'അച്ഛനുമമ്മയും ഉറങ്ങുന്ന മണ്ണില്‍ ഉറങ്ങണം'; ഒടുവില്‍ തന്‍റെ ആഗ്രഹം ബാക്കിവച്ച് ഡാളിയമ്മൂമ്മ യാത്രയായി
തങ്ങളുടെ നാട് കാക്കാനായി ഒരു ജന്മം കൊണ്ട് പോരാടിയവര്‍ക്കായി ആ നാട്ടുകാര്‍ക്ക് നല്‍കാന്‍ മറ്റൊന്നും ബാക്കിയുണ്ടായിരുന്നില്ല. 'ഡാളിക്കടവ്' അങ്ങനെ പുതിയ കാലത്തെ പ്രതിരോധത്തിന്‍റെ ജ്വാല ആളിക്കത്തിക്കുന്നു.
പുഴയില്‍ നിന്നും മണലൂറ്റിയവര്‍ കരയും ഊറ്റിയപ്പോള്‍ പ്രതിഷേധിക്കാനുണ്ടായിരുന്നത് ഒരു സ്ത്രീ മാത്രം. നെയ്യാറ്റിന്‍കര ആയുര്‍വേദ ആശുപത്രി ജീവനക്കാരിയായിരുന്ന ഡാര്‍ളി, പെന്‍ഷന്‍ പറ്റിയപ്പോള്‍ അവര്‍ സ്വന്തം നാട്ടിലേക്ക് വീട്ടിലേക്ക് തിരിച്ചെത്തിയതായിരുന്നു. എന്നാല്‍, അപ്പോഴേക്കും മണലൂറ്റുകാര്‍ നെയ്യാര്‍ നദിയിലെ പല ഇടങ്ങളിലും അഗാധമായ പെരും കുഴികള്‍ കുത്തിയിരുന്നു. കുട്ടിക്കാലത്ത് അച്ഛനോടും അമ്മയോടുമൊപ്പം കളിക്കാനിറങ്ങിയ കടവിലേക്കും മണലൂറ്റുകാരുടെ തോണികള്‍ കയറിത്തുടങ്ങിയിരുന്നു. പിന്നീടങ്ങോട്ട് തന്‍റെ ജീവിതത്തിലെ മൂന്ന് പതിറ്റാണ്ടുകാലം ഡാര്‍ളി, ജന്മദേശം ഊറ്റി വില്‍ക്കുന്നവര്‍ക്കെതിരെ പടപൊരുതി. ജീവിത യാത്രയ്ക്കൊടുവില്‍ ആ പോരാളി ഇന്നലെ തന്‍റെ 90 -ാം വയസില്‍ മരണത്തിന് കീഴടങ്ങി.
നെയ്യാറ്റിന്‍കര ഓലത്താന്നി തെന്നാട്ട് കടവിന് സമീപത്തെ പുലിമുറ്റത്ത് കിഴക്കേത്തോട്ടത്തില്‍ എസ് ഡാര്‍ളി ആയുര്‍വേദ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു, ജീവിതത്തിന്‍റെ ഏതാണ്ട് പകുതിയോളം കാലം. ഒടുവില്‍ നെയ്യാറ്റിന്‍കര ആയുര്‍വേദ ആശുപത്രിയില്‍ നിന്നും വിരമിച്ച അവര്‍, അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണില്‍ ശിഷ്ടകാലം ജീവിച്ച്, ഒടുവില്‍ മരിക്കുമ്പോള്‍ ആ മണ്ണില്‍ തന്നെ അടക്കപ്പെടണമെന്ന് ആഗ്രഹിച്ചു. ജൈവികമായ ബന്ധങ്ങളോട് ഏതൊരു മനുഷ്യനും തോന്നുന്ന അടുപ്പം. എന്നാല്‍ മറ്റ് ചിലര്‍ക്ക് ആ സ്നേഹബന്ധം ധാര്‍ഷ്ട്യമായി, അഹങ്കാരമായി, പ്രതിഷേധമായി തോന്നി...
