സ്വേച്ഛാധിപതികളും ഊരുതെണ്ടികളുമായ രണ്ടുപേർ
ചാപ്ലിനും ഹിറ്റ്‌ലറെപ്പോലെ ഒരു ബഹുമുഖപ്രതിഭയായിരുന്നു. എഴുത്ത്, സംവിധാനം, അഭിനയം. മൂന്നിലും അഗ്രഗണ്യൻ. അദ്ദേഹം നിരവധി നിശബ്ദ ചിത്രങ്ങളിൽ അഭിനയിച്ചു, അതിൽ പലതിന്റെയും പശ്ചാത്തല സംഗീതവും നിർമിച്ചു. ഹിറ്റ്‌ലർ താൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ നടന്മാരിൽ ഒരാളാണ് എന്നായിരുന്നു ചാപ്ലിന്റെ അഭിപ്രായം.
1889 ഏപ്രിൽ മാസത്തിൽ ആസ്ട്രിയയിലെ ഒരു മധ്യവർഗ കുടുംബത്തിലായിരുന്നു അഡോൾഫ് ഹിറ്റ്‌ലർ ജനിച്ചത്. ഒരു കസ്റ്റംസ് ഏജന്റായിരുന്നു അച്ഛൻ. മകനെ കണക്കറ്റു പ്രഹരിക്കുമായിരുന്ന അച്ഛനിൽ നിന്നും എന്നും അഡോൾഫിനെ പരിരക്ഷിച്ചു പോന്നിരുന്നത് അമ്മ ക്ലാരയായിരുന്നു. അഡോൾഫ് തന്റെ ജീവിതത്തിൽ മനസ്സറിഞ്ഞു സ്നേഹിച്ചിട്ടുള്ള ഒരേയൊരു സ്ത്രീയും അമ്മ മാത്രമായിരുന്നു.
സ്‌കൂളിൽ പോവാൻ തീരെ ഇഷ്ടമില്ലായിരുന്നു അഡോൾഫിന്. ഉഴപ്പി ഉഴപ്പി ഒടുവിൽ ഹിറ്റ്‌ലർ പഠിപ്പുനിർത്തി. ഒരു ആർട്ടിസ്റ്റാവുക എന്ന ലക്ഷ്യത്തോടെ അഡോൾഫ് ആസ്ട്രിയ വിട്ട് വിയന്നയിലേക്ക് പോയി. ചെറുപ്പം മുതൽക്കേ അസ്സലായി ചിത്രം വരയ്ക്കുമായിരുന്നു ഹിറ്റ്‌ലർ. വിയന്നയിലേക്ക് പലായനം ചെയ്തതിന്റെ ലക്ഷ്യം തന്നെ വിയന്ന അക്കാദമിയിൽ ഫൈൻ ആർട്സ് അഭ്യസിക്കുക എന്നതായിരുന്നു. എന്നാൽ, ആ വിഖ്യാതമായ കലാസ്ഥാപനത്തിന്റെ പ്രവേശന പരീക്ഷയിൽ ജയിക്കാൻ ഹിറ്റ്‌ലറിന് സാധിച്ചില്ല.
അങ്ങനെ ദീർഘകാലമായി മനസ്സിലിട്ടു താലോലിച്ച സ്വപ്നം പൊലിഞ്ഞപ്പോൾ ആകെ ഹതാശനായ ഹിറ്റ്‌ലർ പിന്നീട് കുറേക്കാലം വിയന്നയിലെ തെരുവുകളിൽ ഒരു ഊരുതെണ്ടിയുടെ ജീവിതം നയിച്ചു. വിരോധാഭാസമെന്നു പറയട്ടെ, ആദ്യകാലത്ത് ഹിറ്റ്‌ലറെ സാമ്പത്തികമായി സഹായിച്ചത്, വിയന്നയിലെ ചില യഹൂദകുടുംബങ്ങളായിരുന്നു. അങ്ങനെ ഒടുവിൽ ഒരുവിധം ഹിറ്റ്‌ലർ വിയന്നയിലെ സൈന്യത്തിൽ കേറിപ്പറ്റി.
