കേരളം ആരാധനയോടെ കാണുന്ന ആ വികസന മാതൃക ആരുടേതാണ്?
നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്ന ഒരു വികസന കാഴ്ചപ്പാടിനെ നിരാകരിക്കുകയും സുസ്ഥിര വികസനമെന്ന, മഹാഭൂരിഭാഗം ജനങ്ങള്‍ക്കും പങ്കാളിത്തമുള്ള സാമൂഹ്യ വികസന പദ്ധതികള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്നത് കേരള സമൂഹത്തിന്റെ അടിയന്തര കടമയായി മാറേണ്ടതുണ്ട്.
വികസിത ജീവിതത്തിന്റെ മുതലാളിത്ത മാതൃകയെ തള്ളിപ്പറഞ്ഞുകൊണ്ടു മാത്രമേ എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ ജീവിതത്തിന്റെ സാമാന്യസൗകര്യങ്ങള്‍ പ്രാപ്തമാകുന്ന ഒരു സമൂഹം ഉണ്ടാക്കിയെടുക്കാന്‍ കഴിയൂ. ഇത് പാരിസ്ഥിതിക പ്രശ്‌നങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്ന രാഷ്ട്രീയം കൂടിയാണ്. കാരണം ഇത്തരത്തിലൊരു വികസന മാതൃകയാണ് ഇക്കാണുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ മൂലകാരണം. അതുകൊണ്ട് പരിസ്ഥിതിയുടെ രാഷ്ട്രീയത്തിന്റെ പൊതുരാഷ്ട്രീയത്തില്‍ നിന്നും വേറിട്ടുകാണുക എന്നത് അസാധ്യമാണ്.
കാലാവസ്ഥാ മാറ്റവും അതുണ്ടാക്കുന്ന പാരിസ്ഥിതികാഘാതങ്ങളും ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങളെയും ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബാധിക്കുന്നുണ്ട്. ഭൂപ്രദേശങ്ങളുടെ കിടപ്പനുസരിച്ച് ഇത്തരം ആഘാതങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെങ്കിലും ഭൂമിയെയാകെ ഇത് ബാധിക്കുന്നു എന്ന കാര്യത്തില്‍ സംശയമൊന്നും ഇപ്പോഴില്ല. ഭൂമിയിലെ മനുഷ്യന്റെ നിലനില്‍പ്പിനെയും മനുഷ്യ നാഗരികതകളുടെ മുന്നോട്ടുള്ള പ്രയാണത്തേയും മാത്രമല്ല ഇത് അപായത്തിലാക്കുന്നത്. പ്രപഞ്ചത്തില്‍ ജീവന്‍ നിലനില്‍ക്കുന്നതായി നമുക്കറിവുള്ള ഈ ഗോളത്തിലെ ജീവന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കുകയാണ് കാലാവസ്ഥാ മാറ്റം ഉയര്‍ത്തുന്ന വെല്ലുവിളികള്‍. ഭൂമിയില്‍ ഇതിന് മുമ്പ് ജീവിവര്‍ഗങ്ങളുടെ നിലനില്‍പ്പും കാലാവസ്ഥയുമൊക്കെ വലിയ തോതില്‍ മാറിമറിഞ്ഞ ഘട്ടങ്ങളിലെല്ലാം തന്നെ അത് ഏതെങ്കിലുമൊരു ജീവിവര്‍ഗത്തിന്റെ ബോധപൂര്‍വ്വമായ ഇടപെടല്‍ മൂലമായിരുന്നില്ല. അക്കാര്യത്തിലാണ് ഇരുപതാം നൂറ്റാണ്ടില്‍ തുടങ്ങിയ കാലാവസ്ഥാ മാറ്റ പ്രതിസന്ധി മറ്റു ഘട്ടങ്ങളില്‍ നിന്നും വ്യത്യസ്തമാകുന്നത്. നിലവിലെ പ്രതിസന്ധി പൂര്‍ണ്ണമായും മനുഷ്യ നിര്‍മ്മിതമാണ്.