നെയ്യാറില്‍ നിന്നും ഊറ്റിയ മണലുകള്‍ തിരുവനന്തപുരം ജില്ലയിലെമ്പാടും പല രൂപത്തിലുള്ള കെട്ടിടങ്ങളും മറ്റുമായി രൂപം മാറിക്കൊണ്ടിരുന്നു. ആവശ്യക്കാര്‍ കൂടിയതോടെ കൂടുതല്‍ കൂടുതല്‍ മണലൂറ്റാന്‍ തുടങ്ങി. പലരേയും പണം കൊടുത്ത് പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു. അതിന് തയ്യാറാകാത്തവരെ ഭീഷണിപ്പെടുത്തി. ചിലരെയൊക്കെ അക്രമിച്ചും മണല്‍മാഫിയ നെയ്യാറിന്‍കര സ്വന്തമാക്കി. പക്ഷേ, ഡാര്‍ളി പ്രതിഷേധിച്ചു, പിന്നെ പ്രതിരോധിച്ചു. അവര്‍ അച്ഛനും അമ്മയും ഉറങ്ങുന്ന പറമ്പില്‍ നിന്നും പോകാന്‍ തയ്യാറായില്ല. രാത്രികളില്‍ മണലൂറ്റുകാര്‍ വെട്ടുകത്തിയുമായെത്തി ഡാര്‍ളിയുടെ വാതിലില്‍ മുട്ടിവിളിച്ച് ഭയപ്പെടുത്തി. പകലുകളില്‍ നേരിട്ട് കാണുമ്പോഴൊക്കെ തെറി വിളിച്ചു.
കേസുകള്‍ വര്‍ദ്ധിച്ചു. കോടതി പോലീസ് സംരക്ഷണം അനുവദിച്ചു. പക്ഷേ അതിനും മുകളിലായിരുന്നു മണലൂറ്റുകാരുടെ പണത്തിന്‍റെ മൂല്യം. പോലീസ് പേരിന് മാത്രം സംരക്ഷണം 'ഉറപ്പാക്കി'. രാത്രിയും പകലും മണലൂറ്റുകാരുടെ പല തരത്തിലുള്ള ഭീഷണികള്‍ തുടര്‍ന്നു. ഇതിനിടെ നദിയില്‍ നിന്നും കരയിലേക്ക് മണലൂറ്റ് തുടങ്ങിയിരുന്നു. ഡാര്‍ളിയുടെ സഹോദരങ്ങള്‍ പോലും തങ്ങള്‍ക്ക് ലഭിച്ച പൈതൃക സ്വത്ത് മണലൂറ്റുകാര്‍ക്ക് വിറ്റു. അവര്‍ ഡാര്‍ളിയുടെ തറവാട് വീടിന്‍റെ വശങ്ങളില്‍ നിന്നും എന്തിന് അച്ഛന്‍റെയും അമ്മയുടെയും കല്ലറയില്‍ നിന്നുള്ള മണല് പോലും ഊറ്റി. അതിനിടെ മഴ പെയ്ത് നദിയില്‍ വെള്ളം നിറഞ്ഞു. കരയിടിഞ്ഞു. കൂട്ടിന് ഒരു നാടന്‍ പട്ടി മാത്രമുള്ള ഡാര്‍ളി, കരയുമായുള്ള ബന്ധം നഷ്ടപ്പെട്ട് ഒറ്റപ്പെട്ടു.
തുടര്‍ന്ന് അധികൃതര്‍ അവരെ ബന്ധുവീടുകളിലേക്ക് മാറ്റി. പക്ഷേ, ഡാര്‍ളി അവിടെ നിന്നും തിരിച്ച് മണലൂറ്റിനെ തുടര്‍ന്ന് പാതി തകര്‍ന്ന വീട്ടിലേക്ക് തന്നെ തിരികെയെത്തി. മറ്റെവിടെയും അവര്‍ക്ക് സമാധാനം ലഭിച്ചില്ല. വീട്ടിലേക്കുള്ള വഴി അതിനകം ഒലിച്ച് പോയിരുന്നു. താത്കാലിക മുളപ്പാലം നിര്‍മ്മിച്ച് ആ വീട്ടിലേക്ക് തന്നെ ഡാര്‍ളി വീണ്ടും കയറിച്ചെന്നു. പിന്നെയും കുറേക്കാലം.
ഒടുവില്‍, മറ്റൊരു മഴക്കാലത്ത് താത്കാലിക പാലവും ഒലിച്ച് പോയപ്പോള്‍ വീണ്ടും ബന്ധുവീടുകളിലേക്ക് അവിടെ നിന്നും കാട്ടാക്കട പുല്ലുവിളാകത്ത് പരിചയക്കാരിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ചന്ദ്രികയുടെ വീട്ടിലേക്ക് താമസം മാറി. വയോധികയായ ചന്ദ്രികയ്ക്ക് അടുത്തിടെ അര്‍ബുദം സ്ഥിരീകരിച്ചു. ഇവര്‍ കിടപ്പിലായതോടെ ഡാര്‍ളിയമ്മൂമ്മയുടെ ജീവിതം വീണ്ടും ദുരിതപൂര്‍ണ്ണമായി. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വി ആര്‍ സലൂജ കാട്ടാക്കടയിലെ വീട്ടിലെത്തി ഡാളിയമ്മൂമ്മയെ അഗതി മന്ദിരത്തിലേക്ക് മാറ്റി. ഒടുവില്‍, മൂന്ന് പതിറ്റാണ്ടിന്‍റെ പോരാട്ടം അവസാനിപ്പിച്ച് ജനിച്ച് വീണ മണ്ണില്‍ കിടന്ന് മരിക്കണമെന്ന ആഗ്രഹം ബാക്കിയാക്കി, തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്‍റെ വയോജന സംരക്ഷണ കേന്ദ്രത്തില്‍ വച്ച് ഡാര്‍ളി തന്‍റെ നാടിനോട് വിട പറഞ്ഞു. അവരുടെ അവസാനത്തെ ആഗ്രഹം സാധിക്കാതെ...
നെയ്യാറ്റിന്‍കര ഓലത്താന്നിയിലെ കടവിനെ ഇന്ന് നാട്ടുകാര്‍ വിളിക്കുന്നത് 'ഡാര്‍ളിക്കടവെ'ന്നാണ്. തങ്ങളുടെ നാട് കാക്കാനാകാതെ, മണലൂറ്റുകാര്‍ക്ക് മുന്നില്‍ പുരയിടം വിറ്റ് നാടൊഴിഞ്ഞ് പോയവര്‍ പക്ഷേ, ഡാര്‍ളിയുടെ പേരില്‍ തെന്നാട്ട് കടവിനെ എന്നും ഓര്‍മ്മിക്കും. ഇതിനിടെയിലെപ്പോഴോ ഡാര്‍ളിയെ അവര്‍ ഡാളിയമ്മൂമ്മയെന്ന് വിളിച്ച് തുടങ്ങിയിരുന്നു. തങ്ങളുടെ നാട് കാക്കാനായി ഒരു ജന്മം കൊണ്ട് പോരാടിയവര്‍ക്കായി ആ നാട്ടുകാര്‍ക്ക് നല്‍കാന്‍ മറ്റൊന്നും ബാക്കിയുണ്ടായിരുന്നില്ല. 'ഡാളിക്കടവ്' അങ്ങനെ പുതിയ കാലത്തെ പ്രതിരോധത്തിന്‍റെ ജ്വാല ആളിക്കത്തിക്കുന്നു.