ. ഇവിടെ ബാക്കിയുള്ളവരൊക്കെ താമസിക്കുംപോലത്തെ വീട് പട്ടികജാതിക്കാര്‍ക്കും വേണ്ടേ?
പട്ടികജാതിക്കാരായതുകൊണ്ട് രണ്ടുലക്ഷത്തിന്റെ വീട് മതി എന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. ഉമ്മന്‍ചാണ്ടീന്റെ വീടിന് എത്ര പൈസയുണ്ട്. രണ്ടുലക്ഷത്തിന്റെ വീട്ടിലാണോ ഉമ്മന്‍ചാണ്ടി കിടക്കുന്നത്. അപ്പോ ഉമ്മന്‍ചാണ്ടിക്ക് രണ്ടുലക്ഷത്തിന്റെ വീട്ടില്‍ കിടന്നൂടാ. പട്ടികജാതിക്കാരന്‍ രണ്ടുലക്ഷത്തിന്റെ വീട്ടില്‍ കിടന്നാ മതി. ഇത് ന്യായമാണോ?
ശ്രീകൃഷ്ണന്‍ ബിജെപിയുടെ നേതാവോ?
(ബിജെപി ആര്‍എസ്എസ് സംഘടനകള്‍ അവരുടെ അടിത്തറ വളര്‍ത്താന്‍ മതവിശ്വാസത്തെ പലപ്പോഴും ഉപയോഗിക്കാറുണ്ട്. ഹൈന്ദവ ദൈവങ്ങളുടെ ജന്മദിനവും മറ്റും ആഘോഷിക്കുന്നത് ഇതിന്റെ ഭാഗമാണ്. ബിജെപിയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്കുവഹിച്ച ശ്രീരാമനും ശ്രീകൃഷ്ണജയന്തിയും ശോഭായാത്രകളും മറ്റും ഇതിന് ഉദാഹരണമാണ്. ഇത്തരത്തിലുള്ള രീതികള്‍ക്കെതിരായ കോടിയേരിയുടെ നിലപാട്):
എല്ലാ ഹിന്ദുദൈവങ്ങളും ഇപ്പോള്‍ ബിജെപിയുടെ നേതാക്കന്മാരെ പോലെയാണ്. അവര്‍ അങ്ങനെയാണ് പ്രചാരണപരിപാടി നടത്തുന്നത്. കഴിഞ്ഞ ദിവസം കേരളം മുഴുവന്‍ ശ്രീകൃഷ്ണജയന്തിയാഘോഷിച്ചു. അഷ്ടമിരോഹിണി ബിജെപി നേതാവിന്റെ ദിനം ആചരിക്കുന്നതുപോലെയായിരുന്നു. ശ്രീകൃഷ്ണ അഷ്ടമിരോഹിണി ആഘോഷം. നമ്മുടെ പാര്‍ട്ടി എകെജി ദിനം ആചരിക്കുന്നതുപോലെ, ഇഎംഎസ് ദിനാചരണം പോലെ. ശ്രീകൃഷ്ണനും ബിജെപിയും തമ്മില്‍ എന്താ ബന്ധം. ശ്രീകൃഷണന്‍ ഉണ്ടായി എന്ന് പറയുന്ന കാലത്ത് ബിജെപി എന്ന പാര്‍ട്ടിയുണ്ടോ. 1980-ലല്ലേ ബിജെപി ഉണ്ടായത്. അതല്ല ആര്‍എസ്എസാണെങ്കിലോ 1925-ലല്ലേ ഉണ്ടായത്. എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായി എന്നുപറയുന്ന ശ്രീകൃഷ്ണന്‍ എങ്ങനെയാണ് ബിജെപിയുടെ നേതാവായി മാറിയത്. ശ്രീകൃഷ്ണന്റെ പേര് പറഞ്ഞ് ആളുകളെ ഇളക്കിവിട്ട് വിശ്വാസികളായ ഹിന്ദുക്കളെ പറ്റിക്കാനുള്ള തട്ടിപ്പാണിത്.
