ദയാവധം നല്‍കാനെത്തിയ ഡോക്ടര്‍ ചോദിച്ചു, 'കൊല്ലാന്‍ വയ്യാ, ഈ പട്ടിയെ ഞാന്‍ കൊണ്ടു പോകട്ടേ?'
അങ്ങനെ ആ വീടിന്റെ സർവാധികാര്യക്കാരനായി കുട്ടു എന്ന നായും, അവന്റെ ഉടമസ്ഥരായി ആ കൊച്ചുകുടുംബവും സന്തോഷപൂർവം കഴിഞ്ഞുകൂടുന്നതിനിടെയാണ് വിധി അപസ്മാരത്തിന്റെ രൂപത്തിൽ അവരുടെ ജീവിതത്തിൽ ഇടപെടുന്നത്.
ഇത് ഒരു വെറ്റിറനറി ഡോക്ടറും, വളർത്തുനായയും തമ്മിലുള്ള അസാധാരണമായൊരു ആത്മബന്ധത്തിന്റെ കഥയാണ്. കുട്ടുവെന്ന അപരിചിതനായ ഒരു വളർത്തുനായയിൽ വിഷം കുത്തിവെച്ച് ദയാവധം നടത്തുക എന്ന കർത്തവ്യം നിർവഹിക്കാനെത്തി, അവസാന നിമിഷം മനസ്സുമാറി അവനെ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തി, ഈ ഡോക്ടർ. ഇത് ആ പുനർജന്മത്തിന്റെ കൂടി കഥയാണ്...
നാലുവർഷം മുമ്പുള്ള ഒരു വൈകുന്നേരത്തിലാണ് തന്റെ സുഹൃത്തിൽ നിന്നും വെറുതേ കിട്ടിയ ഒരു വെളുത്ത പോമറേനിയൻ-നാടൻ ക്രോസ് ബ്രീഡ് നായ്ക്കുട്ടിയുമായി വെള്ളായണി പുഞ്ചക്കരി സ്വദേശിയായ ജോമോൻ സ്വന്തം വീട്ടിലേക്ക് കയറിച്ചെല്ലുന്നത്. ജനിച്ചുവീണിട്ട് ദിവസങ്ങൾ മാത്രമേ ആയിരുന്നുള്ളൂ. കണ്ണ് മിഴിച്ചുതുടങ്ങിയ പ്രായം.
അവനുള്ള ചോറും ഇറച്ചിയും കൊടുത്ത ശേഷം അവനെ തുറന്നുവിടും
വീട്ടിൽ വളർത്താൻ ഒരു നായക്കുട്ടിയെ വേണമെന്ന മോന്‍റെയും മോളുടെയും നിരന്തരമായ ശാഠ്യത്തിനൊടുവിലാണ് ജോമോൻ വഴങ്ങുന്നതും, ഒത്തുകിട്ടിയപ്പോൾ ആ നായക്കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവരുന്നതും. ഭാര്യ ഗ്രെയ്‌സിക്കും മക്കൾ ആൽബിയ്ക്കും അന്നയ്ക്കും അടക്കാനാവാത്ത സന്തോഷമായി. അമ്മ കാച്ചിക്കൊടുത്ത പാൽ തങ്ങളുടെ പഴയ ഫീഡിങ്ങ് ബോട്ടിലിൽ നിറച്ച് രണ്ടുപേരും മടിയിലിരുത്തി മാറിമാറി പാലൂട്ടി ആ നായ്ക്കുട്ടിയെ. തങ്ങളുടെ വീട്ടിലേക്ക് വിരുന്നുവന്ന ആ പുതിയ അതിഥിയെ അവർ 'കുട്ടു' എന്ന് പേരിട്ടു വിളിച്ചു.
