സ്വതന്ത്രരുടെ രാഷ്ട്രീയം: തെരഞ്ഞെടുപ്പിലെ പ്രതിഷേധ ശബ്ദങ്ങൾ

കഴിഞ്ഞ ഇരുപത് വർഷമായി മേഘാലയയിൽ മനുഷ്യാവകാശ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന ഇവർ ഒരു വർഷം മുമ്പാണ് 'കം' എന്ന സംഘടന രൂപീകരിക്കുന്നത്. കം എന്നാൽ തൊഴിൽ എന്നാണ് അർത്ഥം.

KAM Meghalaya conversation Meghalaya state election special  rlp

ആവശ്യത്തിന് സർക്കാർ സ്കൂളുകളോ, മികച്ച ആശുപത്രി സൗകര്യങ്ങളോ ഇല്ല, അടിസ്ഥാന സൗകര്യങ്ങളും പരിമിതമാണെന്നതാണ് മേഘാലയയിൽ ഓരോ തെരഞ്ഞെടുപ്പ് കാലത്തും ഉയർന്നു കേൾക്കുന്ന പരാതി. ഇത്തവണ മേഘാലയ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 375 സ്ഥാനാർത്ഥികളിൽ ഇരുപതിലധികം സ്വതന്ത്രരാണ്. ഇതിൽ ഒരേ ചിഹ്നത്തിൽ മത്സരിക്കുന്ന മൂന്ന് സ്വതന്ത്രരുണ്ട്. മേഘാലയയിൽ മാറി വന്ന സർക്കാരുകളുടെ ദുർഭരണം മടുത്ത് അത് ചോദ്യം ചെയ്യാൻ ഇറങ്ങിത്തിരിച്ച മൂന്നു പേരാണിവർ. തെരഞ്ഞെടുപ്പ് കാലത്ത് പണം കൊടുത്ത് രാഷ്ട്രീയ പാർട്ടികൾ അണികളെ കൂടെക്കൂട്ടുന്നതും, തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ തിരിഞ്ഞു നോക്കാതെ വഞ്ചിക്കുന്നതും കണ്ട് മടുത്താണ് മത്സരത്തിന് ഇറങ്ങുന്നതെന്നാണ് ഇവർ പറയുന്നത്.

കഴിഞ്ഞ ഇരുപത് വർഷമായി മേഘാലയയിൽ മനുഷ്യാവകാശ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന ഇവർ ഒരു വർഷം മുമ്പാണ് 'കം' എന്ന സംഘടന രൂപീകരിക്കുന്നത്. കം എന്നാൽ തൊഴിൽ എന്നാണ് അർത്ഥം. കന്നിയങ്കത്തിനിറങ്ങുന്ന കമ്മിൻറെ സഖാക്കളിൽ ഒരാളായ കിർസോയിബ പിർത്തോയുമായി ഇവരുടെ യാത്രയേയും അതിൻറെ ലക്ഷ്യങ്ങളെയും കുറിച്ച് നടത്തിയ സംഭാഷണം.

KAM Meghalaya conversation Meghalaya state election special  rlp

 

ഒരുപാട് രാഷ്ട്രീയ പാർട്ടികൾ ഉള്ള മേഘാലയയിൽ എന്താണ് കം എന്ന സംഘടനയുടെ പ്രസക്തി?

കം മേഘാലയ രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടിയല്ല. നിലവിൽ ഒരു പുരോഗമന സംഘടനയാണ്. അത്തരം ഒരു ഇടം മേഘാലയയിൽ ഒഴിഞ്ഞു കിടക്കുന്നുണ്ട്. അത് കൊണ്ട് കം മേഘാലയ പോലൊരു സംഘടന ഈ നാടിന് അത്യാവശ്യമാണ് എന്ന് ഞങ്ങൾ കരുതുന്നു. മൂന്ന് കാര്യങ്ങളാണ് ഞങ്ങളെ നയിക്കുന്നത്. നീതിയും തുല്യതയും ഉറപ്പാക്കണം, ജനാധിപത്യത്തിൽ ജനങ്ങൾക്ക് പങ്കെടുക്കാൻ കഴിയണം, മതേതരത്വവും നീതിയും ഉറപ്പാക്കാൻ സർക്കാരിനാകണം. ഇതൊന്നും പ്രാവർത്തികമാക്കാൻ ഇപ്പോഴത്തെ ഭരണകൂടങ്ങൾക്ക് കഴിയുന്നില്ല. അവിടെയാണ് കം മേഘാലയയുടെ പ്രസക്തിയും.

എങ്ങനെയാണ് കം മേഘാലയ എന്ന സംഘടന രൂപപ്പെടുന്നത്?

