ഈ തെരഞ്ഞെടുപ്പിൽ, കോൺഗ്രസും ബിജെപിയും ഒരുപോലെ ചർച്ച ചെയ്യാൻ മടിച്ച പ്രശ്നങ്ങളിവയാണ്..

കർഷകരുടെ ആത്മഹത്യകൾ വർഷം ചെല്ലുന്തോറും അധികരിച്ചു വരികയാണ്. ഓരോ 45  മിനിട്ടിലും ഇന്ത്യയിൽ ഓരോ കർഷകൻ കടം കേറി ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് കണക്ക്. 

election the real issues congress and bjp chose to ignore

29 സംസ്ഥാനങ്ങൾ, 7 കേന്ദ്രഭരണപ്രദേശങ്ങൾ - ഇവയിലെല്ലാമായി 543 ലോക്‌സഭാ സീറ്റുകൾ. ഭൂരിപക്ഷം ലഭിക്കാൻ വേണ്ടത്  273 സീറ്റുകൾ. തൊണ്ണൂറു കോടി ജനങ്ങൾ ഏഴു ഘട്ടങ്ങളിലായി തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചുകൊണ്ട് ഉപഭൂഖണ്ഡത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കാൻ പോവുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ വ്യവഹാരം - ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് - അതിന്റെ ആറാമത്തെ ഘട്ടത്തിലേക്ക് കടക്കുകയാണ് ഇന്ന്. പത്തൊമ്പതിന് ഏഴാമത്തെയും അവസാനത്തെയും ഘട്ടം പോളിങ്ങ് നടക്കും. 23 -ന് വോട്ടെണ്ണി ഫലവും പ്രഖ്യാപിക്കും. എന്നാൽ, തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച്, പ്രചാരണങ്ങൾ തുടങ്ങി ഏതാണ്ട് പോളിങ്ങിന്റെ അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോഴും പ്രതിപക്ഷത്ത് പടല തിരിഞ്ഞു നിലകൊള്ളുന്ന രാഷ്ട്രീയകക്ഷികൾക്കൊന്നിനും തന്നെ വേണ്ടവിധത്തിൽ ഉയർത്തിക്കൊണ്ടു വരാൻ സാധിക്കാതെ പോയ നീറുന്ന ചില പ്രശ്നങ്ങളുണ്ട് സമകാലിക ഇന്ത്യയിൽ.  അതിർത്തിയിൽ സംഘടിപ്പിച്ച ചില സൈനിക നടപടികളുടെയും, പ്രകടനപത്രികയിൽ നിർലോഭം നിരത്തിയ വാഗ്ദാനങ്ങളുടെയും, ചലച്ചിത്രതാരങ്ങളുമൊത്ത് നടത്തിയ അഭിമുഖപ്രഹസനങ്ങളുടെയും ശബളിമയിൽ മുങ്ങിപ്പോയ ജീവന്മരണപ്രശ്നങ്ങൾ. അവനവനെ രാജ്യത്തിന്റെ 'ചൗക്കീദാറായി' അവരോധിച്ച് മോദി മാധ്യമശ്രദ്ധയെല്ലാം തന്നിലേക്ക് മാത്രം ഫോക്കസ് ചെയ്യിച്ചപ്പോൾ, 'ചൗക്കീദാർ ചോർ ഹേ' എന്ന് രാഹുലും ഉരുളയ്ക്കുപ്പേരിയെന്നോണം മറുപടി നൽകി. 'മുദ്രാവാക്യത്തിന് ബദൽ മുദ്രാവാക്യം' ( Slogan Vs Slogan) എന്ന അവസ്ഥയിലേക്ക് ചുരുങ്ങിപ്പോയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നമ്മളാരും തന്നെ ചർച്ചചെയ്യാതെ പോയ യഥാർത്ഥ പ്രശ്നങ്ങൾ. 

