Donald Duck Day 2022 : വികൃതിയായ, ചൊറിയനായ, മടിയനായ ഡോണള്‍ഡ്, മിക്കിമൗസിന്റെ ചങ്ക്‌ബ്രോ!

ലോകത്തെ ചിരിപ്പിക്കുന്ന, സന്തോഷിപ്പിക്കുന്ന കാര്‍ട്ടൂണ്‍ കഥാപാത്രം ഡോണാള്‍ഡ് ഡക്കിന്റെ പിറന്നാളാണ് ഇന്ന്.  ഡോണാള്‍ഡ് ഡക്കിന്റെ അറിയാത്ത കഥകള്‍, കൗതുകങ്ങള്‍. പി ആര്‍ വന്ദന എഴുതുന്നു
 

Donald Duck Day 2022 Interesting facts about Donald Duck

88 -ാം പിറന്നാള്‍ ആഘോഷിക്കുമ്പോഴും ചെറുപ്പമായിരിക്കുക. ഉഷാറായിരിക്കുക. എല്ലാവരെയും കൊണ്ട് പറ്റുന്ന കാര്യമാണോ? അല്ല. പക്ഷേ ആ ബര്‍ത്ത്‌ഡേ ബേബി ഡോണള്‍ഡ് ഡക്ക് ആണെങ്കില്‍ പറ്റും. വികൃതിയായ ചൊറിയനായ മടിയനായ ഡോണള്‍ഡ് എക്കാലത്തേയും പ്രശസ്തരായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളില്‍ മുന്‍നിരയിലുണ്ട്. ഒപ്പമുള്ളത് കൂട്ടുകാരനും ഒരിത്തിരി നേരത്തെ വാള്‍ട്ട് ഡിസ്‌നിയുടെ ഭാവനയില്‍ വിരിഞ്ഞവനുമായ മിക്കി മൗസ്. 

മിക്കിയെ പോലെ ഡോണള്‍ഡിനുമുണ്ട് കൂട്ടുകാരി. ഡെയ്‌സി. പിന്നെ തലതെറിച്ച മൂന്ന് അനന്തരവന്‍മാര്‍, ഇടക്ക് വിസിറ്റിന് വരുന്ന അമ്മാവന്‍. പിന്നെ കളിക്കാന്‍ കൂട്ടുണ്ട് -ഗൂഫി.  ഡോണള്‍ഡിനെ ദേഷ്യം പിടിപ്പിക്കാനെത്തുന്നവരില്‍ ഹംഫ്രി എന്ന കരടി, സ്‌പൈക്ക് എന്ന തേനീച്ച അങ്ങനെ കുറേ പേരുണ്ട്. വെള്ളത്തില്‍ നിന്ന് കരക്ക് കയറി തിരശ്ശീലയെത്തിയതുകൊണ്ടാണ് ഡോണള്‍ഡിന്റെ ഉടുപ്പും തൊപ്പിയുമൊക്കെ നാവികരുടേത് ആയത്. 

കാര്യം പുള്ളിയെ ദേഷ്യം പിടിപ്പിക്കാന്‍ എളുപ്പമാണ്. പുള്ളി എല്ലാവരേയും ഒരു കാര്യവുമില്ലാതെ ചൊറിയുകയും ചെയ്യും. അങ്ങനെയൊക്കെ ആണെങ്കിലും ആളു പാവമാണ് താനും. ഡോണള്‍ഡ് അങ്ങനെയാണ് എല്ലാവര്‍ക്കും രസമാകുന്നത്. 

ഡോണള്‍ഡ് നൂറിലധികം സിനിമകളില്‍ മുഖം കാണിച്ചിട്ടുണ്ട്. കൂട്ടുകാര്‍ക്കൊപ്പവും ഒറ്റക്കുമെല്ലാം. ഏറ്റവും ആദ്യം വന്നതും ശ്രദ്ധിക്കപ്പെട്ടതും the wise little hen. പിന്നെ orphan's benefit. 1934-ലയിരുന്നു ഇവ. 

ഏറ്റവും അവസാനം ഡോണള്‍ഡ് മുഖം കാണിച്ചത് 1999-ല്‍. Fantasia 2000-ല്‍. എന്നുവെച്ച് അതിന് ശേഷം ഡോണള്‍ഡ് വിശ്രമജീവിതം നയിക്കാനൊന്നും പോയില്ല. ടെലിവിഷന്‍ പരമ്പരകളിലും വീഡിയോ ഗെയിമുകളിലുമൊക്കെ ഡോണള്‍ഡ് പിന്നെയും നിറഞ്ഞുനിന്നു. ഇതിനൊക്കെ പുറമെയാണ് കോമിക്കുകളും കുട്ടികള്‍ക്കുള്ള പുസ്തകങ്ങളും. തീര്‍ന്നില്ല. ലോകമെമ്പാടുമായി വ്യാപിച്ചുകിടക്കുന്ന ഡിസ്‌നി തീം പാര്‍ക്കുകളില്‍ ഡോണള്‍ഡ് നിറഞ്ഞുനില്‍ക്കുന്നു. 

അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഭാഗ്യചിഹ്നമാണ് ഡോണള്‍ഡ്. യുദ്ധകാലത്ത് പ്രത്യേകമായും ഡോണള്‍ഡ് സൈന്യത്തിന്റെന ഭാഗമായിരുന്നു. നിരവധി പ്രചാരണവീഡിയോകളാണ് ഡോണള്‍ഡുമായി ഇറങ്ങിയിട്ടുള്ളത്. ഓറഞ്ച് ജ്യൂസ്, ഫുട്‌ബോള്‍ ക്ലബ്ബുകള്‍, ഒറിഗോണ്‍ സര്‍വകലാശാല എന്നിവയുടെയൊക്കെ പരസ്യങ്ങളിലും പരിപാടികളിലും പാട്ടുകളിലും ഡോണള്‍ഡ് വേഷമിട്ടിട്ടുണ്ട്. ഹോളിവുഡിേെന്റാ വാക്ക് ഓഫ് ഫേയ്മില്‍ ഡോണള്‍ഡിന്റെ മുദ്ര പതിഞ്ഞിട്ടുണ്ട്. 

ഡോണള്‍ഡിന് ആദ്യം ശബ്ദം പകര്‍ന്നതും ഏറ്റവും അധികം കാലം ശബ്ദമായതും ക്ലാറെന്‍സ് നാഷ് ആണ്, 1983 -ല്‍ പുറത്തിറങ്ങിയ മിക്കീസ് ക്രിസ്മസ് കരോളില്‍ വരെ നാഷിന്റെ ശബ്ദത്തില്‍ ഡോണള്‍ഡ് കലഹിച്ചു. പിന്നെ 85-ല്‍ മരിക്കുന്നതും വരെയും പരസ്യങ്ങള്‍ക്കും പ്രമോകള്‍ക്കുമൊക്കെ നാഷ് തന്നെ ഡോണള്‍ഡിന്റെ ശബ്ദമായി. പിന്‍ഗാമിയെ പരിശീലിച്ചാണ് നാഷ് മടങ്ങിയത്. ടോണി അന്‍സെല്‍മോ, ഡിസ്‌നിയിലെ അനിമേഷന്‍ കലാകാരന്‍. 1988-ലെ who framed roger rabbit ആണ് അന്‍സെല്‍മോയുടെ ശബ്ദത്തിലേറി ഡോണള്‍ഡ് വന്ന ആദ്യസിനിമ.  

അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡോണള്‍ഡ് ട്രംപിന്റെ വിമര്‍ശകര്‍ക്കും എതിരാളികള്‍ക്കും ഇടയിലെ കാര്‍ട്ടൂണ്‍ പ്രേമികള്‍ക്കുള്ള ഒരു വിഷമം പ്രിയപ്പെട്ട ഡോണള്‍ഡ് ഡക്കുമായുള്ള താരതമ്യം ചെയ്യലായിരുന്നു. കാര്യം ഡോണള്‍ഡ് ആളെ വെറുപ്പിക്കുമെങ്കിലും ആളൊരു പാവമായിരുന്നു. അതുതന്നെ കാരണം. 

സൂപ്പര്‍ ഹീറോകള്‍ കുട്ടികളുടെയും അനിമേഷന്റേയും ലോകം കയ്യടക്കുംമുമ്പ് അനിമേഷന്‍ രംഗത്തെ സൂപ്പര്‍ ഹീറോ ആയിരുന്നു ഡോണള്‍ഡ്. തലമുറകള്‍ കൈമാറിവന്ന ഓര്‍മയും പുഞ്ചിരിയും ആണ് ഡോണള്‍ഡ്. വര്‍ത്തമാനത്തിലും കളിയാക്കലുകളിലും ഉപമകളിലുമെല്ലാം ഇടക്കിടെ കയറിവരുന്ന ഒരു പേര്.

 

വാല്‍ക്കഷ്ണം:

ഡോണള്‍ഡിന്റെ അരങ്ങേറ്റം കുറിക്കുന്ന ദിവസം മഹാനായ സാഹിത്യകാരന്‍ ചാള്‍സ് ഡിക്കന്‍സിന്റെ ചരമവാര്‍ഷികദിനമാണ്. രണ്ടുപേരും തമ്മില്‍ ഒരു ബന്ധമുണ്ട്. ഡിക്കന്‍സിന്റെ പ്രശസ്തമായ ക്രിസ്മസ് കരോള്‍ വാള്‍ട്ട് ഡിസ്‌നി അനിമേഷന്‍ സിനിമയാക്കിയപ്പോള്‍ അതില്‍ ഡോണള്‍ഡിന്റെ അമ്മാവന്‍ സ്‌ക്രൂജ് മക്ഡക്ക് ആണ് എബനേസര്‍ സ്‌ക്രൂജ് ആയത്. മരുമകന്‍ ഫ്രെഡ് ആയി ഡോണള്‍ഡും കൂട്ടുകാരി ഇസബെല്ല ആയി ഡെയ്‌സിയും ഒപ്പമെത്തുന്നുണ്ട്. സ്‌ക്രൂജിന്റെ ജീവനക്കാരനായ ബോബ് ആകുന്നത് ഡോണള്‍ഡിന്റെ കൂട്ടുകാരനായ മിക്കി മൗസും. 

Latest Videos
Follow Us:
Download App:
  • android
  • ios