സ്‌ട്രെച്ചറില്‍ അവസാനിച്ച പരാക്രമം, നിയമസഭയില്‍ നിലതെറ്റിയ ശിവന്‍കുട്ടി!
കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം മാറ്റിയെഴുതിയ അഞ്ച് ഐതിഹാസിക ദൃശ്യങ്ങള്‍. അനൂപ് ബാലചന്ദ്രന്‍ എഴുതുന്ന പരമ്പര ഭാഗം 2
പഞ്ചായത്ത് അംഗവും കോര്‍പ്പറേഷന്‍ കൗണ്‍സിലറും മേയറും എംഎല്‍എയുമൊക്കെയായി മാറിയ ശിവന്‍കുട്ടി ഒരു തവണ മാത്രമാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തോല്‍വിയറിഞ്ഞത്. ശിവന്‍കുട്ടിയെ തോല്‍പ്പിച്ചതില്‍ മുഖ്യപങ്ക് വഹിച്ചത് ഒരു ദൃശ്യമായിരുന്നു. കേരള രാഷ്ട്രീയം ഒരിക്കലും മറക്കാനിടയില്ലാത്ത ദൃശ്യം.
ആവേശം കയറി ഔചിത്യം മറന്ന പ്രസംഗങ്ങള്‍, പേനയില്‍ മഷിക്ക് പകരം ആസിഡ് നിറച്ചാണോ എഴുതുന്നതെന്ന് തോന്നിപ്പിക്കുന്ന പൊള്ളുന്ന എഴുത്തുകള്‍, മനസില്‍ പതിഞ്ഞ ദൃശ്യങ്ങള്‍. സ്ഥാനാര്‍ത്ഥി മികവും അപ്പപ്പോഴത്തെ രാഷ്ടീയവും പ്രധാനമാണെങ്കിലും ചില വാക്കുകളും എഴുത്തുകളും ദൃശ്യങ്ങളും ഓരോ തെരഞ്ഞെടുപ്പുകളിലും ഉണ്ടാക്കുന്ന സ്വാധീനം ചെറുതല്ല. ഇവയില്‍ ഏറ്റവും ശക്തമായി പലപ്പോഴും വോട്ടുനേരങ്ങളെ സ്വാധീനിക്കുന്നത് മാറുന്നത് ദൃശ്യങ്ങളാണ്.
എന്താണ് സത്യം എന്താണ് നുണ എന്ന ചര്‍ച്ചചെയ്യപ്പെടുന്ന ഈ സത്യാനന്തര കാലത്ത് ദൃശ്യങ്ങള്‍ വ്യക്തിയുടെ വാര്‍ത്താ പരിശോധനകളില്‍ അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്. ദൃശ്യങ്ങളിലും മായം കലരുന്ന ഈ കാലത്ത് അതിനാല്‍ത്തന്നെ തത്സമയ ദൃശ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യവും വിശ്വാസവും കൈവന്നു. ഒരായിരം വാക്കുകള്‍ സംസാരിക്കുന്ന ഒരു ദൃശ്യം പതിനായിരക്കണക്കിന് വോട്ടുകളെയും സ്വാധീനിച്ചിട്ടുണ്ട്.
കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം എടുക്കുക. ബിജെപിക്ക് അക്കൗണ്ട് തുറപ്പിച്ചതില്‍, രണ്ട് കാലുകളില്‍ ചാഞ്ചാടിയ ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രി കസേരയില്‍ ഒരു കാല് കൂടി ഉറപ്പിച്ച് സര്‍ക്കാരിന്റെ അസ്ഥിരത കുറച്ചതില്‍ അടക്കം ചില ദൃശ്യങ്ങള്‍ ഏറെ സ്വാധീനം ചെലുത്തിയതായി കാണാം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ തെരഞ്ഞെടുപ്പു മനസില്‍ പതിഞ്ഞ ചില ചിത്രങ്ങളെക്കുറിച്ച് ഓര്‍ക്കുകയാണ്. പ്രചാരണത്തിന്റെ ഒന്നാം ദിനം മുതല്‍ തൃക്കാക്കരയിലും ചര്‍ച്ചയായ ഒരു ചിത്രം കൂടി ഈ രണ്ട് പതിറ്റാണ്ടില്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തെ ആഴത്തില്‍ സ്വാധീനിച്ച ദൃശ്യങ്ങളുടെ ഈ പട്ടികയിലുണ്ട്.
ശിവന്‍കുട്ടിയെ വീഴ്ത്തിയ നിയമസഭാ ബഞ്ച്
Part 1: ഒഞ്ചിയത്തെത്തിയ വി എസ്, രമയുടെ കണ്ണീര്, നെയ്യാറ്റിന്‍കരയിലെ വോട്ടര്‍മാര്‍!
................................