ശ്രീകൃഷണജയന്തിക്ക് ഇവര്‍ വീടുകളില്‍ പോയി അമ്മമാരോട് പറയും. ''കുട്ടിയെ ഞങ്ങക്ക് ഒന്ന വിട്ടുതരണം, ശ്രീകൃഷ്ണന്റെ വേഷം കെട്ടാന്‍. ''
അമ്മമാര് വിചാരിക്കും. ഒരുദിവസമെങ്കിലും എന്റെ മകന്‍ ശ്രീകൃഷ്ണനാകട്ടെ. അങ്ങനെ കുട്ടിയെ വേഷം കെട്ടി റോട്ടിലിറക്കും. മകന്‍ വേഷം കെട്ടി നടക്കുന്നത് കാണാന്‍ അമ്മമാര്‍ റോട്ടിലിറങ്ങും. എല്ലാം കഴിഞ്ഞാല്‍ വേഷം കെട്ടിയ ഈ കുട്ടിയെ പിന്നെ കാണുന്നത് എവിടെയാ. ആര്‍എസ്എസിന്റെ ശാഖയിലാണ്. അവിടെ എത്തിക്കഴിഞ്ഞാല്‍ അവന്റെ കൈയില്‍ ദണ്ഡ് കൊടുക്കും. പിന്നെ കത്തി കൊടുക്കും. പിന്നെ ബോംബായി.
ശ്രീകൃഷ്ണന്‍ എപ്പോഴെങ്കിലും ബോംബുപയോഗിച്ചിട്ടുണ്ടോ. ശ്രീകൃഷ്ണന്‍ ദണ്ഡ് പിടിച്ചിട്ടുണ്ടോ. ശ്രീകൃഷ്ണന്റെ വേഷം കെട്ടിനടന്ന കുട്ടികള്‍ പിന്നീട് ദണ്ഡു പിടിച്ച് നടന്നുപോകുന്നത് കാണുമ്പോള്‍ ആളുകള്‍ വിചാരിക്കും. ആഹാ ഇത് ശ്രീകൃഷ്ണന് എന്തോ ബന്ധമുള്ള പരിപാടിയാണ് എന്ന്. അങ്ങനെ ശ്രീകൃഷണന്റെ പേര് പറഞ്ഞ് ശ്രീകൃഷ്ണ ഭക്തന്മാരെ ആകര്‍ഷിക്കാനാണ് ഇമ്മാതിരി പരിപാടികളുമായി ഇവര്‍ നടക്കുന്നത്. ശ്രീകൃഷ്ണ ഭക്തന്മാരായാല്‍ ക്ഷേത്രത്തില്‍ പോയാല്‍ പോരെ. ശാഖയില്‍ പോണോ.
പനി വന്നത് താറാവുകള്‍ വെള്ളത്തില്‍ കളിക്കുന്നതുകൊണ്ടല്ലേ..
(2014-ല്‍ കേരളത്തില്‍ പലവിധ പനികള്‍ നിറഞ്ഞാടിയ വര്‍ഷമായിരുന്നു. ഡങ്കിപ്പനി, എലിപ്പനി, കുരങ്ങുപനി തുടങ്ങി പക്ഷിപ്പനിവരെ രൂക്ഷമായി. താറാവുകള്‍ക്ക് പക്ഷിപ്പനി വന്ന് കുട്ടനാട്ടിലടക്കം കൂട്ടത്തോടെ താറാവുകളെ കൊന്നൊടുക്കി. താറാവ് കര്‍ഷകര്‍ പട്ടിണിയിലായി. എന്നാല്‍ ഒരു പനിക്കും എതിരായ പ്രതിപ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് ഫലവത്തായില്ലെന്ന് സര്‍ക്കാര്‍ വിമര്‍ശനം കേള്‍ക്കേണ്ടി വന്നു.)
ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍ ആരോഗ്യരംഗത്തുപോലും അരാജകത്വമാണ്. കേരളത്തിലങ്ങോളമിങ്ങോളം വ്യാപകമാകുന്ന വിവിധ തരം പനി തന്നെ നോക്കൂ. ഇതുവരെ കേള്‍ക്കാത്ത വിവിധ തരത്തിലുള്ള പുതിയ പുതിയ പനി വന്നുകൊണ്ടിരിക്കുകയാണ്. എലിപ്പനി, ഡെങ്കിപ്പനി, കൊതുകുപനി ഇപ്പഴാണെങ്കില്‍ പക്ഷിപ്പനി. ഈ അടുത്ത ദിവസം കണ്ടു കുരങ്ങ് പനിയും എത്തിയെന്ന്.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ കുരങ്ങിന് പോലും പനിക്കാന്‍ തുടങ്ങി. ഇതിന് മുമ്പ് ഇങ്ങനെയൊരു പനിയെ കുറിച്ച് കേട്ടിട്ടുണ്ടോ. ഇനി ഇതിനെയെല്ലാം സര്‍ക്കാര്‍ നേരിടുന്നതെങ്ങനെയാ. പക്ഷിപ്പനിയെ കുറിച്ച് നിയമസഭയില്‍ പ്രശ്നമുയര്‍ത്തി. പക്ഷിയുടെ മന്ത്രി കെപി മോഹനനാണ്. പക്ഷിയുടെ മന്ത്രി കെപി മോഹനനന്‍ പറഞ്ഞ മറുപടി എന്താന്നോ: ''നാട്ടില്‍ എന്തൊക്കെ പക്ഷികളുണ്ട്. എല്ലാ പക്ഷികള്‍ക്കും പനി വന്നില്ലല്ലോ. അതില്‍ ഈ താറാവിന് മാത്രല്ലേ പനി വന്നുള്ളൂ. താറാവ് വെള്ളത്തില്‍ പോയി കളിക്കുന്നോണ്ടല്ലേ പനി വന്നത്.''
പക്ഷിപ്പനിയുടെ കാര്യത്തില്‍ ഒരുമന്ത്രി സ്വീകരിക്കേണ്ട സമീപനമാണോ മോഹനന്‍ സ്വീകരിച്ചത്.
ആദ്യം നരേന്ദ്രമോദി ചെയ്ത് കാണിക്കണ്ടേ..?
(ഹിന്ദുസ്ത്രീകളെല്ലാം നാല് കുട്ടികളെ പ്രസവിക്കണം എന്ന ബിജെപി എം പി സാക്ഷിമഹാരാജിന്റെ ആഹ്വാനം വലിയ വിവാദമുയര്‍ത്തുകയുണ്ടായി. മതത്തിന്റെ വളര്‍ച്ചയ്ക്ക് ഇത്തരം നടപടികള്‍ ആവശ്യമാണെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു സാക്ഷിമഹാരാജിന്റെ പ്രസ്താവന. ഇതിനെതിരായ പ്രസംഗത്തില്‍ നിന്ന്):
ഹിന്ദുസ്ത്രീകള്‍ നാല് പ്രസവിക്കണം എന്ന് രാജ്യം ഭരിക്കുന്ന ബിജെപി എംപി സാക്ഷി മഹാരാജ് പറയുമ്പോള്‍ അതിന് പിന്നില്‍ മറ്റുപലതും ഒളിഞ്ഞിരിപ്പുണ്ട്. മതസ്പര്‍ദ്ധയുണ്ടാക്കാനുള്ള ആര്‍എസ്എസിന്റെ ആഹ്വാനമാണിത്. അങ്ങനെയാണെങ്കില്‍ ആര്‍എസ്എസിന്റെ ഈ തീരുമാനം നടപ്പാക്കേണ്ടത് ആര്‍എസ്എസിന്റെ പ്രചാരകനായ പ്രധാനമന്ത്രി നരേന്ദ്രമോദിയല്ലേ. നരേന്ദ്രമോദിയുടെ ഭാര്യ ഇപ്പോള്‍ എവിടെയാണ്.