അവരുടെ കണ്മുന്നിലൂടെ ആ മുറ്റത്തും പറമ്പിലും ഓടി നടന്ന് കുട്ടു വളർന്നു. നല്ല അനുസരണയുള്ള, ഒരു കുറുമ്പുമില്ലാത്ത ഒരു നായയായിരുന്നു കുട്ടു. പകലൊക്കെയും അവൻ ഒരു ചങ്ങലത്തുമ്പിൽ മുറ്റത്തെ ചാമ്പമരചുവട്ടിൽ വിശ്രമിക്കും. രാത്രിയായാൽ മക്കളിൽ ആരെങ്കിലും അവനുള്ള ചോറും ഇറച്ചിയും കൊടുത്ത ശേഷം അവനെ തുറന്നുവിടും. പിന്നെ, ആ പറമ്പിൽ ഒരില അനങ്ങിയാൽപ്പോലും അവനറിയും. കുരച്ചുവിളിച്ച് ആളെക്കൂട്ടും. പകലുകണ്ട ശാന്തനായ കുട്ടുവേയല്ല നേരമിരുട്ടി തുറന്നുവിട്ടുകഴിഞ്ഞാലുള്ള കുട്ടു.
അങ്ങനെ ആ വീടിന്റെ സർവാധികാര്യക്കാരനായി കുട്ടു എന്ന നായും, അവന്റെ ഉടമസ്ഥരായി ആ കൊച്ചുകുടുംബവും സന്തോഷപൂർവം കഴിഞ്ഞുകൂടുന്നതിനിടെയാണ് വിധി അപസ്മാരത്തിന്റെ രൂപത്തിൽ അവരുടെ ജീവിതത്തിൽ ഇടപെടുന്നത്.
കുട്ടുവിന് അന്നോളം പ്രത്യേകിച്ചസുഖമൊന്നും വന്നിട്ടില്ലാത്തതുകൊണ്ട് നായ്ക്കൾക്ക് വരുന്ന അസുഖങ്ങളെപ്പറ്റി വിശേഷിച്ചൊരു ജ്ഞാനവും അവർക്കുണ്ടായിരുന്നില്ല. ഒരു വിറപോലെയാണ് അസുഖം ആദ്യം കടന്നുവരുന്നത്. നിർത്താനാവാത്ത വിറ.
അല്ലെങ്കിൽ പട്ടിയ്ക്ക് ദയാവധം നൽകാനും
നായ്ക്കളിൽ മനുഷ്യരുടെ അത്ര സാധാരണമല്ല അപസ്മാരമെന്ന രോഗം. അവരുടെ കൈകാലുകൾ സ്വന്തം നിയന്ത്രണത്തിന് അതീതമായി കിടന്നു പിടയ്ക്കുകയും അധികം വൈകാതെ അവർ അബോധാവസ്ഥയിലെത്തുകയും ചെയ്യും. ഈ സമയത്തേക്ക് വായിൽ നിന്നും നുരയും പാതയും വരാം. ഈ ലക്ഷണം വെച്ച്, അധികം പരിചയമില്ലാത്തവർ രോഗം പേവിഷബാധ (rabies) ആണെന്നുവരെ സംശയിക്കാം.
നായ്ക്കളിൽ അപസ്മാരം വരുന്നത് പ്രധാനമായും ഇനിപ്പറയുന്ന കാരണങ്ങളാലാണ്.
1. തലച്ചോറിനേൽക്കുന്ന ആഘാതങ്ങൾ
2 . ജന്മനാലുള്ള മസ്തിഷ്ക വൈകല്യങ്ങൾ.
3 കുടലിലെ വർധിച്ച വിരബാധ, കാഞ്ഞിരം, ഈയം തുടങ്ങിയവ അകത്തു പോവുന്നത്.
4. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവുകുറയുന്നത്.
5. ഹെപ്പാറ്റിറ്റിസ്, റാബീസ് പോലുള്ള അസുഖങ്ങൾ
എന്തായാലും, ഈ അസുഖം വന്നുപെട്ടാൽ നായ്ക്കൾക്ക് പിന്നെ നേരെ നിൽക്കാൻ കഴിയില്ല. നിൽക്കുന്നതെവിടെയായാലും അവിടെ നിന്നും നിന്നനില്പിനു് മറിഞ്ഞുവീഴാനുള്ള സാധ്യതയുണ്ട്. അങ്ങനെ വീണുവീണു ദേഹമാകെ നീരുവെയ്ക്കും. അങ്ങനെ നീർവീങ്ങിയ ദേഹം പൊട്ടി അണുബാധ വരാം.