മനുഷ്യനിര്‍മ്മിതമാണ് എന്ന് പൊതുവെ പറയുന്ന ഒരു രീതിയാണ്. കൂടുതല്‍ സൂക്ഷ്മമായി പറഞ്ഞാല്‍ നിലവിലെ പ്രതിസന്ധി മുതലാളിത്ത വ്യവസ്ഥയുടെ ഉത്പാദന, ഉപഭോഗ രീതികളുടെ സൃഷ്ടിയാണ്. അതുകൊണ്ടുതന്നെയാണ് ഒരു വ്യവസ്ഥ എന്ന നിലയില്‍ മുതലാളിത്തം നിലനില്‍ക്കുന്നിടത്തോളം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അനുദിനം മൂര്‍ച്ഛിക്കുന്നത്. ആഗോള താപനത്തിന്റെ പ്രത്യാഘാതങ്ങളെ കുറയ്ക്കുന്നതിനും ആഗോള താപനത്തെ നേരിടുന്നതിനുമുള്ള സാങ്കേതിക വിദ്യകള്‍ വികസ്വര-അവികസിത രാജ്യങ്ങള്‍ക്ക് കൈമാറ്റം ചെയ്യുന്നതിലും പടിഞ്ഞാറന്‍ വികസിത രാജ്യങ്ങളും യു എസ് എ-യും ബഹുരാഷ്ട്ര കുത്തക കമ്പനികളും സ്വീകരിക്കുന്ന നിഷേധാത്മകമായ നിലപാട് ഇതിനു ആക്കം കൂട്ടുകയാണ്. ലോകത്ത് പലയിടങ്ങളിലും അധികാരത്തില്‍ വരുന്ന വലതുപക്ഷ ഭരണകൂടങ്ങള്‍ ഇക്കാര്യത്തില്‍ തികഞ്ഞ പിന്തിരിപ്പന്‍ നിലപാടാണ് എടുക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡണ്ടായപ്പോള്‍ ആദ്യമെടുത്ത തീരുമാനങ്ങളിലൊന്ന് കാലാവസ്ഥാ മാറ്റം സംബന്ധിച്ച പാരീസ് ഉടമ്പടിയില്‍ നിന്നും പിന്മാറുകയായിരുന്നു.
എങ്കിലും ആഗോള താപനവും കാലാവസ്ഥാ മാറ്റവും അവഗണിക്കാന്‍ കഴിയാത്ത മനുഷ്യ നിര്‍മ്മിത ദുരന്തമാണെന്ന് ലോകരാഷ്ട്രങ്ങളും മറ്റു നയരൂപവത്കരണ സംഘടനകളും ഏതാണ്ട് അംഗീകരിച്ചുകഴിഞ്ഞു. മറ്റെല്ലാ മനുഷ്യനിര്‍മ്മിത ദുരന്തങ്ങളെയും പോലെ കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും ഏറ്റവുമാദ്യം വന്നുവീഴുന്നത് ദരിദ്രരായ മനുഷ്യരുടെ ജീവിതത്തിലാണ്. ബംഗ്‌ളാദേശും മാലിദ്വീപും ആഫ്രിക്കയിലെ ദരിദ്ര രാജ്യങ്ങളുമൊക്കെയാണ് ഉയരുന്ന സമുദ്ര നിരപ്പും രൂക്ഷമാകുന്ന വരള്‍ച്ചയുമെല്ലാം മൂലം ഏറ്റവുമാദ്യം തകരാന്‍ പോകുന്നത്. ഇത്തരം പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ ആവശ്യമായ സമ്പത്തോ സാങ്കേതിക വിദ്യകളോ ഇല്ലാത്ത ഇത്തരം രാജ്യങ്ങള്‍ അതിവേഗം മാഞ്ഞുപോവുകയാണ് ചെയ്യുക.
......................................
Read more: പ്രളയം കേരളത്തെ ഇങ്ങനെ വിടാതെ പിന്തുടരാന്‍ എന്താണ് കാരണം ?
......................................
ആ വികസന മാതൃക ആരുടേതാണ്?
ഇത്തരത്തിലൊരു അതിഭീകരമായ സാധ്യതയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ പോലും ആവശ്യത്തില്‍ കവിഞ്ഞ ഉത്പാദനത്തിന്റെയും ഏറെയും പാഴാക്കിക്കളയുന്ന തരത്തിലുള്ള ഉപഭോഗത്തിന്റെയും മുതലാളിത്ത മാതൃകയെക്കുറിച്ച് പുനരാലോചിക്കാന്‍ വികസിത രാജ്യങ്ങള്‍ മാത്രമല്ല, ദരിദ്ര രാജ്യങ്ങളിലേയും സമ്പന്നവര്‍ഗം അതിനു തയ്യാറാകുന്നില്ല. വികസിത രാജ്യങ്ങളിലെ ജീവിത ശൈലി പോലും അവര്‍ക്ക് ഇത്തരത്തില്‍ നിലനിര്‍ത്താനാകുന്നത് അതൊരു സുസ്ഥിരമായ വികസന മാതൃകയായതുകൊണ്ടല്ല, മറിച്ച് ഭൂമിയുടെയും മറ്റു ജനതയുടെയും മേല്‍ നടത്തുന്ന അതിഭീകരമായ ചൂഷണത്തിന്റെ ഭാഗമായാണ്.
