കൊവിഡാനന്തരകാലം കേരളത്തിലെ കെട്ടിടനിർമ്മാണത്തിൽ നമുക്കെന്തെല്ലാം ശ്രദ്ധിക്കാം
നാളെ കൊവിഡിനെയും നമുക്ക് വരുതിയിലാക്കാൻ കഴിഞ്ഞേക്കുമെങ്കിലും പരിവർത്തനം ചെയ്തുവരുന്ന വൈറസുകളുടെ വരും കാലത്തേക്ക് നമുക്ക് നമ്മുടെ കെട്ടിടങ്ങളെ സജ്ജമാക്കിയേ തീരൂ.
ആവശ്യങ്ങൾക്കനുസരിച്ച് ഉരുത്തിരിഞ്ഞുവന്നിട്ടുള്ളവയാണ് അതതുകാലത്തെ ആർക്കിടെക്ച്ചറും. അതിൽ മാറ്റമില്ലാതെ വരുന്ന മാറ്റത്തിൽ വിപ്ലവാത്മകരമായവയ്ക്ക് പകർച്ചവ്യാധികൾ പലപ്പോഴും കാരണമായിട്ടുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ അരങ്ങേറിയ ഭീതിതമായ തുടർ പകർച്ചവ്യാധികളാണ് മനുഷ്യമാലിന്യത്തിന്റെ ശാസ്ത്രീയമായ സംസ്കരണം മാനവരാശിയുടെ നിലനില്പിനുതന്നെ അവശ്യമായ ഒന്നാണ് എന്ന അവബോധം നമുക്കുതന്നത്.
ശുചിത്വം എന്ന സങ്കല്പം ശുചിമുറി (Toilet) -യിലേയ്ക്കും ശുചിമുറിയുടെ ശുചിത്വത്തിലേയ്ക്കും നമ്മെ നയിച്ചു. സൂര്യപ്രകാശവും മഴയും ഒരുപോലെ തീക്ഷ്ണമായ ട്രോപ്പിക്കൽ മേഖലകളിലൊന്നിൽ ജീവിയ്ക്കുന്ന നാം, അവ രണ്ടിൽനിന്നും അകത്തളം സംരക്ഷിക്കാൻ ഉപയുക്തമായ, ദിക്കുകൾക്കും കാറ്റിന്റെ ഗതിയ്ക്കും ഭൂമിയുടെ കിടപ്പിനും വളരെയധികം പ്രാധാന്യം നൽകിയ ഒരു കെട്ടിടനിർമ്മാണരീതി രൂപപ്പെടുത്തിയെടുത്തത് വ്യാധിപ്പേടികൾ കൂടി കണക്കിലെടുത്താണ്.
അകത്തടച്ചിരിക്കേണ്ടിവന്ന കൊവിഡ് ക്വാറന്റൈൻ, കെട്ടിടങ്ങളുടെ ഉപയോഗക്ഷമതയെപ്പറ്റി ഒരു ആർകിടെക്ട് എന്ന നിലയിൽ എന്നെയും ഇരുത്തിച്ചിന്തിപ്പിച്ച കുറച്ചുകാലം കൂടിയാണ്. ഒഴിവാക്കാനാകാതിരുന്ന ചില പുറത്തിറങ്ങലുകൾ തിരിച്ചുകയറുമ്പോൾ കോളിംഗ് ബെൽ ആയും വാതിലിന്റെ പിടിയായും ലൈറ്റിന്റെ സ്വിച്ച് ആയും വാഷ് ബേസിൻ ടാപ്പ് ആയും വീട്ടിൽ നമ്മെ കുഴക്കി. ബദൽ ഓഫീസായി വീട്ടകം മാറ്റേണ്ടിവന്നപ്പോൾ രൂപകൽപ്പനയിൽ ഇടങ്ങൾ തരംതിരിക്കുന്നതിന്റെ പ്രാധാന്യം നമ്മൾ അറിഞ്ഞു. നിഷ്ക്രിയരായി ചടഞ്ഞുകൂടാൻ നിർബന്ധിതരാകപ്പെട്ട മടുപ്പിൽ, നഗരത്തിലെ ബഹുനില പാർപ്പിട സമുച്ചയത്തിന്റെ ഉയരങ്ങളിൽ നിന്ന് അങ്ങുദൂരെ താഴെ മരപ്പച്ചകൾക്കിടയിൽ തുരുത്തുകൾപോലെ കണ്ട കുഞ്ഞുമുറ്റവും വീടും മുൻപില്ലാത്തവിധം മോഹിപ്പിച്ചു. അവിടങ്ങളിലെ ലിഫ്റ്റും പൂളും ജിമ്മും പാർക്കും കുട്ടികളുടെ കളി സാമഗ്രികളുമെല്ലാംതന്നെ പൊതുസൗകര്യങ്ങളുടെ പങ്കിടലിന്റെ പ്രായോഗികത ഇതുവരെ ഉണർത്തിയിരുന്ന പുഞ്ചിരിക്ക് പകരം അരിച്ചുകയറുന്ന ഭയത്തിന്റെ കാഴ്ചയാണിന്ന്.
