Opinion : എഴുന്നള്ളത്ത്, കാട്ടാനശല്യം, ഈ നിയമം വന്നാല്‍ ആനക്കാര്യത്തില്‍ ഒരു തീരുമാനമാവും
ഈ ബില്ലിലെ 27-ാം വകുപ്പാണ് പുതിയ ചര്‍ച്ചാ വിഷയം. ആനകളെ വാണിജ്യ ആവശ്യങ്ങള്‍ക്കായി കച്ചവടം ചെയ്യാനും ഉപയോഗിക്കാനും അനുമതി നല്‍കുന്നതാണ് ഈ വ്യവസ്ഥ. ആനക്കടത്തും കച്ചവടവും നിയമവിധേയമാക്കുന്ന നടപടിക്ക് ഈ വ്യവസ്ഥ കാരണമാവുമെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
മറ്റൊരു വന്യജീവിയെയും പോലെയല്ല ആനകള്‍. പതിറ്റാണ്ടുകളായി അത് നമ്മുടെ സാമൂഹിക ജീവിതത്തിന്റെ ഭാഗമാണ്. കാലങ്ങളായി ആളുകള്‍ ആനകളെ വളര്‍ത്തുന്നു. അവയെ കൂപ്പുകളില്‍ തടിപിടിക്കാന്‍ ഉപയോഗിക്കുന്നു. ക്ഷേത്ര ആവശ്യങ്ങള്‍ക്കും എഴുന്നള്ളത്തുകള്‍ക്കും വ്യാപകമായി ഉപയോഗിക്കുന്നു. ഉല്‍സവാഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകുന്ന നാട്ടാനകളെ ഇഷ്ടപ്പെടുകയും പ്രണയിക്കുകയും ചെയ്യുന്നവരുണ്ട്. ആനകള്‍ക്കു വേണ്ടി വമ്പന്‍ ഫാന്‍ ക്ലബുകളുണ്ട്. തൃശൂരിലും മറ്റും ആനകളെ വാഴ്ത്തിപ്പാടി ഉല്‍സവ സീസണുകളില്‍ വന്‍ ഫ്‌ളക്‌സ് ബോര്‍ഡുകളാണ് ഉയരുന്നത്. ഉല്‍സവ സീസണുകളില്‍ കോടികളാണ് ആനകളുമായി ബന്ധപ്പെട്ട് മറിയുന്നത്.
അതേസമയം, കാട്ടാനകളെ ഇതുപോലെയല്ല സമൂഹം കണക്കാക്കാറുള്ളത്. മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ മുഖ്യകണ്ണികളാണ് കാട്ടാനകള്‍. കാടുകളില്‍ ആവശ്യത്തിന് ഭക്ഷണവും വെള്ളവുമില്ലാതാവുകയും നാട് കാടുകളിലേക്ക് വളരുകയും ചെയ്യുന്ന സാഹചര്യത്തില്‍ കാട്ടാനകള്‍ വനങ്ങള്‍ക്കടുത്തുള്ള പ്രദേശങ്ങളിലേക്ക് ഇറങ്ങുകയും കൃഷിയിടങ്ങളില്‍ വന്‍ നാശനഷ്ടം ഉണ്ടാക്കുകയും ചെയ്യാറുണ്ട്. കാട്ടിലിറങ്ങുന്ന ആനകളുടെ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും വന്‍ നാശങ്ങളുണ്ടാവുകയും ചെയ്യാറുണ്ട്. കാടുകളോട് ചേര്‍ന്ന പ്രദേശങ്ങളില്‍ വമ്പിച്ച പ്രക്ഷോഭങ്ങള്‍ക്കാണ് ഇത് വഴി തെളിയിക്കാറുള്ളത്. ആനകള്‍ക്കോ വന്യമൃഗങ്ങള്‍ക്കോ വോട്ടവകാശം ഇല്ലാത്തതിനാല്‍, സര്‍ക്കാറുകള്‍ പലപ്പോഴും വന്യമൃഗങ്ങള്‍ക്ക് എതിരായ നിലപാടാണ് എടുക്കാറുള്ളത് എന്നാണ് ഒരു വിമര്‍ശനം. അതേ സമയം, മനുഷ്യരേക്കാള്‍ കാടിറങ്ങി വരുന്ന ആനകള്‍ക്കാണ് സര്‍ക്കാറുകള്‍ മുന്‍ഗണന നല്‍കാറുള്ളതെന്നാണ് കര്‍ഷക സംഘടനകളുടെയും മറ്റും വിമര്‍ശനങ്ങള്‍.