എന്നാല്‍ ഈ വികസന മാതൃകയെ മുഴുവന്‍ മനുഷ്യരാശിക്കും ബാധകവും അനുകരിക്കാവുന്നതുമായ ഒന്നാക്കി അവതരിപ്പിക്കുന്നതിനാണ് മുതലാളിത്തം ശ്രമിക്കുന്നത്. അതാകട്ടെ ഒരുതരം വ്യാജ സ്വപ്നവ്യാപാരമാണ്. ഇന്ന് നമുക്ക് കാണാന്‍ കഴിയുന്ന വികസിത മുതലാളിത്ത രാഷ്ട്രങ്ങളെല്ലാം തന്നെ കൊളോണിയല്‍ ചൂഷണത്തിന്റെയും അതിനുശേഷം ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ വഴി മറ്റു രാജ്യങ്ങളെ ചൂഷണം ചെയ്തുമാണ് ഇത്തരത്തിലൊരു 'വികസിത' ജീവിത രീതി നിലനിര്‍ത്തുന്നത്. എത്ര തന്നെ ശ്രമിച്ചാലും അത്തരത്തിലൊരു 'വികസിത' ജീവിത രീതി ഇന്ത്യയെപ്പോലൊരു രാജ്യത്തിനോ മറ്റു ദരിദ്ര രാജ്യങ്ങള്‍ക്കോ ഈ വ്യവസ്ഥിതിക്കുള്ളില്‍ ആര്‍ജ്ജിച്ചടുക്കാന്‍ സാധ്യമല്ല. അതായത് ഏതെങ്കിലും ഒരു കാലത്ത് ഇന്ത്യക്ക് അമേരിക്കയെ പോലെയാകാന്‍ കഴിയുമോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാണുത്തരം. കാരണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ ദാരിദ്ര്യമാണ് ഇപ്പോഴുള്ള വികസിത മുതലാളിത്ത രാജ്യങ്ങളുടെ സമൃദ്ധി. ഈ ലോകക്രമത്തെ മാറ്റുകയോ അല്ലെങ്കില്‍ ഈ ലോകക്രമത്തില്‍ നിന്നും പുറത്തുകടക്കുകയോ മാത്രമാണ് ഇപ്പോഴുള്ള ഈ ദാരിദ്ര്യത്തില്‍ നിന്നും മറികടക്കാന്‍ നമുക്ക് മുന്നിലുള്ള വഴി.
അതായത് വികസിത ജീവിതത്തിന്റെ മുതലാളിത്ത മാതൃകയെ തള്ളിപ്പറഞ്ഞുകൊണ്ടു മാത്രമേ എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ ജീവിതത്തിന്റെ സാമാന്യസൗകര്യങ്ങള്‍ പ്രാപ്തമാകുന്ന ഒരു സമൂഹം ഉണ്ടാക്കിയെടുക്കാന്‍ കഴിയൂ. ഇത് പാരിസ്ഥിതിക പ്രശ്‌നങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്ന രാഷ്ട്രീയം കൂടിയാണ്. കാരണം ഇത്തരത്തിലൊരു വികസന മാതൃകയാണ് ഇക്കാണുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ മൂലകാരണം. അതുകൊണ്ട് പരിസ്ഥിതിയുടെ രാഷ്ട്രീയത്തിന്റെ പൊതുരാഷ്ട്രീയത്തില്‍ നിന്നും വേറിട്ടുകാണുക എന്നത് അസാധ്യമാണ്.
ഇങ്ങനെ വേറിട്ടുകാണാന്‍ ശ്രമിക്കുന്നതിന്റെ പ്രശ്‌നമാണ് കേരളത്തില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഉണ്ടാകുന്നത്. വികസനം എന്നത് ഇടംവലം നോക്കാതെ മുന്നോട്ടു പോകുന്ന മുന്നിലേക്ക് മാത്രം കാണുന്ന ജീനി കെട്ടിയ ഒരു കുതിരയാകണം എന്ന മട്ടില്‍ ഇത്തരം സംവാദങ്ങളില്‍ അവതരിപ്പിക്കപ്പെടുന്നു. അതായത് മുതലാളിത്ത വികസന മാതൃക എന്നത് ചോദ്യം ചെയ്യലുകളില്ലാതെ സ്വീകരിക്കേണ്ടതുണ്ട് എന്നത് പൊതുബോധമാക്കി മാറ്റുകയാണ്. ആ വികസന മാതൃകയുടെ നടത്തിപ്പ് ആര്‍ക്കാണ് എന്ന് മാത്രമാണ് രാഷ്ട്രീയ തെരഞ്ഞെടുപ്പുകളില്‍ ചര്‍ച്ച ചെയ്യേണ്ടതുള്ളൂ എന്ന് വരുത്തുന്നതിലൂടെ അടിസ്ഥാനപരമായ പ്രശ്‌നത്തെ തന്ത്രപരമായി കയ്യൊഴിയിക്കുകയാണ്.
അതുകൊണ്ടുതന്നെ ഈ അടിസ്ഥാനപ്രശ്‌നത്തെ ഉയര്‍ത്തിപ്പിടിക്കുകയും പൊതുസംവാദത്തിലെ ഏറ്റവും നിര്‍ണ്ണായക പ്രശ്‌നമാക്കി മാറ്റുകയും ചെയ്യേണ്ടതുണ്ട്.
ആരാണ് ഗുണഭോക്താക്കള്‍?