ആദ്യ പകപ്പിൽ നിന്ന് മാറിയപ്പോൾ പൂർണ്ണമായും അടച്ചിടേണ്ടിവന്ന തൊഴിലിടങ്ങൾ തങ്ങളുടെ മേഖലയിലെ വീട്ടിൽ ഇരുന്നു നിർവ്വഹിക്കാവുന്ന തൊഴിൽസാധ്യതകൾ തേടാൻ ഓരോരുത്തരെയും പ്രേരിപ്പിച്ചു. കുറഞ്ഞസ്ഥലത്ത് കൂടുതൽ പേരെ ഉൾക്കൊള്ളിക്കുക എന്ന മാനദണ്ഡം തൊഴിലിടങ്ങളുടെ രൂപകൽപ്പനയിൽ ഇനി പ്രായോഗികമല്ല. പൊതുഇടങ്ങളുടെ കുറ്റമറ്റ രൂപരേഖ പരമ പ്രാധാന്യമർഹിക്കുന്നത് എന്തുകൊണ്ടെന്ന് ഇനിയും നമുക്ക് കാണാതിരിക്കാനാവില്ല. ജനസാന്ദ്രത ക്രമീകരിക്കും വിധ നഗരാസൂത്രണം ചെയ്യാൻ വികസനത്തിന്റെ വരും ഘട്ടങ്ങളിലെങ്കിലും നമുക്ക് മറക്കാതിരിക്കാം.
നാളെ കൊവിഡിനെയും നമുക്ക് വരുതിയിലാക്കാൻ കഴിഞ്ഞേക്കുമെങ്കിലും പരിവർത്തനം ചെയ്തുവരുന്ന വൈറസുകളുടെ വരും കാലത്തേക്ക് നമുക്ക് നമ്മുടെ കെട്ടിടങ്ങളെ സജ്ജമാക്കിയേ തീരൂ. നിശ്ചിത സാമൂഹിക അകലം സാധ്യമാക്കൽ, കാറ്റും വെളിച്ചവും ഉറപ്പുവരുത്തൽ, ശുചിത്വം എന്നിവ അടിസ്ഥാനതത്വങ്ങളിൽ ഉൾപ്പെടുത്തിയുള്ള ഒരു കെട്ടിട നിർമ്മാണസങ്കല്പം നമുക്ക് വേണം. രാവിലെ വിളിച്ചുണർത്താനും, മരുന്ന് കഴിപ്പിക്കാനും, അമ്മയെ ഫോൺ ചെയ്യാൻ ഓർമ്മിപ്പിക്കാനും, എലിക്ക്സയെയും ആമസോൺ എക്കോയെയും (ELEXA and Amazon Echo) ഏൽപ്പിക്കുന്നവർക്ക് വാതിൽ തുറന്നുതരാനും ലിഫ്റ്റ് മുകളിലേയ്ക്ക് വിളിക്കാനും എല്ലാം കഴിയുന്ന തരത്തിൽ മനുഷ്യജീവിതം സുഗമമാക്കുന്ന ആധുനിക സാങ്കേതിക വിദ്യകളുടെ സാധ്യതകളെല്ലാം നമുക്ക് ഉപയോഗിക്കാം.