തത്സമയ ദൃശ്യങ്ങളുടെ കരുത്തും പ്രഹരശേഷിയും ഏറ്റവും ദോഷകരമായി ബാധിച്ച കേരളത്തിലെ രാഷ്ട്രീയ നേതാവ് ആരാകും? നേതാക്കളുടെ നിര തന്നെയുണ്ടെങ്കിലും അതിലെ ആദ്യ ഉത്തരം വി ശിവന്‍കുട്ടിയാകും. ക്ലാസിലെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഒരു പരാക്രമം കാട്ടുന്നു. എന്നാല്‍ ഒരാള്‍ക്ക് മാത്രം കയ്പുനീര്‍ കുടിക്കുന്നു. അതാണ് കേരള രാഷ്ട്രീയത്തില്‍ വി ശിവന്‍കുട്ടിയുടെ അനുഭവം.
തലസ്ഥാന രാഷ്ട്രീയത്തില്‍ ഏറ്റവും ശക്തമായ സാന്നിദ്ധ്യമാണ് മൂന്ന് പതിറ്റാണ്ടായി വി.ശിവന്‍കുട്ടി. 1980-കളില്‍ 'നാളെ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ കയറില്ല' എന്ന ഒറ്റവരി പ്രസ്താവന എഴുതിയാല്‍ കേരളത്തിലെ കലാലയങ്ങളും വിദ്യാലയങ്ങളിലും ക്ലാസ് മുടങ്ങും. അത്രയും ശക്തമായ വിദ്യാര്‍ത്ഥി പ്രസ്ഥാനമായി എസ് എഫ്‌ഐയെ വളര്‍ത്തിയതില്‍ വി ശിവന്‍കുട്ടിയുടെ കരുത്തുണ്ട് നേതൃപാടവമുണ്ട്. എസ്എഫ് ഐയുടെ ഈ മുന്‍ സംസ്ഥാന ഭാരവാഹി തലസ്ഥാന രാഷ്ട്രീയത്തില്‍ ഒരത്ഭുത കുട്ടിയായിരുന്നു. കടുത്ത വിഭാഗീയതയുള്ള സീനിയര്‍ നേതാക്കള്‍ മാത്രം കൈപ്പിടിയില്‍ നിര്‍ത്തുന്ന അക്കാലത്തെ തിരുവനന്തപുരം സിപിഎമ്മില്‍ വളരെ പെട്ടെന്ന് ഉയര്‍ന്ന് വന്ന ജൂനിയര്‍ നേതാവായിരുന്നു വി ശിവന്‍കുട്ടി. ചെറുവയ്ക്കല്‍ എന്ന ഗ്രാമത്തില്‍ നിന്നും ചെറുചുവടുകളില്‍ തുടങ്ങി പിന്നീട് വലിയ വേഗത്തിലാണ് ശിവന്‍കുട്ടി തലസ്ഥാന രാഷ്ട്രീയത്തിലേക്ക് നടന്ന് കയറിയത്. പഞ്ചായത്ത് അംഗവും കോര്‍പ്പറേഷന്‍ കൗണ്‍സിലറും മേയറും എംഎല്‍എയുമൊക്കെയായി മാറിയ ശിവന്‍കുട്ടി ഒരു തവണ മാത്രമാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തോല്‍വിയറിഞ്ഞത്. ശിവന്‍കുട്ടിയെ തോല്‍പ്പിച്ചതില്‍ മുഖ്യപങ്ക് വഹിച്ചത് ഒരു ദൃശ്യമായിരുന്നു. കേരള രാഷ്ട്രീയം ഒരിക്കലും മറക്കാനിടയില്ലാത്ത ദൃശ്യം.
2011 തെരഞ്ഞെടുപ്പില്‍ തന്നെ നേമം മണ്ഡലം ബിജെപി ലക്ഷ്യമിട്ടതാണ്. വലിയ പ്രതിച്ഛായയുണ്ടായിട്ടും ശിവന്‍കുട്ടിക്ക് മുന്നില്‍ ഒ രാജഗോപാല്‍ 6415 വോട്ടുകളുടെ വ്യത്യാസത്തില്‍ വീണു. തോല്‍വിയറിഞ്ഞ ദിനം മുതല്‍ ബിജെപി തുടങ്ങിയതാണ് 2016-ല്‍ താമര വിരിയിക്കാനുള്ള നേമം പദ്ധതികള്‍. എന്നാല്‍ ഇമയടയാതെ മണ്ഡലത്തിലെ 'ശിവന്‍കുട്ടി നെറ്റ് വര്‍ക്ക്' ബിജെപിയെ നിരീക്ഷിച്ചു. പ്രാദേശികമായി അതിശക്തനായ ശിവന്‍കുട്ടി ബിജെപിയുടെ ഓരോ നീക്കവും ശ്രദ്ധയോടെ ചെറുത്തു. മണ്ഡലം നോക്കുന്നതില്‍ അന്ന് കേരളത്തിലെ മികച്ച എംഎല്‍എമാരില്‍ ഒന്നാം നിരയിലായിരുന്നു ശിവന്‍കുട്ടി
2015 മാര്‍ച്ച് 13. കെ.എം മാണിയുടെ ബജറ്റ് പ്രസംഗം പ്രതിപക്ഷം തടഞ്ഞ ദിനം. രാവിലെ ഒന്‍പത് മണിക്ക് ബെല്‍ മുഴങ്ങിയതോടെ നിയമസഭക്ക് ഉളളില്‍ കയറാനുള്ള മാണിയുടെ ശ്രമം എല്‍ ഡി എഫ് അംഗങ്ങള്‍ തടഞ്ഞു. നിയമസഭയിലെ കയ്യാങ്കളി ദേശീയ വാര്‍ത്തയായി. ആ കയ്യാങ്കളിയില്‍ കൈവിട്ട് പോയത് വി ശിവന്‍കുട്ടിയുടെ പ്രകടനമായിരുന്നു.