ആഗോളതലത്തില്‍ കാലാവസ്ഥാ മാറ്റം രൂക്ഷമാകുന്ന വിധത്തില്‍ ഏറ്റവും കൂടുതല്‍ വ്യാവസായിക ഹരിതവാതകം പുറത്തുവിടുന്നത് അമേരിക്ക അടക്കമുള്ള വികസിത മുതലാളിത്ത രാജ്യങ്ങളാണ്. അമേരിക്ക 15%-വും യൂറോപ്യന്‍ യൂണിയന്‍ 9% -വുമാണ് കാര്‍ബണ്‍ ഡയോക്‌സൈഡ് പുറത്തുവിടുന്നത്. ലോകജനസംഖ്യയില്‍ കേവലം നിസാരമായ പങ്കുള്ള വികസിത രാഷ്ട്രങ്ങളാണ് ഇത്തരത്തില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ബഹിര്‍ഗമനത്തില്‍ പ്രതിശീര്‍ഷ കണക്കു നോക്കിയാല്‍ വലിയ പങ്കു വഹിക്കുന്നത്. 1970-നു ശേഷം കാര്‍ബണ്‍ ഡയോക്‌സൈഡ് ബഹിര്‍ഗമനത്തിലുണ്ടായ വര്‍ധന മുന്‍കാലങ്ങളെ അപേക്ഷിച്ച് ഏതാണ്ട് 90%-മാണ്. ഇതില്‍ത്തന്നെ 78%വും ഫോസില്‍ ഇന്ധങ്ങളുടെ ഉപയോഗവും വ്യാവസായിക പ്രവര്‍ത്തനങ്ങളും വഴി ഉണ്ടായതാണ്.
ഒറ്റനോട്ടത്തില്‍ വ്യാവസായിക പ്രവര്‍ത്തനങ്ങളേയും ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗത്തെയും പൊതു പുരോഗതിയുടെ പ്രതീകമായി കണക്കാക്കാനാണ് നമുക്ക് തോന്നുക. എന്നാല്‍ ആരാണ് ഇതിന്റെയെല്ലാം ഗുണഭോക്താക്കള്‍ എന്ന ചോദ്യം ഇതിനിടയില്‍ സമര്‍ത്ഥമായി മറയ്ക്കപ്പെടുന്നു. വ്യാവസായിക വിപ്ലവകാലത്തുതന്നെ അതിന്റെ ഗുണാഫലങ്ങളൊന്നും ഇന്ത്യ പോലുള്ള മഹാഭൂരിഭാഗം രാജ്യങ്ങള്‍ക്കും ലഭ്യമായിരുന്നില്ല. കൊളോണിയല്‍ കൊള്ളയിലൂടെ ഇവിടെ നിന്നെല്ലാം അതിഭീമമായ വിഭവക്കൊള്ളയായിരുന്നു നടത്തിയിരുന്നത്. യാതൊരു തരത്തിലും തദ്ദേശീയമായ വ്യവസായങ്ങള്‍ വികസിക്കാന്‍ സാഹചര്യമൊരുക്കുകയോ അനുവദിക്കുകയോ ചെയ്യാതിരുന്ന കൊളോണിയല്‍ ഭരണകൂടങ്ങള്‍ തങ്ങളുടെ നാടുകളിലെ വ്യവസായ വികസനത്തിന് വേണ്ടി അസംസ്‌കൃതവസ്തുക്കള്‍ കൊള്ളയടിക്കുകയിരുന്നു ചെയ്തത്. രണ്ടാം ലോകമഹായുദ്ധാനന്തരമുള്ള ലോകസാഹചര്യത്തില്‍ സാമ്രാജ്യത്വ ശക്തികള്‍ കോളനികള്‍ വിട്ടുപോരുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങളുടെയോ വ്യാവസായിക മുന്നേറ്റത്തിനുവേണ്ട അറിവിന്റെയോ കാര്യത്തില്‍ ഏതാണ്ട് ഒരു നൂറ്റാണ്ടു പിറകിലായിക്കഴിഞ്ഞിരുന്നു കോളനി രാജ്യങ്ങള്‍.
..........................................
Read more: മുങ്ങുന്നത് കൊച്ചി മാത്രമാവില്ല, മധ്യകേരളത്തിലെ ഈ പ്രദേശങ്ങളും അപകടഭീഷണിയില്‍! ...
..........................................
വിഭവ ചൂഷണത്തിന്റെ പുതുവഴികള്‍
ഈ പശ്ചാത്തലത്തില്‍ വേണം 1970-നു ശേഷമുള്ള മേല്‍പ്പറഞ്ഞ കണക്കു കാണാന്‍. വികസിത മുതലാളിത്ത വ്യവസ്ഥയുടെ നിലനില്പിനുവേണ്ട അറവുശാലകളായിരുന്നു ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ പില്‍ക്കാലത്തും. അമേരിക്കക്കാരന്റെയും യൂറോപ്യന്റെയും ആര്‍ഭാട ജീവിതത്തിനുള്ള പാരിസ്ഥിതിക ദുരന്തം അനുഭവിക്കുന്നത് ബംഗ്‌ളാദേശിലെയും ബ്രസീലിലേയും ദരിദ്രരാണ് എന്ന് വരുന്നു. യു എസിലെ പ്രതിശീര്‍ഷ വാര്‍ഷിക ഊര്‍ജഉപഭോഗം ഒരു മണിക്കൂറില്‍ 79987 കിലോവാട്ട് ആണെങ്കില്‍ ഇന്ത്യയിലേത് 6924-ഉം ബംഗ്‌ളാദേശിലേത് 2995-ഉം ആണ്. അതായത് അമേരിക്കന്‍ പൗരനു വേണ്ടിയും സമാനരായ വികസിത മുതലാളിത്ത രാജ്യങ്ങളിലേ ഉപഭോഗ ശൈലിക്ക് വേണ്ടിയുമാണ് കാലാവസ്ഥാ മാറ്റമെന്ന വലിയ വിപത്തിനെ ഇപ്പോഴും നാം രൂക്ഷമാക്കുന്നത് എന്നതാണ് വസ്തുത. സമാനമായ മുതലാളിത്ത ഉപഭോഗത്തിന്റെ ഗുണഭോക്താക്കളായ ഒരു വിഭാഗം ഇന്ത്യയടക്കമുള്ള വികസ്വര, ദരിദ്ര രാജ്യങ്ങളിലുമുണ്ട്. ഈ വികസനമാതൃകയാണ് നമുക്ക് വേണ്ടത് എന്ന് വരുത്തിത്തീര്‍ക്കുന്നത് ഈ കൊള്ള ഒരിക്കലും നിര്‍ത്താതിരിക്കാനാണ്.
ആമസോണ്‍ കാടുകളുടെ നശീകരണം ഉദാഹരണമായെടുക്കുക. ഭീതിദമായ തോതിലാണ് ഓരോ വര്‍ഷവും ആമസോണ്‍ കാടുകള്‍ വനനശീകരണത്തിന് ഇരയാകുന്നത്. 2019ല്‍ മാത്രം 24000 ചതുരശ്ര കിലോമീറ്റര്‍ വനഭൂമിയാണ് ആമസോണില്‍ നഷ്ടപ്പെട്ടത്. 2020-ലാകട്ടെ ആദ്യത്തെ നാല് മാസത്തെ കണക്കു തന്നെ മുന്‍ വര്‍ഷത്തേതിനേക്കാള്‍ 55% കൂടുതലാണ്. വികസിത പടിഞ്ഞാറന്‍ മുതലാളിത്ത രാജ്യങ്ങളിലേക്കുള്ള സോയ കയറ്റുമതിയും കാലിത്തീറ്റ കയറ്റുമതിയുമായാണ് ഈ വലിയ വനനശീകരണത്തിന്റെ കാരണങ്ങളില്‍ ചിലത്. ആമസോണ്‍ വനപ്രദേശത്തിന്റെ 60.3% ഉള്‍ക്കൊള്ളുന്ന ബ്രസീലില്‍ ഇപ്പോള്‍ ഭരണം നടത്തുന്ന വലതുപക്ഷ സര്‍ക്കാര്‍ വനശീകരണത്തിന്റെ വ്യവസായപക്ഷത്താണ്. പാരിസ്ഥിതിക പ്രശ്ങ്ങളെക്കുറിച്ചുള്ള ആകുലതകളും ആരോപണങ്ങളും ഒരു 'Marxist Plot ' ആണെന്നാണ് അവര്‍ ആക്ഷേപിക്കുന്നത്.
...........................
Read more: മഴ ഇനിയും മാരകമാവും!
...........................
വികസന മാതൃക: നമ്മുടെ പാളിച്ചകള്‍
ലോകത്തിനൊന്നാകെ ഒരേ തരത്തിലുള്ള ഭൗതിക വികസന മാതൃകയാണ് വേണ്ടത് എന്നത് ഇതിന്റെ ഭാഗമായി ഉണ്ടാക്കിയെടുത്ത ധാരണയാണ്. അതുകൊണ്ടാണ് പൊതുഗതാഗതത്തിന്റെ സാമൂഹ്യസാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിന് പകരം സ്വകാര്യ വാഹനങ്ങളുടെ എണ്ണം കൂട്ടുന്ന തരത്തിലുള്ള ഗതാഗത സംവിധാനം നമ്മളുണ്ടാക്കുന്നത്. ഉദാഹരണത്തിന് കേരളം പോലെ ഉള്‍നാടന്‍ ജലഗതാഗതത്തിന് പൊതുഗതാഗത സംവിധാനത്തില്‍ വളരെ ആധുനികവും നൂതനവുമായ രീതിയിലുള്ള പങ്കു വഹിക്കാന്‍ കഴിയും എന്നിരിക്കെ അതിവേഗ തീവണ്ടിയും പാലങ്ങളും റോഡുകളുമെന്ന ഒറ്റ അജണ്ടയില്‍ മാത്രം നമ്മുടെ ഗതാഗത ചര്‍ച്ചകള്‍ ചുറ്റിത്തിരിയുകയാണ്.