സാമ്പത്തിക രംഗത്തെ അവ്യക്തത 
നമ്മുടെ സാമ്പത്തിക പ്രതിസന്ധികൾക്കെല്ലാം ഒറ്റമൂലി എന്നമട്ടിൽ 2016-ൽ മോദി അവതരിപ്പിച്ച നോട്ടുനിരോധനം (Demonetization) അരയും തലയും മുറുക്കിയുടുത്ത് കഷ്ടിച്ച് രണ്ടുനേരത്തെ അന്നം അധ്വാനിച്ചു നേടിക്കൊണ്ടിരുന്ന പാവപ്പെട്ടവന് ഒരു ഇരുട്ടടി കൊടുത്തു എന്നല്ലാതെ കൊട്ടിഘോഷിച്ചപോലെ കള്ളപ്പണമൊന്നും തന്നെ പൊതു ഖജനാവിൽ വന്നു കുമിഞ്ഞുകൂടിയില്ല. നാട്ടിലെ ചെറുകിട വ്യാപാരങ്ങളുടെ നടുമ്പുറത്ത് വീണ ഊക്കൻ അടിയായിരുന്നു നോട്ടുനിരോധനം. അതിനു പുറമെ ജിഎസ്‌ടിയുടെ നൂലാമാലകൾ കൂടി വന്നപ്പോൾ കച്ചവങ്ങളെല്ലാം തന്നെ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. എത്രയോ പേരുടെ ഉപജീവനമാണ് ആ നാലഞ്ചുമാസം കൊണ്ട് ഇല്ലാതായത്.

election the real issues congress and bjp chose to ignore 

നമ്മുടെ പ്രതിശീർഷ വരുമാനത്തിന്റെ വളർച്ചാനിരക്ക് കഴിഞ്ഞ അഞ്ചു വർഷങ്ങളായി താഴോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്. വിദേശത്തുനിന്നും കള്ളപ്പണം കൊണ്ടുവരുമെന്നും അങ്ങനെ വന്നാൽ നമ്മുടെയെല്ലാം അക്കൗണ്ടുകളിൽ പതിനഞ്ചു ലക്ഷം വന്നു വീണപോലുണ്ടാവും എന്നൊക്കെ വീമ്പിളക്കിയെങ്കിലും യാതൊന്നും സംഭവിച്ചില്ല. പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം ഇന്ത്യയിൽ എന്നത്തേക്കാളും അധികമായിക്കൊണ്ടു വരികയാണ്. ഇന്ത്യയിലെ സമ്പത്തിന്റെ 58 ശതമാനവും ഇവിടത്തെ വെറും ഒരു ശതമാനം പണക്കാരുടെ കീശകളിൽ വിശ്രമിക്കുകയാണ്. പ്രാഥമികമായ സൗകര്യങ്ങൾ ഒരുക്കുന്നതിലും നമ്മൾ ഇന്നും എങ്ങും എത്തിയിട്ടില്ല. ജനസംഖ്യയുടെ പകുതിയ്ക്കും ഇന്നും വീട്ടിൽ കുടിവെള്ളമെത്തുന്നില്ല. ശൗചാലയ സൗകര്യങ്ങളുമില്ല. 

അനുദിനം വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ 
ഇന്ത്യ സാമ്പത്തികമായി വളർന്നുകൊണ്ടിരിക്കുകയാണ് എന്നാണ് പഠനങ്ങൾ പലതും തെളിയിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ അതേ സമയം NSSO പോലെയുള്ള സർക്കാർ സംവിധാനങ്ങൾ വഴി നടത്തിയ സർവേകൾ പോലും വ്യക്തമാക്കുന്നത് ഇന്ത്യയിലെ തൊഴിലില്ലായ്മ അതിന്റെ പരമകാഷ്ഠയിലാണ് എന്നാണ്. നാഷണൽ സാമ്പിൾ സർവേ ഓഫീസ് എന്ന NSSO നടന്ന സർവേകൾ അഞ്ചുവർഷം നീണ്ടു നിൽക്കുന്ന, ഗ്രാമഗ്രാമാന്തരങ്ങളിൽ കടന്നുചെന്ന് വിവരശേഖരണം നടത്തിയുള്ള സമഗ്രമായ സർവ്വേകളാണ്. ഇവയുടെ ഇന്ത്യാധിഷ്ഠിത പ്രവർത്തന രീതിയും വിവരങ്ങളുടെ കൃത്യത ഉറപ്പാക്കുന്നു. ഈയടുത്ത് മാധ്യമങ്ങൾക്ക് ചോർന്നുകിട്ടിയ 2012-2017 കാലയളവിലെ NSSO സർവ്വേഫലങ്ങൾ പ്രകാരം ഇന്ത്യയിലെ തൊഴിലില്ലായ്മ സർവകാല റിക്കോർഡിലാണ് - 6.1 ശതമാനം. കഴിഞ്ഞ നാൽപതു വർഷക്കാലത്തെ കണക്കുകളിൽ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണിത്. 