നരേന്ദ്രമോദി ദില്ലിയിലും ഭാര്യ അഹമ്മദാബാദിലും. സ്വന്തം ഭാര്യയെ പോലും വീട്ടില്‍ താമസിപ്പിക്കാത്ത പ്രധാനമന്ത്രിമാരുടെ പാര്‍ട്ടിക്കാരാണ് പറയുന്നത്, ഹിന്ദുസ്ത്രീകള്‍ നാല് പ്രസവിക്കണം എന്ന്.
സ്റ്റേയില്‍ ജീവിക്കുന്ന സര്‍ക്കാര്‍
(2011-ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭ തുടക്കകാലം മുതല്‍ തന്നെ പലവിധ കേസുകളില്‍ പെട്ടുഴലുകയായിരുന്നു. ഏറ്റവും ഒടുവില്‍ ബാര്‍കോഴ, സോളാര്‍, കേസുകളിലേക്ക് വഴുതി വീണു. പലപ്പോഴും കീഴ്ക്കോടതികളുടെ വിധി വരുമ്പോള്‍ രാജിവയ്ക്കാതെ മേല്‍ക്കോടതികളില്‍ നിന്ന് സ്റ്റേ വാങ്ങിയാണ് നിലനിന്നിരുന്നത്. കെഎം മാണി, കെ ബാബു, ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ സ്റ്റേകള്‍ വാങ്ങിയവരില്‍ പെടും)
ഈ സര്‍ക്കാര്‍ സ്റ്റേ സര്‍ക്കാരാണ്. കേസുകളില്‍ പെടുമ്പോള്‍ മേല്‍ക്കോടതിയില്‍ പോയി സ്റ്റേവാങ്ങി നിലനില്‍ക്കുന്ന സര്‍ക്കാര്‍. കെഎം മാണി കുറേ സ്റ്റേകള്‍ വാങ്ങി വാങ്ങി, ഒടുവില്‍ സ്റ്റേയ്ക്ക് വഴങ്ങാത്ത ഘട്ടത്തില്‍ ബാര്‍കോഴക്കേസില്‍ പെട്ട് രാജിവച്ചു. എന്നാല്‍ കെ ബാബുവിനെതിരായ കോഴക്കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടു. തുടര്‍ന്ന് ഹൈക്കോടതിയില്‍ പോയി സ്റ്റേ വാങ്ങി. ആ സ്റ്റേയുടെ ബലത്തിലാണ് ബാബു മന്ത്രിയായി തുടരുന്നത്. പക്ഷേ ഈ സ്റ്റേ വെക്കേറ്റ് ചെയ്യാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് കഴിയും. ഹൈക്കോടതി സ്റ്റേ വെക്കേറ്റ് ചെയ്യാന്‍ തൃപ്പൂണിത്തുറയിലെ ജനങ്ങള്‍ക്ക് മെയ് 16ാം തിയതി കഴിയും.
ബാബു സ്വന്തം സ്റ്റേയെ കുറിച്ച് ആലോചിച്ചിരിക്കുമ്പോഴാണ് ഹൈക്കോടതി ഉമ്മന്‍ചാണ്ടിക്കും ഒരു സ്റ്റേ കൊടുത്തത്. വിജിലന്‍സ് കോടതി ഉമ്മന്‍ചാണ്ടിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട കേസില്‍ ഒരു സ്റ്റേ. ഈ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒരു സ്റ്റേ ഗവണ്‍മെന്റാണ് പണ്ടൊരിക്കില്‍ ഇവിടെ ഒരു കാസ്റ്റിംഗ് മന്ത്രിസഭയുണ്ടായിരുന്നു. അതുപോലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്റ്റേ സര്‍ക്കാരായി തീര്‍ന്നു. എന്നാല്‍ ഈ സ്റ്റേകളെല്ലാം ഒരുമിച്ച് മെയ് 19ാം തീയതി വോട്ടെണ്ണുമ്പോള്‍ ജനം സര്‍ക്കാരിന് തന്നെ സ്റ്റേ കൊടുക്കും. മെയ് 19 ഇകെ നായനാര്‍ ജന്മദിനമാണ്. ആ നല്ല ദിവസം ജനത്തിന്റെ സ്റ്റേ വാങ്ങിച്ച് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പുറത്തേക്ക് ഇറങ്ങിപ്പോകും.
