'വെൽക്കം ടു ദില്ലി ക്രൈം പൊലീസ് സ്റ്റേഷൻ'; അന്ന് വന്ന ഫോൺകോൾ, ഭയവും ആശങ്കയും നിറഞ്ഞ മണിക്കൂറുകൾ
അതൊരു കള്ളപ്പണ കേസാണെന്നും താൻ അതിൽ പ്രതിയാണെന്നുമായിരുന്നു പൊലീസുകാരനെന്ന് പരിചയപ്പെടുത്തിയ ആൾ പറഞ്ഞത്. ഛത്തീസ്‌ഗഡിലെ ബിലാസ്‌പൂർ സ്വദേശിയായ രഞ്ജിത്ത് കുമാറാണ് കേസിലെ മുഖ്യ പ്രതി. ബിലാസ്‌പൂറിൽ എസ്ബിഐ ബ്രാഞ്ചിൽ എൻ്റെ പേരിൽ ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും അതിൽ രണ്ട് കോടി രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നും അയാൾ പറഞ്ഞു.
'വെൽക്കം ടു ദില്ലി ക്രൈം പൊലീസ് സ്റ്റേഷൻ, താങ്കൾക്കെതിരെ ഇഡി ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഉടൻ തന്നെ നേരിട്ട് ദില്ലി ക്രൈം പൊലീസ് സ്റ്റേഷനിൽ എത്തുക' - ഒരു ഇൻകമിങ് കോളിൽ ഹലോ പറയും മുൻപ് കേട്ട റെക്കോർഡ് ചെയ്ത ശബ്ദസന്ദേശമായിരുന്നു. ദിവസം 2024 ജൂൺ 24 തിങ്കളാഴ്ച. 9193255475 എന്ന നമ്പറിൽ നിന്നാണ് കോൾ വന്നത്. ഉച്ചഭക്ഷണം കഴിച്ച് ഓഫീസിലേക്ക് ഇറങ്ങാനുള്ള സമയം ബാക്കിയുള്ളതിനാൽ ഒന്ന് മയങ്ങാൻ കിടന്ന സമയത്തായിരുന്നു ഫോൺ കോൾ എത്തിയത്. ആദ്യമുണ്ടായ ഞെട്ടലും അമ്പരപ്പും ഭീതിക്ക് വഴിമാറി. ആ ശബ്ദ സന്ദേശം ഇങ്ങനെ തുടർന്നു - 'വിശദാംശങ്ങൾ അറിയാൻ ഒന്ന് പ്രസ് ചെയ്യുക'.
രാജ്യത്ത് ഓൺലൈൻ തട്ടിപ്പ് സംഘത്തിൻ്റെ ചതിക്കുഴിയിൽ ഏറ്റവും ഒടുവിൽ അകപ്പെട്ട യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ അധിപൻ ഗീവർഗീസ് കൂറിലോസിൻ്റെ ദുരനുഭവത്തിൻ്റെ പശ്ചാത്തലമാണ് ഈ അനുഭവത്തിൻ്റെ പ്രസക്തി. രണ്ടിലും ഇഡിയുണ്ട്, പൊലീസുണ്ട്, കേസ് നമ്പറുകളുണ്ട്, ഫോൺ നമ്പറുകളുണ്ട്. എല്ലാത്തിനും പുറമെ ആരും വിശ്വസിച്ചേക്കാവുന്ന ഒരു വൻ കെട്ടുകഥയുമുണ്ട്. ആ കഥയാണ് തട്ടിപ്പിൻ്റെ ആണിക്കല്ല്.
ആ ഫോൺ കോൾ ഒരു ഞെട്ടലായിരുന്നു ആദ്യം ഉണ്ടാക്കിയത്. തട്ടിപ്പ് സംഘങ്ങളെ കുറിച്ച് ഏറെ കേട്ടിട്ടുള്ളതിനാലും കേരളത്തിന് പുറത്ത് പൊലീസ് സംവിധാനങ്ങളെ കുറിച്ചുള്ള അജ്ഞതയും ഭയം ഇരട്ടിക്കാൻ കാരണമായി. മുൻപിൻ ആലോചിക്കാതെയാണ് ഫോണിലെ ഒന്ന് എന്ന അക്കത്തിൽ പ്രസ് ചെയ്തത്. അധികം വൈകാതെ മറുവശത്ത് ഒരു പുരുഷ ശബ്ദമെത്തി. 'ഹലോ, ദില്ലി ക്രൈം പൊലീസ് സ്റ്റേഷൻ...' ഇതായിരുന്നു ആദ്യത്തെ പ്രതികരണം. സാർ എന്ന മുഖവുരയോടെ തന്നെ സംസാരിച്ചു. ഇങ്ങോട്ട് വന്ന കോളാണെന്നും ഇഡി കേസെടുത്തതായുമുള്ള വിവരം ലഭിച്ചുവെന്നും എന്താണ് കാര്യമെന്നും ചോദിച്ചു. മറുവശത്തുള്ളയാൾ വളരെ സ്വാഭാവികമെന്ന പോലെ പെരുമാറി. എന്താണ് പേരെന്നായിരുന്നു ആദ്യത്തെ ചോദ്യം. സംശയിക്കാതെ മറുപടി നൽകി. ആധാർ കാർഡിലെ അവസാന നാലക്കം മാത്രം പറയാൻ ആവശ്യപ്പെട്ടു, അതും നൽകി. ആധാർ കാർഡിലെ മുഴുവൻ നമ്പറും ചോദിച്ചില്ലെന്നത് പൊലീസുകാർ തന്നെയാകുമെന്ന തോന്നലുണ്ടാക്കി.