മോഷൻ സെൻസറും ഫേസ് റെകോഗ്നിഷനും (Motion sensor and Face recognition) ഉപയോഗിച്ച് പ്രവർത്തിക്കുന്ന സൗകര്യങ്ങൾ ഇപ്പോൾത്തന്നെ നമുക്കറിയാം. മിക്ക കാര്യങ്ങളും കയ്യിലെ ഫോൺ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ പറ്റുന്ന കാലത്തെ പറ്റി കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നുന്നുണ്ടെങ്കിൽ ഫോൺ ഒരു സങ്കല്പമായി പോലും ഇല്ലാതിരുന്ന ഒരുകാലം അത്ര പണ്ടൊന്നുമായിരുന്നില്ല എന്ന് ഓർത്താൽ മതി. അത് സാധ്യമല്ലാത്തിടത്ത് താരതമ്യേന രോഗാണുക്കളെ നിർജ്ജീവമാക്കാൻ കഴിവുള്ള (Anti-microbial properties) കോപ്പർ പോലുള്ള വസ്തുക്കൾ കൊണ്ട് വാതിലിന്റെ പിടിയും, കൈവരികളും, push-plate -കളും മറ്റുമൊരുക്കാം. ഓഫീസ് അന്തരീക്ഷം ലഭിക്കുന്ന തരത്തിൽ ഇത്തിരി സ്ഥലം കൂടി വീടിന്റെ രൂപകൽപ്പനയിൽ നമുക്ക് കണ്ടുവയ്‌ക്കാം. Contact-less Pathways, അകത്തു കയറാനും പുറത്തിറങ്ങാനും പരസ്പ്പരം ബന്ധമില്ലാത്ത വ്യത്യസ്ത വഴികൾ, പൊതു സൗകര്യങ്ങളുടെ ഉപയോഗപരതയിലെ സൂക്ഷ്മശ്രദ്ധ എന്നിവ തൊഴിലിടങ്ങളുടെയും പൊതുഇടങ്ങളുടെയും രൂപകൽപ്പനയിൽ ഇനി കാണാതെ വയ്യ.
കൊവിഡ് കാലത്ത് ചർച്ചയായ അടുക്കളയുടെ വീതംവയ്പ്പിന്റെ സാധ്യതകൾ രൂപകൽപ്പനയുടെ പശ്ചാത്തലത്തിൽ ഇനിയെങ്കിലും നമുക്ക് പരിശോധിക്കേണ്ടതായിട്ടുണ്ട്. സ്ത്രീകൾ അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് വന്നപ്പോഴും പുകമറയിൽ നിന്ന ഒന്നാണ് അടുക്കളയുടെ രാഷ്ട്രീയം. ഒരുമിച്ച് ഒരേ തസ്തികയിലോ അതിനുമുകളിലോ ജോലി ചെയ്യുന്നവർ ആയിട്ടുകൂടി അടുക്കള പലവീട്ടിലും പെണ്ണിനെ മാത്രം കാത്തിരിക്കുന്ന ഒന്നാണ്. എല്ലാവരെയും ഒരുപോലെ വിളിക്കുന്ന ഒന്നായി, വീടിന്റെ കേന്ദ്രമായി അടുക്കള വിഭാവനം ചെയ്യേണ്ടത് ലിംഗനീതിനിരാകരണത്തിന്റെ പാപക്കറയെ ചൊല്ലിയോ, സമത്വം എന്ന ആശയം വളരുന്ന തലമുറയ്ക്ക് വീട്ടിൽ നിന്നുതന്നെ പകർന്നുകൊടുക്കേണ്ടതിന്റെ പ്രാധാന്യത്തെ ചൊല്ലിയോ മാത്രമല്ല, ജീവന്റെ നിലനിൽപിന് തന്നെ ആധാരം ഇനി നമ്മുടെ ജൈവജീവിതത്തിന്റെ വീണ്ടെടുപ്പിനെ ആശ്രയിച്ചുള്ളതാണ് എന്ന കൊവിഡ്കാല പാഠം കൂടികൊണ്ടാണ്. 'തടയിണകൾ എല്ലാം തകർത്ത് കുതിച്ചൊഴുകി വരുന്ന' ഉപഭോഗസംസ്കാരവും മുതലാളിത്തവും തട്ടിനിർത്താൻ ഒരുപരിധിവരെയെങ്കിലും നമുക്ക് കഴിയുന്നത് ഓരോ വീട്ടിലെയും സജ്ജമായ അടുക്കളയിലൂടെ മാത്രമാണ്.