നോക്കൂ കം മേഘാലയ പെട്ടെന്നു പൊട്ടി മുളച്ച ഒന്നല്ല. ശരിയാണ് ഈ പേരിലൊരു സംഘടനയുണ്ടായത് 2 വർഷം മുമ്പാണ്. പക്ഷേ, ഇതിൻറെ ഭാഗമായ ഞങ്ങൾ ഓരോരുത്തരും ഇവിടെ കഴിഞ്ഞ ഇരുപത് വർഷമായി ഓരോ മേഖലകളിലായി പ്രവർത്തിച്ചുവരികയാണ്. ഞാൻ ഒരു പാസ്റ്ററായിരുന്നു. ഇപ്പോൾ സഭ വിട്ടിറങ്ങി. പാസ്റ്ററായിരിക്കെ തന്നെ മേഘാലയയിലെ ആരോഗ്യ മേഖലയിലും, പൌരാവകാശ പ്രശ്നങ്ങളിലും സജീവമായി ഇടപെട്ടിരുന്നു. ഇന്നും അത് തുടരുന്നു. മറ്റൊരു സ്ഥാനാർത്ഥിയായ വൺപിൺഹുണ ഖർസിൻഡിയോ വീട്ടുവേല ചെയ്തിരുന്നയാളാണ്. പിന്നീട് വീട്ടുജോലി ചെയ്യുന്ന തൊഴിലാളികളുടെ നേതാവായി. മേഘാലയയിലെ തന്നെ ഏറ്റവും വലിയ തൊഴിലാളി സംഘടനയാണ് ഇന്ന് ഡൊമസ്റ്റിക് വർക്കേഴ്സ് അസോസിയേഷൻ, മൂന്നാമത്തെ സ്ഥാനാർത്ഥി അഞ്ജല റാണഡ് മേഘാലയയിലുള്ളവർക്ക്  ചിരപരിചിതയാണ്. വിവരാവകാശ നിയമത്തിനു വേണ്ടിയും, മേഘാലയയിൽ വനിതാ കമ്മീഷൻ സ്ഥാപിക്കാനും വേണ്ടി മുന്നിൽ നിന്ന് പോരാടിയ ആളാണ് അവർ. ഇത് പോലെ ഞങ്ങൾക്കൊപ്പമുള്ളവരെല്ലാം ഇരുപത് വർഷമായി ഇവിടെ തന്നെയുണ്ടായിരുന്നു.

KAM Meghalaya conversation Meghalaya state election special  rlp
 
മേഘാലയയിൽ നിങ്ങൾ ലക്ഷ്യം വെക്കുന്ന മാറ്റങ്ങളെന്തൊക്കെയാണ്?

അഴിമതിക്കും, ഭരണകൂട ഭീകരതയ്ക്കുമെതിരെയാണ് ഞങ്ങൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. തൊഴിലില്ലായ്മ, ആരോഗ്യം, വിദ്യാഭ്യാസം, അതിലെല്ലാമുപരി ജനങ്ങളുടെ സുരക്ഷ ഇതിനാണ് പ്രാധാന്യം നൽകുന്നത്. ഇതുവരെ തെരഞ്ഞെടുപ്പിൽ ജയിച്ച് സംസ്ഥാനം ഭരിച്ചവരെല്ലാം മേഘാലയയെ തോൽപ്പിച്ചവരാണ്.

കൊവിഡ് ലോക്ഡൌൺ കാലത്ത് ഈ സർക്കാർ ഒന്നും ചെയ്തില്ല. അന്ന് നൽകിയ സഹായധനം വിതരണം ചെയ്യുന്നതിൽ പോലും വലിയ അഴിമതി നടന്നു. ഇവരെല്ലാവരും ജനങ്ങളെ വഞ്ചിച്ചു.
 
തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?  തോറ്റാൽ എന്താകും ഭാവി?

തെരഞ്ഞെടുപ്പ് ഞങ്ങൾക്ക് രാഷ്ട്രീയ പ്രവർത്തനത്തിനുളള ഏകമാർഗ്ഗമല്ല. അധികാരമില്ലാതെ തന്നെ ഞങ്ങൾ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ലോകായുക്ത പോലുള്ള നിയമങ്ങൾക്ക് വേണ്ടി നടത്തിയ പോരാട്ടം, സോഷ്യൽ ഓഡിറ്റ് നിയമത്തിൻറെ വേണ്ടി നടത്തിയ സമരവുമൊക്കെ അങ്ങനെ നടന്നതാണ്. എന്നാൽ തെരഞ്ഞെടുപ്പിനറെ പേരിൽ നടക്കുന്ന പ്രഹസനങ്ങൾ ചോദ്യം ചെയ്യേണ്ടേ. വലിയ പാർട്ടികൾ ആയിരകണക്കിന് ആളുകളെ അണിനിരത്തി റാലി നടത്തുന്നു. ആ റാലിയിൽ പങ്കെടുക്കുന്നവരെ പണം കൊടുത്ത് കൊണ്ടുവന്നതാണെങ്കിൽ അത് വിളിച്ചു പറയേണ്ടതില്ലെ. ഞങ്ങൾ ഓരോ വീട്ടിലും കയറിയിറങ്ങി സർവ്വേ നടത്തിയാണ് ആളുകളുടെ താത്പര്യം ചോദിച്ചറിഞ്ഞത്. 90 ശതമാനം പേരും മാറ്റം ആഗ്രഹിക്കുന്നുണ്ട്. ആ മാറ്റമാകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ജയിച്ചാലും തോറ്റാലും ഈ ശ്രമം തുടരും.

KAM Meghalaya conversation Meghalaya state election special  rlp
 
എതിർപ്പുകൾ ഉയർന്നിരുന്നോ?

ഞങ്ങൾ മത്സരിക്കുന്നത് നഗര മേഖലകളിലാണ്, ഷില്ലോംഗ് എന്നത് പല സംസ്കാരങ്ങളും, പല ഭാഷകൾ സംസാരിക്കുന്നവരുമൊക്കെയുള്ള  ഒരു സ്ഥലമാണ്. സ്വാഭാവികമായും എതിർപ്പുകളുണ്ടാകും. ആദിവാസിയെന്ന നിലയിൽ ഞാൻ അവരുടെ ഭാഗത്ത് നിൽക്കുന്നു. ആദിവാസികൾക്ക് അവകാശം നേടിയെടുക്കുക എന്നാൽ മറ്റൊരു വിഭാഗത്തിൻറെ അവകാശ ലംഘനമാകരുത് എന്നത് ഞങ്ങൾക്ക് നിർബന്ധമുണ്ട്. എതിർപ്പുകൾ അതുകൊണ്ട് സ്വാഭാവികമാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios