ഐക്യരാഷ്ട്ര സഭ അംഗീകരിച്ച വിനോദം, കേരളത്തില്‍ സജീവം; ഹാം റേഡിയോ !

രാജ്യത്തിന് അകത്തും പുറത്തും ദുരന്തസമയത്ത് അടിയന്തര ആശയ വിനിമയത്തിലും പരിമിതമായതോ നെറ്റ്‌വർക്ക് കവറേജ് ഇല്ലാത്തതോ ആയ പ്രദേശങ്ങളിൽ ആശയവിനിമയത്തിനുള്ള മാർഗം നൽകുന്നതിലും അമച്വർ റേഡിയോ സമൂഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 

Ham radio hobby recognized by the United Nations is active in Kerala bkg


"CQ CQ CQ VU3OSV CALLING CQ AND STANDING BY..." ഒന്നും മനസിലായില്ലല്ലേ...  തിരുവനന്തപുരം ശ്രീകാര്യം കരിയം സ്വദേശി അഭിജിത്ത് എ ആർ തന്‍റെ എച്ച് എഫ് ഹാം റേഡിയോ ഉപകരണത്തിൽ സൗഹൃദ സംഭാഷണത്തിന് ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചതാണ് മുകളിൽ വായിച്ച വാചകങ്ങൾ. അങ്ങേ തലയ്ക്കൽ ഹൈദരാബാദ് നിന്ന് ഭാരതിയുടെ പ്രതികരണവും ഉടനെത്തി. അഭിജിത്തിനെ പോലെ പതിനായിരക്കണക്കിന് ലൈസൻസ് ലഭിച്ച ഹാം റേഡിയോ ഓപ്പറേറ്റർമാറാണ് ഇന്ന് കേരളത്തിലുള്ളത്.

ഫോട്ടോഗ്രാഫി, പുസ്തക വായന, ചിത്രം വരയ്ക്കൽ എന്നിങ്ങനെ പലർക്കും പലതരത്തിലുള്ള ഹോബികൾ ജീവിതത്തിലുണ്ടാകും. അത്തരത്തിൽ ലോകപ്രസിദ്ധമായ ഒരു ഹോബിയാണ് ഹാം റേഡിയോ അഥവാ അമേച്വർ റേഡിയോ. ലോകമെമ്പാടുമുള്ള മറ്റ് റേഡിയോ ഓപ്പറേറ്റർമാരുമായി ആശയവിനിമയം നടത്താൻ തങ്ങളുടെ കൈവശമുള്ള വയർലസ് ഉപകരണങ്ങളും വൈദഗ്ധ്യവും ഉപയോഗിക്കുന്ന ലൈസൻസുള്ള റേഡിയോ പ്രേമികളാണ് ഹാം റേഡിയോ ഓപ്പറേറ്റർമാർ. 

ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ഹോബിയാണ് ഹാം റേഡിയോ എന്നുമറിയുക. സമൂഹത്തിൽ ഇന്ന് ഒരു ഹോബിക്കപ്പുറം ഹാം റേഡിയോ ഓപ്പറേറ്റർമാരുടെ പങ്ക് വളരെ വലുതാണ്. രാജ്യത്തിന് അകത്തും പുറത്തും ദുരന്തസമയത്ത് അടിയന്തര ആശയ വിനിമയത്തിലും പരിമിതമായതോ നെറ്റ്‌വർക്ക് കവറേജ് ഇല്ലാത്തതോ ആയ പ്രദേശങ്ങളിൽ ആശയവിനിമയത്തിനുള്ള മാർഗം നൽകുന്നതിലും അമച്വർ റേഡിയോ സമൂഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. കേരളത്തിൽ പ്രളയം, ഓഖി, മണ്ണിടിച്ചിൽ, രക്ഷാപ്രവർത്തനങ്ങളിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ഹാം റേഡിയോ ഓപ്പറേറ്റർമാരുടെ സേവനം വലുതായിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ പെട്ടെന്ന് ആശയവിനിമയത്തിനുള്ള സഹായം ഹാം റേഡിയോ ഓപ്പറേറ്റർമാർ വഴി ഒരുക്കാറുണ്ട്. 

ഇന്നത്തെ ഈ ന്യൂജൻ കാലഘട്ടത്തിലും ഹാം റേഡിയോയുടെ പ്രസക്തി ഏറി വരികയാണ്. രാജ്യത്തിനകത്ത് ഏകദേശം മുപ്പതിനായിരത്തിലധികം ഹാം റേഡിയോ ഓപ്പറേറ്റർമാർ ഉണ്ടെന്നാണ് കണക്കാക്കുന്നത്. കേരളത്തിൽ പതിനായിരത്തിലേറെ ഹാം റേഡിയോ ഓപ്പറേറ്റർമാർ ഉണ്ട്. വിഎച്ച്എഫ്, യുഎച്ച്എഫ്, എച്ച്എഫ് എന്നിങ്ങനെ ഫ്രീക്വൻസികളിലാണ് ഇവരുടെ പ്രവർത്തനം. വയർലസ് ഉപകരണങ്ങൾക്ക് പുറമെ ഇതിനായി ഉള്ള ആന്‍റിനകളും സ്ഥാപിച്ചിട്ടുണ്ടാകും. 

കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന് കീഴിലുള്ള വയർലെസ് പ്ലാനിങ് ആൻഡ് കോഡിനേഷൻ വിങാണ് ഹാം റേഡിയോ ലൈസൻസുകൾ നൽകുന്നത്. 12 വയസ് കഴിഞ്ഞ ആർക്കും ഈ ലൈസൻസിനായി അപേക്ഷിക്കാം. 18 വയസ് പൂർത്തിയായില്ലെങ്കിൽ രക്ഷിതാക്കളുടെ സമ്മതപത്രം ആവശ്യമാണ്. നിലവിൽ ജനറൽ ഗ്രേഡ്, റസ്ട്രിക്ടഡ് ഗ്രേഡ് എന്നിങ്ങനെ രണ്ട് വിഭാഗം ലൈസൻസുകളാണ് രാജ്യത്ത് നൽകി വരുന്നത്. ജനറൽ ഗ്രേഡ് ലൈസൻസ് നേടാനായി പരീക്ഷയും ഇതിനൊപ്പം മോഴ്സ് കോഡ് പ്രവർത്തി പരീക്ഷയും പാസ്സാകണം. 

റസ്ട്രിക്ടഡ് ഗ്രേഡ് ലൈസൻസാണ് വേണ്ടതെങ്കിൽ പരീക്ഷ മാത്രം ജയിച്ചാൽ മതിയാകും. പരീക്ഷ വിജയിക്കുന്നവർക്ക് ഒരു കോൾ സൈൻ (Call sign) വെച്ച ലൈസൻസ് വയർലെസ് പ്ലാനിങ് ആൻഡ് കോഡിനേഷൻ വിങ് അനുവദിച്ച് നൽകും. ഇത് ആയിരിക്കും പിന്നീട് അങ്ങോട്ട് ഹാം റേഡിയോ ഉപയോഗത്തിൽ ഓരോരുത്തരെയും തിരിച്ചറിയാൻ ഉപയോഗിക്കുന്നത്. ജനറൽ ഗ്രേഡ് ലൈസൻസ് ആണെങ്കിലും VU2 എന്നും റസ്ട്രിക്ടഡ് ഗ്രേഡ് ആണെങ്കിൽ VU3 എന്നുമായിരിക്കും കോൾ സൈനിന്‍റെ തുടക്കം. ഇതിൽ VU എന്നത് നമ്മുടെ രാജ്യത്തിന്‍റെ കോഡ് ആണ്. അടുത്ത് വരുന്ന 2/3 ഏത് ലൈസൻസാണ് എന്നതിനെ സൂചിപ്പിക്കുന്നു. ഇത് എല്ലാവർക്കും ഒരുപോലെ ആയിരിക്കും. ഇതിന് ശേഷം വരുന്ന രണ്ട് അല്ലെങ്കിൽ മൂന്ന് അക്ഷരങ്ങൾ ഓരോരുത്തർക്കും വ്യത്യാസം ആയിരിക്കും. കോൾ സൈൻ ഉപയോഗിച്ചാണ് ഒരു ഹാം റേഡിയോ ഓപ്പറേറ്റർ രാജ്യത്തിന് അകത്തും പുറത്തും വയർലസ് വഴി ആശയ വിനിമയം നടത്തുന്നത്. ഓരോ ആശയവിനിമയങ്ങൾക്കും ഇവർ കൃത്യമായി ലോഗ് എഴുതി സൂക്ഷിക്കും. കേരളത്തിൽ വിവിധ ജില്ലകളിൽ ഹാം റേഡിയോ ഓപ്പറേറ്റർമാരും ക്ലബുകളും പ്രവർത്തിക്കുന്നുണ്ട്. ഈ മേഖലയിലേക്ക് കടന്നുവരുന്നവർക്ക് പ്രോത്സാഹനം നൽകുന്നതിനും പരീക്ഷയ്ക്ക് വേണ്ട സഹായം ഒരുക്കുന്നതിനും ഈ ക്ലബുകൾ ഇന്ന് സജീവമാണ്. എന്താ, ഒരു ഹാം റേഡിയോ തുടങ്ങുന്നുണ്ടോ? 

Latest Videos
Follow Us:
Download App:
  • android
  • ios