അസഹ്യമായ വേദനയും അസ്വസ്ഥതകളുമായിരിക്കും നമ്മുടെ വളർത്തുപട്ടികൾക്ക് ഈ അസുഖം വന്നുകഴിഞ്ഞാൽ. ഈ അസുഖത്തിന് വളരെ ഫലപ്രദമായ ഫീനോബാർബിറ്റോൺ എന്നൊരു മരുന്നുണ്ട്. അത് കൃത്യമായ ഇടവേളകളിൽ മുടങ്ങാതെ ആജീവനാന്തം നൽകണം പട്ടികൾക്ക്. എങ്കിൽ കാര്യമായ ഭേദമുണ്ടാവും.
എന്നാൽ ജോമോന്റെ കാര്യത്തിലാണെങ്കിൽ അവിടെ ഭാര്യയും ഭർത്താവും ജോലിക്കു പോവുന്നവർ, മക്കൾ സ്‌കൂളിലും പോവും. കൃത്യമായി മരുന്നുകൊടുത്ത് ആ പട്ടിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ അവർക്ക് കഴിയുന്നുണ്ടായിരുന്നില്ല. മാത്രവുമല്ല അപ്പുറമിപ്പുറമുള്ള വീട്ടുകാർ പട്ടിയുടെ വായിൽ നിന്നും നുരയും പതയും മറ്റും വരുന്നതുകണ്ടപ്പോൾ തന്നെ പേടിച്ചു. അവരുടെ വീട്ടിലും ചെറിയ കുട്ടികൾ ഉണ്ടായിരുന്നതുകൊണ്ട് എത്രയും പെട്ടെന്ന് ആ പട്ടിയെ വേറെ വല്ലയിടത്തേക്കും നാട് കടത്താൻ അവരെ നിർബന്ധിച്ചു. അല്ലെങ്കിൽ പട്ടിയ്ക്ക് ദയാവധം നൽകാനും.
വീട്ടിൽ ആകെ സങ്കടമായിരുന്നു. നാലുവർഷം കൊണ്ട്, ആൽബിയും അന്നയുമായി നല്ല അടുപ്പത്തിലായിക്കഴിഞ്ഞിരുന്നു കുട്ടു. നിത്യം പാലും ചോറുമെല്ലാം കൊടുത്തിരുന്നതിനാൽ ഗ്രേസിയ്ക്കും ആകെ സങ്കടമായി. എന്നും ജോലികഴിഞ്ഞു വരുമ്പോൾ വാലാട്ടിക്കൊണ്ട് അടുത്തുവരുന്ന കുട്ടുവിനെ കൊല്ലാനോ വല്ലേടവും കൊണ്ട് കളയാനോ ജോമോന് മനസ്സുവരുന്നുണ്ടായിരുന്നില്ല. വല്ലോടത്തും കൊണ്ട് കളഞ്ഞാൽ അവൻ പട്ടിണി കിടന്നു ചാവും. തങ്ങൾ യഥാവിധിയുള്ള ദയാവധം നടപ്പിലാക്കിയില്ലെങ്കിൽ അയൽവീട്ടുകാർ വിഷം വെച്ച് കൊല്ലും എന്ന നിലവന്നതോടെ, മനസില്ലാ മനസ്സോടെ ജോമോൻ ആ കടുംകൈയ്ക്ക് മാനസികമായി തയ്യാറെടുത്തു.
കുട്ടുവിനെ കൊല്ലാൻ പോവുകയാണെന്നറിഞ്ഞ നിമിഷം മുതൽ അന്നയും ആൽബിയും കരച്ചിലോടു കരച്ചിൽ തന്നെ. അനിവാര്യമായ ആ കൃത്യം നിർവഹിക്കാനായി ജോമോൻ വിളിച്ചുവരുത്തിയത് സർക്കാർ സർവീസിലെ വെറ്ററിനറി സർജനായ ഡോ. കിരൺ ദേവിനെയായിരുന്നു. തയോ പെന്റോൺ സോഡിയമാണ് മൃഗസംരക്ഷണ വകുപ്പ് ഇത്തരം സാഹചര്യങ്ങളിൽ നിഷ്കർഷിക്കുന്ന മരുന്ന്.
അവന്റെ കാലിൽ നല്ലൊരു സ്‌പോട്ടുനോക്കി ആ വിഷം കുത്തിയിറക്കണം
മരുന്ന് കുത്തിവെക്കാനുള്ള സംവിധാനങ്ങളുമായി ഡോ. കിരൺ കഴിഞ്ഞാഴ്ച പുഞ്ചക്കരിയിലെത്തി. ഡോക്ടർ വീട്ടിൽ വന്നുകേറുന്നത് കണ്ടപ്പോൾ കുട്ടികളുടെ ഏങ്ങലടികൾക്ക് ആക്കം കൂടി. അവർ തങ്ങളുടെ അമ്മയോട് അവസാനമായി ഒരു അഭ്യർത്ഥനകൂടി നടത്തിനോക്കി. " അമ്മെ.. കുട്ടുവിനെ കൊല്ലാതിരുന്നൂടെ..? " ഗ്രെയ്‌സി സങ്കടത്തോടെ ജോമോനെ നോക്കി. ജോമോന്റെ മുഖം അചഞ്ചലമായിരുന്നു. വന്ന കാര്യം നോക്കൂ എന്ന അർത്ഥത്തിൽ ജോമോൻ ഡോക്ടറെ നോക്കി. ഡോക്ടർ ബാഗു തുറന്ന് മരുന്ന് സിറിഞ്ചിലേക്ക് ലോഡ് ചെയ്തുകൊണ്ടിരിക്കെ മുറിയ്ക്കുള്ളിൽ കുട്ടികളുടെ ഏങ്ങലടികളും ഗദ്ഗദങ്ങളും പൊട്ടിക്കരച്ചിലിനും അലമുറകൾക്കും വഴിമാറി. രോഗപീഡകൾ കൊണ്ട് വലയുന്ന എത്രയോ വളർത്തുപട്ടികൾക്ക് ആശ്വാസമൃത്യു പകർന്നു കൊടുത്തിട്ടുള്ള ആളായിരുന്നിട്ടും, ആ നിമിഷം വല്ലത്തൊരു മാനസിക സമ്മർദ്ദത്തിനടിപ്പെട്ടുപോയി ഡോക്ടറും.
സിറിഞ്ചിൽ വേണ്ട അളവിൽ വിഷമരുന്ന് ലോഡ് ചെയ്തു. തുടക്കത്തിൽ നാലഞ്ചുവട്ടം ചികിത്സയ്ക്കായി വന്നിട്ടുണ്ടായിരുന്നതുകൊണ്ട് കുട്ടുവിനെ ഡോക്ടർക്കും പരിചയമുണ്ടായിരുന്നു. കുട്ടുവിന് അതിനേക്കാൾ നന്നായി ഡോക്ടറെയും. നിർത്താനാവാതെ വിറച്ചുകൊണ്ടിരിക്കുന്നതിനിടെയും കുട്ടു തലയുയർത്തി ഡോക്ടറെ നോക്കി. അവന്റെ കണ്ണുകളിൽ സ്നേഹവും, വിധേയത്വവും തുളുമ്പുന്നുണ്ടായിരുന്നു. ഡോക്ടറെ നോക്കി ഒന്ന് മുരണ്ടുകൊണ്ട് അവൻ സൗഹൃദഭാവത്തിൽ വാലാട്ടി.
പലവട്ടം മരുന്നുകൾ നൽകി തന്റെ കഷ്ടപ്പാടുകൾക്ക് അറുതി വരുത്തിയിട്ടുള്ള ഡോക്ടർ അന്ന് വന്നിരിക്കുന്നത് തന്റെ ജീവനെടുക്കാനാണെന്ന് പാവം കുട്ടുവിന് മനസ്സിലായില്ല. അവന്റെ കാലിൽ നല്ലൊരു സ്‌പോട്ടുനോക്കി ആ വിഷം കുത്തിയിറക്കണം. ഡോക്ടറെ സംബന്ധിച്ചിടത്തോളം ഒരു പൂ പറിക്കുന്ന ലാഘവത്തോടെ ചെയ്തു തീർക്കാവുന്ന ഒരു ചടങ്ങുമാത്രം. എന്നിട്ടും എന്തുകൊണ്ടോ ആ നിമിഷം അയാളുടെ മനസ്സിൽ ഒരു ചാഞ്ചാട്ടം വന്നു നിറഞ്ഞു.