അതൊരു കള്ളപ്പണ കേസാണെന്നും താൻ അതിൽ പ്രതിയാണെന്നുമായിരുന്നു പൊലീസുകാരനെന്ന് പരിചയപ്പെടുത്തിയ ആൾ പറഞ്ഞത്. ഛത്തീസ്‌ഗഡിലെ ബിലാസ്‌പൂർ സ്വദേശിയായ രഞ്ജിത്ത് കുമാറാണ് കേസിലെ മുഖ്യ പ്രതി. ബിലാസ്‌പൂറിൽ എസ്ബിഐ ബ്രാഞ്ചിൽ എൻ്റെ പേരിൽ ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും അതിൽ രണ്ട് കോടി രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നും അയാൾ പറഞ്ഞു. ഏതോ വലിയ തട്ടിപ്പുസംഘം തന്നെ കൂടി കരുവാക്കിയിരിക്കുന്നുവെന്ന തോന്നലാണ് ജനിച്ചത്. വിദേശത്ത് നിന്നാണ് അക്കൗണ്ടിലേക്ക് പണമെത്തിയതെന്നും രഞ്ജിത്ത് കുമാറിനായി അന്വേഷണം നടക്കുകയാണെന്നും അയാൾ തുടർന്ന് പറഞ്ഞു.
എൻ്റെ പേരിൽ ബിലാസ്‌പൂറിൽ അക്കൗണ്ട് ഉണ്ടാകാനുള്ള സാധ്യതയേ ഇല്ലെന്നും മലയാളിയായ താൻ കേരളത്തിന് പുറത്ത് താമസിച്ചിട്ടില്ലെന്നും ഞാൻ മറുപടി നൽകി. 'നിങ്ങൾക്കറിയാമല്ലോ, നാട്ടിൽ വലിയ തോതിൽ തട്ടിപ്പുകൾ പെരുകിക്കൊണ്ടിരിക്കുകയാണ്'- അതായിരുന്നു ലഭിച്ച ആശ്വസവാക്ക്. 'നിങ്ങളുടെ രേഖകൾ വല്ലതും നഷ്ടപ്പെട്ടിട്ടുണ്ടോ, ഓർത്തുനോക്കൂ' അയാൾ ചോദിച്ചു. അതിനും ഇല്ലെന്നായിരുന്നു എൻ്റെ മറുപടി. പിന്നീടാണ് അയാൾ കേസിനെ കുറിച്ച് വിശദമായി സംസാരിച്ചത്.
'നോക്കൂ ഇതൽപ്പം ഗൗരവമുള്ള കേസാണ്. നിങ്ങൾ ഇതിൽ മുഖ്യ പ്രതികളിൽ ഒരാളാണ്. വിദേശത്ത് നിന്ന് വന്ന പണത്തിൻ്റെ സ്രോതസ് സംബന്ധിച്ചാണ് ഇഡി കേസ്. കേസ് നമ്പർ 6214856560449153. ഈ നമ്പർ നിങ്ങൾക്ക് വേണമെങ്കിൽ പരിശോധിക്കാവുന്നതാണ്. ദില്ലി ക്രൈം പൊലീസും ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 01388/2024 - ഇതാണ് കേസ് നമ്പർ. ഇതും നിങ്ങൾക്ക് പരിശോധിക്കാം,'- അയാൾ പറഞ്ഞു. രാജ്യത്തിൻ്റെ തെക്കേയറ്റത്തുള്ള ഞാൻ ദില്ലി വരെ യാത്ര ചെയ്ത് ഈ കേസിനെ നേരിടുന്നതിൻ്റെ ആകുലതകളും നിരപരാധിത്വം തെളിയിക്കുന്നത് എങ്ങനെയെന്നുമുള്ള ചോദ്യങ്ങളായിരുന്നു എന്റെ മനസിൽ. അതും ഞാൻ അയാളോട് പങ്കുവച്ചു. താങ്കൾ എസ്എച്ച്ഒയോട് സംസാരിക്കൂവെന്നായിരുന്നു പിന്നീടുള്ള മറുപടി. തിരികെ വിളിക്കാമെന്ന് പറഞ്ഞ് അയാൾ ഫോൺ വെച്ചു.