ഒരു ഗതാഗത സംവിധാനമുണ്ടാക്കുമ്പോള്‍ അതിന്റെ ദീര്‍ഘകാല സാമൂഹ്യ, പാരിസ്ഥിതിക സാധ്യതകള്‍ക്കൂടി കണക്കിലെടുത്തുകൊണ്ട് മാത്രമേ ഇനി നടപ്പാക്കാന്‍ കഴിയൂ. പ്രത്യേകിച്ചും കേരളം പോലെ വളരെ ചെറിയ ഭൂവിസ്തൃതിയുള്ള ഒരു സംസ്ഥാനത്ത് വെള്ളാനകളെപ്പോലുള്ള വന്‍നിര്‍മ്മിതികള്‍ സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്ക് തന്നെ തടയുന്ന അവസ്ഥയാണുണ്ടാക്കുക.
വിഭവങ്ങളുടെ ഉപയോഗത്തിലും പരമാവധി ചൂഷണം എന്ന മുതലാളിത്ത മാതൃക നമ്മള്‍ കയ്യൊഴിയണം. പെട്രോ ഡോളര്‍ സമ്പന്നമാക്കിയ ഗള്‍ഫ് നാടുകളിലേക്കുള്ള തൊഴില്‍ കുടിയേറ്റവും ചെറിയൊരു വിഭാഗത്തിന്റെ പടിഞ്ഞാറന്‍ രാജ്യങ്ങളിലെക്കും യു എസിലേക്കുമുള്ള കുടിയേറ്റവുമൊക്കെ അവിടങ്ങളിലേതിന് സമാനമായ പശ്ചാത്തല സാഹചര്യമൊരുക്കലാണ് വികസനം എന്നൊരു ധാരണ കേരളത്തില്‍ ശക്തിപ്പെടുത്തിയിട്ടുമുണ്ട്. ഈ പൊതുബോധത്തെക്കൂടി മാറ്റുക എന്നത് വലിയൊരു വെല്ലുവിളിയാണ്.
കേരളത്തിന്റെ വനമേഖലയില്‍ ചെറിയതോതിലെങ്കിലും വര്‍ധനവാണ് ഉണ്ടാകുന്നത് എന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നുണ്ടെങ്കിലും മറ്റു പല പഠനങ്ങളും കാണിക്കുന്നത് വനമേഖല എന്ന് അടയാളപ്പെടുത്തിയ മേഖല നിലനില്‍ക്കുമ്പോഴും ആരോഗ്യകരമായ പാരിസ്ഥിതിക ആവാസവ്യവസ്ഥയുള്ള വനമേഖല കേരളത്തിലും കുറഞ്ഞുവരികയാണ് എന്നതാണ്. ഇത് ലോകത്താകെ മനുഷ്യരുടെ ഇടപെടല്‍ മൂലം ഉണ്ടാകുന്ന വലിയ വെല്ലുവിളിയാണ്. മുതലാളിത്തം എന്ത് തരത്തിലുള്ള ഉപഭോഗ ആവശ്യങ്ങളാണോ മനുഷ്യരില്‍ സൃഷ്ടിച്ചെടുത്തിരിക്കുന്നത് അതെ ആവശ്യങ്ങള്‍ തന്നെയാണ് വനമേഖലയില്‍ താമസിക്കുന്നവര്‍ക്കും ഉള്ളത്. അതുകൊണ്ട് കാടിനെ കാത്തുസൂക്ഷിച്ചുകൊണ്ട് കാട്ടിലോ പരിസരത്തോ കഴിയുന്ന മനുഷ്യര്‍ എന്നത് കാല്പനികമായ ഒരു ഭാവന എന്നല്ലാതെ പ്രായോഗികമായി അത്രകണ്ട് സാധ്യമല്ല. മാത്രവുമല്ല പൊതുസമൂഹത്തിന്റെ പല അടിസ്ഥാന സൗകര്യങ്ങളും പ്രാഥമിക അവകാശങ്ങളും ലഭിക്കാതെ മനുഷ്യരെ നിലനിര്‍ത്തുന്നതിനെയല്ല വനസംരക്ഷണത്തിനുള്ള വഴിയായി കാണേണ്ടതും.
.......................................
Read more: കടലുകള്‍ ചുട്ടുപൊള്ളുന്നു; വരാനിരിക്കുന്നത് വന്‍ വിപത്തുകള്‍, ഞെട്ടിക്കുന്ന വിവരങ്ങളുമായി പഠനം
........................................
