Food Nationalism : യുക്രൈന്‍ യുദ്ധം ലോകത്തിന്റെ കഞ്ഞികുടി മുട്ടിക്കുമോ?

വിലക്കയറ്റത്തെ തുടര്‍ന്ന് കൂടുതല്‍ രാജ്യങ്ങള്‍ കയറ്റുമതി നിയന്ത്രണത്തിലേക്ക് കടക്കുന്നത് മറ്റ് രാജ്യങ്ങള്‍ക്കും നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ പ്രചോദനമാകുമെന്നാണ് ആശങ്ക. ലോകത്ത് ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം ഈ വര്‍ഷമവസാനം വരെയെങ്കിലും തുടരാനുള്ള സാധ്യതയാണ് വിദഗ്ധര്‍ കാണുന്നത്. 

How the war in Ukraine led to food nationalism article by Sona VK

സുഡാനില്‍ അടുത്തിടെ റൊട്ടിയുടെ വില ഇരട്ടിയായാണ് ഉയര്‍ന്നത്. ലെബനനില്‍ 70 ശതമാനം വില ഉയര്‍ന്നു. കെനിയയിലും ഈജിപ്തിലും ഗോതമ്പ് ഇറക്കുമതിയുടെ ചെലവ് 33 ശതമാനം വരെ കൂടിയെന്നാണ് കണക്ക്. കോടിക്കണക്കിനാളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നതാകും ഇപ്പോഴുണ്ടാകുന്ന വിലക്കയറ്റമെന്ന് ലോക ബാങ്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

 

How the war in Ukraine led to food nationalism article by Sona VK

 

അന്നം മനുഷ്യന്റെ പ്രാഥമികാവശ്യമാണ്. അതില്ലാതാകരുതെന്ന് ഓരോരുത്തരും ആഗ്രഹിക്കും, അതുപോലെ ഓരോ രാജ്യങ്ങളും. യുക്രൈന്‍ യുദ്ധം തുടങ്ങിയതിന് ശേഷമുണ്ടായ ഭക്ഷ്യപ്രതിസന്ധി പുതിയ തലത്തിലേക്ക് വളരുകയാണ്.  ഭക്ഷ്യ ദേശീയതയിലേക്ക് നീങ്ങുകയാണ് വിവിധ രാജ്യങ്ങളെന്ന ആശങ്കയാണ് ഉയരുന്നത്. അതായത് ഓരോ രാജ്യങ്ങളും അവരവരുടെ ഭക്ഷണ ആവശ്യങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കുന്ന അവസ്ഥ.

നിരോധനവുമായി നിരവധി രാജ്യങ്ങള്‍

പണപ്പെരുപ്പം കുതിച്ചുയര്‍ന്നതോടെ മുപ്പതോളം രാജ്യങ്ങള്‍ വിവിധ ഉത്പന്നങ്ങള്‍ക്ക് കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തി. യുദ്ധം തുടങ്ങിയപ്പോള്‍ തന്നെ ലോകത്തെ പ്രധാന ധാന്യകയറ്റുമതിക്കാരായ യുക്രൈന്‍ വിവിധ ധാന്യങ്ങളുടെയും പഞ്ചസാരയുടെയുമെല്ലാം കയറ്റുമതി നിരോധിച്ചിരുന്നു.  സൂര്യകാന്തി എണ്ണയുടേതടക്കം കയറ്റുമതിക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തി.

ലോകത്ത് ഏറ്റവും കൂടുതല്‍ പാമോയില്‍ കയറ്റുമതി ചെയ്യുന്ന ഇന്തോനേഷ്യ കയറ്റുമതി നിരോധിച്ചത്  ലോക വിപണിയില്‍ വലിയ ചലനങ്ങളാണ്  ഉണ്ടാക്കിയത്. 3 ആഴ്ചയ്ക്ക് ശേഷം ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വിലക്ക് നീക്കിയത്. കോഴിയുടെയും മുട്ടയുടെയും കയറ്റുമതിക്ക് മലേഷ്യയും നിയന്ത്രണം ഏര്‍പ്പെടുത്തി.

വിലക്കയറ്റം രൂക്ഷമായതോടെ ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നു. ഉഷ്ണതരംഗം ഉത്പാദനത്തെ ബാധിച്ചതാണ് കാരണം. ഇപ്പോള്‍  പഞ്ചസാര കയറ്റുമതിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ഇന്ത്യ.  ബ്രസീല്‍ കഴിഞ്ഞാല്‍ പഞ്ചസാര കയറ്റുമതിയില്‍ രണ്ടാമതാണ് ഇന്ത്യയുടെ സ്ഥാനം.

ക്രൂഡ് സൂര്യകാന്തി എണ്ണയുടെയും സോയാബീന്‍ എണ്ണയുടെയും ഇറക്കുമതിക്ക് രണ്ട് വര്‍ഷത്തേക്ക് നികുതി ഇളവും പ്രഖ്യാപിച്ചിട്ടുണ്ട് കേന്ദ്രസര്‍ക്കാര്‍. യുദ്ധത്തിന് ശേഷം ഇറക്കുമതി കുറഞ്ഞതോടെ ഭക്ഷ്യ എണ്ണയുടെ വില ഇന്ത്യയില്‍ കുതിച്ചുയര്‍ന്നിരുന്നു.

 

How the war in Ukraine led to food nationalism article by Sona VK

 

ആഗോള സംഘടനകളുടെ മുന്നറിയിപ്പ്

ഉത്പാദക രാജ്യങ്ങള്‍ കൂട്ടത്തോടെ കയറ്റുമതി നിയന്ത്രണത്തിലേക്ക് പോകുന്നത് ലോകത്ത് ഭക്ഷ്യക്ഷാമം രൂക്ഷമാക്കുമെന്നാണ് ഐ എം എഫ് മുന്നറിയിപ്പ്. ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധനം പുനഃപരിശോധിക്കണമെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജീവ അഭ്യര്‍ത്ഥിച്ചു. 

ആഗോള ഭക്ഷ്യസുരക്ഷയിലും ലോകത്തിന്റെ സ്ഥിരതയിലും ഇന്ത്യക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു. ഇന്ത്യയുടെ തീരുമാനത്തെ നേരത്തെ തന്നെ ജി7 രാജ്യങ്ങളുടെ കാര്‍ഷിക മന്ത്രിമാര്‍ അപലപിച്ചിരുന്നു. ലോകത്തുത്പാദിപ്പിക്കുന്ന ഗോതമ്പിന്റെ 13.53 ശതമാനവും ഇന്ത്യയിലാണ്. റഷ്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഗോതമ്പുത്പാദിപ്പിക്കുന്നതും ഇന്ത്യ തന്നെ. യുദ്ധം മൂലം ലഭ്യതയില്‍ വലിയ പ്രതിസന്ധിയുണ്ടായ ഒരു ഉത്പന്നം ഗോതമ്പാണ് താനും. ലോകത്തെ ഗോതമ്പ് കയറ്റുമതിയില്‍ 30 ശതമാനവും യുക്രൈന്‍,റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നായിരുന്നു.  അതുകൊണ്ട് തന്നെ ഇന്ത്യയുടെ കയറ്റുമതി നയം ആഗോളതലത്തില്‍ തന്നെ ഗോതമ്പ് ലഭ്യതയില്‍ നിര്‍ണായകമാകുമെന്നതാണ് വസ്തുത. ഇതാണ് ലോക രാജ്യങ്ങളുടെ ആശങ്കയ്ക്ക് കാരണവും.

ഭക്ഷ്യദേശീയത വ്യാപകമാകുമോ?

