ചാണകം: വിശുദ്ധമോ, അശുദ്ധമോ? അറിയണം ഇക്കാര്യങ്ങള്‍..
പാരിസ്ഥിതിക, ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാതെ ഇരിക്കുവാനും, അവ വേണ്ട രീതിയിൽ വിദഗ്ദ്ധമായി കൈകാര്യം ചെയ്യുവാനും ഇതേക്കുറിച്ചു ബോധവാന്മാർ ആയിരിക്കേണ്ടതും അത്യാവശ്യമാണ്.
പലപ്പോളും ചാണകം ഗ്ലൗസ് ഒന്നുമില്ലാതെ കൈ കൊണ്ട് വാരുകയും, കലക്കി തറ ഒക്കെ കൈ കൊണ്ട് മെഴുകുവാനും ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ടാവുമല്ലോ? പ്രത്യേകിച്ചും നാട്ടിൻ പുറത്തു താമസിക്കുന്നവർ. ഇതിൽ എന്തെങ്കിലും അപകടം ഉണ്ടാവാൻ സാദ്ധ്യത ഉണ്ടോ?
എന്താണ് ചാണകം?
പശുവിന്റെ ദഹിക്കാത്തതും, ദഹന പ്രക്രിയയ്ക്ക് ശേഷം ഉള്ളതുമായ വേസ്റ്റ് പ്രോഡക്റ്റ് ആണ് ചാണകം. മറ്റുള്ള ജീവികളുടെ പോലെ, ചാണകവും ഒരു fecal (മാലിന്യം) പ്രോഡക്റ്റ് ആണ്.
ചാണകത്തിന്റെ ഗുണങ്ങൾ എന്തൊക്കെ?
ധാരാളം ധാതുക്കൾ (nitrogen, phosphorus, potassium, magnesium) ഉള്ള ചാണകം നല്ല ഒരു ജൈവ വളം ആണ്. കൂടാതെ ഉണങ്ങിയ ചാണകം ഇന്ധനമായും ഉപയോഗിക്കാറുണ്ട്. ചാണകം മീഥേൻ കൊണ്ട് സമൃദ്ധമായതിനാൽ ബയോ ഗ്യാസ് ആയും വ്യാപകമായി ഉപയോഗിക്കാറുണ്ട്.
അപ്പോൾ ചാണകത്തിന്റെ പ്രശ്‌നം എന്താണ്?
മറ്റുള്ള ജീവികളുടെ മലത്തിൽ ഉള്ളപോലെ ചാണകത്തിലും ധാരാളം ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. പൊതുജന ആരോഗ്യാർത്ഥം ഈ ബാക്റ്റീരിയകളെക്കുറിച്ചു സാധാരണ ജനങ്ങൾ അറിഞ്ഞിരിക്കേണ്ടതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. പാരിസ്ഥിതിക, ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാതെ ഇരിക്കുവാനും, അവ വേണ്ട രീതിയിൽ വിദഗ്ദ്ധമായി കൈകാര്യം ചെയ്യുവാനും ഇതേക്കുറിച്ചു ബോധവാന്മാർ ആയിരിക്കേണ്ടതും അത്യാവശ്യമാണ്.
എന്തൊക്കെ ബാക്ടീരിയ ആണ് ചാണകത്തിൽ പൊതുവായി കാണുന്നത്?
പകര്‍ച്ചരോഗാണുക്കൾ ഉൾപ്പെടെ പല ബാക്റ്റീരിയകളും വൈറസുകളും ചാണകത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇ. കോളി (Escherichia coli), Enterococcus, Salmonella, Bacillus spp., Corynebacterium spp. Lactobacillus spp.തുടങ്ങിയ ബാക്റ്റീരിയകൾ ചാണകത്തിൽ ഉണ്ട്.
ഇ. കോളി, സാൽമൊണേല്ല തുടങ്ങിയ മൈക്രോബുകൾ ആണ് ചാണകത്തിൽ നിന്നും മനുഷ്യനിലേക്ക് നേരിട്ട് സാധാരണ പടരുന്നത്. കൂടാതെ വയറിന് അസുഖം ഉണ്ടാക്കുന്ന Campylobacter എന്ന ബാക്റ്റീരിയയും ചാണകത്തിൽ നിന്നും പകരുന്നതായി കണ്ടിട്ടുണ്ട്.. ചുരുക്കിപ്പറഞ്ഞാൽ ചാണകം ധാരാളം ബാക്റ്റീരിയകൾ അടങ്ങിയ ഒരു വിസർജ്യ വസ്തുവാണ്. ശാസ്ത്രീയമായി യാതൊരു വിശുദ്ധിയും ചാണകത്തിനില്ല. അതായത് മനുഷ്യന്റെയും, പട്ടിയുടെയും, കുതിരയുടെയും, ആനയുടെയും ഒക്കെ വിസർജ്ജ്യം പോലെയുള്ള വിസർജ്ജ്യമാണ് ചാണകവും.
ചാണകം കൈകാര്യം ചെയ്യുമ്പോൾ ഒരു തരത്തിലും കൈകളിലോ, ശരീരത്തിലോ പറ്റാതെ നോക്കുക. ഒരിക്കലും മുൻകരുതലുകൾ ഇല്ലാതെ വെറും കൈ കൊണ്ട് (ഗ്ലൗസ് ധരിക്കാതെ) ചാണകം വാരാതെ ശ്രദ്ധിക്കണം.