ഇടംവലം നോക്കാതെ കോണ്‍ഗ്രസ് - എഎപി സഖ്യം; ദില്ലി ഇത്തവണ ആര്‍ക്കൊപ്പം ?

രാജ്യത്ത് വീണ്ടും ഒരു ദേശീയ തെരഞ്ഞെടുപ്പ് കാലം അടുക്കുകയാണ്. ഇന്ത്യന്‍ മഹായുദ്ധത്തിനായി ദില്ലിയില്‍ നിന്നും ധനേഷ് രവീന്ദ്രന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് വായിക്കാം. 

Election 2024 India and bjp Who is Delhi with 2024 lok sabha Election


ശൈത്യകാലത്ത് നിന്ന് തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയാണ് ഇന്ദ്രപ്രസ്ഥം. പുതുമുഖങ്ങളെ പരീക്ഷിച്ച് ഏഴ് സീറ്റും നിലനിർത്താനാണ് ബിജെപി ശ്രമം. മൂന്ന് സീറ്റുകൾ എങ്കിലും പിടിച്ചെടുക്കാൻ ശ്രമിച്ച് കോൺഗ്രസും എഎപിയും കച്ചമുറുക്കുന്നു. ആദ്യഘട്ട പട്ടിക വന്നതോടെ പ്രചാരണവും ശക്തമായി.

2019 -ൽ ദില്ലിയില്‍ നിന്ന് അൻപത്തിയാറ് ശതമാനമായിരുന്നു ബിജെപിക്ക് ലോക്സഭയിലേക്കുള്ള വോട്ട് വിഹിതം. എഎപിയും കോൺഗ്രസും കൂടി ഒന്നിച്ച് കണക്കാക്കിയാൽ പോലും 40.62 ശതമാനം മാത്രമേയുള്ളൂ. ഏഴ് സീറ്റുകളിലും വമ്പൻ വിജയം നേടിയാണ് അന്ന് ബിജെപി എംപിമാർ ലോക്സഭയിലേക്ക് എത്തിയത്. രണ്ടായി മത്സരിച്ച കോൺഗ്രസിനും, എഎപി സ്ഥാനാർത്ഥികൾക്കും ബിജെപിക്ക് എതിരെ കാര്യമായി വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ല. പ്രതിപക്ഷ വോട്ടുകൾ വിഭജിച്ചപോകുമ്പോൾ നേട്ടം ബിജെപിക്കായി. 

2024 -ലേക്ക് എത്തുമ്പോൾ സ്ഥിതി മാറുകയാണ്. തമ്മിൽ തല്ലിയ പ്രതിപക്ഷം ദില്ലിയിൽ ഇന്ന് ഒറ്റക്കെട്ടാണ്. നാല് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഗോദയിൽ ഇറങ്ങിയ എഎപി, 400 സീറ്റിന്‍റെ സ്വപ്നം പേറുന്ന മോദിക്ക് ദില്ലിയിൽ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ദില്ലിയിലെ ഒരു സീറ്റ് പോലും നഷ്ടപ്പെടുത്താനാകില്ലെന്ന അവസ്ഥയിലാണ് ബിജെപി. അങ്ങനെ സംഭവിച്ചാല്‍ അത് രാഷ്ട്രീയ പരാജയമെന്ന് പോലും വ്യാഖ്യാനിക്കപ്പെടാം എന്നത് തന്നം കാരണം.  'തലസ്ഥാനത്ത് പാർട്ടി പിന്നിൽ' എന്ന സൂചനകൾ വരുന്നത് രാജ്യത്താകെയുള്ള ബിജെപിയുടെ പ്രചാരണത്തെ ബാധിച്ചേക്കാം. ഇതു കൊണ്ടാണ് മാറ്റങ്ങൾക്ക് ബിജെപി തയ്യാറായതും. 