വിഭവചൂഷണവും ഉപഭോക്തൃ മനോഭാവവും
അപരിമിതമായ വിഭവചൂഷണം ഇനി ഭൂമിയുടെയും മനുഷ്യരാശിയുടേയും നിലനില്പിനെത്തന്നെ ബാധിക്കുന്ന വിധത്തിലാണ് മുന്നേറുന്നത്. ഇതും ഏറ്റവുമാദ്യം ബാധിക്കുന്നത് ലോകത്തെ സാധാരണക്കാരായ, ദരിദ്രരായ മനുഷ്യരെയാണ്. മീന്‍പിടിത്തം എന്ന മനുഷ്യന്റെ ഭൂമിയിലെ ചരിത്രത്തിലെത്തന്നെ ഏറ്റവും പ്രാഥമികമായ തൊഴില്‍/ഭക്ഷണ മേഖലയുടെ കാര്യത്തില്‍ ഭയാനകമായ രീതിയില്‍ ഇത് സംഭവിക്കുന്നത് ഉദാഹരണമാണ്. അശാസ്ത്രീയവും അനിയന്ത്രിതവുമായ രീതിയില്‍ കടല്‍ വാരാന്‍ തുടങ്ങിയതോടെ മത്സ്യസമ്പത്തില്‍ ഏതാണ്ട് 90% നഷ്ടപ്പെട്ടു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ലോകത്തെ മത്സ്യബന്ധന മേഖലകളില്‍ ഭൂരിഭാഗം ഇടങ്ങളിലും പിടിക്കുന്നതിനു പകരം ഉണ്ടാകുന്ന മത്സ്യത്തിന്റെ കണക്ക് ഓരോ വര്‍ഷവും അതിവേഗം പിറകിലേക്ക് പോവുകയാണ്. കാലാവസ്ഥ മാറ്റം ഇതിനു ആക്കം കൂട്ടുകയും ചെയ്യുന്നുണ്ട്. കേരള തീരത്ത് തന്നെ ഇത് കാണാന്‍ കഴിയുന്നുണ്ട്. 2018-ല്‍ കേരളത്തില്‍ 6.43 ലക്ഷം ടണ്‍ മത്സ്യമാണ് കിട്ടിയതെങ്കില്‍ 2019-ല്‍ അത് 5.44 ലക്ഷമായി കുറഞ്ഞു. ഏതാണ്ട് 15.4% -ത്തിന്റെ കുറവ്. മലയാളികളുടെ ആഹാരത്തിന്റെ പ്രധാന ഘടകമായിരുന്ന മത്തിയടക്കമുള്ള മീനുകള്‍ കേരളത്തിന്റെ കടലില്‍ കുറഞ്ഞുവരികയുമാണ്. ഏതാണ്ട് 200 ദശലക്ഷം മനുഷ്യരാണ് ലോകത്ത് നേരിട്ടുതന്നെ മീന്‍പിടിത്തത്തെ ആശ്രയിച്ചു ജീവിക്കുന്നത്. കേരളം പോലെ കടലോര പ്രദേശങ്ങളിലുള്ള ഭൂപ്രദേശങ്ങളിലെ മനുഷ്യരുടെ പോഷകാഹാരപ്പട്ടികയിലെ പ്രധാന ഇനവും മത്സ്യമാണ്. അതുകൊണ്ടുതന്നെ ഈ പ്രശ്‌നം ആദ്യം ബാധിക്കുന്നത് സാധാരണക്കാരായ മനുഷ്യരുടെ തൊഴിലിനേയും ആരോഗ്യത്തെയുമാണ്.
ഉപഭോഗത്തിന്റെ ധാരാളിത്തം എന്നതൊരു ജീവിത ശൈലിയാക്കി മാറ്റേണ്ടത് ആവശ്യത്തില്‍ കൂടുതല്‍ ഉത്പാദിപ്പിക്കുകയും ആവശ്യമില്ലാത്തതൊക്കെ വില്‍ക്കുകയും ചെയ്യുന്ന മുതലാളിത്ത വ്യവസ്ഥയുടെ നടപ്പു രീതിയാണ്. ഇതിനെയാണ് നാം മറികടക്കേണ്ടത്. കേരളത്തിലെ പ്രാഥമിക വിഭവങ്ങളുടെ ഉപയോഗം ഏറ്റവും കൂടുതലായി വേണ്ടിവരുന്ന ഒരു മേഖല കെട്ടിട നിര്‍മ്മാണമാണ്. അതില്‍ പാര്‍പ്പിട നിര്‍മ്മാണം മാത്രമെടുക്കാം. കേരളത്തില്‍ ഏതാണ്ട് 15 ലക്ഷം വീടുകള്‍ ആള്‍ത്താമസമില്ലാതെ പൂട്ടിക്കിടക്കുന്ന എന്നാണ് കണക്ക്. അതായത് താമസിക്കാനല്ലാതെ ഉണ്ടാക്കുന്ന വീടുകള്‍ എല്ലാ വര്‍ഷവും കൂടി വരികയാണ്. റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന്റെ ഭാഗമായുള്ള ഒരു നിക്ഷേപ മാര്‍ഗമായും കള്ളപ്പണം വെളുപ്പിക്കാനും പൊങ്ങച്ച പ്രകടനമായുമൊക്കെ പാര്‍പ്പിടനിര്‍മ്മാണത്തെ മാറ്റിയെടുത്തിരിക്കുന്നു. കൂറ്റന്‍ പാര്‍പ്പിട സമുച്ഛയങ്ങള്‍ എല്ലാ പാരിസ്ഥിതിക മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് പണിതുണ്ടാക്കുമ്പോള്‍ അത് ആര്‍ക്ക് താമസിക്കാനാണ് എന്ന ചോദ്യം ഉയരണം. താമസക്കാരനു വേണ്ടിയായിരിക്കണം കെട്ടിടമുണ്ടാക്കേണ്ടത്, നിക്ഷേപത്തിനും ലാഭത്തിനും വേണ്ടിയാകരുത്.
