ക്രിമിനൽ കേസിൽ ഡൊണാൾഡ് ട്രംപ് കുറ്റക്കാരൻ; എന്താകും രാഷ്ട്രീയഭാവി?
ട്രംപിനെതിരെ ഇനിയുമുണ്ട് മൂന്ന് ക്രിമിനൽ കേസുകൾ. വൈറ്റ് ഹൗസിൽ നിന്ന് ക്ലാസിഫൈഡ് രേഖകൾ കടത്തി എന്ന കേസ്. 2020 -ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസ്.
ക്രിമിനൽ കേസിൽ കുറ്റവാളി, എന്ന് തെളിഞ്ഞിരിക്കുന്നു അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്. ക്രിമിനൽ കേസിൽ വിചാരണ നേരിടുന്ന ആദ്യത്തെ യുഎസ് പ്രസിഡന്‍റ്. ക്രിമിനല്‍ കുറ്റം ചെയ്ത ആദ്യത്തെ യുഎസ് പ്രസിഡന്‍റ്... ഇതൊക്കെ ഇനി ഡ്രംപിന് മാത്രമുള്ള റെക്കോർഡാണ്. ഇനി ശിക്ഷിക്കപ്പെട്ടാൽ അതും മറ്റൊരു റെക്കോർഡ്. ഒപ്പം ആദ്യമായി ക്രിമിനല്‍ കുറ്റത്തിന് ശിക്ഷിക്കപ്പെടുന്ന യുഎസ് പ്രസിഡന്‍റ് എന്ന പദവിയും. ജൂലൈ 11 നാണ് ആ ശിക്ഷാവിധി വരിക.
34 കുറ്റങ്ങളാണ് ട്രംപിനുമേൽ ചുമത്തപ്പെട്ടിരുന്നത്. ബിസിനസ് റെക്കോർഡുകളിൽ കള്ളത്തരം കാണിച്ചതാണ് കുറ്റം. താനുമായുള്ള ബന്ധം മറച്ചുവയക്കാൻ സ്റ്റോർമി ഡാനിയൽസ് എന്ന നീലച്ചിത്ര നടിക്ക് പണം നൽകി. ആ പണത്തിന്‍റെ കണക്ക് ബിസിനസ് രേഖകളിൽ എഴുതിച്ചേർത്തു. ഇതിലാണ് കുറ്റക്കാരൻ എന്ന് കണ്ടെത്തിയത്. കള്ളത്തരത്തിന് കൂട്ടുനിന്നത് മൈക്കൽ കോഹൻ എന്ന അഭിഭാഷകനാണ്. കോഹനെ മുമ്പേ ശിക്ഷിച്ചിരുന്നു. കോഹനാണ് ഇപ്പോൾ പ്രോസിക്യൂഷന്‍റെ പ്രധാന സാക്ഷി. മുമ്പ് കോടതിയിൽ ട്രംപിനെ പിന്തുണച്ച് കള്ളം പറഞ്ഞിരുന്നു കോഹൻ. അതുകൊണ്ട് വിശ്വാസ്യത സൃഷ്ടിക്കാൻ കഴിയുമോ എന്ന് സംശയമുണ്ടായിരുന്നു. പക്ഷേ, 12 അംഗ ജൂറി കോഹനെ വിശ്വസിച്ചു എന്ന് വേണം കരുതാൻ. സ്റ്റോർമി ഡാനിയൽസ് ഉൾപ്പടെ 22 സാക്ഷികളാണ് ആകെയുണ്ടായിരുന്നത്.
(ഡൊണാള്‍ഡ് ട്രംപ്)
ജയിൽ ശിക്ഷ ഉണ്ടായേക്കാം. പക്ഷേ, മുൻ പ്രസിഡന്‍റ് എന്ന പദവി പരിഗണിച്ച് പിഴയിൽ ഒതുങ്ങാനാണ് സാധ്യത. ശിക്ഷിക്കപ്പെട്ടാലും ട്രംപിന് മത്സരിക്കാം പ്രസിഡന്‍റുമാവാം. ജയിലിൽ നിന്ന് തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചവരുണ്ട്, യൂജിന്‍ ഡെബ്സ് എന്ന സോഷ്യലിസ്റ്റ് നേതാവ് അടക്കം.
അമേരിക്കയിൽ ജനിച്ച പൗരനായിരിക്കണം, 35 വയസുണ്ടാവണം. 14 വർഷമായി രാജ്യത്തെ താമസക്കാരനായിരിക്കണം. അമേരിക്കൻ പ്രസിഡന്‍റാകാൻ ഇത്രയേയുള്ളു വ്യവസ്ഥകൾ. ഭരണഘടനയിൽ മറ്റൊന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു നിരീക്ഷകർ. കലാപത്തിന് ശ്രമിച്ചവർ, യുഎസില്‍ ഔദ്യോഗിക പദവികൾ വഹിക്കാൻ പാടില്ലെന്ന വ്യവസ്ഥ. പക്ഷേ, കോൺഗ്രസ് പ്രത്യേക നിയമം പാസാക്കിയാലേ ഈ വ്യവസ്ഥ പ്രാവർത്തികമാക്കാനാവൂ എന്നാണ് സുപ്രീംകോടതി വിധി. ജയിൽ ശിക്ഷ കിട്ടിയാൽ വോട്ട് ചെയ്യാനാവുമോ എന്നതാണ് അടുത്ത ചോദ്യം. ഓരോ സംസ്ഥാനത്തിനും ഓരോ നിയമമാണ്. ചില സംസ്ഥാനങ്ങൾ സമ്മതിക്കില്ല. ട്രംപിന്‍റെ വോട്ട് ഫ്ലോറിഡയിലാണ്. വോട്ട് ചെയ്യാം, വോട്ടിംഗ് ദിവസത്തിന് മുമ്പ് ശിക്ഷ കഴിഞ്ഞിരിക്കണം എന്ന് മാത്രം. ഒപ്പം വേറെയും ചില വ്യവസ്ഥകൾ കൂടി അനുസരിക്കേണ്ടിവരും.