election the real issues congress and bjp chose to ignore

ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്  നോട്ടുനിരോധനവും, കള്ളപ്പണവും കരിഞ്ചന്തയും ഒക്കെയാണ്. തൊഴിലുറപ്പു പദ്ധതി പോലുള്ള സർക്കാർ പ്രോജക്ടുകൾ നിലവിലുണ്ടെങ്കിലും അതൊക്കെയും തുച്ഛമായ വരുമാനം മാത്രം നല്കുന്നതാകയാൽ ജനങ്ങളെ ഒരു പരിധിയിൽ കൂടുതൽ ആകർഷിക്കുന്നവയല്ല. നമ്മുടെ നാട്ടിലെ തൊഴിൽവിപണിയിൽ മുമ്പുണ്ടായിരുന്ന നല്ല ശമ്പളം കിട്ടുന്ന മിഡിൽക്ളാസ്സ് ജോലികൾ, ഇപ്പോൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നത് നമ്മുടെ കുടുംബ ജീവിതങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്ന്  റിസർവ് ബാങ്ക് മുൻ ഗവർണർ ആയിരുന്ന രഘുറാം രാജനും ഈയിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 

കർഷകരുടെ തീരാദുരിതങ്ങൾ 
കർഷകരുടെ ആത്മഹത്യകൾ വർഷം ചെല്ലുന്തോറും അധികരിച്ചു വരികയാണ്. ഓരോ 45  മിനിട്ടിലും ഇന്ത്യയിൽ ഓരോ കർഷകൻ കടം കേറി ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് കണക്ക്. വർഷത്തിൽ 12,000-14,000 വരും അത്.  ദേവീന്ദർ ശർമ്മ എന്ന ഭക്ഷ്യവാണിജ്യവിദഗ്ധൻ 2015 -ലെ തന്റെ ഒരു പ്രസംഗത്തിൽ ചോദിച്ച ഒരു കാര്യമുണ്ട്. " കർഷകരുടെ ആത്മഹത്യ എന്നത് ഇവിടെ ആരിലും ഒരു ആശ്ചര്യവുമുണ്ടാക്കുന്നില്ല. 12,500  കർഷകർ ഇക്കൊല്ലം ആത്മഹത്യചെയ്തു എന്നത് ആരെയും അമ്പരപ്പിക്കുന്നില്ല. അതേസമയം, ഇക്കൊല്ലം 12,500 ഡോക്ടർമാർ ആത്മഹത്യ ചെയ്തു എന്നൊന്ന് ചിന്തിച്ചു നോക്കു. അല്ലെങ്കിൽ ഓരോ മണിക്കൂറിലും ഓരോ എഞ്ചിനീയർ വീതം ജീവനൊടുക്കുന്നു എന്നൊന്ന് സങ്കൽപ്പിച്ചാലോ..? അതുമല്ലെങ്കിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ. അപ്പോഴറിയാം ആ ഒരു കണക്കിന്റെ  ഭീകരത. കർഷകൻ കീടനാശിനി കഴിച്ച് മരിച്ചുമണ്ണടിയുന്നത് വളരെ സ്വാഭാവികമായ ഒരു വാർത്തയായിരിക്കുന്നത് എത്ര സങ്കടകരമായ ഒരു അവസ്ഥയാണ്..? " 

election the real issues congress and bjp chose to ignore

കൃഷി ഒട്ടും ലാഭകരമായ ഒരു ഉപജീവനമാർഗ്ഗമല്ല ഇന്ന്. നമുക്ക് മൃഷ്ടാന്നമുണ്ണാൻ വേണ്ടി പാടത്തും പറമ്പിലും വെയിലും മഴയും കൊണ്ട് കൃഷി നോക്കിനടത്തുന്ന പാവം കർഷകന് ആകെ കിട്ടുന്ന ശരാശരി ലാഭം വർഷത്തിൽ വെറും 20000 രൂപയാണ്. അതായത് മാസത്തിൽ കഷ്ടി 1700  രൂപ. രണ്ടേ രണ്ടു ദിവസം കൂലിപ്പണി  ചെയ്‌താൽ കിട്ടുന്നതിലും കുറഞ്ഞ സംഖ്യ.  ഈ നഷ്ടക്കച്ചവടത്തിനിടെ സ്വാഭാവികമായും കാലാവസ്ഥ ചെറുതായൊന്നു ചതിച്ചാൽ അവർ കടത്തിലാവും. നാട്ടിലെ കൊള്ളപ്പലിശക്കാരുടെ കയ്യിലകപ്പെട്ടാൽ കടക്കെണിയിലും. 