ഒരു സംഘം എല്‍ ഡി എഫ് എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസ് കയ്യേറി ഈ സമയം സഭയുടെ നടുത്തളത്തിലായിരുന്നു ശിവന്‍കുട്ടി. വാച്ച് ആന്റ് വാര്‍ഡുമാരെ ചെറുത്തും ഭരണപക്ഷത്തോട് കയര്‍ത്തും നേമം മെമ്പര്‍ നിറഞ്ഞാടി. അല്‍പസമയം കഴിഞ്ഞ് മറ്റൊരു വഴിയിലൂടെ ധനമന്ത്രി കെ എം മാണി അകത്തെത്തി. സി.എന്‍.ബാലകൃഷ്ണന്റെ കസേരയില്‍ ഇരുന്ന് ആറ് മിനിറ്റ് ബജറ്റ് വായന. ചുറ്റും മൂന്ന് നിരയില്‍ യുഡിഎഫ് എംഎല്‍എമാരുടെ സുരക്ഷ.
"
മാണിയെ ലക്ഷ്യമിട്ട ശിവന്‍കുട്ടി പിന്‍വാങ്ങിയില്ല. ഭരണപക്ഷം ലഡു ഉയര്‍ത്തിക്കാട്ടുമ്പോള്‍ ശിവന്‍കുട്ടി യുഡിഎഫ് നിരയിലെ ബഞ്ചില്‍ കയറി. മുണ്ട് മടത്ത് കുത്തി ബഞ്ചിന് മുകളിലൂടെ നടന്നു. കയ്യില്‍ കിട്ടിയതൊക്കെ വലിച്ചെറിഞ്ഞു നടന്ന് നടന്ന് ഒടുവില്‍ ബോധമറ്റ് ശിവന്‍കുട്ടി വീണു. പരാക്രമം സ്‌ട്രെച്ചറിലാണ് അവസാനിച്ചത്. നിയമസഭയില്‍ നില തെറ്റിയ ശിവന്‍കുട്ടിക്ക് രാഷ്ട്രീയത്തിലും അടിതെറ്റി. പ്രായോഗിക രാഷ്ട്രീയത്തിലെ തന്ത്രശാലിയുടെ ഏറ്റവും വലിയ പിഴവായി അതിരു കടന്ന ആ ആവേശം. ശിവന്‍കുട്ടിയെ വട്ടം ചുറ്റി പിടിക്കാന്‍ കാത്തിരുന്ന ബിജെപിയുടെ കൈവെള്ളയിലേക്ക് നേമം വച്ചു കൊടുക്കലായി മാറി ആ രാഷ്ട്രീയ അബദ്ധമെന്ന് ഒരു വര്‍ഷത്തിനു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് തെളിയിച്ചു.
അന്ന് വി.ശിവന്‍കുട്ടിയും ഒ രാജഗോപാലും വീണ്ടും നേര്‍ക്കുനേര്‍ വന്നു. യുഡിഎഫ് നിരയില്‍ സുരേന്ദ്രന്‍ പിള്ള. കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ എത്തിയ ശേഷം കേരളത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയതോടെ നേമം പോരിന് ദേശീയ പ്രാധാന്യം കൈവന്നു. മിടുക്കനായ എംഎല്‍ എയെ തടുക്കാന്‍ ബിജെപിക്ക് ഒരു ചിത്രം ധാരാളമായിരുന്നു. നിയമസഭാ ബഞ്ചിന് മുകളില്‍ മുണ്ട് മടക്കി കുത്തി നടക്കുന്ന ശിവന്‍കുട്ടി ബിജെപിയുടെ പോസ്റ്റര്‍ ചിത്രമായി. ഗുണ്ട, ചട്ടമ്പി തുടങ്ങിയ പ്രയോഗങ്ങള്‍ കോര്‍ണര്‍ മീറ്റിങ്ങുകളില്‍ ഉയര്‍ത്തി വ്യക്തി അധിക്ഷേപത്തിലേക്കും പ്രാദേശിക ബിജെപിക്കാര്‍ കടന്നു. നേമം മണ്ഡലത്തിലെ എല്ലാ മേഖലയും തിരുവനന്തപുരം കോര്‍പ്പറേഷനിലാണ്.