....................................
Read more: ലോകനേതാക്കളെ, ഒഴികഴിവുകള്‍ പറഞ്ഞ് എത്ര നാള്‍ നിങ്ങള്‍ പ്രകൃതിയെ വഞ്ചിക്കും?
....................................
മാറണം, വികസന നയങ്ങള്‍
കെട്ടിടനിര്‍മ്മാണം സംബന്ധിച്ച കര്‍ശനമായ നിബന്ധനകള്‍ കൊണ്ടുവരേണ്ടതുണ്ട്. വിഭവങ്ങളുടെ വലിയ തോതിലുള്ള ധൂര്‍ത്താണ് പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും. മുന്‍കാലങ്ങളില്‍ ഇതുപോലെ നടന്നിട്ടുണ്ട് അതുകൊണ്ട് ഇപ്പോള്‍ നടത്തുന്നത് സ്വാഭാവിക നീതിയാണ് എന്നത് സ്വീകരിക്കാനാകാത്ത ന്യായമാണ്. കേരളത്തില്‍ തന്നെ ഓരോ ഭൂപ്രദേശത്തിന്റെയും സ്വഭാവത്തിനനുസരിച്ചും താമസക്കാരുടെ എണ്ണം കണക്കാക്കിയും ഒക്കെ വേണം ഇനി പാര്‍പ്പിട നിര്‍മ്മാണത്തിനുള്ള മാനദണ്ഡങ്ങള്‍ ഉണ്ടാക്കാന്‍. പാറമടകള്‍, കളിമണ്‍ ഖനനം, മണലെടുപ്പ് തുടങ്ങി കെട്ടിടനിര്‍മാണത്തിന്റെ ഭാഗമായി നടക്കുന്ന വിഭവചൂഷണം അനിയന്ത്രിതമായ തലത്തിലേക്ക് പോകുന്നതിനു തടയിടാനും ഇതുവഴി കഴിയും.
നിരവധി ജലസ്രോതസ്സുകളും നദികളും ഉണ്ടെങ്കിലും കേരളത്തിന്റെ ജലസുരക്ഷ വലിയ പ്രതിസന്ധി നേരിടുകയാണ്. ലഭ്യമായ എല്ലാ കണക്കുകളും കാണിക്കുന്നത് ഭൂഗര്‍ഭ ജലനിരപ്പ് അപകടകരമായ വിധത്തില്‍ താഴോട്ട് പോകുന്നു എന്നാണ്. ഇത് കുടിവെള്ളത്തെ മാത്രമല്ല കൃഷിയേയും വളരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കേവലം രണ്ടു ലക്ഷം ഹെക്ടറിന് താഴേക്കായി നെല്‍വയലുകള്‍ ചുരുങ്ങിയതോടെ കാര്‍ഷിക നീര്‍ത്തട സ്രോതസുകള്‍ ഇല്ലാതാവുകയാണ്. പുഴകളുടെ ഒഴുക്കിലൂടെ സൃഷ്ടിക്കപ്പെടുന്ന നീര്‍ത്തടങ്ങളും വെള്ളപ്പൊക്കത്തടങ്ങളും അതിവേഗത്തില്‍ അപ്രത്യക്ഷമാവുകയാണ്.
എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെല്ലാം വിദൂരമായൊരു ഇടത്തില്‍ നമ്മെ ബാധിക്കാത്ത ഒരു സാംസ്‌കാരിക പ്രശ്‌നം പോലെ കൈകാര്യം ചെയ്യുകയാണ് കേരളത്തിലെ രാഷ്ട്രീയ നേതൃത്വവും പൊതു സമൂഹവും. നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്ന ഒരു വികസന കാഴ്ചപ്പാടിനെ നിരാകരിക്കുകയും സുസ്ഥിര വികസനമെന്ന, മഹാഭൂരിഭാഗം ജനങ്ങള്‍ക്കും പങ്കാളിത്തമുള്ള സാമൂഹ്യ വികസന പദ്ധതികള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്നത് കേരള സമൂഹത്തിന്റെ അടിയന്തര കടമയായി മാറേണ്ടതുണ്ട്.