പുറത്ത് പെയ്യുന്ന മഴയും വീശിയടിക്കുന്ന കാറ്റും തെളിഞ്ഞുവരുന്ന വെളിച്ചവും കൂടിയാണ് നാം എന്നത് നിർമ്മാണത്തിന്റെ ഘട്ടങ്ങളിൽ നമുക്ക് മറക്കാതിരിക്കാം. മനുഷ്യന്റെ അജൈവശരീരമാണ് പ്രകൃതി എന്ന ഉദാത്തമായ മാർക്സിയൻ പാരിസ്ഥിതികദർശനം പ്രകൃതിയെ കരുതാതെയുള്ള വികസനം ആത്‌മഹത്യയാണ് എന്ന തിരിച്ചറിവ് മനുഷ്യന് നൽകട്ടെ. മനുഷ്യനെ അവന്റെ അദ്ധ്വാനത്തിൽ നിന്ന് അന്യവൽക്കരിക്കുക വഴി മുതലാളിത്തത്തിൽ എങ്ങിനെയാണ് Generating Waste എന്നത് ഒരു സ്വാഭാവിക പ്രക്രിയയാവുന്നത് എന്നും, പ്രകൃതിയെ അടിതുരന്നില്ലാതാക്കുക വഴി അത് എങ്ങനെയാണ് മനുഷ്യന്റെയും പ്രകൃതിയുടെയും സർവ്വനാശത്തിനു വഴി തെളിക്കുക എന്നതുമെല്ലാം മാർക്സ് പറഞ്ഞത് ഒന്നര നൂറ്റാണ്ടുകൾക്കു മുൻപാണ്. "തന്റെ അദ്ധ്വാനം കൊണ്ട് നിർമ്മിക്കുന്ന വസ്തുവിന്റെ അന്തിമരൂപത്തിൽ നിന്ന് അകറ്റി നിർത്തപ്പെടുന്ന തൊഴിലാളി കേവലം അദ്ധ്വാനശേഷി വിൽക്കുക എന്നതിലേക്ക് ചുരുങ്ങുന്നതും, മുതലാളിത്തവ്യവസ്ഥ അവരെ എങ്ങനെയാണ് ദാരിദ്ര്യത്തിന്റെ പടുകുഴികളിലേയ്ക്ക് തള്ളിയിടുന്നത് " എന്നും, (പ്രയോഗങ്ങൾക്ക് കടപ്പാട്: സുനിൽ പി ഇളയിടം! ) മനസ്സിലായില്ലെങ്കിൽ, കൊവിഡ് കാലത്ത് നാം കണ്ട, സ്വാതന്ത്ര്യാനന്തരം സംവത്സരങ്ങൾ പിന്നിട്ടിട്ടും ജീവിതസമ്പാദ്യങ്ങളെല്ലാം പെറുക്കിയടുക്കി മാറാപ്പുകെട്ടി നടന്നുനീങ്ങുന്ന നിസ്സഹായരായ മനുഷ്യരുടെ ആ നീണ്ടനിര കണ്ടാൽ മതി!