കേന്ദ്രമന്ത്രി മീനാക്ഷി ലേഖി, മുൻമന്ത്രി ഹർഷവർധൻ, രമേഷ് ബിദൂരി, പർവേഷ് വർമ്മ ഉൾപ്പെടെ സിറ്റിംഗ് എംപിമാരെ മാറ്റി നിര്‍ത്തിയ ബിജെപി നിലനിർത്തിയത് ഈസ്റ്റ് ദില്ലി എംപി മനോജ് തീവാരിയെ മാത്രം. ബീഹാറിൽ നിന്നുള്ള കുടിയേറ്റക്കാരുടെ വോട്ടുകളിലെ സ്വാധീനമാണ് തീവാരിയെ തുണച്ചത്.  സീറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സജീവ രാഷ്ട്രീയം അവസാനിപ്പക്കുകയാണെന്ന് ഹർഷ വർധൻ പ്രഖ്യാപിച്ചു കഴിഞ്ഞു. ലോക്സഭയിൽ  ഡാനീഷ് അലി എംപിക്കെതിരെ രമേഷ് ബിദൂരി നടത്തിയ പരാമർശം അദ്ദേഹത്തിന്‍റെ സീറ്റ് മോഹത്തിന് തിരിച്ചടിയായി.  എംപിമാരുടെ പ്രകടനം കണക്കിലെടുത്താണ് പുതിയ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം എന്ന് ബിജെപി വ്യക്തമാക്കുന്നു. സുഷ്മ സ്വരാജിന്‍റെ മകൾ ബാൻസുരി സ്വരാജ്, രമേഷ് ബിദുരിയുടെ സഹോദരനും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ രാംവീർ ബിദൂരി, വ്യാപാരി നേതാവ് പ്രവീൺ ഖണ്ഡേൽവാൾ ഉൾപ്പെടെയാണ് പുതിയ സ്ഥാനാർത്ഥികൾ. 'ഇത് എനിക്കുള്ള ടിക്കറ്റ് അല്ല ഇവിടുത്തെ ബിജെപി പ്രവർത്തകർക്കുള്ള അംഗീകാരമാണ്, ഇന്ത്യയിലെ ജനങ്ങൾ നരേന്ദ്രമോദിക്ക് വലിയ പിന്തുണയും വിശ്വാസവുമാണ് നൽകുന്നത്.' അമ്മ വഴിക്ക് ലഭിച്ച സീറ്റല്ലെന്ന് വ്യക്തമാക്കിയാണ് ബാൻസുരി സ്വരാജിന്‍റെ പ്രചാരണം. 

പോര് ബിജെപിക്ക് എതിരോ? കമല്‍ഹാസൻ മത്സരിച്ചേക്കുമെന്ന സൂചന...

'ധീരമായ തീരുമാനം എടുക്കാൻ പിണറായി മടിക്കുന്നു'; സര്‍ക്കാരിനും എല്‍ഡിഎഫിനുമെതിരെ ആഞ്ഞടിച്ച് സി ദിവാകരൻ

2019 -ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകളിൽ അഞ്ച് സീറ്റുകളിലും രണ്ടാം സ്ഥാനം കോൺഗ്രസിനായിരുന്നു. 2014 -നെക്കാൾ എഎപിക്ക് വോട്ട് വിഹിതം കുറയുന്ന കാഴ്ച്ചയാണ് കണ്ടത്. എന്നാൽ 'INDIA' സഖ്യത്തിൽ ഇരുപാർട്ടികളുടെയും വോട്ടുകൾ ഏകീകരിക്കുന്നത് വിജയത്തിന് വഴിവെക്കുമെന്നാണ് പ്രതിപക്ഷത്തെ പ്രതീക്ഷ. നീണ്ട ചർച്ചകൾക്കൊടുവിലാണ് എഎപി കോൺഗ്രസ് സഖ്യം പ്രഖ്യാപിച്ചതും. സീറ്റുകൾ പങ്കുവെക്കുന്ന കാര്യത്തിൽ കോൺഗ്രസ് പരാമവധി വീട്ടുവീഴ്ച്ചയ്ക്ക് തയ്യാറായായി എന്നതും ശ്രദ്ധേയം. എന്നാൽ, സഖ്യത്തിന് പിന്നാലെ ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എഎപി കളം പിടിച്ചു കഴിഞ്ഞു. 