എന്നാൽ, കർഷകർ ആത്മഹത്യ ചെയ്ത കേസുകളിൽ മുക്കാലും സർക്കാർ ബാങ്കുകളിൽ നിന്നും കടമെടുത്തവരാണെന്നതാണ് നിലവിലുള്ള വൈരുദ്ധ്യം. മറ്റൊരു ഞെട്ടിക്കുന്ന വിവരം കൂടിയുണ്ട്. പൊതുമേഖലാ ബാങ്കുകളിലെ നോൺ പെർഫോമിംഗ് അസറ്റ്, അഥവാ കിട്ടാക്കടം എന്ന് രേഖപ്പെടുത്തിയിരിക്കുന്ന സംഖ്യ, ഏകദേശം 6.8 ലക്ഷം കോടി രൂപ. അതിന്റെ ഒരു 1 % മാത്രമാണ് ഈ ആത്മഹത്യ ചെയ്യാൻ നിർബന്ധിതരാവുന്ന കർഷകരുടെ കടങ്ങൾ. 70% കടങ്ങളും കോർപ്പറേറ്റ് സെക്ടറിന്റെതാണ്. ബാക്കി വ്യക്തിഗത കടങ്ങളും. എന്നിട്ടും അവരാരും ആത്മഹത്യ  ചെയ്യുന്നില്ല.കടം മൂത്ത് ഒരു അനിൽ അംബാനിയെ വിജയ് മല്യയോ നരേഷ് ഗോയലോ ഒന്നും ഇന്നുവരെ ആത്മാഹുതി ചെയ്തതായി ആരും പറഞ്ഞു കേട്ടിട്ടില്ല. അവർ പാപ്പർ സ്യൂട്ട് ഫയൽ ചെയ്തും, കടങ്ങൾ മാപ്പാക്കിയും, ഒന്നും നടന്നില്ലെങ്കിൽ വിദേശത്തേക്ക് കടന്നും ഒക്കെ രക്ഷപ്പെടുന്നു. അതിനൊന്നും പാങ്ങില്ലാത്ത പാവം കർഷകൻ നെല്ലിനടിക്കാൻ വാങ്ങി വെച്ചിരിക്കുന്ന ഫ്യൂറഡാനോ, ടിക് ട്വൻറിയോ, പരാമറോ ഒക്കെ എടുത്ത് വിഴുങ്ങി ചോര ഛർദിച്ച് മരിച്ചുവീഴുന്നു. 1970-നും 2015-നുമിടയിൽ സർക്കാർ ഉദ്യോഗസ്ഥരുടെയും ബാങ്ക് ഓഫീസർമാരുടെയും എംഎൽഎ എംപിമാരുടെയും ഒക്കെ ശമ്പളം  ചുരുങ്ങിയത് 150  ശതമാനമെങ്കിലും വർധിച്ചിട്ടുണ്ട്. കാർഷികരംഗത്ത് മാത്രം വരുമാനം കൂടുന്നതിന് പകരം കുറഞ്ഞുകുറഞ്ഞു വരികയാണ്.  ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാവുക എന്നത് ഈ തെരഞ്ഞെടുപ്പിലെങ്കിലും അടിയന്തര പ്രാധാന്യത്തോടെ എടുത്തുയർത്തേണ്ടുന്ന ഒരു  പ്രശ്നമായിരുന്നു. കർഷകരുടെ പ്രശ്നങ്ങൾക്ക് വിഹഗവീക്ഷണത്തോടെയുള്ള പ്ലാനിംഗിനും പദ്ധതികളും കൊണ്ടു വന്ന് ആ പ്രക്രിയ ലാഭകരമാക്കുന്നതിനു പകരം സർക്കാരുകളും പ്രതിപക്ഷങ്ങളും എന്നും ചെയ്തുപോരുന്നത് കാർഷിക കടങ്ങൾ എഴുതിത്തള്ളുക എന്ന പ്രലോഭനം കൊണ്ട് കർഷകരുടെ വോട്ടുകൾ തങ്ങളിലേക്ക് ആകർഷിക്കുക മാത്രമാണ്. അതൊരിക്കലും പ്രശ്നത്തിനുള്ള ശാശ്വത പരിഹാരമാവുന്നില്ല എന്നവർ തിരിച്ചറിയുന്നില്ല. 

