ഞെട്ടിക്കുന്ന ആ രാത്രിയിലെ സിസിടിവി കാഴ്ചകളിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് സംഘം എത്തിയതെങ്ങനെ?


ഒരു രാത്രി ഒലിച്ചിറങ്ങിയ ഉരുളിന് പിന്നാലെ സ്വപ്നങ്ങളില്ലാതായവര്‍, ഇനിയെന്ത് എന്ന ചോദ്യം പോലും ഉള്ളിലവശേഷിക്കാത്തവര്‍, അനാഥരായവര്‍, നഷ്ടങ്ങള്‍ മാത്രം അവശിച്ച ഒരു ജനത. അന്ന് രാത്രി ഒലിച്ചിറങ്ങിയ ആ ഉരുളിന്‍റെ ഭീകര ദൃശ്യങ്ങളിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് സംഘം എത്തിയതെങ്ങനെ? വായിക്കാം. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വി ആര്‍ രാഗേഷ്

How did the Asianet News team get to the CCTV footage of that night from Mundakkal landslide

മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലുണ്ടായ അന്ന് രാത്രി തന്നെ പ്രദേശത്തെ വാട്സാപ്പ് ചാറ്റുകളില്‍ സഹായത്തിനായുള്ള നിരവധി ശബ്ദ സന്ദേശങ്ങള്‍ എത്തി. അര്‍ദ്ധ രാത്രിയുടെ മറവിലും ഉരുളിന്‍റെ ഭീകരത നേരിട്ട് കണ്ടവരില്‍ പലര്‍ക്കും തങ്ങളുടെ വാക്കുകള്‍ മുഴുമിപ്പിക്കാന്‍ പോലും കഴിഞ്ഞില്ല. നിലവിളികളും ആരെങ്കിലും ഒന്ന് വരാമോ എന്ന സഹായ അഭ്യർത്ഥനകളും മാത്രമായിരുന്നു ആ ശബ്ദ സന്ദേശങ്ങളില്‍ വേദനയായി വാട്സാപ്പ് ചാറ്റുകളിലേക്ക് എത്തിയത്. അപ്പോഴും ദുരന്തത്തിന്‍റെ വ്യാപ്തി ആര്‍ക്കും വ്യക്തമായിരുന്നില്ല. ഒടുവില്‍, നേരം വെളുത്തപ്പോള്‍ ഒരു ദേശം മുഴുവനായും കിലോമീറ്ററുകള്‍ അകലേയ്ക്ക് ഒലിച്ചിറങ്ങിയിരുന്നു. പിന്നീടങ്ങോട്ട് കഴിഞ്ഞ ഇരുപത്തി രണ്ട് ദിവസമായി പുഞ്ചിരിമട്ടത്തിനും ചൂരൽമലയ്ക്കും ഇടയിലായിരുന്നു മലയാളി. പകല്‍ കണ്ട കാഴ്ചയ്ക്ക് കാരണമായ ജൂലൈ 30 -ാ തിയതി പുലര്‍ച്ചെയിലെ ആ അനുഭവങ്ങള്‍ വിവരിക്കാന്‍ പലരും ബാക്കിയായില്ല.

നാനൂറോളം പേരുടെ ജീവന്‍ നഷ്ടമായി. നൂറുകണക്കിന് ആളുകളെ ഇനിയും കണ്ടെത്താന്‍ പോലും കഴിഞ്ഞിട്ടില്ല. അപ്പോഴും എന്തായിരുന്നു ആ രാത്രിയില്‍ അവിടെ സംഭവിച്ചതെന്നതിന് ഒരു ഊഹം മാത്രമായിരുന്നു മലയാളിക്കുണ്ടായിരുന്നത്. ഒടുവില്‍ രണ്ട് ദിവസം മുമ്പ് ഏഷ്യാനെറ്റ് ന്യൂസ് സംഘം ആ രാത്രി കാഴ്ചകള്‍ പുറം ലോകത്തിന് കാട്ടിക്കൊടുത്തപ്പോള്‍ സ്തബ്ദരായി നെഞ്ചകം നീറി കണ്ട് നില്‍ക്കാനെ മലയാളിക്ക് കഴിഞ്ഞുള്ളൂ. ആ രാത്രി കാഴ്ചകളെ കണ്ടെത്തിയ വഴി ഏഷ്യാനെറ്റ് ന്യൂസ് സംഘം വിവരിക്കുന്നു.