ബിയറും വൈനും ചേര്‍ത്ത് കുലുക്കിയുണ്ടാക്കുന്ന മദ്യം
(2014-ല്‍ പുതിയ മദ്യനയം പ്രഖ്യാപിച്ചതോടെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രമായി മദ്യവില്‍പ്പന തുടങ്ങി. അതേ സമയം പൂട്ടിയ ബാറുകള്‍ക്ക് ബിയര്‍ വൈന്‍ പാര്‍ലര്‍ ലൈസന്‍സ് കൊടുക്കുകയും ചെയ്തു. മദ്യംകിട്ടാതായ കുടിയന്മാര്‍ക്കായി ബിയറും വൈനും ചേര്‍ത്തുള്ള പുതിയ മിശ്രിതം കിട്ടിത്തുടങ്ങിയതായി വാര്‍ത്തകള്‍ വന്നു. ഈ സാഹചര്യത്തില്‍ നടത്തിയ പ്രസംഗം):
ഉമ്മന്‍ചാണ്ടിയും സുധീരനും പറയുന്നത് കുടിക്കുന്ന ആളുകള്‍ക്ക് കുറച്ച് സ്റ്റാന്‍ഡേര്‍ഡ് വേണം എന്നാണ്. കുടിക്കുന്നതില്‍ വിരോധമില്ല. കുടിക്കുന്നെങ്കില്‍ ഫൈവ്സ്റ്റാറില്‍ പോയി കുടിക്കണം. ഇതാണ് യുഡിഎഫിന്റെ പുതിയ മുദ്രാവാക്യം. എന്നിട്ട് ടു സ്റ്റാറിലും ത്രീ സ്റ്റാറിലും ഫോര്‍സ്റ്റാറിലും ബിയര്‍ വില്‍ക്കാനും വൈന്‍ വില്‍ക്കാനും അനുമതി കൊടുത്തു.
ഇപ്പോ ബാറുകാര് പറയുന്നത്, ''ഞങ്ങക്കിനി സ്റ്റാര്‍ കച്ചോടവും ബാര്‍ലൈസന്‍സും ഒന്നും വേണ്ട. ഈ ബിയറും വൈനും മതി'' എന്നാണ്.
കാരണമെന്താന്നറിയുമോ. ബാറുകാര്‍ ഇപ്പോള്‍ അവര്‍ക്ക് ലഭ്യമായ സാധനങ്ങള്‍വച്ച് പുതിയൊരു മിശ്രിതം ഉണ്ടാക്കി വില്‍ക്കാന്‍ തുടങ്ങി. അത് ഈ ബിയറും വൈനും സമാസമം ചേര്‍ത്ത് ഒന്ന് കുലുക്കുക. അപ്പോള്‍ ബ്രാണ്ടീനെക്കാളും വീര്യമായി. വിസ്‌കീനെക്കാളും വീര്യം കിട്ടുമത്രെ. മദ്യനയം നടപ്പായതിന് ശേഷം കുടിയന്മാര്‍ പറയുന്നു.
''ഇനി ബ്രാണ്ടീം വേണ്ട, വിസ്‌കീം വേണ്ട, നമ്മക്കിത് മതീന്ന്്. അതായത് ഈ ബിയറും വൈനും ഒന്നിച്ച് ചേര്‍ക്കുക, ഒന്നിളക്കുക, കുടിക്കുക. അപ്പോള്‍ കുടിക്കുന്നവനും സുഖം ബാറുടമകള്‍ക്കും സുഖം. കുടിക്കുന്നവന വീര്യത്തിന്റെ സുഖം. ബാറുകാര്‍ക്ക് കോടിക്കണക്കിന് ഉറുപ്പിക കൊയ്യുന്നതിന്റെ സുഖം.
സര്‍ക്കാരിന് പക്ഷേ ഒറ്റക്കണ്ടീഷന്‍ മാത്രം. ബാറുടമസ്ഥന്മാരാരും ബാര്‍കോഴക്കേസില്‍ സര്‍ക്കാരിനെതിരെ മൊഴികൊടുക്കാന്‍ പാടില്ല എന്ന്. ഇതാണ് ഉമ്മന്‍ചാണ്ടിയുടെ മദ്യനിരോധനം.