പശുവിനെച്ചൊല്ലിയുള്ള അക്രമങ്ങൾ 
മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച്(HRW) പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം 2015 -നും 2018 -നും ഇടയ്ക്ക് ഇന്ത്യയിൽ പശുക്കളുടെ ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളിൽ ചുരുങ്ങിയത് 44  കൊലപാതകങ്ങളെങ്കിലും നടന്നിട്ടുണ്ടാവും എന്നാണ്. ആ ആക്രമണങ്ങളെ തീവ്ര സ്വഭാവമുള്ള ഹിന്ദു സംഘടനകൾ പ്രത്യക്ഷമായും, അതാത് സംസ്ഥാന സർക്കാരുകളും  കേന്ദ്രസർക്കാരും പരോക്ഷമായും എന്നും പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും മാത്രം ചെയ്തു. 

election the real issues congress and bjp chose to ignore

ഇങ്ങനെ പശുവിന്റെ പേരിൽ കൊല്ലപ്പെട്ടവരിൽ 36  പേരും മുസ്ലീങ്ങളായിരുന്നു. ഈ കാലയളവിൽ നടന്ന 100  അക്രമങ്ങളിൽ 280    പ്രവേശിപ്പിക്കപ്പെട്ടത്. 2014-നു മുമ്പ് ഇത്തരത്തിലുള്ള ഒറ്റപ്പെട്ട അക്രമങ്ങൾ നടന്നിട്ടുണ്ടെങ്കിലും അതൊന്നും മരണത്തിൽ കലാശിച്ചിരുന്നില്ല. മാടുകളുടെ ബന്ധപ്പെട്ട തുകൽ, മാംസ വ്യാപാരങ്ങൾ ചെയ്തു കൊണ്ട് ഉപജീവനം നടത്തുന്നവരുടെ വയറ്റത്തടിക്കുകയാണ് ഈ പശുവിന്റെ പേരിൽ അക്രമങ്ങൾ അഴിച്ചുവിടുന്ന സംഘടനകൾ യഥാർത്ഥത്തിൽ ചെയ്തിരിക്കുന്നത്. 

പടർന്നുപന്തലിക്കുന്ന ഭീകരവാദം 
എല്ലാത്തരത്തിലുളള ഭീകരവാദപ്രവർത്തങ്ങളുടെയും ഉദാത്തമായ വിളഭൂമിയാണ് ഭാരതം. അതിനി വിഘടനവാദമാവട്ടെ, ന്യൂനപക്ഷ, ഭൂരിപക്ഷ തീവ്രവാദമാവട്ടെ, നോർത്ത് ഈസ്റ്റ് വംശീയ തീവ്രവാദമാവട്ടെ, ഇടതുപക്ഷ നക്സൽ മാവോയിസ്റ്റ് ഭീഷണികളാവട്ടെ; ഏറ്റവും പുതുതായി വർഗീയ വാദികളുടെ ഭീഷണിയാവട്ടെ ഇന്ത്യയിൽ എല്ലാത്തരം തീവ്രവാദങ്ങളും അതിന്റെ സാന്നിധ്യമറിയിക്കുന്നുണ്ട് ഇടയ്ക്കിടെ. ഇതിനൊക്കെപ്പുറമെയാണ് ഐസിസ് പോലുള്ള അന്താരാഷ്ട്ര തീവ്രവാദ സംഘടനകളിലേക്ക് നടക്കുന്ന പറുദീസകൾ വാഗ്ദാനം ചെയ്തുകൊണ്ട് ആടുമേയ്ക്കാൻ പോവാനുള്ള ഓഫറുകൾ. ഇതിനെയൊക്കെ തടുക്കാനായി നമ്മുടെ നാട്ടിൽ കൗണ്ടർ ഇന്റലിജൻസ് ഗ്രൂപ്പുകളും ആന്റി ടെററിസ്റ്റ് സ്ക്വാഡുകളും ഇന്റലിജൻസ് ബ്യൂറോയും നാഷണൽ ഇന്റലിജൻസ് ഏജൻസിയും ഒക്കെ നിലവിലുണ്ടെങ്കിലും ഇവയെല്ലാം തന്നെ ഇപ്പോഴും സ്ഫോടനങ്ങളും മറ്റും നടത്തുന്നതിൽ വിജയിക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിലുള്ള രാഷ്ട്രീയ വടംവലിയും ഏജൻസികൾക്കിടയിലുള്ള സഹകരണമില്ലായ്മയും, രാഷ്ട്രീയലാക്കോടെയുള്ള ഇവയുടെ ഏകോപനനിയന്ത്രണങ്ങളുമാണ് ഇവയുടെ ഫലപ്രാപ്തി കുറയാൻ ഇടയാക്കുന്നത്. ഇവയിൽ ഏറ്റവും അപായകരമായ അവസ്ഥയിൽ എത്തി നിൽക്കുന്നത് ഇടതു തീവ്ര മാവോയിസ്റ്റ് സംഘടനകളുടെ ഭീഷണിയാണ്.