 

ടീം വര്‍ക്ക്

ഇരുപത്തിരണ്ട് ദിവസത്തിനിടെ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിലെ പത്ത് റിപ്പോര്‍ട്ടര്‍മാരും 11 ക്യാമറാമാന്മാരും രണ്ട് ഡ്രോണ്‍ ഓപ്പറേറ്റേർമാരും ഒരു ഡിഎസ്എന്‍ജിയും എഡിറ്റ് സ്യൂട്ട് അടക്കം ഒരു വീഡിയോ എഡിറ്ററുമടങ്ങുന്ന സംഘം പുഞ്ചിരിമട്ടം മുതല്‍ ചൂരൽമല വരെയുള്ള ദുരന്തപ്രദേശത്ത് രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് ദുരന്തത്തിന്‍റെ ആഴം മലയാളിയെ, ലോകത്തെ നേരിട്ടറിയിക്കാനായി സജ്ജരായുണ്ടായിരുന്നു. ദുരന്തദേശങ്ങളിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന്‍റെ വാഹനങ്ങള്‍ക്ക് ചിലപ്പോള്‍ വഴികാട്ടികളായും മറ്റ് ചിലപ്പോള്‍ സാരഥികളായും ഒപ്പം നിന്നത് കല്പറ്റയിലെ ജയന്‍റെ നേതൃത്വത്തിലുള്ള ടാക്സി ഡ്രൈവര്‍മാരാണ്.

പുഞ്ചിരിമട്ടം മുതല്‍ മുണ്ടക്കൈ വരെയുള്ള ഏതാണ്ട് ഏട്ട് കിലോമീറ്ററോളം ദൂരം രാപ്പകലില്ലാതെ ഓരോ നിമിഷവും അവശേഷിക്കുന്ന ജീവന്‍റെ അവസാന ശ്വാസം തേടിയ സംഘത്തോടൊപ്പം സഞ്ചരിച്ച് ദുരന്തത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങളെ ഏഷ്യാനെറ്റ് ന്യൂസ് സംഘം പകര്‍ത്തി.

ഒടുവില്‍ ജീവിച്ചിരുന്ന പ്രദേശവാസികള്‍ ആദ്യമായി അവശേഷിപ്പുകള്‍ തേടി ദുരന്ത പ്രദേശത്തെത്തിയപ്പോള്‍ ബാക്കിയായത് മലമുകളില്‍ നിന്നും ഉരുണ്ടിറങ്ങിയ പടൂകൂറ്റന്‍ പാറക്കല്ലുകള്‍. പാതി തകര്‍ന്ന തങ്ങളുടെ വീടുകള്‍ക്ക് മുന്നില്‍ നിന്നും അന്ന് രാത്രിയിലെ നൊമ്പര കാഴ്ചകള്‍ രക്ഷപ്പെട്ടവരുടെ വാക്കുകളിലൂടെ പുറം ലോകമറിഞ്ഞപ്പോള്‍ കടകള്‍ക്ക് മുകളില്‍, വീടുകളിലെ ചുമരുകളില്‍ എല്ലാറ്റിനും സാക്ഷിയായി ഒടുവില്‍ നിശ്ചലമായ സിസിടിവി ക്യാമറകള്‍ നിന്നു.

സിസിടിവി അന്വേഷണം

ദുരന്തമുഖത്ത് നിന്നും രക്ഷപെട്ട ഒരാള്‍ തന്‍റെ കടയ്ക്ക് മുന്നില്‍ നിന്നും ആ രാത്രി വിശദീകരിച്ചപ്പോഴാണ് സിസിടിവിയുടെ സാധ്യതകളിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് സംഘം എത്തിയത്. പിന്നാലെ അന്നത്തെ സംഭവത്തിന് ശേഷം നിശ്ചലമായ ആ സിസിടിവി ക്യാമറകളിലെ ഡിവിആറുകളെ കുറിച്ചായി അന്വേഷണം. പക്ഷേ, ആദ്യ ദിവസങ്ങളില്‍ തന്നെ വെള്ളാര്‍മല സ്കൂളിലെ സിസിടിവിയുടെ ഡിവിആര്‍ അടക്കം ലഭ്യമായ എല്ലാ സിസിടിവികളുടെയും ഡിവിആര്‍ പോലീസ് സംഘം എടുത്ത് കൊണ്ട് പോയിരുന്നു. ബാക്കിയായ സിസിടിവി ഹാര്‍ഡ് ഡിസ്കുകളെ / ഡിവിആറുകളെ കുറിച്ചുള്ള അന്വേഷണം എത്തിയത് ക്യാമ്പുകളില്‍ കഴിയുന്ന ദുരന്തബാധിതരിലേക്കായിരുന്നു.