നിർമ്മാണരംഗത്തുള്ളവർക്കു മാത്രം ഇടപെടാൻ കഴിയുന്ന മേഖലകളാണിത്. വൈദഗ്ധ്യം നേടാനുള്ള വഴികൾ തുറന്നു കൊടുത്ത് നമുക്ക് തൊഴിലാളികളെ കൂടെ കൂട്ടാം, ഒരുമിച്ചു മുന്നേറാം. പ്രകൃതിക്കനുയോജ്യമായ നിർമ്മാണ രീതികളിലേക്കുള്ള തിരിച്ചുപോക്കിൽ ഇനി നമുക്കൊരു തിരഞ്ഞെടുപ്പിന് പോലും വഴിയില്ല. നിർമ്മാണത്തിനുള്ള വസ്തുക്കൾ പുരയിടത്തിന്റെ അഞ്ചുമൈൽ ചുറ്റളവിൽ നിന്ന് കണ്ടെടുക്കേണ്ടത് എന്തുകൊണ്ടെന്നും, നമ്മുടെ കർഷകന്റെയും തൊഴിലാളിയുടെയും വളർച്ച എങ്ങിനെ മെച്ചപ്പെട്ട ഇന്ത്യയെ നിർമ്മിക്കുമെന്നും പറഞ്ഞുതന്ന ഗാന്ധിജിയെ നമുക്കോർക്കാം.
തൊഴിൽ വീട്ടിലിരുന്നും ചെയ്യാം എന്ന കൊവിഡ്കാല തിരിച്ചറിവ് അടിസ്ഥാന സൗകര്യ വികസനം ഗ്രാമാന്തർഭാഗത്തോളം എത്തിയ കേരളത്തിന്റെ സവിശേഷമായ പരിതസ്ഥിതിയിൽ തുറന്നുതരുന്ന പുതിയ സാധ്യതകളെ കൂടി നമുക്ക് കാണാം. തൊഴിൽ സാധ്യതകളെ ചൊല്ലി ചേക്കേറിയ നഗരമധ്യത്തിൽ നിന്ന് സാങ്കേതികവിദ്യയുടെ സഹായം കൊണ്ട് ദൂരത്തെ ജയിക്കാൻ സാധ്യമായവർക്ക് ജനസാന്ദ്രതകുറഞ്ഞ ഗ്രാമങ്ങളിലേക്ക് തിരിച്ചു പറക്കാം. തനതുകളെ കൂടെക്കൂട്ടി അവിടെ പടുത്തുയർത്തുന്ന നിങ്ങളുടെ ജീവിതം ആ പ്രദേശത്തെയും, അവിടുത്തെ കെട്ടിടങ്ങളേയും, ആ ഗ്രാമത്തെ തന്നെയും നിർമ്മിക്കട്ടെ. അതുവഴി സാധ്യമാകുന്ന വികേന്ദ്രീകൃത വികസനത്തിന്റെ സുസ്ഥിരമായ മാതൃക കേരളത്തിലാകെ ചെന്നെത്തി പകർച്ചവ്യാധികളുടെ മാത്രമല്ല പ്രകൃതി ദുരന്തത്തിന്റെ ഭീതികളിൽ നിന്നും നമ്മെ രക്ഷിക്കട്ടെ. സഹജീവി സ്നേഹത്തിലും സാഹോദര്യത്തിലും കാരുണ്യത്തിലും അധിഷ്ഠിതമായ ചെറുത്തുനിൽപ്പിന്റെ, അതിജീവനത്തിന്റെ കേരളമാതൃക കൊവിഡ് കാലത്തെപോലെ നിർമ്മാണ രംഗത്തും ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കട്ടെ, പടരട്ടെ!
(ലേഖിക പട്ടാമ്പിക്കടുത്ത്, ഭർത്താവ് ആർക്കിടെക്ട് ഗുരുപ്രസാദ് റാണെയുമൊത്ത് ഭൂമിജ ക്രിയേഷൻസ് എന്ന ആർക്കിടെക്ച്ചറൽ കൺസൾട്ടൻസി സ്ഥാപനം നടത്തുന്നു.)