കാര്യമെന്തായാലും, ആന കാടിറങ്ങുന്നു എന്നത് വാസ്തവമാണ്. അതുപോലെ, കാട്ടാനകളെ കെണിയില്‍ പെടുത്തി മെരുക്കുകയും നാട്ടാനകളാക്കി മാറ്റി വന്‍തുകയ്ക്ക് വില്‍ക്കുകയും ചെയ്യുന്നു എന്ന കാര്യവും വാസ്തവമാണ്. കാടുകളില്‍ ജീവിക്കേണ്ട ആനകളെ നാട്ടില്‍ അതിക്രൂരമായാണ് പലപ്പോഴും കൈകാര്യം ചെയ്യാറുള്ളത്. കാടിന്‍േറതായ ആവാസ വ്യവസ്ഥകളില്‍നിന്നും അടിമത്തത്തിന്റെ ചങ്ങലക്കെട്ടുകളിലേക്ക് പറിച്ചുനടപ്പെടുന്ന ആനകളെ തോട്ടിയും മറ്റും ഉപയോഗിച്ച് പീഡിപ്പിക്കുന്ന നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. എഴുന്നള്ളത്തുകളുടെ പേരില്‍ സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ട് വിശ്രമമില്ലാതെ ആനകള്‍ പീഡിപ്പിക്കപ്പെടുന്നതായി നിരവധി പഠനറിപ്പോര്‍ട്ടുകളുണ്ട്. അതോടൊപ്പമാണ് കൂപ്പുകളിലും മറ്റും നടക്കുന്ന ക്രൂരത. കൂടുതല്‍ പണമുണ്ടാക്കുക എന്ന ലക്ഷ്യത്തിനായി ആനകളെ ക്രൂരമായി മുറിവേല്‍പ്പിച്ചും പട്ടിണിക്കിട്ടും രാപ്പകല്‍ പണിയെടുപ്പിക്കുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊമ്പുകള്‍ക്കായി ആനകളെ വെടിവെച്ചുകൊല്ലുന്ന അതിശക്തമായ ക്രിമിനല്‍ സംഘങ്ങളും സജീവമായി തന്നെ നിലനില്‍ക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ആന കാട്ടുജീവിയോ നാട്ടു ജീവിയോ എന്ന ചര്‍ച്ചകള്‍ ഉയരാറുള്ളത്. നാട്ടാനകളെയും കാട്ടുജീവികളായി കാണണമെന്നും സംരക്ഷിത വന്യമൃഗങ്ങള്‍ക്കുള്ള അവകാശങ്ങള്‍ അവയ്ക്ക് നല്‍കണമെന്നും ഒരു വിഭാഗം വാദിക്കുമ്പോള്‍ ആനകള്‍ മനുഷ്യന്റെ ഉപയോഗത്തിനുള്ളതാണെന്നും അവ കാടുകളില്‍ വളരേണ്ടതല്ലെന്നുമാണ് മറ്റൊരു വിഭാഗത്തിന്റെ ആവശ്യം. ഈ രണ്ട് വീക്ഷണകോണുകള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ആനകളുടെ കടത്തിനും കച്ചവടത്തിനും നിയമസാധുത നല്‍കുന്ന വകുപ്പോട് കൂടിയ പുതിയ വന്യജീവി സംരക്ഷണ നിയമ ഭേദഗതി വലിയ ചര്‍ച്ചയാവുന്നത്.
വന്യജീവി (സംരക്ഷണം) ഭേദഗതി ബില്‍ 2021
പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവ് ഇക്കഴിഞ്ഞ ഡിസംബര്‍ 17-നാണ് വന്യജീവി (സംരക്ഷണം) ഭേദഗതി ബില്‍ 2021 ലോക്സഭയില്‍ അവതരിപ്പിച്ചത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ അവസാന ദിവസമാണ് ബില്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്തുവരുന്നത്. 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ചില വ്യവസ്ഥകള്‍ എടുത്തുകളഞ്ഞും മറ്റു ചില വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ത്തുമാണ് ഈ ഭേദഗതി നിലവില്‍ വരുന്നത്. ബില്‍ ഇപ്പോള്‍ ജയറാം രമേശ് അധ്യക്ഷനായ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുന്നിലാണുള്ളത്. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍നിന്നും സംഘടനകളില്‍നിന്നും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചിരുന്നു. അവ കൂടി പരിഗണിച്ചശേഷം സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ വിലയിരുത്തലിനു ശേഷം ഈ ബില്‍ വൈകാതെ നിയമമായി മാറും.