How did the Asianet News team get to the CCTV footage of that night from Mundakkal landslide

കടമ്പകള്‍

ഇതിനിടെയാണ് പ്രദേശവാസിയായ വഹാബിനെ ഏഷ്യാനെറ്റ് ന്യൂസ് സംഘം കണ്ടെത്തുന്നത്. വഹാബിന്‍റെ ഭാര്യ ഉരുളിനൊപ്പം ഒലിച്ച് പോവുകയും പിന്നീട് രക്ഷപ്പെടുത്തുകയും ചെയ്ത അനുഭവം പറയുമ്പോള്‍ വഹാബിന്‍റെ വീടിരുന്ന സ്ഥലത്തേക്ക് അദ്ദേഹത്തെയും കൂട്ടി ഏഷ്യാനെറ്റ് ന്യൂസ് സംഘം തിരിച്ചു. അവിടെ വച്ച് വീടിന്‍റെ ചുമരില്‍ ചളി പിടിച്ച ഒരു സിസിടിവി കണ്ടപ്പോള്‍ അദ്ദേഹത്തോട് അന്ന് രാത്രിയിലെ ദൃശ്യങ്ങള്‍ ലഭിക്കുമോയെന്ന ചോദ്യത്തില്‍ നിന്നാണ് പിന്നീട് മലയാളി കണ്ട ആ ഞെട്ടിക്കുന്ന രാത്രി ദൃശ്യങ്ങളിലേക്കുള്ള ആദ്യ യാത്ര ആരംഭിക്കുന്നത്.

സിസിടിവി ഇരുന്ന വീട് നിഷാദ് അലിയുടെതായിരുന്നു. പുറം ചുമരുകള്‍ തകര്‍ത്ത് അകത്ത് കയറിയ ചളി വീടിന്‍റെ സിലിംഗിന്‍റെ അടക്കം നിറം മാറ്റിയാണ് കടന്ന് പോയത്. ഒരു കുടുംബം തങ്ങളുടെ എല്ലാ സ്വപ്നങ്ങളും കണ്ടുറങ്ങിയിരുന്ന ഒരു വീടായിരുന്നു അതെന്ന് പറയാനാകാത്ത വിധം ഉരുള്‍ ആ വീടിനെ തകര്‍ത്തെറിഞ്ഞിരുന്നു. സംഭവ ദിവസം രാത്രി വരെ ആ വീട്ടിലുണ്ടായിരുന്ന വസ്തുക്കളില്‍ പലതും അവിടെ ഉണ്ടായിരുന്നില്ല. പകരം മരങ്ങളും കല്ലും ചളിയും നിറഞ്ഞ ഒരിടം മാത്രം. ഒടുവില്‍, മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനുള്ളില്‍ നിഷാദ് അലിയുടെ സഹായത്തോടെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്ക് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് ലഭിച്ചു.

മറ്റൊരു ദിവസം തകര്‍ന്ന ഒരു കടയുടെ മുന്നില്‍ നിന്നും, അപകടത്തില്‍ രക്ഷപ്പെട്ട കടയുടമയുടെ ബൈറ്റ് എടുക്കുന്നതിനിടെയാണ് കടയ്ക്ക് മുകളിലെ സിസിടിവി ഏഷ്യാനെറ്റ് സംഘത്തിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. ചോദിച്ചപ്പോള്‍ അദ്ദേഹവും ആ ഹാര്‍ഡ് ഡിസ്ക് ഏറ്റെടുത്ത് തരാന്‍ തയ്യാറായി. പക്ഷേ, അതിലെ ദൃശ്യങ്ങള്‍ കാണാന്‍ തനിക്ക് ഇനിയൊരിക്കലും കഴിയില്ലെന്നും എന്നാല്‍, ലോകം ആ ദുരന്ത തീവ്രത കാണമെന്നും ഏറെ വേദനയോടെ അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് രണ്ടാമത്തെ ഡിവിആർ ലഭിക്കുന്നത്. ഇതിനിടെ ദുരന്തമേഖലയില്‍ സിസിടിവികള്‍ ഉണ്ടായിരുന്ന വീടുകള്‍ കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ച് ഏഷ്യാനെറ്റ് സംഘം അന്വേഷണം ആരംഭിച്ചു.