രണ്ട് മിനിറ്റ് പോലും കഴിഞ്ഞില്ല, ഫോൺ കോൾ വന്നു. ഇത്തവണ 9477223955 എന്ന നമ്പറിൽ നിന്നായിരുന്നു വിളിച്ചത്. ഫോൺ അറ്റൻ്റ് ചെയ്തപ്പോൾ കാത്തിരിക്കാൻ ആവശ്യപ്പെട്ടു. അധികം വൈകാതെ മറുവശത്ത് വീണ്ടും ഒരു പുരുഷൻ സംസാരിച്ചു തുടങ്ങി. ദില്ലി ക്രൈം സ്റ്റേഷൻ എസ്എച്ച്ഒ ദിനേഷ് കുമാർ എന്നായിരുന്നു അയാൾ പരിചയപ്പെടുത്തിയത്. എന്താണ് കാര്യമെന്ന് ഇങ്ങോട്ട് ചോദിച്ചു. വിവരങ്ങളെല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ നേരിട്ട് പൊലീസ് സ്റ്റേഷനിൽ ഹാജരാകുന്നതിന് മുൻപ് ഓൺലൈനായി അപ്പോൾ തന്നെ ഹാജരാകണം എന്നായി എസ്എച്ച്ഒ. ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുമായി സൂം കോളിൽ വരാൻ ആവശ്യപ്പെട്ടു. ആ കോൾ ഹോൾഡിൽ നിലനിർത്തിക്കൊണ്ട് സംസാരിക്കാനായിരുന്നു ആവശ്യം. അര മണിക്കൂറിലേറെ അപ്പോഴേക്കും 2 ഫോൺ സംഭാഷണങ്ങളുമായി നീണ്ടിരുന്നു.
എന്നാൽ സൂം കോളിൻ്റെ കാര്യം പറഞ്ഞതോടെ തട്ടിപ്പുസംഘമാണോയെന്ന സംശയം ഉയർന്നു. പിന്നാലെ തിരിച്ചുവിളിക്കാമെന്ന് പറഞ്ഞ് ഞാൻ ഫോൺ സംഭാഷണം അവസാനിപ്പിച്ചു. അപ്പോഴേക്കും ഭാര്യ കുടുംബ സുഹൃത്തായ അഭിഭാഷകൻ പിജെ പോൾസണെ വിളിച്ചു. ഞാൻ എസ്ബിഐയിൽ ജോലി ചെയ്യുന്ന സുഹൃത്തിനെയും. ആധാർ നമ്പർ ഉപയോഗിച്ച് തൻ്റെ പേരിൽ ബിലാസ്‌പൂർ ബ്രാഞ്ചിൽ അക്കൗണ്ട് ഉണ്ടോയെന്ന് പരിശോധിക്കാനായിരുന്നു ശ്രമം. അങ്ങനെയൊരു അക്കൗണ്ട് ഇല്ലെന്നും അതൊരു പെരും നുണയാണെന്നുമുള്ള ആശ്വാസ മറുപടിയാണ് ലഭിച്ചത്. പോൾസൺ വിവരം അറിയിച്ച് കേന്ദ്ര സർക്കാരിൽ ഉന്നത പദവിയിലുള്ള ഒരു ഉദ്യോഗസ്ഥൻ്റെ കോളാണ് പിന്നീട് എനിക്ക് വന്നത്. ഇഡിയുടെ കേസ് നമ്പർ വ്യാജമാണെന്നും ദില്ലി ക്രൈം സ്റ്റേഷനിൽ അന്ന് രേഖപ്പെടുത്തിയ അവസാനത്തെ കേസ് 169/2024 ആണെന്നും അദ്ദേഹം പറഞ്ഞു. ആശങ്ക പൂർണമായും ഒഴിഞ്ഞ നിമിഷം.
തട്ടിപ്പുകാർ വിളിച്ച ഫോൺ നമ്പർ അദ്ദേഹത്തിന് നൽകി. പിന്നീട് സൈബർ പൊലീസിനും പരാതി നൽകി. പണം നഷ്ടമായില്ലെങ്കിലും ഇങ്ങനെയൊരു തട്ടിപ്പ് ശ്രമം നടന്നുവെന്ന് അറിയിക്കാനായിരുന്നു അത്. ലോകത്ത് അനുനിമിഷം നടക്കുന്ന നൂറ് കണക്കിന് തട്ടിപ്പുകളിൽ പരാജയപ്പെട്ട ശ്രമമായി അത് മാറി. എന്നാൽ ആരെയും വീഴ്ത്തുന്ന പെരുനുണകളുമായി ഇത്തരം സംഘങ്ങൾ ഇപ്പോഴും സജീവമാണെന്ന് ഗീവർഗീസ് മാർ കൂറിലോസിൻ്റെ അനുഭവം പറഞ്ഞുതരുന്നു.