ഈ ബില്ലിലെ 27-ാം വകുപ്പാണ് പുതിയ ചര്‍ച്ചാ വിഷയം. ആനകളെ വാണിജ്യ ആവശ്യങ്ങള്‍ക്കായി കച്ചവടം ചെയ്യാനും ഉപയോഗിക്കാനും അനുമതി നല്‍കുന്നതാണ് ഈ വ്യവസ്ഥ. ആനക്കടത്തും കച്ചവടവും നിയമവിധേയമാക്കുന്ന നടപടിക്ക് ഈ വ്യവസ്ഥ കാരണമാവുമെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
1972-ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ആനകളെ വാണിജ്യാടിസ്ഥാനത്തില്‍ വില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും നിലവില്‍ സ്വകാര്യ വ്യക്തികള്‍ക്ക് നിയമവിധേയമായി ഉടമസ്ഥാവകാശം പുലര്‍ത്താനാവുന്ന ഒരേയൊരു വന്യമൃഗമാണ് ആന. നിയമത്തിലെ ഈയൊരു അപര്യാപ്തത പരിഹരിക്കാനുള്ള ശ്രമങ്ങള്‍ വര്‍ഷങ്ങളായി പല വഴിക്ക് നടന്നു വരുന്നുണ്ടായിരുന്നു. ആനകെള നിയമവിരുദ്ധമായി പിടികൂടി കച്ചവടം ചെയ്യുന്നതിന് പ്രേരകമാവുന്ന വിധത്തില്‍ ആനകളുടെ മേല്‍ വ്യക്തികള്‍ക്ക് ഉടമസ്ഥാവകാശം നല്‍കുന്ന വ്യവസ്ഥ പിന്‍വലിക്കണമെന്ന് വന്യജീവി സംരക്ഷണ സംഘടനകളും ആക്ടിവിസ്റ്റുകളും ആവശ്യപ്പെടുന്നതിനിടെയാണ് പുതിയ നിയമഭേദഗതി വരുന്നത്.
ആനകെള കുഴിയില്‍ വീഴ്ത്തി പിടികൂടി മെരുക്കിയ ശേഷം വില്‍ക്കുന്ന വമ്പന്‍ ബിസിനസ് ഇതോടെ നിയമവിധേയമാവുമെന്നാണ് മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നത്. ആനകളുടെ വില്‍പ്പനയിലുള്ള നിയമപരമായ വിലക്കുകളെല്ലാം മറികടക്കാനുള്ള പഴുതുകള്‍ പുതിയ ഭേദഗതിയിലൂടെ കച്ചവടക്കാര്‍ക്കും ഉടമകള്‍ക്കും ലഭ്യമാവുമെന്ന് ഹൈറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറിയായ തൃശൂരിലെ വി.കെ വെങ്കിടാചലം പറയുന്നു.
നാട്ടാനകള്‍ വന്യജീവികളാണോ?
എന്തൊക്കെ കുഴപ്പങ്ങളുണ്ടെങ്കിലും 1972-ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ പുരോഗമനപരമായ വ്യവസ്ഥകളുണ്ടായിരുന്നുവെന്ന് ഈ വിഷയത്തില്‍ സ്‌ക്രോള്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വന്യജീവി സംരക്ഷണ വിദഗ്ധനായ ഹിലോക് ഹിസാര്‍വാല ചൂണ്ടിക്കാട്ടുന്നു. 1972-ലെ വന്യജീവി സംരക്ഷണ നിയമം വന്യജീവികളുടെ നായാട്ട് നിരോധിക്കുകയും സംരക്ഷിത വന്യജീവി മേഖലകള്‍ രൂപവല്‍കരിക്കുകയും ചെയ്തിരുന്നു. എല്ലാ വന്യജീവികളുടെയും വാണിജ്യാടിസ്ഥാനത്തിലുള്ള കച്ചവടവും ഈ നിയമം മൂലം നിരോധിച്ചിരുന്നു.
എന്നാല്‍, നാട്ടാനകളുടെ കാര്യത്തില്‍ അത്ര നല്ലതായിരുന്നില്ല ഈ നിയമം. ഏറെ അവ്യക്തതകളുണ്ടായിരുന്നു അതില്‍. ആന ഉടമസ്ഥത അത് അനുവദിക്കുന്നുണ്ടായിരുന്നു. ആനകളെ സ്വകാര്യ വ്യക്തികള്‍ക്ക് വാങ്ങി വളര്‍ത്താനും ഉടമസ്ഥാവകാശം വിനിയോഗിക്കാനും കഴിയുന്നിടത്ത് സ്വാഭാവികമായും ആനയെ ഉപയോഗിച്ച് വരുമാനമുണ്ടാക്കലും ആനകളെ വാണിജ്യാടിസ്ഥാനത്തില്‍ കച്ചവടം ചെയ്യുന്നതും നടക്കും. സംരക്ഷിത മൃഗമായ ആനയ്ക്കുമേല്‍ എങ്ങനെയാണ് വ്യക്തികള്‍ക്ക് ഉടമസ്ഥാവകാശം അനുവദിക്കാനാവുക എന്ന ചോദ്യമാണ് ഇതുയര്‍ത്തുന്നത്.