ദുരന്ത ശേഷം നിര്‍മ്മിക്കപ്പെട്ട ബെയ്‍ലി പാലത്തിന് തൊട്ടടുത്ത് ഉണ്ടായിരുന്ന, എന്നാല്‍ ഉരുള്‍പൊട്ടലില്‍ പൂർണ്ണമായും തകര്‍ന്ന് പോയ ഷാലിമാര്‍ എന്ന കട ഉടമയിലേക്ക് അങ്ങനെയാണ് എത്തി ചേര്‍ന്നത്. അദ്ദേഹത്തെ കണ്ടെത്തിയപ്പോള്‍, ഡിവിആര്‍ അദ്ദേഹം നേരത്തെ തന്നെ കണ്ടെത്തി സൂക്ഷിച്ചിരുന്നു. അന്വേഷിച്ചപ്പോള്‍ തന്നെ അത് കൈമാറാന്‍ അദ്ദേഹം തയ്യാറായി. പക്ഷേ, ആ ഡിവിആര്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. അതില്‍ നിന്നും ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല.

 

വൈകാരികമായ വെല്ലുവിളികള്‍

രക്ഷപ്പെട്ടവരില്‍ പലരും അത്തരം കാര്യങ്ങളെ കുറിച്ചൊന്നും ആലോചിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. മറ്റ് ചിലര്‍ക്ക് സിസിടിവിയുടെ സാങ്കേതികതയെ കുറിച്ച് അറിയില്ല. ചില സിസിടിവി ഉടമകളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അങ്ങനെ പല തടസങ്ങള്‍ മറികടന്ന് ലഭിച്ച സിസിടിവി, ഡിവിആറുകളില്‍ ഭൂരിഭാഗവും ദൃശ്യങ്ങള്‍ തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം നഷ്ടപ്പെട്ടിരുന്നു.

അങ്ങനെയാണ് പ്രദേശത്ത് സിസിടിവി സ്ഥാപിച്ച സ്ഥാപനങ്ങളെ കുറിച്ചുള്ള അന്വേഷണം ആരംഭിക്കുന്നത്. അത് ചെന്നെത്തി നിന്നത് കല്പറ്റയിലെ ഡിസ്ക് കമ്പ്യൂട്ടര്‍ സ്ഥാപനത്തിലെ സജീറില്‍. അദ്ദേഹത്തിലൂടെ മുണ്ടക്കൈയിലെയും ചൂരല്‍മലയിലെയും സിസിടിവി സ്ഥാപിച്ച കടകളുടെയും വീടുകളുടെയും വിവരങ്ങള്‍ ലഭിച്ചു. ആ വഴിക്കും അന്വേഷണം നീണ്ടു. എന്നാല്‍, ഇത്തരമൊരു ദുരന്തപ്രദേശത്തെ സിസിടിവിയുടെ ഡിവിആറുകളെ കുറിച്ച് ചോദിക്കുന്നതിന് വലിയ പരിമിതികളുണ്ടായിരുന്നു. പലപ്പോഴും വൈകാരികമായ വെല്ലുവിളികളും ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് നേരിടേണ്ടി വന്നു. ഒടുവില്‍ ലഭിച്ച ദൃശ്യങ്ങള്‍ മലയാളിയുടെ സ്വപ്നങ്ങളില്‍ പോലും ഭീതി നിറയ്ക്കുന്നതായിരുന്നു.