1923 -ൽ രാജ്യദ്രോഹക്കുറ്റത്തിന് ജർമനി അറസ്റ്റുചെയ്ത അതേ ഹിറ്റ്‌ലർ തന്നെ പിന്നീട് ജർമനിയുടെ ചാൻസലറായി. മികച്ചൊരു വാഗ്മിയായിരുന്നു ഹിറ്റ്‌ലർ. തന്റെ ഭരണകാലത്ത് ജർമനിയിലെ നാണയപ്പെരുപ്പം ഹിറ്റ്‌ലർ പിടിച്ചുനിർത്തി, തൊഴിലില്ലായ്മയ്ക്ക് പരിഹാരമുണ്ടാക്കി, നല്ല റോഡുകളുണ്ടാക്കി, വലിയ കെട്ടിടങ്ങൾ നിർമ്മിച്ചു.
1935 -ൽ ഹിറ്റ്‌ലറുടെ മനസ്സിലേക്ക് വംശീയ ശുദ്ധിയുടെ വികലമായ ആശയങ്ങൾ കേറിവന്നു. ജൂതരെ പരസ്യമായി ആക്രമിക്കാൻ തുടങ്ങി. അവരുടെ സിനഗോഗുകൾ, വ്യാപാര സ്ഥാപനങ്ങൾ, മാളികകൾ എല്ലാം ഹിറ്റ്‌ലർ ആക്രമിച്ചു. കോടിക്കണക്കിനാളുകളുടെ മരണത്തിനു കാരണമായ രണ്ടാം ലോക മഹായുദ്ധം ഹിറ്റ്‌ലർ ഒരാളുടെ പ്രകോപനങ്ങളും പ്രവൃത്തികളും കരണമുണ്ടായതാണ്.
യൂറോപ്പിലെ ജൂതരുടെ നേർക്കുള്ള ഹിറ്റ്‌ലറുടെ ആക്രമണങ്ങളും, അവരുടെ മേൽ ഏൽപ്പിച്ച പീഡനങ്ങളും,അവർക്കു നൽകിയ അംഗഭംഗങ്ങളും, ഗ്യാസ് ചേംബറുകളിൽ നടപ്പാക്കിയ കൊലകളും ഒക്കെ ഹിറ്റ്‌ലറെ ഈ ലോകത്ത് ഏറ്റവും വെറുക്കപ്പെടുന്ന ഒരാളാക്കി മാറ്റി.
ചാർളി ചാപ്ലിൻ, പ്രശസ്തിയിലേക്കുള്ള പ്രയാണം
ചാപ്ലിൻ പക്ഷേ, ഹിറ്റ്‌ലറെപ്പോലെ അല്ലായിരുന്നു. ഈ ലോകമെമ്പാടുമുള്ള ലക്ഷോപലക്ഷം ആരാധകർ അദ്ദേഹത്തെ ആരാധിച്ചു പോന്നിരുന്നു.
ചാർളി ചാപ്ലിൻ ജനിച്ചതും 1889 ഏപ്രിൽ മാസത്തിൽ തന്നെയായിരുന്നു. ജർമ്മനിയിൽ നിന്നും ഒരിത്തിരി പടിഞ്ഞാറുള്ള ലണ്ടനിൽ. സൗത്ത് ലണ്ടനിലെ ചേരികളിലൊന്നിലായിരുന്നു അദ്ദേഹത്തിന്റെ ഭവനം. മ്യൂസിക് ഹാളുകളിൽ പാട്ടുപാടലായിരുന്നു ചാപ്ലിന്റെ അച്ഛനമ്മമാരുടെ ഉപജീവന മാര്‍ഗ്ഗം. അമ്മയ്ക്ക് മനസികാസ്വാസ്ഥ്യമുണ്ടായത് കാരണം, നന്നേ ചെറുപ്പത്തിൽ തന്നെ ചാപ്ലിന് ഒരു വർക്ക്‌ഷോപ്പിൽ ജോലിക്ക് പോവേണ്ടിവന്നു. പിന്നീടദ്ദേഹവും അച്ഛനെപ്പോലെ ഒരു മ്യൂസിക് ഹാൾ സിംഗർ ആയി. 1910 -ൽ അദ്ദേഹം ഇംഗ്ലണ്ട് വിട്ട് അമേരിക്കയിലേക്ക് തന്റെ കർമ്മമണ്ഡലം മാറ്റി.
അമേരിക്കയിലെത്തി 5-6 വർഷത്തിനുള്ളിൽ തന്നെ അദ്ദേഹം ലോകമെങ്ങും കോടിക്കണക്കിനു ആരാധകരുള്ള ഒരു പ്രശസ്ത നടനായി മാറി. ഒന്നാം ലോകമഹായുദ്ധത്തിൽ അമേരിക്കയ്ക്കുവേണ്ടി അദ്ദേഹം ഓടിനടന്നു റാലികളും, ഫണ്ടുപിരിവും നടത്തി. ചാർളി ചാപ്ലിൻ അന്ന് ലോകത്തിലേക്കും വെച്ച് ഏറ്റവും പ്രസിദ്ധനായ ഒരാളായിരുന്നു. ചാപ്ലിന്റെ പ്രസിദ്ധി അതിന്റെ കൊടുമുടിയിൽ നിൽക്കുന്ന കാലത്ത്, ഹിറ്റ്‌ലർ ഒരു ഊരുതെണ്ടിയുടെ ജീവിതം നയിച്ചുകൊണ്ട് വിയന്നയുടെ തെരുവുകളിൽ കഴിയുകയായിരുന്നു.
ചാപ്ലിനും ഹിറ്റ്‌ലറെപ്പോലെ ഒരു ബഹുമുഖപ്രതിഭയായിരുന്നു. എഴുത്ത്, സംവിധാനം, അഭിനയം. മൂന്നിലും അഗ്രഗണ്യൻ. അദ്ദേഹം നിരവധി നിശബ്ദ ചിത്രങ്ങളിൽ അഭിനയിച്ചു, അതിൽ പലതിന്റെയും പശ്ചാത്തല സംഗീതവും നിർമിച്ചു. ഹിറ്റ്‌ലർ താൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ നടന്മാരിൽ ഒരാളാണ് എന്നായിരുന്നു ചാപ്ലിന്റെ അഭിപ്രായം.
1940 -ൽ ചാർളി ചാപ്ലിൻ എഴുതി, സംവിധാനം ചെയ്ത, നിർമിച്ച ചിത്രമായിരുന്നു 'ദി ഗ്രേറ്റ് ഡിക്റ്റേറ്റർ '. ചാപ്ലിൻ അഭിനയിച്ച ആദ്യത്തെ ശബ്ദചിത്രം. ഹിറ്റ്‌ലറെയും, തദ്വാരാ ജർമനിയെയും, ഇറ്റലിയെയും ഒന്നും മുഷിപ്പിക്കാനുള്ള ധൈര്യമില്ലാതിരുന വിതരണ കമ്പനികൾ സിനിമയുടെ റീലുകൾ പൂഴ്ത്തിവെച്ചു. അത് റിലീസ് ചെയ്‌താൽ അതിന്റെ പേരിൽ യൂറോപ്പിലെ ജൂതരെ ഹിറ്റ്‌ലർ കൂടുതൽ വേട്ടയാടിയേക്കാം എന്നും അവർക്ക് തോന്നി. അങ്ങനെ റിലീസിംഗ് കയ്യാലപ്പുറത്തായ നേരത്താണ് അമേരിക്കൻ പ്രസിഡണ്ടായ ഫ്രാങ്ക്‌ളിൻ റൂസ്‌വെൽറ്റ് ആ സിനിമയുടെ ഒരു പ്രിവ്യൂ കാണുന്നത്. അതൊരു മികച്ച ചിത്രമാണെന്നും എന്തുവിലകൊടുത്തും അതിനെ റിലീസ് ചെയ്യണമെന്നും റൂസ്‌വെൽറ്റ് ചാർളി ചാപ്ലിനോടു പറഞ്ഞു.