നഗര വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ നിയമസഭയിലെ അക്രമ സംഭവങ്ങള്‍ ചര്‍ച്ചയാക്കുന്നതില്‍ ബിജെപി വിജയിച്ചു. ഇതിനിടെ പ്രചാരണ സമയത്ത് കാല്‍ വഴുതി വീണ ശിവന്‍കുട്ടി അന്നത്തെ പരുക്കില്‍ വീല്‍ചെയറില്‍ ജനങ്ങളോട് വോട്ട് ചോദിച്ചു. എന്നാല്‍ ആ വീല്‍ചെയര്‍ ദൃശ്യങ്ങളെക്കാള്‍ ശക്തമായിരുന്നു നിയമസഭയിലെ സ്‌ട്രെച്ചര്‍ ദൃശ്യങ്ങള്‍.
ഫലം വന്നപ്പോള്‍ നേമം ശിവന്‍കുട്ടിയെ കൈവിട്ടു. 8671 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നേമം കാവി പുതച്ചു. കേരളത്തില്‍ എല്‍ ഡി എഫ് തരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പില്‍ നേമത്ത് താമര വിരിഞ്ഞത് ദേശീയ തലത്തില്‍ തന്നെ സിപിഎമ്മിന് നാണക്കേടായി. നിയമസഭാ അതിക്രമത്തില്‍ നിറഞ്ഞ് നിന്ന ഇ.പി ജയരാജന്‍ കെ.ടി ജലീല്‍, ടി. എം തോമസ് ഐസക്ക്, പി. ശ്രീരാമകൃഷ്ണന്‍ എന്തിനേറെ സ്വന്തം ജില്ലയില്‍ നിന്നുള്ള ബി. സത്യന്‍ വരെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ ശിവന്‍കുട്ടിയെ വോട്ടര്‍മാര്‍ ശിക്ഷിച്ചു.
അഞ്ച് കൊല്ലം അങ്ങനെ പോയി. ശിവന്‍കുട്ടി മണ്ഡലത്തില്‍ സജീവമായി നിലയുറപ്പിച്ചു. 2021-ല്‍ അടുത്ത തെരഞ്ഞടുപ്പ് വന്നു. നേമം വീണ്ടും ചുവന്നു. രാജ്യം ഉറ്റുനോക്കിയ മല്‍സരത്തില്‍, മണ്ഡലം തിരിച്ച് പിടിച്ച് ശിവന്‍കുട്ടി താരമായി. ബിജെപി അക്കൗണ്ട് പൂട്ടിച്ച നേതാവ് മന്ത്രിയുമായി.
എങ്കിലും ശിവന്‍കുട്ടിയെ ആ പരാക്രമങ്ങള്‍ ഇപ്പോഴും വേട്ടയാടുന്നുണ്ട്. കോടതിയില്‍ വിചാരണ നേരിടുമ്പോള്‍ ഇപ്പോഴും ഡെമോക്ലസിന്റെ വാളായി ആ ദൃശ്യങ്ങള്‍ മന്ത്രിക്ക് മേലെയുണ്ട്. ആ ദൃശ്യങ്ങള്‍ കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന് കോടതിയില്‍ പറഞ്ഞതായിരുന്നു ഇതില്‍ ഏറ്റവും പരിഹാസ്യം. എത്ര തള്ളി പറയുമ്പോഴും ആ തത്സമയ ദൃശ്യങ്ങള്‍ക്ക് ഇന്നും ജനങ്ങളുടെ മനസില്‍ ജീവനുണ്ട്.
അതിര് കടന്ന ആ പ്രതിഷേധം ജീവിതത്തിലെ ഒരെയൊരു തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായപ്പോഴും കഴിഞ്ഞ എഴ് വര്‍ഷത്തില്‍ വി ശിവന്‍കുട്ടി ഖേദം പ്രകടിപ്പിച്ചിട്ടില്ല. പാര്‍ട്ടി ഒരു രാഷ്ട്രീയ സമരം എല്‍പിച്ചു താന്‍ അതില്‍ ഭാഗമായി. അന്നും ഇന്നും, തോല്‍വിയിലും ജയത്തിലും, ഇറക്കത്തിലും കയറ്റത്തിലും ഉത്തരം ഇതാണ്. അതാണ് വി. ശിവന്‍കുട്ടി.