ലഭിച്ച ഡിവിആറുകളില്‍ നിന്നും നേരിട്ട് ഫയലുകള്‍ എടുക്കാന്‍ കഴിയില്ല. അത് മറ്റൊരു സിസ്റ്റത്തില്‍ പ്ലേ ചെയ്ത് അവിടെ നിന്നും ഷൂട്ട് ചെയ്താണ് സാധാരണ സിസിടിവി ദൃശ്യങ്ങള്‍ എടുക്കാറ്. അത് മറ്റൊരു വെല്ലുവിളിയായി മാറി. അതിന് വേണ്ടിയുള്ള ഓട്ടമായി പിന്നെ. പ്രദേശത്ത് മൂന്നോ നാലോ തവണ ഉരുള്‍പൊട്ടിയതിനാല്‍ അവയുടെ ടൈം കോഡുകള്‍ കണ്ടെത്തുക മറ്റൊരു വെല്ലുവിളിയായി. ലഭിച്ച ഡിവിആറുകളില്‍ നിന്നും പകര്‍ത്തിയ ഫയലുകള്‍ മുഴുവനും ഇരുന്ന് കണ്ടതിന് ശേഷമാണ് സംഭവ സമയത്തെ ദൃശ്യങ്ങളിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് സംഘം എത്തിയത്. പക്ഷേ, അവിടെ മറ്റൊരു പ്രശ്നം ഉടലെടുത്തു. ഡിവിആര്‍ ഫയലുകള്‍ എഡിറ്റ് സ്യൂട്ടില്‍ സപ്പോര്‍ട്ട് ചെയ്യുന്നവയായിരുന്നില്ല. ഒടുവില്‍ ഡിവിആര്‍ കമ്പനിയുടെ കേരളത്തിലെ ഡീലര്‍മാരെ കണ്ടെത്തി. അവരുടെ സഹായത്തോടെയാണ് എഡിറ്റ് സ്യൂട്ടിന് സപ്പോർട്ടീവായ ഫയലുകള്‍ കണ്ടെത്തി, അവ എഡിറ്റ് സ്യൂട്ടിലേക്ക് കോപ്പി ചെയ്തെടുക്കുന്നത്. 

മലയാളിയുടെ കാഴ്ചാ ശീലങ്ങളിലേക്ക് ഒരു നോവായെത്തിയ അനുഭവമായിരുന്നു ആ കാഴ്ചകള്‍. കുത്തിയൊലിച്ചെത്തിയ വെള്ളം വീടുകള്‍ക്കുള്ളില്‍ നിന്നും കടകള്‍ക്കുള്ളില്‍ നിന്നും സാധാനങ്ങളെല്ലാം തൂത്തെടുത്ത് പുറക്കേക്കൊഴുകുന്നു. ഫ്രഡ്ജുകള്‍ നിമിഷ നേരം കൊണ്ട് എടുത്തിയര്‍ത്തി കൊണ്ട് പോകുന്ന ഉരുളിന് അടച്ചുറപ്പുള്ള കെട്ടിടങ്ങളൊന്നും ഒരു തടസമായില്ല. ചില വീഡിയോകളില്‍ വെറും 11 സെക്കന്‍റില്‍ എല്ലാം നടക്കുന്നു. കണ്ണ് ചിമ്മിത്തുറക്കുന്ന നിമിഷത്തില്‍ എല്ലാം ഉരുളിനൊപ്പം ഒലിച്ചിറങ്ങുന്ന കാഴ്ച. ഒരു ദൃശ്യത്തില്‍ ഒരു പൂച്ച കുഞ്ഞ് രക്ഷപ്പെട്ടതിന്‍റെ തൊട്ട് പിന്നാലെ ഉരുള്‍ മുറിക്കുള്ളിലേക്ക് പാഞ്ഞെത്തുന്നത് കാണാം. ആദ്യമൊഴുകിയെത്തിയ ഉരുളില്‍ നിന്നും ഒരു കോഴിയെ നിഷാദ് അലി രക്ഷപ്പെടുത്തുന്നത് മറ്റൊരു ദൃശ്യത്തില്‍ കാണാം. അദ്ദേഹം പറഞ്ഞത് പോലെ 'അതും ഒരു ജീവനല്ലേ.' അത്യപൂര്‍വ്വമായ അത്തരം ചില ആശ്വാസ ദൃശ്യങ്ങള്‍ക്ക് പിന്നില്‍, ഒരു ദേശം മുഴുവനും ഏതാനും നിമിഷത്തിനുള്ളില്‍ ഒലിച്ചിറങ്ങിയെന്ന ബോധം കാഴ്ചകളെ അസ്വസ്ഥമാക്കുന്നു. 


How did the Asianet News team get to the CCTV footage of that night from Mundakkal landslide

Latest Videos
Follow Us:
Download App:
  • android
  • ios