പ്രശസ്തിയുടെയും ആരാധനയുടെയും ഒക്കെ സുവർണകാലത്തിനു ശേഷം, 1952 -ൽ മക്കാർത്തി യുഗത്തിൽ ചാർളി ചാപ്ലിൻ അമേരിക്കയിൽ നിന്നും നാടുകടത്തപ്പെട്ടു. വിസ്കോൺസിൻസെനറ്ററായിരുന്ന ജോസഫ് മക്കാർത്തി ആയിരുന്നു ഈ ഗൂഢാലോചനയുടെ സൂത്രധാരൻ. ചാർളി ചാപ്ലിൻ ഒരു കമ്യൂണിസ്റ്റുകാരനാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം.
ആ ആരോപണം ചാപ്ലിൻ ഒരിക്കലും നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്തില്ല. കുറേക്കാലം യൂറോപ്പിൽ കഴിഞ്ഞ ശേഷം തിരിച്ച് അമേരിക്കയിലേക്ക് തിരികെ വരാൻ ചാപ്ലിൻ ശ്രമിച്ചപ്പോൾ അമേരിക്ക അനുവദിച്ചില്ല. ആരോപിത കമ്യൂണിസ്റ്റ് ബന്ധം തന്നെയായിരുന്നു അപ്പോഴും വിലങ്ങുതടിയായത്.
രണ്ടുപേർക്കുമിടയിലെ താരതമ്യങ്ങൾ
ഇരുവരും ജനിച്ചത് ഒരേ വർഷം, ഒരേ മാസം, ഒരേ ആഴ്ചയിലായിരുന്നു. ഹിറ്റ്‌ലർ യൂറോപ്പിൽ സർവനാശം വിതച്ചുകൊണ്ടു നടന്ന അതേകാലത്ത് ചാപ്ലിൻ ഹിറ്റ്‌ലറെ അടിമുടി വിമർശിച്ചുകൊണ്ട് ഒരു സിനിമചെയ്തു പൂർത്തിയാക്കി. തന്റെ ചിത്രത്തിന്റെ തുടക്കത്തിൽ ചാപ്ലിൻ പറയുന്ന ഒരു വാചകമുണ്ട്, "നമ്മൾ ജീവിക്കേണ്ടത് മറ്റുള്ളവരുടെ സന്തോഷങ്ങളിലാണ്, അവരുടെ ദുരിതങ്ങളിലല്ല. ഒരുപാട് ചിന്തിച്ചുകൂട്ടി, വളരെക്കുറച്ചുമാത്രം ഹൃദയത്തിലേറ്റുന്നു എന്നതാണ് നമ്മുടെ പരാജയം.."
ഹിറ്റ്‌ലർ എന്ന സമർത്ഥനായ ഭരണാധികാരി നിരവധി ബഹുനിലക്കെട്ടിടങ്ങളും, മികച്ച റോഡുകളും, വാഹനനിർമാണ കമ്പനികളും ഒക്കെ കൊണ്ടുവന്നെങ്കിലും, നാസികളുടെ കൂടെ ചേർന്ന് ജൂതരോട് അദ്ദേഹം കാണിച്ച ക്രൂരതയും കൂട്ടക്കൊലയും അധികാരത്തോടുള്ള കൊതിയും എല്ലാം ചേർന്ന് ചരിത്രത്തിലെ ഏറ്റവും ഭീകരനായ, ഏറ്റവും വെറുക്കപ്പെട്ട, ഏറ്റവും കുടിലബുദ്ധിയായ ഒരാൾ എന്ന പേരിൽ അദ്ദേഹത്തെ കുപ്രസിദ്ധനാക്കി.