"വേണ്ട... ഇവനെ കൊല്ലേണ്ട.. കൊണ്ടുപോയി മരുന്നുകൊടുത്ത് അസുഖം മാറ്റിക്കൂടേ.. ?" എന്ന് എന്തുകൊണ്ടോ ആ അവസാന നിമിഷം ഡോക്ടറുടെ മനസ്സ് പറഞ്ഞു. ഡോക്ടർ ആ വിഷമരുന്നിന്റെ സിറിഞ്ച് തിരികെ തന്റെ ബാഗിൽ തന്നെ വെച്ചു. എന്നിട്ട് ജോമോനോടും ഗ്രേസിയോടും കുഞ്ഞുങ്ങളോടുമായി പറഞ്ഞു.. " ഇവനെ ഞാൻ കൊല്ലുന്നില്ല.. തൽക്കാലം ഞാൻ എന്റെ കൂടെ കൊണ്ടുപോവുന്നു. കൂടെ നിർത്തി നോക്കിക്കൊള്ളാം ഞാൻ.. മരുന്ന് കൊടുത്തുനോക്കട്ടെ. അസുഖം പൂർണ്ണമായും ഭേദമായാൽ നിങ്ങൾക്ക് തിരികെ കൊണ്ട് തരാം നിങ്ങളുടെ കുട്ടുവിനെ ഞാൻ.. "
കൃത്യമായ മൃഗഡോക്ടറുടെ ഇടപെടലും ഔഷധ സേവയും അത്യാവശ്യമാണ് ഈ അസുഖം ബാധിച്ച നായ്ക്കൾക്ക്
അന്ന് കുട്ടുവെന്ന അപസ്മാര ബാധിതനായ നോൺ-പെഡിഗ്രിഡ് - ക്രോസ് ബ്രെഡ് നാടൻ നായക്കുട്ടിയെ തന്റെ കൂടെ താൻ ഒറ്റയ്ക്ക് താമസിക്കുന്ന ക്വാർട്ടേഴ്സിലേക്ക് കൂട്ടിക്കൊണ്ടു പോയ ഡോ. കിരൺ ദേവ് എന്ന വെറ്ററിനറി സർജൻ, വേണ്ട മരുന്നുകൾ കൊടുത്ത് ഇന്നും അതിനെ പോറ്റുന്നുണ്ട്. അപസ്മാരം പൂർണ്ണമായി ഭേദപ്പെടുന്ന ഒരസുഖമല്ല. അതുകൊണ്ടുതന്നെ കൃത്യമായ മൃഗഡോക്ടറുടെ ഇടപെടലും ഔഷധ സേവയും അത്യാവശ്യമാണ് ഈ അസുഖം ബാധിച്ച നായ്ക്കൾക്ക് സ്വാഭാവിക ജീവിതം നയിക്കാൻ. ആ ഉത്തരവാദിത്തം ഇന്നും ഡോക്ടർ കൃത്യമായി ഏറ്റെടുത്ത് നടത്തുന്നുണ്ട്.
ഇത്രയും ഗുരുതരമായ ഒരു രോഗം ബാധിച്ച്, ഉടമസ്ഥൻ ദയാവധത്തിന് വിധിച്ച കുട്ടുവെന്ന പട്ടിയെ ഏറ്റെടുത്ത് പരിചരിക്കുന്ന കിരൺ ദേവെന്ന ഈ ഡോക്ടർ, എന്തിലും സാമ്പത്തികലാഭം മാത്രം നോക്കുന്ന, ലവലേശം പോലും സഹതാപമില്ലാത്ത നമ്മുടെ സമൂഹത്തിന് ഒരു മാതൃകയാണ്. തന്റെ ഏകാന്തമായ പുലർകാല നടത്തങ്ങളിലും ക്വാർട്ടേഴ്‌സിലെ ആളൊഴിഞ്ഞ സന്ധ്യകളിലും രാത്രികളിലും ഒരു ആളനക്കമായി 'കുട്ടു' കൂട്ടുവന്നതിൽ ഇന്നേറെ സന്തോഷിക്കുന്നതും ഡോക്ടർ തന്നെയാണ്.