വിലക്കയറ്റത്തെ തുടര്‍ന്ന് കൂടുതല്‍ രാജ്യങ്ങള്‍ കയറ്റുമതി നിയന്ത്രണത്തിലേക്ക് കടക്കുന്നത് മറ്റ് രാജ്യങ്ങള്‍ക്കും നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ പ്രചോദനമാകുമെന്നാണ് ആശങ്ക. ലോകത്ത് ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം ഈ വര്‍ഷമവസാനം വരെയെങ്കിലും തുടരാനുള്ള സാധ്യതയാണ് വിദഗ്ധര്‍ കാണുന്നത്. അങ്ങനെയെങ്കില്‍ രാജ്യത്തെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കയറ്റുമതിക്കുള്ള നിയന്ത്രണങ്ങള്‍ വിവിധ രാജ്യങ്ങള്‍ തുടരും.  അതേസമയം ഒരു രാജ്യത്തിനും തങ്ങളുടെ ഭക്ഷ്യാവശ്യങ്ങള്‍ക്കുള്ള ഉത്പന്നങ്ങളെല്ലാം സ്വന്തമായി ഉത്പാദിപ്പിക്കാനാകില്ല എന്ന വസ്തുതയും തള്ളിക്കളഞ്ഞുകൂടാ. 

എങ്കിലും ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ഭക്ഷ്യാധാന്യങ്ങളുടെയും ഭക്ഷ്യഎണ്ണയുടെയുമെല്ലാം കാര്യത്തില്‍ വരും ദിനങ്ങളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കാണ് സാധ്യത. കയറ്റുമതിക്കായി യുക്രൈന്‍ തുറമുഖങ്ങളിലെത്തിച്ച ശേഷം കെട്ടിക്കിടക്കുന്ന  ഭക്ഷ്യധാന്യങ്ങളും സൂര്യകാന്തി എണ്ണയും  പുറംരാജ്യങ്ങളിലേക്ക് അയക്കാനാകാത്തതും പ്രതിസന്ധിയാണ്. രാജ്യത്ത് നിന്നുള്ള കയറ്റുമതി സുഗമമാക്കാന്‍ ലോകരാജ്യങ്ങള്‍ ഇടപെടണമെന്ന് യുക്രൈന്‍ ഉപ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

റഷ്യയില്‍ നിന്നും യുക്രൈനില്‍ നിന്നുമുള്ള ഭക്ഷ്യധാന്യങ്ങള്‍ തടസ്സം കൂടാതെ ആഗോള വിപണിയിലെത്തേണ്ടത് ഭക്ഷ്യപ്രതിസന്ധി പരിഹരിക്കുന്നതില്‍ നിര്‍ണായകമാകുമെന്ന് ഐക്യരാഷ്ട്രസഭയും പറയുന്നു. 8 മുതല്‍ 13 മില്യണ്‍ വരെ ആളുകള്‍ യുദ്ധം മൂലം, മതിയായ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുമെന്നാണ് യുഎന്നിന്റെ കണക്ക്. 

സുഡാനില്‍ അടുത്തിടെ റൊട്ടിയുടെ വില ഇരട്ടിയായാണ് ഉയര്‍ന്നത്. ലെബനനില്‍ 70 ശതമാനം വില ഉയര്‍ന്നു. കെനിയയിലും ഈജിപ്തിലും ഗോതമ്പ് ഇറക്കുമതിയുടെ ചെലവ് 33 ശതമാനം വരെ കൂടിയെന്നാണ് കണക്ക്. കോടിക്കണക്കിനാളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നതാകും ഇപ്പോഴുണ്ടാകുന്ന വിലക്കയറ്റമെന്ന് ലോക ബാങ്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

പ്രതിസന്ധി പരിഹരിക്കാന്‍ കൂട്ടായ ശ്രമമാണ് വേണ്ടതെന്നും എല്ലാ രാജ്യങ്ങളെയും പരിഗണിക്കണമെന്നും ഐഎംഎഫ് അടക്കമുള്ള സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നതും അതുകൊണ്ട് തന്നെ.
 

Latest Videos
Follow Us:
Download App:
  • android
  • ios