ന്യൂദില്ലിയിൽ സ്ഥാപക നേതാക്കളിൽ ഒരാളായ സോംനാഥ് ഭാരതിയാണ് എഎപിക്കായി മത്സരിക്കുന്നത്. ബൂത്ത് തലം തൊട്ട് പരാമവധി ജനങ്ങളെ നേരിട്ട് കണ്ടിട്ട് സജീവമായ പ്രചാരണം. എഎപി സർക്കാരിന്‍റെ വികസനപ്രവർത്തനങ്ങളാണ് പ്രധാന ആയുധം. കൂടാതെ എപ്പോൾ വിളിച്ചാലും ഓടിയെത്തുന്ന ജനപ്രതിനിധിയാകുമെന്ന ഉറപ്പും അദ്ദേഹം നല്‍കുന്നു. ദില്ലിയിലെ ജനങ്ങൾക്ക് ബിജെപി എംപിമാരെ കാണാനാകുന്നില്ലെന്ന പരാതി എഎപി പ്രചാരണത്തിൽ ശക്തമായി ഉന്നയിക്കുന്നുണ്ട്. 'വലിയ സ്നേഹമാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്, കഴിഞ്ഞ പത്ത് വർഷം ഇവിടുത്തെ ജനങ്ങൾക്ക് എംപിയില്ലാത്ത അവസ്ഥയായിരുന്നു, ഈക്കുറി അവർക്കിടയിൽ നിന്ന് എംപി വേണമെന്നാണ് ആഗ്രഹം' സോമ് നാഥ് ഭാരതി പ്രചാരണത്തിനിടെ ഊന്നിപ്പറയുന്നു. 

ഈസ്റ്റ് ദില്ലിയിൽ കുൽദീപ് കുമാറും തെക്കൻ ദില്ലിയിൽ സാഹി റാമും പടിഞ്ഞാറൻ ദില്ലിയിൽ മഹാബാൽ മിശ്രയും എഎപിക്ക് വേണ്ടി വോട്ട് തേടി ദില്ലി തെരുവുകളില്ലേക്ക് ഇറങ്ങുന്നു.  സിറ്റിംഗ് എംപിയും ക്രിക്കറ്റ് താരവുമായ ഗൌതം ഗംഭിറിന്‍റെ പിൻമാറ്റം പ്രധാന ചർച്ചയാക്കിയാണ് ഈസ്റ്റ് ദില്ലിയിൽ കുൽദീപ് കുമാറിന്‍റെ പ്രസംഗങ്ങൾ തുടങ്ങുന്നത്. 'താരങ്ങളായവരെ മത്സരിപ്പിക്കും, അവർ ജനങ്ങൾക്കായി ഒന്നും ചെയ്യാറില്ല, ഗംഭീർ വന്ന് മത്സരിച്ചു, പിന്നീട് എങ്ങോട്ടോ പോകുന്നു.' അദ്ദേഹം ബിജിപിയെ കടന്നാക്രമിക്കുന്നു. ബിജെപി - എഎപി സഖ്യത്തില്‍ മൂന്ന് സീറ്റുകളുണ്ടെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയം നീളുകയാണ്. ചാന്ദിനി ചൌക്കിൽ അൽഖാ ലാംബയുടെ അടക്കം പേരുകൾ ഇപ്പോഴും ഉയർന്നു കേൾക്കുന്നു, 

അതേസമയം സംസ്ഥാനത്ത് ചൂലിനും കേന്ദ്രത്തിന് താമരയ്ക്കും എന്ന ലൈനിലാണ് ദില്ലിയിലെ വോട്ടർമാർ. നിയമസഭ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ എഎപി അധികാരത്തിൽ എത്തും. 54 ശതമാനം വോട്ട് വിഹിതത്തോടെ ദില്ലി നിയമസഭയിലെ  62 സീറ്റുകൾ എഎപിക്കാണ്. 8 സീറ്റുകളിൽ ബിജെപി ഒതുക്കപ്പെട്ടു.  എന്നാല്‍ ലോക്സഭയിൽ ഇത് മാറിമറിയും.  കെജരിവാൾ സർക്കാരിനെതിരെ ഉയർന്ന അഴിമതി ആരോപണം, 2 മന്ത്രിമാർ അടക്കം മൂന്ന് പ്രമുഖ നേതാക്കളുടെ അറസ്റ്റ് എന്നിവ ബിജെപി ദില്ലയിലെ പ്രചാരണത്തിനായി ഉപയോഗിക്കുന്നു. പ്രചാരണത്തിനിടെ കെജ്രിവാളിന്‍റെ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കോൺഗ്രസ് - എഎപി സഖ്യം എന്തായാലും ദില്ലിയിലെ മത്സരത്തെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ട് വരുന്നു. അടുത്ത വർഷം നിയമസഭ പോരാട്ടം നടക്കാനിരിക്കെ എഎപിക്ക് ദില്ലിയിലെ സ്വാധീനം നിലനിറുത്താനുള്ള പരീക്ഷണം കൂടിയാണ് 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പ്. 
 

Latest Videos
Follow Us:
Download App:
  • android
  • ios