ട്രംപിനെതിരെ ഇനിയുമുണ്ട് മൂന്ന് ക്രിമിനൽ കേസുകൾ. വൈറ്റ് ഹൗസിൽ നിന്ന് ക്ലാസിഫൈഡ് രേഖകൾ കടത്തി എന്ന കേസ്. 2020 -ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസ്. ഇത് രണ്ടും മിയാമിയിലാണ്. ജോർജിയയില്‍ മറ്റൊരു തെരഞ്ഞെടുപ്പ് അട്ടിമറി കേസുണ്ട്. പക്ഷേ, ഈ കേസുകളുടെ നടപടി ക്രമങ്ങൾ എല്ലാം ബാക്കിയാണെന്ന് മാത്രം.
(സ്റ്റോർമി ഡാനിയൽസ്)
ട്രംപിന്‍റെ പ്രതികരണം പ്രതീക്ഷിച്ചത് തന്നെയായിരുന്നു. ജഡ്ജിയെടക്കം കുറ്റം പറഞ്ഞു. ട്രംപിന്‍റെ വിശ്വസ്തരായ അനുയായികൾ, തീവ്രവലതുപക്ഷക്കാരായ പ്രൗഡ് ബോയ്‌സ് (Proud Boys) ഉൾപ്പടെ ആഞ്ഞടിക്കുകയാണ് സോഷ്യൽ മീഡിയിൽ. ആഭ്യന്തര യുദ്ധത്തിന് സമയമായി എന്നുവരെയാണ് പോസ്റ്റുകൾ. ജൂഡീഷ്യൽ സംവിധാനം ആയുധമാക്കിയ സ്ഥിതിക്ക് ആയുധമെടുക്കുകയല്ലാതെ വേറെ വഴിയില്ല എന്നാണ് ഒരാളുടെ അലർച്ച. ഫോക്സ് ചാനലിന്‍റെ മുൻ അവതാരകൻ ടക്കര്‍ കാള്‍സണ്‍ ഒരു പഴയ ഗൂഢാലോചനക്കഥ പൊടിതട്ടിയെടുത്തു. 'ഡീപ് സ്റ്റേറ്റ് അസാസിനേഷന്‍ (Deep State Assassination) ആണ് ആസൂത്രണം ചെയ്യുന്നത്. തെരഞ്ഞെടുപ്പിൽ ട്രംപ് ജയിക്കും. അതിനകം കൊല്ലപ്പെട്ടില്ലെങ്കിൽ...' എന്നായി ഒച്ചപ്പാട്. പക്ഷേ, ഇതൊക്കെ സോഷ്യൽ മീഡിയയിൽ മാത്രം ഒതുങ്ങി എന്നത് ചെറിയൊരു കൗതുകമായി. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തെ അപേക്ഷിച്ച് തെരുവുകൾ പൊതുവേ ശാന്തമായിരുന്നു. പരസ്യമായ അക്രമമോ പ്രതിഷേധമോ ഒന്നും തന്നെ ഉണ്ടായില്ല.
ജൂലൈ 11 നാണ് ശിക്ഷാവിധി. അതായത് റിപബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി ട്രംപിനെ ഔദ്യോഗികമായി തെരഞ്ഞെടുക്കുന്നതിന് നാല് ദിവസം മുമ്പ്. ഇതൊക്കെ എങ്ങനെ ട്രംപിന്‍റെ സാധ്യതകളെ ബാധിക്കും എന്നത് പ്രവചിക്കാൻ പ്രയാസം. ട്രംപിന്‍റെ വിശ്വസ്തരായ അനുയായികൾ 'അണുവിട' മാറില്ല. ജോർജ്ജിയ പോലുള്ള 'സ്വിംഗ് സ്റ്റേറ്റു'കളാണ് നിർണായകമാവുക. 2020 -ൽ ഇവിടെ ബൈഡൻ ജയിച്ചത് ചെറിയ ഭൂരിപക്ഷത്തിനാണ്. കറുത്ത വർഗക്കാരാണ് മൂന്നിലൊന്ന് വോട്ടർമാരും. അവരെ കൈയിലെടുക്കാനാണ് രണ്ട് കൂട്ടരുടേയും ശ്രമം. അവര്‍ ആര്‍ക്കൊപ്പമെന്ന് അറിയാന്‍ ഫലം വരുന്നത് വരെ കാത്തിരിക്കണം.
ക്രിമിനൽ കേസിൽ ഡൊണാൾഡ് ട്രംപ് കുറ്റക്കാരൻ; എന്താകും രാഷ്ട്രീയഭാവി?