മൂലവെട്ടി മുതല്‍ മണവാട്ടി വരെ
(അശാസ്ത്രീയ മദ്യനിരോധനം പ്രായോഗികമല്ല എന്നത് സിപിഐഎമ്മിന്റെ നയമാണ്. മദ്യനിരോധനനയം പ്രഖ്യാപിച്ചതിന് പിന്നാലെ വ്യാജമദ്യം വ്യാപകമായി ഇറങ്ങാന്‍ ഇടയുണ്ട് എന്നതിന് മുന്നനുഭവങ്ങളും ഉണ്ട്. യുഡിഎഫ് സര്‍ക്കാര്‍ 2014-ല്‍ നടപ്പാക്കിയ മദ്യനയവും ബാറടക്കലും അശാസ്ത്രീയമാണ് എന്ന് വിമര്‍ശിക്കപ്പെട്ടിരുന്നു. മദ്യനിരോധനം നിലവിലുള്ള അട്ടപ്പാടിയിലെ അനുഭവം മുന്‍നിര്‍ത്തി ഇക്കാര്യം കോടിയേരി വിശദീകരിക്കുന്നു):
മദ്യനിരോധനം വിജയകരമാണോ. അശാസ്ത്രീയമായ മദ്യനയം നടപ്പാക്കിയ ഇടങ്ങളിലൊക്കെ വ്യാജമദ്യ ദുരന്തമുണ്ടായിട്ടുണ്ട്. നിങ്ങള്‍ മദ്യനിരോധനം നടപ്പാക്കിയ അട്ടപ്പാടിയിലേക്ക് നോക്കുക. അവിടെ പോയാല്‍ ഒറ്റ ഫൈവ് സ്റ്റാറില്ല, ടുസ്റ്റാറില്ല, ബിവറേജസില്ല, ഒറ്റക്കള്ളുഷാപ്പില്ല. പക്ഷേ അവിടെ പോയാല്‍, ലോകത്ത് കിട്ടുന്ന ഏത് മദ്യവും കിട്ടും. പേര് മാറ്റി ചില വ്യാജരൂപത്തിലാണ് സാധനം വില്‍ക്കുക എന്നുമാത്രം. ഇമ്മാതിരി ചില മദ്യങ്ങളുടെ പേര് ഞാന്‍ ഈയിടെ കേട്ടു.
അവിടെ വില്‍ക്കുന്ന ഒരു മദ്യത്തിന്റെ പേരാണ് ആനമയക്കി. അതടിച്ചാല്‍ ആന മയങ്ങിക്കിടക്കുന്നതുപോലെ കിടക്കും. മറ്റൊന്നിന്റെ പേര് മണവാട്ടി. അതുകുടിച്ചാല്‍ പിന്നെ മണവാട്ടി തന്നെയായിമാറും. വേറൊന്ന് മൂലവെട്ടിയാണ്. പ്ലാസ്റ്റിക് കവറില്‍ വ്യാജചാരായം അതിന്റെ മൂലവെട്ടുക, വായിലൊഴിച്ചുകൊടുക്കുക. അടുത്തതിന്റെ പേരാണ് റബ്ബര്‍ ട്യൂബ്. വില്‍ക്കുന്നവിനെയും മനസ്സിലാകില്ല. കുടിക്കുന്നവനെയും മനസ്സിലാകില്ല. വില്‍ക്കുന്നവന്‍ ശരീരം മുഴുവന്‍ റബ്ബര്‍ ട്യൂബ് ചുറ്റിവച്ചിട്ടുണ്ടാകും. എന്നാല്‍ അതിന് മുകളില്‍ നമ്മളെ പോലെ നല്ല ഷര്‍ട്ടൊക്കെ ഇട്ടിട്ടായിരിക്കും ആള് നടക്കുക.