വ്യക്തിജീവിതത്തിലെ ചാപ്ലിന്‍
ചാർളി ചാപ്ലിനെ അദ്ദേഹത്തിന്റെ സിനിമകളിലെ വേഷങ്ങളുടെ ഗ്ലാമറിൽ മാത്രം അറിയുന്നവർക്ക് അദ്ദേഹം ഉത്തമപുരുഷനായിരുന്നു. എന്നാൽ, വ്യക്തിജീവിതത്തിൽ അദ്ദേഹത്തിന്റെ ക്രൂരത ഹിറ്റ്‌ലറെക്കാൾ ഒട്ടും മോശമായിരുന്നില്ല. അദ്ദേഹത്തെ ആദർശവാനായി ചിത്രീകരിച്ച നിരവധി ജീവചരിത്രങ്ങളുണ്ട്. എന്നാൽ " ചാർളി ചാപ്ലിൻ - എ ബ്രീഫ് ലൈഫ് ' എന്ന പേരിൽ പീറ്റർ അക്രോയ്ഡ് എഴുതിയ ജീവചരിത്രം ചാർളി ചാപ്ലിന്റെ ആ 'മാന്യൻ 'ഇമേജ് പൊളിച്ചടുക്കുന്ന ഒന്നാണ്. തന്റെ ഇരുപത്തിയാറാമത്തെ വയസ്സിൽ ലോകമെങ്ങും പ്രസിദ്ധനായ ചാപ്ലിൻ, ഹോളിവുഡ് നൽകിയ ഭീമൻ പ്രതിഫലം കൊണ്ട് നേടിയ ആഡംബരങ്ങളിൽ അഭിരമിച്ച ചാപ്ലിൻ, അഞ്ചരയടി മാത്രം ഉയരമുണ്ടായിരുന്നിട്ടും, തന്റെ ജീവിതകാലയളവിൽ ഏകദേശം രണ്ടായിരത്തിലധികം സ്ത്രീകളുമായി ബന്ധം പുലർത്തിയിരുന്നു എന്നാണ് അതിൽ പറയുന്നത്. ഈ സ്ത്രീകളായിരുന്നു ചാപ്ലിന്റെ ക്രൂരതകളുടെ നേർസാക്ഷികളും ഇരകളും.
അക്കൂട്ടത്തിൽ ആദ്യത്തെ ആളെ ചാപ്ലിൻ നേരിട്ട് റിക്രൂട്ട് ചെയ്യുകയായിരുന്നു, സാൻഫ്രാൻസിസ്കോ ക്രോണിക്കിളിൽ അദ്ദേഹം കൊടുത്ത ഒരു പരസ്യത്തിലൂടെ. "അടുത്ത് ചിത്രീകരണം തുടങ്ങാനിരിക്കുന്ന ഒരു ചലച്ചിത്രത്തിലേക്ക്, കാലിഫോർണിയയിലെ ഏറ്റവും സുന്ദരിയായ യുവതിയെ ആവശ്യമുണ്ട്.." എന്നായിരുന്നു പരസ്യം. അന്ന് ചാപ്ലിൻ തെരഞ്ഞെടുത്ത സുന്ദരിയുടെ പേര് എഡ്നാ പുർവിയൻസ് എന്നായിരുന്നു. പത്തൊമ്പതു വയസ്സു മാത്രം പ്രായം. ആ സിനിമയിലെ നായികാ നായക ബന്ധത്തിൽ തുടങ്ങി അവർ താമസിയാതെ ജീവിതത്തിലും വളരെ അടുത്തിടപഴകി. അത് വിവാഹത്തിൽ പോലും എത്തിയില്ല. താമസിയാതെ ചാപ്ലിന് അവരെ മടുത്തു. അടുത്ത ബന്ധം തേടി അദ്ദേഹം പുറപ്പെട്ടു. ചാപ്ലിന്റെ അടുത്ത കൂട്ടുകാരി പതിനാറുകാരിയായ മിൽഡ്രഡ് ഹാരിസിന് പ്രായപൂർത്തിയാകും മുമ്പേ അദ്ദേഹത്തിൽ നിന്നും ഗർഭമുണ്ടായി. അതിന്റെ സമ്മർദ്ദം അദ്ദേഹത്തെ 1918 -ൽ അവരെ വിവാഹം ചെയ്യുന്നതിലേക്കെത്തിച്ചു. ആ ഗർഭം വിവാഹത്തിലേക്ക് ചാപ്ലിനെ എത്തിക്കാനുള്ള മിൽഡ്രഡിന്റെ തന്ത്രമായിരുന്നു. വിവാഹാനന്തരം ശരിക്കുള്ള ഗർഭം ഉണ്ടായെങ്കിലും, അധികം താമസിയാതെ അവർ തമ്മിൽ വിവാഹമോചിതരായി.