election the real issues congress and bjp chose to ignore

 മഹാരാഷ്ട്രയിൽ ഏതാനും ദിവസം മുമ്പ് ഒരു മാവോയിസ്റ്റ് സംഘടന നടത്തിയ IED സ്‌ഫോടനത്തിൽ നിരവധി മഹാരാഷ്ട്ര കമാൻഡോകൾ  കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഫലപ്രദമായ ഭരണവ്യവസ്ഥ നടപ്പിൽ വരുത്തുന്നതിന് ഈ മാവോയിസ്റ്റ് ഭീഷണി ഒരു തടസ്സമാണ്. ആശയങ്ങളെ ആയുധങ്ങൾ കൊണ്ട് പ്രതിരോധിക്കാൻ ഏറെ പ്രയാസമാകും. അതിന് കൂടുതൽ ഫലപ്രാപ്തിയുള്ള നയതന്ത്രജ്ഞതയും, പദ്ധതികളും പ്രത്യയശാസ്ത്രവും ഉപയോഗിച്ചുകൊണ്ടുള്ള സമീപനവും അതിനുതകുന്ന രീതിയിൽ സജ്ജമാക്കപ്പെട്ട ഇന്റലിജൻസ് സംവിധാനങ്ങളും മറ്റും ആവശ്യമെന്നു വരും. ഇതിനൊക്കെ ശ്രമിക്കുന്നതിനു പകരം ഭരിക്കുന്ന സർക്കാർ തന്നെ ഭീകരാക്രമണങ്ങളുടെ പേരിൽ വിചാരണ നേരിടുന്ന തീവ്ര ഹിന്ദു സംഘടനകളുടെ നേതാക്കളെ കുറ്റവിമുക്തരാക്കുന്നതിനും, വിചാരണയ്ക്കിടെ ജാമ്യം നൽകി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നൽകുന്നതിലും ഒക്കെയാണ് താത്‌പര്യം കാണിക്കുന്നത്.  

election the real issues congress and bjp chose to ignore

അടിയന്തിര പ്രാധാന്യമുള്ള നീറുന്ന പ്രശ്നങ്ങളെ മറ്റുള്ള രാഷ്ട്രീയ തന്ത്രങ്ങളുടെയും പ്രചാര വേലകളുടെയും ബലത്തിൽ മറച്ചു പിടിച്ചുകൊണ്ട് പൊതുതെരഞ്ഞെടുപ്പ് എന്ന കടമ്പ തൽക്കാലത്തേക്ക് മറികടക്കാൻ പാർട്ടികൾക്കാവുമെങ്കിലും അതൊന്നും നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന യഥാർത്ഥ പ്രശ്നങ്ങൾക്ക് പരിഹാരമാവുകയില്ല. ഈ സത്യം തിരിച്ചറിഞ്ഞ് ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കുന്ന പാർട്ടികൾക്ക് മാത്രമേ ഇവിടെ ശാശ്വതമായ നിലനിൽപ്പുണ്ടാവൂ. 

Latest Videos
Follow Us:
Download App:
  • android
  • ios