സാധനം വേണ്ടുന്നവന്റെ വായിലേക്ക് ഷര്‍ട്ടിനുള്ളിലെ ട്യൂബിന്റെ ഒരു തലയങ്ങ് വച്ചുകൊടുക്കും. നൂറ് മില്ലി വേണ്ടവന് വേണ്ടി ഒരൊറ്റക്കുത്ത് ഇരുന്നൂറ് വേണ്ടവന് രണ്ട് കുത്ത്. കുടിക്കുന്നവനും സുഖം വില്‍ക്കുന്നവനും സുഖം. ഇത് വില്‍ക്കുന്നതെവിടെയാ ഉമ്മന്‍ചാണ്ടി ഭരിക്കുന്ന ഈ കേരളത്തില്‍. അട്ടപ്പാടിയില്‍ അത് ഇതുവരെ നിയന്ത്രിക്കാന്‍ കഴിയാത്ത ഈ സര്‍ക്കാരാണ് കേരളം മുഴുവന്‍ ഇമ്മാതിരി പരിപാടിക്കായി തുറന്നുകൊടുത്തിരിക്കുന്നത്.
എടാ നീയെന്നെ പറ്റിച്ചുകളഞ്ഞല്ലോ!
(തെരഞ്ഞെടുപ്പുണ്ടെങ്കില്‍ അവിടെ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി ഒ രാജഗോപാല്‍ ഉണ്ടാകുക എന്നത് ഒരു പതിവാണ്. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി ജയിക്കുന്നതുവരെ 17 തവണ മല്‍സരിച്ച് തോറ്റു എന്നതാണ് ബിജെപിയുടെ തന്നെ കണക്ക്. ഈ സാഹചര്യത്തിലും ബിജെപി അവസരം വന്നപ്പോള്‍ രാജ്യസഭയിലേക്ക് രാജഗോപാലിനെ കണക്കിലെടുക്കാതെ സുരേഷ്ഗോപിയെ നോമിനേറ്റ് ചെയ്തു. അതിനെ കുറിച്ച് കോടിയേരി നടത്തിയ പ്രസംഗത്തില്‍ നിന്ന്):
തലസ്ഥാനത്തെ നേമം. അവിടെയാണ് ഒ രാജഗോപാല്‍ മല്‍സരിക്കുന്നത്. അദ്ദേഹത്തിന് മല്‍സരിക്കണം എന്ന് മാത്രമേ ഉള്ളൂ, ജയിക്കണം എന്നില്ല. ഏത ുതെരഞ്ഞെടുപ്പായാലും അവിടെ രാജഗോപാലുണ്ടാകും. തെരഞ്ഞെടുപ്പാണോ, രാജഗോപാല്‍ റെഡി. അഞ്ചുവര്‍ഷത്തിനിടയില്‍ അഞ്ചു തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച, അഞ്ചു തെരഞ്ഞെടുപ്പിലും തോറ്റ ഏതെങ്കിലും ഒരാള്‍ ഇന്ത്യാരാജ്യത്തുണ്ടോ? ഉണ്ട്, അതാണ്, ഒ രാജഗോപാല്‍. അങ്ങനെയുള്ള പാവത്തിന് രാജ്യസഭയില്‍ സീറ്റുകൊടുക്കാതെ, ഇന്നലെ വന്ന സുരേഷ്ഗോപിക്ക് രാജ്യസഭയില്‍ സീറ്റ് കൊടുത്തുകളഞ്ഞു. ഒരു ടിവി ചാനലില്‍ കണ്ടു, ഒരു ക്ഷേത്രത്തിന് മുന്നില്‍ രാജ്യസഭാംഗത്വം കിട്ടിയ സുരേഷ്ഗോപി നില്‍ക്കുന്നു, അടുത്തുതന്നെ രാജഗോപാലും. എത്രവിഷമത്തിലാണെന്നോ രാജഗോപാലിന്റെ നില്‍പ്പ്. എടാ നീയെന്നെ പറ്റിച്ചുകളഞ്ഞല്ലോ എന്നമട്ടില്‍ സുരേഷ്ഗോപിയെ ഒരു നോട്ടമാണ്.