ചാപ്ലിന് എന്നും ഇളം പ്രായക്കാരിലായിരുന്നു കമ്പം. അടുത്തതായി ചാപ്ലിൻ കണ്ടെത്തിയ പെൺകുട്ടിയ്ക്ക് പ്രായം 12 വയസ്സുമാത്രം. പേര് ലിറ്റാ ഗ്രേ. 1924 -ൽ അദ്ദേഹത്തിന്റെ ഗോൾഡ് റഷ് എന്ന ചിത്രത്തിൽ ഗ്രേ ഒരു ചെറിയ റോളിൽ വെള്ളിത്തിരയിൽ വരുന്നുണ്ട്. അക്കൊല്ലം തന്നെ ലിറ്റയും ചാപ്ലിനിൽ നിന്നും ഗർഭം ധരിക്കുന്നു. 1924 -ൽ ലിറ്റയുമായുള്ള രഹസ്യ വിവാഹം. വിവാഹമോചനത്തിന് മുമ്പ് രണ്ടു കുഞ്ഞുങ്ങൾ.
അടുത്തതാണ് ചാപ്ലിന്റെ വിവാഹങ്ങളിൽ ഏറെക്കുറെ നേർവഴിക്കുള്ള ഒന്ന്. 22 വയസ്സുകാരിയായ നായികാ നടി പൗലറ്റ് ഗൊദാർദ്ദ്. പ്രശസ്തമായ 'ദി ഗ്രേറ്റ് ഡിക്റ്റേറ്റർ' എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ നായിക. അധികം താമസിയാതെ അതും വിവാഹമോചനത്തിൽ കലാശിച്ചു.
ചാപ്ലിന്റെ നാലാം വിവാഹം ഐറിഷ് നാടകകൃത്തായ യൂജിൻ ഓനിലിന്റെ മകൾ പതിനെട്ടുകാരി ഓന. ഇത്തവണ, പ്രായപൂർത്തി ആയ ഒരാൾ, തന്റെ മൂന്നിലൊന്നു പ്രായം മാത്രമുള്ള ഒരു പെൺകുട്ടി. അവളുടെ അച്ഛനും ചാപ്ലിനും ഒരേ പ്രായം. തന്റെ മരണം വരെ ചാപ്ലിൻ തുടർന്ന ആ ബന്ധത്തിൽ എട്ടുമക്കളായിരുന്നു ചാപ്ലിന്. ഒരു പക്ഷേ, ചാപ്ലിന്റെ ഏറ്റവും സംതൃപ്തമായ വൈവാഹികബന്ധവും ഇതാവാം. തന്റെ മക്കളുമായുള്ള ചാപ്ലിന്റെ ക്രൂരമായ വ്യവഹാരത്തെപ്പറ്റി മർലൻ ബ്രാണ്ടോ തന്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്. " ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സാഡിസ്റ്റിക് ആയ ഒരു മനുഷ്യനെ" ന്നാണ് ബ്രാണ്ടോ ചാർളി ചാപ്ലിനെ വിശേഷിപ്പിക്കുന്നത്.
ഒരർത്ഥത്തിൽ, ഹിറ്റ്‌ലറിൽ ഉള്ള സ്വഭാവവിശേഷങ്ങൾ ഏറിയും കുറഞ്ഞും ചാപ്ലിനിലും ഉണ്ടായിരുന്നു. അത് ബഹുമുഖ പ്രതിഭയായാലും, സഹജീവികളോടുള്ള പെരുമാറ്റമായാലും. ചാപ്ലിന്റെ പരപീഡനത്വരയുടെ ഇരകൾ അദ്ദേഹത്തിന്റെ വീട്ടിനുള്ളിൽ ഒതുങ്ങി നിന്നു എന്നുമാത്രം.