നാട്ടാനകളെ വന്യജീവികളായി കണക്കാക്കാനാവില്ല എന്ന യുക്തി പ്രകാരമാണ് ഈ ഉടമസ്ഥാവകാശ പ്രശ്‌നം ന്യായീകരിക്കപ്പെട്ടത്. എന്നാല്‍, എല്ലാ ആനകളും -അത് നാട്ടാനയായാലും കാട്ടാനയായാലും-വന്യജീവികളാണ് എന്നാണ് വന്യജീവി വിദഗ്ധരും മൃഗചികില്‍സാ വിദഗ്ധരും വനം ഉദ്യോഗസ്ഥരും ആക്ടിവിസ്റ്റുകളുമെല്ലാം കാലാകാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍, കൊളോണിയല്‍ പാരമ്പര്യത്തില്‍ വേരുറച്ച നമ്മുടെ വനനിയമങ്ങള്‍ പതിറ്റാണ്ടുകളായി ഈ വിഷയത്തില്‍ അവ്യക്തത പുലര്‍ത്തുകയാണ പതിവ്.
കന്നുകാലികളെപ്പോലെ ആനകളെ കണക്കാക്കാമോ?
1972-ല്‍ നിലവില്‍ വന്ന വന്യജീവി സംരക്ഷണ നിയമം ആനകളെ വന്യമൃഗേതര ഇനമായ കന്നുകാലികളെ പോലെയാണ് പരിഗണിച്ചിരുന്നത്. ആനകളെ തടിപിടിക്കാനും വേട്ടകള്‍ക്കും മൃഗയാവിനോദങ്ങള്‍ക്കും യുദ്ധത്തിനുമെല്ലാം ഉപയോഗിച്ചിരുന്ന ബ്രിട്ടീഷുകാരുടെ കാലത്തെ നിയമങ്ങളുടെ തുടര്‍ച്ചയായാണ് ഇക്കാര്യം സംഭവിച്ചതെന്ന് വന്യജീവി സംരക്ഷണ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. 1990-കളില്‍ പ്രൊജക്ട് എലിഫന്റ് നിലവില്‍ വന്നതോടെയാണ് ഈ വ്യവസ്ഥയില്‍ മാറ്റമുണ്ടാവുന്നത്. നാട്ടാനകളെ കന്നുകാലി കാറ്റഗറിയില്‍ പെടുത്തിയ നിയമം റദ്ദാക്കപ്പെട്ടു. നാട്ടാനയോ കാട്ടാനയോ എന്നു നോക്കാതെ എല്ലാ ഏഷ്യന്‍ ആനകളും വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള ഷെഡ്യൂള്‍ഡ് ഒന്ന് സംരക്ഷിത ജീവി ഗണത്തില്‍ വന്നു.
എങ്കിലും, നാട്ടാനകളെ കന്നുകാലികളായി കരുതുന്ന രീതി അതേ പടി തുടര്‍ന്നുവന്നു. അതേ പോലെ ആനകളെ കെണിവെച്ചു വീഴ്ത്തി മെരുക്കി നാട്ടാനകളാക്കി വില്‍ക്കുന്ന കച്ചവടവും അതിന്റെ വാണിജ്യ ഉപയോഗവും അതേ പടി തുടര്‍ന്നുവന്നു
ആസാം കേന്ദ്രമായി ആനകളെ കെണിവെച്ചു പിടിച്ച് രാജ്യമാകെ കച്ചവടം ചെയ്യുന്ന വമ്പന്‍ സംഘം പ്രവര്‍ത്തിക്കുന്നതായി വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ 2011-ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബിഹാറിലെ സോനെപൂര്‍ ചന്ത വഴിയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആനകളെത്തുന്നത് എന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ആസാം, ബീഹാര്‍, യു പി എന്നിവിടങ്ങളില്‍ അതിശക്തമായ ആനക്കടത്ത് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും രാഷ്ട്രീയ പിന്തുണയോടെ ഇവര്‍ ആനക്കച്ചവടം നടത്തുന്നതായുമാണ് ചതുര്‍ഭുജ ബെഹ്‌റ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഈ പശ്ചാത്തലത്തിലാണ് പുതിയ നിയമഭേദഗതി വീണ്ടും ചര്‍ച്ചയാവുന്നത്. ആന ഉടമസ്ഥത എടുത്തുകളഞ്ഞതും സുപ്രീം കോടതിയുടെ ഇടപടല്‍ വഴി നടന്ന സംരക്ഷണ പ്രവര്‍ത്തനങ്ങളുമെല്ലാം അട്ടിമറിക്കുന്ന വിധത്തില്‍ ഈ നിയമം ദുരുപയോഗിക്കപ്പെടാനിടയുണ്ട് എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ആശങ്കപ്പെടുന്നത്.